വാളയാര്‍ മോഡല്‍ പീഡനങ്ങള്‍: കാരണങ്ങള്‍ കാണാതെ പോകുന്നുവോ?

റസ്റ്റം ഉസ്മാന്‍

2019 നവംബര്‍ 16 1441 റബിഉല്‍ അവ്വല്‍ 19
വാളയാറില്‍ പറക്കമുറ്റാത്ത രണ്ട് പെണ്‍കുരുന്നുകളുടെ മാനവും ഉയിരും പിച്ചിച്ചീന്തിയ നരാധമന്മാര്‍ക്കെതിരെയുള്ള നിയമനടപടികളിലെ അപര്യാപ്തതയെ കുറിച്ചുള്ള ചര്‍ച്ചകള്‍ മീഡിയകളില്‍ സജീവമാണ്. എന്നാല്‍ പെണ്ണുടലിനെ കാമപൂര്‍ത്തീകരണത്തിനുള്ള ഉപാധിയായി മാത്രം കാണുന്ന മനോരോഗത്തെ സൃഷ്ടിച്ച പോണോഗ്രഫിയെന്ന മഹാമാരിയെ കുറിച്ച് ഇവര്‍ മൗനത്തിലാണ് താനും. ലൈംഗികാതിക്രമ ചിന്തകളുടെ നാരായവേര് ചികയുമ്പോള്‍ പ്രതിക്കൂട്ടിലേക്ക് വഴികാണിക്കേണ്ടി വരുന്നത് ആര്‍ക്കൊക്കെ?

വാളയാറിലെ ആ രണ്ടു പെണ്‍കുട്ടികള്‍ക്ക് നിഷേധിക്കപ്പെട്ട നീതിയെ കേവലം പൊലീസ് അന്വേഷണത്തിലെ വീഴ്ചയിലും നീതിന്യായ വ്യവസ്ഥയുടെ അപചയത്തിലും മാത്രമൊതുക്കുന്നതാണ് നമ്മുടെ മാധ്യമ സാംസ്‌കാരിക സാമൂഹിക രാഷ്ട്രീയ ചര്‍ച്ചകള്‍. പിറന്നുവീഴുന്ന കുഞ്ഞില്‍ പോലും കാമം തിരയുന്ന ഒരു മനോനിലയെ പരിശോധിക്കാനോ അതു പടര്‍ത്തുന്ന അപകടകാരിയെ തിരിച്ചറിയാനോ ഇവര്‍ ശ്രമിക്കുന്നുണ്ടോ?

കൗമാരക്കാര്‍ മുതല്‍ വയോവൃദ്ധര്‍ അടക്കമുള്ള പുരുഷലോകം സഹജീവിയും സഹവര്‍ത്തിയുമായി കാണേണ്ട സ്ത്രീയെ കേവലം ലൈംഗികോപകരണമായി കണ്ട് 'മൂല്യവര്‍ധനം' നടത്തുന്നു. പുരുഷ തലച്ചോറില്‍ രതിജന്യമായ ഉത്തേജനം സാധാരണ നിലയില്‍ ഉണര്‍ത്താത്ത കുട്ടികളെപോലും കേവലം കാമപൂര്‍ത്തീകരണ ഉല്‍പന്നമായി കാണുന്നുവെങ്കില്‍ അതിനു പിന്നിലെ മനോവ്യതിയാനം പരിശോധിക്കപ്പെടേണ്ടതു തന്നെയാണ്.

ഈ മനോവ്യതിയാനത്തിന്റെ കാരണങ്ങള്‍ എണ്ണുമ്പോള്‍ പോണോഗ്രഫി ആദ്യ സ്ഥാനങ്ങളില്‍ ഒന്ന് അപഹരിച്ചിരിക്കുന്നതായി കാണാം. പോണോഗ്രഫി ഇന്ത്യയില്‍ നിരോധിക്കണമെന്നാവശ്യപ്പെട്ട് കമലേഷ് വസ്വാണി നല്‍കിയിരുന്ന പൊതുതാല്‍പര്യ ഹര്‍ജി ഈ വിഷയത്തെ മുഖ്യധാരാ മാധ്യമങ്ങളിലെ ചര്‍ച്ചയ്ക്ക് കാരണമാക്കി. രണ്ട് സംഭവങ്ങള്‍ പോണോഗ്രഫി ലൈംഗികതയെ വികലമാക്കുന്നുവെന്നുള്ള നിഗമത്തിന്റെ പ്രാധാന്യം വര്‍ധിപ്പിച്ചിരിക്കുന്നു. ഡല്‍ഹിയില്‍ അഞ്ചുവയസ്സുകാരിയെ പീഡനത്തിനിരയാക്കിയ രണ്ട് യുവാക്കളും പോണോഗ്രഫി ആസ്വദിച്ചതിനുശേഷമാണ് ഈ ക്രൂരകൃത്യം നിര്‍വഹിച്ചത്. 2012ല്‍ ഇന്റര്‍നെറ്റ് സെര്‍ച്ച് എഞ്ചിനായ ഗൂഗ്‌ളില്‍ പോണ്‍ എന്ന വാക്ക് ലോകത്തിലേറ്റവുമധികം സെര്‍ച്ച് ചെയ്ത സ്ഥലം ഡല്‍ഹിയാണ്. 2012ല്‍ ആ ഡല്‍ഹിയില്‍ 706 ബലാത്സംഗങ്ങള്‍ നടന്നു എന്നാണ് നാഷണല്‍ ക്രൈം റിക്കാര്‍ഡ്സ് ബ്യൂറോയുടെ കണക്കുകള്‍ ചൂണ്ടിക്കാട്ടുന്നത്. ഇത് 2002ല്‍ റിപ്പോര്‍ട്ട് ചെയ്ത ബലാത്സംഗങ്ങളുടെ ഇരട്ടിയിലധികമാണ്. പത്തുവര്‍ഷംകൊണ്ട് ഇരട്ടിയിലധികം 'പ്രബുദ്ധമായി' സമൂഹം! 2019ലെ ഗൂഗ്ള്‍ ട്രെന്‍ഡില്‍ പോപ്പുലറായി നില്‍ക്കുന്നതാണ് കുട്ടികളുടെ പോര്‍ണോഗ്രഫിയുമായി ബന്ധപ്പെട്ട വാക്കുകള്‍.

