പൊള്ളുന്ന കേരളം വറ്റുന്ന കുടിവെള്ളം

ഉസ്മാന്‍ പാലക്കാഴി

2019 മാര്‍ച്ച് 23 1440 റജബ് 16
കേരളം ഒരു മഹാ പ്രളയത്തില്‍ നിന്ന് കര കയറിയിട്ട് മാസങ്ങള്‍ ഏറെയായിട്ടില്ല. അപ്പോഴേക്കുംക്രമാതീതമായ ചൂടിലേക്കും കടുത്ത വരള്‍ച്ചയിലേക്കും നാട് വഴിമാറിയിരിക്കുകയാണ്. പ്രളയസമയത്തെ ഒഴുക്കില്‍ പുഴയുടെ അടിത്തട്ട് ഇളകിപ്പോയതും പ്രളയശേഷമുണ്ടായ മഴലഭ്യതയിലെ ക്ഷാമവുമെല്ലാമാണ് വരള്‍ച്ചയിലേക്ക് എത്തിച്ചത് എന്നാണ് ഈ രംഗത്തെ വിദഗ്ധര്‍ പറയുന്നത്. എന്നാല്‍ മനുഷ്യരുടെ പക്വതയില്ലാത്ത പ്രകൃതിയുപയോഗം തന്നെയാണ് പ്രശ്‌നങ്ങളുടെ പ്രധാന കാരണമെന്നത് ഏവര്‍ക്കും അറിയുന്ന വസ്തുതയാണ്. കൃത്യവും വ്യക്തവുമായ പാരിസ്ഥിതികബോധം ആര്‍ജിച്ചെടുത്താല്‍ മാത്രമെ അടുത്ത കാലഘട്ടത്തില്‍ നമുക്ക് അതിജയിക്കാന്‍ കഴിയൂ എന്ന ബോധം ഓരോ പൗരന്റെയും മനസ്സില്‍ ഊട്ടിയുറപ്പിക്കേണ്ടതുണ്ട്.

കേരളത്തെ വിറപ്പിച്ച പ്രളയദുരന്തം കഴിഞ്ഞിട്ട് ആറുമാസം കഴിഞ്ഞിട്ടേയുള്ളൂ. ആ നാളുകളില്‍ വെള്ളംകൊണ്ട് മനുഷ്യര്‍ പൊറുതിമുട്ടിയിരിക്കുകയായിരുന്നു. എത്ര വേഗത്തിലാണ് അവസ്ഥകള്‍ മാറിമറിഞ്ഞത്! ഇരുകരകളും കവര്‍ന്നെടുത്ത് ഒഴുകിയ നദികള്‍ ഇന്നെവിടെ? നിറഞ്ഞുകവിഞ്ഞിരുന്ന കുളങ്ങളും കിണറുകളുമെവിടെ? ജലവിതാനം വളരെ താഴ്ന്നതും തീരെ വറ്റിയതുമായ പുഴകളും തോടുകളുമാണ് ഇന്നു നാം കാണുന്നത്! പുഴകള്‍ അടക്കം ജലസ്രോതസ്സുകള്‍ വറ്റിവരണ്ടുതുടങ്ങി. മാത്രമല്ല ചൂട് ക്രമാതീതമായി വര്‍ധിച്ചുകൊണ്ടിരിക്കുകയും ചെയ്യുന്നു! കേരളം ചുട്ടുപൊള്ളുകയാണ്. ചൂട് ഓരോ വര്‍ഷം കഴിയുംതോറും കൂടിവരികയാണ്. ഇതിനുള്ള കാരണങ്ങള്‍ ഏറെ ചര്‍ച്ചചെയ്യപ്പെട്ടിട്ടുണ്ട്. കാലത്ത് 9 ആകുമ്പോഴേക്കും ചൂട് അസഹ്യമായിത്തീരുന്നു. അധികൃതര്‍ പകല്‍ സമയം പുറത്തിറങ്ങുന്നവര്‍ക്ക് സൂര്യാഘാതമേല്‍ക്കാതിരിക്കാനുള്ള ജാ്രഗതാ നിര്‍ദേശം നല്‍കിക്കൊണ്ടിരിക്കുന്നു. 

