മുഖാവരണ നിരോധനം ഫാസിസത്തിന്റെ കാണാപ്പുറം

സുഫ്‌യാന്‍ അബ്ദുസ്സലാം

2019 മെയ് 18 1440 റമദാന്‍ 13
മുസ്‌ലിം സ്ത്രീകളുടെ വസ്ത്രധാരണത്തിനെ കുറിച്ച പൊതുസമൂഹത്തിന്റെ 'ആകുലതകള്‍ക്ക്' കാലങ്ങളുടെ പഴക്കമുണ്ട്. യുക്തിവാദികള്‍ തുടങ്ങി വെച്ച ഈ ആരോപണം തീവ്ര ചിന്താഗതി വെച്ച് പുലര്‍ത്തുന്ന പല സംഘടനകളും പിന്നീട് ഏറ്റുപിടിച്ചു. എന്നാല്‍ സമുദായത്തിനകത്തു നിന്ന് തന്നെ ഒരു കോടാലിക്കൈ ഇപ്പോള്‍ മുസ്‌ലിം സ്ത്രീകളുടെ മൂടുപടത്തിനെതിരെ രംഗത്ത് വന്നിരിക്കുകയാണ്. എന്താണ്നിഖാബിന്റെ യഥാര്‍ഥ പ്രശ്‌നം? ആരൊക്കെയാണ്പുതിയ വിവാദത്തില്‍ വിതയ്ക്കുന്നത്; കൊയ്യുന്നത്?

കേരളത്തില്‍ മുസ്ലിം എജ്യുക്കേഷന്‍ സൊസൈറ്റിയുടെ കീഴിലുള്ള മുഴുവന്‍ സ്ഥാപനങ്ങളിലും വിദ്യാര്‍ഥിനികളുടെ മുഖാവരണം നിരോധിച്ചുകൊണ്ടുള്ള സര്‍ക്കുലര്‍ പുറത്തിറങ്ങിയതോടെ മുസ്ലിം സമുദായത്തിനകത്തും പുറത്തും ചര്‍ച്ചകളും പ്രതിഷേധങ്ങളും കൊടുമ്പിരികൊണ്ടിരിക്കുകയാണ്. എം.ഇ.എസ് ഏകകണ്ഠമായി എടുത്ത നിലപാടല്ല, മറിച്ച് പ്രസിഡന്റിന്റെ തിട്ടൂരം മാത്രമാണ് ഈ ഉത്തരവിന് പിന്നിലുള്ളതെന്നാണ് എം.ഇ.എസ്സുമായി അടുപ്പമുള്ളവര്‍ അടക്കം പറയുന്നതെങ്കിലും വിഷയത്തില്‍ എം.ഇ.എസ്സിന് തന്നെയാണ് ഉത്തരവാദിത്തമുള്ളത്. തീരുമാനത്തില്‍ പ്രതിഷേധിച്ച് ചില അംഗങ്ങള്‍ രാജിവെച്ചതായും പത്രവാര്‍ത്തകള്‍ കാണാനിടയായി. 

ഇന്ത്യാരാജ്യത്ത് മുസ്ലിം അടയാളങ്ങളായി (Identity) പലതും അറിയപ്പെട്ടിട്ടുണ്ട്. അതില്‍ എല്ലാ കാര്യങ്ങള്‍ക്കും പ്രമാണത്തില്‍ അധിഷ്ഠിതമായ വിശദീകരണങ്ങള്‍ കാണാന്‍ സാധിക്കില്ലെങ്കിലും താടി, തലപ്പാവ്, സ്ത്രീകളുടെ മുഴുനീള വസ്ത്രം, പര്‍ദ, നിഖാബ് തുടങ്ങിയവയെല്ലാം രാജ്യത്തിന്റെ വിവിധ ഭാഗങ്ങളിലായി മുസ്ലിം സമുദായാംഗങ്ങള്‍ അവരുടെ വേഷവും അടയാളവുമായി സ്വീകരിച്ചുവരുന്നവയാണ്. എന്നാല്‍ മുസ്ലിം സമുദായത്തില്‍ തന്നെ ഇതൊന്നും സ്വീകരിക്കാത്തവരുമുണ്ട്. ആധുനിക വേഷവിധാനങ്ങള്‍ സ്വീകരിച്ചുവരുന്ന മുസ്ലിംകളുമുണ്ട്. വേഷവിധാനങ്ങളുടെ കാര്യത്തില്‍ മുസ്ലിം സമുദായത്തില്‍ വ്യത്യസ്തങ്ങളായ അഭിപ്രായങ്ങളും ചിന്താഗതികളും കാണപ്പെടുന്നുണ്ട്. അവയിലെ ശരിതെറ്റുകള്‍ പണ്ഡിതന്മാര്‍ക്കിടയിലും വിവിധ പ്രസ്ഥാനങ്ങള്‍ക്കിടയിലും പലപ്പോഴും ചര്‍ച്ചയാവുകയും തര്‍ക്കവിതര്‍ക്കങ്ങള്‍ക്ക് കാരണമാവാറുമുണ്ട്. അതില്‍ ഓരോ വ്യക്തിയും അവരവര്‍ മനസ്സിലാക്കിയതനുസരിച്ച് ജീവിച്ചുവരുന്നു. 

