മതം, മതനിരാസം, ഭരണഘടന

നബീല്‍ പയ്യോളി

2019 നവംബര്‍ 09 1441 റബിഉല്‍ അവ്വല്‍ 12
ജനാധിപത്യവും മതേതരത്വവും ഏറെ ചര്‍ച്ച ചെയ്യപ്പെട്ട വര്‍ഷമാണ് കടന്നുപോയത്. മതനിരാസം മാത്രമല്ല, വിശ്വാസസ്വാതന്ത്ര്യം കൂടി മതേതരത്വത്തിന്റെ പരിധിയില്‍ ഭരണഘടന ഉറപ്പുവരുത്തുന്നുണ്ട്. എന്നാല്‍ പുതിയ സംഭവവികാസങ്ങളില്‍ പലതും ഈ പൗരാവകാശങ്ങളെ ലംഘിക്കുന്നതും സമൂഹത്തിന്റെ ആരോഗ്യകരമായ നിലനില്‍പിന്റെ കടയ്ക്കല്‍ കത്തി വെക്കുന്നതുമാണ് എന്നതാണ് യാഥാര്‍ഥ്യം.

ഇന്ത്യ വൈവിധ്യങ്ങളുടെ സംഗമഭൂമിയാണ്. ലോകത്ത് മറ്റൊരു രാഷ്ട്രത്തോടും താരതമ്യം ചെയ്യാനാവാത്ത വിധം വൈവിധ്യങ്ങള്‍ നമ്മുടെ രാജ്യത്തിന്റെ പ്രത്യേകതയാണ്. ലോകത്ത് ജനാധിപത്യ സംവിധാനമുള്ള രാജ്യങ്ങള്‍ ധാരാളമുണ്ട്. എന്നാല്‍ അവയൊന്നും ഇന്ത്യയെ പോലെ വൈവിധ്യങ്ങളെ വാരിപ്പുണര്‍ന്നവയല്ല.

സെക്യുലറിസം അഥവാ മതേതരത്വം എന്നത് മൂന്ന് രീതിയില്‍ വ്യാഖ്യാനിക്കപ്പെടുന്നു. ഒന്ന് മതനിരാസമാണ്. രണ്ടാമത്തേത് മതവിശ്വാസം വ്യക്തി ജീവിതത്തിലാവാം; അതിന് സാമൂഹിക ജീവിതത്തില്‍ ഇടപെടാന്‍ അവകാശമില്ല എന്ന് അനുശാസിക്കുന്നു. മൂന്നാമത്തേത് എല്ലാ മതങ്ങളെയും ഒരുപോലെ കാണുകയും അത് വിശ്വസിച്ച് ആചരിക്കാനുള്ള സ്വാതന്ത്ര്യം നല്‍കുകയും ചെയ്യുന്നു.

'സെക്യുലറിസം' എന്നതിനെ 'മതേതരത്വം' എന്നാണ് പൊതുവെ മലയാളീകരിക്കാറുള്ളത്. അതിന്റെ വ്യാഖ്യാനത്തില്‍ ഒന്നാമത്തേതിന് പ്രാമുഖ്യം ലഭിക്കുകയും ചെയ്യുന്നു. ലോകത്ത് ജനാധിപത്യമുള്ള മിക്കവാറും രാജ്യങ്ങള്‍ പിന്തുടരുന്നതും ഒന്നാമത്തെ വ്യാഖ്യാനമാണ്. അത് യുറോപ്യന്‍ രാജ്യങ്ങളില്‍ അടക്കം നിലനില്‍ക്കുകയും ചെയ്യുന്നു. രണ്ടാമത്തെ വ്യാഖ്യാനം അനുസരിച്ച് മുന്നോട്ടുപോകുന്ന ജനാധിപത്യ രാജ്യങ്ങളും ഇന്നുണ്ട്.

ഇന്ത്യയുടെ സെക്യുലറിസം മൂന്നാമത് പറഞ്ഞതാണ്. നമ്മുടെ രാജ്യം എല്ലാ മതങ്ങളെയും ഒരേപോലെ കാണുകയും ഇഷ്ടമുള്ള മതം സ്വീകരിച്ച് ആചരിക്കുവാനും ആശയപ്രചാരണം നടത്തുവാനും പൗരന് സ്വാതന്ത്ര്യം നല്‍കുകയും ചെയ്യുന്നു. 1976ല്‍ രണ്ടാം ഭരണഘടനാഭേദഗതിയോടെയാണ് സെക്യുലറിസം എന്ന പദം ഒരു ആശയമായി ഇന്ത്യന്‍ ഭരണഘടനയില്‍ ഉള്‍പ്പെടുത്തിയത്. ഇന്ത്യന്‍ പശ്ചാത്തലത്തില്‍ സെക്യുലറിസം വായിക്കേണ്ടതും വ്യാഖ്യാനിക്കേണ്ടതും ഈ രീതിയിലാണ്. മതേതരത്വം എന്നതിനെക്കാള്‍ മതനിരപേക്ഷത എന്നതാണ് ഈ അടിസ്ഥാനത്തില്‍ സെക്യുലറിസത്തെ മലയാളീകരിക്കുമ്പോള്‍ അനുയോജ്യമായത്.

