നോമ്പും റമദാനും

ഫദ്‌ലുല്‍ ഹഖ് ഉമരി

2019 മെയ് 11 1440 റമദാന്‍ 06
ഒരു റമദാന്‍ കൂടി സമാഗതമാവുകയാണ്. പുണ്യങ്ങളുടെ പൂക്കാലമായ നോമ്പ് വിശ്വാസികള്‍ക്ക് ആനന്ദത്തോടൊപ്പം ത്യാഗത്തിന്റെ അനുഭവങ്ങള്‍ കൂടി സമ്മാനിക്കുന്നുണ്ട്. എന്നാല്‍, പ്രമാണങ്ങളിലൂടെ നോമ്പിനെ അറിഞ്ഞില്ലെങ്കില്‍ ത്യാഗസ്മരണ വെറും പാഴ്കിനാവായി മാറും. എന്താണ് നോമ്പിന്റെ പ്രത്യേകത? എങ്ങനെയാണ് സാരാംശം ചോരാതെ നോമ്പിന്റെ കര്‍മങ്ങള്‍ അനുഷ്ഠിക്കേണ്ടത്?

അല്ലാഹുവിലേക്കുള്ള സാമീപ്യം ഉദ്ദേശിച്ചുകൊണ്ട് ഫജ്‌റിന്റെ ഉദയം മുതല്‍ സൂര്യാസ്തമയം വരെ ഭക്ഷണങ്ങളും പാനീയങ്ങളും ലൈംഗിക ബന്ധവും ഉപേക്ഷിച്ചുകൊണ്ടുള്ള പ്രത്യേകമായ ആരാധന രീതിക്കാണ് നോമ്പ് എന്നു പറയുന്നത്. മനുഷ്യന് വിവിധങ്ങളായ ആരാധനകളാണ് അല്ലാഹു നിശ്ചയിച്ചിട്ടുള്ളത്. അല്ലാഹുവിന്റെ കല്‍പനകളെ മനുഷ്യന്‍ നിറവേറ്റുന്നുണ്ടോ അതോ സ്വന്തം ഇച്ഛയെ പിന്‍പറ്റിക്കൊണ്ട് ജീവിക്കുന്നുവോ എന്ന പരീക്ഷണമാണ് ആരാധനകളുടെ വൈവിധ്യങ്ങളില്‍ ഉള്ളത്. അതോടൊപ്പം മനുഷ്യന്റെ മുമ്പില്‍ പ്രതിഫലം നേടുവാന്‍ ആവശ്യമായ സല്‍കര്‍മങ്ങളുടെ കവാടങ്ങള്‍ തുറന്നു കൊടുക്കല്‍ കൂടിയാണത്. ഇഷ്ടപ്പെട്ട കാര്യങ്ങളെ താല്‍ക്കാലികമായി അല്ലാഹുവിന്റെ കല്‍പനപ്രകാരം ഒരു വിശ്വാസിക്ക് ഒഴിവാക്കേണ്ടി വരുന്നു. 

ലൈംഗിക ബന്ധവും ഭക്ഷണ പാനീയങ്ങളും ഒഴിവാക്കുക എന്നുള്ളത് മനുഷ്യനെ സംബന്ധിച്ചിടത്തോളം പ്രയാസകരമായതിനാലാണ് ആരാധനകള്‍ പരീക്ഷണമാണ് എന്ന് പറയുന്നത്. താന്‍ ഇഷ്ടപ്പെടുന്ന സമ്പത്ത് അല്ലാഹു പറയുന്ന സ്ഥലങ്ങളിലും സന്ദര്‍ഭങ്ങളിലും ചെലവഴിക്കുന്നുണ്ടോ എന്നുള്ളതും സകാത്ത് എന്ന ആരാധനയിലൂടെ അല്ലാഹു നടത്തുന്ന പരീക്ഷണമാണ്. എന്നാല്‍ ഈ ആരാധനകള്‍ എല്ലാം തന്നെ മനുഷ്യനെ സംബന്ധിച്ചിടത്തോളം അവരുടെ പാപങ്ങള്‍ പൊറുക്കപ്പെടാനും പ്രതിഫലങ്ങള്‍ നേടുവാനും കാരണമാണ്. സ്വന്തം ഇഛകളില്‍ നിന്നും മനസ്സുകള്‍ അകന്നുമാറുവാനും അല്ലാഹുവിലേക്ക് തിരിയുവാനും ഭൗതികമായ സന്തോഷങ്ങളില്‍ നിന്നും ആഡംബരങ്ങള്‍ നിന്നും കുതറിമാറി ഏകനായ റബ്ബിന്റെ രക്ഷാശിക്ഷകളെക്കുറിച്ചുള്ള ചിന്തകളിലേക്ക് മനുഷ്യ മനസ്സുകളെ കൊണ്ടുപോകുവാനും ആരാധനകളിലൂടെ സാധിക്കുന്നു; പ്രത്യേകിച്ചും വ്രതം എന്ന ആരാധനയിലൂടെ. 