സ്ത്രീകള്‍ മുഖം മറക്കുന്ന കാര്യത്തില്‍ സമുദായത്തിനകത്ത് നിഷിദ്ധം, അനുവദനീയം, ഉത്തമം, നിര്‍ബന്ധം എന്നിങ്ങനെ പ്രധാനമായും നാല് കാഴ്ചപ്പാടാണുളളത്. ഇതിലേതെങ്കിലും ഒരു കാഴ്ചപ്പാട് സ്വീകരിക്കുമ്പോള്‍ തന്നെ ഇതര കാഴ്ചപ്പാടുകള്‍ വെച്ചുപുലര്‍ത്തുന്നവരെ ഉള്‍ക്കൊള്ളാനും സഹിഷ്ണുതയോടെ കാണാനുമാണ് ശ്രമിക്കേണ്ടത്. ഓരോ വിഭാഗത്തിനും പുരോഗമനപരമല്ലെന്നു തോന്നുന്നത് മറ്റൊരു വിഭാഗത്തിന് പുരോഗമനപരമായിരിക്കാം. നേരെ തിരിച്ചും അങ്ങനെ തന്നെ. തല മറക്കുന്നത് തന്നെ പരിഷ്‌കൃത സമൂഹത്തിനു ചേര്‍ന്നതല്ലെന്ന് വിശ്വസിക്കുന്നവരുണ്ട്. ശരീരം മുഴുവന്‍ മറയുന്ന സാരി പോലെയുള്ള വസ്ത്രങ്ങളും ആധുനിക കാലഘട്ടത്തില്‍ ശരിയല്ലെന്നും സാരിയില്‍ ചുറ്റിപ്പൊതിഞ്ഞു വീര്‍പ്പുമുട്ടേണ്ട കാര്യമില്ലെന്നും പകരം അല്‍പംകൂടി ഇറക്കം കുറഞ്ഞതും ശരീരത്തിന്റെ ചില ഭാഗങ്ങള്‍ പുറത്തേക്ക് കാണുന്നതുമായ വസ്ത്രങ്ങള്‍ ധരിക്കുകയാണ് വേണ്ടതെന്നുമൊക്കെ അഭിപ്രായപ്പെടുന്നവരുണ്ട്. അതുകൊണ്ടുതന്നെ കേവലം ഒരു മുഖം മറക്കല്‍ മാത്രമല്ല 'പിന്തിരിപ്പന്‍' ആവുന്നത്. ഓരോരുത്തരുടെ കാഴ്ചപ്പാടുകള്‍ക്കനുസരിച്ച് ചിലത് പഴഞ്ചനും അപരിഷ്‌കൃതവുമൊക്കെയായിത്തീരും. അതെല്ലാം ആപേക്ഷികമാണ്. 

മുസ്ലിം സ്ത്രീകളുടെ മുഖാവരണമാണല്ലോ ഇപ്പോള്‍ ചിലര്‍ വിവാദമാക്കാന്‍ ശ്രമിച്ചുകൊണ്ടിരിക്കുന്നത്. മുസ്ലിംകളല്ലാത്ത വിഭാഗങ്ങള്‍ പോലും ആശങ്കയോടെയോ ഭയപ്പാടോടെയോ ഇതിനെ നോക്കിക്കാണുന്നില്ല. കഴിഞ്ഞ വര്‍ഷം ഡെന്മാര്‍ക്കില്‍ നിഖാബ് നിരോധിക്കപ്പെട്ടപ്പോള്‍ ആഗസ്റ്റ് 1ന് കോപ്പന്‍ഹേഗനില്‍ നടന്ന പ്രതിഷേധ റാലിയില്‍ അമുസ്ലിംകളടക്കം ധാരാളം പേര്‍ പങ്കെടുത്തിരുന്നു. മതസ്വാതന്ത്ര്യത്തിനെതിരെയുള്ള കടന്നുകയറ്റമെന്നാണ് റാലിയില്‍ പങ്കെടുത്തവര്‍ ഒറ്റക്കെട്ടായി പറഞ്ഞത്. മതന്യൂനപക്ഷങ്ങള്‍ക്കെതിരെയുള്ള ഇത്തരം നിയമനിര്‍മാണങ്ങള്‍ക്ക് മുമ്പില്‍ തങ്ങള്‍ തല കുനിക്കാന്‍ തയ്യാറല്ല എന്നും അവര്‍ ഉറക്കെ വിളിച്ചുപറഞ്ഞു. റാലിയില്‍ പങ്കെടുത്ത ഒരു ഡാനിഷ് പൗരന്‍ പറഞ്ഞത് 'ഞാന്‍ നിഖാബിനു അനുകൂലമോ എതിരോ അല്ല; പക്ഷേ, ജനങ്ങളുടെ അവകാശങ്ങള്‍ ഹനിക്കപ്പെടാന്‍ പാടില്ലെന്നാണ് എന്റെ അഭിപ്രായം' (റോയിട്ടര്‍ റിപ്പോര്‍ട്ട് ചെയ്തത്) എന്നായിരുന്നു. യൂറോപ്പില്‍ ആദ്യമായി മുഖാവരണം നിരോധിച്ച രാജ്യമാണ് ഫ്രാന്‍സ്. ഫ്രാന്‍സ് പാര്‍ലമെന്റില്‍ നിരോധനത്തിനെതിരെ വോട്ട് ചെയ്ത ഏകാംഗമായ ഡാനിയല്‍ ഗെറിഗ് പറഞ്ഞത് വളരെ പ്രസക്തമാണ്: 'തീവ്ര സ്വഭാവമെന്നു വിശേഷണം നല്‍കിക്കൊണ്ട് നിഖാബിനെതിരെ പൊരുതുന്നത് വഴി ബഹുസ്വരത ഇല്ലാതായി രാജ്യം ഏകാധിപത്യ പ്രവണതയിലേക്ക് വഴുതിവീഴുകയായിരിക്കും ഫലം.' ഗെറിഗ് പറഞ്ഞു. ഇങ്ങനെ മുഖാവരണ നിരോധനത്തിനെതിരെ നിലപാട് സ്വീകരിച്ചിട്ടുള്ള മതേതര വാദികള്‍ നല്‍കിയിരുന്ന സന്ദേശം വളരെ വ്യക്തമാണ്. വ്യത്യസ്ത സംസ്‌കാരങ്ങളെയും മതചിഹ്നങ്ങളെയും ഇല്ലാതാക്കുക വഴി അതാത് സമൂഹങ്ങളില്‍ ഫാസിസമായിരിക്കും തലപൊക്കുന്നത് എന്ന മുന്നറിയിപ്പായിരുന്നു പ്രസ്തുത സന്ദേശം. 