''പ്രളയാനന്തരം സംസ്ഥാനത്തെ ഭൂഗര്‍ഭ ജലനിരപ്പ് താഴുകയാണ് എന്നും മിക്ക ജില്ലകളും വരള്‍ച്ച ഭീഷണി നേരിടുകയാണെന്നും സെന്റര്‍ ഫോര്‍ വാട്ടര്‍ റിസോഴ്‌സ് ഡെവലപ്‌മെന്റ് ആന്റ് മാനേജ്‌മെന്റ്‌വിഭാഗത്തിന്റെ നിഗമനം. വേനലില്‍ സംസ്ഥാനത്തെ വരള്‍ച്ച സാധ്യത പഠിക്കാന്‍ സര്‍ക്കാര്‍ നിയോഗിച്ച സമിതിയുടെതാണ് നിഗമനം. റിപ്പോര്‍ട്ട് ഉടന്‍ സര്‍ക്കാരിന് കൈമാറും. 

ഉയര്‍ന്ന പ്രദേശങ്ങളില്‍ ഒരു മീറ്ററും തണ്ണീര്‍ത്തടങ്ങളില്‍ 50 സെ.മീറ്ററും തീരപ്രദേശങ്ങളില്‍ 20 സെ.മീറ്ററുമാണ് ഭൂഗര്‍ഭ ജലനിരപ്പ് താഴ്ന്നത്. അതിന് പുറമെ, പ്രളയകാലത്തെ ഉരുള്‍പൊട്ടലില്‍ സ്വാഭാവിക ജലസ്രോതസ്സുകളുടെ തകര്‍ച്ചയും മണല്‍തിട്ടകള്‍ ഒലിച്ചുപോയതും നദികളില്‍ എക്കലടിഞ്ഞതും വരള്‍ച്ചക്ക് കാരണമാകുമെന്നും വിദഗ്ധര്‍ പറയുന്നു. 

വേനലിന്റെ തുടക്കത്തില്‍തന്നെ കേരളത്തിലെ പ്രധാന നദികളില്‍ ജലനിരപ്പ് ഗണ്യമായി താഴ്ന്നിരിക്കുകയാണ്. മാര്‍ച്ച് മുതല്‍ മെയ് വരെ ലഭിക്കേണ്ട വേനല്‍മഴ ലഭിച്ചില്ലെങ്കില്‍ ഗുരുതര ജലദൗര്‍ലഭ്യം അടക്കമുള്ള പ്രശ്‌നങ്ങള്‍ സംസ്ഥാനം നേരിടേണ്ടിവരുമെന്ന് സി.ഡബ്ല്യു.ആര്‍.ഡി.എമ്മിലെ പ്രിന്‍സിപ്പല്‍ ശാസ്ത്രജ്ഞന്‍ വി.പി.ദിനേശന്‍ പറഞ്ഞു. മാര്‍ച്ച്-മെയ് കാലയളവില്‍ ലഭിക്കേണ്ട 400 മില്ലി മീറ്റര്‍ മഴ ലഭിച്ചാല്‍ പ്രശ്‌നങ്ങളുണ്ടാവില്ല. എന്നാല്‍ വേനല്‍മഴ ലഭിക്കുമോ എന്ന കാര്യത്തില്‍ കാലാവസ്ഥ നിരീക്ഷണ വിഭാഗത്തിന് ഉറപ്പില്ല. കേന്ദ്ര കാലാവസ്ഥ നിരീക്ഷണ വകുപ്പിന്റെ പ്രവചനമനുസരിച്ച് സംസ്ഥാനത്ത് ലഭിക്കേണ്ട വേനല്‍ മഴയില്‍ കുറവുണ്ടാകും. ഭൂരിഭാഗം ജില്ലകളിലും തുലാവര്‍ഷത്തില്‍ ഗണ്യമായ കുറവ് ഉണ്ടായതും ഭൂഗര്‍ഭജലനിരപ്പില്‍ കുറവുണ്ടാക്കി. പ്രളയത്തിന് ശേഷം ആഗസ്റ്റ് 22 മുതല്‍ സംസ്ഥാനത്ത് കാലവര്‍ഷം പെയ്തില്ല. താപനില വര്‍ധിക്കുന്നതും ശുഭസൂചകമല്ല. പല ജില്ലകളിലും ശരാശരി രണ്ട് ഡിഗ്രി വരെ താപനിലയില്‍ മാറ്റം വന്നു. മാര്‍ച്ച് ഒന്നുമുതല്‍ ആറുവരെ ലഭിക്കേണ്ട മഴയില്‍ 43 ശതമാനമാണ് കുറവ്'' (മാധ്യമം ദിനപ്പത്രം, 2019 മാര്‍ച്ച് 9, ശനി).

