മരണാനന്തരം?

മുബാറക്ബിന്‍ ഉമര്‍

2019 ഏപ്രില്‍ 27 1440 ശഅബാന്‍ 22
എണ്ണിയാലൊടുങ്ങാത്ത അക്രമങ്ങളും അനീതിയുമാണ് സമൂഹത്തില്‍ നടന്നുകൊണ്ടിരിക്കുന്നത്. പലതും പിടിക്കപ്പെടുന്നു. എന്നാല്‍, പിടിക്കപ്പെടാത്തതും ആരാണ് ചെയ്തത് എന്ന് തിട്ടപ്പെടുത്താന്‍ കഴിയാത്തതുമാണ് ഭൂരിഭാഗവും. ചിലപ്പോഴെങ്കിലും നിരപരാധികള്‍ ശിക്ഷിക്കപ്പെടുന്നു; അപരാധികള്‍ രക്ഷപ്പെടുന്നു. കിട്ടിയ ശിക്ഷയാവട്ടെ പൂര്‍ണമല്ല താനും. എന്താണ് കുറ്റം ചെയ്തവര്‍ക്കുള്ള ആത്യന്തിക ശിക്ഷ? നിരപരാധികളെന്ന് കണ്ട് നീണ്ട വര്‍ഷത്തെ തടവിന് ശേഷം വിട്ടയക്കപ്പടുന്നവര്‍ക്ക് എന്ത് നഷ്ടപരിഹാരം നല്‍കിയാലാണ് അനുഭവിച്ച പ്രയാസങ്ങള്‍ക്ക് പകരമാവുക? തെല്ലും പക്ഷപാതിത്വമില്ലാതെ, നീതിയുക്തമായ പരിഹാരം നിര്‍ദേശിക്കാന്‍ സൃഷ്ടിച്ച സ്രഷ്ടാവിനേ കഴിയൂ. അതിന് മരണാനന്തര ജീവിതവും പരലോകത്തെ രക്ഷ-ശിക്ഷാ വിധികളും മാത്രമെ ഉപകരിക്കൂ.

അമേരിക്കയിലെ വാഷിംഗ്ടണില്‍ നിന്നൊരു വാര്‍ത്ത: ഇരട്ട കൊലപാതകത്തിന് ശിക്ഷിക്കപ്പെട്ട് 39 വര്‍ഷം ജയിലില്‍ കഴിയുകയും ഒടുവില്‍ നിരപരാധിയെന്നു കണ്ടെത്തി വിട്ടയക്കപ്പെടുകയും ചെയ്ത ക്രെഗ് കോലിക്ക് കാലിഫോര്‍ണിയയിലെ സിമിവാലി നഗരസഭ നഷ്ടപരിഹാരം നല്‍കിയത് 150 കോടി രുപ. 1978ല്‍ കാമുകി റോന്‍ഡവിറ്റ് (24), മകന്‍ ഡോണള്‍ഡ് (4) എന്നിവരെ ശ്വാസം മുട്ടിച്ച് കൊന്നുവെന്ന കേസിലാണ് കോലി പരോളില്ലാത്ത ജീവപര്യന്ത തടവിന് ശിക്ഷിക്കപ്പെട്ടത്. 32 വയസ്സുകാരനായി ജയിലില്‍ പോയ കോലി കഴിഞ്ഞവര്‍ഷം 71-ാം വയസ്സിലാണ് ജയില്‍ മോചിതനായത്. കൊലനടന്ന സ്ഥലത്തിനടുത്ത് കോലിയുടെ ട്രക്കും കോലിയെന്ന് തോന്നിക്കുന്ന ഒരാളിനെയും കണ്ടു എന്ന അയല്‍ക്കാരിയുടെ മൊഴിയാണ് ശിക്ഷയിലേക്ക് നയിച്ചത്. 1989ല്‍ കേസ് പുനരന്വേഷണത്തിനെടുക്കുകയായിരുന്നു. കുറ്റകൃത്യസ്ഥലത്ത് നിന്നു ശേഖരിച്ച ഡി.എന്‍.എ. തെളിവുകള്‍ അന്നു പരിശോധിച്ചിരുന്നില്ല. അവ പരിശോധന നടത്തിയപ്പോഴാണ് കൊലനടത്തിയത് കോലിയല്ലെന്നു തെളിഞ്ഞത്.