ഇന്ത്യയുടെ സവിശേഷതയെ അറിഞ്ഞോ അറിയാതെയോ നാം മറന്ന് പോകുന്നു എന്ന് പലപ്പോഴും തോന്നാറുണ്ട്. സെക്യുലറിസം എന്നതിന് മതനിരാസം എന്ന വ്യാഖ്യാനം നല്‍കി നമ്മുടെ ഭരണഘടനയെയും രാജ്യത്തിന്റെ സവിശേഷതകളെയും ചവിട്ടിമെതിക്കാന്‍ ചില തല്‍പരകക്ഷികള്‍ ശ്രമം നടത്തിക്കൊണ്ടിരിക്കുന്നുണ്ട്. അത് കഴിഞ്ഞ ഏതാനും വര്‍ഷങ്ങളായി സംഘടിതമായും ശക്തമായും തന്നെ നടന്നുവരുന്നു. ഭരണഘടനയെയും അത് നല്‍കുന്ന അവകാശങ്ങള്‍ പൗരന് ഉറപ്പുവരുത്തേണ്ട സ്ഥാപനങ്ങളെയും ഈ നിലയ്ക്ക് ദുരുപയോഗം ചെയ്യുന്ന സാഹചര്യവും രാജ്യത്ത് പലപ്പോഴായി ഉണ്ടായി. മതത്തില്‍ നിന്നും സ്വതന്ത്രരായി ജീവിക്കാന്‍ വെമ്പല്‍കൊള്ളുന്ന ചിലര്‍ സെക്യുലറിസത്തെ മറയായി സ്വീകരിക്കുന്നു. രാജ്യത്ത് ഏകശിലാത്മക ഭരണം കൊണ്ടുവരാന്‍ കാലങ്ങളായി ഫാസിസ്റ്റ് ശക്തികള്‍ നടത്തുന്ന ശ്രമങ്ങള്‍ക്ക് സമാന്തരമായി മറ്റൊരു വഴി തെരഞ്ഞെടുക്കുകയാണ് നാസ്തികര്‍ ചെയ്യുന്നത്. രണ്ട് കൂട്ടരുടെയും ലക്ഷ്യം ഏകശിലാത്മക രാജ്യം തന്നെ. ശത്രുവിന്റെ ശത്രു മിത്രമാകുന്നതും അവര്‍ പുറകിലൂടെ കൈകോര്‍ക്കുന്നതും ചരിത്രത്തിന്റെ ഇടനാഴികളില്‍ നാം പലപ്പോഴും കണ്ടതാണ്.

രാജ്യത്തിന്റെ മതനിരപേക്ഷമുഖം കാത്തുസൂക്ഷിക്കാനും വൈവിധ്യങ്ങളുടെ ഇന്ത്യയെ പൂര്‍വാധികം ശക്തിയോടെ തിരിച്ചു കൊണ്ടുവരാനും മാതൃകാപരമായ പങ്ക് വഹിക്കുന്നവരാണ് മലയാളികള്‍. വൈവിധ്യങ്ങള്‍ നിലനില്‍ക്കുമ്പോഴും ഇന്ത്യയെന്ന വികാരം ഈ രാജ്യത്തെ പൗരന്മാരെ ഒന്നിപ്പിക്കുന്നു. മത, ജാതി, ഭാഷ, വേഷ, ഭക്ഷണ, സംസ്‌കാര വൈവിധ്യങ്ങളെ ഇല്ലാതാക്കാന്‍ ഇന്ത്യയുടെ ആത്മാവുള്‍ക്കൊണ്ട ഒരാള്‍ക്കും സാധ്യമല്ല.

