മദ്യപിച്ച് നശിക്കുന്ന മനുഷ്യരും മദ്യംവിറ്റ് പണമുണ്ടാക്കുന്ന സര്‍ക്കാറും

നബീല്‍ പയ്യോളി

2019 ജൂലായ് 27 1440 ദുല്‍ക്വഅദ് 24
ലഹരിവസ്തുക്കള്‍ വരുത്തിവെക്കുന്ന സാമൂഹ്യവിപത്തിന്റെ വ്യാപ്തി അറിയാത്തവരല്ല പ്രബുദ്ധ കേരളക്കാര്‍. എന്നിട്ടും നമ്മുടെ നാട്ടില്‍ കള്ള് വകുപ്പും ആ വകുപ്പിനൊരു മന്ത്രിയുമുണ്ട്. സ്വദേശ, വിദേശ മദ്യഷാപ്പുകളും നാടന്‍ കള്ളുഷാപ്പുകളും നമ്മുടെ സര്‍ക്കാരിന്റെ ആശിര്‍വാദത്തോടെ ആളുകളെ ഇഞ്ചിഞ്ചായി കൊന്നുകൊണ്ടിരിക്കുന്നു. മദ്യവിരുദ്ധ സമിതികളുടെ പ്രവര്‍ത്തകരുടെ സ്വരം ഭരണകൂടത്തിന്റെ ബധിരകര്‍ണങ്ങളില്‍ പതിക്കാറില്ല. സമ്പൂര്‍ണ മദ്യനിരോധനം അസാധ്യമാണോ?

ക്രിക്കറ്റിന്റെ ജന്മനാടായ ഇംഗ്ലണ്ടില്‍ വെച്ച് സ്വന്തം നാട് ലോകകിരീടം നേടുന്ന അവസരത്തില്‍ അവര്‍ നടത്തിയ ആഹ്ലാദ പ്രകടനം രസകരമായ ചില ദൃശ്യങ്ങള്‍ക്ക് സാക്ഷ്യം വഹിച്ചു. ആഹ്ലാദപ്രകടനം പുരോഗമിക്കുന്നതിനിടെ പതിവ് രീതിയില്‍ പൊട്ടിക്കാനായി ഷാംപെയ്ന്‍ ബോട്ടില്‍ കൊണ്ടുവന്നു. ഉടന്‍ താടിവെച്ച രണ്ട് കളിക്കാര്‍ അതില്‍ നിന്ന് ഇറങ്ങിപ്പോയി. ഇംഗ്ലണ്ട് ക്രിക്കറ്റ് ടീമിലെ ലെഗ് സ്പിന്നര്‍ ആദില്‍ റാഷിദും ഓള്‍ റൗണ്ടര്‍ മൊയീന്‍ അലിയുമായിരുന്നു അത്. ലോകം അമ്പരപ്പോടെ വീക്ഷിച്ച ഈ വീഡിയോ പിന്നീട് ഏറെ ചര്‍ച്ചയായി. ഇരുവരുടെയും മതവിശ്വാസമാണ് അത്തരം ഒരു നീക്കത്തിന് അവരെ പ്രേരിപ്പിച്ചത് എന്നതായിരുന്നു ചര്‍ച്ചയുടെ കാതല്‍.

മദ്യക്കമ്പനിയായ കാസ്റ്റിലിന്റെ ലോഗോ വെക്കാന്‍ വിസമ്മതിക്കുന്നതിനാല്‍ ഓരോ കളിയിലും മാച്ച്ഫീയുടെ 50% പിഴയൊടുക്കുന്ന ഹാഷിം അംലയും ഇംഗ്ലീഷ് പ്രീമിയര്‍ ലീഗില്‍ മാന്‍ ഓഫ് ദി മാച്ച് പുരസ്‌കാരമായി ലഭിച്ച മദ്യക്കുപ്പി 'ഞാന്‍ മുസ്ലിമാണ്, ഞാനിത് കുടിക്കില്ല' എന്നുപറഞ്ഞ് തിരസ്‌കരിച്ച ടൂറെയുടെ ആര്‍ജവവും അതിനെ പിന്തുടരുന്ന മുസ്ലിം ക്രിക്കറ്റ് പ്ലെയേഴ്സിന്റെ നിലപാടുമെല്ലാം മീഡിയയുടെ ശ്രദ്ധ കവര്‍ന്ന സംഭവങ്ങളാണ്.

ആസ്വാദനത്തിന്റെ അനന്ത സാധ്യതകള്‍ തേടിയുള്ള യാത്രയിലാണ് പുതുതലമുറ. യാന്ത്രിക ജീവിതത്തിനിടയില്‍ 'എല്ലാം മറക്കാനും റിലാക്സ് ലഭിക്കാനും' വേണ്ടിയാണത്രെ പലരും ലഹരി ഉപയോഗിക്കുന്നത്. ചെറിയ ലഹരിയുണ്ടാക്കുന്നവയില്‍നിന്ന് തുടങ്ങി അതിവേഗം ജീവനു തന്നെ ഹാനികരമായ ലഹരി പദാര്‍ഥങ്ങളിലേക്ക് ഇത്തരം ആളുകള്‍ അറിഞ്ഞോ അറിയാതെയോ നടന്ന് നീങ്ങുന്നു. കേവലം സൗഹൃദ ഒത്തുചേരലുകളില്‍ രുചിച്ച് തുടങ്ങി പിന്നീട് അത് ജീവിതത്തിന്റെ ഭാഗമായി മാറുന്നു എന്നതാണ് പൊതുവെ കണ്ടുവരുന്നത്.

