ഗാന്ധിയുടെ ഇന്ത്യ നാനാത്വത്തില്‍ നിന്ന് ഏകതയിലേക്കോ?

സുഫ്‌യാന്‍ അബ്ദുസ്സലാം

2019 ഒക്ടോബര്‍ 12 1441 സഫര്‍ 13
നൂറ് കോടിയിലധികം ജനങ്ങള്‍ നിവസിക്കുന്ന, 33 ലക്ഷം ചതുരശ്ര കിലോമീറ്റര്‍ വിസ്തൃതിയുള്ള, ലോകത്തെ ഏറ്റവും വലിയ ജനാധിപത്യരാജ്യമായ ഇന്ത്യയുടെ വര്‍ണാഭമായ സവിശേഷത അതിന്റെ വൈവിധ്യവും നാനാത്വവുമാണ്. ഇന്ത്യയിലെ 29 സംസ്ഥാനങ്ങളും 7 കേന്ദ്രഭരണപ്രദേശങ്ങളും ഭാഷ കൊണ്ടും സംസ്‌കാരം കൊണ്ടും വ്യത്യസ്തമാണ്. ഇന്ത്യന്‍ ജനതയുടെ ഉല്‍പത്തിക്കും രൂപപരിണാമങ്ങള്‍ക്കും കൃത്യമായ ചരിത്രമുണ്ട്. ഈ ചരിത്രമറിയാതെ ഭാഷയുടെയും സംസ്‌കാരത്തിന്റെയും വിശ്വാസത്തിന്റെയുമെല്ലാം ഏകരൂപത്തിനു വേണ്ടി ശബ്ദിക്കുന്നത് അര്‍ഥശൂന്യമാണ്.

133 കോടി ജനങ്ങള്‍ അധിവസിക്കുന്ന 33 ലക്ഷം ചതുരശ്ര കിലോമീറ്റര്‍ വിസ്തൃതിയുള്ള, ലോകത്തെ ഏറ്റവും വലിയ ജനാധിപത്യരാജ്യമായ ഇന്ത്യയുടെ വര്‍ണാഭമായ സവിശേഷത അതിന്റെ വൈവിധ്യവും നാനാത്വവുമാണ്. ഇന്ത്യയിലെ 29 സംസ്ഥാനങ്ങളും 7 കേന്ദ്രഭരണപ്രദേശങ്ങളും ഭാഷ കൊണ്ടും സംസ്‌കാരം കൊണ്ടും വ്യത്യസ്തമാണ്. ഒരേ സംസ്ഥാനത്ത് തന്നെ വിവിധ ഭാഷകള്‍ സംസാരിക്കുകയും വിവിധങ്ങളായ ഭക്ഷണരീതികള്‍ അവലംബിക്കുകയൂം ചെയ്യുന്ന വ്യത്യസ്ത ജനസമൂഹങ്ങള്‍ ഇന്ത്യയിലുണ്ട്. കര്‍ണാടകയിലെ ജനങ്ങള്‍ കന്നഡ, തുളു, കൊങ്കിണി, ബ്യാരി, കുറുംബ, കൊഡവ, കൊറഗ തുടങ്ങിയ വ്യത്യസ്ത ഭാഷകള്‍ സംസാരിക്കുന്നത് ഒരു ഉദാഹരണം മാത്രം. കഴിഞ്ഞ വര്‍ഷം രജിസ്റ്റര്‍ ജനറല്‍&സെന്‍സസ് കമ്മീഷണര്‍ നടത്തിയ സര്‍വേയില്‍ നാടോടി ഭാഷകളടക്കം ഇന്ത്യയില്‍ 19569 ഭാഷകള്‍ സംസാരിക്കുന്നുണ്ടെന്നാണ് കണക്കാക്കപ്പെട്ടിരിക്കുന്നത്. ഇത്രയധികം