വെളിച്ചം പകരലാണ് നവോത്ഥാനം

കുഞ്ഞിമുഹമ്മദ് മദനി പറപ്പൂര്‍

2019 ഏപ്രില്‍ 13 1440 ശഅബാന്‍ 08
ഏറെ തെറ്റുധരിക്കപ്പെടുകയും തെറ്റുധരിപ്പിക്കപ്പെടുകയും ചെയ്ത പദമാണ് നവോത്ഥാനം എന്നത്. വ്യത്യസ്ത മത-രാഷ്ട്രീയ-സാംസ്‌കാരിക കൂട്ടായ്മകള്‍ സ്ഥാനത്തും അസ്ഥാനത്തും പ്രയോഗിച്ച് വികലമാക്കിയ നവോത്ഥാനത്തിന്റെ നേരര്‍ഥമെന്താണ്? ഇസ്‌ലാമിക പരിപ്രേഷ്യത്തില്‍, വിശിഷ്യാ കേരള മുസ്‌ലിം സാമൂഹിക സാഹചര്യത്തില്‍ നവോത്ഥാനം പ്രസക്തമാവുന്നത് എങ്ങനെയാണ്?

അടുത്ത കാലത്തായി കേരളത്തിന്റെ അന്തരീക്ഷത്തില്‍ കൂടുതല്‍ മുഴങ്ങിക്കേട്ട ഒരു വാക്കാണ് 'നവോത്ഥാനം' എന്നത്. വ്യത്യസ്ത മതവിഭാഗങ്ങളും രാഷ്ട്രീയപ്പാര്‍ട്ടികളും വാതോരാതെ നവോത്ഥാനത്തെക്കുറിച്ച് പറഞ്ഞുകൊണ്ടിരിക്കുന്നു. എന്തിനേറെ, ഒരു കാലത്ത് മുസ്‌ലിം സമുദായത്തിനകത്തെ നവോത്ഥാന പരിശ്രമങ്ങളെ അങ്ങേയറ്റം എതിര്‍ത്തിരുന്നവരുടെ പിന്‍തലമുറക്കാര്‍ വരെ നവോത്ഥാനത്തെക്കുറിച്ച് പറയുകയും സമുദായത്തിന്റെ ഉന്നമനത്തിനു പിന്നില്‍ തങ്ങളാണെന്ന് അവകാശവാദമുന്നയിച്ചുകൊണ്ടിരിക്കുകയും ചെയ്യുന്നു!

സംസ്‌കാരം എന്ന പദം പോലെത്തന്നെ വികലമായി വ്യാഖ്യാനിക്കപ്പെട്ട മറ്റൊരു പദമാണ് നവോത്ഥാനം എന്നത്. മാനുഷിക മൂല്യങ്ങള്‍ക്ക് വില കല്‍പിക്കാതെ, നീതിനിഷ്ഠകള്‍ക്കതീതമായി, തോന്നിയപോലെ ജീവിക്കുന്നതാണ് സംസ്‌കാരം എന്നാണ് പുതുതലമുറ ധരിച്ചുവശായിട്ടുള്ളത്. അപ്രകാരം തന്നെ സമൂഹം ഇന്നോളം അംഗീകരിച്ചുപോന്ന നൈതിക മൂല്യങ്ങളെ വെല്ലുവിളിച്ച് അപമാനവികതയെ ഏറ്റെടുക്കലാണ് നവോത്ഥാനം എന്ന് ചിലര്‍ വിചാരിക്കുന്നുവോ എന്ന് അവരുടെ ചില കാട്ടിക്കൂട്ടലുകള്‍ കാണുമ്പോള്‍ തോന്നിപ്പോവുകയാണ്. 

മാന്യന്മാര്‍ കണ്ടാല്‍ അറക്കുന്ന ഫ്രീക്കന്‍ ജ്വരവും നഗ്നതാ പ്രദര്‍ശനവും ചുംബന സമരവും പോലുള്ളതെല്ലാം ഇക്കാലത്ത് വളരുന്നത് ആധുനിക സംസ്‌കാരത്തിന്റെയും നവോത്ഥാന വിപ്ലവത്തിന്റെയും പേരിലാണല്ലോ. 

അപഥ സഞ്ചാരം വിട്ട് മൗലികതയിലധിഷ്ഠിതമായ തനിമയിലേക്ക് തിരിച്ചുവരിക എന്നതാണ് നവോത്ഥാനം അര്‍ഥമാക്കുന്നത്. പ്രമാണബദ്ധമായ നിലപാടും മൗലിക വീക്ഷണവുമില്ലാത്ത പ്രത്യയ ശാസ്ത്രങ്ങള്‍ക്ക് നവോത്ഥാനം ഒരു അപ്രാപ്യ സങ്കല്‍പം മാത്രമായിരിക്കും. ചിലപ്പോള്‍ നവോത്ഥാനം അവരെ അഥവാ അത്തരം സംസ്‌കാരങ്ങളെ മാനവികത വിട്ട് മൃഗീയതയിലേക്ക് നയിക്കും. അതാണ് മുകളില്‍ സൂചിപ്പിച്ച ഗോഷ്ഠികള്‍ സമൂഹത്തിന് നല്‍കുന്ന പാഠം. 