പ്രളയശേഷം മഴലഭ്യതയിലെ കുറവും പ്രളയസമയത്തുണ്ടായ ശക്തമായ ഒഴുക്കില്‍ പുഴകളുടെ അടിത്തട്ട് ഒഴുകിപ്പോയതുമൊക്കെയാണ് ജലവിതാനം കുറയാനുള്ള പൊതുകാരണങ്ങളിലൊന്ന് എന്ന് വിലയിരുത്തപ്പെടുന്നു. പ്രളയസമയത്തുണ്ടായ വെള്ളം മുഴുവന്‍ കടലിലേക്ക് പൂര്‍ണമായി എത്തി. പുഴകളുടെ അടിത്തട്ട് ഒഴുകിപ്പോയതോടെ ആഴംകൂടിയിട്ടുണ്ട്. പ്രളയത്തിന്റെ ആഘാതത്തില്‍ മേല്‍മണ്ണിന് താഴെ ജലം സംഭരിച്ചുനിര്‍ത്തിയിരുന്ന മണ്‍പാളിയില്‍ വിള്ളലുണ്ടായി. മണ്ണിനടിയില്‍ അറകള്‍ വലുതായതോടെ മേല്‍മണ്ണിന് ജലം പിടിച്ചുനിര്‍ത്തുന്നതിനുള്ള ശേഷി കുറയുകയും ചെയ്തു.

പ്രളയാനന്തരം കിണറുകളിലെ ജലം താഴ്ന്നതായാണ് മിക്ക ആളുകളുടെയും പരാതി. കിണറുകളിലെ ഭൂഗര്‍ഭജലം അടുത്തുള്ള മറ്റു ജലസ്രോതസ്സുകളിലേക്ക് ഒഴുക്ക് തുടരുന്നതായാണ് വിദഗ്ധാഭിപ്രായം. മഴയുടെ കുറവും ഭൂഗര്‍ഭജലത്തിന്റെ ഇത്തരം ഒഴുക്കുമാണത്രെ കിണര്‍ ജലവിതാനം താഴുന്നതിന്റെ കാരണം. ഏറ്റവും കൂടിയ അളവില്‍ മഴ ലഭിച്ചിട്ടും കിണറുകളില്‍ ജലവിതാനം പൊടുന്നനെ താഴുന്ന പ്രതിഭാസമാണ് എങ്ങും. വെള്ളം പിടിച്ചുനിര്‍ത്താന്‍ നദികളിലും മറ്റും സ്ഥാപിച്ചിരുന്ന തടയണകളും മറ്റും പ്രളയത്തിന്റെ കുത്തൊഴുക്കില്‍ തകര്‍ന്നു. 

ധാരാളം ജലം മഴയിലൂടെ ലഭിക്കുന്ന സംസ്ഥാനമാണ് കേരളം. ചെറുതും വലുതുമായ 44 നദികളും 20 ശുദ്ധജല തടാകങ്ങളും അരുവികളും കുളങ്ങളും കിണറുകളും നിറഞ്ഞ കേരളത്തില്‍ ജലക്ഷാമമുണ്ടാകുവാന്‍ പാടില്ല. എന്നാല്‍ 1983 മുതല്‍ കേരളം വരള്‍ച്ചയെ അഭിമുഖീകരിക്കുകയാണ്. മഴയില്ലാത്തതുകൊണ്ടല്ല ഇങ്ങനെ സംഭവിക്കുന്നത്. ശരാശരി 3000 മില്ലീമീറ്റര്‍ മഴ കേരളത്തില്‍ ലഭിക്കുന്നുണ്ട്. ഏതാണ് 12 കോടി ക്യുബിക് മീറ്റര്‍ വെള്ളം. ഈ വെള്ളത്തിന്റെ 60 ശതമാനവും അപ്പോള്‍ തന്നെ കുത്തിയൊലിച്ച് കടലിലെത്തിച്ചേരുകയാണ് ചെയ്യുന്നത്. ജലം സംഭരിച്ചുവെക്കണമെങ്കില്‍ മേല്‍മണ്ണ് വേണം. മണ്ണിനെ സംരക്ഷിക്കാന്‍ കാടുവേണം. 44 ശതമാനം വനമുണ്ടായിരുന്നു കേരളത്തില്‍. ഇന്ന് അത് 9 ശതമാനം മാത്രമാണ്. 

സാക്ഷരതയില്‍ മുന്‍പന്തിയില്‍ നില്‍ക്കുന്നു എന്ന് അവകാശപ്പെടുന്ന കേരളത്തിലെ ജലസാക്ഷരതാ നിലവാരം വളരെ താഴെയാണ് എന്നതാണ് വാസ്തവം. കാലവര്‍ഷം തുടങ്ങിയാല്‍ കുടിവെള്ളത്തിന്റെ കാര്യത്തില്‍ നമുക്ക് തീരെ ശ്രദ്ധയില്ല. കുടിവെള്ളം മുട്ടിത്തുടങ്ങുമ്പോഴാണ് അല്‍പമെങ്കിലും ശ്രദ്ധയുണ്ടാകുന്നത്. 