ഭാഷകളുള്ള രാജ്യത്ത് ഹിന്ദിയും ഇംഗ്ലീഷുമാണ് ഔദ്യോഗിക കാര്യങ്ങള്‍ക്കുള്ള ഭാഷകളായി പരിഗണിക്കപ്പെട്ടിട്ടുള്ളത്. ഹിന്ദി എന്ന ഭാഷ ഔദ്യോഗിക ഭാഷയാകുമ്പോഴും ഹിന്ദി എന്ന പദം പോലും പേര്‍ഷ്യനോ അറബിയോ ആണെന്നത് പലരും മറന്നുപോകുന്നു. പേര്‍ഷ്യക്കാരും അറബികളും സിന്ധിനെ 'ഹിന്ദ്' എന്ന് വിളിച്ചതോടെയാണ് സിന്ധുസ്ഥാന്‍ ഹിന്ദുസ്ഥാന്‍ ആകുന്നതും സിന്ധി ഹിന്ദിയാവുന്നതും. സംസ്‌കൃതത്തില്‍ നിന്നും ഉടലെടുത്ത ഭാഷയാണ് ഹിന്ദി എന്നാണ് ഗവേഷകര്‍ പറയുന്നതെങ്കിലും പല ഹിന്ദി പദങ്ങളും ഉടലെടുത്തത് അറബിയില്‍ നിന്നും പേര്‍ഷ്യന്‍ ഭാഷകളില്‍ നിന്നുമാണെന്നത് വളരെ വ്യക്തമാണ്. വഖ്ത്, കിതാബ്, ഖമീസ്, ശറാബ് തുടങ്ങിയ ഒട്ടനവധി പദങ്ങള്‍ അറബി ഭാഷയില്‍ നിന്നും കടന്നുവന്നതാണ്.

എന്തുകൊണ്ടാണ് ഇന്ത്യ ഔദ്യോഗിക ഭാഷയായി അംഗീകരിച്ച ഹിന്ദിയില്‍ പോലും വിവിധ ഭാഷകളുടെ മിശ്രിതങ്ങള്‍ കാണപ്പെടുന്നത് എന്നത് ഇന്ത്യയുടെ തന്നെ ഉത്പത്തിയെ കുറിച്ചുള്ള അന്വേഷണത്തിലേക്ക് നമ്മെ നയിക്കുന്നു. ഒരു പ്രദേശത്ത് തന്നെ വിവിധ ഭാഷകള്‍ രൂപപ്പെടാന്‍ കാരണമാകുന്നത് വിവിധ ജനവിഭാഗങ്ങളുടെ സാന്നിധ്യമാണെന്നതില്‍ സംശയമില്ല. ഇന്ത്യയിലെ തനത് ജനവിഭാഗങ്ങള്‍ ആദിവാസികളാണെന്നാണ് വിലയിരുത്തപ്പെടുന്നത്. വിവിധ ഭാഗങ്ങളിലായി വ്യാപിച്ചു കിടക്കുന്ന ആദിവാസികളുടെ ഭാഷകളും വിവിധങ്ങളാണ്. മലബാറില്‍ മലപ്പുറം, കോഴിക്കോട്, കണ്ണൂര്‍, വയനാട് ജില്ലകളിലെ ആദിവാസികള്‍ സംസാരിക്കുന്നത് പണിയ ഭാഷയാണ്. ഇന്ത്യയുടെ ഏറ്റവും പ്രാകൃത സമൂഹം പോലും സംസാരിച്ചു വരുന്നത് ഇന്ത്യയുടെ ഔദ്യോഗിക ഭാഷയിലല്ല എന്ന യാഥാര്‍ഥ്യമാണ് ഇതില്‍ നിന്നും വ്യക്തമാകുന്നത്.