അല്ലാഹുവിനെക്കുറിച്ചുള്ള ഭയം വര്‍ധിപ്പിക്കുവാനും നിഷിദ്ധമായ കാര്യങ്ങള്‍ ഒഴിവാക്കുവാനും നോമ്പ് കാരണമാണ്. ഇച്ഛകളെ നിയന്ത്രിക്കുവാന്‍ നോമ്പ് കൊണ്ട് സാധിക്കുന്നു. പട്ടിണി കിടക്കുന്ന സഹോദരന്റെ വിശപ്പറിയാന്‍ നോമ്പ് ഉപകാരപ്പെടുന്നു. അതിലൂടെ ദരിദ്രന്‍മാരെയും സാധുക്കളെയും സഹായിക്കേണ്ടത് എന്റെ ബാധ്യതയാണ് എന്നുള്ള ബോധം ഒരു വിശ്വാസി ഉള്‍ക്കൊള്ളുന്നു. മോശമായ സ്വഭാവങ്ങളില്‍ നിന്നും വൃത്തികെട്ട സംസ്‌കാരങ്ങളില്‍ നിന്നും നോമ്പ് മനുഷ്യനെ തടഞ്ഞ് ആത്മീയമായ പരിശുദ്ധിയും സംസ്‌കരണവും അവനില്‍ ഉണ്ടാക്കിയെടുക്കുന്നു.

നോമ്പിനെ സൂചിപ്പിച്ചു കൊണ്ട് അല്ലാഹു പറഞ്ഞു:

''സത്യവിശ്വാസികളേ, നിങ്ങളുടെ മുമ്പുള്ളവരോട് കല്‍പിച്ചിരുന്നത് പോലെത്തന്നെ നിങ്ങള്‍ക്കും നോമ്പ് നിര്‍ബന്ധമായി കല്‍പിക്കപ്പെട്ടിരിക്കുന്നു. നിങ്ങള്‍ ദോഷബാധയെ സൂക്ഷിക്കുവാന്‍ വേണ്ടിയത്രെ അത്'' (അല്‍ബക്വറ: 183). 

സത്യവിശ്വാസികള്‍ക്ക് മാത്രം ലഭിക്കുന്ന സൗഭാഗ്യമാണ് നോമ്പ് എന്നുള്ളത്. സത്യനിഷേധികളായിട്ടുള്ള ആളുകള്‍ക്ക് ആ അനുഗ്രഹമോ അതിന്റെ പ്രതിഫലമോ ഇല്ല. 

ഇസ്‌ലാം കാര്യങ്ങളില്‍ നാലാമത്തെതാണ് നോമ്പ്. ഹിജ്‌റ രണ്ടാം വര്‍ഷമാണ് നോമ്പ് നിര്‍ബന്ധമാക്കപ്പെടുന്നത്. മുന്‍ സമുദായങ്ങള്‍ക്കും നോമ്പ് എന്ന് ആരാധന ഉണ്ടായിരുന്നു എന്നുള്ളത് നോമ്പിന്റെ സ്ഥാനത്തെ സൂചിപ്പിക്കുന്നു. 9 റമദാനുകളിലാണ് നബി ﷺ നോമ്പെടുത്ത്. ക്വുര്‍ആന്‍ അവതരിച്ച മാസമാണ് നോമ്പ് നിര്‍വഹിക്കുവാനായി അല്ലാഹു നമുക്ക് നിശ്ചയിച്ചു തന്നിട്ടുള്ളത്. മനുഷ്യകുലത്തിന്റെ മാര്‍ഗദര്‍ശക ഗ്രന്ഥമായി ക്വുര്‍ആന്‍ അവതരിപ്പിക്കപ്പെട്ട മാസത്തില്‍ അല്ലാഹു നമുക്ക് നോമ്പ് നിശ്ചയിച്ചു തന്നു എന്നുള്ളത് നോമ്പിന്റെയും റമദാനിന്റെയും മഹത്ത്വത്തെ അറിയിക്കുന്നു:

''ജനങ്ങള്‍ക്ക് മാര്‍ഗദര്‍ശനമായിക്കൊണ്ടും നേര്‍വഴി കാട്ടുന്നതും സത്യവും അസത്യവും വേര്‍തിരിച്ചു കാണിക്കുന്നതുമായ സുവ്യക്ത തെളിവുകളായിക്കൊണ്ടും വിശുദ്ധ ക്വുര്‍ആന്‍ അവതരിപ്പിക്കപ്പെട്ട മാസമാകുന്നു റമദാന്‍. അതു കൊണ്ട് നിങ്ങളില്‍ ആര്‍ ആ മാസത്തില്‍ സന്നിഹിതരാണോ അവര്‍ ആ മാസം വ്രതമനുഷ്ഠിക്കേണ്ടതാണ്. ആരെങ്കിലും രോഗിയാവുകയോ, യാത്രയിലാവുകയോ ചെയ്താല്‍ പകരം അത്രയും എണ്ണം (നോമ്പെടുക്കേണ്ടതാണ്). നിങ്ങള്‍ക്ക് ആശ്വാസം വരുത്താനാണ് അല്ലാഹു ഉദ്ദേശിക്കുന്നത്. നിങ്ങള്‍ക്ക് ഞെരുക്കം ഉണ്ടാക്കാന്‍ അവന്‍ ഉദ്ദേശിക്കുന്നില്ല. നിങ്ങള്‍ ആ എണ്ണം പൂര്‍ത്തിയാക്കുവാനും നിങ്ങള്‍ക്ക് നേര്‍വഴി കാണിച്ചുതന്നതിന്റെ പേരില്‍ അല്ലാഹുവിന്റെ മഹത്ത്വം നിങ്ങള്‍ പ്രകീര്‍ത്തിക്കുവാനും നിങ്ങള്‍ നന്ദിയുള്ളവരായിരിക്കുവാനും വേണ്ടിയത്രെ (ഇങ്ങനെ കല്‍പിച്ചിട്ടുള്ളത്)'' (അല്‍ബക്വറ:185).