കുറ്റവാളിയല്ലാത്തയാള്‍ക്ക് ജയിലില്‍ കഴിച്ചുകൂട്ടേണ്ടിവന്നത് 39 വര്‍ഷം. ഇത് പോലെ എത്രയെത്ര നിരപരാധികള്‍ ലോകരാജ്യങ്ങളിലെ ജയിലുകളില്‍ തീ തിന്നു കഴിഞ്ഞുകൂടുന്നുണ്ടാകും?! നമ്മുടെ മലയാളക്കരയില്‍ തന്നെ എത്രയോ പേരുണ്ട് ജയിലുകളില്‍ കഴിഞ്ഞുകൂടുന്നു; കുറ്റപത്രം പോലും തയ്യാറാക്കപ്പെടാത്തവരായി. യഥാര്‍ഥത്തില്‍ വിചാരണകഴിഞ്ഞ്, ശിക്ഷിക്കപ്പെട്ട് ജയിലില്‍ കിടക്കുന്നവരെക്കാള്‍ അധികമുള്ളത് കുറ്റപത്രം പോലും സമര്‍പിക്കപ്പെടാതെ, റിമാന്‍ഡില്‍ കഴിയുന്നവരാണ് എന്നൊരു കണക്ക് കണ്ടതോര്‍ക്കുന്നു. ഒരു റിട്ടയേര്‍ഡ് ജഡ്ജി എഴുതിയ ലേഖനത്തില്‍ പറയുന്നു; സംശയത്തിന്റെ പേരില്‍ ആരെയും പൊലീസിനു പിടിക്കാം. പൊക്കി അകത്തിടാം. അകത്തായാല്‍ പിന്നെ, പുറത്തുവരാതിരിക്കാനുള്ള എല്ലാ ഏര്‍പ്പാടും അവര്‍ തന്നെ ചെയ്ത് കൊള്ളും എന്ന്! എന്തൊരു ലോകമാണിത്! നിയമവും പൊലീസും കോടതിയുമെല്ലാമുള്ള നാട്ടിലാണിത്! ശക്തമായ ജനാധിപത്യ വ്യവസ്ഥ നിലനില്‍ക്കുന്നു എന്നു കൊട്ടിഘോഷിക്കപ്പെടുന്ന ഒരു രാജ്യത്താണിതെന്നോര്‍ക്കണം.

കുറ്റമാരോപിക്കപ്പെട്ട ആ അമേരിക്കക്കാരന്‍ 32ാം വയസ്സില്‍ കല്‍തുറുങ്കിലായി. 71ാം വയസ്സില്‍ പുറത്തുവന്നു. നീണ്ട മുപ്പത്തിയൊമ്പത് വര്‍ഷം! ആ യാതനകള്‍ക്കും വേദനകള്‍ക്കും പകരമാകുമോ 150 കോടി? അത്രയും പണം കൊണ്ട് ആ സാധുവിന് നഷ്ടമായതെല്ലാം തിരിച്ചുകൊടുക്കാനാകുമോ? അവിടത്തെ നിയമത്തിന്റെ ശക്തികൊണ്ട് നഷ്ടപരിഹാരം കിട്ടുകയെങ്കിലുമുണ്ടായി എന്ന് സമാധാനിക്കാം. ഒരു നഷ്ടപരിഹാരവും കിട്ടാത്തവരോ? നെല്‍സന്‍ മണ്ടേല 28 വര്‍ഷം ജയിലില്‍ കിടന്നു! എന്നാല്‍ അത് തന്റെ നാട്ടിന്റെയും നാട്ടുകാരുടെയും വര്‍ണവെറിയില്‍നിന്നുള്ള മോചനത്തിനായിരുന്നു. ജയില്‍ മോചിതനായ മണ്ടേല ദക്ഷിണാഫ്രിക്കയുടെ പ്രസിഡന്റായി നാടുഭരിക്കുകയും ചെയ്തു. അതൊക്കെ അപൂര്‍വങ്ങളില്‍ അപൂര്‍വമായി സംഭവിക്കുന്ന കാര്യം!

ഇതിന്റെ നേരെ മറുവശത്ത് ഒരു കാഴ്ചയുണ്ട്; കുറ്റവാളികള്‍ ശിക്ഷിക്കപ്പെടാതെ സര്‍വതന്ത്രസ്വതന്ത്രരായി നടക്കുന്ന കാഴ്ച! നമ്മുടെ സംസ്ഥാനത്തും ഇന്ത്യയിലെ ഇതര സംസ്ഥാനങ്ങളിലും ഇത്തരത്തിലുള്ള അനേകമനേകം സംഭവങ്ങള്‍ കാണാം. കൊലയോ കൊള്ളിവെപ്പോ പെണ്‍വാണിഭമോ എന്ത് തന്നെ നടത്തിയവരായാലും പണവും അധികാരവും ഉന്നതങ്ങളില്‍ പിടിപാടും സമര്‍ഥരായ വക്കീലുമാരുമുണ്ടെങ്കില്‍ ജയിലിനു പുറത്തുതന്നെ സുഖമായി, സൈ്വര്യമായി ജീവിക്കാം എന്നതാണ് നമ്മുടെ നാട്ടിലെ അവസ്ഥ. അതൊന്നുമില്ലാത്തവര്‍ ജയിലിലടക്കപ്പെടുകയും ചെയ്യുന്നു. വമ്പന്‍ അഴിമതി നടത്തി കോടാനുകോടികള്‍ മുക്കി അന്യനാട്ടില്‍ പോയി ചിലരൊക്കെ വിലസുന്നതായി നാം അറിയുന്നു. കര്‍ണാടകയിലെ ഒരു നേതാവ് ഉന്നതരായ നേതാക്കള്‍ക്ക് 1800 കോടി വീതംവെച്ചു നല്‍കിയ വാര്‍ത്ത പത്രങ്ങള്‍ വന്‍ പ്രാധാന്യത്തോടെ കൊടുത്തത് നാം വായിച്ചു. 