ലഹരി ഉപയോഗിക്കുന്ന സ്വഭാവത്തെ മോശമായി കാണുന്ന സംസ്‌കാരം പതിയെ ഇല്ലാതായിക്കൊണ്ടിരിക്കുകയാണിന്ന്. സിഗരറ്റോ ബീഡിയോ വലിക്കുന്നത് മുതിര്‍ന്നവര്‍ അറിഞ്ഞാല്‍ അത് അഭിമാനക്ഷതമുണ്ടാക്കുന്ന കാര്യമായി കാണുന്ന ഒരു ഇന്നലെ നമുക്കുണ്ടായിരുന്നു. ഇന്ന് എല്ലാവരെയും കാണിച്ച് 'പുകവിടുന്നത്' അഭിമാനമായി കാണുന്നു പുതുതലമുറ!

ജനനം, മരണം, വിവാഹം, സല്‍ക്കാരം, പുതിയ ജോലി, വീടുപണി, ഗൃഹപ്രവേശനം, തെരഞ്ഞെടുപ്പ് ജയപരാജയങ്ങള്‍, സ്ഥാപനങ്ങളുടെ ഉദ്ഘാടനം, യാത്രയയപ്പ്, മതാഘോഷ വേളകള്‍ തുടങ്ങി സന്തോഷ, സന്താപ വേളകളിലെല്ലാം മദ്യം വേണമെന്ന രീതിയിലേക്ക് കാര്യങ്ങള്‍ മാറിയിരിക്കുന്നു. ആഘോഷ വേളകളില്‍ ഒരു ഹരത്തിന് കുടുംബത്തോടൊപ്പം മദ്യപിക്കുന്ന രീതിയും നമ്മുടെ നാട്ടില്‍ ആരംഭിച്ചിട്ടുണ്ട്.

ഇന്ന് ലോകത്ത് വ്യാപകമായി ഉപയോഗിക്കപ്പെടുന്ന ലഹരിവസ്തുവാണ് മദ്യം. പല പേരുകളിലും രുചിഭേദങ്ങളിലും മിക്ക രാജ്യങ്ങളിലും അത് സുലഭമാണ്. എല്ലാ നിലയ്ക്കും അത് ദോഷകരമാണെങ്കിലും ഭരണകൂടങ്ങള്‍ അതില്‍നിന്നുള്ള ഭീമമായ വരുമാനം മുടങ്ങുന്നത് ഇഷ്ടപ്പെടുന്നില്ല!  

200ല്‍ അധികം രോഗങ്ങള്‍ക്ക് കാരണമാകുന്ന ഘടകമാണ് മദ്യം. മാനസികവും പെരുമാറ്റപരവുമായ വൈകല്യങ്ങള്‍, കരള്‍ സിറോസിസ് പോലുള്ള ചില സാംക്രമികേതര രോഗങ്ങള്‍, ക്യാന്‍സറുകള്‍, ഹൃദയ രോഗങ്ങള്‍ എന്നിവയ്ക്ക് മദ്യപാനം കാരണമാകുന്നു. അതുപോലെ തന്നെ അക്രമങ്ങള്‍ക്കും റോഡപകടങ്ങള്‍ക്കും ഒട്ടേറെ സാമൂഹ്യ പ്രശ്‌നങ്ങള്‍ക്കും മദ്യം കാരണമാകുന്നു.  

ലോകത്ത് പ്രതിവര്‍ഷം 3 ദശലക്ഷം മരണങ്ങളാണത്രെ മദ്യപാനത്തിന്റെ ഫലമായി സംഭവിക്കുന്നത്! മദ്യപാനം 20-39 വയസ്സിനിടയില്‍ തന്നെ മരണത്തിനും വൈകല്യത്തിനും കാരണമാകുന്നു. മൊത്തം മരണങ്ങളില്‍ ഏകദേശം 13.5% ത്തിലും മദ്യവും കാരണമാണ് എന്ന് ലോകാരോഗ്യ സംഘടനയുടെ പഠനം വ്യക്തമാക്കുന്നു. ആരോഗ്യപരമായ പ്രത്യാഘാതങ്ങള്‍ക്കപ്പുറം, മദ്യത്തിന്റെ ഉപയോഗം സാമൂഹികവും സാമ്പത്തികവുമായ നഷ്ടവും വരുത്തുന്നു.

പുരുഷന്മാര്‍ക്കിടയിലെ മദ്യപാന മരണങ്ങളുടെ ശതമാനം ആഗോള മരണങ്ങളില്‍ 7.7% വും സ്ത്രീകള്‍ക്കിടയിലെ മരണങ്ങളില്‍ 2.6% വും ആണ്. ലോകമെമ്പാടുമുള്ള പുരുഷ, സ്ത്രീ മദ്യപാനികള്‍ക്കിടയില്‍ 2010ല്‍ ഉണ്ടായിരുന്ന ആളോഹരി ഉപഭോഗം; പുരുഷന്മാരില്‍ ശരാശരി 19.4 ലിറ്ററും സ്ത്രീകളില്‍ 7.0 ലിറ്ററുമാണ്.