ഭരണഘടനയുടെ ആമുഖം നാം മനസ്സിരുത്തി വായിക്കേണ്ടതാണ്; പ്രത്യേകിച്ച് ഇന്നത്തെ സവിശേഷ സാഹചര്യത്തില്‍:

''നമ്മള്‍, ഭാരതത്തിലെ ജനങ്ങള്‍, ഇന്ത്യയെ ഒരു പരമാധികാര സ്ഥിതി സമത്വമതനിരപേക്ഷ ജനാധിപത്യ റിപ്പബ്ലിക്കായി സംവിധാനം ചെയ്യുന്നതിനും ഇന്ത്യയിലെ എല്ലാ പൗരന്മാര്‍ക്കും സാമൂഹികവും സാമ്പത്തികവും രാഷ്ട്രീയവുമായ നീതി, ചിന്ത, ആശയാവിഷ്‌കാരം, വിശ്വാസം, ഭക്തി, ആരാധന എന്നിവയ്ക്കുള്ള സ്വാതന്ത്ര്യം, സ്ഥാനമാനങ്ങള്‍, അവസരങ്ങള്‍ എന്നിവയിലുള്ള സമത്വം എന്നിവ ഉറപ്പുവരുത്തുന്നതിനും വ്യക്തിയുടെ അന്തസ്സും രാഷ്ട്രത്തിന്റെ ഐക്യവും അഖണ്ഡതയും ഉറപ്പുവരുത്തുന്ന ഭ്രാതൃഭാവം എല്ലാവരിലും വളര്‍ത്തുന്നതിനും ദൃഢനിശ്ചയം ചെയ്തുകൊണ്ട് നമ്മുടെ ഭരണഘടനാസഭയില്‍വച്ച്, 1949 നവംബറിന്റെ ഈ ഇരുപത്തിയാറാം ദിവസം, ഈ ഭരണഘടനയെ ഏതദ്ദ്വാരാ അംഗീകരിക്കുകയും അധിനിയമമാക്കുകയും നമുക്കായിത്തന്നെ സമര്‍പ്പിക്കുകയും ചെയ്യുന്നു.''

രാജ്യത്തിന്റെ ഭരണഘടന എന്തെന്നതിന്റെ ആകെത്തുക വരച്ചുകാണിക്കുകയാണ് ഈ ആമുഖം.

മതവിശ്വാസവും അതിന്റെ പ്രചാരണവും ഭരണഘടന പൗരന് നല്‍കുന്ന അവകാശമാണ്. 25ാം അനുഛേദം അത് നമുക്ക് ഉറപ്പ് നല്‍കുന്നു:

''25. ആശയ സ്വാതന്ത്ര്യം, മതം പ്രചരിപ്പിക്കുന്നതിനും പഠിപ്പിക്കുന്നതിനും പ്രാബല്യത്തില്‍ കൊണ്ടുവരുന്നതിനുമുള്ള സ്വാതന്ത്ര്യം.

1). ക്രമസമാധാനം, ധാര്‍മികത, പൊതുആരോഗ്യം, ഈ വകുപ്പിലെ മറ്റു പരാമര്‍ശങ്ങള്‍ എന്നിവ കാത്തുസൂക്ഷിച്ചുകൊണ്ട് ഏല്ലാവര്‍ക്കും ഇഷ്ടമുള്ള മതത്തില്‍ വിശ്വസിയ്ക്കാനും ആ വിശ്വാസം ഏറ്റുപറയാനും പ്രചരിപ്പിക്കാനും അവകാശമുണ്ട്.

2).(എ) ഈ വകുപ്പ് മതപരമായ അനുഷ്ഠാനങ്ങളോടനുബന്ധിച്ച സാമ്പത്തികമോ സാമൂഹികമോ രാഷ്ട്രീയമോ മതേതരമായ മറ്റെന്തെങ്കിലോ കാര്യങ്ങളെ നിയന്ത്രിക്കുന്നതിനോ തടയുന്നതിനോ വേണ്ടിയിട്ടൂള്ളതോ,

(ബി) സാമൂഹിക ഉന്നമനത്തിനു വേണ്ടിയോ പൊതുസ്വഭാവമുള്ള ഹിന്ദുസ്ഥാപനങ്ങള്‍ ഹിന്ദുമതത്തിലെ എല്ലാവിഭാഗങ്ങള്‍ക്കുമായി തുറന്നുകൊടുക്കുന്നതിനു വേണ്ടിയിട്ടൂള്ളതോ ആയ ഏതെങ്കിലും നിയമനിര്‍മാണത്തെ തടസ്സപ്പെടുത്തുന്നില്ല.

വിശദീകരണം 1: കൃപാണ്‍ ധരിക്കുന്നത് സിഖ് മതവിശ്വാസത്തിന്റെ ഏറ്റുപറച്ചിലായി കരുതപ്പെടുന്നു.

വിശദീകരണം 2: 2(ബി)യിലെ ഹിന്ദുമതത്തെക്കുറീച്ചുള്ള പരാമര്‍ശം ബുദ്ധ, ജൈന സിഖ് മതങ്ങള്‍ക്കും ബാധകമാണ്.