യഥാര്‍ഥത്തില്‍ ഇങ്ങനെയായാല്‍ മതിയോ? പോരാ! ഇത് നീതിയല്ല, ന്യായമല്ല എന്ന് നമ്മുടെ മനസ്സ് പറയുന്നു. കുറ്റവാളി ശിക്ഷിക്കപ്പെടണം. നിരപരാധി ശിക്ഷിക്കപ്പെട്ടകൂടാ. ആയിരം കുറ്റവാളികള്‍ രക്ഷപ്പെട്ടാലും ഒരു നിരപരാധി പോലും ശിക്ഷിക്കപ്പെട്ടുകൂടാ എന്ന ഇന്ത്യന്‍ നീതിന്യായ വ്യവസ്ഥയുടെ ആധാരം മതിയോ? ഓരോരുത്തര്‍ക്കും അവനവന്‍ ചെയ്ത പ്രവര്‍ത്തനങ്ങള്‍ക്കും പ്രതിഫലം കിട്ടണം. മര്‍ദിതനും അക്രമിക്കപ്പെട്ടവനും നഷ്ടപരിഹാരം ലഭിക്കണം. അക്രമവും അന്യായവും ചെയ്തവന് അതിന് തക്കതായ പ്രതിഫലവും നന്മയും ന്യായവും സല്‍കര്‍മവും ചെയ്തവന് കൃത്യമായ പ്രതിഫലവും ലഭിക്കണം. ഈ ലോകത്ത് അത് കിട്ടുന്നില്ലെന്നത് വ്യക്തം. നാം നിത്യേന പല തവണ കാണുന്ന അനുഭവമാണത്. 

ഭ്രാന്തമായ പക്ഷപാതിത്വ ചിന്തയാല്‍ ജനലക്ഷങ്ങളെ കൊന്നൊടുക്കിയ സ്റ്റാലിനും ലെനിനും ഹിറ്റ്‌ലറും പോള്‍പോട്ടും, അവരാല്‍ കൊല്ലപ്പെട്ടവരും ഒരേ പോലെയായാല്‍ പറ്റുമോ? വിഷപദാര്‍ഥങ്ങള്‍ മനുഷ്യര്‍ ഭക്ഷിക്കുന്ന വസ്തുക്കളില്‍ കലര്‍ത്തി വമ്പന്‍ ലാഭം കൊയ്യുന്ന കമ്പനിയുടമകളും കോര്‍പറേറ്റുകളും, അവ തിന്ന് മാരകമായ രോഗങ്ങള്‍ക്ക് അടിമകളാകുന്ന സാധാരണക്കാരും തുല്യമാകുന്നതെങ്ങനെ? സമൂഹത്തിന്റെ കുഴപ്പങ്ങളുണ്ടാക്കി ഛിദ്രതയും കൊലയും നടത്തി മറക്കുപിന്നില്‍ നില്‍ക്കുന്നവര്‍ ശിക്ഷിക്കപ്പെടേണ്ടതല്ലേ?

തീര്‍ച്ചയായും! ഈ ഭൗതികലോകത്തെ നിയമങ്ങള്‍ക്കോ നീതിപാലകര്‍ക്കോ കോടതികള്‍ക്കോ അതിന് സാധ്യമല്ല. കുറച്ചൊക്കെ നടപ്പാക്കാം. എന്നാല്‍ പൂര്‍ണമായ നീതി നടപ്പിലാക്കപ്പെടുന്ന ഒരു വേദിയുണ്ടെന്ന് ഇസ്‌ലാം വ്യക്തമാക്കുന്നു. ഈ ഭൂമുഖത്ത് വന്ന ഒരു ലക്ഷത്തില്‍ പരം ദൈവദൂതന്മാരും ദൈവികഗ്രന്ഥങ്ങളും മനുഷ്യസമൂഹത്തെ പഠിപ്പിച്ച അടിസ്ഥാന വിഷയങ്ങളില്‍ ഒന്നാണത്. വിശുദ്ധ വേദഗ്രന്ഥങ്ങളില്‍ ഒടുവിലവതരിപ്പിക്കപ്പെട്ട ക്വുര്‍ആന്റെ മൊത്തം പ്രതിപാദ്യത്തിന്റെ മൂന്നിലൊന്ന് ഇക്കാര്യമാണ്. മരണശേഷം മനുഷ്യരെയൊന്നടങ്കം രണ്ടാമതും ജീവിപ്പിക്കും. കൃത്യമായ വിചാരണ നടക്കും. നന്മക്ക് ഇരട്ടിയിരട്ടിയായി പ്രതിഫലം നല്‍കപ്പെടും. തിന്മക്ക് അതിന് തുല്യമായ പ്രതിഫലം മാത്രം ശിക്ഷയായി നല്‍കപ്പെടും.