15 വയസ്സിനു മുകളിലുള്ളവരാണ് മദ്യപാനികളില്‍ മഹാഭൂരിപക്ഷവും. ലോക ജനസംഖ്യയുടെ 57% വും മദ്യം ഉപയോഗിക്കുന്നവരാണ് എന്നാണ് 2016ലെ കണക്കുകള്‍ വ്യക്തമാക്കുന്നത്. അതായത് 3.113 ബില്യണ്‍. യൂറോപ്പ് (59.9%) അമേരിക്ക (54.1%), പടിഞ്ഞാറന്‍ പസഫിക് മേഖല (53.8%) എന്നീ പ്രദേശങ്ങളാണ് മദ്യ ഉപയോഗത്തില്‍ മുന്‍പന്തിയില്‍.

15 വയസ്സിന് മുകളിലുള്ള ആളോഹരി ലിറ്ററില്‍ ഏറ്റവും കൂടുതല്‍ മദ്യം കഴിക്കുന്ന 10 രാജ്യങ്ങള്‍: മോള്‍ഡോവ (17.4 ലിറ്റര്‍), ബെലാറസ് (17.1), ലിത്വാനിയ (16.2), റഷ്യ (14.5), ചെക്ക് റിപ്പബ്ലിക് (14.1), റൊമാനിയ (12.9), സെര്‍ബിയ (12.9), ഓസ്ട്രേലിയ (12.6), പോര്‍ച്ചുഗല്‍ (12.5), സ്ലൊവാക്യ(12.5).

15 വയസ്സിന് മുകളിലുള്ള ആളോഹരി ലിറ്ററില്‍ ഏറ്റവും കുറഞ്ഞ മദ്യം കഴിക്കുന്ന 10 രാജ്യങ്ങള്‍: ഈജിപ്ത് (0.3), നൈഗര്‍ (0.3), ബംഗ്ലാദേശ് (0.2), കൊമോറോസ് (0.2), സൗദി അറേബ്യ (0.2), യെമന്‍ (0.2), കുവൈറ്റ് (0.1), മൗറിറ്റാനിയ (0.1), പാക്കിസ്ഥാന്‍ (0.1), ലിബിയ (0) എന്നിവയാണ്.

 

മദ്യപാനം ഇന്ത്യയില്‍

ഇന്ത്യയില്‍ ലഹരി വസ്തുക്കളുടെ ഉപയോഗത്തിന്റെ വ്യാപ്തി പഠിക്കാന്‍ കേന്ദ്ര സാമൂഹ്യ നീതി, ശാക്തീകരണ മന്ത്രാലയം Ministry of Social Justice and Empowerment, Government of India ദേശീയ മയക്കുമരുന്ന് ആശ്രിത ചികിത്സാ കേന്ദ്രം (എന്‍.ഡി.ഡി.ടി.സി), ഓള്‍ ഇന്ത്യ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് മെഡിക്കല്‍ സയന്‍സസ് (എയിംസ്) ന്യൂഡല്‍ഹി എന്നിവയുടെ സഹായത്തോടെ ഇന്ത്യയിലെ മുഴുവന്‍ സംസ്ഥാനങ്ങളിലും കേന്ദ്രഭരണ പ്രദേശങ്ങളിലും നടത്തിയ സര്‍വേയുടെ അടിസ്ഥാനത്തില്‍ 2019 ഫെബ്രുവരി മാസത്തില്‍ കേന്ദ്ര സര്‍ക്കാരിന് സമര്‍പ്പിച്ച റിപ്പോര്‍ട്ടിലുള്ളത്. മദ്യമാണ് ഏറ്റവും സാധാരണമായ, ഇന്ത്യക്കാര്‍ ഉപയോഗിക്കുന്ന ലഹരി പദാര്‍ഥം എന്നാണ്.

സര്‍വേ സമയത്ത് രാജ്യത്തെ 186 ജില്ലകളിലായി 200111 വീടുകള്‍ സന്ദര്‍ശിക്കുകയും മൊത്തം 473569 വ്യക്തികളുമായി അഭിമുഖം നടത്തുകയും ചെയ്തു. ദേശീയമായി, ഏകദേശം ജനസംഖ്യയുടെ 14.6% (10 നും 75 നും ഇടയില്‍ വയസ്സ്) മദ്യം ഉപയോഗിക്കുന്നു. സ്ത്രീകളെ അപേക്ഷിച്ച് (1.6%) പുരുഷന്മാരില്‍ മദ്യ ഉപയോഗം വളരെ കൂടുതലാണ് (27.3%). ഓരോ സ്ത്രീക്കും 17 പുരുഷന്മാര്‍ എന്ന തോതില്‍ ആണ് മദ്യ ഉപയോഗം. ഛത്തീസ്ഗഡ്, ത്രിപുര, പഞ്ചാബ്, അരുണാചല്‍ പ്രദേശ്, ഗോവ എന്നീ സംസ്ഥാനങ്ങളാണ് മദ്യ ഉപയോഗത്തില്‍ മുന്‍പന്തിയില്‍.