ഇന്ത്യന്‍ ജനതയുടെ ഉല്‍പത്തിക്കും രൂപപരിണാമങ്ങള്‍ക്കും കൃത്യമായ ചരിത്രമുണ്ട്. ഈ ചരിത്രമറിയാതെ ഭാഷയുടെയും സംസ്‌കാരത്തിന്റെയും വിശ്വാസത്തിന്റെയുമെല്ലാം ഏകരൂപത്തിനു വേണ്ടി ശബ്ദിക്കുന്നത് അര്‍ഥശൂന്യമാണ്. അവ കേവലം അധരവ്യായാമമോ തൂലികാഭ്യാസങ്ങളോ മാത്രമായിരിക്കും. യാഥാര്‍ഥ്യത്തെ തിരിച്ചറിഞ്ഞുകൊണ്ടുള്ള ഐക്യസിദ്ധാന്തങ്ങള്‍ മാത്രമെ ഇന്ത്യയെപ്പോലെ വൈവിധ്യം നിറഞ്ഞുനില്‍ക്കുന്ന ഒരു രാജ്യത്തിന് ഉപകാരപ്പെടുകയുള്ളൂ. ഇന്ത്യയിലെ ആദിവാസി സമൂഹം കഴിഞ്ഞാല്‍ മറ്റുള്ള ജനവിഭാഗങ്ങളെല്ലാം പലകാലങ്ങളിലായി ഇന്ത്യയിലേക്ക് കുടിയേറിപ്പാര്‍ത്തവരാണ്. ചരിത്രാതീതകാലം മുതല്‍ പല കാലങ്ങളിലായി ഇന്ത്യാ ഉപഭൂഖണ്ഡത്തിലേക്ക് കുടിയേറിയിട്ടുള്ള വിവിധ ജനവംശങ്ങളുടെ മിശ്രിതം മാത്രമാണ് ഇന്നത്തെ ഇന്ത്യന്‍ ജനത. പ്രധാനമായും നീഗോയ്ഡ്സ്, ഓസ്ട്രലോയ്ഡ്, ദ്രാവിഡര്‍, ആര്യന്മാര്‍, പേര്‍ഷ്യക്കാര്‍, അറബികള്‍ തുടങ്ങിയ ചേരുവകള്‍ ചേര്‍ന്നതാണ് ഇന്ത്യന്‍ ജനത. ആഫ്രിക്കയില്‍ നിന്നെത്തിയ നീഗ്രോയ്ഡുകളാണത്രെ ഇന്ത്യയിലേക്ക് കുടിയേറിയ ആദ്യ ജനത. ആഫ്രിക്കന്‍ നീഗ്രോകളോട് സാമ്യമുള്ള ഈ ജനവിഭാഗം ഇന്ന് ഇന്ത്യയില്‍ വിരളമാണ്. ആസ്ത്രേലിയന്‍ തദ്ദേശീയരോട് സാമ്യമുള്ള ഓസ്ട്രലോയ്ഡ് വിഭാഗമാണ് മറ്റൊന്ന്. മധേ്യന്ത്യയിലെ ഗിരിവംശജര്‍ ഈ വിഭാഗത്തില്‍ പെട്ടവരാണ്. ഏഷ്യാമൈനറില്‍ നിന്നും (ഇന്നത്തെ തുര്‍ക്കി, ഗ്രീസ്, ഇറ്റലി, ഈജിപ്ത് ഉള്‍പ്പെടുന്ന പ്രദേശം) ഇന്ത്യയിലേക്ക് കടന്നുവന്നവരാണ് ദ്രാവിഡര്‍. ക്രിസ്തുവിന് മുമ്പ് 3500 വര്‍ഷങ്ങള്‍ക്ക് മുമ്പാണ് ദ്രാവിഡര്‍ ഇന്ത്യന്‍ ഉപഭൂഖണ്ഡത്തില്‍ എത്തിയത്. പ്രാചീന ഇന്ത്യയുടെ പുരോഗതിക്കും വികസനത്തിനും നാന്ദി കുറിച്ചത് ദ്രാവിഡന്മാരായിരുന്നു. ദ്രാവിഡന്മാര്‍ ഇന്ത്യയിലെത്തി രണ്ടായിരം വര്‍ഷം കഴിഞ്ഞ ശേഷം മാത്രമാണ് ആര്യന്മാര്‍ ഇന്ത്യയിലേക്ക് പ്രവേശിക്കുന്നത്. ക്രിസ്ത്യന്‍, മുസ്ലിം സാന്നിധ്യമുണ്ടായത് പ്രധാനമായും കുടിയേറ്റത്തിലൂടെ ആയിരുന്നില്ല. രാജ്യത്ത് ജീവിക്കുന്നവര്‍ ക്രിസ്ത്യന്‍, ഇസ്ലാം മതങ്ങള്‍ സ്വയമേ സ്വീകരിച്ചതിലൂടെയാണ് സെമിറ്റിക് മതങ്ങള്‍ ഇന്ത്യയിലെത്തുന്നത്. എഡി 52ല്‍ സെന്റ് തോമസും എഡി 700 നോട് അടുത്ത് മാലിക് ബിന്‍ ദീനാറും സംഘവും എത്തുന്നതോടെയാണ് ക്രിസ്ത്യന്‍, ഇസ്ലാം മതങ്ങള്‍ ഇന്ത്യയില്‍ പ്രചുരപ്രചാരം നേടുന്നത്.

