മുസ്ലിം സ്ത്രീകളുടെ പള്ളിപ്രവേശം കോടതി പറഞ്ഞതിനുമപ്പുറം

അബ്ദുല്‍ മാലിക് സലഫി

2019 മെയ് 04 1440 ശഅബാന്‍ 28
സ്ത്രീ-പുരുഷ ഭേദമില്ലാതെ ഇസ്‌ലാം മതവിശ്വാസിക്ക് അവരുടെ പള്ളിയില്‍ പ്രവേശനമനുവദിക്കണമെന്ന ഹര്‍ജി സുപ്രീം കോടതി ഫയലില്‍ സ്വീകരിച്ചിരിക്കുകയാണ്. ഇക്കാര്യത്തില്‍ അഭിപ്രായമാരാഞ്ഞ് കേന്ദ്ര സര്‍ക്കാരിനും മുസ്‌ലിം വ്യക്തി നിയമ ബോര്‍ഡിനും കേന്ദ്ര വക്വ്ഫ് കൗണ്‍സിലിനും സുപ്രീം കോടതി നോട്ടീസയക്കുകയും ചെയ്തു. പ്രവാചകവചനങ്ങള്‍ക്കപ്പുറം പൗരോഹിത്യത്തിന് പ്രാധാന്യം കല്‍പിക്കുന്ന യാഥാസ്ഥിതിക സംഘടനകള്‍ ഇതിനെതിരെ വാളുയര്‍ത്തിക്കഴിഞ്ഞു. ഹര്‍ജി പരിഗണിക്കാന്‍ കോടതിയെ പ്രേരിപ്പിച്ച ഘടകമെന്ത്? അതിനപ്പുറം, ഈ വിഷയത്തില്‍ ഇസ്‌ലാമിന്റെ നിലപാടെന്താണ്?

മുസ്‌ലിം സ്ത്രീകളെ പള്ളികളില്‍ പ്രവേശിപ്പിക്കണമെന്നാവശ്യപ്പെട്ടുള്ള ഹര്‍ജി സുപ്രീം കോടതി ഫയലില്‍ സ്വീകരിച്ചിരിക്കുകയാണ്. പൂനെ സ്വദേശികളായ ദമ്പതിമാരാണ് മുസ്‌ലിം സ്ത്രീകളെ പള്ളിയില്‍ പ്രവേശിപ്പിക്കണമെന്നാവശ്യപ്പെട്ട് സുപ്രീംകോടതിയെ സമീപിച്ചത്. അതിന്റെ അടിസ്ഥാനത്തില്‍ മുസ്‌ലിം വ്യക്തിനിയമ ബോര്‍ഡിനും കേന്ദ്ര സര്‍ക്കാറിനും കേന്ദ്ര വക്വ്ഫ് കൗണ്‍സിലിനും സുപ്രീംകോടതി നോട്ടീസയച്ചിരിക്കുകയാണ്. ഈ നോട്ടീസിനെതിരെ കേരളത്തിലെ ഇരു സമസ്തക്കാരും പ്രസ്താവനകളുമായി രംഗത്തെത്തിയിട്ടുണ്ട്. സ്ത്രീ പള്ളിപ്രവേശന വിഷയത്തില്‍ തങ്ങളുടെ പിന്തിരിപ്പന്‍ കാഴ്ചപ്പാടിനെ കോടതി തകര്‍ത്തെറിയുമോ എന്ന ആശങ്കയാണ് പ്രസ്താവനകളുമായി രംഗത്തെത്താന്‍ സമസ്തക്കുള്ള തിടുക്കം എന്ന് ആര്‍ക്കും മനസ്സിലാവും.