റമദാന്‍ മാസമായിക്കഴിഞ്ഞാല്‍ സ്വര്‍ഗകവാടങ്ങള്‍ തുറക്കപ്പെടുമെന്നും നരക കവാടങ്ങള്‍ അടയ്ക്കപ്പെടുമെന്നും പിശാചുക്കള്‍ ബന്ധിക്കപ്പെടുമെന്നും നബി ﷺ പഠിപ്പിച്ചിട്ടുണ്ട്. (ബുഖാരി: 3277, മുസ്‌ലിം: 1079). 

മറ്റുള്ള ആരാധനകള്‍ക്കില്ലാത്ത ചില പ്രത്യേകതകളും മഹത്ത്വങ്ങളും നോമ്പിനുണ്ട്: നബി ﷺ പറയുന്നതായി അബൂഹുറയ്‌റ(റ) നിവേദനം ചെയ്യുന്നു: ''മനുഷ്യന്റെ ഓരോ കര്‍മത്തിനും ഇരട്ടിയിരട്ടിയായി പ്രതിഫലം നല്‍കപ്പെടും. പത്തു മുതല്‍ എഴുന്നൂറ് ഇരട്ടിവരെ പ്രതിഫലം നല്‍കപ്പെടും. അല്ലാഹു പറയുന്നു: 'നോമ്പ് ഒഴികെ. നിശ്ചയമായും അത് എനിക്കുള്ളതാണ്. ഞാനാണ് അതിന് പ്രതിഫലം നല്‍കുന്നവന്‍. കാരണം അവന്‍ തന്റെ വികാരവും ഭക്ഷണവും എനിക്ക് വേണ്ടിയാണ് ഉപേക്ഷിക്കുന്നത്.' നോമ്പുകാരന് രണ്ട് സന്തോഷമുണ്ട്. ഒന്ന്, നോമ്പ് തുറക്കുന്ന സന്ദര്‍ഭത്തിലെ സന്തോഷം. രണ്ട്, തന്റെ റബ്ബിനെ കണ്ടു മുട്ടുമ്പോള്‍ ഉണ്ടാകുന്ന സന്തോഷം'' (ബുഖാരി: 1894, മുസ്‌ലിം: 1151). 

അബൂഹുറയ്‌റ(റ)യില്‍ നിന്ന് നിവേദനം; നബി ﷺ പറഞ്ഞിരിക്കുന്നു: ''ആരെങ്കിലും റമദാനില്‍ വിശ്വാസത്തോടെയും പ്രതിഫലേച്ഛയോടും കൂടി നോമ്പെടുത്താല്‍ അവന്റെ മുന്‍കഴിഞ്ഞ പാപങ്ങള്‍ പൊറുക്കപ്പെടുന്നതാണ്''(ബുഖാരി: 1901, മുസ്‌ലിം: 760). 

നോമ്പുകാര്‍ക്ക് പ്രത്യേകമായി സ്വര്‍ഗത്തില്‍ ഒരു കവാടം തന്നെയുണ്ട് എന്ന് നബി പഠിപ്പിച്ചിട്ടുണ്ട്. (ബുഖാരി: 3257, മുസ്‌ലിം: 1152).

നോമ്പിന്റെ വിധിവിലക്കുകള്‍

മുസ്‌ലിമായ; ബുദ്ധിയുള്ളവരും നോമ്പെടുക്കാന്‍ കഴിവുള്ളവരും യാത്രക്കാര്‍ അല്ലാത്തവരുമായ ഓരോ പുരുഷനും സ്ത്രീക്കും റമദാനിലെ നോമ്പ് നിര്‍ബന്ധമാണ്. (ആര്‍ത്തവവും പ്രസവ രക്തവും ഉള്ള സ്ത്രീകള്‍ ഒഴികെ). സമുദായത്തിന്റെ മേല്‍ അല്ലാഹു നോമ്പ് നിര്‍ബന്ധമാക്കി. (അല്‍ബക്വറ: 183). 

ഇസ്‌ലാം കാര്യങ്ങള്‍ അഞ്ചാണ് എന്ന് പഠിപ്പിക്കുന്ന ഹദീഥില്‍ നോമ്പിനെ നബി ﷺ എണ്ണിപ്പറഞ്ഞിട്ടുണ്ട് (ബുഖാരി: 8, മുസ്‌ലിം:16).

രണ്ടു കാര്യങ്ങളിലൂടെയാണ് റമദാനിന്റെ തുടക്കം സ്ഥിരപ്പെടുത്തുക. (1) മുസ്‌ലിമും നീതിമാനുമായ ഒരു വ്യക്തി റമദാനിന്റെ മാസപ്പിറവി ദര്‍ശിച്ചതായി സാക്ഷ്യപ്പെടുത്തുക. (2) ശഅ്ബാന്‍ മുപ്പത് പൂര്‍ത്തിയാകുക.