മദ്യപാനം കൂടുതലുള്ള സംസ്ഥാനങ്ങള്‍: ഛത്തീസ്ഗഡ് (35.6%), ത്രിപുര (34.7%), പഞ്ചാബ് (28.5%) അരുണാചല്‍ പ്രദേശ് (28%), ഗോവ (28%). മദ്യം കഴിക്കുന്ന പുരുഷന്മാര്‍ കൂടുതല്‍ ഉള്ളത്: ഉത്തര്‍പ്രദേശ് (4.2 കോടി), പശ്ചിമ ബംഗാള്‍ (1.4 കോടി), മധ്യപ്രദേശ് (1.2 കോടി). മദ്യം ഉപയോഗിക്കുന്ന സ്ത്രീകള്‍ കൂടുതലുള്ളത് അരുണാചല്‍ പ്രദേശ് (15.6%), ഛത്തീസ്ഗ്ഡ് (13.7%) എന്നീ സംസ്ഥാനങ്ങളിലാണ്. അതുപോലെ, കുട്ടികള്‍ക്കിടയില്‍ ഉയര്‍ന്ന മദ്യപാനം (ദേശീയ ശരാശരിയെക്കാള്‍ മൂന്നിരട്ടിയിലധികം) റിപ്പോര്‍ട്ട് ചെയ്യപ്പെട്ടിട്ടുള്ളത് പഞ്ചാബ് (6%), പശ്ചിമ ബംഗാള്‍ (3.9%), മഹാരാഷ്ട്ര (3.8%) എന്നീ സംസ്ഥാനങ്ങളില്‍നിന്നാണ്. കേരളത്തില്‍ 29.3 % ആളുകള്‍ മദ്യം ഉപയോഗിക്കുന്നു എന്നാണ് റിപ്പോര്‍ട്ടില്‍ പറയുന്നത്.

മദ്യപാനം മൂലം ഉണ്ടാകുന്ന കരള്‍ രോഗങ്ങള്‍, ക്യാന്‍സര്‍, റോഡപകടങ്ങള്‍ എന്നിവ പ്രതിവര്‍ഷം 2.6 ലക്ഷം ഇന്ത്യക്കാര്‍ക്ക് ജീവന്‍ നഷ്ടമാവാന്‍ കാരണമാകുന്നു എന്ന് ലോകാരോഗ്യ സംഘടന പുറത്തിറക്കിയ സ്ഥിതിവിവരക്കണക്ക് വ്യക്തമാക്കുന്നു.

മദ്യപാനം കേരളത്തില്‍

തിരുവനന്തപുരം ആസ്ഥാനമായുള്ള സാമ്പത്തിക ഗവേഷണ കേന്ദ്രമായ സെന്റര്‍ ഫോര്‍ ഡെവലപ്പ്‌മെന്റ് സ്റ്റഡീസ് കേരളത്തിലെ 14 ജില്ലകളിലായി തിരഞ്ഞെടുക്കപ്പെട്ട 14577 വീടുകളില്‍ നടത്തിയ കേരള മൈഗ്രേഷന്‍ സര്‍വേ പ്രകാരം കോട്ടയം ജില്ലയാണ് മദ്യ ഉപയോഗത്തില്‍ (11.89) മുന്‍പന്തിയില്‍. ആലപ്പുഴ (9.16), പത്തനംതിട്ട (7.08), വയനാട് (6.84) തുടങ്ങിയ ജില്ലകള്‍ ആണ് ആദ്യ നാല് സ്ഥാനത്തുള്ളത്. ഏറ്റവും കുറവ് മദ്യപാനനിരക്ക് മലപ്പുറത്താണ് (1.6 ശതമാനം). കാസര്‍കോടാണ് രണ്ടാംസ്ഥാനത്ത് (2.84).

കേരളത്തില്‍ മദ്യോപഭോഗം ഏറ്റവും കൂടുതലുള്ള മതവിഭാഗം ക്രിസ്ത്യാനികളാണ് (6.86 ശതമാനം) എന്നും പഠനം പറയുന്നു. ഇവരില്‍ 24.33 ശതമാനം അമിതമായി മദ്യപിക്കുന്നവരുമാണ്. രണ്ടാംസ്ഥാനം ഹിന്ദുക്കള്‍ക്കുള്ളതാണ്. ഹിന്ദുക്കളില്‍ 6.52 ശതമാനം വ്യക്തികള്‍ മദ്യപിക്കുന്നു. ഇവരില്‍ 36.21 ശതമാനം അമിതമായി മദ്യപിക്കുന്നവരാണ്. മുസ്ലിംകളില്‍ 0.99 ശതമാനം ആണ് മദ്യപാന നിരക്ക്

കേരളത്തില്‍ മദ്യനിരോധനം ഘട്ടംഘട്ടമായി നടപ്പിലാക്കും എന്നത് കാലങ്ങളായി രാഷ്ട്രീയ പാര്‍ട്ടികള്‍ തെരഞ്ഞെടുപ്പ് പ്രകടന പത്രികയിലൂടെ നല്‍കുന്ന ഒരു പ്രധാന വാഗ്ദാനമാണ്. പക്ഷേ, അത് നടപ്പിലാക്കുക എന്നത് ആരുടെയും അജണ്ടയില്‍ ഇല്ലെന്നാണ് കഴിഞ്ഞ കാലങ്ങളിലെ അനുഭവങ്ങള്‍ വ്യക്തമാക്കുന്നത്.