പോണോഗ്രഫി നിര്‍വചിക്കപ്പെട്ടിരിക്കുന്നത് ലൈംഗിക ചോദന ഉത്തേജിപ്പിക്കുന്ന മാധ്യമം എന്നാണ്. ഇതില്‍ അശ്ലീല സാഹിത്യം മുതല്‍ ചിത്രങ്ങളും വീഡിയോയും ലൈവ് ഷോയും ഉള്‍പ്പെടുന്നു. കേരളത്തില്‍ 'ചന്ദ്രോത്സവം' അടക്കമുള്ള മണിപ്രവാള കൃതികളിലെ അച്ചിമാരുടെ വൈശിക തന്ത്രങ്ങള്‍ 'ആഭിജാതമായ' പോണോഗ്രഫി എന്ന് വിശേഷിപ്പിക്കപ്പെടാവുന്ന സാഹിത്യരൂപങ്ങളായിരുന്നു. എന്നാല്‍ ഈ ലേഖനത്തില്‍ പോണോഗ്രഫി എന്ന് അഭിസംബോധന ചെയ്തിരിക്കുന്നത് അടിസ്ഥാനപരമായി പോണോഗ്രഫിക് ചിത്രങ്ങളെയും വീഡിയോകളെയുമാണ്. പോണോഗ്രഫിയുടെ വിശാലമായ മാര്‍ക്കറ്റില്‍ ലൈംഗികതയെ ഡിമാന്റുള്ള കച്ചവടച്ചരക്കാക്കുന്ന സമകാലിക ലോകത്ത് അതുമായി ബന്ധപ്പെട്ട ശാസ്ത്ര ഗവേഷണങ്ങള്‍ ചര്‍ച്ച ചെയ്യപ്പെടേണ്ടതുണ്ട്. കാതറിന്‍ ഇറ്റ്സിന്‍ എഡിറ്ററായുള്ള 'പോണോഗ്രഫി: വുമണ്‍ വയലന്‍സ് ആന്റ് സിവില്‍ ലിബര്‍ട്ടീസ്'(1) എന്ന പുസ്തകത്തില്‍ ഈസീഡല്‍ന്റെയും(2) വീവറിന്റെയും(3) റസ്സലിന്റെയും(4) ഗവേഷണ പ്രബന്ധങ്ങള്‍ ചര്‍ച്ചചെയ്യപ്പെടുന്നുണ്ട്. ഇവര്‍ റിവ്യൂ ചെയ്ത 300ല്‍ പരം ഗവേഷണങ്ങളില്‍ ഭൂരിഭാഗവും പോണോഗ്രഫിയുടെ അപകടം അംഗീകരിക്കുന്നവയാണ്. പോണോഗ്രഫി എല്ലായ്പോഴും അപകടവുമായി ബന്ധിതമാണെന്ന് കാതറിന്‍ ഇറ്റ്സിന്‍ അവരുടെ പ്രബന്ധത്തിലൂടെ സമര്‍ഥിക്കുന്നു.(5) പോണോഗ്രഫി കുറ്റവാളികളിലും അല്ലാത്തവരിലും അവരുടെ സാമൂഹ്യവിരുദ്ധ നിലപാട്, ലൈംഗിക ഉത്തേജനം, ഹിംസാത്മക ലൈംഗികത എന്നിവയെ എത്ര തോതില്‍ സ്വാധീനിക്കുന്നു എന്ന് ഡ്രൂ. എ കിംഗ്സ്റ്റണും സഹപ്രവര്‍ത്തകരും തങ്ങളുടെ പ്രബന്ധത്തില്‍ രേഖപ്പെടുത്തുന്നു. വ്യത്യസ്ത സാഹചര്യത്തിലും പരീക്ഷണാടിസ്ഥാനത്തിലും അല്ലാതെയും (എക്സ്പിരിമെന്റല്‍ ആന്റ് നോണ്‍ എക്സ്പെരിമെന്റല്‍) വ്യത്യസ്ത സമൂഹങ്ങളിലും നടത്തിയ പഠനഫലം സ്ഥായിയായിരുന്നുവെന്നും പുരുഷന്മാരില്‍ ലൈംഗിക അതിക്രമങ്ങള്‍ പുറത്തുവരാനുള്ള അപകട ഘടകമാണ് പോണോഗ്രഫി എന്നും ഈ പ്രബന്ധം ഉപസംഹരിക്കുന്നു.(6)