സത്യത്തില്‍, മുസ്‌ലിം സ്ത്രീക്ക് പള്ളികളില്‍ പോയി ആരാധനകള്‍ നിര്‍വഹിക്കുന്നതിന് സുപ്രീം കോടതിയുടെ ഒരു വിധി വരേണ്ടതുണ്ടോ? കോടതി വിധിയുടെ പിന്‍ബലത്തില്‍ ബലം പ്രയോഗിച്ച് സ്ത്രീ പള്ളി പ്രവേശനം സാധ്യമാക്കേണ്ട -ശബരിമല പോലുള്ള-സാഹചര്യം യഥാര്‍ഥത്തില്‍ ഉണ്ടോ? സത്യസന്ധമായി കാര്യങ്ങള്‍ ഗ്രഹിക്കുന്ന ഒരാള്‍ക്കും ഈ വിഷയത്തില്‍ ഇനി ഒരു വിധിയും വരേണ്ടത് കാത്തിരിക്കേണ്ടതില്ല. മതത്തിന്റെ ഒരു വിഷയത്തിലും ഭൗതിക കോടതിയല്ല വിധി പറയേണ്ടത്. മത നിയമങ്ങള്‍ പഠിപ്പിച്ച ലോക സ്രഷ്ടാവായ അല്ലാഹുവും അവന്റെ തിരുദൂതനും ഈ വിഷയത്തില്‍ സുവ്യക്തമായ വിധികള്‍ നല്‍കിയിട്ടുണ്ട്. ആ വിധി എല്ലാവരും സന്‍മനസ്സോടെ സ്വീകരിച്ചാല്‍ തീരുന്നതേയുള്ളൂ വിവാദങ്ങള്‍.

ക്വുര്‍ആനില്‍ എവിടെയും സ്ത്രീകള്‍ക്ക് പള്ളിയില്‍ പോയി ആരാധനകള്‍ നടത്താന്‍ അനുവാദമില്ല എന്നൊരാശയം ഇല്ല. പള്ളികളില്‍ പ്രഥമ സ്ഥാനമലങ്കരിക്കുന്ന മസ്ജിദുല്‍ ഹറാമിനെ കുറിച്ച് അല്ലാഹു പറയുന്നു: ''തീര്‍ച്ചയായും മനുഷ്യര്‍ക്ക് വേണ്ടി സ്ഥാപിക്കപ്പെട്ട ഒന്നാമത്തെ ആരാധനാ മന്ദിരം ബക്കയില്‍ ഉള്ളതത്രെ. (അത്) അനുഗൃഹീതമായും ലോകര്‍ക്ക് മാര്‍ഗദര്‍ശകമായും (നിലകൊള്ളുന്നു)'' (ക്വുര്‍ആന്‍3:96).

പുരുഷന്‍മാര്‍ക്ക് മാര്‍ഗദര്‍ശകം എന്നല്ല ഇതിലുള്ളത്. പ്രസ്തുത പള്ളിയിലാവട്ടെ അറിയപ്പെട്ട കാലം മുതല്‍ സ്ത്രീകള്‍ ജുമുഅ, ജമാഅത്തിന് വരുന്നുണ്ട് താനും. അല്ലാഹുവിന്റെ പള്ളികളില്‍ അവന്റെ നാമം പ്രകീര്‍ത്തിക്കപ്പെടുന്നതിന് തടസ്സം സൃഷ്ടിക്കുന്നവരെ കുറിച്ച് അതിക്രമകാരികള്‍ എന്നാണ് അല്ലാഹു വിശേഷിപ്പിച്ചിട്ടുള്ളത്(2:114).  

'സ്ത്രീകള്‍ അജ്ഞാന കാലത്തെപ്പോലെ സൗന്ദര്യ പ്രകടനം നടത്തി പുറത്തിറങ്ങരുത്. അവര്‍ വീടുകളില്‍ അടങ്ങിക്കഴിയണം' (33:33) എന്ന വചനം വിശദീകരിച്ചുക്കൊണ്ട് പ്രശസ്ത ക്വുര്‍ആന്‍ വ്യാഖ്യാതാവായ ഇബ്‌നു കഥീര്‍ പറയുന്നു: ''അവര്‍ വീട്ടില്‍ അടങ്ങിയൊതുങ്ങിയിരിക്കണം. ആവശ്യമില്ലാതെ പുറത്തിറങ്ങരുത്. എന്നാല്‍ മതപരമായ ആവശ്യത്തില്‍ പെട്ടതാണ് പള്ളിയില്‍ വെച്ചുള്ള നിസ്‌ക്കാരം. അതിന് ചില നിബന്ധനകളും ഉണ്ട്'' (ഇബ്‌നു കഥീര്‍). 