നബി ﷺ പറയുന്നു: ''അത് (മാസപ്പിറവി) കാണുമ്പോള്‍ നിങ്ങള്‍ നോമ്പെടുക്കുക. അത് കാണുമ്പോള്‍ നിങ്ങള്‍ നോമ്പ് അവസാനിപ്പിക്കുകയും ചെയ്യുക. എന്നാല്‍ അന്തരീക്ഷം മേഘാവൃതമായാല്‍ നിങ്ങള്‍ ശഅ്ബാന്‍ മുപ്പത് പൂര്‍ത്തിയാക്കുക'' (ബുഖാരി:1909, മുസ്‌ലിം: 1081). 

റമദാന്‍ തുടങ്ങിയതായി ബോധ്യപ്പെട്ടു കഴിഞ്ഞാല്‍ നോമ്പ് ആരംഭിക്കല്‍ നിര്‍ബന്ധമാണ്. ഓരോ രാജ്യത്തെയും ഉദയാസ്തമയ സമയങ്ങള്‍ വ്യത്യസ്തമാണ്. അത്‌കൊണ്ടു തന്നെ അതാതു രാജ്യങ്ങളുടെ യഥാര്‍ഥ സമയമാണ് നോമ്പ് തുടങ്ങുവാനും അവസാനിപ്പിക്കുവാനും കണക്കാക്കേണ്ടത്. പാശ്ചാത്യ ദേശത്തുള്ളവര്‍ മാസപ്പിറവി കണ്ടാല്‍ പൗരസ്ത്യ ദേശത്തുള്ളവര്‍ നോമ്പ് തുടങ്ങേണ്ടതില്ല എന്നര്‍ഥം. മാസപ്പിറവി ദര്‍ശിച്ചതായി സത്യസന്ധമായ റിപ്പോര്‍ട്ട് കിട്ടിക്കഴിഞ്ഞാല്‍ മുസ്ലിംകള്‍ക്ക് നേതൃത്വം കൊടുക്കുന്നവര്‍ അത് പരസ്യപ്പെടുത്തേണ്ടതുണ്ട്. മാസപ്പിറവി കണ്ടതായി അറിവ് ലഭിക്കാതെ ഒരു വ്യക്തി നോമ്പ് ഇല്ലാത്ത അവസ്ഥയില്‍ തുടരുകയും പകല്‍ സമയത്ത് മാസപ്പിറവി ദര്‍ശിച്ചതായും നോമ്പ് തുടങ്ങിയതായും അറിവ് ലഭിക്കുകയും ചെയ്താല്‍ ആ നിമിഷം മുതല്‍ അവന്‍ നോമ്പില്‍ തുടരേണ്ടതുണ്ട്. തൊട്ടു മുമ്പ് ഭക്ഷണം കഴിച്ചത് അവനെ ബാധിക്കുന്നതല്ല. കാരണം നോമ്പ് തുടങ്ങിയതായിട്ടുള്ള അറിവ് ആ വ്യക്തിക്ക് ലഭിക്കാത്തതു കൊണ്ടാണ് അങ്ങനെ സംഭവിച്ചത്. എന്നാല്‍ നോമ്പിനെ കുറിച്ചുള്ള അറിവ് കിട്ടിക്കഴിഞ്ഞാല്‍ പിന്നെ നോമ്പ് ഇല്ലാതെ തുടരുവാനും പാടില്ല. കാരണം അവന്‍ റമദാന്‍ മാസത്തിലാണുള്ളത്. ഒരു വ്യക്തി ഒരു നാട്ടില്‍ നിന്നും മറ്റൊരു നാട്ടിലേക്ക് യാത്ര ചെയ്താല്‍ ഏതു നാട്ടിലേക്കാണോ അവന്‍ എത്തിച്ചേരുന്നത് അവിടത്തെ അവസ്ഥയെയാണ് അവന്‍ പരിഗണിക്കേണ്ടത്. അതായത് നോമ്പില്‍ പ്രവേശിച്ച ഒരു വ്യക്തി യാത്ര ചെയ്യുകയും അതേ ദിവസം അവന്‍ എത്തിച്ചേരുന്ന രാജ്യത്ത് നോമ്പ് തുടങ്ങിയിട്ടില്ലാത്ത അവസ്ഥയുമാണ് എങ്കില്‍ തന്റെ നോമ്പ് മുറിക്കാവന്നതാണ്. ശേഷം ആ നാട്ടുകാര്‍ നോമ്പ് തുടങ്ങുമ്പോള്‍ അവരോടൊപ്പം നോമ്പിലേക്ക് പ്രവേശിക്കുകയും ചെയ്യണം. എന്നാല്‍ ഇങ്ങനെ സംഭവിക്കുന്ന ഒരു വ്യക്തിക്ക് 28 നോമ്പ് മാത്രമേ ലഭിക്കുന്നുള്ളൂ എങ്കില്‍ അവന്‍ മറ്റൊരു നോമ്പ് കൂടി നോറ്റു വീട്ടേണ്ടതുണ്ടതുണ്ട്. പെരുന്നാളിന് ശേഷമായിരിക്കണം നോറ്റു വീട്ടേണ്ടത്. പെരുന്നാള്‍ ദിവസം നോമ്പെടുക്കാന്‍ പാടില്ല.