വളരെ നിരുപദ്രവകാരിയായ ഒരു വസ്ത്രരീതിയെ 'ഭീകരത'യുടെ പര്യായമായി മുദ്രകുത്തി കശാപ്പ് ചെയ്യാനാണ് തീവ്ര സെക്കുലറിസത്തിന്റെ വേഷമണിഞ്ഞവരും ഫാസിസ്റ്റുകളും ഒരു പോലെ ശ്രമിച്ചുകൊണ്ടിരിക്കുന്നത്. ഏതാനും ദിവസങ്ങള്‍ക്കു മുമ്പാണ് ശിവസേന മുഖപത്രമായ സാമ്നയില്‍ എഡിറ്റോറിയലിലൂടെ മുസ്‌ലിം സ്ത്രീകളുടെ മുഖാവരണം നിരോധിക്കണമെന്ന് നരേന്ദ്രമോഡിയോട് ആവശ്യപ്പെട്ടത്. ഇന്ത്യയിലെ ഹിന്ദുത്വ തീവ്രവാദികള്‍ മുഖാവരണം നിരോധിക്കണമെന്ന് മാത്രമല്ല കൂട്ടത്തില്‍ പര്‍ദയും തല മറക്കുന്ന തട്ടവുമെല്ലാം നിരോധിക്കണമെന്നാണ് ആവശ്യപ്പെട്ടുകൊണ്ടിരിക്കുന്നത്. ഏകശിലാത്മക സംസ്‌കാരമെന്ന ആര്‍.എസ്.എസ് മുദ്രാവാക്യം നടപ്പാക്കാന്‍ ശ്രമിക്കുമ്പോഴാണ് സമാനമായ ആവശ്യവുമായി എം.ഇ.എസ്. പ്രസിഡന്റ് രംഗത്തുവരുന്നത്. ഡോ: ഫസല്‍ ഗഫൂറിന്റെതായി 'ദ ഹിന്ദു' നല്‍കിയ അഭിമുഖത്തില്‍ അദ്ദേഹം പറയുന്നത് ഇങ്ങനെ വായിക്കാം: 'എം.ഇ.എസ് മുസ്ലിം സ്ത്രീകളെ വിദ്യാഭ്യാസത്തിലൂടെയും തൊഴിലിലൂടെയും പൊതുജീവിതത്തിലൂടെയും ശാക്തീകരിക്കാനാണ് ശ്രമിക്കുന്നത്. മുസ്‌ലിം സ്ത്രീകള്‍ മുഖം മറക്കുന്നത് സ്ത്രീ വിരുദ്ധ നടപടിയാണ്. ഈ അടുത്ത കാലത്ത് മാത്രമാണ് കേരളത്തില്‍ അത് പ്രത്യക്ഷപ്പെട്ടു തുടങ്ങിയത്. അതിന് ഇസ്ലാമുമായി യാതൊരു ബന്ധവുമില്ല.' തുടര്‍ന്ന് ഫസല്‍ പറയുന്ന കാര്യം ശ്രദ്ധിക്കുക: 'പര്‍ദ (ശരീരം മുഴുവന്‍ മറയുന്ന വസ്ത്രം), ഹിജാബ് (കറുത്ത നിറത്തിലുള്ള, തലയും മുഖത്തിന്റെ ഒരു ഭാഗവും മറയ്ക്കുന്ന വസ്ത്രം), നിഖാബ് (കണ്ണുകള്‍ മാത്രം കാണിക്കുന്ന മുഖം മറക്കുന്ന വസ്ത്രം) എന്നിവ കേരളീയ സമൂഹത്തിനു കാല്‍ നൂറ്റാണ്ടു മുമ്പ് വരെ കേട്ടുപരിചയമില്ലാത്ത കാര്യങ്ങളാണ്.'