ഇങ്ങനെ മരണശേഷം മനുഷ്യരെ വീണ്ടും ജീവിപ്പിക്കുമെന്നോ? മണ്ണില്‍ നുരുമ്പി നശിച്ചുപോയ, കത്തിച്ചാമ്പലായ, വെള്ളത്തില്‍ ജീവികള്‍ തിന്നുതീര്‍ത്ത... കോടാനുകോടി മനുഷ്യരെയൊക്കെ രണ്ടാമതും ജീവിപ്പിക്കുമെന്നു പറയുന്നത് സാധ്യമാണോ? മുന്‍കഴിഞ്ഞ എല്ലാ സമൂഹങ്ങളിലും ഇതിനെ നിഷേധിക്കുകയോ, ഇതില്‍ സംശയമുന്നയിക്കുകയോ ചെയ്തവര്‍ ധാരാളമുണ്ടായിട്ടുണ്ട്. നുരുമ്പിപ്പോയ എല്ലില്‍ തുണ്ടെടുത്ത് കയ്യിലിട്ട് ഉരച്ചുപൊടിയാക്കി ഊതിപ്പറപ്പിച്ച്, ഊതിയാല്‍ പാറിപ്പോകുന്ന ഈ എല്ലിനെ ആര് ജീവിപ്പിക്കും എന്ന് ഒരു നിഷേധി ചോദിക്കുന്ന രംഗ് ക്വുര്‍ആനില്‍ സൂറഃ യാസീന്റെ അവസാന ഭാഗത്ത് വരച്ചുകാണിക്കുന്നുണ്ട്. 

''മനുഷ്യന്‍ കണ്ടില്ലേ; അവനെ നാം ഒരു ബീജകണത്തില്‍ നിന്നാണ് സൃഷ്ടിച്ചിരിക്കുന്നതെന്ന്? എന്നിട്ട് അവനതാ ഒരു പ്രത്യക്ഷമായ എതിര്‍പ്പുകാരനായിരിക്കുന്നു. അവന്‍ നമുക്ക് ഒരു ഉപമ എടുത്തുകാണിക്കുകയും ചെയ്തിരിക്കുന്നു. തന്നെ സൃഷ്ടിച്ചത് അവന്‍ മറന്നുകളയുകയും ചെയ്തു. അവന്‍ പറഞ്ഞു: എല്ലുകള്‍ ദ്രവിച്ച് പോയിരിക്കെ ആരാണ് അവയ്ക്ക് ജീവന്‍ നല്‍കുന്നത്? പറയുക: ആദ്യതവണ അവയെ ഉണ്ടാക്കിയവനാരോ അവന്‍ തന്നെ അവയ്ക്ക് ജീവന്‍ നല്‍കുന്നതാണ്. അവന്‍ എല്ലാതരം സൃഷ്ടിപ്പിനെപ്പറ്റിയും അറിവുള്ളവനത്രെ'' (ക്വുര്‍ആന്‍ 36:77-79). 

ആ എല്ലിനെ ആദ്യമാര് സൃഷ്ടിച്ചുവോ അവന്‍ രണ്ടാമതും ജീവിപ്പിക്കും എന്ന് മറുപടി കൊടുക്കാന്‍ ക്വുര്‍ആന്‍ കല്‍പിക്കുന്നു. ആ എല്ല് ഒരു ജീവിയുടെ ശരീരത്തിലിവിടെ ഉണ്ടായിരുന്നു. ആ ജീവി ഭൂമിയില്‍ ജീവനോടെ നടന്നിരുന്നു. അന്ന് ആ ജീവിയെ സൃഷ്ടിച്ചതാരായിരുന്നു? ആ സ്രഷ്ടാവ് രണ്ടാമതും ജീവന്‍ നല്‍കും. ഒരിക്കല്‍ ജീവന്‍ കൊടുത്ത് സൃഷ്ടിച്ച് സംവിധാനിച്ചവന്ന് വീണ്ടും ഒരിക്കല്‍ കൂടി സൃഷ്ടിക്കുവാന്‍  എന്തുണ്ട് പ്രയാസം?

അതിനു ശേഷം ക്വുര്‍ആന്‍ ചില കാര്യങ്ങള്‍ ചിന്തിക്കാനായി ബുദ്ധിയുള്ളവര്‍ക്ക് മുമ്പിലിട്ടുതരുന്നു:''പച്ചമരത്തില്‍ നിന്ന് നിങ്ങള്‍ക്ക് തീ ഉണ്ടാക്കിത്തന്നവനത്രെ അവന്‍. അങ്ങനെ നിങ്ങളതാ അതില്‍ നിന്ന് കത്തിച്ചെടുക്കുന്നു'' (36:80).