ക്വുര്‍ആനില്‍ പേരു പരാമര്‍ശിക്കപ്പെട്ട ഏക വനിതയായ മര്‍യം ബീവി(റ)യോട് അല്ലാഹു പറഞ്ഞത് ''നീ സുജൂദും റുകൂഉം ചെയ്യുന്നവരുടെ കൂടെ സുജൂദും റുകൂഉം ചെയ്യുക'' എന്നാണ് (3:43). എന്തുകൊണ്ടാണ് റാകിഈനി(റുകൂഅ് ചെയ്യുന്ന പുരുഷന്‍മാര്‍)ന്റെ കൂടെ റുകൂഅ് ചെയ്യുക എന്ന് പറഞ്ഞത്? ഇമാം ബഗവി പറയുന്നു: ''റാകിആത്ത് അഥവാ റുകൂഅ് ചെയ്യുന്ന സ്ത്രീകള്‍ എന്നു പറയാതിരുന്നത് 'റാകിഈന്‍' എന്നത് സ്ത്രീയെയും പുരുഷനെയും ഒരുപോലെ ഉള്‍ക്കൊള്ളുന്നത് കൊണ്ടാണ്. ജമാഅത്തായി നിസ്‌ക്കരിക്കുന്ന പുരുഷന്‍മാരോടൊപ്പം ജമാഅത്തായി നിസ്‌ക്കരിക്കുക എന്നാണര്‍ഥമെന്നും പറയപ്പെട്ടിട്ടുണ്ട്'' (തഫ്‌സീര്‍ ബഗവി). 

ചുരുക്കത്തില്‍ ക്വുര്‍ആനില്‍ എങ്ങനെ പരിശോധിച്ചാലും സ്ത്രീകള്‍ക്ക് പള്ളി നിഷിദ്ധമാണ് എന്ന സമസ്തക്കാരുടെ വാദം നമുക്ക് കണ്ടെത്താന്‍ സാധ്യമല്ല. ഇത്രയൊക്കെ അല്ലാഹുവിന്റെ ഗ്രന്ഥം ഈ വിഷയത്തില്‍ മാര്‍ഗദര്‍ശനം നല്‍കിയിട്ടും സമസ്തക്കാര്‍ ഈ വിഷയത്തില്‍ തങ്ങളുടെ വിധി നല്‍കിയത് കാണുക: ''ജുമുഅ ജമാഅത്തുകളില്‍ പങ്കെടുക്കല്‍ അനുവദനീയവും പുണ്യകര്‍മവുമാണെന്ന് പുരോഗമനവാദികള്‍ വാദിക്കുമ്പോള്‍ അതു നിഷിദ്ധമാണെന്ന് സുന്നികള്‍ അവകാശപ്പെടുന്നു'' (സ്ത്രീകളും ജുമുഅ ജമാഅത്തും, പേജ്:9, എ.പി അബൂബക്കര്‍ മുസ്‌ലിയാര്‍).

''ജുമുഅ ജമാഅത്തിനു വേണ്ടി സ്ത്രീകള്‍ പുറത്തുപോകല്‍ നിഷിദ്ധം തന്നെയാണ്' (സുന്നി അഫ്കാര്‍ 1997 മെയ് 28). ക്വുര്‍ആനിക വിരുദ്ധമായ ഇത്തരം നിലപാടുകളിലൂടെയാണ് എക്കാലത്തും സമസ്തയുടെ സഞ്ചാരം എന്നതാണ് വസ്തുത.

പ്രവാചക അധ്യാപനങ്ങളുടെ ഏടുകള്‍ മറിച്ചാല്‍ ശതക്കണക്കിന് ഹദീഥുകള്‍ ഈ വിഷയത്തില്‍ നമുക്ക് കണ്ടെത്താനാവും. എല്ലാം സ്ത്രീകള്‍ക്ക് പള്ളിവാതിലുകള്‍ തുറന്നു കൊടുക്കുന്നവ തന്നെയാണ്. ചില ഉദാഹരണങ്ങള്‍ ശ്രദ്ധിക്കുക: ''അല്ലാഹുവിന്റെ ദാസികളായ സ്ത്രീകളെ അല്ലാഹുവിന്റെ പള്ളികളില്‍ നിന്നും നിങ്ങള്‍ തടയരുത്'' (മുസ്‌ലിം: 442). 