ഏതൊരു ആരാധനക്കും ഉള്ളതുപോലെ തന്നെ നോമ്പിനും നിയ്യത്ത് അഥവാ ഉദ്ദേശ്യം അനിവാര്യമാണ്. നിര്‍ബന്ധമായ നോമ്പിന്റെ നിയ്യത്ത് രാത്രിയില്‍ തന്നെ ഉണ്ടാകേണ്ടതുണ്ട്. എന്നാല്‍ ഐച്ഛികമായ നോമ്പുകള്‍ക്ക് പകലില്‍ നിയ്യത്ത് തുടങ്ങിയാലും മതി. നോമ്പുകാരനല്ലാത്ത നബി ﷺ പ്രഭാതത്തില്‍ വീട്ടില്‍ ഭക്ഷണം ഇല്ല എന്നറിഞ്ഞപ്പോള്‍ എങ്കില്‍ ഞാന്‍ നോമ്പുകാരനാണ് എന്നു പറഞ്ഞ് ആ സമയം മുതല്‍ നോമ്പ് തുടങ്ങിയിട്ടുണ്ട്. എന്നാല്‍ നിര്‍ബന്ധമായ നോമ്പുകള്‍ക്ക് ഇത് മതിയായതല്ല. പകലില്‍ ഒരു വ്യക്തി ഇസ്‌ലാമിലേക്ക് കടന്നുവന്നാല്‍ ആ നിമിഷം മുതല്‍ അവന്‍ നോമ്പ് എടുക്കേണ്ടതാണ്. അപ്പോള്‍ അവന്റെ നിയ്യത്തും പകലില്‍ മതിയായതാണ്. 

പകല്‍ സമയത്ത് നോമ്പുകാരനായ ഒരു വ്യക്തി ഭക്ഷണം കഴിക്കാതെത്തന്നെ ഞാന്‍ നോമ്പ് മുറിക്കുന്നു എന്ന് കരുതിയാല്‍ (നിയ്യത്ത് വെച്ചാല്‍) അവന്റെ നോമ്പ് മുറിയുന്നതാണ്.

രോഗികള്‍ക്ക് നോമ്പ് ഒഴിവാക്കുവാനും ഓരോ ദിവസത്തെയും നോമ്പിന് പകരമായി ഓരോ സാധുക്കള്‍ക്ക് ഭക്ഷണം നല്‍കുവാനുമുള്ള ഇളവ് അല്ലാഹു നല്‍കിയിട്ടുണ്ട്. അവരുടെ നോമ്പിന് പകരം അത് മതിയായതാണ്. ഭക്ഷണം പാകം ചെയ്തുകൊണ്ട് സാധുക്കളായ ആളുകള്‍ക്ക് എത്തിച്ചു കൊടുക്കുകയോ അവരെ ഭക്ഷണത്തിലേക്ക് ക്ഷണിക്കുകയോ ചെയ്യാവുന്നതാണ്. എന്നാല്‍ പ്രായാധിക്യം കൊണ്ടോ രോഗം കൊണ്ടോ സ്വബോധത്തിലല്ലാത്ത ഒരു വ്യക്തിയെ സംബന്ധിച്ചിടത്തോളം അവന് നോമ്പ് നിര്‍ബന്ധമില്ല. 

''എണ്ണപ്പെട്ട ഏതാനും ദിവസങ്ങളില്‍ മാത്രം. നിങ്ങളിലാരെങ്കിലും രോഗിയാവുകയോ യാത്രയിലാവുകയോ ചെയ്താല്‍ മറ്റു ദിവസങ്ങളില്‍ നിന്ന് അത്രയും എണ്ണം (നോമ്പെടുക്കേണ്ടതാണ്). (ഞെരുങ്ങിക്കൊണ്ട് മാത്രം) അതിന്നു സാധിക്കുന്നവര്‍ (പകരം) ഒരു പാവപ്പെട്ടവന്നുള്ള ഭക്ഷണം പ്രായച്ഛിത്തമായി നല്‍കേണ്ടതാണ്. എന്നാല്‍ ആരെങ്കിലും സ്വയം സന്നദ്ധനായി കൂടുതല്‍ നന്മ ചെയ്താല്‍ അതവന്ന് ഗുണകരമാകുന്നു. നിങ്ങള്‍ കാര്യം ഗ്രഹിക്കുന്നവരാണെങ്കില്‍ നോമ്പനുഷ്ഠിക്കുന്നതാകുന്നു നിങ്ങള്‍ക്ക് കൂടുതല്‍ ഉത്തമം'' (അല്‍ബക്വറ: 184). 