വ്യാഖ്യാനങ്ങള്‍ക്ക് ഇടയില്ലാത്ത വിധം നമ്മുടെ ഭരണഘടന നല്‍കുന്ന അവകാശം സുതരാം വ്യക്തം.

26 മുതല്‍ 28 വരെയുള്ള അനുഛേദങ്ങളില്‍ ഇതുമായി ബന്ധപ്പെട്ട കൂടുതല്‍ അവകാശങ്ങള്‍ വ്യക്തമാക്കുന്നു.

മതവിശ്വാസവും അതിന്റെ ആചരണ പ്രചാരണങ്ങളും രാജ്യത്തിന്റെ ഭരണഘടന നല്‍കുന്ന അവകാശമാണെന്നും അത് ആരുടെയും ഔദാര്യമല്ലെന്നുമുള്ള തിരിച്ചറിവ് ഉണ്ടാവണം. ഇന്ത്യയില്‍ ജീവിക്കുന്ന മഹാഭൂരിപക്ഷം ജനങ്ങളും മതവിശ്വാസികളാണ്.എന്നാല്‍ ഇന്ത്യക്ക് ഔദേ്യാഗിക മതം ഇല്ലതാനും. നാസ്തികരും ഇന്ത്യയില്‍  ജീവിക്കുന്നുണ്ട്. അവരും ഭരണഘടന നല്‍കുന്ന വിശ്വാസ സ്വാതന്ത്ര്യം, ആശയപ്രചാരണ സ്വാതന്ത്ര്യം എന്നിവ ഉപയോഗപ്പെടുത്തി മതനിരാസം, ദൈവനിഷേധം തുടങ്ങിയ ആശയങ്ങള്‍ പ്രചരിപ്പിച്ചുകൊണ്ടിരിക്കുന്നു.

അടുത്ത കാലത്തായി മലയാളമണ്ണില്‍ നടക്കുന്ന ചില ശ്രമങ്ങള്‍ കാണുമ്പോള്‍ ഇതെല്ലം മറക്കുന്നോ എന്ന് തോന്നുന്നു. ഏതാനും മാസങ്ങള്‍ക്ക് മുമ്പ് ഒരു സെമിനാറില്‍ ഒരു ഇടതുപക്ഷ ചിന്തകന്‍ പറഞ്ഞത് കേരളത്തിലെ രാഷ്ട്രീയ പാര്‍ട്ടികളും മത വിശ്വാസികളും വിശ്വാസത്തിന്റെ പേരില്‍ ശബരിമല വിഷയത്തില്‍ നിലപാട് എടുക്കുന്നത് അപകടകരമാണ്, അത് ഭരണഘടനയെയും രാജ്യത്തെയും ദുര്‍ബലപ്പെടുത്തും, വിശ്വാസത്തെക്കാള്‍ ഭരണഘടനയാണ് സംരക്ഷിക്കപ്പെടേണ്ടത്, അല്ലെങ്കില്‍ അതിന് നാം വലിയ വില നല്‍കേണ്ടി വരും എന്നൊക്കെയാണ്. കേട്ടാല്‍ നല്ല ആശയം, രാജ്യത്തിന്റെ ഭരണഘടനയെ സംരക്ഷിക്കാന്‍ ഓരോ പൗരനും നിതാന്ത ജാഗ്രത പുലര്‍ത്തണം. എന്നാല്‍ മുകളില്‍ പറഞ്ഞത് പട്ടില്‍ പൊതിഞ്ഞ പാഷാണമാണ്. ഭരണഘടന നല്‍കുന്ന അവകാശസംരക്ഷണമാണ് യഥാര്‍ഥത്തില്‍ ഭരണഘടനാ സംരക്ഷണം. ഭരണഘടനയും അത് ഉറപ്പ് നല്‍കുന്ന അവകാശങ്ങളും വേര്‍തിരിച്ച് തങ്ങളുടെ ഒളിയജണ്ടള്‍ നടപ്പിലാക്കാനുള്ള ശ്രമത്തിന്റെ ഭാഗമാണിത് എന്ന് വ്യക്തം.

ശബരിമല സ്ത്രീ പ്രവേശനം, മതമില്ലാത്ത ജീവന്‍, ശാബാനു കേസ്, ശരീഅത്ത് വിവാദം, സ്‌കൂള്‍ സമയമാറ്റം, ഫ്‌ളാഷ് മോബ്, നാടകങ്ങള്‍, മുസ്‌ലിം സ്ത്രീകളുടെ വസ്ത്ര ധാരണത്തിനെതിരെ കൃത്യമായ ഇടവേളകളില്‍ ഉണ്ടാകുന്ന വിവാദങ്ങള്‍, സര്‍ഗാത്മകതയുടെ പേരില്‍ പുറത്ത് വരുന്ന ക്ഷുദ്രകൃതികള്‍ തുടങ്ങി നിരവധി ശ്രമങ്ങള്‍ ഉണ്ടാകുന്നത് അതിന് പിന്നില്‍ പ്രവര്‍ത്തിക്കുന്നവര്‍ക്ക് ഭരണഘടനയെ കുറിച്ചോ അത് പൗരന് നല്‍കുന്ന അവകാശങ്ങളെ കുറിച്ചോ അറിയാത്തത് കൊണ്ടല്ല, മറിച്ച് തങ്ങളുടെ കുതന്ത്രങ്ങള്‍ പയറ്റാനുള്ള മണ്ണൊരുക്കുകയാണവര്‍. പക്ഷേ, ഇന്ത്യയുടെ പാരമ്പര്യത്തെയും ചരിത്രത്തെയും അറിയുന്ന ഏതൊരാള്‍ക്കും ഇത്തരം ലക്ഷ്യങ്ങളെ സഹായിക്കുവാനോ പിന്തുണക്കുവാനോ സാധ്യമല്ല. മതവിശ്വാസം പിന്തിരിപ്പനാണെന്നും അത്‌കൊണ്ട് വിശ്വാസികള്‍ സാമൂഹിക പുരോഗതിക്ക് തടസ്സം നില്‍ക്കുന്നു എന്നുമൊക്കെ ഉണ്ടയില്ലാവെടികള്‍ ഉതിര്‍ത്തുകൊണ്ടിരിക്കുന്നവര്‍ ഇന്ത്യന്‍ സ്വാതന്ത്ര്യസമര ചരിത്രം ഒരാവര്‍ത്തി വായിക്കാന്‍ തയ്യാറാവണം. രാജ്യത്തിന്റെ അസ്തിത്വത്തെ ചോദ്യം ചെയ്ത ബ്രിട്ടീഷ് ഭരണകൂടത്തിനെതിരെ മതവിശ്വാസം ജീവിതദര്‍ശനമായി സ്വീകരിച്ച  മഹാത്മാ ഗാന്ധിയും മൗലാനാ അബുല്‍കലാം ആസാദും നാസ്തികനായ നെഹ്‌റുവും തോളോട് തോള്‍ചേര്‍ന്ന് സ്വാതന്ത്ര്യ സമരത്തിലും അനന്തരം രാഷ്ട്ര പുനര്‍നിര്‍മാണ പ്രവര്‍ത്തനങ്ങളിലും നേതൃപരമായ പങ്കാളിത്തം വഹിച്ചു. ഇന്നും മുഴുവന്‍ മത വിശ്വാസികളും ആ ദൗത്യം ഭംഗിയായി നിര്‍വഹിച്ചുവരുന്നു. അത്‌കൊണ്ട് ചരിത്രത്തെ വളച്ചൊടിക്കാനും അസത്യങ്ങള്‍ പ്രചരിപ്പിച്ച് തങ്ങളുടെ സ്വാര്‍ഥ ലക്ഷ്യങ്ങള്‍ നേടാനുമുള്ള ഗീബല്‍സിയന്‍ തന്ത്രങ്ങള്‍ ഭാരതമണ്ണില്‍ വിലപ്പോവില്ലെന്ന് ഇനിയെങ്കിലും 'സ്വതന്ത്ര' ലോകത്തെ രാജാക്കന്മാരും പ്രജകളും മനസ്സിലാക്കണം.