അക്കാദമിക ജേര്‍ണലുകളില്‍ പ്രസിദ്ധപ്പെടുത്തിയ 46 പഠനങ്ങളിലൂടെ 12,323 ആളുകളെ പഠിച്ചതിന്റെ ആകെത്തുക ക്രോഡീകരിച്ച ഒഡോണ്‍ പൗലോസ് ഇ. യുടെയും സഹപ്രവര്‍ത്തകരുടെയും പ്രബന്ധം പോണോഗ്രഫി ഒരു വ്യക്തിയില്‍ ചെലുത്തുന്ന സ്വാധീനം എണ്ണമിട്ട് നിരത്തുന്നു.(7) (എ) ലൈംഗിക വ്യതിചലനം (സെക്ഷ്വല്‍ ഡെവിയന്‍സി) ഉദാ: അതിമാത്രമായ/ കേവലം ചടങ്ങായ സ്വയംഭോഗം. (എക്സസീവ് ഓര്‍ റിട്ട്വലിസ്റ്റിക് മാസറ്റര്‍ബേഷന്‍) (ബി) ലൈംഗിക അപരാധം. (സെക്ഷ്വല്‍ പെര്‍പെട്രേഷന്‍) ഉദാ: ബലാത്സംഗം (സി) ഗാഢമായ ബന്ധങ്ങളുമായി ബന്ധപ്പെട്ട നിലപാട്/മനോഭാവം. ഉദാ: വ്യക്തികളെ ലൈംഗികോപകരണമായി കാണുന്നു. (ഡി) ബലാത്സംഗ മിഥ്യയുമായി ബന്ധപ്പെട്ട നിലപാട് (റേപ്പ് മിത്ത്). ഉദാ: ബലാത്സംഗത്തിനു കാരണം സ്ത്രീയാണ് എന്ന നിലപാട്, ബലാത്സംഗം ചെയ്യുന്ന വ്യക്തി ദയാര്‍ദ്രമായ ശിക്ഷ മാത്രമെ അര്‍ഹിക്കുന്നുള്ളൂ.

പോണോഗ്രഫി ആസ്വദിക്കുന്നവരില്‍ മേല്‍പ്പറഞ്ഞ ഓരോന്നിലേക്കുമുള്ള സാധ്യത (ശതമാനക്കണക്കില്‍):(8) (എ) ലൈംഗിക വ്യതിചലനം 31% (ബി) ലൈംഗിക അപരാധം 22% (സി) ഗാഢമായ ബന്ധങ്ങളുമായി ബന്ധപ്പെട്ട നിലപാടുകള്‍/ മനോഭാവം 20% (ഡി) ബലാത്സംഗ മിഥ്യയുമായി ബന്ധപ്പെട്ട നിലപാട് 31%.

പോണോഗ്രഫിയും ലൈംഗികാക്രമണവുമായുള്ള ബന്ധം അവലോകനം ചെയ്ത മലാമത്തിന്റെയും സഹപ്രവര്‍ത്തകരുടെയും കണ്ടെത്തല്‍ പോണോഗ്രഫി ഉപയോഗവും ലൈംഗികാക്രമണവുമായി വിശ്വസനീയ കൂട്ടുകെട്ടുണ്ട് എന്നാണ്. പ്രധാനമായും ഈ കൂട്ടുകെട്ട് അതിശക്തമാകുന്നത് ഹിംസാത്മക പോണോഗ്രഫി ഉപയോഗിക്കുന്നവരിലാണ്. ഈ പഠനം ശരിവെക്കുന്നതാണ് 14നും 19നും ഇടയില്‍ പ്രായമുള്ള 804 ഇറ്റാലിയന്‍ ഹൈസ്‌കൂള്‍ വിദ്യാര്‍ഥി വിദ്യാര്‍ഥിനികളില്‍ നടത്തിയ ഗവേഷണം പോണോഗ്രഫി ആസ്വദിക്കുന്ന സ്ത്രീകള്‍ ലൈംഗികാക്രമണത്തിന് വിധേയരാകാനുള്ള സാധ്യത വളരെയേറെയാണ് എന്നായിരുന്നു. പുരുഷന്മാരിലാകട്ടെ, തന്റെ സുഹൃത്തിനെ ബലാത്സംഗം ചെയ്യുവാനോ നിര്‍ബന്ധിത ലൈംഗിക ബന്ധത്തില്‍ ഏര്‍പ്പെടുവാനോ ഉള്ള പ്രവണത അധികമാണ്.(10)