ആര്‍ത്തവകാരികളും പ്രസവരക്തമുള്ളവരും ആയിട്ടുള്ള സ്ത്രീകള്‍ നോമ്പെടുക്കാന്‍ പാടില്ല. അവര്‍ റമദാനിലെ നോമ്പ് ഉപേക്ഷിക്കുകയും ശേഷം അത് നോറ്റു വീട്ടുകയും ചെയ്യേണ്ടതുണ്ട്. നോമ്പുകാരിയായിരിക്കെ ആര്‍ത്തവം തുടങ്ങിക്കഴിഞ്ഞാല്‍ അതോടു കൂടി അന്നത്തെ നോമ്പ് അവസാനിച്ചു. അവര്‍ പിന്നീട് അത് നോറ്റ് വീട്ടേണ്ടതാണ്. എന്നാല്‍ പകല്‍ വേളയില്‍ ഒരു സ്ത്രീ ആര്‍ത്തവകാരിയായിക്കഴിഞ്ഞാല്‍ ആ നിമിഷം മുതല്‍ മുതല്‍ അവള്‍ നോമ്പ് എടുക്കേണ്ടതില്ല. നോമ്പ് ഇല്ലാത്ത അവസ്ഥയില്‍ തന്നെ അവര്‍ക്ക് തുടരാവുന്നതാണ്. എന്നാല്‍ റമദാന്‍ കഴിഞ്ഞാല്‍ അവരത് നോറ്റു വീട്ടേണ്ടതുണ്ട്. മുലയൂട്ടുന്നവരും ഗര്‍ഭിണികളുമായിട്ടുള്ള സ്ത്രീകള്‍ നോമ്പനുഷ്ഠിച്ച് കഴിഞ്ഞാല്‍ അത് തങ്ങളെയോ തങ്ങളുടെ കുഞ്ഞുങ്ങളെ ബാധിക്കുമെങ്കില്‍ അവര്‍ക്കും നോമ്പ് ഒഴിവാക്കാവുന്നതാണ്. എന്നാല്‍ റമദാന്‍ കഴിഞ്ഞാല്‍ അവരത് നോറ്റു വീട്ടേണ്ടതാണ്. 

യാത്രക്കാര്‍ക്കും അല്ലാഹു നോമ്പില്‍ ഇളവ് നല്‍കിയിട്ടുണ്ട്. പിന്നീട് അത് നോറ്റു വീട്ടണം എന്ന് മാത്രം. എന്നാല്‍ നോമ്പ് എടുക്കുന്നതും നോമ്പ് എടുക്കാതിരിക്കുന്നതും ഒരു വ്യക്തിയെ സംബന്ധിച്ചിടത്തോളം തുല്യമാണെങ്കില്‍ നോമ്പ് എടുക്കാവുന്നതാണ്. സ്വന്തത്തെ പ്രയാസപ്പെടുത്തിക്കൊണ്ടും പീഡിപ്പിച്ചു കൊണ്ടും നോമ്പെടുക്കല്‍ പുണ്യമുള്ളതല്ല എന്ന് നബി ﷺ പഠിപ്പിച്ചിട്ടുണ്ട്. അത്‌കൊണ്ടു തന്നെ യാത്രയില്‍ നോമ്പെടുക്കല്‍ പ്രയാസമുള്ള ആളുകള്‍ക്ക് അന്ന് നോമ്പ് ഒഴിവാക്കുന്നതാണ് ഉത്തമം. നോമ്പുകാരനായ ഒരു വ്യക്തി മനപ്പൂര്‍വം തിന്നുവാനും കുടിക്കുവാനും ലൈംഗിക ബന്ധത്തില്‍ ഏര്‍പ്പെടുവാനും പാടില്ല. എന്നാല്‍ ഓര്‍മയില്ലാതെ തിന്നുകയോ കുടിക്കുകയോ ചെയ്താല്‍ അതിലൂടെ നോമ്പ് മുറിയുകയില്ല. ആറു മാസമോ അതില്‍ കൂടുതലോ തുടര്‍ച്ചയായി പകല്‍ നീണ്ടുനില്‍ക്കുന്ന രാജ്യങ്ങളാണെങ്കില്‍ അവിടെയുള്ള ആളുകള്‍ സൂര്യന്‍ തുടര്‍ച്ചയായി ഉദിക്കുകയും അസ്തമിക്കുകയും ചെയ്യുന്ന സമീപ പ്രദേശത്തിന്റെ കണക്കാണ് നോക്കേണ്ടത്. 24 മണിക്കൂര്‍ രാവും പകലും എന്നുള്ളത് പൊതുവായി അംഗീകരിക്കപ്പെട്ട ഒരു കാര്യമാണ്. അപ്പോള്‍ ഈ സമയങ്ങള്‍ കണക്കാക്കിക്കൊണ്ടായിരിക്കണം അവര്‍ നോമ്പ് തുടങ്ങേണ്ടതും നോമ്പ് അവസാനിപ്പിക്കേണ്ടതും. കഴിവിന്റെ പരമാവധി അല്ലാഹുവിനെ സൂക്ഷിക്കുക എന്നുള്ളതാണല്ലോ ഇസ്‌ലാമിന്റെ പൊതു തത്ത്വം. മതം അംഗീകരിച്ച കാരണങ്ങളൊന്നും കൂടാതെ ഒരു വ്യക്തി റമദാനിലെ നോമ്പ് ഉപേക്ഷിച്ചാല്‍ അവന്‍ വലിയ കുറ്റമാണ് ചെയ്യുന്നത്. 

''...ആകയാല്‍ അദ്ദേഹത്തിന്റെ കല്‍പനയ്ക്ക് എതിര്‍ പ്രവര്‍ത്തിക്കുന്നവര്‍ തങ്ങള്‍ക്ക് വല്ല ആപത്തും വന്നുഭവിക്കുകയോ വേദനയേറിയ ശിക്ഷബാധിക്കുകയോ ചെയ്യുന്നത് സൂക്ഷിച്ചു കൊള്ളട്ടെ'' (അന്നൂര്‍: 63). 