'സ്വതന്ത്ര ചിന്തകള്‍' ഇന്നും ഇന്നലെയും ഉണ്ടായതല്ല. നമ്മുടെ രാജ്യത്തിന്റെ പിറവിക്ക് മുമ്പ് തന്നെ ഇതൊക്കെയുണ്ട്. ഇപ്പോള്‍ അത് ആവിഷ്‌കാര സ്വാതന്ത്ര്യത്തിന്റെ അതിരുകള്‍ ഭേദിച്ച് രാജ്യത്തിന്റെ ചരിത്രത്തെയും പാരമ്പര്യത്തെയും ചോദ്യം ചെയ്യുന്നു എന്നത് സങ്കടകരമാണ്. 'സ്വതന്ത്ര' ലോകത്തെ രണ്ട് പരിപാടികള്‍ കഴിഞ്ഞ മാസങ്ങളില്‍ നടന്നല്ലോ. അതില്‍ ആദ്യത്തേതില്‍ അവരുടെ തന്നെ പ്രമുഖ മാധ്യമ പ്രവര്‍ത്തക മതവിശ്വാസികളോടുള്ള വെറുപ്പും വിദ്വേഷവും അസഹിഷ്ണുതയും തീര്‍ത്തും  ഒഴിവാക്കണമെന്നും അത് ഫാസിസ്റ്റ് ശൈലിയാണെന്നും തുറന്നടിച്ചു. ആശയ സംവാദങ്ങള്‍ക്കാണ് നാം പ്രാധാന്യം നല്‍കേണ്ടത്, അസഹിഷ്ണുതയും വിദ്വേഷവും പുലര്‍ത്തുന്നവരുമായി നമുക്ക് സംവദിക്കാന്‍ സാധ്യമല്ല എന്നൊക്കെ ഉപദേശിക്കുന്നതും കേട്ടു. അതിന്റെ പേരില്‍ അവര്‍ക്കെതിരെ നടന്ന ആക്ഷേപപ്പെരുമഴയുടെ വേദന അവര്‍ തന്നെ മുഖപുസ്തകത്തില്‍ പങ്ക് വെക്കുകയും ചെയ്തു. അതിനെ തുടര്‍ന്ന് മറ്റൊരു ഗ്രൂപ്പിന്റെ 'സ്വതന്ത്ര സെമിനാര്‍' രണ്ട് ദിവസമായി നടന്നതില്‍ ഒരാള്‍ പോലും ഇന്ത്യയെ കാര്‍ന്ന് തിന്നുന്ന ഫാസിസത്തിനെതിരെ ഒരക്ഷരം ഉരിയാടിയില്ലെന്നതും അന്ധമായ മതവിദ്വേഷം മാത്രമാണ് അവിടെ വിഷയീഭവിച്ചതെന്നും അത് ആശങ്കാജനകമാണെന്നും അവര്‍ക്കിടയില്‍ നിന്ന് തന്നെ ആക്ഷേപമുയരുകയും ചെയ്തു.

ദൈവനിഷേധത്തിന്റെ മഞ്ഞക്കണ്ണടകള്‍ അവരുടെ കാഴ്ചയെ മറച്ചിരിക്കുന്നു. മതവിശ്വാസികളെ പിന്തിരിപ്പന്മാരായി ചിത്രീകരിക്കുന്നവര്‍ തന്നെ നാടിന്റെ യഥാര്‍ഥ പ്രശ്‌നങ്ങള്‍ക്ക് മുന്നില്‍ അന്ധരാവുകയും മതത്തെയും വിശ്വാസികളെയും കേട്ടാലറക്കുന്ന തെറിവിളിക്കാനും നിന്ദിക്കാനും ആക്ഷേപിക്കാനും ജീവിതം ഉഴിഞ്ഞുവെക്കുകയും ചെയ്യുന്നു. എന്തൊരു ദുരന്തം! 'സ്വതന്ത്രലോകം' രൂപപ്പെട്ടാലേ മനുഷ്യജീവിതം സാര്‍ഥകമാകൂ എന്ന് പറയുന്നവര്‍ തന്നെ പച്ചയായ മനുഷ്യരുടെ പ്രയാസങ്ങളെ, അവര്‍ നേരിടുന്ന പ്രശ്‌നങ്ങളെ അഭിസംബോധന ചെയ്യാന്‍ ശ്രമിക്കുന്നുമില്ല. വൈരുധ്യങ്ങളുടെ ലോകമാണീ വൈരുധ്യാധിഷ്ഠിത ഭൗതികവാദവും അന്ധമായ മതവിരോധവും!