ഇവിടെയാണ് കാര്യങ്ങള്‍ മാറി മറിയുന്നത്. പ്രത്യക്ഷത്തില്‍ ഇപ്പോള്‍ നിഖാബിനു മാത്രം നിരോധനം കൊണ്ടുവരികയും തുടര്‍ന്ന് തലമറക്കുന്ന സ്‌കാര്‍ഫ്, ശരീരം മുഴുവന്‍ മറയുന്ന പര്‍ദ എന്നിവക്കെതിരെ കൂടി പ്രചാരണവും ബോധവല്‍ക്കരണവും നടത്തി ഭാവിയില്‍ അവ കൂടി നിരോധനത്തിന്റെ പരിധിയിലേക്ക് കൊണ്ടുവരുവാനുള്ള ഗൂഢതന്ത്രം ഇതിന്റെ പിന്നില്‍ ഒളിഞ്ഞിരിക്കുന്നുവെന്നത് വളരെ വ്യക്തമാണ്. 

വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്ക് അവിടത്തെ വസ്ത്രരീതികള്‍ എങ്ങനെയായിരിക്കണമെന്ന് നിഷ്‌കര്‍ശിക്കാനുള്ള അവകാശമുണ്ടെന്ന ന്യായം പറച്ചിലാണ് ഇത്തരത്തിലുള്ള സര്‍ക്കുലറുകള്‍ പുറപ്പെടുവിക്കാനുള്ള അധികാരമായി ചൂണ്ടിക്കാണിക്കപ്പെടുന്നത്. എം.ഇ.എസ് ഇപ്പോള്‍ ഹൈക്കോടതിയില്‍ നിന്നും വാങ്ങിയിട്ടുള്ള വിധിക്ക് കാരണമായി അവര്‍ തന്നെ ചൂണ്ടിക്കാണിക്കുന്ന മറ്റൊരു വിധി കേരള ഹൈക്കോടതി 2018 ഡിസംബര്‍ 4ന് പുറപ്പെടുവിച്ച ഒരു വിധിയാണ്. ഒരു ക്രിസ്ത്യന്‍ സ്‌കൂളില്‍ രണ്ടു മുസ്ലിം വിദ്യാര്‍ഥിനികള്‍ അവര്‍ക്ക് തല മറക്കാനും മുഴുക്കൈ കുപ്പായം ധരിക്കാനുമുള്ള അവകാശത്തിനായി നല്‍കിയ പെറ്റിഷന്‍ തള്ളിക്കൊണ്ട് ഹൈക്കോടതി പുറപ്പെടുവിച്ച വിധിയാണ് അത്. പ്രസ്തുത വിധിയെ ഉപയോഗപ്പെടുത്തി എം.ഇ.എസ്. എന്ന മുസ്ലിം സംഘടന ഇത്ര ലാഘവത്തോടെ പ്രവര്‍ത്തിക്കാന്‍ പാടുണ്ടോ? തലമറക്കാനും ഫുള്‍ സ്ലീവ് കുപ്പായം ധരിക്കാനുമുള്ള അവകാശം മുസ്ലിം വിദ്യാര്‍ഥിനികള്‍ക്ക് നിഷേധിച്ചുകൊണ്ട് ഒരു ക്രിസ്ത്യന്‍ സ്‌കൂളിന് അനുകൂലമായി കോടതി നല്‍കിയ വിധിയെ ഉത്തരവാദപ്പെട്ട ഒരു മുസ്ലിം സംഘടന അതിന്റെ കീഴിലുള്ള സ്ഥാപനങ്ങളില്‍ മുഖാവരണം നിരോധിക്കാനും പര്‍ദക്കെതിരെ സൂചനകള്‍ നല്‍കാനുമൊക്കെ ഉപയോഗിക്കുന്നത് സ്വന്തം സമുദായത്തോട് ചെയ്യുന്ന വഞ്ചനയും ക്രൂരതയുമല്ലാതെ മറ്റെന്താണ്?