ഉമ്മന്‍ചാണ്ടി സര്‍ക്കാരിനെ പിടിച്ചുകുലുക്കിയ ബാര്‍കോഴ വിവാദം കേരളത്തില്‍ മദ്യനിരോധനത്തിന് സഹായകമാകും എന്ന് നല്ല മനസ്സുകള്‍ക്ക് പ്രതീക്ഷയുണ്ടായിരുന്നു. അതിന് വിപരീതമായി പുതിയ സര്‍ക്കാര്‍ ബാര്‍ ലൈസന്‍സ് പുതുക്കി നല്‍കുകയും ദേശീയ പാതയോരത്ത് മദ്യശാലകള്‍ പാടില്ലെന്ന സുപ്രീം കോടതി വിധിയെ മറികടക്കാന്‍ ആവശ്യമായ ക്രമീകരണങ്ങള്‍ നടത്തി മദ്യവിപണിയെ കൂടുതല്‍ സജീവമാകുന്ന കാഴ്ചയാണ് കാണാന്‍ സാധിച്ചത്.

ഒരു ഭാഗത്ത് ഉദാര മദ്യനയം നടപ്പിലാക്കുകയും മറുഭാഗത്ത് മദ്യത്തിന്റെ പ്രത്യാഘാതം അനുഭവിക്കുന്നവര്‍ക്കായി പുനരധിവാസ പദ്ധതികള്‍ നടപ്പിലാക്കുകയും ചെയ്യുക എന്ന വൈരുധ്യാധിഷിത നിലപാടാണ് കാലങ്ങളായി സര്‍ക്കാരുകള്‍ പുലര്‍ത്തിപ്പോരുന്നത്.

ഇത്തരമൊരു നിലപാട് എടുക്കാന്‍ പ്രധാനമായും സര്‍ക്കാരുകളെ പ്രേരിപ്പിക്കുന്നത് മദ്യവിപണിയില്‍ നിന്ന് സര്‍ക്കാര്‍ ഖജനാവിലേക്ക് ഒഴുകിയെത്തുന്ന കോടികളാണ്. കേരളത്തിലെ നികുതി, നികുതിയേതര വരുമാനത്തിന്റെ നല്ലൊരുപങ്കും മദ്യത്തെ ആശ്രയിച്ചിരിക്കുന്നു എന്നതാണ് യാഥാര്‍ഥ്യം. ബീവറേജ് ഔട്‌ലെറ്റുകളില്‍ വില്‍ക്കുന്ന മദ്യത്തിന്റെ യഥാര്‍ഥ വിലയും വില്‍പന വിലയും തമ്മിലുള്ള അന്തരം ചെറുതല്ല. ഭീമമായ ലാഭം ലഭിക്കുന്ന ഒരു വ്യവസായം എന്ന നിലയിലാണ് സര്‍ക്കാരുകള്‍ മദ്യത്തെ കാണുന്നത്. നികുതി വരുമാനത്തിന്റെ 30 ശതമാനത്തിലധികം മദ്യവ്യവസായത്തെ ആശ്രയിച്ചിരിക്കുന്നു. കേരളത്തിലെ ടൂറിസം മേഖലയുടെ പുരോഗതിക്ക് മദ്യം അനിവാര്യമാണെന്നാണ് സര്‍ക്കാര്‍ പറയുന്നത്. വലിയ സാമ്പത്തിക ലക്ഷ്യങ്ങളാണ് മദ്യനിരോധനത്തിന്റെ വഴിയെ സഞ്ചരിക്കുന്നതില്‍ നിന്നും സര്‍ക്കാരുകളെ പിന്തിരിപ്പിക്കുന്നതെന്ന് വ്യക്തം. രാഷ്ട്രീയ പാര്‍ട്ടികളുടെ വലിയ സാമ്പത്തിക സ്രോതസ്സ് കൂടിയാണ് മദ്യവ്യവസായം എന്നതും ഒരു യാഥാര്‍ഥ്യമാണ്.

ലഹരിപാനീയങ്ങളുടെ വിപണനം നിയന്ത്രിക്കുക (പ്രത്യേകിച്ച് ചെറുപ്പക്കാര്‍ക്ക്), മദ്യത്തിന്റെ ലഭ്യത നിയന്ത്രിക്കുക, ഉചിതമായ ഡ്രിങ്ക് ഡ്രൈവിംഗ് നയങ്ങള്‍ നടപ്പിലാക്കുക, നികുതി-വിലനിര്‍ണയ സംവിധാനങ്ങളിലൂടെ ആവശ്യം കുറയ്ക്കുക, മദ്യത്തിന്റെ ഉപയോഗം മൂലമുണ്ടാകുന്ന പൊതുജനാരോഗ്യ പ്രശ്‌നങ്ങളെക്കുറിച്ച് അവബോധം വളര്‍ത്തുക, ഫലപ്രദമായ മദ്യനയങ്ങള്‍ക്ക് പിന്തുണ ഉറപ്പാക്കുക, മദ്യപാന വൈകല്യമുള്ളവര്‍ക്ക് ആക്‌സസ് ചെയ്യാവുന്നതും താങ്ങാനാവുന്നതുമായ ചികിത്സ നല്‍കുക തുടങ്ങിയ പല കാര്യങ്ങളും ലോകാരോഗ്യ സംഘടനയുടെ ആഭിമുഖ്യത്തില്‍ നടപ്പിലാക്കിവരുന്നുണ്ട്.