ഇവിടെ ആര്‍ക്കും ദൈവനിഷേധിയാവാനും മതത്തിന്റെ 'വേലിക്കെട്ടുകള്‍' തകര്‍ത്തെറിഞ്ഞ് സ്വതന്ത്രരാവാനും അവകാശമുണ്ട്. എന്നാല്‍ അത് രാജ്യത്തിന്റെ ജനാധിപത്യ പ്രക്രിയയില്‍ ക്രിയാത്മകമായ പങ്കുവഹിക്കേണ്ട രാഷ്ട്രീയ പാര്‍ട്ടികളുടെ പിന്നാമ്പുറത്ത് കൂടി ഒളിച്ചുകടത്തുന്നത് ഭീരുത്വമാണ്. അത്തരം ശ്രമങ്ങള്‍ ഉയര്‍ന്ന ജനാധിപത്യബോധം വെച്ചുപുലര്‍ത്തുന്ന മലയാളികള്‍ എന്നും തിരിച്ചറിയുകയും പ്രതിരോധിക്കുകയും ചെയ്തിട്ടുണ്ട്. വിപ്ലവ യൗവനങ്ങള്‍ തങ്ങളുടെ സങ്കുചിത ചിന്തയുടെ മൂശയിലിട്ട് രൂപപ്പെടുത്തുന്ന ഇത്തരം കുതന്ത്രങ്ങള്‍ക്ക് വേദികളും ലേബലും വിട്ടുകൊടുക്കാതിരിക്കാനുള്ള ജാഗ്രത രാഷ്ട്രീയ പാര്‍ട്ടികളും അതിന്റെ പോഷക സംഘടനകളും പുലര്‍ത്തണം. ഇത്തരം ശ്രമങ്ങള്‍ ജനാധിപത്യ പ്രക്രിയയെ ദുര്‍ബലപ്പെടുത്തുകയും വര്‍ഗീയ ശക്തികള്‍ക്ക് മണ്ണൊരുക്കാന്‍ കാരണമാവുകയുമാണ് ചെയ്യുക. രാജ്യത്തിന്റെ വിവിധ ഭാഗങ്ങളില്‍ പലപ്പോഴുമുണ്ടായ വര്‍ഗീയ ധ്രുവീകരണത്തിന്റെ പശ്ചാത്തലം അന്വേഷിക്കുന്നവര്‍ക്ക് അത് മനസ്സിലാക്കാന്‍ സാധിക്കും. ഇന്നും അത്തരം ശ്രമങ്ങള്‍ നടന്ന് വരുന്നുണ്ട്. അത് കണ്ടില്ലെന്ന് നടിക്കാന്‍ രാഷ്ട്രീയ പ്രസ്ഥാനങ്ങള്‍ക്ക് സാധ്യമല്ല.

ഇന്ത്യയിലെ മുഴുവന്‍ രാഷ്ട്രീയ പാര്‍ട്ടികളിലും വിവിധ മതവിശ്വാസികളും അവിശ്വാസികളും ഉണ്ട്. അവരൊക്കെ തങ്ങള്‍ക്ക് താല്‍പര്യമുള്ള രാഷ്ട്രീയ പ്രസ്ഥാനങ്ങളില്‍ അണിചേര്‍ന്നതും പ്രവര്‍ത്തിക്കുന്നതും രാജ്യത്തിന്റെ പുരോഗതിക്കും രാഷ്ട്ര പുനര്‍നിര്‍മാണ പ്രവര്‍ത്തനങ്ങളുടെ ഭാഗമാകാനുമാണ്. അവിടെ മതവിരുദ്ധ പ്രത്യയശാസ്ത്രം പ്രചരിപ്പിക്കാന്‍ ശ്രമം നടത്തുന്നത് സ്വയം നാശത്തിന്റെ കുഴി തോണ്ടലാണ്. ഈ തിരിച്ചറിവ് രാഷ്ട്രീയ പ്രസ്ഥാനങ്ങള്‍ക്ക് ഇല്ലാതെ പോകരുത്. മതങ്ങളുടെ ആഭ്യന്തര കാര്യങ്ങളില്‍ ഇടപെട്ട് അവരെ തമ്മിലടിപ്പിക്കാനുള്ള ശ്രമവും അപകടകരം തന്നെ. മതവിഭാഗങ്ങള്‍ക്കിടയിലുള്ള വിവിധ ആശയധാരകള്‍ തമ്മിലുള്ള സംവാദങ്ങളില്‍ ഭാഗഭാക്കാവാന്‍ മതത്തിന് പുറത്തുള്ളവര്‍ ശ്രമിക്കുന്നത് അനൗചിത്യമാണ്. പ്രഖ്യാപിത ലക്ഷ്യങ്ങളില്‍ നിന്ന് തെന്നിമാറുന്ന ഇത്തരം പ്രവണതകളെ മുളയിലേ നുള്ളിയില്ലെങ്കില്‍ അതിന് വലിയ വില നല്‍കേണ്ടിവരും. മുമ്പ് ഉണ്ടായ മുഴുവന്‍ മത വിരുദ്ധ നീക്കങ്ങള്‍ക്കും ശക്തമായ എതിര്‍പ്പുകള്‍ തങ്ങള്‍ക്കിടയില്‍ നിന്നുതന്നെ ഉണ്ടായത് രാഷ്ട്രീയ നേതൃത്വം മറക്കാന്‍ പാടില്ല. വിശ്വാസികളെ പ്രലോഭിപ്പിച്ചും പ്രകോപനങ്ങള്‍ സൃഷ്ടിച്ചും വര്‍ഗീയ വേര്‍തിരിവും ഭിന്നതയും സൃഷ്ടിക്കാനല്ല രാഷ്ട്രീയ പ്രസ്ഥാനങ്ങള്‍  ശ്രമിക്കേണ്ടത്. പലപ്പോഴും വിശ്വാസികള്‍ക്കെതിരെ കിട്ടുന്ന കച്ചിത്തുരുമ്പുകള്‍ ഭരണഘടനയുടെയും സ്വാതന്ത്ര്യത്തിന്റെയും സമത്വത്തിന്റെയും പുകമറ സൃഷ്ടിച്ച് അവര്‍ക്കെതിരെ ആയുധമാക്കാന്‍ ചിലര്‍ നടത്തുന്ന ശ്രമങ്ങള്‍ക്കും നേതൃത്വം കുടപിടിക്കാറുണ്ട്. അതും അപകടകരം തന്നെ.