കഴിഞ്ഞ വര്‍ഷം ഡിസംബര്‍ 4ന് ഫാത്തിമ തസ്‌നീം, ഹഫ്‌സ പര്‍വീണ്‍ എന്നീ സഹോദരിമാരായ രണ്ടു മുസ്ലിം വിദ്യാര്‍ഥിനികള്‍ക്ക് തിരുവല്ലം ക്രൈസ്റ്റ് നഗര്‍ സീനിയര്‍ ഹയര്‍ സെക്കന്ററി സ്‌കൂളില്‍ ഇസ്ലാമിക വേഷവിധാനം സ്വീകരിച്ചുകൊണ്ട് പഠിക്കാനുള്ള അവകാശം സ്‌കൂള്‍ അധികൃതര്‍ തടഞ്ഞപ്പോള്‍ അവര്‍ കോടതിയില്‍ പോവുകയും കോടതി സ്‌കൂളിന് അനുകൂലമായ വിധി പുറപ്പെടുവിപ്പിക്കുകയും ചെയ്തു. പക്ഷേ, എം.ഇ.എസ്സിന് ഈ വിധി എങ്ങനെയാണ് അനുകൂലമാവുന്നത്? കോടതിയുടെ വിധി പ്രസ്താവത്തില്‍ പറയുന്ന സുപ്രധാന ഭാഗം ഇങ്ങനെയാണ്: 'വിദ്യാര്‍ഥികളുടെതും സ്‌കൂളിന്റെതും ഒരു പോലെ മൗലികാവകാശമാണ്. മൗലികാവകാശങ്ങള്‍ രണ്ടു തരമാണ്. ഒന്ന് പൂര്‍ണമായ അവകാശമുള്ളത്. മറ്റൊന്ന് ആപേക്ഷികമായത്. മതപരമായ അവകാശങ്ങള്‍ ആപേക്ഷിക അവകാശങ്ങളിലാണ് പെടുന്നത്. ഒരാള്‍ക്ക് അയാള്‍ ഇച്ഛിക്കുന്നതുപോലെ വസ്ത്രം ധരിക്കാന്‍ അവകാശമുണ്ട്. എന്നാല്‍ ഒരു സ്വകാര്യ സ്ഥാപനത്തിന് (Private entity) അവരുടെ രീതിക്കനുസരിച്ച് സ്ഥാപനം ഭരിക്കാനുള്ള അവകാശവുമുണ്ട്.' വിദ്യാര്‍ഥികളുടെ മൗലികാവകാശത്തെക്കാള്‍ സ്ഥാപനത്തിന്റെ മൗലികാവകാശത്തിനാണ് മുന്‍തൂക്കമെന്നാണ് കോടതിയുടെ കണ്ടെത്തല്‍. 

ക്രൈസ്റ്റ് നഗര്‍ ഗ്രൂപ്പിന്റെ കീഴില്‍ പ്രവര്‍ത്തിക്കുന്ന വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ സ്വകാര്യ സ്വാശ്രയ സ്ഥാപനങ്ങളാണെന്നു മറച്ചുപിടിച്ചുകൊണ്ടാണ് എം.ഇ.എസ്. സംസാരിക്കുന്നത്. വിധി പ്രസ്താവത്തില്‍ 'സ്വകാര്യ സംരംഭം അഥവാ Private Entity എന്ന് കോടതി പ്രസ്താവിച്ചത് വെറുതെയല്ല. ഭരണഘടനയുടെ ആര്‍ട്ടിക്കിള്‍ 30 അനുസരിച്ച് ന്യൂനപക്ഷ വിഭാഗങ്ങള്‍ക്ക് അവരുടെ സംസ്‌കാരമനുസരിച്ചു സ്ഥാപനങ്ങള്‍ ഉണ്ടാക്കാനുള്ള മൗലികാവകാശം വകവെച്ചുകൊടുത്തിട്ടുണ്ട്. അവിടങ്ങളില്‍ അതാത് മാനേജ്മെന്റുകള്‍ക്ക് വസ്ത്രരീതിയടക്കമുള്ള ചട്ടങ്ങള്‍ ആവിഷ്‌കരിക്കാം. പക്ഷേ, അവ പൂര്‍ണമായും 'സ്വകാര്യ സ്ഥാപനം' തന്നെയായിരിക്കണം. അവ സര്‍ക്കാര്‍ ശമ്പളം കൊടുത്തുകൊണ്ട് നടത്തപ്പെടുന്നവയായിരിക്കരുത്. ചട്ടങ്ങളില്‍ വിവേചനപരമായവ ഉണ്ടാവാനും പാടില്ല.