മറ്റൊരു പ്രസക്തമായ കാര്യം ആര്യന്മാരുടെ ഇന്ത്യയിലേക്കുള്ള പ്രവേശനം അതുവരെ അവിടെയുണ്ടായിരുന്ന മുഴുവന്‍ ജനങ്ങളെയും അടിച്ചമര്‍ത്തിയും അവരുടെ മേല്‍ അധീശത്വം പുലര്‍ത്തിക്കൊണ്ടുമായിരുന്നു. ഇന്ത്യയുടെ വടക്കുപടിഞ്ഞാറന്‍ പ്രദേശത്തുകൂടെ പ്രവേശിച്ച ആര്യന്മാര്‍ അവിടെ അധിവസിച്ചിരുന്ന ദ്രാവിഡരെ ദക്ഷിണേന്ത്യയിലേക്ക് പലായനം ചെയ്യിച്ചു. തദ്ദേശീയരുമായി ഇഴുകിച്ചേരുന്നതില്‍ വിമുഖത കാണിച്ച അവര്‍ ദ്രാവിഡരെയും ഇതര വിഭാഗങ്ങളെയും അധഃകൃതസമൂഹമായും ജാതിഭ്രഷ്ടരായും കണക്കാക്കി. ജാതി സമ്പ്രദായത്തിന് അവര്‍ ഹൈന്ദവ ദര്‍ശനങ്ങളെ സന്ദര്‍ഭത്തില്‍ നിന്നടര്‍ത്തി കൂട്ടുപിടിച്ചു. ചാതുര്‍വര്‍ണ്യം സ്ഥാപിച്ചു. ഈ ചാതുര്‍വര്‍ണ്യ വ്യവസ്ഥിതിയാണ് പിന്നീട് ഇന്ത്യയെ വിഭജിച്ചു നിര്‍ത്തുകയും ജാതി മേധാവിത്വവും പിന്നാക്കാവസ്ഥയും ഉണ്ടാക്കിത്തീര്‍ക്കുകയും ചെയ്തത്.

ഇന്ത്യയെന്ന മഹത്തായ ചരിത്രവും പാരമ്പര്യവുമുള്ള ഒരു രാഷ്ട്രത്തിന്റെ നരവംശ ഭൂതകാലത്തിന്റെ ഏകദേശരൂപമാണ് മുകളില്‍ കണ്ടത്. ഇന്ത്യയുടെ മേല്‍ ഒരു വിഭാഗത്തിനും പ്രത്യേകമായി അധികാരം അവകാശപ്പെടാന്‍ സാധിക്കില്ലെന്ന് ഇതില്‍ നിന്നും വ്യക്തമാണ്. ചാതുര്‍വര്‍ണ്യ വ്യവസ്ഥയുടെ ഭാഗമായി ഇന്നും അധികാര സോപാനങ്ങളില്‍ അള്ളിപ്പിടിച്ചിരിക്കുന്ന വരേണ്യവര്‍ഗങ്ങള്‍ വളരെ വൈകി ഇന്ത്യയിലേക്ക് കയറിപ്പറ്റിയ ആര്യന്മാരുടെ സൃഷ്ടിയാണെന്നും ഹിന്ദുത്വത്തിന്റെ അടിസ്ഥാനത്തില്‍ രാജ്യത്ത് ഏകത സ്വരൂപിക്കണമെന്നത് പോലുള്ള അവകാശങ്ങള്‍ക്ക് യാതൊരു വിലയുമില്ലെന്നും ഈ ചരിത്രം നമ്മെ ബോധ്യപ്പെടുത്തുന്നുണ്ട്.