പച്ച മരത്തില്‍ നിന്ന് തീയുണ്ടാക്കിത്തരുന്നവനാണവന്‍. നിങ്ങളതാ അതില്‍ നിന്ന് കത്തിക്കുന്നു. പച്ചമരത്തില്‍ നിന്നെങ്ങനെയാണ് കത്തുന്ന തീയുണ്ടാകുന്നത്? ഒരത്ഭുതമല്ലേ അത്? എങ്ങനെയാണത് സംഭവിക്കുന്നത്? ഓട തമ്മില്‍ ഉരസിയാല്‍ തീയുണ്ടാകും. അങ്ങനെ കൊടുംകാട്ടില്‍ കാട്ടുതീ പടരും. മരങ്ങളുടെയും ജീവികളുടെയും ഫോസിലുകളില്‍ നിന്നാണ് ഇപ്പോള്‍ നാമുപയോഗിക്കുന്ന പെട്രോളും ഡീസലും ഗ്യാസുമുണ്ടാക്കുന്നത്. ഒരു കാലത്ത് പച്ചമരമായിരുന്നത് ഇപ്പോള്‍ നമ്മുടെ ഇന്ധനമായിത്തീര്‍ന്നിരിക്കുന്നു! ബയോഗ്യാസ്എന്തില്‍ നിന്നാണുണ്ടാകുന്നത്?

തുടര്‍ന്ന് ക്വുര്‍ആന്‍ ചൂണ്ടിക്കാണിക്കുന്നത് പ്രപഞ്ചസൃഷ്ടിപ്പിനെ സംബന്ധിച്ചാണ്: ''ആകാശങ്ങളും ഭൂമിയും സൃഷ്ടിച്ചവന്‍ അവരെപ്പോലുള്ളവരെ സൃഷ്ടിക്കാന്‍ കഴിവുള്ളവനല്ലേ? അതെ, അവനത്രെ സര്‍വവും സൃഷ്ടിക്കുന്നവനും എല്ലാം അറിയുന്നവനും. താന്‍ ഒരു കാര്യം ഉദ്ദേശിച്ചാല്‍ അതിനോട് ഉണ്ടാകൂ എന്ന് പറയുക മാത്രമാകുന്നു അവന്റെ കാര്യം. അപ്പോഴതാ അതുണ്ടാകുന്നു'' (36:81,82). 

അനന്തവിശാലമായ ഈ അണ്ഡകടാഹവും മനുഷ്യജീവിതത്തിന്നായി എല്ലാം സംവിധാനിച്ച ഭൂമിയും സൃഷ്ടിച്ചൊരുക്കി നിയന്ത്രിക്കുന്ന മഹാസ്രഷ്ടാവിന് മനുഷ്യരെ രണ്ടാമതും സൃഷ്ടിക്കാനാണോ ഇത്രപാട് എന്ന് ക്വുര്‍ആന്‍ ചോദിക്കുകയാണ്. 

വളരെ അര്‍ഥവത്തായ, ചിന്താര്‍ഹമായ ചോദ്യമാണിത്. ഈ പ്രപഞ്ചത്തെയൊന്ന് നോക്കുക. സൂര്യന്‍ പ്രകാശിക്കുന്ന ഒരു നക്ഷത്രമാണ്. സൂര്യനുള്‍ക്കൊള്ളുന്ന നമ്മുടെ ക്ഷീരപഥത്തില്‍ പതിനായിരം കോടി നക്ഷത്രങ്ങള്‍! അത്തരത്തിലുള്ള 1300 ഗ്യാലക്‌സികള്‍ ഒരു ക്ലസ്റ്ററില്‍. അനേക കോടി ക്ലസ്റ്ററുകള്‍! നമ്മുടെ ക്ഷീരപഥത്തിന്റെ വ്യാസം ഒരു ലക്ഷം പ്രകാശവര്‍ഷം. പ്രകാശം ഒരു വര്‍ഷത്തില്‍ സഞ്ചരിക്കുന്ന ദൂരമാണ് പ്രകാശവര്‍ഷമെന്നത്. ഒരു സെക്കന്റില്‍ പ്രകാശരശ്മികള്‍ മൂന്നുലക്ഷം കി.മീറ്റര്‍ സഞ്ചരിക്കുന്നു. അപ്പോള്‍ 3 ലക്ഷംX60X60X24X365. അതായത് ഏകദേശം ഒമ്പതര ലക്ഷം കോടി കി.മീറ്റര്‍. സൂര്യന്‍ ക്ഷീരപഥ കേന്ദ്രത്തെ ചുറ്റുന്ന വേഗത മണിക്കൂറില്‍ ഒരു ലക്ഷം കി.മീ. സൗരയൂഥം വൃത്താകാര പഥത്തിലൂടെ താരസമൂഹ കേന്ദ്രത്തെ ഭ്രമണം ചെയ്യുന്നു. സൗരയൂഥ (ഭൂമിയടക്കമുള്ള ഗ്രഹങ്ങളുള്‍ക്കൊള്ളുന്ന)ത്തിലെ ദ്രവ്യത്തിന്റെ 99.87% സൂര്യനാണ്. ബാക്കിയുള്ള ഒമ്പത് (എട്ട് എന്നും അഭിപ്രായമുണ്ട്) ഗ്രഹങ്ങളും ഉപഗ്രഹങ്ങളും എല്ലാം കൂടി 0.13% മാത്രമേ വരൂ. 

