കേരളം മറന്നുപോകുന്ന ദുരന്തപാഠങ്ങള്‍

സുഫ്‌യാന്‍ അബ്ദുസ്സലാം

2019 ജനുവരി 19 1440 ജുമാദല്‍ അവ്വല്‍ 13
പ്രകൃതിയില്‍ സംഭവിക്കുന്ന ഓരോ ദുരന്തവും വലിയ സന്ദേശങ്ങളാണ് മനുഷ്യന് കൈമാറിക്കൊണ്ടിരിക്കുന്നത്. എന്നാല്‍, കെടുതികള്‍ പെയ്  തൊഴിയുന്നതോടൊപ്പം ഓര്‍മകളും മാഞ്ഞുപോവുക എന്നത് മറ്റൊരു ദുരന്തമാണ്. കേരളം അനുഭവിച്ച ഏറ്റവും വലിയ പ്രളയത്തില്‍ നിന്ന് പാഠമുള്‍ക്കൊണ്ട് ഭാവി ഭദ്രമാക്കാനുള്ള ശ്രമങ്ങളുമായി മുന്നോട്ട് പോകേണ്ടവര്‍ പരിസ്ഥിതിക്ക് അനുഗുണമല്ലാത്തതും വീണ്ടും ദുരന്തങ്ങള്‍ക്ക് ഹേതുവാകുന്നതുമായ 'നശീകരണ' പ്രവര്‍ത്തനങ്ങള്‍ക്ക് അനുമതി നല്‍കുന്നത്  വേദനാജനകമാണ്. ഗാഡ്ഗിലും കസ്തൂരിരംഗനും ഉമ്മന്‍ വി ഉമ്മനും സമര്‍പ്പിച്ച പഠനറിപ്പോര്‍ട്ടുകളെ ഗൗരവത്തിലെടുത്ത് ജനങ്ങളെ ബോധവല്‍ക്കരിച്ച്  സമവായത്തിലൂടെ പശ്ചിമഘട്ടത്തെ സംരക്ഷിക്കാന്‍ സര്‍ക്കാരുകളും കേരളജനതയും  തയ്യാറാവുന്നില്ലെങ്കില്‍ സംസ്ഥാനത്തിന്റെ മരണമണിയായി അതിനെ കണക്കാക്കാം.

കേരളം കണ്ട ഏറ്റവും വലിയ പ്രളയവും ദുരന്തവും കഴിഞ്ഞിട്ട് അഞ്ചു മാസം പിന്നിടുകയാണ്. പ്രളയാനന്തര കേരളത്തെ പുനര്‍ജീവിപ്പിക്കുന്നതിനും പ്രളയ ദുരിതങ്ങളിലൂടെ സര്‍വവും നഷ്ടപ്പെട്ടവരെ പുനരധിവസിപ്പിക്കുന്നതിനാവശ്യമായ പ്രവര്‍ത്തനങ്ങള്‍ക്ക് തുടക്കത്തില്‍ കണ്ട ആവേശം ഇന്ന് കാണുന്നില്ല. ദുരിതാശ്വാസ നിധികളിലേക്ക് ധാരാളം പണമൊഴുകിയെങ്കിലും ആ ഒഴുക്കിന്റെ വേഗത ദുരിതാശ്വാസ പ്രവര്‍ത്തനങ്ങള്‍ക്കോ പ്രളയക്കെടുതികള്‍ ആവര്‍ത്തിക്കപ്പെടാതിരിക്കാനുള്ള മുന്നൊരുക്കങ്ങള്‍ക്കോ ഇല്ല. 'പ്രകൃതിയുടെ വിളയാട്ടം' എന്ന ഓമനപ്പേര് നല്‍കി നൂറ്റാണ്ടിലെ ഏറ്റവും വലിയ ദുരന്തത്തെ ഒരു ചരിത്രമാക്കി അവസാനിപ്പിക്കുകയല്ലാതെ വരാനിരിക്കുന്ന നാളുകളില്‍ പ്രകൃതിക്ഷോഭങ്ങള്‍ നേരിടാന്‍ ആവശ്യമായ പ്രകൃതി സൗഹൃദ കാഴ്ചപ്പാടുകളും ഭൂവിനിയോഗ സംസ്‌കാരവും ആവിഷ്‌കരിക്കുന്നതില്‍ മലയാളികള്‍ എന്തുചെയ്തുവെന്ന കാര്യം പരിശോധിക്കപ്പെടേണ്ടതുണ്ട്. ഗുണകാംക്ഷാപരമായ ആത്മപരിശോധനകള്‍ നടത്തുന്നതിനു പകരം പരസ്പരമുള്ള വിമര്‍ശനങ്ങള്‍ കൊണ്ടോ പ്രകൃതി വിഭവങ്ങളെ കണ്ണടച്ച് ചൂഷണം ചെയ്യുന്നതിന് വേണ്ടിയുള്ള തന്ത്രങ്ങള്‍ രൂപീകരിച്ചതുകൊണ്ടോ നമ്മുടെ നാടിനെ രക്ഷപ്പെടുത്താന്‍ സാധ്യമല്ല. ഇനിയൊന്നും സംഭവിക്കില്ലെന്ന അമിതമായ ആത്മവിശ്വാസവും ദിവാസ്വപ്‌നങ്ങളും വലിയ ദുരന്തങ്ങളെ വിളിച്ചുവരുത്തുമെന്ന കാര്യത്തില്‍ സംശയമില്ല. 

കേരളത്തെ പുനര്‍നിര്‍മിക്കാന്‍ മുപ്പത്തി ഒന്നായിരം കോടി രൂപ ആവശ്യമാണെന്നാണ് ഐക്യരാഷ്ട്ര സഭയുടെ വിദഗ്ധ സമിതി സമര്‍പ്പിച്ച ദുരന്താനന്തര മൂല്യനിര്‍ണയ റിപ്പോര്‍ട്ട് സൂചിപ്പിക്കുന്നത്. പ്രകൃതി വിഭവങ്ങളും ജലസ്രോതസ്സുകളും ജൈവ സമ്പത്തുക്കളും ധാരാളമുള്ള കേരളത്തിന്റെ ഭൂപ്രകൃതിയെ സംരക്ഷിക്കാന്‍ ദുരന്തങ്ങള്‍ നല്‍കിയ മുന്നറിയിപ്പുകളുടെ അടിസ്ഥാനത്തില്‍ കൂടുതല്‍ ജാഗ്രതയും പരിഷ്‌കരണങ്ങളും ആവശ്യമാണ്. യു.എന്‍ വിദഗ്ധ സമിതി മുഖ്യമന്ത്രിക്ക് സമര്‍പ്പിച്ച റിപ്പോര്‍ട്ട് ഇതിലേക്കുള്ള ചൂണ്ടുപലകയാണ്. സംസ്ഥാനത്തിനാവശ്യമായ നയരൂപരേഖ (policy framework) അടങ്ങിയ പ്രസ്തുത റിപ്പോര്‍ട്ടില്‍ പ്രധാനമായും നാലു ഘടകങ്ങളാണുള്ളത്. പ്രകൃതി സൗഹൃദമായ ഭൂവിനിയോഗം, സംയോജിത ജലവിഭവ മാനേജ്‌മെന്റ്, എല്ലാവരെയും ഉള്‍ക്കൊള്ളുന്ന ജനകേന്ദ്രീകൃതമായ സമീപനം, നൂതന സാങ്കേതിക വിദ്യ എന്നിവയാണവ. യു.എന്‍ റിപ്പോര്‍ട്ടില്‍ വളരെ പ്രാധാന്യത്തോടെ നല്‍കിയിട്ടുള്ള പ്രകൃതി സൗഹൃദമായ ഭൂവിനിയോഗം എന്ന നിര്‍ദേശത്തോട് കേരളത്തിലെ ജനങ്ങളുടെ പ്രതികരണം എത്രമാത്രം പോസിറ്റിവ് ആയിരിക്കുമെന്ന് കണ്ടറിയേണ്ടതുണ്ട്. ജനങ്ങള്‍ക്കിടയില്‍ ബോധവല്‍ക്കരണം നടത്തി പരമ്പരാഗതവും ശീലിച്ചുവന്നിട്ടുള്ളതുമായ ഭൂവിനിയോഗ സമീപനങ്ങളില്‍ കാലത്തിനനുസരിച്ച് മാറ്റങ്ങള്‍ കൊണ്ടുവരാനുള്ള ബാധ്യത സര്‍ക്കാരിനും മുഖ്യധാരാ രാഷ്ട്രീയ പ്രസ്ഥാനങ്ങള്‍ക്കുമുണ്ട്. മത സംഘടനകള്‍ക്കും പണ്ഡിതന്മാര്‍ക്കും ഇക്കാര്യത്തില്‍ കുറെയേറെ ചെയ്യാന്‍ സാധിക്കും. നിലവിലുള്ള ഭൂവിനിയോഗ സമ്പ്രദായങ്ങളെ പുനഃപരിശോധിക്കണമെന്നും ഉപഭോഗരീതിയില്‍ മാറ്റങ്ങള്‍ അനിവാര്യമാണെന്നും റിപ്പോര്‍ട്ട് പറയുന്നുണ്ട്. നിര്‍മാണ മേഖലയില്‍ പ്രീ ഫാബ്രിക്കേറ്റഡ് സാങ്കേതിക വിദ്യകള്‍ അടക്കം നൂതനവും പ്രകൃതി സൗഹൃദവുമായ മാറ്റങ്ങള്‍ റിപ്പോര്‍ട്ട് നിര്‍ദേശിക്കുന്നുണ്ട്. 

യു.എന്‍ വിദഗ്ധ സമിതിയുടെ റിപ്പോര്‍ട്ട് മുഖ്യമന്ത്രിക്ക് കൈമാറുകയും മുഖ്യമന്ത്രി സമിതിയെ മുക്തകണ്ഠം പ്രശംസിക്കുകയും യു.എന്‍ റിപ്പോര്‍ട്ടിലെ നിര്‍ദേശങ്ങള്‍ നടപ്പാക്കുമെന്ന് പ്രഖ്യാപിക്കുകയുമൊക്കെ ചെയ്‌തെങ്കിലും റിപ്പോര്‍ട്ടിനോട് ആത്മാര്‍ഥമായ പ്രതിബദ്ധത കേന്ദ്ര- സംസ്ഥാന സര്‍ക്കാരുകളോ മുഖ്യധാരാ രാഷ്ട്രീയപ്പാര്‍ട്ടികളോ കാണിച്ചിട്ടില്ലെന്നാണ് പിന്നീടുള്ള പ്രവര്‍ത്തനങ്ങള്‍ നമ്മെ ബോധ്യപ്പെടുത്തുന്നത്. പരമ്പരാഗതമായി ശീലിച്ചുവന്ന പ്രകൃതി ചൂഷണങ്ങള്‍ക്ക് വീണ്ടും പച്ചക്കൊടി കാണിക്കാനാണ് സര്‍ക്കാരുകള്‍ ശ്രമിക്കുന്നത്. 2013 നവംബര്‍ 13നു പശ്ചിമഘട്ടത്തിലെ മുഴുവന്‍ പരിസ്ഥിതിലോല പ്രദേശങ്ങളിലും ഖനനം, മണലൂറ്റ്, പാറപൊട്ടിക്കല്‍, ക്വാറി തുടങ്ങിയ പ്രവര്‍ത്തനങ്ങള്‍ നിരോധിച്ചുകൊണ്ട് കേന്ദ്ര പരിസ്ഥിതി വനം മന്ത്രാലയം ഉത്തരവ് പുറപ്പെടുവിച്ചിരുന്നു. എന്നാല്‍ ഈ ഉത്തരവ് 2018 ഡിസംബര്‍ 3ന് അതേ മന്ത്രാലയം തന്നെ പുറപ്പെടുവിച്ച ഉത്തരവിലൂടെ റദ്ദ് ചെയ്തിരിക്കുകയാണ്. ഒരു വലിയ പ്രളയം കഴിഞ്ഞിട്ടും പ്രളയനാന്തര കേരളത്തോട് കാണിക്കേണ്ട ഉത്തരവാദിത്തം ഇങ്ങനെയായിരുന്നില്ല കാണിക്കേണ്ടിയിരുന്നത് എന്ന് വിലയിരുത്താന്‍ വലിയ ബുദ്ധിയുടെ ആവശ്യമില്ല. കേരളത്തിലെ 3115 