ഇസ്‌ലാം - നവോത്ഥാനം

തീര്‍ത്തും മാനവികമായ നിയമാടിത്തറയിലാണ് ഇസ്‌ലാമിക പ്രത്യയ ശാസ്ത്രം സ്ഥാപിക്കപ്പെട്ടിട്ടുള്ളത്. ഇസ്‌ലാം മനുഷ്യനോട് കല്‍പിച്ച കാര്യങ്ങള്‍; പതിനാല് നൂറ്റാണ്ട് പിന്നിട്ട ഇക്കാലത്തും അവ വേണ്ടാത്തതോ അപ്രായോഗികമോ ആയിരിക്കുന്നു എന്ന് സമര്‍ഥിക്കാന്‍ ഒരാള്‍ക്കും കഴിയില്ല. ഇസ്‌ലാം വിരോധിച്ച ഏതെങ്കിലുമൊന്ന് വേണ്ടതാണെന്ന് പറയാനും കഴിയില്ല. ഇസ്‌ലാമിക നിയമങ്ങള്‍ ദൈവകമാണെന്നും പ്രമാണബദ്ധമാണെന്നും ഇതില്‍ നിന്നും വ്യക്തമാണ്. അത് എക്കാലത്തും ഏതു സാഹചര്യത്തിലും പ്രസക്തവും പ്രയോജനക്ഷമവുമാണ്. ബൗദ്ധികമായ വികാസവും നാഗരികതയും എത്ര മുന്നോട്ട് പോയാലും ഇസ്‌ലാമിക നിയമ സംഹിതയുടെ മൗലികത നിത്യപ്രസക്തം തന്നെയായിരിക്കും. 

ഈ തനിമ പില്‍ക്കാലത്ത് മനുഷ്യ ചെയ്തികളാല്‍ നഷ്ടപ്പെടുകയും ആശയതലം വികലമാക്കപ്പടുകയും ചെയ്തപ്പോള്‍ ആ തനിമയെ വീണ്ടെടുക്കുവാന്‍ നവോത്ഥാനം വേണ്ടിവന്നു. പുതിയ അലകും പിടിയും വെച്ചു കൊണ്ടല്ല, കാലത്തിനൊപ്പിച്ച് പുനര്‍നിര്‍മിച്ചു കൊണ്ടുമല്ല. മറിച്ച് പഴമ തന്നെ ഏത് കാലഘട്ടത്തിലും പ്രസക്തമാണെന്ന് പ്രഖ്യാപിച്ചു കൊണ്ടാണ് ഇസ്‌ലാമിക സമൂഹത്തില്‍ നവോത്ഥാനം കാഹളം മുഴക്കിയത്. 

തുടക്കം, തുടര്‍ച്ച, തളര്‍ച്ച

കേരളക്കരയിലേക്ക് ഇസ്‌ലാം മതം കടന്നുവരുന്നത് സ്വാഭാവികമായ ഒരു സാഹചര്യത്തിന്റെ ഫലമാണ്. അറബ് മുസ്‌ലിം വ്യാപാരികള്‍ ഈ നാട്ടിലെ ജനങ്ങളുമായി ഇടപഴകിയപ്പോള്‍ അവരില്‍ നിന്ന് സമത്വബോധവും സല്‍വിചാരവും നേരില്‍ കണ്ട ഇന്നാട്ടുകാര്‍ നൂറ്റാണ്ടുകളായി തങ്ങളനുഭവിക്കുന്ന ഉച്ഛനീചത്വങ്ങളില്‍ നിന്നുള്ള മോചനം ഈ വ്യാപാരികളുടെ മതത്തിലുണ്ട് എന്ന് നേരില്‍ അനുഭവച്ചറിഞ്ഞതു കൊണ്ടാണ് ഇസ്‌ലാം സ്വീകരിച്ചത്. മേല്‍ജാതി, കീഴ്ജാതി, ഐത്തം തുടങ്ങി ഒട്ടനവധി അനാചാരങ്ങളം അന്ധവിശ്വാസങ്ങളും കൊണ്ട് പൊറുതിമുട്ടിയ സമൂഹം ഇസ്‌ലാമിന്റെ വിശ്വാസം, സ്വഭാവം, ആചാര മഹിമ മുതലായവ നേരിട്ടറിഞ്ഞപ്പോള്‍ അതില്‍ ആകൃഷ്ടരായി എന്നു മാത്രം. ഈ ഇസ്‌ലാമികത്തനിമ നിലനിര്‍ത്തിയ ഒരു സമൂഹമായിരുന്നു തുടക്കം മുതല്‍ ഇന്നാട്ടിലെ മുസ്‌ലിംകള്‍. കേരളത്തില്‍ ഏതു രംഗങ്ങളിലും പ്രബലതയും സാന്നിധ്യവും അംഗീകാരവുമുള്ള ജനതായായിരുന്നു അവര്‍. ആ പ്രതാപം തുടര്‍ന്നുപോന്നു. 