ഭൂമിയില്‍ നിന്ന് 14,94,07,000 കി.മീ. അകലെയാണ് സൂര്യന്‍. സൂര്യനില്‍ 81.76% ഹൈഡ്രജന്‍, 18.7% ഹീലിയം, സോഡിയം, കാല്‍സ്യം 0.07%... ഒരോ സെക്കന്റിലും സൂര്യനില്‍ 6570 ലക്ഷം ടണ്‍ ഹൈഡ്രജന്‍ ഹീലിയമായി മാറിക്കൊണ്ടിരിക്കുന്നു. അവിടെ ഒരു സെക്കന്റില്‍ ഉല്‍പാദിപ്പിക്കപ്പെടുന്ന 1025 ജൂള്‍ ഊര്‍ജം ഭൂമിയില്‍ പതിനായിരം വര്‍ഷത്തേക്കാവശ്യമായ വൈദ്യുതി ഉല്‍പാദിപ്പിക്കാന്‍ മതിയാകും. ഒന്നര കോടി സെല്‍ഷ്യസാണ് താപനില. ഭൂതലത്തിലെ മര്‍ദത്തിന്റെ പത്ത് കോടി മടങ്ങാണവിടെ. ഭൂമി ഇപ്പോഴുള്ളതില്‍ നിന്ന് അല്‍പം കൂടി സൂര്യനില്‍ നിന്ന് അകന്നിരുന്നെങ്കില്‍ യൂറാനസ്, പ്ലൂട്ടോ ഗ്രഹങ്ങളെ പോലെ തണുത്തുറഞ്ഞ ഒരു ഗ്രഹമായി മാറുമായിരുന്നു. അല്‍പം കൂടി അടുത്തിരുന്നെങ്കില്‍ ബുധനെയും ശുക്രനെയും പോലെ ചുട്ടുപൊള്ളുന്ന ഗ്രഹമായി മാറുമായിരുന്നു. ഒരു സെക്കന്റില്‍ 30 കി.മീ. (മണിക്കൂറില്‍ 10,800) വേഗതയില്‍ ഭൂമി സൂര്യനെ ചുറ്റുന്നു. അതോടൊപ്പം ഭൂമി സ്വയം ഭ്രമണം ചെയ്യുന്നുണ്ട്. ഉപരിതലത്തില്‍ അനുഭവപ്പെടുന്ന വേഗത മണിക്കൂറില്‍ 1670 കി.മീറ്റര്‍. ഒരു ദിവസം 24 മണിക്കൂറല്ല. കൃത്യമായി പറഞ്ഞാല്‍ 23 മണിക്കൂര്‍, 56 മിനുട്ട്, 4.09 സെക്കന്റ് ആണ് ഒരുതവണ സ്വയം കറങ്ങാന്‍ വേണ്ടത്. സുര്യനില്‍ നിന്നുള്ള അകലം, സൂര്യനു ചുറ്റും കറങ്ങുന്നതിന്റെ വേഗത, സ്വയം ഭ്രമണത്തിന്റെ വേഗത, അച്ചുതണ്ടിന്റെ 23.27% ചെരിവ് ഇതൊക്കെ ഭൂമിയുടെ ജീവജാലങ്ങളുടെ നിലനില്‍പ്, കാലാവസ്ഥ മാറ്റം, ഋതുഭേദങ്ങള്‍, ദിനരാത്രങ്ങളുടെ ഏറ്റക്കുറച്ചില്‍ എന്നിവയുടെ നിദാനമാണ്. ചെരിവില്ലായിരുന്നെങ്കില്‍ എല്ലാകാലത്തും ഒരേ കാലാവസ്ഥയാകുമായിരുന്നു. ചെരിവ് അല്‍പം കൂടിയിരുന്നെങ്കില്‍ അത്യുഷ്ണത്തോടെ ഗ്രീഷ്മകാലവും അതിശൈത്യത്തോടെയുള്ള ശിശിരകാലവുമുണ്ടാകുമായിരുന്നു.

'അനന്തമജ്ഞാതമവര്‍ണനീയ'മായ ഈ മഹാപ്രപഞ്ചത്തെ ഇത്ര സൂക്ഷ്മവും കൃത്യവുമായി സൃഷ്ടിച്ച്, സംവിധാനിച്ച്, നിയന്ത്രിക്കുന്നവന് മനുഷ്യരെ രണ്ടാമതും ജീവിപ്പിക്കാന്‍ ഒരു പ്രയാസവുമില്ല എന്ന് ക്വുര്‍ആന്‍ ചൂണ്ടിക്കാണിക്കുന്നു.