2008ലെ വളരെ പ്രസിദ്ധമായ 'താടിക്കേസിലെ' വിധികളും വാദങ്ങളും പഠിച്ചാല്‍ കാര്യങ്ങള്‍ ഒന്നുകൂടി വ്യക്തമാകും. മധ്യപ്രദേശിലെ ഒരു ക്രിസ്ത്യന്‍ സ്‌കൂളായ നിര്‍മല കോണ്‍വെന്റ് സ്‌കൂളില്‍ പഠിക്കുകയായിരുന്ന മുഹമ്മദ് സലീം എന്ന പത്താം ക്ലാസുകാരന്‍ ഇസ്ലാമിക വിശ്വാസമനുസരിച്ച് താടി വെക്കുകയുണ്ടായി. എന്നാല്‍ സ്‌കൂള്‍ നിയമമനുസരിച്ച് താടിവെക്കാന്‍ അനുമതിയുണ്ടായിരുന്നില്ല. അക്കാരണത്താല്‍ ആ വിദ്യാര്‍ഥി അവിടെ നിന്നും പുറത്താക്കപ്പെട്ടു. സലീം മധ്യപ്രദേശ് ഹൈക്കോടതിയെ സമീപിച്ചു. സ്‌കൂള്‍ മൈനോറിറ്റി പദവിയുള്ളതായതുകൊണ്ട് കോടതി സ്‌കൂളിന് അനുകൂലമായി വിധിച്ചു. സലീം സുപ്രീം കോടതിയെ സമീപിച്ചു. സുപ്രീം കോടതിയില്‍ സലീമിന്റെ അഭിഭാഷകന്‍ ബി.എ.ഖാന്‍ ഭരണഘടനയുടെ ആര്‍ട്ടിക്കിള്‍ 25 പൗരന് നല്‍കുന്ന മത സ്വാതന്ത്ര്യം ചൂണ്ടിക്കാണിച്ചുകൊണ്ട് വാദിച്ചു. സ്‌കൂളില്‍ പഠിക്കുന്ന സിഖ് വിദ്യാര്‍ഥികള്‍ക്ക് താടി വെക്കാനും തലപ്പാവ് ധരിക്കാനുമുള്ള അനുമതി അഭിഭാഷകന്‍ ചൂണ്ടിക്കാണിക്കുകയും ചെയ്തു. പക്ഷേ, സുപ്രീം കോടതി സലീമിന്റെ അഭിഭാഷകനോട് ഒരു കാര്യം മാത്രം അന്വേഷിച്ചു; സ്‌കൂള്‍ സര്‍ക്കാര്‍ സഹായം (ശമ്പളം) ലഭിക്കുന്ന സ്ഥാപനമാണോ എന്ന്. കാരണം ന്യൂനപക്ഷങ്ങള്‍ നടത്തുന്ന എയ്ഡഡ് സ്‌കൂളുകള്‍ ഭരണഘടനാപരമായി രാഷ്ട്രത്തിന്റെ പൊതുസ്ഥാപനമായിട്ടാണ് പരിഗണിക്കപ്പെടുക. മൗലികാവകാശങ്ങള്‍ ഇത്തരത്തിലുള്ള സ്ഥാപനങ്ങളുടെ കാര്യത്തില്‍ മാത്രമെ പരിഗണിക്കാവൂ എന്നാണ് സുപ്രീം കോടതി പറഞ്ഞത്. നിര്‍മല കോണ്‍വെന്റ് ഒരു സ്വാശ്രയ സ്വകാര്യ സ്ഥാപനമാണ്. അവ സ്ഥാപിക്കപ്പെടുന്നത് ആര്‍ട്ടിക്കിള്‍ 30 അനുസരിച്ചാണ്. അവര്‍ക്ക് സ്വന്തമായ ചട്ടങ്ങള്‍ നിര്‍മിക്കാനുള്ള അധികാരമുണ്ട്. 'താടി താലിബാനിസം' ആണെന്ന ജസ്റ്റിസ് മാര്‍ക്കണ്ഡേയ കട്ജുവിന്റെ പരാമര്‍ശം ഈ കേസിന്റെ വിസ്താരത്തിനിടയിലായിരുന്നു. അദ്ദേഹം പിന്നീട് അതില്‍ ഖേദം പ്രകടിപ്പിച്ചു. പിന്നീട് സുപ്രീം കോടതി തന്നെ ഒരു ഇടക്കാല ഉത്തരവിലൂടെ സലീമിനെ സ്‌കൂളില്‍ പ്രവേശിപ്പിക്കണമെന്നും കേവലം ഒരു താടിയുടെ പേരില്‍ സ്‌കൂളില്‍ നിന്നും പുറത്താക്കാന്‍ പറ്റില്ലെന്നും വിധിക്കുകയുണ്ടായി. 

ഈ വിധിയില്‍ നിന്നും ഒരു കാര്യം വ്യക്തമാണ്. എയ്ഡഡ് സ്ഥാപനങ്ങള്‍ക്ക് മൗലികാവകാശങ്ങള്‍ക്ക് എതിരെ ചട്ടങ്ങള്‍ നിര്‍മിക്കാന്‍ അവകാശമില്ല. ന്യൂനപക്ഷ സ്ഥാപനങ്ങളില്‍ സര്‍ക്കാര്‍ സഹായം കിട്ടാത്ത സ്വാശ്രയ സ്ഥാപനങ്ങളില്‍ മാത്രമെ ഇത്തരം ചട്ടങ്ങള്‍ ഉണ്ടാക്കാനുള്ള അധികാരമുള്ളൂ. അവയില്‍ തന്നെയും ഒരു വിഭാഗത്തിന് മാത്രമായി വിവേചനം പാടില്ല. സിഖുകാര്‍ക്ക് അവരുടെ വിശ്വാസപ്രകാരമുള്ള കാര്യങ്ങള്‍ പ്രവര്‍ത്തിക്കാമെങ്കില്‍ ഇതര സമുദായങ്ങള്‍ക്കും അതുപോലെ പ്രവര്‍ത്തിക്കാം. വിവേചനം പാടില്ല. അത് ഭരണഘടനാവിരുദ്ധമാണ്. 