മതങ്ങള്‍ ഒരിക്കലും പ്രശ്‌നങ്ങള്‍ക്ക് കാരണമായിട്ടില്ല; മതത്തെ രാഷ്ട്രീയ ലക്ഷ്യങ്ങള്‍ക്ക് ഉപയോഗിക്കുമ്പോഴാണ് അത് സാമൂഹിക പ്രത്യാഘാതങ്ങള്‍ക്ക് കാരണമാകുന്നത്. ശബരിമല വിധിയെ സുവര്‍ണാവസരമായി കണ്ടവരും അതിനെ ഭരണഘടനാ സംരക്ഷണവും സമത്വവാദവുമായി വ്യാഖ്യാനിച്ചവരും ചെയ്തത് ഈ പാതകമാണ്. അത് തിരിച്ചറിയാന്‍ നമുക്ക് സാധിക്കണം. സ്വതന്ത്ര ഇന്ത്യയില്‍ ഇത്തരം രാഷ്ട്രീയ മുതലെടുപ്പുകള്‍ക്ക് വിശ്വാസി സമൂഹവും മതങ്ങളും വിധേയമായിട്ടുണ്ട്. അത് തിരിച്ചറിയാനും അത്തരം പ്രകോപനങ്ങളിലും കുതന്ത്രങ്ങളിലും വീഴാതിരിക്കാനും വിശ്വാസി സമൂഹം നിതാന്ത ജാഗ്രത പുലര്‍ത്തണം.

'മതം മനുഷ്യനെ മയക്കുന്ന കറുപ്പാണ്' എന്ന വാക്യം ഏറെ ദുരുപയോഗം ചെയ്യപ്പെട്ടിട്ടുണ്ട്. എന്നാലിന്ന് 'മതനിരാസം മനസ്സിനെ മയക്കുന്ന കറുപ്പാണ്' എന്ന് നമ്മുടെ നാട് വിളിച്ചുപറയുന്നു. മതനിരാസ ലഹരിയില്‍ മാനുഷിക ബന്ധങ്ങളെയും സഭ്യതയെയും ചവിട്ടിമെതിച്ച് ചിലര്‍ ആനന്ദിക്കുന്നു. പരിസരബോധമില്ലാതെ അവര്‍ പലതും പുലമ്പിക്കൊണ്ടിരിക്കുന്നു. ലക്ഷ്യം മറന്ന് അവര്‍ സഞ്ചരിച്ചു കൊണ്ടിരിക്കുന്നു. ആ ലഹരി തീര്‍ത്ത മായാലോകത്ത് മാനം നഷ്ടപ്പെട്ട് ജീവിതം തന്നെ അവസാനിപ്പിക്കുന്നവരുണ്ട്. കുടുംബവും സമൂഹവും അവരെ ഒറ്റപ്പെടുത്തുമ്പോള്‍ സാമൂഹ്യ വിരുദ്ധതയുടെ ചേരിയിലേക്ക് അവര്‍ ചേക്കേറുന്നു. 'മതം ഉപേക്ഷിച്ച് മനുഷ്യരാകൂ' എന്ന് പാടി നടന്നവര്‍ ആ ലഹരിയുടെ ഉന്മാദത്തില്‍ മതം ഉപേക്ഷിച്ച് മൃഗങ്ങളാകൂ എന്ന് പറയുന്ന മാനസികാവസ്ഥയിലേക്ക് മാറിക്കൊണ്ടിരിക്കുന്നു. ഉടുക്കാതിരിക്കാനുള്ള സ്വാതന്ത്ര്യം പോലെ ഉടുക്കാനും സ്വാതന്ത്ര്യമുണ്ടെന്ന് അവര്‍ മറക്കുന്നു. സമൂഹത്തിന്റെ യഥാര്‍ഥ പ്രശ്‌നങ്ങള്‍ക്ക് മുന്നില്‍ പകച്ചു നില്‍ക്കാന്‍ മാത്രം വിധിക്കപ്പെട്ടവര്‍ ആ മായാലോകത്ത് നിന്ന് തിരിച്ചുവരും എന്ന് നമുക്ക് പ്രതീക്ഷിക്കാം.