കേരളത്തിനു പുറത്തെ കാര്യം നോക്കുക. കടംകൊണ്ടു മാത്രമല്ല, വലിയ കൃഷിനാശത്താലും കര്‍ഷകര്‍ ആത്മഹത്യ ചെയ്തുകൊണ്ടിരിക്കുന്നു. ജനലക്ഷങ്ങളുടെ ദുരിതംപോലും ലാഭമുണ്ടാക്കാനുള്ള മാര്‍ഗമായി കാണുന്ന മനഃസ്ഥിതിയും നിലനില്‍ക്കുന്നു. മഹാരാഷ്ട്രയിലെ ലാത്തൂരില്‍ രാഷ്ട്രീയക്കാരാണ് ജലക്ഷാമത്തിനു പിന്നിലെന്ന ആരോപണം കഴമ്പുള്ളതാണ്. കൂടുതല്‍ വെള്ളം വേണ്ടിവരുന്ന വിളയാണ് കരിമ്പ്. പഞ്ചസാര ഫാക്ടറി ഉടമകളായ രാഷ്ട്രീയക്കാര്‍ ലാത്തൂരിലെ വരള്‍ച്ചയുള്ള പ്രദേശങ്ങളില്‍ കരിമ്പുകൃഷി നടത്തുകയും കരിമ്പുതോട്ടങ്ങളിലേക്ക് കനാലുകളില്‍നിന്നു വെള്ളം തിരിച്ചുവിടുകയും ചെയ്യുന്നതായാണ് ആരോപണമുയരുന്നത്. നഗങ്ങളിലും ഉള്‍നാടുകളിലും വെള്ളമെത്തിക്കുന്ന ടാങ്കര്‍മാഫിയയും ആധിപത്യം സ്ഥാപിച്ചിരിക്കുന്നു. ഇതോടൊപ്പമാണ് വെള്ളത്തിന്റെ ദുരുപയോഗവും ധൂര്‍ത്തും. 

വെള്ളത്തിനു വേണ്ടിയുള്ള തര്‍ക്കത്തെ തുടര്‍ന്ന് മുമ്പ് മറാത്ത്‌വാഡയിലെ പര്‍ബാനിയില്‍ നിരോധനാജ്ഞ പ്രഖ്യാപിച്ചത് രാജ്യം കണ്ടതാണ്. ജലസംഭരണിക്കടുത്ത് ജനങ്ങള്‍ കൂട്ടം കൂടി നില്‍ക്കുന്നത് ഭരണകൂടം വിലക്കി. മഹാരാഷ്ട്രയിലെ ഡെംഗന്‍മാല്‍ പ്രദേശത്ത് വീട്ടില്‍ കുടിവെള്ളമെത്തിക്കാനായി ഒന്നിലധികം സ്ത്രീകളെ ഭാര്യമാരാക്കിയ സംഭവങ്ങള്‍ പോലുമുണ്ടായി! കടുത്ത വരള്‍ച്ച രാജ്യത്തെ കൊണ്ടെത്തിച്ചിരിക്കുന്ന ദയനീയാവസ്ഥ വ്യക്തമാക്കുന്ന വാര്‍ത്തകളാണിവയൊക്കെ!

ഇത്തരം അതിരൂക്ഷമായ സാഹചര്യം രൂപപ്പെടുമ്പോഴും വരള്‍ച്ച നേരിടുന്നതിന് ഫലപ്രദവും ഭാവനാപൂര്‍ണവുമായ നടപടികളൊന്നും നാട്ടില്‍ ഉണ്ടാകുന്നില്ല എന്നത് ഖേദകരമാണ്. 

നദികളിലെ വെള്ളക്കുറവിനുള്ള പ്രധാന കാരണം ഭൂഗര്‍ഭജലം താഴ്ന്നതാണെന്ന് ഭൂജലവകുപ്പിന്റെ പഠനങ്ങള്‍ പറയുന്നു. ശരാശരി ആറുമാസം മാത്രമാണിപ്പോള്‍ ആഴക്കിണറുകളില്‍ ജലം ലഭിക്കുന്നതെന്നാണ് കണക്കുകള്‍. തീരപ്രദേശങ്ങളില്‍ നാലു മുതല്‍ ആറു വരെ മീറ്റര്‍ ആഴത്തിലും വെട്ടുകല്ലും കളിമണ്ണും ഉള്ള സ്ഥലങ്ങളില്‍ 15 മുതല്‍ 20വരെ മീറ്റര്‍ ആഴത്തിലും കുഴിച്ചാല്‍ കിണര്‍വെള്ളംലഭിക്കുമെന്നായിരുന്നു കണക്ക്. ഇപ്പോള്‍ ഇതെല്ലാം മാറിയിരിക്കുന്നു. ഭൂഗര്‍ഭത്തിലുള്ള പാറകളില്‍ കാണുന്ന ജലശേഖരവും വല്ലാതെ കുറഞ്ഞിരിക്കുന്നു. കുഴല്‍ക്കിണറുകളുടെ പ്രവര്‍ത്തനത്തെ ഇതു കാര്യമായി ബാധിക്കുന്നു.  