ഈ പോക്ക് നിസ്‌കരിക്കാന്‍ തന്നെയാണ്. നബി ﷺ  പറയുന്നത് കാണുക: ''നിങ്ങള്‍ അല്ലാഹുവിന്റെ ദാസികളായ സ്ത്രീകള്‍ അല്ലാഹുവിന്റെ പള്ളികളില്‍ നിസ്‌കരിക്കുന്നതിനെ തടയരുത്'' (ഇബ്‌നു മാജ:16). 

ഭാര്യമാര്‍ പള്ളിയില്‍ പോകാന്‍ അനുവാദം ചോദിച്ചാല്‍ നിങ്ങള്‍ അനുവാദം നല്‍കണം എന്ന് നബി  ﷺ  ഭര്‍ത്താക്കന്‍മാരോട് വ്യക്തമായി പറയുമ്പോള്‍ (മുസ്‌ലിം: 442) സമസ്തയുടെ വാദപ്രകാരം നിഷിദ്ധമായ ഒരു സംഗതിക്ക് അനുവാദം നല്‍കണം എന്നു തിരുമേനി ﷺ  പറഞ്ഞു എന്നാണു വരിക. ഒരു വിശ്വാസിക്കിത് അംഗീകരിക്കാന്‍ പറ്റുമോ? അപ്പോള്‍ സമസ്തക്കാരുടെ 'നിഷിദ്ധ'മെന്ന നിലപാട് പ്രമാണ വിരുദ്ധമാണെന്ന് സ്പഷ്ടമായി. രാത്രിയില്‍ പോലും സ്ത്രീകളെ തടയരുത് എന്നതാണ് പ്രവാചക നിര്‍ദേശം. (അഹ്മദ്: 5021).

മാതൃകാ മഹതികളായ സ്വഹാബി വനിതകള്‍ നബി ﷺ യുടെ കൂടെ ജമാഅത്തുകളിലും ജുമുഅയിലും പങ്കെടുത്തിരുന്നു എന്നതിന് നിരവധി തെളിവുകള്‍ ഉണ്ട്. ഉമര്‍(റ)വിന്റെ ഭാര്യ സ്വുബ്ഹിക്കും ഇശാഇനുമൊക്കെ പള്ളിയില്‍ ജമാഅത്തില്‍ പങ്കെടുത്തിരുന്നുവെന്ന് ഇബ്‌നുഉമര്‍(റ) വ്യക്തമാക്കിയിട്ടുണ്ട് (ബുഖാരി: 900).

ആഇശ(റ) പറയുന്നത് കാണുക: ''വിശ്വാസിനികളായ സ്ത്രീകള്‍ നബി ﷺ യുടെ കൂടെ പ്രഭാത (ഫജ്ര്‍)നിസ്‌കാരത്തില്‍ മൂടുപടങ്ങള്‍ പുതച്ചുകൊണ്ട് പങ്കെടുത്തിരുന്നു. നിസ്‌കാരം കഴിഞ്ഞാല്‍ അവര്‍ വീടുകളിലേക്ക് തിരിച്ചുപോകും. ഇരുട്ടു കാരണം ആരും അവരെ തിരിച്ചറിഞ്ഞിരുന്നില്ല'' (ബുഖാരി: 578).

ഈ ഹദീഥിനെ വിശദീകരിച്ചുകൊണ്ട് പ്രസിദ്ധ പണ്ഡിതനായ ഇബ്‌നു ഹജര്‍ അസ്ഖലാനി പറയുന്നു: ''രാത്രിയില്‍ നിസ്‌കാരങ്ങളില്‍ പങ്കെടുക്കാന്‍ പള്ളികളിലേക്ക് സ്ത്രീകള്‍ പുറപ്പെട്ടു പോവല്‍ അനുവദനീയമാണെന്ന് ഈ ഹദീഥില്‍ നിന്നു ഗ്രഹിക്കാം'' (ഫത്ഹുല്‍ബാരി).