കേരളത്തിലെ നൂറോളം വരുന്ന എം.ഇ.എസ്. സ്ഥാപനങ്ങളില്‍ ഇനി മുതല്‍ മുഖാവരണം പാടില്ലെന്ന് സര്‍ക്കുലര്‍ പുറത്തിറക്കാന്‍ എല്ലാ എം.ഇ.എസ്. സ്ഥാപനങ്ങളിലും ശമ്പളം കൊടുക്കുന്നത് എം.ഇ.എസിന്റെ ഓഫീസില്‍ നിന്നോ പ്രസിഡന്റിന്റെ വീട്ടില്‍ നിന്നോ അല്ലെന്ന കാര്യം ഓര്‍ക്കണം. സര്‍ക്കാര്‍ ഖജനാവില്‍ നിന്നാണ് അവിടെ ശമ്പളം നല്‍കുന്നത്. ഇങ്ങനെയുള്ള സ്ഥാപനങ്ങളില്‍ ഏതു മതവിഭാഗത്തില്‍ പെട്ടവര്‍ക്കും മാന്യമായ വസ്ത്രം ധരിച്ചുകൊണ്ട് പഠിക്കാനുള്ള അവകാശം ഭരണഘടന നല്‍കിയിട്ടുണ്ട്. ഭരണഘടനക്കപ്പുറം ഒരു സ്ഥാപന മാനേജ്‌മെന്റിനും നിയമങ്ങളുണ്ടാക്കാന്‍ സാധിക്കില്ല. അത് നിലനില്‍ക്കില്ല. സര്‍ക്കുലറുകളും ലെറ്റര്‍പാഡും സീലുമൊക്കെ അല്‍പകാലത്തേക്ക് ഉപയോഗിക്കാമെന്ന് മാത്രം. 

എം.ഇ.എസ്സിനോ ഇതര സ്ഥാപന മാനേജുമെന്റുകള്‍ക്കോ തങ്ങളുടെ സ്ഥാപനങ്ങളില്‍ മുഖാവരണം ധരിച്ച് വിദ്യാര്‍ഥിനികള്‍ വരുന്നതുകൊണ്ട് പ്രായോഗികമായ ബുദ്ധിമുട്ടുകളോ മറ്റു അക്കാദമികമായ പോരായ്മകളോ ഉണ്ടെന്ന് അനുഭവപ്പെടുന്നുണ്ടെങ്കില്‍ സമുദായത്തില്‍ ആശങ്കകള്‍ സൃഷ്ടിച്ചും സമുദായത്തിന്റെ പ്രതിഷേധം ക്ഷണിച്ചുവരുത്തിയുമല്ല നടപടികള്‍ സ്വീകരിക്കേണ്ടത്. കേരളത്തിലെ മുഖ്യധാരാ മുസ്ലിം സംഘടനകളിലും രാഷ്ട്രീയ പ്രസ്ഥാനങ്ങളിലും ചര്‍ച്ച നടത്തി ഒരു സമവായം സൃഷ്ടിക്കുവാനും പരിഹാരം കണ്ടെത്താനുമാണ് നോക്കേണ്ടിയിരുന്നത്. മുത്ത്വലാഖ് വിഷയത്തില്‍ അത് നിഷിദ്ധമാണെന്നു വിശ്വസിക്കുന്ന വിഭാഗങ്ങള്‍ പോലും മുത്ത്വലാഖ് നിരോധിക്കുന്നതിനെതിരെ രംഗത്തുവരികയും സമുദായത്തില്‍ അക്കാര്യത്തില്‍ ഒരു സമവായം സൃഷ്ടിക്കുകയും ചെയ്ത കാര്യം നാം വിസ്മരിക്കരുത്. മുഖം മറക്കുന്നത് ഇഷ്ടമില്ലാത്തവരും മുഖം മറക്കുന്ന ന്യൂനപക്ഷത്തിന്റെ കൂടെ നിന്നുകൊണ്ട് അവരുടെ അവകാശം ഹനിക്കപ്പെടുന്നില്ലെന്നു അവരെ ബോധ്യപ്പെടുത്തി ഈ ഫാസിസ്റ്റുകാലത്ത് സമുദായത്തിനിടയില്‍ കുഴപ്പങ്ങള്‍ ഉണ്ടാക്കാതെ നോക്കുകയാണ് വേണ്ടത്. 