സമൃദ്ധമായ മഴയാല്‍ അനുഗൃഹീതമായ കേരളം പോലും വരള്‍ച്ചയില്‍േക്ക് നീങ്ങുകയാണ്. ഈ സാഹചര്യത്തെ നാമെങ്ങനെ നേരിടും? വരള്‍ച്ചയുടെ കാരണങ്ങള്‍ കണ്ടെത്തി പരിഹരിക്കാനും ദുരന്തമേറ്റുവാങ്ങുമ്പോഴും തുടരുന്ന ജലചൂഷണവും ദുരുപയോഗവും നിയന്ത്രിക്കാനും തടയാനും സമൂഹത്തിന്റെ മുന്നില്‍ എന്തുണ്ട് വഴി എന്നതു തന്നെയാണ് പ്രസക്തമായ ചോദ്യം.

നദികളെ ആശ്രയിച്ചുള്ള ഉറവിടങ്ങളില്‍ വേനലില്‍ ആവശ്യത്തിന് വെള്ളം സമാഹരിക്കാന്‍ കഴിയുന്നില്ല. നിലവിലുള്ള ശുദ്ധജല വിതരണ പദ്ധതികള്‍ വിജയപ്രദമാകണമെങ്കില്‍ ഉറവിടങ്ങളിലെ ജലലബ്ധി ഉറപ്പുവരുത്തുക തന്നെ വേണം. ഇതിനുള്ള ചെലവുകുറഞ്ഞ മാര്‍ഗം തടയണകളുടെ നിര്‍മാണമാണ്. പ്രധാനപ്പെട്ട ജലവിതരണ സംവിധാനങ്ങളേറെയും നദീജലസമ്പത്തിനെ ആശ്രയിച്ചുള്ളതാകയാല്‍ അവയുടെ തൃപതികരമായ നടത്തിപ്പുവഴി  പ്രശ്‌നപരിഹാരം എളുപ്പമാക്കാം. പല ജലപദ്ധതികളും വേനല്‍കാലത്ത് വളരെ കുറഞ്ഞ സമയത്തേക്കേ പ്രവര്‍ത്തനക്ഷമത കൈവരിക്കുന്നുള്ളൂ. അതിനാല്‍ ഉപഭോക്താക്കള്‍ വെളളം ശേഖരിച്ചുവെക്കുകയാണ് പതിവ്. 

കേരളത്തിലെ കുഗ്രാമങ്ങള്‍ പോലുമിന്ന് വരള്‍ച്ചയുടെ പിടിയിലാണ്. പഞ്ചായത്തിന്റെ ഔദാര്യമായ ജലനിധി പദ്ധതിയിലൂടെ ആഴ്ചയില്‍ രണ്ടോമൂന്നോ ദിവസം ലഭിക്കുന്ന പരിമിതമായ വെള്ളത്തെ മാത്രം ആശ്രയിച്ചു ജീവിക്കുന്ന അനേകം കുടുംബങ്ങള്‍ നമ്മുടെ നാട്ടിലുണ്ട്. നെല്‍കൃഷി അന്യംനില്‍ക്കുകയും പാടങ്ങളെ പറമ്പാക്കി റബര്‍മരങ്ങള്‍ വെച്ചുപിടിപ്പിക്കുകയും മണ്ണിട്ടുനികത്തി വീടുകള്‍ നിര്‍മിക്കുകയും ചെയ്യല്‍ വ്യാപകമായതോടെ വശങ്ങളിലക്ക് കയറാന്‍ നിവൃത്തിയില്ലാതെ പുഴകള്‍ കടലിലേക്കൊഴുകി. അതോടെ എല്ലാ കാലത്തും നിറഞ്ഞുനിന്നിരുന്ന കിണറുകളും കുളങ്ങളും ഓര്‍മയായി മാറി.  