നാനാത്വത്തില്‍ ഏകത്വമെന്ന ഇന്ത്യയുടെ മുദ്രാവാക്യം പ്രസക്തമാവുന്നത് ഈ യാഥാര്‍ഥ്യങ്ങള്‍ ബോധ്യപ്പെടുമ്പോഴാണ്. ഏതെങ്കിലുമൊരു മതത്തിനോ സംസ്‌കാരത്തിനോ രാഷ്ട്രീയത്തിനോ മേധാവിത്വമില്ലാത്തതും സാംസ്‌കാരിക വൈവിധ്യത്തെ അംഗീകരിക്കുന്നതുമായ ഒരു പ്രത്യേക മാനവ കാഴ്ചപ്പാടാണ് നാനാത്വം മുമ്പോട്ട് വെക്കുന്നത്. ഈ വൈവിധ്യങ്ങളെയും വൈജാത്യങ്ങളെയും അംഗീകരിച്ചുകൊണ്ട് പരസ്പരം ആദരിച്ചും സ്‌നേഹിച്ചും ഭാരതമണ്ണില്‍ സഹോദരങ്ങളായി ജീവിക്കണമെന്ന പാഠമാണ് ഏകത്വം എന്ന ആശയം മുമ്പോട്ടു വയ്ക്കുന്നത്.

The discovery of India എന്ന പണ്ഡിറ്റ് ജവഹര്‍ലാല്‍ നെഹ്റുവിന്റെ പ്രസിദ്ധമായ ഗ്രന്ഥത്തില്‍ ഇങ്ങനെ കാണാം: 'ഇന്ത്യയുടെ വൈവിധ്യം വളരെ വലുതാണ്; ആര്‍ക്കും കാണാവുന്ന വിധത്തില്‍ അതു രാജ്യത്തിന്റെ ഉപരിതലത്തില്‍ തന്നെ സുതരാം വ്യക്തമാണ്. ശാരീരിക രൂപങ്ങളിലും ചില മാനസിക ശീലങ്ങളിലും സ്വഭാവഗുണങ്ങളിലും ഈ വൈവിധ്യങ്ങള്‍ ബന്ധപ്പെട്ടിട്ടുണ്ട്. രാജ്യത്തിന്റെ വടക്കുപടിഞ്ഞാറ് ഭാഗത്ത് ജീവിക്കുന്ന പഠാണിയും തെക്കെ അറ്റത്ത് ജീവിക്കുന്ന തമിഴനും തമ്മില്‍ വലിയ വ്യത്യാസങ്ങള്‍ കാണപ്പെടുന്നു. അവര്‍ക്കിടയില്‍ സാദൃശ്യം വളരെ കുറവാണ്. അവരുടെ വംശീയ അസ്തിത്വങ്ങള്‍ വെവ്വേറെയാണ്. വിദൂരതകളില്‍ കഴിയുന്ന ഈ രണ്ടു വിഭാഗങ്ങള്‍ക്കിടയില്‍ ജീവിക്കുന്ന മറ്റനവധി വിഭാഗങ്ങള്‍ വേറെയുണ്ട്. ഓരോ വിഭാഗങ്ങള്‍ക്കും അവരുടെതായ സവിശേഷതകളുണ്ട്. ആ സവിശേഷതകള്‍ ഇന്ത്യയുടെ തന്നെ സവിശേഷതകളാണ്.' തുടര്‍ന്നുകൊണ്ട് അദ്ദേഹം പറഞ്ഞു: 'പ്രത്യക്ഷത്തില്‍ നമ്മുടെ ജനങ്ങള്‍ക്കിടയില്‍ ധാരാളം വൈവിധ്യങ്ങളും അനന്തമായ വൈജാത്യങ്ങളും ഉണ്ടെങ്കിലും ഏകത്വത്തിന്റെ അതിശയകരമായ ഭാവം അവര്‍ക്കിടയില്‍ നിലനില്‍ക്കുന്നുണ്ട്. എന്തെല്ലാം രാഷ്ട്രീയ ദുര്‍വിധികളും നിര്‍ഭാഗ്യങ്ങളുമുണ്ടായിട്ടും കഴിഞ്ഞകാലങ്ങളില്‍ നമ്മെ ഒരുമിപ്പിച്ചു നിര്‍ത്തിയത് ഈ ഏകതാ ബോധമാണ്.'