എന്നാല്‍ പില്‍ക്കാലത്ത് വടക്കേ ഇന്ത്യയില്‍ നിന്നുള്ള സ്വൂഫി ചിന്താഗതി മുസ്‌ലിംകളെ  സ്വാധീനച്ചതാണ് അവരുടെ പിന്നാക്കാവസ്ഥക്കും അവരില്‍ അന്ധവിശ്വാസങ്ങളും അനാചാരങ്ങളും കടന്നുകൂടുന്നതിനും കാരണമായത്. ലോകാടിസ്ഥാനത്തില്‍ തന്നെ ഇസ്‌ലാമിക സമൂഹത്തെ അഹ്‌ലുസ്സുന്നയുടെ സ്വച്ഛമായ മാര്‍ഗത്തില്‍ നിന്ന് വ്യതിചലപ്പിച്ച ശീഈ സ്വാധീനം സ്വൂഫികളില്‍ കൂടി കേരളത്തില്‍ പ്രചരിച്ചു. ബോംബെയിലെ പഠാണി വംശജരായ അഹ്മദ്ഷാ വലിയുല്ല എന്ന ശീഈ സ്വൂഫി കേരളത്തില്‍ വന്ന് ദര്‍ഗകളും മതത്തില്‍ കേട്ടുകേള്‍വി പോലുമില്ലാത്ത ആചാരങ്ങളും ത്വരീഖക്വത്തുകളും പ്രചരിപ്പിച്ചു തുടങ്ങിയപ്പോള്‍ പുതിയതായി ഇസ്‌ലാമിലേക്ക് വന്നവര്‍ ഇതാണ് മതം എന്ന് തെറ്റിദ്ധരിച്ചു. അവര്‍ക്ക് ക്വുര്‍ആന്‍ പഠിക്കുകയോ ശരീഅത്തിന്റെ യഥാര്‍ഥ മുഖം ഗ്രഹിക്കുകയോ ചെയ്യാന്‍ അവസരം ലഭിച്ചില്ല. മറിച്ച് ഒരുതരം വഴിവിട്ട ആത്മീയ ജ്വരത്തില്‍ അവര്‍ ലയിച്ചു. ഖാന്‍ഖാഹുകളും ആടിത്തിമര്‍ക്കുന്ന ദിക്‌റ് ഹല്‍ക്വകളും ശവകുടീരങ്ങളും സിദ്ധന്മാരും വ്യാജ ചികിത്സകളും മാല മൗലീദുകളും നേര്‍ച്ച ഉത്സവങ്ങളും തുടങ്ങി മുസ്‌ലിം സാമാന്യ ജനങ്ങളില്‍ മതവിരുദ്ധ ആത്മീയത പ്രചരിപ്പിച്ചു. അവര്‍ അജ്ഞതയുടെ ആഴത്തിലേക്ക് കൂപ്പുകുത്തി.

'കുണ്ടോട്ടി കൈക്കാര്‍' എന്ന പേരില്‍ അറിയപ്പെട്ട അഹ്മദ്ഷായുടെ കക്ഷികള്‍ ഉത്തരേന്ത്യയിലെ ബറേല്‍വിസത്തിന്റെ പ്രചാരകരായിരുന്നു. ഈ ത്വരീക്വത്തിന്റെ ശൈഖുമാര്‍ ഭൂമിയില്‍ അല്ലാഹുവിന്റെ പ്രതിനിധികളാണെന്നും അവര്‍ മുഖേനയല്ലാതെ സ്വര്‍ഗപ്രവേശം സാധ്യമല്ലെന്നും അവര്‍ വിശ്വസിച്ചു. ജീലാനി, നഖ്ശബന്തി, നൂരിയ്യ തുടങ്ങി ഒട്ടേറെ ത്വരീക്വത്തുകള്‍ ഇവര്‍ മുഖേന നിലവില്‍ വന്നു. ഈ അന്ധവിശ്വാസങ്ങളുടെ തുടര്‍ച്ചയും വളര്‍ച്ചയും പിന്നീട് ക്രമപ്രവൃദ്ധമായി പുതിയ വേഷത്തിലും പേരിലും ഭാവാതികളിലും ഇന്നും നിലനില്‍ക്കുന്നുണ്ട്. ഈ ത്വരീക്വത്തുകളും സിദ്ധശൈഖുമാരും പിന്നീട് സ്ഥാപനങ്ങളും സംഘടനകളുമായി വേര്‍പിരിഞ്ഞ് ശക്തിനേടി. ശവകുടീരവ്യവസായങ്ങള്‍ക്ക് പുതിയ പകിട്ടുകള്‍ നല്‍കി. വ്യാജസിദ്ധന്മാര്‍ ദിക്‌റ് ചൊല്ലി, മാലപ്പാട്ടും പാടി വീടുവീടാന്തരം കയറിയിറങ്ങി ആത്മീയതയുടെ പേരില്‍ ഏലസ്സും ഊത്തും നൂലും വിറ്റ് പണം പിരിച്ച് നടന്നു.  ആ വ്യവസായത്തിന് പുതിയ മുഖം നല്‍കിക്കൊണ്ട് ചൂഷണം ഇന്നും തുടര്‍ന്നുകൊണ്ടിരിക്കുന്നു. ഈ അന്ധവിശ്വാസ പ്രചാരണങ്ങളുടെ പുതിയ മുഖങ്ങളെയാണ് നവോത്ഥാനം എന്ന് അവര്‍ അവകാശപ്പെടുന്നത്. 

നവോത്ഥാനം എന്തിന്? 

ഇസ്‌ലാം മത വിശ്വാസികള്‍ അവരുടെ പ്രമാണങ്ങളില്‍ നിന്ന് വഴിതെറ്റിയപ്പോള്‍ അത് മനസ്സിലാക്കിയ പണ്ഡിതന്മാരും ധിഷണാശാലികളും അവരെ യഥാര്‍ഥ പ്രമാണങ്ങളിലേക്കും മതത്തിന്റെ തനിമയിലേക്കും തിരിച്ചുകൊണ്ടുവരാന്‍ നടത്തിയ ബഹുമുഖ ജീവിത മേഖലിയിലുള്ള പരിശ്രമങ്ങളാണ് നവോത്ഥാനം എന്ന പദം കൊണ്ട് അര്‍ഥമാക്കുന്നത്. 