ഇക്കാര്യത്തില്‍ സംശയമുള്ളവരുടെ മുമ്പില്‍ വിശുദ്ധ ക്വുര്‍ആന്‍ സൂറഃ അല്‍ഹജ്ജില്‍ മൂന്നു കാര്യങ്ങള്‍ എടുത്തുകാണിക്കുന്നു:

''മനുഷ്യരേ, ഉയിര്‍ത്തെഴുന്നേല്‍പിനെ പറ്റി നിങ്ങള്‍ സംശയത്തിലാണെങ്കില്‍ (ആലോചിച്ച് നോക്കുക). തീര്‍ച്ചയായും നാമാണ് നിങ്ങളെ മണ്ണില്‍ നിന്നും പിന്നീട് ബീജത്തില്‍ നിന്നും പിന്നീട് ഭ്രൂണത്തില്‍നിന്നും അനന്തരം രൂപം നല്‍കപ്പെട്ടതും രൂപം നല്‍കപ്പെടാത്തതുമായ മാംസപിണ്ഡത്തില്‍ നിന്നും സൃഷ്ടിച്ചത്. നാം നിങ്ങള്‍ക്ക് കാര്യങ്ങള്‍ വിശദമാക്കിത്തരാന്‍ വേണ്ടി (പറയുകയാകുന്നു)...'' (അല്‍ഹജ്ജ്: 5). 

ഗര്‍ഭസ്ഥ ശിശുവിന്റെ ഘട്ടങ്ങെളക്കുറിച്ച് പറയുമ്പോള്‍ നുത്വ്ഫഃ, അലക്വഃ, മുദ്ഗഃ എന്നിങ്ങനെയുള്ള വിസ്മയിപ്പിക്കുന്ന പദപ്രയോഗങ്ങളാണ് ക്വുര്‍ആിലൂടെ അല്ലാഹു നടത്തിയിട്ടുള്ളത്. (അടുത്ത കാലത്ത് മാത്രമാണ് ഇവ സൂക്ഷ്മവും കൃത്യവുമായ പദങ്ങളാണെന്ന് ശാസ്ത്രം മനസ്സിലാകിയത്. പതിനാലു നൂറ്റാണ്ടുമുമ്പ് എങ്ങനെ ഇത് കൃത്യമായറിഞ്ഞു എന്ന് ആശ്ചര്യപ്പെട്ട്, പഠിച്ച് ക്വുര്‍ആനില്‍ ആകൃഷ്ടരായവര്‍ ഏറെ!) ഈ മൂന്നു ഘട്ടങ്ങള്‍ കഴിഞ്ഞ് ഒടുവില്‍ മനുഷ്യക്കുഞ്ഞായി പുറത്തുവരുന്നു. ഒറ്റ കോശം ഒമ്പത് മാസം കൊണ്ട് 2000 കോടി കോശങ്ങളും ഏതാനും മില്ലിഗ്രാം ഏതാണ്ട് മൂന്ന് കിലോഗ്രാമും ആയിത്തീരുന്നു! കോശങ്ങള്‍ വിഭജിച്ച് വളരുമ്പോള്‍ കണ്ണിന്റെ ഭാഗത്ത് കണ്ണും കാതിന്റെ ഭാഗത്ത് കാതും വായും നാവും ചുണ്ടും മോണയും ഹൃദയവും കരളും പാന്‍ക്രിയാസും... അങ്ങനെയങ്ങനെ ഓരോ ശരീരഭാഗങ്ങളും ഏറ്റവും വിസ്മയിപ്പിക്കുന്ന തലച്ചോറും  ഉണ്ടാകണമെന്ന് ആര് പ്ലാന്‍ ചെയ്തു? അതാതിന്റെ സഥാനത്ത് ആര് ഓരോന്നിനെയും ഘടിപ്പിച്ചു? ഇതെല്ലാം ചെയ്തവന്ന് മനുഷ്യരെ വീണ്ടും സൃഷ്ടിക്കാന്‍ ഒരു വിഷമവുമില്ല.

ജനിച്ചതിനു ശേഷം മനുഷ്യന്‍ വിവിധ ഘട്ടങ്ങള്‍ പിന്നിടുന്നതാണ് രണ്ടാമത് ചൂണ്ടിക്കാട്ടുന്നത്: ''...നാം ഉദ്ദേശിക്കുന്നതിനെ നിശ്ചിതമായ ഒരു അവധിവരെ നാം ഗര്‍ഭാശയങ്ങളില്‍ താമസിപ്പിക്കുന്നു. പിന്നീട് നിങ്ങളെ നാം ശിശുക്കളായി പുറത്ത് കൊണ്ടുവരുന്നു. അനന്തരം നിങ്ങള്‍ നിങ്ങളുടെ പൂര്‍ണശക്തി പ്രാപിക്കുന്നതു വരെ (നാം നിങ്ങളെ വളര്‍ത്തുന്നു). (നേരത്തെ) ജീവിതം അവസാനിപ്പിക്കപ്പെടുന്നവരും നിങ്ങളുടെ കൂട്ടത്തിലുണ്ട്. അറിവുണ്ടായിരുന്നതിന് ശേഷം യാതൊന്നും അറിയാതാകും വിധം ഏറ്റവും അവശമായ പ്രായത്തിലേക്ക് മടക്കപ്പെടുന്നവരും നിങ്ങളുടെ കൂട്ടത്തിലുണ്ട്...'' (അല്‍ഹജ്ജ്: 5).