രാജ്യത്ത് ഇന്നോളം നിലനിന്നിരുന്ന ഏകതാ സങ്കല്‍പങ്ങളും ഏകത്വ സിദ്ധാന്തങ്ങളും മുകളില്‍ സൂചിപ്പിച്ച നാനാത്വത്തെ അംഗീകരിച്ചുകൊണ്ടുള്ളതായിരുന്നു. എന്നാല്‍ ഇന്ന് പുതുതായി രാജ്യത്ത് ഉരുണ്ടുകൂടിക്കൊണ്ടിരിക്കുന്ന കപട ഏകതയുടെ കരിപുരണ്ട കാര്‍മേഘങ്ങള്‍ ഇതിനെയെല്ലാം തകിടം മറിക്കുന്നതാണ്. സംഘപരിവാറിന്റെ അടുക്കളയില്‍ തയ്യാറായിക്കൊണ്ടിരിക്കുന്ന 'ഏകതാ രസായനം' രാജ്യത്തെ എല്ലാ പ്രശ്‌നങ്ങള്‍ക്കുമുള്ള ഒറ്റമൂലിയായിട്ടാണ് കരുതപ്പെടുന്നത്. ഏകതയെന്നാല്‍ ഏക ഭാഷയും ഏക സംസ്‌കാരവും ഏക മതവിശ്വസവുമൊക്കെയായിട്ടാണ് അവതരിപ്പിക്കപ്പെടുന്നത്. രാജ്യത്തെ വിവിധ സിവില്‍ കോഡുകളെ ഏകീകരിക്കുവാന്‍ ശ്രമിച്ച് പരാജയപ്പെട്ടവര്‍ പുതിയ പുതിയ പരീക്ഷണങ്ങള്‍ നടത്തിക്കൊണ്ടിരിക്കുന്നു. ഹിന്ദി ഭാഷയെ അടിച്ചേല്‍പിക്കുവാനുള്ള ശ്രമം തുടങ്ങിക്കഴിഞ്ഞു. ശക്തമായ എതിര്‍പ്പുണ്ടെന്നു മനസ്സിലാക്കി തല്‍ക്കാലം ഫ്രീസറില്‍ എടുത്തുവച്ചിരിക്കുകയാണ്. ഒരാളുടെ ഭാഷ അയാള്‍ ജന്മം കൊണ്ട കുടുംബം, സമൂഹം എന്നിവയുമായി ബന്ധപ്പെട്ടുകൊണ്ടിരിക്കുന്നതുകൊണ്ടാണ് ചെറുപ്പം മുതല്‍ അയാള്‍ ശീലിച്ച ഭാഷയെ മാതൃഭാഷ എന്നുവിളിക്കുന്നത്. മാതാവിനെ മാറ്റാന്‍ സാധ്യമല്ലാത്ത വിധം മനുഷ്യന്റെ മാതൃഭാഷയെയും മാറ്റാന്‍ സാധിക്കില്ലെന്നാണ് വസ്തുത.