മദ്യവിപണിയില്‍ നിന്ന് ലഭിക്കുന്ന കോടികളില്‍ കണ്ണും നട്ടിരിക്കുന്നവര്‍ അതിന്റെ പ്രത്യാഘാതങ്ങളെ വിലകുറച്ച് കാണുന്നു എന്നതാണ് യാഥാര്‍ഥ്യം. ആയിരങ്ങളുടെ ജീവനുകള്‍ റോഡില്‍ പൊലിഞ്ഞാലും നൂറുകണക്കിന് സ്ത്രീകളെ വൈധവ്യത്തിലേക്കും കുരുന്നുകളെ അനാഥത്വത്തിലേക്കും തള്ളിവിട്ടാലും മദ്യപാനത്താലുണ്ടാകുന്ന മാരക രോഗങ്ങള്‍ ആയിരക്കണക്കിന് കുടുംബങ്ങളെ തകര്‍ച്ചയിലേക്കും ഒരുവേള ആത്മഹത്യയിലേക്ക് നയിച്ചാലും ജനങ്ങളുടെ കണ്ണില്‍ പൊടിയിടുന്ന എന്തെങ്കിലുമൊക്കെ ചെയ്യുന്ന രീതിയാണ് ഭരണകൂടങ്ങള്‍ പുലര്‍ത്തിപ്പോരുന്നത്.

മുകളില്‍ സൂചിപ്പിച്ച കണക്കുകളില്‍ മുസ്ലിം സമൂഹത്തില്‍ മദ്യപാനത്തിന്റെ അളവ് വളരെ കുറവാണ് എന്നത് നമ്മെ ചിന്തിപ്പിക്കേണ്ടതുണ്ട്.

ലോകം ഇരുണ്ടയുഗം എന്ന് വിശേഷിപ്പിച്ച, മദ്യലഹരിയില്‍ ആറാടി ജീവിച്ചിരുന്ന, തികച്ചും അപരിഷ്‌കൃതരായ ആറാം നൂറ്റാണ്ടിലെ അറേബ്യന്‍ ജനതയെ സംസ്‌കാരത്തിന്റെ നെറുകയിലേക്കുയര്‍ത്തിയ കാരണങ്ങള്‍ എന്താണോ ആ കാരണങ്ങളാണ് മുസ്‌ലിംകളെ ഇന്നും മദ്യം പോലുള്ള മ്ലേഛതകളില്‍നിന്നും അകറ്റി നിര്‍ത്തുന്നത് എന്ന കാര്യം ലോകം തിരിച്ചറിയേണ്ടതുണ്ട്.

താന്‍ മരണപ്പെട്ടാല്‍ തന്റെ മൃതശരീരം മുന്തിരിവള്ളിയുടെ ചുവട്ടില്‍ മറമാടണം എന്ന് സ്വന്തക്കാരോട് വസ്വിയ്യത്ത് ചെയ്ത കവികള്‍ പോലും അന്ന് ജീവിച്ചിരുന്നു എന്നത് മദ്യത്തോടുള്ള അവരുടെ ഒടുങ്ങാത്ത ആസക്തി വ്യക്തമാക്കുന്നതാണ്. എങ്കില്‍ ആ മുന്തിരി വള്ളിയുടെ വേരുകളിലൂടെ തങ്ങളുടെ അസ്ഥികള്‍ക്ക് അത് നിലനില്‍ക്കുന്ന കാലത്തോളം ലഹരി ലഭിക്കുമല്ലോ എന്നായിരുന്നു അവരുടെ ചിന്ത. ഇത്തരത്തിലുള്ള മദ്യാസക്തരായ ഒരു സമൂഹത്തില്‍ സമ്പൂര്‍ണ മദ്യനിരോധനം നടപ്പിലാക്കാന്‍ സാധിച്ചത് എങ്ങനെയെന്നത് ലോകം എന്നും അത്ഭുതത്തോടെയാണ് കാണുന്നത്.