ചതുരശ്ര കിലോമീറ്ററില്‍ പരന്നു കിടക്കുന്ന 123 പരിസ്ഥിതി ലോല ഗ്രാമങ്ങള്‍ ഉള്‍കൊള്ളുന്ന മുഴുവന്‍ പ്രദേശങ്ങളിലും ഖനനവും പാറപൊട്ടിക്കലും അടക്കമുള്ള മുഴുവന്‍ 'നശീകരണ' പ്രവര്‍ത്തനങ്ങള്‍ക്കും മന്ത്രാലയം ഉത്തരവിലൂടെ അനുമതി നല്‍കിയിരിക്കുകയാണ്. സംസ്ഥാന സര്‍ക്കാരിന്റെ അഭ്യര്‍ഥനയുടെയും സംസ്ഥാനത്തെ ചില ക്വാറി ഉടമകള്‍ ഫയല്‍ ചെയ്ത കേസുകളുടെയും അടിസ്ഥാനത്തിലാണ് കേന്ദ്ര പരിസ്ഥതി മന്ത്രാലയത്തിന്റെ ഉത്തരവെന്നത് നമ്മുടെ കണ്ണുകളെ തുറപ്പിക്കേണ്ടതാണ്. 

മന്ത്രാലയം പൊതുജനങ്ങളില്‍ നിന്നും പ്രതികരണങ്ങളും പരാതികളും ക്ഷണിച്ചിരുന്നുവെങ്കിലും വേണ്ടത്ര സമയം നല്‍കാതെയും ലഭിച്ച പ്രതികരണങ്ങളെ പരിഗണിക്കാതെയും ധൃതിപിടിച്ച് ഖനനത്തിനും ക്വാറിയുടെ പ്രവര്‍ത്തനങ്ങള്‍ക്കും അനുമതി നല്‍കുകയായിരുന്നുവെന്ന് സംസ്ഥാനത്തിന്റെ ജൈവവൈവിധ്യ ബോര്‍ഡ് മുന്‍ ചെയര്‍മാനും ഗാഡ്ഗില്‍ കമ്മിറ്റി അംഗവുമായിരുന്ന വി.എസ്. വിജയന്‍ പറഞ്ഞു. കേരളത്തില്‍ പ്രളയ കാലത്തുണ്ടായ ഉരുള്‍പൊട്ടലുകളും മണ്ണിടിച്ചിലുകളും സംഭവിച്ചതില്‍ അധികവും ഗാഡ്ഗില്‍ കമ്മിറ്റി ദുരന്തസാധ്യതകള്‍ കൂടുതലുണ്ടെന്നു നേരത്തെ ചൂണ്ടിക്കാണിച്ച സോണുകളില്‍ ആയിരുന്നുവെന്നും അദ്ദേഹം പറഞ്ഞു. 'കനത്ത പാരിസ്ഥിതിക ആഘാതങ്ങള്‍ സംഭവിച്ച മേഖലകളാണവ. ഞങ്ങള്‍ പറഞ്ഞത് അന്നാരും ഗൗനിച്ചില്ല. പ്രളയങ്ങള്‍ ഇനിയും സംഭവിക്കാം. അങ്ങനെ സംഭവിച്ചാല്‍ ദുരന്തങ്ങളെ തടുത്തുനിര്‍ത്താന്‍ ആര്‍ക്കും സാധിക്കില്ല. ശാസ്ത്രീയ പഠനങ്ങളുടെ അടിസ്ഥാനത്തിലുള്ള നിര്‍ദേശങ്ങള്‍ സ്വീകരിച്ചു പ്രവര്‍ത്തിച്ചാല്‍ ദുരന്താഘാതങ്ങള്‍ കുറയ്ക്കാന്‍ സാധിക്കും. കേന്ദ്ര പരിസ്ഥിതി മന്ത്രാലയത്തോട് ഉത്തരവ് പിന്‍വലിക്കാന്‍ സംസ്ഥാന സര്‍ക്കാര്‍ ആവശ്യപ്പെടുകയാണ് വേണ്ടത്'- വി.എസ്. വിജയന്‍ 'ഫ്രന്റ്‌ലൈന്‍' വാരികയ്ക്ക് നല്‍കിയ അഭിമുഖത്തില്‍ പറഞ്ഞു. 