 ഇബ്‌നു ഹജര്‍(റഹ്) ശാഫിഈ മദ്ഹബിലെ അറിയപ്പെട്ട പണ്ഡിതന്‍ കൂടിയാണ് എന്നത് പ്രത്യേകം ശ്രദ്ധേയമാണ്. ഇതേ ഹദീഥിനെ വിശദീകരിച്ചുകൊണ്ട് രണ്ടാം ശാഫിഈ എന്ന പേരിലറിയപ്പെടുന്ന ഇമാം നവവി(റഹ്) പറയുന്നത് കാണുക: ''സ്ത്രീകള്‍ പള്ളിയിലെ ജമാഅത്തുകള്‍ക്ക് പങ്കെടുക്കല്‍ അനുവദനീയമാണെന്ന് ഈ ഹദീഥില്‍ നിന്നും ഗ്രഹിക്കാം'' (ശറഹു മുസ്‌ലിം). 

ഇമാം നവവി തന്നെ തന്റെ ശറഹുല്‍ മുഹദ്ദബില്‍ ഇക്കാര്യം ഒന്നു കൂടി വ്യക്തമാക്കിയിട്ടുണ്ട്: ''ഇബ്‌നുല്‍ മുന്‍ദിറും മറ്റുള്ളവരും ഏകകണ്ഠമായി ഉദ്ധരിച്ചിരിക്കുന്നു: ഒരു സ്ത്രീ പള്ളിയില്‍ വന്ന് ജുമുഅ നിസ്‌കരിക്കുന്ന പക്ഷം അത് അനുവദനീയമാണ്. പുരുഷന്‍മാരുടെ പിന്നില്‍ നബി ﷺ യുടെ പള്ളിയില്‍ നബി  ﷺ ക്ക് പിറകിലായി സ്ത്രീകള്‍ നിസ്‌കരിച്ചിരുന്നു എന്നത് ധാരാളക്കണക്കിന് സ്ഥിരപ്പെട്ട ഹദീഥുകള്‍ കൊണ്ട് തെളിഞ്ഞിട്ടുള്ളതാണ്'' (ശറഹുല്‍ മുഹദ്ദബ് 4/484).

ക്വുര്‍ആനിന്റെയും സുന്നത്തിന്റെയും സ്വഹാബത്തിന്റെയും മദ്ഹബിന്റെയും ഇത്രയും സുവ്യക്തമായ തെളിവുകള്‍ ഉണ്ടായിട്ടും ഈ വിഷയത്തില്‍ സമസ്ത സ്വീകരിച്ചിരിക്കുന്ന നിലപാട് തനി പിന്തിരിപ്പനാണെന്നതില്‍ രണ്ടു പക്ഷമില്ല. ഫിത്‌നയുടെ ഉമ്മാക്കി കാട്ടിയാണ് പള്ളി വിലക്കുന്നതെങ്കില്‍ അത് പള്ളിയിലേക്ക് മാത്രമെന്തിന് പ്രത്യേകമാക്കി എന്ന ചോദ്യത്തിന് മൗനമല്ലാതെ മറ്റൊന്നും മറുപടിയില്ല. ജാറങ്ങളിലേക്കും ഉറൂസ്, ഗാനമേളകളിലേക്കും ഏതു പാതിരാക്കും വീടുവിട്ടിറങ്ങാമെന്നും പള്ളിയിലേക്ക് മാത്രം പോയിക്കൂടെന്നുമുള്ള ഈ ദുര്‍വാശി കാല ക്രമേണയെങ്കിലും സമസ്തക്ക് തിരുത്തേണ്ടി വരും. കാരണം സമൂഹം സമസ്തയുടെ ഈ വിഷയത്തിലെ ഇരട്ടത്താപ്പ് മനസ്സിലാക്കിയിട്ടുണ്ട്. 