ഏകതയുടെ ഭാഗമായി രാജ്യത്തെ തെരഞ്ഞെടുപ്പുകളെ പോലും ഏകീകരിക്കാനാണ് സംഘപരിവാര്‍ ശ്രമം. ഒരു പാര്‍ട്ടി രാജ്യം ഭരിക്കുന്നതാണ് ഏറ്റവും നല്ലതെന്നു പറഞ്ഞുകൊണ്ട് വിവിധ രാഷ്ട്രീയ ധാരകളെ ഉന്മൂലനം ചെയ്യാനുള്ള സന്ദേശവും നല്‍കിക്കഴിഞ്ഞു. ഒരു രാജ്യം; ഒരു തിരഞ്ഞെടുപ്പ്, ഒരു ഒരു രാജ്യം; ഒരു ബേങ്ക് അക്കൗണ്ട്, ഒരു രാജ്യം; ഒരു റേഷന്‍ കാര്‍ഡ്, ഒരു രാജ്യം; ഒരു നികുതി എന്ന് തുടങ്ങിയ ആകര്‍ഷകമായ പദ്ധതികള്‍ പ്രഖ്യാപിച്ച് രാജ്യത്തെ ജനങ്ങളുടെ മനസ്സില്‍ 'ഏകത' എന്ന ആശയത്തെ സന്നിവേശിപ്പിക്കുന്നതിന്റെ പിന്നില്‍ അപകടകരമായ നിഗൂഢതകള്‍ ഒളിഞ്ഞിരിക്കുന്നുവെന്ന് കരുതേണ്ടതുണ്ട്. സര്‍ദാര്‍ പട്ടേലിന്റെ പ്രതിമക്ക് ഏകതാ പ്രതിമയെന്നും പട്ടേലിന്റെ ജന്മദിനമായ ഒക്ടോബര്‍ 31ന് ഏകതാ ദിവസമെന്നും പേര് നല്‍കിയത് കഴിഞ്ഞ വര്‍ഷമാണ്. ഒരു രാജ്യം; ഒരു പാര്‍ട്ടി, ഒരു രാജ്യം; ഒരു ഭാഷ, ഒരു രാജ്യം; ഒരു സംസ്‌കാരം, ഒരു രാജ്യം, ഒരു മതം എന്നിങ്ങനെ പടിപടിയായി സംഘപരിവാര്‍ നേരത്തെ ആസൂത്രണം ചെയ്ത അവസ്ഥയിലേക്ക് രാജ്യത്തെ കൊണ്ടെത്തിക്കാനുള്ള മുന്നൊരുക്കമായിട്ട് മാത്രമെ ഇത്തരം പദ്ധതികളെ നോക്കിക്കാണാനാവൂ.