കലിതുള്ളി കരകളെ വിഴുങ്ങിയ പുഴകള്‍ സൃഷ്ടിച്ച ദുരന്ത കാഴ്ചകളും ഉരുള്‍പൊട്ടലുകളും മണ്ണിടിച്ചിലുകളും വഴി തകര്‍ന്നടിഞ്ഞ പ്രകൃതിയുടെ വികൃതമായ മുഖങ്ങളും മലയാളികളുടെ മനസ്സുകളില്‍ നിന്നും മാഞ്ഞുപോയിട്ടില്ല. അവയെല്ലാം പുതുമയോടെ ഓര്‍മകളില്‍ തങ്ങിനില്‍ക്കുന്നുണ്ട്. പശ്ചിമ ഘട്ടം ആവരണം ചെയ്യുന്ന ജില്ലകളിലെ ചെറുകുന്നുകളില്‍ സ്ഥിതിചെയ്യുന്ന ഗ്രാമങ്ങളിലെ ക്വാറികള്‍ ആയിരുന്നു ദുരന്തങ്ങളുടെ ആഘാതം വര്‍ധിപ്പിച്ചതെന്ന കാര്യം ആര്‍ക്കും വിസ്മരിക്കാന്‍ സാധ്യമല്ല. പ്രകൃതിയോട് മനുഷ്യന്‍ കാണിച്ച ക്രൂരവിനോദത്തിന്റെ ഫലങ്ങളായിരുന്നു ദുരന്തത്തിന്റെ വ്യാപ്തി വര്‍ധിപ്പിച്ചതെന്ന് പഠനങ്ങള്‍ വെളിപ്പെടുത്തുമ്പോള്‍ പരിസ്ഥിതി സൗഹൃദത്തെ അടിസ്ഥാനമാക്കിയുള്ള പുനര്‍ നിര്‍മാണവും ഭൂവിനിയോഗത്തിലുള്ള പ്രകൃതിവിരുദ്ധമല്ലാത്ത ഇടപെടലുകളുടെ അനിവാര്യതയും പ്രകൃതി വിഭവങ്ങളെയും ജലസ്രോതസ്സുകളെയും ഉപയോഗപ്പെടുത്തുന്നതില്‍ ജനങ്ങള്‍ പാലിക്കേണ്ട സൂക്ഷ്മതയും ജാഗ്രതയും നമ്മെ ഒന്നുകൂടി ഓര്‍മപ്പെടുത്തുന്നു. ഇത് ഉള്‍ക്കൊള്ളാനും അതനുസരിച്ച് പ്രവര്‍ത്തിക്കാനും മുഖ്യധാരാ രാഷ്ട്രീയ പ്രസ്ഥാനങ്ങള്‍ക്ക് സാധിക്കാതെ വരുന്നുവെന്നതാണ് കേരളം നേരിടുന്ന പ്രതിസന്ധി. പശ്ചിമ ഘട്ടത്തിന്റെ സംരക്ഷണത്തിന്റെ പേരിലുള്ള രാഷ്ട്രീയ കിടമത്സരങ്ങള്‍ ഇടുക്കി, വയനാട് പോലെയുള്ള ഹൈറേഞ്ച് ജില്ലകളില്‍ തെരഞ്ഞെടുപ്പ് കാലങ്ങളില്‍ മാത്രം കണ്ടുവരുന്ന കാര്യങ്ങളാണ്. വളരെയധികം പ്രകൃതിലോലമായ ഈ പ്രദേശങ്ങളിലെ രാഷ്ട്രീയം പോലും പ്രകൃതി ചൂഷണങ്ങളുമായി ബന്ധപ്പെട്ടാണ് നിലനില്‍ക്കുന്നത്. 