 മുഖം മറക്കുന്ന സഹോദരിമാരെ മുഴുവന്‍ ഇടിച്ചുതാഴ്ത്തുന്നവരും അവര്‍ സമുദായത്തിനോ സമൂഹത്തിനോ കൊള്ളാത്തവരാണെന്നും അവര്‍ തീവ്രവാദികളാണെന്നും ആക്ഷേപിക്കുന്നവരുമാണ് യഥാര്‍ഥത്തില്‍ തീവ്രവാദം മനസ്സില്‍ സൂക്ഷിക്കുന്നവര്‍. അസഹിഷ്ണുതയുടെ ഭാണ്ഡങ്ങളാണ് അവര്‍ പേറിക്കൊണ്ടിരിക്കുന്നത്. മുഖം മറക്കുന്ന സ്ത്രീജനങ്ങളില്‍ പലരും വളരെ പെട്ടെന്ന് അവരുടെ മുഖാവരണങ്ങള്‍ അഴിച്ചുമാറ്റാവുന്ന മാനസികാവസ്ഥയിലല്ല ഉള്ളത്. ചെറുപ്പം മുതല്‍ ധരിക്കുകയും പാരമ്പര്യമായി ശീലിച്ചുവന്നിട്ടുമുള്ള ധാരാളം പേര്‍ അവരുടെ കൂട്ടത്തിലുണ്ട്. തല മറക്കുന്ന ഒരു സ്ത്രീയുടെ തലയില്‍ നിന്നും തട്ടം അഴിഞ്ഞുപോവുമ്പോള്‍ ഉണ്ടാവുന്ന അതേ പ്രയാസം മുഖം മറച്ചു ശീലിച്ച ഒരു സ്ത്രീയുടെ മുഖത്തുനിന്നും അവ നീങ്ങുമ്പോള്‍ കാണും. മുഖം മറച്ചുവെന്ന കാരണത്താല്‍ വിദ്യാഭ്യാസം നിഷേധിച്ചാല്‍ അത് മനുഷ്യാവകാശ ലംഘനം കൂടിയായിരിക്കും. മുഖം മറച്ചതിന്റെ പേരില്‍ മാത്രം സാമൂഹിക പരിസരങ്ങളില്‍ നിന്നും അവരെ അകറ്റി നിര്‍ത്തിയാല്‍ നിരക്ഷരരും വിദ്യാഭ്യാസമില്ലാത്തവരുമായ ഒരു സമൂഹത്തെയായിരിക്കും അതുവഴി ഭാവിയില്‍ സമുദായത്തിനേറ്റെടുക്കേണ്ടി വരിക.

മുഖം മറക്കുന്നവര്‍ക്ക് മറക്കാത്തവരോടും പുച്ഛവും വെറുപ്പും ഉണ്ടാവേണ്ടതില്ല. നിങ്ങള്‍ക്ക് മറക്കാനുള്ള സ്വാതന്ത്ര്യമുള്ള പോലെ മറക്കാതിരിക്കാന്‍ മറ്റുള്ളവര്‍ക്കും സ്വാതന്ത്ര്യമുണ്ടെന്ന കാര്യം വിസ്മരിക്കരുത്. മതവിഷയങ്ങളില്‍ പ്രവാചകന്റെയും സച്ചരിതരായ സലഫിന്റെയും മാര്‍ഗം സ്വീകരിക്കുമ്പോഴാണ്  മധ്യമ മാര്‍ഗത്തില്‍ എത്തിച്ചേരുക എന്ന് മുസ്ലിം സമുദായം തിരിച്ചറിയേണ്ടതുണ്ട്. അഭിപ്രായാന്തരങ്ങള്‍ക്കിടയിലും സഹിഷ്ണുതയുടെ മാര്‍ഗമാണ് അവര്‍ പഠിപ്പിച്ചത്. 

ജസ്റ്റിസ് രജീന്ദര്‍ സച്ചാര്‍ ചൂണ്ടിക്കാണിച്ച പോലെ മുസ്ലിം സമുദായത്തിന് വിദ്യാഭ്യാസപരവും സാമൂഹികവുമായ പുരോഗതി ഉണ്ടാവണമെങ്കില്‍ അവര്‍ ജീവിക്കുന്ന ശൈലികളെയും അവരുടെ സംസ്‌കാരങ്ങളെയും അനുവദിച്ചുകൊണ്ട് തന്നെ പഠനം നടത്താനും ജോലി ചെയ്യാനും പൊതുഇടങ്ങളില്‍ പ്രത്യക്ഷപ്പെടാനും സാധിക്കേണ്ടതുണ്ട്. ഇല്ലെങ്കില്‍ വിദ്യാഭ്യാസ കച്ചവടം നടത്തുന്ന വരേണ്യവര്‍ഗങ്ങളില്‍ മാത്രമായി വിദ്യാഭ്യാസം ചുരുങ്ങിപ്പോകും. സമുദായ നേതൃത്വം ഈ വിഷയം ഗൗരവത്തില്‍ കണ്ടില്ലെങ്കില്‍ ഇസ്ലാമിക സംസ്‌കാരവും മുസ്‌ലിം അടയാളങ്ങളും അന്യംനിന്നു പോകുന്ന കാലം അനതിവിദൂരമല്ല.