'ഒരു രാജ്യം; ഒരു ഭരണഘടന' എന്ന സ്വാതന്ത്ര്യ ദിനത്തിലെ പ്രധാനമന്ത്രിയുടെ പ്രഖ്യാപനം കാര്യങ്ങള്‍ ഏതു ദിശയിലേക്കു സഞ്ചരിക്കുന്നു എന്നതിലേക്കുള്ള സൂചനയാണ്. നമ്മുടെ രാജ്യം ഒന്നാണെന്നും അതിനൊരു ഭരണഘടന മാത്രമെ ഉള്ളൂവെന്നുമിരിക്കെ ഈ പ്രഖ്യാപനത്തിന്റെ പ്രസക്തിയെന്ത്? പ്രഖ്യാപനം വിവിധ സംസ്ഥാനങ്ങളും വിവിധ മതവിഭാഗങ്ങളും ന്യൂനപക്ഷ സമൂഹങ്ങളും അനുഭവിച്ചു വരുന്ന സ്വാതന്ത്ര്യങ്ങള്‍ക്ക് നേരെയുള്ള ഒളിപ്രയോഗമാണെന്ന ചില മാധ്യമങ്ങളുടെയും രാഷ്ട്രീയ പ്രവര്‍ത്തകരുടെയും നിരീക്ഷണങ്ങളെ അവഗണിക്കാന്‍ സാധിക്കില്ല. 72 വര്‍ഷങ്ങള്‍ക്ക് മുമ്പ് രാഷ്ട്രശില്‍പികള്‍ രൂപം കൊടുത്ത ഭരണഘടനയ്ക്ക് എന്തോ കാര്യമായ കുഴപ്പുണ്ടെന്നു ധ്വനിപ്പിച്ച് നാനാത്വത്തില്‍ ഏകത്വമെന്ന സുന്ദരമായ ആശയം ഉള്‍ക്കൊള്ളുന്ന ഭരണഘടനയെ തിരുത്തിയെഴുതി ഏകശിലാത്മക സംസ്‌കാരത്തെ ഭരണഘടനയില്‍ തന്നെ തിരുകിക്കയറ്റാനുള്ള പ്രവര്‍ത്തനങ്ങളുടെ പ്രഖ്യാപനമാണോ അതെന്ന് സൂക്ഷ്മമായി പരിശോധിക്കപ്പെടേണ്ടതുണ്ട്.

'ഏകം,' 'ഏകത' തുടങ്ങിയ പദങ്ങളിലൂടെയും പദ്ധതികളിലൂടെയും രാജ്യത്തെ വൈവിധ്യം നിറഞ്ഞ മുഴുവന്‍ ആശയങ്ങളും സംസ്‌കാരങ്ങളും ഇല്ലാതാകുന്നതിലൂടെ യഥാര്‍ഥത്തില്‍ ഇല്ലാതാവുക ലോകത്തിന് ഇക്കാലമത്രയും മാതൃകയായ ബഹുസ്വരതയുടെ സങ്കേതമാണ്. രാഷ്ട്രത്തിനു വേണ്ടി മനസ്സുകളെയാണ് ഏകീകരിക്കേണ്ടത്. അവരുടെ വിശ്വാസത്തെയോ സംസ്‌കാരത്തെയോ ഭാഷയെയോ ഭക്ഷണ-വസ്ത്ര രീതികളെയോ ചികിത്സാ സമ്പ്രദായങ്ങളെയോ അല്ല. ഒടുവില്‍ രാജ്യത്തെ ജനങ്ങള്‍ക്ക് ഇനി വയറിളക്കാനും ഒരേ മരുന്ന് മാത്രമെ ഉപയോഗിക്കാന്‍ സാധിക്കൂ എന്ന 'ദ ഹിന്ദു' ദിനപത്രത്തിന്റെ സാമൂഹികകാര്യ പത്രാധിപര്‍ ജി. സമ്പത്തിന്റെ വ്യംഗ്യാത്മകമായ ചോദ്യം ചിന്തിപ്പിക്കുന്നതാണ്. ഒടുവില്‍ 'ഒരു രാജ്യം; ഒരു വിരേചനൗഷധം' എന്ന അവസ്ഥയിലേക്ക് നമ്മുടെ രാജ്യം 'പുരോഗമിക്കു'മോ?

നാനാത്വത്തിന് വേണ്ടി ജീവിതം സമര്‍പ്പിച്ച മഹാത്മജിയുടെ നെഞ്ചകത്തേക്കായിരുന്നു 72 വര്‍ഷം മുമ്പ് ഏകതാവാദികള്‍ വെടിയുതിര്‍ത്തതെങ്കില്‍ ഇപ്പോള്‍ മഹാത്മജി വിഭാവനം ചെയ്ത ഭരണഘടനയുടെയും അദ്ദേഹം വളര്‍ത്തി വലുതാക്കിയ ജനതയുടെയും നെഞ്ചകം പിളര്‍ത്താനാനാണ് ബഹുസ്വരതയെ തകര്‍ക്കുന്ന ഏകതാ വാദങ്ങളുടെ വെടികള്‍ തുളഞ്ഞുപോകുന്നത്.