തികച്ചും പ്രായോഗികവും ശാസ്ത്രീയവുമായ രീതിയിലാണ് ഇസ്‌ലാം മദ്യനിരോധനം നടപ്പിലാക്കിയത്. മദ്യത്തിന് അടിമകളായിരുന്ന ജനതയോട് മദ്യം നിഷിദ്ധമാണെന്നും അത് കുടിക്കരുതെന്നും പ്രഥമഘട്ടത്തില്‍ തന്നെ പറഞ്ഞാല്‍ അത് ഉള്‍ക്കൊള്ളുവാന്‍ അവര്‍ക്ക് കഴിയില്ല. ആദ്യം ക്വുര്‍ആന്‍ ജനങ്ങളില്‍ ഏകദൈവവിശ്വാസം വളര്‍ത്തിയെടുത്തു. മരണാനന്തര ജീവിതം ഉണ്ടെന്നതും അതിന്റെ അനിവാര്യതയും അവരെ ബോധ്യപ്പെടുത്തി. സ്വര്‍ഗത്തെകുറിച്ചുള്ള പ്രതീക്ഷയും നരകത്തെക്കറിച്ചുള്ള ഭയവും അവരില്‍ നട്ടുപിടിപ്പിച്ചു. പിന്നീട് വിധിവിലക്കുകള്‍ പഠിപ്പിച്ചു. അനുവദനീയമായതും നിഷിദ്ധമായതും ഇന്നതൊക്കെയെന്ന് കേള്‍ക്കുന്ന മാത്രയില്‍ സ്രഷ്ടാവിന്റെ തീരുമാനങ്ങള്‍ക്ക് കീഴ്‌പ്പെടുന്നവരായി അവര്‍ മാറി.

''...ആദ്യം ക്വുര്‍ആനില്‍ അവതരിച്ചത് 'നിങ്ങള്‍ മദ്യം കഴിക്കരുത്' എന്നായിരുന്നുവെങ്കില്‍ അവര്‍ പറയുമായിരുന്നു: 'ഞങ്ങള്‍ മദ്യം ഒരിക്കലും ഒഴിവാക്കുകയില്ല.' ആദ്യം അവതരിച്ചത് 'നിങ്ങള്‍ വ്യഭിചരിക്കരുത്' എന്നായിരുന്നുവെങ്കില്‍ അവര്‍ പറയുമായിരുന്നു: 'ഞങ്ങള്‍ വ്യഭിചാരം ഒരിക്കലും ഒഴിവാക്കുകയില്ല' എന്ന പ്രവാചക പത്‌നി ആഇശ(റ)യുടെ വാക്കുകള്‍ (ബുഖാരി: 4993) ഈ വിഷയത്തില്‍ ശ്രദ്ധേയമാണ്.

തന്റെ അനുചരന്മാര്‍ക്ക് ജീവിത ലക്ഷ്യത്തെക്കുറിച്ചും മരണാന്തര ജീവിതത്തെക്കുറിച്ചുമുള്ള കൃത്യമായ ബോധം പകര്‍ന്നുനല്‍കിക്കൊണ്ട് മുഹമ്മദ് നബി ﷺ  ക്വുര്‍ആനിന്റെ വെളിച്ചത്തില്‍ ഘട്ടംഘട്ടമായി മദ്യമെന്ന വിപത്തില്‍ നിന്നും തന്റെ സമൂഹത്തെ മോചിപ്പിക്കുകയായിരുന്നു. തിന്മകളില്‍ നിന്ന് മനുഷ്യനെ മോചിപ്പിക്കുവാന്‍ ആത്മ സംസ്‌കരണം അനിവാര്യമാണ് എന്ന് വ്യക്തം.

അല്‍പമൊക്കെ ആകുന്നതില്‍ എന്താണ് കുഴപ്പം എന്ന ചോദ്യത്തോടെയാണ് പലരും മദ്യം രുചിച്ചുനോക്കാന്‍ തുടങ്ങുന്നത്. എന്നാല്‍ അല്‍പമാണെങ്കിലും പാടില്ല എന്നാണ് ഇസ്‌ലാം പഠിപ്പിക്കുന്നത്.

അബ്ദുല്ലാഹ് ഇബ്‌നു ഉമറില്‍(റ) നിന്ന് നിവേദനം; അദ്ദേഹം പറഞ്ഞു: ''അല്ലാഹുവിന്റെ ദൂതന്‍ ﷺ  പറഞ്ഞു: ''എല്ലാ ലഹരിയുണ്ടാക്കുന്നതും മദ്യമാകുന്നു. എല്ലാ ലഹരിയുണ്ടാക്കുന്നതും നിഷിദ്ധവുമാകുന്നു'' (മുസ്‌ലിം: 2003)

മദ്യം അഥവാ ലഹരിയുണ്ടാക്കുന്നതെല്ലാം തിന്മകളുടെ മാതാവാണ്. അതിന് അടിമകളായി മാറുന്നവര്‍ ഏത് നീച പ്രവൃത്തിയും ചെയ്യുവാന്‍ മടിക്കുകയില്ല. ദിനേന നമ്മുടെ വീടുകളില്‍ എത്തുന്ന പത്രങ്ങളില്‍ മദ്യപരുടെ അതിക്രമത്തിന്റെ ഒന്നോ രണ്ടോ വാര്‍ത്തകളെങ്കിലും കാണാതിരിക്കില്ല. സ്വന്തം പെണ്‍മക്കളെ ലൈംഗികമായി ഉപദ്രവിച്ചതോ ഭാര്യയെ കഴുത്തറുത്ത് കൊന്നതോ മാതാവിനെ ചവിട്ടിക്കൊന്നതോ...അങ്ങനെയങ്ങനെ ദാരുണമായ വാര്‍ത്തകള്‍! പിന്നില്‍ ലഹരി തന്നെ!