എന്നാല്‍ നോമ്പ് എന്ന ആരാധനയെ നിഷേധിക്കാത്തിടത്തോളം കാലം അവനെക്കുറിച്ച് കാഫിര്‍ എന്ന് പറയാന്‍ പാടില്ല. ഭക്ഷണം കഴിച്ചുകൊണ്ടിരിക്കെ ബാങ്ക് വിളിച്ചു കഴിഞ്ഞാല്‍ തന്റെ കയ്യിലുള്ള ഭക്ഷണം വളരെ വേഗത്തില്‍ തിന്ന് പൂര്‍ത്തിയാക്കാവുന്നതാണ്. നോമ്പുകാരനായിരിക്കെ ഉറങ്ങിക്കൊണ്ടിരിക്കുമ്പോള്‍ സ്വപ്‌ന സ്ഖലനം സംഭവിച്ചാല്‍ അതിലൂടെ നോമ്പ് മുറിയുകയില്ല. എന്നാല്‍ മനഃപൂര്‍വം ഒരു വ്യക്തി ഇന്ദ്രിയം പുറപ്പെടുവിച്ചാല്‍ അവന്റെ നോമ്പ് മുറിയുന്നതാണ്. ലൈംഗിക ബന്ധമാകട്ടെ നോമ്പുകാരനായിരിക്കെ നിഷിദ്ധമാണ്; വലിയ കുറ്റവുമാണ്. പകല്‍ വേളയില്‍ മനഃപൂര്‍വ്വമല്ലാത്ത നിലക്ക് ഛര്‍ദി സംഭവിച്ചാല്‍ നോമ്പ് മുറിയുകയില്ല. എന്നാല്‍ ഒരു വ്യക്തി സ്വയം പരിശ്രമത്തിലൂടെ ഛര്‍ദിച്ചാല്‍ അവന്റെ നോമ്പ് നോറ്റു വീട്ടേണ്ടതുണ്ട്. പകല്‍ സമയത്ത് ഭാര്യയുടെ കൂടെ കിടക്കുന്നതു കൊണ്ടോ ചുംബിക്കുന്നത് കൊണ്ടോ വിരോധമില്ല. നബി ﷺ അപ്രകാരം ചെയ്തിരുന്നതായി ഹദീഥുകളില്‍ കാണുവാന്‍ സാധിക്കും (ബുഖാരി: 1927). 

എന്നാല്‍ നബി ﷺ തന്റെ വികാരത്തെ നിയന്ത്രിക്കാന്‍ കഴിവുള്ള ആളായിരുന്നു എന്നും അതേ ഹദീഥില്‍ തന്നെ വന്നിട്ടുണ്ട്. അതായത് ഇണയുമായുള്ള അടുത്തിടപെടല്‍ ലൈംഗിക ബന്ധത്തിലേക്ക് എത്തിക്കുമെങ്കില്‍ അത്തരം ആളുകള്‍ വിട്ടുനില്‍ക്കുക തന്നെ വേണം. റമദാനിലെ പകലില്‍ നോമ്പുകാരനായിക്കൊണ്ട് വല്ലവനും തന്റെ ഭാര്യയുമായി ബന്ധപ്പെട്ടു കഴിഞ്ഞാല്‍ അവന്‍ പശ്ചാത്തപിക്കേണ്ടതുണ്ട്; നോമ്പ് നോറ്റു വീട്ടുകയും പ്രായച്ഛിത്തം നല്‍കേണ്ടതുമുണ്ട്. 60 ദിവസത്തെ തുടര്‍ച്ചയായ നോമ്പാണ് ഇത്തരക്കാര്‍ക്ക് പ്രായച്ഛിത്തം ആയിട്ടുള്ളത്. അതിനു സാധ്യമല്ലെങ്കില്‍ 60 സാധുക്കള്‍ക്ക് ഭക്ഷണം കൊടുക്കണം എന്നതാണ് നിയമം. 

റമദാനില്‍ മതം അംഗീകരിക്കുന്ന കാരണങ്ങളാല്‍ നഷ്ടപ്പെട്ടുപോയ നോമ്പുകള്‍ വളരെ പെട്ടെന്ന് തന്നെ നോറ്റു വീട്ടാന്‍ ഒരു വിശ്വാസി ശ്രദ്ധിക്കേണ്ടതുണ്ട്. എന്നാല്‍ അനിവാര്യമായ കാരണങ്ങളാല്‍ അടുത്ത ശഅ്ബാന്‍ വരെ നീട്ടിക്കൊണ്ട് പോകുന്നതില്‍ വിരോധമൊന്നുമില്ല. പക്ഷേ, അത് നിര്‍വഹിക്കാത്തിടത്തോളം സമയം നമ്മുടെ പിരടിയില്‍ അതൊരു ഉത്തരവാദിത്തമായി ഉണ്ട് എന്ന് നാം മനസ്സിലാക്കണം.