ഹിജാബിന്റെ ആയത്തുകൊണ്ട് ഈ തെളിവുകളെയെല്ലാം 'ഹിജാബ്' ധരിപ്പിക്കാനും സമസ്തക്കാര്‍ വൃഥാ ശ്രമം നടത്താറുണ്ട്. സത്യത്തില്‍ ഹിജാബിന്റെ ആയത്ത് എന്നത് സ്ത്രീകളുടെ പള്ളി പ്രവേശനവുമായി ബന്ധപ്പെട്ട് അവതരിച്ചതേ അല്ല. മാത്രവുമല്ല പ്രവാചകന്റെ മരണശേഷവും സ്വഹാബി വനിതകള്‍ പള്ളികളില്‍ പോയിരുന്നു എന്ന തെളിവുകള്‍ ഈ ദുര്‍ബല വാദത്തെ ഖണ്ഡിക്കുന്നുമുണ്ട്. ആത്വിക(റ)യെ ഉമര്‍(റ) വിവാഹം ചെയ്യുമ്പോള്‍ നബി ﷺ യുടെ പള്ളിയില്‍ പോയി നിസ്‌കരിക്കുന്നത് തടയാന്‍ പാടില്ല എന്ന നിബന്ധന വെച്ചിരിന്നു എന്നത് അറിയപ്പെട്ട സംഭവമാണ്. (അല്‍ ഇസ്വാബ: 4/44).

പ്രവാചക കാലത്ത് വിലക്കപ്പെട്ട സംഗതിക്ക് ഒരു സ്വഹാബി വനിത ആവശ്യമുന്നയിക്കില്ല എന്നതില്‍ സംശമില്ല. അതേ മഹതി ഉമര്‍(റ)വിന്ന് പള്ളിയില്‍ വെച്ച് കുത്തേറ്റപ്പോള്‍ അതേ പള്ളിയില്‍ ഉണ്ടായിരുന്നു (ഫത്ഹുല്‍ ബാരി: 4/407) എന്നതും ഹിജാബിന്റെ ആയത്തിനു ശേഷം സ്ത്രീകള്‍ പള്ളിയില്‍ പോയിട്ടില്ലഎന്ന വാദത്തെ തകര്‍ക്കുന്നതാണ്.

സ്ത്രീകള്‍ക്ക് വീടാണ് ഉത്തമം എന്ന റിപ്പോര്‍ട്ടുകളുടെ പിന്നാമ്പുറത്ത് നിന്ന് ഇതിനെ എതിര്‍ക്കാനാണ് മറ്റൊരു ശ്രമം. വീട് ഉത്തമമാണെങ്കില്‍ പള്ളി നിഷിദ്ധമാകുന്നതെങ്ങനെ എന്ന ചോദ്യത്തിനും സമസ്തക്കാര്‍ ഉത്തരം കണ്ടെത്തിയിട്ടില്ല.

എന്നാല്‍ ഈ രംഗത്തുള്ള ചില നീക്കങ്ങള്‍ (സമൂഹത്തിന്റ സമ്മര്‍ദം കൊണ്ടാണെങ്കിലും) ശുഭ സൂചനകളാണ് നല്‍കുന്നത.് ചില മാറ്റങ്ങളുടെ തെളിവുകള്‍ കാണുക:

''സത്യത്തില്‍ സ്ത്രീ പള്ളി പ്രവേശനം ഇസ്‌ലാമിലൊരു വിവാദ വിഷയമേയല്ല. സ്ത്രീകള്‍ക്കു പള്ളിയില്‍ പ്രവേശിക്കാന്‍ പാടില്ലെന്നു മുസ്‌ലിംകളാരും പറയുന്നുമില്ല.'' (സത്യധാര, 1999 ഏപ്രില്‍).

ഇത് പറഞ്ഞവര്‍ മുമ്പ് കൊടുത്ത ഫത്‌വ കാണുക. അപ്പോഴാണ് മാറ്റം മനസ്സിലാവുക: ''സ്ത്രീകളുടെ പള്ളി പ്രവേശം നിഷിദ്ധം; സമസ്ത മുശാവറ'' (ചന്ദ്രിക ദിനപത്രം, 1997 മാര്‍ച്ച് 23).