മുസ്‌ലിം ബഹുജനങ്ങളില്‍ അന്ധവിശ്വാസങ്ങളും അനാചാരങ്ങളും വ്യാപിച്ചതോടെ അവര്‍ എല്ലാ രംഗത്തും പിന്നാക്കം പോയി. അജ്ഞതയും പതിത്വവും അവരെ ഗ്രസിച്ചു. തലയുയര്‍ത്തി ജീവിക്കാന്‍ അര്‍ഹതയില്ലാത്തവിധം അപകര്‍ഷത അവരെ വരിഞ്ഞുമുറുക്കി. വിശ്വാസത്തിന്റെ പ്രതാപവും ക്വുര്‍ആനിക വെളിച്ചത്തിന്റെ അഭിമാനബോധവും അവര്‍ക്കു നഷ്ടപ്പെട്ടു. വൈജ്ഞാനികമായും സാംസ്‌കാരികമായും രാഷ്ട്രീയപരമായും തൊഴില്‍-സാമ്പത്തിക മേഖലകളിലും ഈ പിന്നാക്കാവസ്ഥ മുസ്‌ലിംകളെ ബാധിച്ചു. 

ഈ സാഹചരത്തിലാണ് മുസ്‌ലിംകളില്‍ നവോത്ഥാന ചിന്താ പ്രസ്ഥാനം സ്വാഭാവിക സാഹചര്യത്തില്‍ രൂപപ്പെടുന്നത്. അതിനു വേണ്ടി ഒരു പ്രത്യേക സംഘടനയുണ്ടാക്കി തുടങ്ങുകയല്ല ചെയ്തത്. മറിച്ച് മുസ്‌ലിംകളുടെ ശോചനീയാവസ്ഥ മനസ്സിലാക്കിയ എല്ലാവരും ഒരു മാറ്റം ആഗ്രഹിച്ചു. അവരവരെക്കൊണ്ടാവുന്നത് ഒറ്റക്ക് പ്രവര്‍ത്തിച്ചു. മുസ്‌ലിം സമൂഹത്തിന് പ്രതാപവും ബുദ്ധിപരമായ കരുത്തും അത് മുഖേന അഭിമാനകരമായ അസ്തിത്വവുമുണ്ടായത് അവര്‍ വിശുദ്ധ ക്വുര്‍ആനിനെയും തിരുനബി ﷺ യുടെ ചര്യകളെയും പിന്‍പറ്റിയപ്പോഴായിരുന്നു. ചരിത്രത്തിന്റെ വെളിച്ചത്തില്‍ അവര്‍ പ്രമാണങ്ങള്‍ പ്രചരിപ്പിച്ചു. പുരോഹിത്മാരുടെ പാതിരാപ്പാട്ടുകളും മാലമൗലിദുകളും പ്രമാണമായി മനസ്സിലാക്കിയ സാധാരണക്കാര്‍ ക്വുര്‍ആനും ഹദീഥും കേട്ടു തുടങ്ങി. 

തിരുവിതാംകൂര്‍ ഭാഗത്ത് വക്കം മൗലവി, കാസര്‍ഗോഡ് അതിര്‍ത്തി പ്രദേശങ്ങളില്‍ ശാഹുല്‍ സാഹിബ്, വടക്കെ മലബാറിലെ കണ്ണൂര്‍ ഭാഗത്ത് പി. അബ്ദുല്‍ ക്വാദിര്‍ മൗലവി, വെളിയങ്കോട്ട് സയ്യിദ് ഥനാഉല്ലാ മക്തി തങ്ങള്‍, തിരൂരങ്ങാടിയില്‍ കെ.എം മൗലവി, വാഴക്കാട്ട് ചാലിലകത്ത് കുഞ്ഞഹമ്മദ് ഹാജി തുടങ്ങിയവര്‍ ഈ ചിന്താധാരയെ ഒറ്റക്കും കൂട്ടായും ഉള്‍ക്കൊണ്ട ചിലരാണ്. പ്രസ്ഥാനത്തിന്റെ പ്രാമാണിക പ്രതിബദ്ധത തിരിഞ്ഞവര്‍ അതിനെ പിന്തുണച്ചു. അക്കാലത്ത് വിദ്യാഭ്യാസവും കുലമഹിമയും സ്വതന്ത്ര ചിന്തയും കൊണ്ട് അനുഗൃഹീതമായ കൊടുങ്ങല്ലൂരിലെ എറിയാടും അഴീക്കോട്ടുമുള്ള ചില പ്രമുഖര്‍ സമൂദായ മക്കള്‍ക്ക് വിദ്യാഭ്യാസം നല്‍കാനുള്ള ശ്രമങ്ങളാരംഭിച്ചു. കോട്ടപ്പുറത്ത് സീതി മുഹമ്മദ്, മണപ്പാട്ട് കുഞ്ഞഹമ്മദ് ഹാജി തുടങ്ങിയ സലഫി ചിന്താധാരയില്‍ വിശ്വസിച്ചവരായിരുന്നു ഇതിന് മുന്‍പന്തിയില്‍ നിന്നത്. സീതി മുഹമ്മദ് സാഹിബിന്റെ പുത്രന്‍ കെ. എം സീതി സാഹിബ്, അദ്ദേഹത്തിന്റെ സതീര്‍ഥ്യനായിരുന്ന മുഹമ്മദ് അബ്ദുറഹ്മാന്‍ സാഹിബ് തുടങ്ങിയവര്‍ ഈ പാഠശാലകളില്‍ പഠിച്ചു വളര്‍ന്നുവന്നു. സ്വന്തം കുടുംബത്തിന്റെ വകയായ ജാറം തകര്‍ത്ത് വിപ്ലവത്തിന് നേതൃത്വം നല്‍കി മണപ്പാട്ട് കുഞ്ഞഹമ്മദ് ഹാജി അന്ധവിശ്വാസം പ്രചരിപ്പിക്കുന്ന പുരോഹിതന്മാരുടെ പേടി സ്വപ്‌നമായിരുന്നു. 