ലൈംഗിക കുറ്റകൃത്യങ്ങളില്‍ കുട്ടികള്‍ പ്രതിചേര്‍ക്കപ്പെടുന്ന സമകാലിക സാഹചര്യത്തില്‍ ബര്‍ട്ടം ഡി എല്‍ന്റെയും സഹപ്രവര്‍ത്തകരുടെയും പഠനം വളരെ പ്രാധാന്യമര്‍ഹിക്കുന്നു. പഠന വിധേയരാക്കിയത് നിയമവുമായി സംഘര്‍ഷത്തിലുള്ള 312 കുട്ടികളെയാണ്. (ജെ.സി.എല്‍: ജുവനൈറ്റ് ഇന്‍ കോണ്‍ഫ്ലിക്റ്റ് വിത്ത് ലോ). 10 വയസ്സിനുള്ളില്‍ത്തന്നെ പോണോഗ്രഫി ആസ്വദിക്കാന്‍ അവസരം ലഭിച്ചവരായിരുന്നു ഇവരില്‍ 50 ശതമാനത്തിനു മുകളില്‍. ഏകദേശം മുഴുവന്‍ കുട്ടികളും 10 വയസ്സിനുശേഷം പോണോഗ്രഫിയില്‍ അഭിരമിച്ചവരുമായിരുന്നു. പോണോഗ്രഫി ആസ്വദിക്കുന്ന കുട്ടികളില്‍ സാഡിസവും മസോക്കിസവും പീഡാനുഭവാഹ്ലാദവും ഇണയുടെ മേല്‍ക്കോയ്മയിലും ക്രൂരതയിലും ആനന്ദിക്കുന്ന രതിവൈകൃതവും വളരെയധികം കണ്ടുവരുന്നു. ക്രൂരതയും ആത്മനികൃഷ്ടീകരണവും ചേര്‍ന്ന മാനസികാവസ്ഥയാണ് ഇതിനു പിന്നില്‍. 10 വയസ്സില്‍ താഴെയുള്ള കുട്ടികളിലെ പോണോഗ്രഫി ഉപയോഗം കൊലപാതകം, മോഷണം, മയക്കുമരുന്നു കച്ചവടം, മദ്യത്തിന്റെയും മയക്കു മരുന്നിന്റെയും ഉപയോഗം, പൊതുമുതല്‍ നശീകരണം എന്നിവക്ക് കാരണമാകുന്നുണ്ടെന്നും കണ്ടെത്തി.(11) ഇതുമായി കൂട്ടിവായിക്കപ്പെടേണ്ടതാണ് ഡല്‍ഹിയില്‍ ഓടുന്ന ബസ്സില്‍ നടന്ന കൂട്ട ബലാത്സംഗം. ഇരയായ പെണ്‍കുട്ടിയോട് അതിക്രൂരമായി പെരുമാറിയവരിലെ ആറാം പ്രതി പ്രായപൂര്‍ത്തിയാവാത്ത പയ്യനായിരുന്നു. അവന്‍ പോണോഗ്രഫിക്കും മദ്യത്തിനും അടിമയായിരുന്നെന്നാണ് റിപ്പോര്‍ട്ടുകള്‍ വ്യക്തമാക്കുന്നത്. സ്ത്രീ അര്‍ഹിക്കുന്നതും അവരുടെ ആന്തരാഭിനിവേശങ്ങളിലൊന്നുമാണ് ബലാത്സംഗം എന്ന ചിന്തയെയാണ് ബലാത്സംഗ മിഥ്യ (റേപ്പ് മിത്ത്) എന്ന് പറയുന്നത്. ഹിംസാത്മകമായ പോണോഗ്രഫികള്‍ ഈ ചിന്ത പ്രചരിപ്പിക്കുകയും പ്രോത്സാഹിപ്പിക്കുകയും ചെയ്യുന്നു.(12) ലൈംഗിക കുറ്റവാളികളില്‍ പോണോഗ്രഫി ചെലുത്തുന്ന സ്വാധീനം കുറ്റവാളികളല്ലാത്ത സമൂഹത്തെക്കാള്‍ വളരെയധികമാണ്. ലൈംഗിക കുറ്റവാളികളില്‍ പോണോഗ്രഫി ആസ്വദിച്ചതിനുശേഷം ലൈംഗിക പ്രവര്‍ത്തനത്തില്‍ ഏര്‍പ്പെടാനുള്ള ത്വര മറ്റുള്ളവരെ അപേക്ഷിച്ച് വളരെ കൂടുതലാണ്.(13)