തണ്ണീര്‍ തടങ്ങളും നെല്‍കൃഷി പാടങ്ങളുമാണ് ഭൂഗര്‍ഭജല പോഷണത്തിന്റെ പ്രധാന മാര്‍ഗങ്ങള്‍. അതെല്ലാം വികസനത്തിന്റെ പേരില്‍ നാം ഇല്ലാതാക്കി. 1975 ല്‍ 8.75 ലക്ഷം ഹെക്ടര്‍ കൃഷിസ്ഥലമുണ്ടായിരുന്ന കേരളത്തില്‍ ഇന്ന് 2.15 ലക്ഷം ഹെക്ടര്‍ സ്ഥലത്തില്‍ താഴെയാണുള്ളത്. ജല സ്രോതസ്സുകളായ നദികള്‍, ഇടതോടുകള്‍, അരുവികള്‍, കുളങ്ങള്‍, തടാകങ്ങള്‍, ചിറകള്‍, തണ്ണീര്‍ത്തടങ്ങള്‍ എന്നിവ സംരക്ഷിക്കുകയും മഴവെള്ളം സംഭരിക്കുകയും ചെത്തല്‍ അനിവാര്യമാണ്. നദീസംരക്ഷണ ശ്രമങ്ങള്‍ ആരംഭിക്കുവാന്‍ ഒട്ടും വൈകിക്കൂടാ.  

മഴവെള്ളം ഫലപ്രദമായി ഉപയോഗിച്ചാല്‍ ജലക്ഷാമം ഒരുപരിധി വരെ പരിഹരിക്കാനാകും. നീര്‍ക്കുഴി, കൈയാല, തണ്ണീര്‍ത്തട നിര്‍മാണം, തട്ടുതിരിക്കല്‍ മേല്‍ക്കൂര മഴവെള്ള ശേഖരണം തുടങ്ങിയ പല മാര്‍ഗങ്ങളും മഴവെള്ള ശേഖരണത്തിനുണ്ട്. 

മഴ: ഒരു ദൈവികാനുഗ്രഹം

ജീവിവര്‍ഗത്തിന്റെ ഉത്ഭവവും നിലനില്‍പും ജലത്തെ ആശ്രയിച്ചാണിരിക്കുന്നത്. പ്രാണവായുവിന്റെ സാന്നിധ്യമുറപ്പുവരുത്താന്‍ പോലും പ്രത്യക്ഷമായും പരോക്ഷമായും ജലസാന്നിധ്യം ആവശ്യമാണ്. അത്രമേല്‍ പാരസ്പര്യത്തോടെയാണ് പ്രകൃതിയുടെ സംവിധാനം. മഴയുടെ ശാസ്ത്രീയതയെക്കുറിച്ച് നമുക്ക് ധാരാളമായി സംസാരിക്കാം. പക്ഷേ, അത് എപ്പോള്‍, എവിടെ പെയ്യണമെന്ന തീരുമാനിക്കുന്നത് പ്രപഞ്ച സ്രഷ്ടാവാണ്.

''തന്റെ കാരുണ്യത്തിന്റെ മുമ്പില്‍ സന്തോഷസൂചകമായി കാറ്റുകളെ അയച്ചതും അവനത്രെ. ആകാശത്തുനിന്ന് ശുദ്ധമായ ജലം നാം ഇറക്കുകയും ചെയ്തിരിക്കുന്നു. നിര്‍ജീവമായ നാടിന് അത് മുഖേന നാം ജീവന്‍ നല്‍കുവാനും നാം സൃഷ്ടിച്ചിട്ടുള്ള ധാരാളം കന്നുകാലികള്‍ക്കും മനുഷ്യര്‍ക്കും അത് കുടിപ്പിക്കുവാനും വേണ്ടി. അവര്‍ ആലോചിച്ചു മനസ്സിലാക്കേണ്ടതിനായി അത് (മഴവെള്ളം) അവര്‍ക്കിടയില്‍ നാം വിതരണം ചെയ്തിരിക്കുന്നു. എന്നാല്‍ മനുഷ്യരില്‍ അധികപേര്‍ക്കും നന്ദികേട് കാണിക്കുവാനല്ലാതെ മനസ്സു വന്നില്ല'' (ക്വുര്‍ആന്‍ 25:48-50). 