2014ലെ തിരഞ്ഞെടുപ്പില്‍ പോലും പ്രമുഖ പാര്‍ട്ടികള്‍ തിരഞ്ഞെടുപ്പിനെ നേരിട്ടത് മേഖലയിലെ മഹാഭൂരിപക്ഷം വരുന്ന കുടിയേറ്റ കര്‍ഷകരുടെ വോട്ട് ബാങ്കിനെ ലക്ഷ്യമാക്കിയുള്ള രാഷ്ട്രീയം മുന്നില്‍ വെച്ചുകൊണ്ടായിരുന്നു. പലപ്പോഴും ഈ ഭൂരിപക്ഷത്തെ നിയന്ത്രിക്കുന്നത് മേഖലയിലെ മത- രാഷ്ട്രീയ സാമ്പത്തിക ശക്തികളാണ്. 

ഗാഡ്ഗില്‍, കസ്തൂരിരംഗന്‍ റിപ്പോര്‍ട്ടുകള്‍ പ്രസക്തമാവുന്നത് ഇവിടെയാണ്. കേരളം മുതല്‍ ഗുജറാത്ത് വരെ വ്യാപിച്ചുകിടക്കുന്ന പശ്ചിമഘട്ടത്തിന്റെ പാരിസ്ഥിതിക അവസ്ഥകളെ പഠിച്ച് അതിന്റെ സംരക്ഷണത്തിനാവശ്യമായ നിര്‍ദേശങ്ങള്‍ സമര്‍പ്പിക്കാന്‍ കഴിഞ്ഞ യു.പി.എ സര്‍ക്കാരാണ് പ്രമുഖ പരിസ്ഥിതി ശാസ്ത്രജ്ഞന്‍ പത്മഭൂഷണ്‍ മാധവ് ഗാഡ്ഗിലിനെ അധ്യക്ഷനാക്കി പശ്ചിമഘട്ട പരിസ്ഥിതി വിദഗ്ധ സമിതി (WGEEP) രൂപീകരിച്ചത്. 2011 ആഗസ്റ്റ് 31ന് 13 ശാസ്ത്രജ്ഞര്‍ അടങ്ങിയ ഗാഡ്ഗില്‍ കമ്മിറ്റി നല്‍കിയ റിപ്പോര്‍ട്ടില്‍ പൊതുസ്ഥലം സ്വകാര്യസ്ഥലമായി മാറ്റരുതെന്നും വനഭൂമി വനേതര ഭൂമിയാക്കി മാറ്റാനോ കൃഷിഭൂമി കാര്‍ഷികേതര ആവശ്യത്തിനായി ഉപയോഗിക്കാനോ പാടില്ലെന്നും നിര്‍ദേശിച്ചിരുന്നു. അടിസ്ഥാന സൗകര്യങ്ങള്‍ വികസിപ്പിക്കുന്നതിന് മുമ്പ് പാരിസ്ഥിതിക പഠനങ്ങള്‍ നടത്തണമെന്നും കെട്ടിടങ്ങള്‍ പരിസ്ഥിതി