മലര്‍ന്ന് കിടന്നു കരയാന്‍ മാത്രമറിയുന്ന കുഞ്ഞ് ക്രമേണ കമിഴ്ന്ന് കിടന്നു, മുട്ടുകുത്തി, ഇരുന്നു, നടന്നു, ഓടി... ശൈശവ പ്രായം കഴിഞ്ഞ് ബാലനായിത്തീര്‍ന്നു. ശേഷം കുതൂഹലങ്ങളുടെ കൗമാരപ്രായം. പിന്നെ ചോരത്തിളപ്പിന്റെ യൗവനം. ശേഷം മധ്യവയസ്‌കനായി, വയസ്സനായി... ഒടുവില്‍ മരണത്തിലെത്തിച്ചേരുന്നു. ചെറുപ്രായത്തില്‍ മരിക്കുന്നവരുമുണ്ട്. വാര്‍ധക്യത്തിലെത്തി സ്വന്തം പേര് പോലും മറന്ന് അടുത്ത് ബന്ധുക്കളെയും മക്കളെയും പോലും തിരിച്ചറിയാതെയാകുന്നവരുമുണ്ട.് രണ്ടും ക്വുര്‍ആന്‍ സൂചിപ്പിക്കുന്നുണ്ട്. ഈ ഘട്ടങ്ങളില്‍ മനുഷ്യാ, നിനക്ക് വല്ല നിയന്ത്രണവുമുണ്ടോ? ഇല്ലെങ്കില്‍ ഉറപ്പായും ഗ്രഹിച്ചുകൊള്ളുക; ഇതൊക്കെ നിയന്ത്രിക്കുന്നവന് മനുഷ്യരെ ഉയര്‍ത്തെഴുന്നേല്‍പിക്കാന്‍ ഒട്ടും പ്രയാസമില്ല.

വരണ്ടുണങ്ങിയ ഭൂമിയില്‍ മഴപെയ്താലുണ്ടാകുന്ന മാറ്റമാണ് മൂന്നാമതായി ക്വുര്‍ആന്‍ ശ്രദ്ധയില്‍ കൊണ്ടുവരുന്നത്: ''...ഭൂമി വരണ്ടു നിര്‍ജീവമായി കിടക്കുന്നതായി നിനക്ക് കാണാം. എന്നിട്ട് അതിന്‍മേല്‍ നാം വെള്ളം ചൊരിഞ്ഞാല്‍ അത് ഇളകുകയും വികസിക്കുകയും കൗതുകമുള്ള എല്ലാതരം ചെടികളെയും അത് മുളപ്പിക്കുകയും ചെയ്യുന്നു'' (അല്‍ഹജ്ജ്: 5).

മണ്ണില്‍നിന്ന് വിവിധങ്ങളായ ചെടികളുടെ മുളകള്‍ ഉയര്‍ന്നുവരുന്നു. വൈവിധ്യമാര്‍ന്ന നിറങ്ങളിലും രൂപങ്ങളിലും രുചിയിലുമുള്ള കായ്കനികളും ഫലമൂലാദികളും അവയിലുണ്ടാകുന്നു. പാറപോലെ ഉറച്ചു കിടന്നിരുന്ന മണ്ണില്‍ ഇത്രയധികം വിത്തുകളുണ്ടായിരുന്നോ? വെള്ളമെത്തിയപ്പോഴുണ്ടായ മാറ്റം അത്ഭുതപ്പെടുത്തുന്നത് തന്നെ! വരണ്ടുണങ്ങിയ മണ്ണില്‍ നിന്ന് ചെടികളെ മുളപ്പിച്ചവന്ന്, നുരുമ്പി മണ്ണോട് ചേര്‍ന്ന മനുഷ്യരെ രണ്ടാമത് പടക്കാന്‍ കഴിയുമെന്ന് മനസ്സിലാക്കിക്കോള്ളുക.

ഗര്‍ഭസ്ഥ ശിശുവിന്റെ ഘട്ടങ്ങള്‍, ജനിച്ചതിനു ശേഷമുള്ള മനുഷ്യന്റെ വളര്‍ച്ചയുടെ ഘട്ടങ്ങള്‍, വരണ്ട ഭൂമിയില്‍ വെള്ളം നല്‍കി ചെടികളുല്‍പാദിപ്പിച്ച് വളര്‍ത്തിക്കൊണ്ടുവരുന്നത്... ഇത് മൂന്നും സത്യമാണെങ്കില്‍, യാഥാര്‍ഥ്യമാണെന്ന് നിങ്ങള്‍ക്ക് ബോധ്യമാകുന്നുണ്ടെങ്കില്‍, അത് പോലെ തന്നെ സത്യമാണ് മരണ ശേഷം വീണ്ടും മനുഷ്യര്‍ക്ക് ജീവന്‍ നല്‍കി ഒരുമിച്ചു കൂട്ടി രക്ഷാശിക്ഷകള്‍ നടപ്പാക്കുമെന്നത്. അതില്‍ ആര്‍ക്കും ഒരു സംശയവും വേണ്ട.