ഭൂമിയിലെ ജീവജാലങ്ങള്‍ക്ക് കണക്കില്ലാത്ത അനുഗ്രഹങ്ങള്‍ നല്‍കിയവനാണ് സ്രഷ്ടാവായ അല്ലാഹു. അതില്‍പെട്ട ഒന്നാണ് മഴ. അതുകൊണ്ട് കാരുണ്യം എന്നാണ് അല്ലാഹു മഴയെ സംബന്ധിച്ച് പറഞ്ഞിരിക്കുന്നത്. ആ കാരുണ്യത്തിന്റെ ആഗമനത്തിനു മുന്നോടിയായി തണുത്ത കാറ്റടിച്ചുവീശുമ്പോള്‍ മഴ കാത്തിരിക്കുന്നവരുടെ മനംകുളിര്‍ക്കാറുണ്ടെന്നത് അനുഭവ യാഥാര്‍ഥ്യമാണ്. 

''നീ കണ്ടില്ലേ, അല്ലാഹു ആകാശത്തുനിന്ന് വെള്ളം ചൊരിഞ്ഞു. എന്നിട്ട് ഭൂമിയിലെ ഉറവിടങ്ങളില്‍ അതവന്‍ പ്രവേശിപ്പിച്ചു... (39:21).

മഴയെന്ന അനുഗ്രഹത്തെ അശ്രദ്ധയോടെ കൈകാര്യം ചെയ്തതിന്റെ ഫലമാണ് കേരളം പോലും ഇപ്പോഴനുഭവിക്കുന്ന രൂക്ഷമായ ചൂടും കുടിവെള്ള ക്ഷാമവും എന്ന വാദത്തെ തള്ളിക്കളയാനാകുമോ? വെള്ളം വര്‍ഷിച്ചുതരുന്ന പ്രപഞ്ചനാഥന്‍ അതിനെ വറ്റിച്ചുകളഞ്ഞാലുള്ള നിസ്സഹായാവസ്ഥ നാം വിസ്മരിച്ചു കളഞ്ഞു. അല്ലാഹു ചോദിക്കുന്നത് കാണുക:

''പറയുക: നിങ്ങള്‍ ചിന്തിച്ച് നോക്കിയിട്ടുണ്ടോ; നിങ്ങളുടെ വെള്ളം വറ്റിപ്പോയാല്‍ ആരാണ് നിങ്ങള്‍ക്ക് ഒഴുകുന്ന ഉറവു വെള്ളം കൊണ്ടുവന്ന് തരിക? (ക്വുര്‍ആന്‍ 67:30). 

അല്ലാഹു ഏര്‍പ്പെടുത്തിയ ജലസംഭരണ സംവിധാനം വെള്ളത്തിന് സമ്പൂര്‍ണമായ സുരക്ഷിതത്വം നല്‍കിക്കൊണ്ടുള്ളതാണ്. ഭൂഗര്‍ഭ ജലത്തിന്റെ തോതും അതിന്റെ ഗുണവും ഗവേഷണങ്ങള്‍ക്ക് വിധേയമായിട്ടുണ്ട്. ഭൂമിയില്‍ ജലം സംഭരിക്കപ്പെടുന്നതിന്റെ ഗുണങ്ങള്‍ ഏറെയാണ്. ദീര്‍ഘകാലം വെറുതെയിരുന്നാലുണ്ടാവുന്ന ജലനാശവും മലിനപ്പെടലും അത് മുഖേന ഇല്ലാതാകുന്നു. മാലിന്യം കലര്‍ന്നിട്ടുണ്ടെങ്കില്‍ തന്നെ ജലം ശുദ്ധീകരിക്കപ്പെടുന്നു. അല്ലാഹു പറയുന്നു:

''ആകാശത്തുനിന്ന് നാം ഒരു നിശ്ചിത അളവില്‍ വെള്ളം ചൊരിയുകയും എന്നിട്ട് അതിനെ നാം ഭൂമിയില്‍ തങ്ങിനില്‍ക്കുന്നതാക്കുകയും ചെയ്തിരിക്കുന്നു. അത് വറ്റിച്ചുകളയുവാന്‍ തീര്‍ച്ചയായും നാം ശക്തനാകുന്നു'' (ക്വുര്‍ആന്‍ 23:18).

മഴവെള്ളത്തെ ഭൂമിയില്‍ പിടിച്ചുനിര്‍ത്താനുള്ള വഴികള്‍ മുമ്പ് നമ്മുടെ നാട്ടില്‍ സാര്‍വത്രികമായിരുന്നു. പറമ്പുകള്‍ കിളച്ചുമറിച്ചും വരമ്പുകള്‍ മാടിയും കുഴികളെടുത്തും കര്‍ഷകര്‍ മഴവെള്ളത്തെ ഭൂമിയിലേക്കിറക്കി. വന്‍മരങ്ങളുടെ വേരുകള്‍ വെള്ളത്തെ നമുക്കായി തടുത്തുനിര്‍ത്തി. വൃക്ഷശിഖരങ്ങള്‍ അന്തരീക്ഷത്തെ തണുപ്പിച്ചുകൊണ്ടേയിരുന്നു. 