സൗഹൃദമായിരിക്കണമെന്നും പ്രകൃതിവിഭവങ്ങള്‍ സംരക്ഷിക്കപ്പെടണമെന്നും നിര്‍മാണരംഗങ്ങളില്‍ പുതിയ രീതികളും ചട്ടങ്ങളും നടപ്പാക്കണമെന്നും കമ്മിറ്റി ശിപാര്‍ശ ചെയ്തിരുന്നു. നദികളും നീര്‍ത്തടങ്ങളും സംരക്ഷിക്കാനും നദികളുടെ ഒഴുക്കിനെ തടസ്സപ്പെടുത്താതിരിക്കാനും ജലപരിപാലനത്തിനും മഴവെള്ള സംഭരണത്തിനും ജനകീയ പങ്കാളിത്തത്തോടെ പദ്ധതികള്‍ ആവിഷ്‌കരിക്കാനും നിര്‍ദേശമുണ്ടായിരുന്നു. 1977നു ശേഷമുണ്ടായ കയ്യേറ്റങ്ങള്‍ ക്രമപ്പെടുത്താന്‍ പാടില്ലെന്ന നിര്‍ദേശവും ഗാഡ്ഗില്‍ കമ്മറ്റി വെച്ചിരുന്നു. പശ്ചിമ ഘട്ടത്തിന്റെ 64 ശതമാനവും പരിസ്ഥിതിലോല(Ecologically Sensitive Area-ESA)മെന്നു കണ്ടെത്തിയ ഗാഡ്ഗില്‍ കമ്മിറ്റി റിപ്പോര്‍ട്ട് അപ്രായോഗികമാണെന്ന വിമര്‍ശനമുയര്‍ന്ന സാഹചര്യത്തിലാണ് 2012 ആഗസ്റ്റില്‍ മുന്‍ ഐ.എസ്.ആര്‍.ഒ ചെയര്‍മാന്‍ പത്മവിഭൂഷണ്‍ ഡോ: കെ. കസ്തൂരിരംഗന്‍ അധ്യക്ഷനായ മറ്റൊരു കമ്മീഷനെ യു.പി.എ സര്‍ക്കാര്‍ നിയോഗിച്ചത്. ഗാഡ്ഗില്‍ കമ്മിറ്റിയുടെ കര്‍ശനമായ നിര്‍ദേശങ്ങള്‍ ഒഴിവാക്കി കസ്തൂരിരംഗന്‍ പശ്ചിമ ഘട്ടത്തിലെ 37 ശതമാനം പ്രദേശങ്ങളെ മാത്രം പരിസ്ഥിതി ലോല പ്രദേശങ്ങളായി നിജപ്പെടുത്തി. ക്വാറിയിങ് അടക്കമുള്ള വിനാശകരമായ പ്രവര്‍ത്തനങ്ങള്‍ക്ക് എതിരായിരുന്നു കസ്തൂരിരംഗന്‍ റിപ്പോര്‍ട്ടും. അതുകൊണ്ടുതന്നെ ഈ റിപ്പോര്‍ട്ടും കേരളത്തിലെ പശ്ചിമ ഘട്ട ജില്ലകളിലെ കുടിയേറ്റ രാഷ്ട്രീയക്കാരെ തൃപ്തിപ്പെടുത്തിയില്ല. 