വക്കം മൗലവിയുടെ ശിക്ഷണം ലഭിച്ച ശൈഖ് മുഹമ്മദ് മാഹിന്‍ ഹമദാനിയുടെ പില്‍ക്കാലത്തെ പ്രബോധന തട്ടകം ആലപ്പുഴ വടുതലയില്‍ നിന്ന് കൊടുങ്ങല്ലൂരിലേക്ക് മാറ്റി. സയ്യിദ് ഥനാഉല്ലാ മക്തി തങ്ങളും ഈ മേഖലകളില്‍ പ്രബോധന രംഗത്ത് പടയോട്ടം നടത്തി. ഒരു ഭാഗത്ത് മുസ്‌ലിം പുരോഹിതന്മാര്‍ മുസ്‌ലിംകളെ പിന്നോട്ട് വലിച്ചപ്പോള്‍ മറുഭാഗത്ത് ബ്രിട്ടീഷ് ഭരണത്തിന്റെ മറവില്‍ മിഷണിമാര്‍ മുസ്‌ലിംകളില്‍ ഇസ്‌ലാമിക വിരുദ്ധ ചിന്ത പ്രചരിപ്പിച്ചു. ഇതിനെയെല്ലാം മക്തി തങ്ങള്‍ സമര്‍ഥമായി നേരിട്ടു. ഇസ്‌ലാമിന്റെ യഥാര്‍ഥ പ്രമാണങ്ങളില്‍ നിന്ന് വ്യതിലച്ചിതാണ് മുസ്‌ലിംകളുടെ അധഃപതനത്തിന് കാരണമെന്ന് ചിന്തിച്ചു പ്രവര്‍ത്തിച്ചവരായിരുന്നു ഇവര്‍.

ഇതേ കാലത്ത് തന്നെ മലബാറിലെ വാഴക്കാട് പള്ളിദര്‍സ് നത്തിയിരുന്ന ചാലിലകത്ത് കുഞ്ഞഹമ്മദ്ഹാജി (1883-1919) മുസ്‌ലിം വിദ്യാഭ്യാസ രംഗത്ത് നവോത്ഥാനത്തിന്റെ ചിന്തകളുണര്‍ത്തി. മദ്‌റസാ പഠനരംഗം പരിഷ്‌കരിച്ചു. ഇതും പുരോഹിതന്മാര്‍ എതിര്‍ത്തു. വിധിവൈപരീത്യമെന്നോണം ചാലിലകത്തിന്റെ പരിഷ്‌ക്കരിച്ച മദ്‌റസാ ശിക്ഷണവും വിദ്യാഭ്യാസ ബോധവും ലഭിച്ച ശിഷ്യഗണങ്ങള്‍ വക്കം മൗലവിയുടെ ആദര്‍ശമേഖല കൂടി ഉള്‍ക്കൊണ്ടതിനാല്‍ വിദ്യാഭ്യാസ രംഗത്തും ഒപ്പം ക്വുര്‍ആനും നബിചര്യയുമനുസരിച്ച് സലഫി ആദര്‍ശ പ്രബോധന രംഗത്തും വളര്‍ന്നു. മാറഞ്ചേരി മരക്കാര്‍ മുസ്‌ലിയാരുടെ മകന്‍ ഇ. മൊയ്തു മൗലവി, ചാലിലകത്തിന്റെ പുത്രന്മാരായ എം.സി.സി അഹ്മദ് മൗലവി, എം.സി.സി ഹസന്‍ മൗലവി, ജാമാതാവും അദ്ദേഹത്തിന്റെ എഴുത്തുകാരനും (കാതിബ്) ആയിരുന്ന കെ.എം മൗലവി, സതീര്‍ഥ്യരായ മൂസ മൗലവി (ഐക്കരപ്പടി) ഇ.കെ മൗലവി (കടവത്തൂര്‍) തുടങ്ങിയ പണ്ഡിതന്മാര്‍ രംഗത്തു വന്നു. 