ഇന്ന് ഭൂമിയിലേക്ക് മഴവെള്ളം ആഴ്ന്നിറങ്ങാത്ത വിധം റോഡുകളും കോണ്‍ക്രീറ്റ് കാടുകളും സാര്‍വത്രികമായി. സ്വന്തം പറമ്പില്‍ വീഴുന്ന മഴത്തുള്ളിപോലും റോഡിലേക്കാണൊഴുക്കുന്നത്. പാടശേഖരങ്ങളെയും വെള്ളക്കെട്ടുകളെയും മലകളെയും നികത്തിയും നിരത്തിയും നാം വികസനം നടപ്പാക്കി. ശാസ്ത്രീയമായ രീതിയിലുള്ള ജലസംഭരണ മാര്‍ഗങ്ങളെ നാം പിന്തുടര്‍ന്നതേയില്ല. പുഴകളും തടാകങ്ങളും  ജലാശയങ്ങളും വൃത്തിയായി സംരക്ഷിക്കാനുള്ള സര്‍ക്കാര്‍ പദ്ധതികളാവട്ടെ, സിംഹഭാഗവും കടലാസിലൊതുങ്ങി. 

വിശ്വാസികളുടെ കടമകള്‍

വെള്ളത്തിന്റെ ദൈനംദിന ഉപയോഗം നിയന്ത്രിക്കാന്‍ നമുക്കാവണം. ധാരാളിത്തം ഒഴിവാക്കണം. ഒന്നും പാഴാക്കരുതെന്നാണ് ഇസ്‌ലാമിക പാഠം. അമൂല്യമായ ജലം പാഴാക്കാന്‍ തീരെ പാടില്ല. തിന്നുകയും കുടിക്കുകയും ചെയ്യുന്നതില്‍ പോലും അമിതത്വം പാടില്ലെന്നാണ് ക്വുര്‍ആന്‍ പറയുന്നത്: ''നിങ്ങള്‍ തിന്നുകയും കുടിക്കുകയും ചെയ്തു കൊള്ളുക. എന്നാല്‍ നിങ്ങള്‍ ദുര്‍വ്യയം ചെയ്യരുത്. ദുര്‍വ്യയം ചെയ്യുന്നവരെ അല്ലാഹു ഇഷ്ടപ്പെടുകയേയില്ല'' (ക്വുര്‍ആന്‍ 7:31).

ഭക്ഷണപാനീയങ്ങള്‍ തയ്യാറാക്കുന്നതിന് മുമ്പും ശേഷവുമായി പാത്രങ്ങള്‍ വൃത്തിയാക്കുമ്പോള്‍ വെള്ളം അമിതമായി ചെലവഴിക്കുന്നവരാണ് പലരും. ടാപ്പ് തുറന്നുവെച്ച് വുദൂഅ് ചെയ്യുന്നത് മുഖേന ഒരാള്‍ തന്നെ മൂന്നു പേര്‍ക്ക് വുദൂഅ് ചെയ്യാനുള്ള വെള്ളമാണ് പാഴാക്കിക്കളയുന്നത്. പള്ളിക്കമ്മിറ്റികള്‍ മനസ്സുവെക്കുകയാണെങ്കില്‍ ഇതിന് പരിഹാരം കാണാവുന്നതാണ്. അനിയന്ത്രിതമായി ഷവര്‍ തുറന്നുവെച്ചും അളവില്ലാതെ വെള്ളം കോരിയൊഴിച്ചും കുളിക്കു ന്നവര്‍ വെള്ളത്തിന്റെ വില മനസ്സിലാക്കി സ്വയം നിയന്ത്രിക്കാന്‍ തയ്യാറാകേണ്ടതാണ്.

പാപങ്ങള്‍ വെടിയുകയും സ്രഷ്ടാവിനോട് താണുകേണ് വരള്‍ച്ചയില്‍നിന്നും അത്യുഷ്ണത്തില്‍നിന്നും രക്ഷപ്പെടുത്താന്‍ പ്രാര്‍ഥിക്കുകയും ചെയ്യുക എന്നതാണ് വിശ്വാസികള്‍ ചെയ്യാനുള്ളത്. മഴ ലഭിക്കുവാന്‍ വേണ്ടി പ്രത്യേക നമസ്‌കാരം തന്നെ ഇസ്‌ലാം പഠിപ്പിക്കുന്നു എന്നത് ശ്രദ്ധേയമാണ്.