ജീവശാസ്ത്രപരമായി പോണോഗ്രഫി എങ്ങനെ മനുഷ്യനെ സ്വാധീനിക്കുന്നു എന്ന് കണ്ടെത്താന്‍ പൂര്‍ണാര്‍ഥത്തില്‍ ശാസ്ത്രലോകത്തിന് കഴിഞ്ഞിട്ടില്ല. എന്നാല്‍ അതിലേക്ക് വെളിച്ചം വീശുന്ന കണ്ടെത്തലുകള്‍ ധാരാളം. ലൈംഗിക വളര്‍ച്ചയിലും ലൈംഗികത രൂപപ്പെടുന്നതിലും പ്രധാന പങ്കു വഹിക്കുന്നത് സ്റ്റീറോയ്ഡ് ഹോര്‍മോണ്‍ വിഭാഗത്തില്‍പെട്ട ആണ്‍ട്രോജനുകളാണ്. ഇവയില്‍ സുപ്രധാന പങ്കു വഹിക്കുന്നത് ടെസ്റ്റോസ്റ്റീറോണും ആക്റ്റീവ് മെറ്റബോളിക് ഡീഹൈഡ്രോ ടെസ്റ്റിസോണുമാണ്. ടെസ്റ്റോസ്റ്റീറോണിന്റെ ഉത്പാദനം ആരംഭിക്കുന്നത് ഹൈപ്പോതലാമസ് എന്ന തലച്ചോറിന്റെ ഭാഗം ഗൊണാഡോട്രോപ്പിന്‍ റിലീസിങ് ഹോര്‍മോണ്‍ പുറത്തുവിടുമ്പോഴാണ്.(14) ജി.എന്‍.ആര്‍.എച്ച് ല്യൂട്ടിനൈസിംഗ് ഹോര്‍മോണിനെയും ഫോളിക്കിള്‍ സ്റ്റിമുലേഷന്‍ ഹോര്‍മോണിനെയും പുറത്തുവിടുവാന്‍ അന്റീരിയര്‍ പിറ്റിയൂറ്ററി ഗ്ലാന്റിനെ പ്രേരിപ്പിക്കും. വൃഷണത്തിലെ ലെയ്ഡിഗ് അഥവാ ഇന്റസ്റ്റീഷ്യല്‍ സെല്‍സിലെ എല്‍.എച്ച് റിസപ്ട്ടേഴ്സ് എല്‍.എച്ചിനെ ആഗീകരിക്കുകയും തുടര്‍ന്ന് നടക്കുന്ന സങ്കീര്‍ണ രാസ പ്രക്രിയയിലൂടെ പ്രിഗ്‌നെനോലോണ്‍ മാറി ടെസ്റ്റോസ്റ്റീറോണ്‍ ആകുകയും ചെയ്യുന്നു.(15) ഗര്‍ഭാശയത്തില്‍ തുടങ്ങി കുട്ടിക്കാലത്തിലൂടെ, കൗമാരത്തിലൂടെ, പ്രായപൂര്‍ത്തിയും കടന്ന്(16) മനുഷ്യവളര്‍ച്ചയിലുടനീളം ടെസ്റ്റോസ്റ്റീറോണ്‍ വ്യത്യസ്ത രീതികളില്‍ സ്വാധീനം ചെലുത്തുന്നു. സ്വഭാവവും സീറം ടെസ്റ്റോസ്റ്റീറോണും തമ്മില്‍ അതിശക്തമായ ബന്ധമുണ്ടെന്ന് പ്യഗെറ്റിന്റെയും സഹപ്രവര്‍ത്തകരുടെയും പഠനങ്ങള്‍ തെളിയിക്കുന്നു.(17)

പുരുഷനില്‍ ലൈംഗിക അക്രമണ പ്രവണതയും ടെസ്റ്റോസ്റ്റീറോണ്‍ സ്വാധീനിക്കുന്നു. ശിക്ഷിക്കപ്പെട്ട പ്രായപൂര്‍ത്തിയായ 501 പുരുഷ ലൈംഗിക കുറ്റവാളികളില്‍ ലിയ എച്ച് സ്റ്റഡറിന്റെയും സഹപ്രവര്‍ത്തകരുടെയും നടത്തിയ പഠനത്തില്‍ ഏറ്റവും നിന്ദ്യമായ ലൈംഗിക കുറ്റകൃത്യം ചെയ്യുവാന്‍ പുരുഷന്മാരിലെ ഉയര്‍ന്ന ടെസ്റ്റോസ്റ്റീറോണ്‍ അളവ് പ്രേരണയാകും എന്ന് കണ്ടെത്തുകയുണ്ടായി.(18) ക്രിസ് എല്‍.ഇയുടെയും എറന്‍ക്രാന്‍സ് ജെയുടെയും സ്വതന്ത്ര പഠനങ്ങള്‍ തെളിയിക്കുന്നത് അക്രമ സ്വഭാവചരിത്രവും ഉയര്‍ന്ന ടെസ്റ്റോസ്റ്റീറോണുമായി അന്യോന്യം ബന്ധിതമാണ് എന്നാണ്.(19)(20)

അതുപോലെ തന്നെ വസ്തുതകളാല്‍ തെളിയിക്കപ്പെട്ട ബന്ധമാണ് ടെസ്റ്റോസ്റ്റീറോണ്‍ അളവും പുരുഷ ലൈംഗിക രൂപീകരണവും. 52 ബലാത്സംഗകരിലെയും 12 കുട്ടികളെ ലൈംഗിക പീഡനം നടത്തിയവരിലെയും ടെസ്റ്റോസ്റ്റീറോണ്‍ അളവ് റിച്ചാര്‍ഡ് ടി റാദാ യും സഹപ്രവര്‍ത്തകരും നിരീക്ഷിക്കുകയുണ്ടായി. ഇവരുടെ കുറ്റകൃത്യങ്ങളുടെ ക്രൂരതകള്‍ക്കനുസൃതമായി നാലു സംഘങ്ങളാക്കി ഇവരെ തരം തിരിച്ചു. അതിക്രൂര സംഘത്തിന്റെ ശരാശരി പ്ലാസ്മ ടെസ്റ്റോസ്റ്റീറോണ്‍ അളവ് 852.8 എന്‍.ജി/100എം.എല്‍ ആണെങ്കില്‍ ഇതര മൂന്നു സംഘങ്ങളുടെ ശരാശരി പ്ലാസ്മ ടെസ്റ്റോസ്റ്റീറോണ്‍ അളവ് 938.7, 600.8, 543.9 എന്‍.ജി/100എം.എല്‍ എന്നീ തോതുകളിലാണ്. എന്നാല്‍ ഇവരുടെ പ്രായത്തിനോ വര്‍ഗത്തിനോ പ്ലാസ്മ ടെസ്റ്റോസ്റ്റീറോണിന്റെ അളവുമായി ബന്ധമില്ല എന്ന് പഠനം അടിവരയിടുന്നു. പഠനഫലം ഇങ്ങനെ സംഗ്രഹിക്കാം:

ഇരകളെ അതിക്രൂരമായി ലൈംഗികമായി പീഡിപ്പിക്കുന്ന കുറ്റവാളികളില്‍ പ്ലാസ്മാ ടെസ്റ്റോസ്റ്റീറോണിന്റെ അളവ് വളരെ കൂടുതലാണ്.(21) ഉയര്‍ന്ന ടെസ്റ്റോസ്റ്റീറോണ്‍ അളവ് പുരുഷന്മാരില്‍ അക്രമവാസന, ലൈംഗിക വ്യതിയാനങ്ങള്‍, കുറ്റവാസന തുടങ്ങിയവ ജനിപ്പിക്കാനുള്ള സാധ്യത പഠനങ്ങള്‍ മുന്നോട്ടുവെക്കുന്നു. എന്നാല്‍ അതിന്റെതായ നിലയില്‍ ടെസ്റ്റോസ്റ്റീറോണ്‍ മെക്കാനിസം മനുഷ്യരില്‍ സ്വഭാവ ഗുണങ്ങള്‍ സൃഷ്ടിക്കുന്നില്ല. ഉയര്‍ന്ന ടെസ്റ്റോസ്റ്റീറോണ്‍ അളവ് ചില അനുകൂല സാഹചര്യങ്ങളില്‍ ചില സ്വഭാവങ്ങള്‍ പ്രകടമാക്കിയേക്കും. ടെസ്റ്റോസ്റ്റീറോണ്‍ ഉയരുവാനും താഴാനുമുള്ള അനേകം കാരണങ്ങള്‍ ശാസ്ത്ര പഠനം മുന്നോട്ടുവെക്കുന്നു. ഇവയില്‍ രണ്ടു പഠനങ്ങള്‍ പോണോഗ്രഫിയുമായി ബന്ധപ്പെട്ടതാണ്. വ്യത്യസ്ത തരം സിനിമകള്‍ കാണുന്ന 20 യുവാക്കളില്‍ സിനിമ കാണുന്നതിനുമുമ്പും സിനിമ കണ്ടുകൊണ്ടിരിക്കുമ്പോഴും കണ്ടതിനുശേഷവുമുള്ള ഉമിനീരിലെ ടെസ്റ്റോസ്റ്റീറോണിന്റെ അളവ് ഹെല്‍ഹാമ്മറും സഹപ്രവര്‍ത്തകരും പരിശോധിക്കുകയുണ്ടായി. രതിജന്യമായതും ലൈംഗികാതിപ്രസരമുള്ളതുമായ സിനിമ കണ്ടവരില്‍ ടെസ്റ്റോസ്റ്റീറോണിന്റെ അളവ് വളരെ കൂടുതലായിരുന്നു. (എഫക്റ്റീവ് സൈസ് റ=1.0.7, റ=0.72). എന്നാല്‍ രതിജന്യമോ ലൈംഗികാതിപ്രസരമുള്ളതോ അല്ലാത്ത സിനിമകള്‍ ടെസ്റ്റോസ്റ്റീറോണിന്റെ അളവ് പറയത്തക്കവിധം ഉയര്‍ത്തിയില്ല.(22) സ്റ്റോളേര്‍ തന്റെ സഹപ്രവര്‍ത്തകര്‍ക്കൊപ്പം പൊസിഷന്‍ എമിഷന്‍ ടോമോഗ്രഫി സ്‌കാന്‍ ഉപയോഗിച്ച് രതിജന്യമായ സിനിമ കണ്ടുകൊണ്ടിരിക്കുന്ന 8 പുരുഷന്മാരുടെ തലച്ചോറ് അന്വേഷണവിധേയമാക്കി. ഇവരുടെ ടെസ്റ്റോസ്റ്റീറോണിന്റെ അളവ് പരിശോധിച്ചതില്‍ 8 പുരുഷന്മാരിലും ചിത്രം കണ്ടുകഴിഞ്ഞപ്പോള്‍ ടെസ്റ്റോസ്റ്റീറോണിന്റെ അളവ് വളരെ ഉയര്‍ന്നതായി കണ്ടെത്തി.(23) ഈ ജീവശാസ്ത്ര പഠനങ്ങള്‍ നല്‍കുന്ന സന്ദേശം വളരെ വ്യക്തമാണ്. പോണോഗ്രഫി പുരുഷന്മാരുടെ ശരീരത്തില്‍ ടെസ്റ്റോസ്റ്റീറോണ്‍ ഉയര്‍ത്താന്‍ കാരണമാകുമെന്നും ഉയര്‍ന്ന ടെസ്റ്റോസ്റ്റീറോണ്‍ അളവ് അക്രമത്തിലേക്കും ലൈംഗികാക്രമണത്തിലേക്കും ഹിംസാത്മക ലൈംഗികതയിലേക്കും നയിച്ചേക്കാമെന്നുമാണത്.