ബ്രിട്ടീഷുകാര്‍ ഇന്ത്യന്‍ ജനതയെ അടിച്ചൊതുക്കുകയും മതപരമായ ഭിന്നിപ്പുകളുണ്ടാക്കി മുതലെടുക്കാന്‍ ശ്രമിക്കുകയും ചെയ്യുന്ന കാലത്താണ് ഈ സലഫി നവോത്ഥാന ജാഗരണത്തിന്റെ നാമ്പ് പൊട്ടിവരുന്നത്. മദ്രാസ് സംസ്ഥാനത്തിന്റെ ഭാഗമായിരുന്ന മലബാറിനോട് ബ്രിട്ടീഷുകാര്‍ക്ക് കൂടുതല്‍ വൈരാഗ്യമുണ്ടായി. പ്രത്യേകിച്ചും മുസ്‌ലിം വിഭാഗത്തോട്. അവര്‍ ബ്രിട്ടീഷുകാര്‍ക്കെതിരില്‍ സായുധവിപ്ലവത്തിനൊരുങ്ങിയതാണ് കാരണം. ഈ കാലത്ത് സായുധ വിപ്ലവത്തില്‍ കൂടിയല്ല ജനകീയ കൂട്ടായ്മയില്‍ കൂടി അധിനിവേശ ശക്തികളെ നേരിടണമെന്ന് ആഹ്വാനം ചെയ്ത് കോണ്‍ഗ്രസ് പ്രസ്ഥാനവും രംഗത്ത് വന്നപ്പോള്‍ അതിന്റെ മുന്നില്‍ നടന്ന മുസ്‌ലിംകൡ പ്രമുഖരായിരുന്നു സലഫി പ്രബോധകരായ കട്ടിലശ്ശേരി മുഹമ്മദ് മൗലവിയും കെ.എം മൗലവിയും ഇ. മൊയ്തു മൗലവിയുമെല്ലാം. കൊടുങ്ങല്ലൂരില്‍ മുഹമ്മദ് അബ്ദുറഹ്മാന്‍ സാഹിബും കെ.എം.സീതി സാഹിബും കോണ്‍ഗ്രസ്സ് പ്രസ്ഥാനത്തോടൊപ്പം മുസ്‌ലിം നവോത്ഥാന രംഗത്തെന്നപോലെ സ്വാതന്ത്ര്യ സമര രംഗത്തും നിലകൊണ്ടു. 1921ലെ മാപ്പിള ലഹള എന്ന മലബാര്‍ കലാപത്തെ ബ്രിട്ടീഷുകാര്‍ നിഷ്‌കരുണം അടിച്ചമര്‍ത്തിയ കാലത്ത് അവര്‍ ഏറ്റവും ഭയപ്പെട്ടത് ഈ നവോത്ഥാന നായകന്മാരെയായിരുന്നു. മുഹമ്മദ് അബ്ദുറഹ്മാന്‍ സാഹിബും ഇ. മൊയ്തു മൗലവിയും ജയിലടക്കപ്പെടുകയുണ്ടായി. കട്ടിലശ്ശേരി, കെ.എം മൗലവി തുടങ്ങിയ സലഫികളായ സ്വാതന്ത്ര്യസമര സേനാനിമാര്‍ കൊടുങ്ങല്ലൂരില്‍ ഒളിച്ചു കഴിഞ്ഞു. മലബാറിനു പുറത്ത് കൊച്ചി നാട്ടുരാജ്യത്തിന്റെ കീഴിലായിരുന്നതിനാല്‍ അവര്‍ അറസ്റ്റ് ചെയ്യപ്പെട്ടില്ല. കൊടുങ്ങല്ലൂരിലെ ഈ പണ്ഡിതന്മാരുടെ സാന്നിധ്യവും കേരളത്തിലെ മൊത്തം നവോത്ഥാനത്തിന് ഏറെ സഹായകമായി. ഈ സാഹചര്യത്തിലാണ് കേരള മുസ്‌ലിം ഐക്യസംഘം ഉടലെടുക്കുന്നത്. 

കേരള മുസ്‌ലിം ഐക്യസംഘം

ക്വുര്‍ആനിന്റെയും സുന്നത്തിന്റെയും അടിസ്ഥാനത്തില്‍ ഒരു പ്രബുദ്ധ സമൂഹം മുസ്‌ലിംകളില്‍ കൂടി ഉയര്‍ന്നു വരണമെന്ന ചിന്ത മധ്യകേരളത്തില്‍ പ്രബലപ്പെട്ടു. അതിന് സമുദായത്തെ സജ്ജമാക്കുന്നതിന്റെ ഭാഗമായി മുസ്‌ലിംകളിലെത്തന്നെ കുടുംബ വഴക്കുകളെയും പടലപിണക്കങ്ങളെയും പറഞ്ഞുതീര്‍ക്കാനായി കൊടുങ്ങല്ലൂരിലെ നവോത്ഥാന ചിന്താഗതിക്കാര്‍ രൂപീകിരച്ച ഒരു സംഘമാണ് നിഷ്പക്ഷ സംഘം. ആ പ്രദേശങ്ങളിലെ സലഫി പ്രബോധന പ്രവര്‍ത്തനങ്ങള്‍ക്ക് നേതൃത്വം നല്‍കിയ ശൈഖ് ഹമദാനിയായിരുന്നു നിഷ്പക്ഷ സംഘത്തിന്റെ തലപ്പത്ത്. ആ ശ്രമം വിജയിക്കുകയും ഇത്തരം സാമൂഹ്യ പുനരുദ്ധാരണ സംരംഭങ്ങള്‍ കേരളമൊട്ടുക്കും വ്യാപിപ്പിക്കണമെന്ന് ചിന്തിക്കുകയും ചെയ്തതിന്റെ അടിസ്ഥാനത്തിലാണ് പിന്നീട് 1922ല്‍ കേരള മുസ്‌ലിം ഐക്യസംഘം രൂപീകരിച്ചത്. മണപ്പാട്ട് കുഞ്ഞുമുഹമ്മദ് ഹാജി, സീതി മുഹമ്മദ് സാഹിബ്, കെ.എം സീതി സാഹിബ്, കെ.എം മൗലവി, എം.സി.സി അബ്ദുറഹ്മാന്‍ മൗലവി, ഇ.കെ മൗലവി എന്നിവരാണ് ഇതിന്റെ മുന്‍നിരയില്‍ പ്രവര്‍ത്തിച്ചിരുന്നത്. 