നിഷിദ്ധം എന്നു പറഞ്ഞവര്‍ ശേഷം അതൊരു വിഷയമേ അല്ല എന്നാക്കി മാറ്റിയിട്ടുണ്ടെങ്കില്‍ അതൊരു നല്ല ലക്ഷണം തന്നെയാണ്. അതിനുശേഷം ഏകദേശം രണ്ട് പതിറ്റാണ്ടു കഴിഞ്ഞു. അതിനിടയില്‍ വേറെയും മാറ്റം പ്രത്യക്ഷപ്പെട്ടു; ഇരു സമസ്തക്കാരുടെയും പള്ളിയോടു ചേര്‍ന്ന് 'യാത്രക്കാരികളായ സ്ത്രീകളുടെ നിസ്‌ക്കാര സ്ഥലം' എന്നെഴുതിയ ബോര്‍ഡ്. ഇത് എവിടെ നിന്നു വന്നു? ഇതിനെന്താണ് തെളിവ്? ഇങ്ങനെയൊരു മുസ്വല്ല (പള്ളി എന്നു പറയില്ല!) പ്രവാചകന്റെ കാലത്തുണ്ടോ? പ്രവാചകന്റെ കാലത്ത് സ്ത്രീകള്‍ യാത്ര നടത്തിയിട്ടില്ലേ? ഇതിനൊന്നും ഉത്തരമില്ല എങ്കിലും ഇത്രയെങ്കിലും നിങ്ങള്‍ മാറിയതിന് നന്ദി. 

ഇങ്ങനെ സൗകര്യം ഒരുക്കണമെന്ന് അവര്‍ സമൂഹത്തോട് ആവശ്യപ്പെടുന്ന വരികള്‍ കാണുക: ''വിമാനത്താവളം മഹാന്‍മാരുടെ മക്വ്ബറകള്‍, ആശുപത്രികള്‍, പ്രധാന പട്ടണങ്ങള്‍ തുടങ്ങിയ സ്ഥലങ്ങളില്‍ മുസ്‌ലിം സ്ത്രീകള്‍ക്ക് നിസ്‌കരിക്കാന്‍ പ്രത്യേകം സൗകര്യം ഏര്‍പ്പെടുത്താന്‍ മുസ്‌ലിം സമുദായം മുന്നോട്ടു വരണമെന്ന് SKSSF സംസ്ഥാന സെക്രട്ടറിയേറ്റ് ആവശ്യപ്പെട്ടു'' (സമസ്ത 70ാം വാര്‍ഷിക സ്മരണിക, പേജ്:94).

പ്രത്യേക സൗകര്യത്തിന്റെ ആവശ്യമില്ല; അതു പള്ളിയുടെ ഭാഗം തന്നെ ആയാല്‍ മതി എന്ന് കൂടി സമസ്ത തിരുത്തിയാല്‍ വിവാദം അവിടെ അവസാനിക്കും. അതാണ് പ്രമാണങ്ങളുടെ കൂടെ സഞ്ചരിക്കുന്നവര്‍ ചെയ്യേണ്ടത്. മുന്‍കാല നിലപാടുകള്‍ സത്യം പറയുന്നതില്‍ നിന്ന് സമസ്തയെ തടയാതിരിക്കട്ടെ എന്നതാണ് സമുദായ താല്‍പര്യം. അപ്പോള്‍ പിന്നെ സുപ്രീം കോടതിയുടെ നോട്ടീസ് ഭയക്കേണ്ടതില്ല. അതല്ല, പിന്തിരിപ്പന്‍ നിലപാടില്‍ നിന്ന് പിന്തിരിയാന്‍ പരിപാടി ഇല്ലെങ്കില്‍ ഇഹലോകത്തെ കോടതിവിധി എന്താണെങ്കിലും പരലോകത്തെ കോടതിയില്‍ അനുകൂലമായ വിധിയായിരിക്കില്ല നിങ്ങളെ കാത്തിരിക്കുന്നത് എന്ന് സ്‌നേഹബുദ്ധ്യാ ഉണര്‍ത്തുന്നു.