വിവര സാങ്കേതികവിദ്യാവിപ്ലവവും കമ്പ്യൂട്ടറിന്റെയും സ്മാര്‍ട്ട് ഫോണിന്റെയും വന്‍തോതിലുള്ള ആഗമനവും പോണോഗ്രഫി സര്‍വവ്യാപകമാക്കുവാന്‍ ഉതകി. ഗൂഗ്ള്‍ സെര്‍ച്ച് ബാറില്‍ 'പോണ്‍' എന്ന് ടൈപ്പ് ചെയ്ത് നിശ്വസിക്കുന്നതിനുമുമ്പ് വന്യമായ ലൈംഗിക കേളികള്‍ മുന്നില്‍ പ്രത്യക്ഷപ്പെടുന്നു. മൊബൈല്‍ ഫോണില്‍ അതിവേഗ ഇന്റര്‍നെറ്റ് ലഭ്യമാക്കാന്‍ കമ്പനികള്‍ മത്സരിക്കുകയാണ്. പോണ്‍ വീഡിയോകള്‍ മൊബൈലില്‍ ലോഡ് ചെയ്തുതരുന്ന കടകള്‍ ചെറു ഗ്രാമങ്ങളില്‍ പോലുമുണ്ട്. രതിവൈകൃതങ്ങള്‍ പ്രായോഗികമാക്കുവാനുള്ള മനസ്സ് ഇവ പ്രദാനം ചെയ്യുന്നുവെന്നതിന്റെ ഉദാഹരണമാണ് കാമാത്തിപുരത്ത് ഇന്നലെകളില്‍ സമീപിച്ചിരുന്ന സമൂഹം 'വ്യഭിചരിക്കുവാന്‍ എത്ര?' എന്നു ചോദിച്ചിരുന്നിടത്ത് ഇന്ന് മൊബൈല്‍ ഫോണുമായി സമീപിച്ച് 'ഈ ക്ലിപ്പില്‍ കാണുന്നപോലെ വ്യഭിചരിക്കുവാന്‍ എത്ര?' എന്നു ചോദിക്കുന്നത്.(24)

വിവാഹം കഴിക്കാനും ജോലി ചെയ്യാനും, എന്തിന് സ്വന്തമായി പാസ്പോര്‍ട്ടിന് അപേക്ഷിക്കുവാന്‍പോലും നമ്മുടെ നാട്ടില്‍ പ്രായത്തിന്റെ മതില്‍ ചാടിക്കടക്കണം. എന്നാല്‍ തുറന്ന ലൈംഗിക വൈകൃതങ്ങള്‍ ആസ്വദിക്കാന്‍ ഒരു ചാട്ടവും വേണ്ട! കേവലം '18 വയസ്സായോ?' എന്ന ചോദ്യം. 'അതെ' എന്ന് മൗസ് ക്ലിക്ക് ചെയ്യലല്ലാതെ ശക്തമായ എന്ത് പരിഹാരമാണ് ഇതിനുള്ളത് എന്ന് സുപ്രീം കോടതി ആരാഞ്ഞിരിക്കുന്ന സാഹചര്യത്തില്‍ പോണോഗ്രഫി നിരോധിക്കുകയോ ഇന്നു ലഭിക്കുന്ന സുഖ സുലഭമായ രീതി തടയുകയോ ചെയ്യുക എന്നത് സാങ്കേതികമായി ബുദ്ധിമുട്ടില്ലാത്തതാണ്. ഇതിനെ എതിര്‍ക്കുന്ന ഉദാരചിത്തന്മാര്‍ പോണോഗ്രഫി വില്‍പനക്കാരനായ ഒരുവന്റെ വാക്കുകള്‍ കേള്‍ക്കുക: ''രതി ഇന്ന് സദാ മനസ്സുകളില്‍ മദിച്ചുനില്‍ക്കുന്നു. നിങ്ങളുടെ ഓട്ടോറിക്ഷക്കാരന്‍ നിങ്ങളെ കയറ്റുന്നതിനുമുമ്പും ടാക്സി ഡ്രൈവര്‍ ഇടവേളകളിലും പച്ചക്കറിക്കടക്കാരന്‍ രണ്ട് ഉപഭോക്താവിന്റെ ഇടയിലും പോണ്‍ ആസ്വദിച്ചുകൊണ്ടിരുന്നിരിക്കാം.''(25)

അതെ, രതിവൈകൃതങ്ങള്‍ പ്രായോഗികമാക്കാനുള്ള മനസ്സും ഉയര്‍ന്ന ടെസ്റ്റോസ്റ്റീറോണും അക്രമണചിന്തകളും ലൈംഗികത്വരയും ഇരയെ ഒറ്റപ്പെട്ടു കിട്ടുന്ന സാഹചര്യവും.

 

Ref:

1. C. Itzin (Ed.), Pornography: Women, violence and civil liberties. pp. 248–284. New York: Oxford University Press. In United States. Senate. Committee on Judiciary. Subcommittee on The Constitution, Civil Rights And Property Rights. Hearing On Pornography’s Impact On Marriage & The Family Washington, D.C. August 2005.Print

2. Einsiedel, E. (1992). The experimental research evidence: Effects of pornography on the “average individual.” In C. Itzin (Ed.), Pornography: Women, violence and civil liberties. pp. 248–284. New York: Oxford University Press.

3. Weaver, J. (1992). The social science and psychological research evidence: Perceptual and behavioural consequences of exposure to pornography. In C. Itzin (Ed.), Pornography: Women, violence and civil liberties. (pp.284–310). New York: Oxford University Press.