മുസ്‌ലിം സമൂഹത്തിന്റെ സര്‍വതോന്മുഖമായ ഉയിര്‍ത്തെഴുന്നേല്‍പും അതോടൊപ്പം രാജ്യസേവനവുമായിരുന്നു ഐക്യസംഘത്തിന്റെ പ്രവര്‍ത്തന ലക്ഷ്യം. ക്വുര്‍ആന്‍, നബിചര്യ എന്നിവയുടെ പ്രചാരണം അന്ധവിശ്വാസ- അനാചരങ്ങള്‍ക്കെതിരെയുള്ള ആദര്‍ശ സമരം, വിദ്യാഭ്യാസ ജാഗരണം, രാഷ്ട്രീയാവബോധം, മാതൃരാജ്യത്തിനോടുള്ള കടപ്പാടുകളെ ഓര്‍മിപ്പിക്കല്‍, ജനാധിപത്യ രീതിയിലുള്ള സാമൂഹ്യ വളര്‍ച്ച എന്നിങ്ങനെ വിവിധോദ്ദേശ്യങ്ങളോട് കൂടി ഐക്യം സംഘം പ്രവര്‍ത്തനമാരംഭിച്ചു. ഒന്നാം വാര്‍ഷികം 1923 ല്‍ എറിയാട്ട് വെച്ച് നടന്നപ്പോള്‍ വിദ്യാഭ്യാസ പ്രചരണത്തിനുള്ള പദ്ധതികള്‍ക്ക് മുന്തിയ പരിഗണന നല്‍കി. രണ്ടാം വാര്‍ഷികം 1924ല്‍ ആലുവയില്‍ വെച്ചായിരുന്നു. ഇതില്‍ വെച്ചാണ് ഇസ്‌ലാമിക പ്രമാണങ്ങളെ അടിസ്ഥാനപ്പെടുത്തി പ്രബോധന പ്രവര്‍ത്തനങ്ങള്‍ സജീവമാക്കാന്‍ വേണ്ടി കേരള ജംഇയ്യത്തുല്‍ ഉലമാ അഹ്‌ലുസ്സുന്നത്തി വല്‍ജമാഅ എന്ന മതസംഘടനക്ക് രൂപം കൊടുത്തത്. 

നൂറ്റാണ്ടുകളായി കേരളത്തില്‍ പിടിമുറുക്കിക്കൊണ്ടിരിക്കുന്ന ഈ ബറേല്‍വി മാതൃകയിലുള്ള അനാചാരങ്ങള്‍ക്ക് നേതൃത്വം നല്‍കിയവര്‍ പില്‍ക്കാലത്ത് അഹ്‌ലുസ്സുന്ന വല്‍ജമാഅയുടെ കീഴിലുള്ള ഉലമാ സംഘത്തില്‍ നിന്ന് വിഘടിച്ചു. അവര്‍ സമസ്ത എന്ന പദം മുമ്പില്‍ ചേര്‍ത്ത് വേറിട്ട ഒരു സംഘമുണ്ടാക്കി. വിശുദ്ധ ക്വുര്‍ആനും നബിചര്യയും പ്രമാണമാക്കുന്നതിനോട് സ്വാഭാവികമായും അവര്‍ക്ക് എതിര്‍പ്പുണ്ടായി. അങ്ങനെ പഴയ അനാചാരങ്ങള്‍ നിലനിര്‍ത്തുന്ന ഒരു പരമ്പരാഗത വിഭാഗവും ക്വുര്‍ആനിലേക്കും സുന്നത്തിലേക്കും ജനങ്ങള്‍ മടങ്ങണമെന്ന് പ്രബോധനം ചെയ്യുന്ന പുതിയ വിഭാഗവും രൂപപ്പെട്ടു. കേരളത്തിലെ മുസ്‌ലിം നവോത്ഥാനത്തിന്റെ വ്യക്തമായ ചരിത്രം ഇവിടെയാണ് ആരംഭിച്ചത്. ഒരു വിഭാഗം അവര്‍ക്കു മുമ്പുള്ളവരെ അന്ധമായി അനുകരിച്ചപ്പോള്‍ സലഫീ പ്രസ്ഥാനം 

ക്വുര്‍ആനും നബിചര്യയും പിന്‍പറ്റിയ പൂര്‍വികരെ പ്രമാണബദ്ധമായി പിന്തുടരുന്നു. 

മാറ്റങ്ങള്‍: പ്രതീക്ഷയും ആശങ്കയും 

പില്‍ക്കാലത്ത് മേല്‍പറഞ്ഞ രണ്ടു ചിന്താധാരകളിലും മാറ്റങ്ങളുണ്ടായി. സമസ്തവിഭാഗം അതിന്റെ പ്രാരംഭഘട്ടത്തില്‍ മുസ്‌ലിംകള്‍ക്ക് വിലക്കിയിരുന്ന ഇംഗ്ലീഷ് പഠനം, മലയാളം പഠനം, സ്ത്രീകള്‍ക്ക് എഴുത്ത് പഠിപ്പിക്കല്‍, ക്വുര്‍ആന്‍ ബോര്‍ഡിലെഴുതി പഠിപ്പിക്കല്‍ തുടങ്ങിയ വാദങ്ങളില്‍നിന്നെല്ലാം പിന്‍മാറി; അഥവാ പിന്‍മാറേണ്ടി വന്നു. 'വഹാബി,' 'മൗദൂദി' വേദി പങ്കിടല്‍, അവരോട് സലാം ചൊല്ലലും മടക്കലും, അവരുമായുളള വൈവാഹിക ബന്ധം എന്നിങ്ങനെ പലതും നിരോധിച്ചിരുന്ന അവര്‍ ആ അവസ്ഥയില്‍ നിന്ന് കുറെ കൂടി വിശാലമായി ചിന്തിച്ചു തുടങ്ങി. മാല മൗലിദ്, ഐക്കല്ല്, ഏലസ്സ്, പിഞ്ഞാണമെഴുതി ചികിത്സ, റാത്തീബ് പോലുള്ള അനാചാരങ്ങള്‍ ഔദ്യോഗികമായി അവര്‍ വിലക്കിയിട്ടില്ലെങ്കിലും ജനങ്ങളില്‍ നല്ലൊരു ശതമാനവും അവ കയ്യൊഴിഞ്ഞിട്ടുണ്ട്. ഇതെല്ലാം ഒരര്‍ഥത്തില്‍ അന്ധവിശ്വാസങ്ങള്‍ക്കെതിരിലുള്ള നവോത്ഥാന പ്രവര്‍ത്തനങ്ങളുടെ ഫലമാണ്; പ്രശംസനീയമാണ്. ഇസ്‌ലാമിലെ അടിസ്ഥാന പ്രമാണങ്ങളിലൂന്നിയ മാറ്റങ്ങള്‍ ഇനിയും സമൂഹത്തിന് പ്രതീക്ഷിക്കാം. അന്ധമായ സംഘടനാ പക്ഷപാതിത്വം മാറി വരുമ്പോള്‍ തീര്‍ച്ചയായും മാറ്റങ്ങളുണ്ടാകും. 