''നിന്നോടവര്‍ മദ്യത്തെയും ചൂതാട്ടത്തെയും പറ്റി ചോദിക്കുന്നു. പറയുക, അവരണ്ടിലും ഗുരുതരമായ പാപമുണ്ട്. ജനങ്ങള്‍ക്ക് ചില പ്രയോജനവുമുണ്ട്. എന്നാല്‍ അവയിലെ പാപത്തിന്റെ അംശമാണ് പ്രയോജനത്തിന്റെ അംശത്തെക്കാള്‍ വലുത്'' (ക്വുര്‍ആന്‍ 2:219).

''സത്യവിശ്വാസികളേ, ലഹരിബാധിച്ചവരായിക്കൊണ്ട് നിങ്ങള്‍ നമസ്‌കാരത്തെ സമീപിക്കരുത്; നിങ്ങള്‍ പറയുന്നതെന്തെന്ന് നിങ്ങള്‍ക്ക് ബോധമുണ്ടാകുന്നത് വരെ...'' (ക്വുര്‍ആന്‍ 4:43).

ഇങ്ങനെ മദ്യത്തില്‍ നിന്ന് ജനങ്ങളെ അകറ്റുന്ന രൂപത്തിലുള്ള നിര്‍ദേശങ്ങള്‍ നല്‍കിയതിനു ശേഷമാണ് സമ്പൂര്‍ണ നിരോധനം നടപ്പിലാക്കിയത്. ഒടുവില്‍ മദ്യം സമ്പൂര്‍ണമായി വെടിയാനുള്ള കല്‍പനയുണ്ടായി:

''സത്യവിശ്വാസികളേ, മദ്യവും ചൂതാട്ടവും പ്രതിഷ്ഠകളും പ്രശ്‌നം വെച്ച് നോക്കാനുള്ള അമ്പുകളും പൈശാചികമായ മ്ലേഛവൃത്തി മാത്രമാകുന്നു. അതിനാല്‍ നിങ്ങള്‍ അതൊക്കെ വര്‍ജിക്കുക. നിങ്ങള്‍ക്ക് വിജയം പ്രാപിക്കാം. പിശാച് ഉദ്ദേശിക്കുന്നത് മദ്യത്തിലൂടെയും ചൂതാട്ടത്തിലൂടെയും നിങ്ങള്‍ക്കിടയില്‍ ശത്രുതയും വിദ്വേഷവും ഉളവാക്കുവാനും അല്ലാഹുവെ ഓര്‍മിക്കുന്നതില്‍ നിന്നും നമസ്‌കാരത്തില്‍ നിന്നും നിങ്ങളെ തടയുവാനും മാത്രമാകുന്നു. അതിനാല്‍ നിങ്ങള്‍ (അവയില്‍ നിന്ന്) വിരമിക്കുവാന്‍ ഒരുക്കമുണ്ടോ?''(5:90,91).

ഇതോടെ വലിയ ഒരു തിന്മയെ എന്നെന്നേക്കുമായി ഉപേക്ഷിക്കുവാന്‍ ആ ജനത തയ്യാറായി. മദ്യപാനം ഉപേക്ഷിച്ച ശേഷം അതിലേക്ക് മടങ്ങാതിരിക്കുവാന്‍ ആവശ്യമായ പല നിര്‍ദേങ്ങളും നബി ﷺ  സമൂഹത്തിന് നല്‍കുകയുണ്ടായി.

നബി ﷺ  പറഞ്ഞതായി ഇബ്‌നു അബ്ബാസില്‍(റ) നിന്ന് നിവേദനം: ''വല്ലവനും അല്ലാഹുവിലും അന്ത്യനാളിലും വിശ്വസിക്കുന്നുവെങ്കില്‍ മദ്യം സേവിക്കപ്പെടുന്ന തീന്‍മേശകളില്‍ അവന്‍ ഇരിക്കരുത്'' (ത്വബ്‌റാനി).

സമ്പൂര്‍ണ മദ്യ നിരോധനം സാധ്യമല്ല എന്ന് പറയുന്ന ആധുനിക 'ബുദ്ധിജീവിസമൂഹം' നബി ﷺ  വരുത്തിയ ഈ മാറ്റത്തെ പഠനവിധേയമാക്കേണ്ടതുണ്ട്. ക്വുര്‍ആനിന്റെ വെളിച്ചം ലോകത്തുള്ള മുഴുവന്‍ മനുഷ്യര്‍ക്കും വെളിച്ചമാവേണ്ടതുണ്ട്.

ഇസ്‌ലാമിന്റെ നന്മയെ തമസ്‌കരിക്കുവാന്‍ പരിശ്രമിച്ചുകൊണ്ടിരിക്കുന്ന തല്‍പര കക്ഷികളായ വിമര്‍ശകരുടെയും മാധ്യമങ്ങളുടെയും പ്രചാരണങ്ങളില്‍നിന്നല്ല; പ്രമാണങ്ങളില്‍നിന്നാണ് ഇസ്‌ലാമിനെ മനസ്സിലാക്കേണ്ടത്. അപ്പോഴേ ആ നന്മയുടെ ആഴവും പരപ്പും ബോധ്യമാവുകയുള്ളൂ.