4. Russell, D. E. H. (1995). Against pornography: The evidence of harm. Berkeley, CA: Russell Publications in United States. Senate. Committee On Judiciary. Subcommittee On The Constitution, Civil Rights And Property Rights. Hearing On Pornography's Impact On Marriage & The Family Washington, D.C. August 2005.Print

5. Itzin, C. (2002). Pornography and the construction of misogyny. The Journal of Sexual Aggression, 8(3), 4–42.

6. Drew A. Kingston , Neil M. Malamuth , Paul Fedoroff & William L. Marshall (2009): The Importance of Individual Differences in Pornography Use: Theoretical Perspectives and Implications for Treating Sexual Offenders, Journal of Sex Research, 46:2-3, 216-232

7. Oddone-Paolucci, E., Genius, M., & Violato, C. (January 2000). A meta-analysis of the published research on the effects of pornography. The Changing Family and Child Development, 48–59.

8. Table 4.1 Ibid.

9. Malamuth, N. M., Addison, T., & Koss, M. (2000). Pornography and sexual aggression: Are there reliable effects and can we understand them? Annual Review of Sex Research, 11, 26–94.

10. Silvia Bonino , Silvia Ciairano , Emanuela Rabaglietti & Elena Cattelino (2006): Use of pornography and self-reported engagement in sexual violence among adolescents, European Journal of Developmental Psychology, 3:3, 265-288

11. Burton, D. & Leibowitz, G., Booxbaum, A. & Howard, A. Comparison by crime type of juvenile delinquents on pornography exposure: The absence of relationships between exposure to pornography and sexual offense characteristics. The Journal of Forensic Nursing. 12. Russell, D. E. H. (1998). Dangerous relationships: Pornography, misogyny, and rape. Thousand Oaks, CA: Sage Publications.

13. Allen, M., D’Alessio, D., & Emmers-Sommer, T. M. (2000). Reactions of criminal sexual offenders to pornography: A meta-analytic summary. In United States. Senate. Committee on Judiciary. Subcommittee on The Constitution, Civil Rights And Property Rights. Hearing On Pornography’s Impact On Marriage & The Family Washington, D.C. August 2005.Print

14. Conn, P. M., & Crowley, W. F., Jr. (1991). Gonadotropin-releasing hormone and its analogues. New England Journal of Medicine, 324, 93–103. In Lea H. Studer,A. Scott Aylwin, and John R. Reddon Testosterone, Sexual Offense Recidivism, and Treatment Effect Among Adult Male Sex Offenders. Sexual Abuse: A Journal of Research and Treatment 17, no. 2, (2005) 171-181

15. Griffin, J. E., & Wilson, J. D. (1992). Disorders of the testes and male reproductive tract. In J. D.Wilson & D. W. Foster (Eds.), Williams textbook of endocrinology (8th ed., pp. 799– 852).London: Saunders. In Lea H. Studer,A. Scott Aylwin, and John R. Reddon Testosterone, Sexual Offense Recidivism, and Treatment Effect Among Adult Male Sex Offenders. Sexual Abuse: A Journal of Research and Treatment 17, no. 2, (2005) 171-181

16. Harris, J. A. (1999). Review and methodological considerations in research on testosterone and aggression. Aggression and Violent Behavior, 4, 273–291.

17. Pugeat, M., Garrel, D., Estour, B., Lejeune, H., Kurzer, M. S., Tourniaire, J., et al. (1988). Sex steroid binding protein in nonendocrine diseases. Annals of the New York Academy of Sciences, 538, 235–247.

18. Lea H. Studer, A. Scott Aylwin, and John R. Reddon Testosterone, Sexual Offense Recidivism, and Treatment Effect Among Adult Male Sex Offenders. Sexual Abuse: A Journal of Research and Treatment 17, no. 2, (2005) 171-181

19. Kreuz LE, Rose RM: Assessment of aggressive behavior and plasma testosterone in a young criminal population. Psychosom Med 34:321-332, 1972 in Rada, R., Laws, D., & Kellner, R. Plasma testosterone levels in the rapist. Psychosomatic Medicine, 38, (1976). 257–268.

20. Ehrenkranz J, Bliss E, Sheard MH: Plasma testosterone: correlation with aggressive behavior and social dominance in man. Psychosom Med 36:469-475, 1974 in Rada, R., Laws, D., & Kellner, R. Plasma testosterone levels in the rapist. Psychosomatic Medicine, 38, (1976). 257–268.

21. Rada, R., Laws, D., & Kellner, R. Plasma testosterone levels in the rapist. Psychosomatic Medicine, 38, (1976). 257–268.

22. Hellhammer, D.H., Hubert, W., Schurmeyer, T., 1985. Changes in saliva testosterone after psychological stimulation in men. Psychoneuroendocrinology 10, 77–81. In John Archer: Review Testosterone and human aggression: an evaluation of the challenge hypothesis. Neuroscience and Biobehavioral Reviews 30 (2006) 319–345

23. Stole´ru, S., Gre´goire, M-C., Ge´rard, D., Decety, J., Lafarge, E., Cinotti, L., Lavenne, F., Le Bars, D., Vernet-Maury, E., Rada, H., Collet, C., Mazoyer, B., Forest, M.G., Magnin, F., Spira, A., Comar, D., 1999. Neuroanatomical correlates of visually evoked sexual arousal in human males. Arch. Sex Behav. 28, 1–21. In John Archer: Review Testosterone and human aggression: an evaluation of the challenge hypothesis. Neuroscience and Biobehavioral Reviews 30 (2006) 319–345

24. Jayaraman, Gayathri. (2013, may 6). Rage Of Repressed. India Today , pp. 26-27.

25. Ibid.