കാലത്തിന്റെ മാറ്റത്തിനനുസരച്ച് സലഫീ നവോത്ഥാന രംഗത്ത് അപചയങ്ങള്‍ പലതുമുണ്ടായി. ശാസ്ത്ര സാങ്കേതിക രംഗത്തെ വളര്‍ച്ച  ഇസ്‌ലാമിക പ്രമാണങ്ങളിലെ നിയമ വ്യവസ്ഥകള്‍ക്ക് കൂടുതല്‍ അംഗീകാരവും ക്ഷമതയും നേടിത്തരികയാണ് ചെയ്തത്. എന്നാല്‍ അന്ധമായ ആധുനികതയില്‍ ഭ്രമിച്ച്, നിരീശ്വര നിര്‍മത വാദികളുടെ വിമര്‍ശനം പേടിച്ച് ഇസ്‌ലാമിനെ കാലത്തനനുസരിച്ച് വ്യാഖ്യാനിക്കുന്നതാണ് നവോത്ഥാനം എന്ന് ചിലരെങ്കിലും തെറ്റിദ്ധരിച്ചു. അങ്ങനെ പ്രമാണങ്ങളെ സ്വാഭീഷ്ഠ പ്രകാരം വ്യാഖ്യാനിക്കാനും നബി ﷺ യുടെ സ്വഹീഹായ ഹദീഥുകളെ നിഷേധിക്കാനും പരിമിതമായ ബുദ്ധിക്കും യുക്തിക്കും അമിത പ്രാധാന്യം നല്‍കി പുതുപുത്തന്‍ ആശയങ്ങള്‍ നവോത്ഥാനം എന്ന മധുരപ്പേരില്‍ പ്രചരിപ്പിക്കാനും തുടങ്ങി. മാത്രമല്ല ആദര്‍ശ ജീവിതവും പ്രബോധനവും അതിരുവിട്ട് സംഘടനാവല്‍ക്കരിക്കപ്പെട്ടു. മതത്തിലെ ശരിയും തെറ്റും സംഘടനാ കൂട്ടായ്മകളെ വ്യക്തികളോ തീരുമാനിക്കുന്ന സ്ഥിതി വന്നു. ഇതാണ് ഇസ്‌ലാം തുടക്കത്തിലേ തള്ളിപ്പറഞ്ഞ പൗരോഹിത്യം. 

എന്നാല്‍ ഈ രണ്ടു അതിരുകവിയലുകള്‍ക്കിടയിലാണ് യഥാര്‍ഥ നവോത്ഥാനത്തിന്റെ വേരുകളുള്ളത്. വിശുദ്ധ ക്വുര്‍ആനും നബിചര്യയും പഠിപ്പിച്ചെതെന്താണോ അവ ഇസ്‌ലാമിലെ ആദ്യ തലമുറയായ സ്വഹാബികളും (പ്രവാചകാനുചരന്മാര്‍) താബിഉകളും (പ്രവാചകാനുചരന്മാരെ തുടര്‍ന്ന്‌വന്നവര്‍) പഠിച്ച് പ്രാവര്‍ത്തികമാക്കി മാതൃക കാണിച്ചിട്ടുണ്ട്. അവയെ അടിസ്ഥാനപ്പെടുത്തി, അവയുടെ പ്രബോധനം സുഗമമാക്കാനാവശ്യമായ കൂട്ടായ്മകള്‍ സൃഷ്ടിച്ച് മാതൃകായോഗ്യരായി ജീവിച്ചാല്‍ കൈവരുന്ന ഒന്നാണ് സമുദായത്തിലെ യഥാര്‍ഥ നവോത്ഥാനം. അല്ലാഹുവിന്റെ വഹ്‌യ് പ്രകാരം പഠിപ്പിക്കപ്പെട്ട ഒരാശയം കാലമെത്ര മാറിയാലും പഴകിപ്പോവുകയില്ല. മറിച്ച് അതനുസരിച്ച് ആത്മാര്‍ഥമായി ജീവിച്ചവര്‍ എന്നും ഏതു നാഗരികതയിലും അല്ലാഹുവിന്റെ സഹായത്തോടെ തലയുയര്‍ത്തി ജീവിച്ചിട്ടുമുണ്ട്. ഇരുട്ട് കട്ടപിടിച്ച കാലത്തെ സംസ്‌കാരശൂന്യരായ അറേബ്യന്‍ ജനതയെ ഇരുപത്തിമൂന്ന് വര്‍ഷം കൊണ്ട് ജീവിതത്തിന്റെ നിഖില മേഖലകളിലും മാതൃകായോഗ്യരാക്കി മാറ്റിയ ആ നവോത്ഥാന രീതിശാസ്ത്രത്തെ നാം അതേപടി പിന്തുടരുക. അതില്‍ ഏറ്റക്കുറവുകള്‍ക്ക് ശ്രമിക്കാതിരിക്കുക. ഇതാണ,് ഇത് മാത്രമാണ് നവോത്ഥാനത്തിന്റെ ഗുണഫലങ്ങള്‍ ഇനിയും നിലലനില്‍ക്കാനും അടുത്ത തലമുറയിലേക്ക് കൈമാറാനുമുള്ള ഏക മാര്‍ഗം. അല്ലാഹു അനുഗ്രഹിക്കട്ടെ.