നോമ്പുകാരനായ ഒരു വ്യക്തി പാലിക്കേണ്ട ചില മര്യാദകളും സുന്നത്തുകളും ഉണ്ട്. അത്താഴം കഴിക്കുക എന്നതാണ് അതില്‍ പ്രധാനപ്പെട്ടത്. അത്താഴം കഴിക്കുന്നതില്‍ ബറകത്തുണ്ട് എന്ന് നബി ﷺ പഠിപ്പിച്ചിട്ടുണ്ട്. അത്താഴം ബാങ്കിനോട് അടുത്ത സമയത്ത് കഴിക്കലാണ് ഏറ്റവും ഉത്തമമായിട്ടുള്ളത്. നോമ്പ് തുറക്കല്‍ വളരെ പെട്ടെന്നാക്കലാണ് സുന്നത്തായിട്ടുള്ളത്. ബാങ്ക് കൊടുത്തിട്ടും സമയം നീട്ടിക്കൊണ്ടു പോകുന്നത് സുന്നത്തിന് എതിരാണ്. ഈത്തപ്പഴം കൊണ്ടായിരുന്നു നബി ﷺ നോമ്പ് തുറന്നിരുന്നത്. ഈത്തപ്പഴം കിട്ടിയില്ലെങ്കില്‍ കാരക്കയും അതുമില്ലെങ്കില്‍ വെള്ളവും ഉപയോഗിച്ചിരുന്നു. നോമ്പ് തുറക്കുന്ന സന്ദര്‍ഭത്തിലും ഇസ്‌ലാമികമായ ഭക്ഷണ മര്യാദകള്‍ നമ്മള്‍ മറക്കാന്‍ പാടില്ല. ഇരുന്ന് ഭക്ഷിക്കുക, ബിസ്മി ചൊല്ലുക, വലതു കൈ ഉപയോഗിക്കുക, മൂന്നു തവണയായി വെള്ളം കുടിക്കുക, ഭക്ഷണ ശേഷം അല്ലാഹുവിനെ സ്തുതിക്കുക തുടങ്ങിയവയെല്ലാം അതില്‍ പെട്ടതാണ്. 

മറ്റുള്ളവരെ നോമ്പ് തുറപ്പിക്കുക എന്നുള്ളത് വളരെ പ്രതിഫലാര്‍ഹമായ കാര്യമാണ്. നോമ്പ് അനുഷ്ഠിച്ച വ്യക്തിയുടെ അതേ പ്രതിഫലം നോമ്പ് തുറപ്പിച്ചവര്‍ക്കും ലഭിക്കും എന്ന് നബി ﷺ പഠിപ്പിച്ചിട്ടുണ്ട്. നോമ്പുകാരന്റെ വായില്‍ നിന്നുള്ള ദുര്‍ഗന്ധം അല്ലാഹുവിന്റെ അടുക്കല്‍ കസ്തൂരിയെക്കാള്‍ സുഗന്ധമുള്ളതാണ് എന്ന് നബി ﷺ പഠിപ്പിച്ചിട്ടുണ്ട്. നോമ്പുകാരന്‍ പല്ലുതേക്കാന്‍ പാടില്ല എന്നല്ല ഇതിനര്‍ഥം. നബി ﷺ നോമ്പുകാരനായിരിക്കെ പല്ലു തേച്ചതായി ഹദീഥുകളില്‍ കാണുവാന്‍ സാധിക്കും. നോമ്പിന്റെ സന്ദര്‍ഭങ്ങളെ നാം ക്വുര്‍ആന്‍ പാരായണത്തിലും സ്വലാത്തുകളിലും ദിക്റുകളിലുമായി ഉപയോഗപ്പെടുത്തേണ്ടതുണ്ട്. ഹറാമായ സംസാരങ്ങളിലും പ്രവര്‍ത്തനങ്ങളിലും നോട്ടങ്ങളിലും നമ്മുടെ സമയങ്ങള്‍ നഷ്ടപ്പെടുത്തിയാല്‍ അത് നോമ്പിനെത്തന്നെ ബാധിക്കുന്ന ഗൗരവകരമായ കാര്യമാണെന്ന് നാം മനസ്സിലാക്കേണ്ടതുണ്ട്. നന്മ നിറഞ്ഞ കാര്യങ്ങള്‍ വര്‍ധിപ്പിക്കുക. ക്വുര്‍ആന്‍ പഠിക്കുവാനും പഠിപ്പിക്കുവാനും പ്രബോധന രംഗങ്ങളില്‍ സജീവമാകുവാനും റമദാന്‍ മാസത്തെ ഉപയോഗപ്പെടുത്തുക. ക്വുര്‍ആന്‍ പാരായണം എത്രത്തോളം വര്‍ധിപ്പിക്കുവാന്‍ സാധ്യമാണോ അത്രയും വര്‍ധിപ്പിക്കുക. രാത്രിയിലുള്ള തറാവീഹ് നമസ്‌കാരത്തില്‍ സജീവമായി പങ്കെടുക്കുക. റമദാന്‍ കഴിയുന്നതോടു കൂടി ശാരീരികമായും മാനസികമായും ശുദ്ധീകരണവും സംസ്‌കരണവും ലഭിച്ച ഒരു പുതിയ വ്യക്തിയായി നമുക്ക് മാറേണ്ടതുണ്ട്. അതിനുള്ള ശ്രമവും പ്രാര്‍ഥനയും നമ്മള്‍ നിര്‍വഹിക്കുക. അല്ലാഹു അനുഗ്രഹിക്കുമാറാകട്ടെ. ആമീന്‍.