കസ്തൂരിരംഗന്‍ റിപ്പോര്‍ട്ടിനെതിരെ െ്രെകസ്തവസഭകളും കേരളത്തിലെ അന്നത്തെ പ്രതിപക്ഷ കക്ഷികളും സമരം നടത്തുകയും 2014ലെ തിരഞ്ഞെടുപ്പ് വേളയില്‍ റിപ്പോര്‍ട്ട് പരസ്യമായി കത്തിക്കുകയും ചെയ്തു. പരിസ്ഥിതി സംരക്ഷണം അനിവാര്യമാണെന്ന തിരിച്ചറിവുണ്ടായിട്ടും ജനങ്ങള്‍ക്കിടയില്‍ ബോധവല്‍ക്കരണം നടത്തി പരമാവധി ഏകോപനമുണ്ടാക്കുന്നതിനു പകരം കേവല രാഷ്ട്രീയ നേട്ടങ്ങള്‍ക്ക് വേണ്ടി റിപ്പോര്‍ട്ടുകള്‍ ചവറ്റുകൊട്ടയിലേക്ക് വലിച്ചെറിയപ്പെടുന്ന സാഹചര്യം സംസ്ഥാനത്തോടും സംസ്ഥാനത്തെ ജൈവ പാരിസ്ഥിതിക സങ്കേതങ്ങളോടും ചെയ്യുന്ന ക്രൂരതയാണ്. കസ്തൂരിരംഗന്‍ റിപ്പോര്‍ട്ട് കേരളീയ പശ്ചാത്തലത്തില്‍ നടപ്പില്‍ വരുത്തുന്നതിന് വേണ്ടിയുള്ള റിപ്പോര്‍ട്ട് സമര്‍പ്പിക്കുന്നതിനുവേണ്ടിയായിരുന്നു ഉമ്മന്‍ വി. ഉമ്മന്‍ കമ്മിറ്റിയെ സംസ്ഥാന സര്‍ക്കാര്‍ നിയോഗിച്ചത്. താമസസഥലങ്ങള്‍, കൃഷിഭൂമി, തോട്ടങ്ങള്‍ തുടങ്ങിയവ പരിസ്ഥിതിലോല പ്രദേശമായി പ്രഖ്യാപിച്ചുവെന്നതായിരുന്നു മേഖലയിലെ കര്‍ഷക കുടിയേറ്റക്കാര്‍ ഗാഡ്ഗില്‍ കമ്മിറ്റിയുടെയും കസ്തൂരിരംഗന്‍ കമ്മിറ്റിയുടെയും റിപ്പോര്‍ട്ടുകള്‍ അംഗീകരിക്കാതിരുന്നതിന്റെ പ്രധാന കാരണം. അതുകൊണ്ടുതന്നെ ഈ ആവശ്യം ഉമ്മന്‍ വി. ഉമ്മന്‍ കമ്മറ്റി പരിഗണിക്കുകയും ചെയ്തു. പക്ഷേ, ദേശീയ ഹരിത ട്രൈബ്യുണലില്‍ ഉമ്മന്‍ കമ്മറ്റി റിപ്പോര്‍ട്ട് ചോദ്യം ചെയ്യപ്പെടുകയും സലിം അലി ഫൗണ്ടേഷനടക്കമുള്ള പരിസ്ഥിതി സംരക്ഷണ സംഘടനകള്‍ ഇതിനെതിരെ രംഗത്തുവരികയും ചെയ്തു. പശ്ചിമഘട്ടമെന്നു പറയുന്ന കേരളം, തമിഴ്‌നാട്, കര്‍ണാടക, ഗോവ, മഹാരാഷ്ട്ര, ഗുജറാത്ത് എന്നീ ആറു സംസ്ഥാനങ്ങളുടെ പ്രകൃതി സംരക്ഷണത്തിന് ദീര്‍ഘവീക്ഷണത്തോടെ പദ്ധതികള്‍ ആവിഷ്‌കരിക്കുന്നതിനു പകരം സ്വാര്‍ഥ താല്‍പര്യങ്ങള്‍ മാത്രം കൊണ്ടുനടക്കുന്ന ചില കോര്‍പ്പറേറ്റുകളുടെ അഭീഷ്ടങ്ങള്‍ക്കനുസരിച്ച് നിയമങ്ങള്‍ ഉണ്ടാക്കുകയും ഉത്തരവുകള്‍ പുറപ്പെടുവിക്കുകയും ചെയ്യുന്നത് വലിയ പ്രത്യാഘാതങ്ങള്‍ ഉണ്ടാക്കുമെന്നതില്‍ സംശയമില്ല. 

കേന്ദ്ര പരിസ്ഥിതി മന്ത്രാലയത്തിന്റെ 2013 നവംബര്‍ 13ലെ ഉത്തരവനുസരിച്ച് കസ്തൂരിരംഗന്‍ റിപ്പോര്‍ട്ടില്‍ പരാമര്‍ശിച്ച 13018 ചതുരശ്ര കിലോമീറ്റര്‍ പ്രദേശങ്ങളിലും ക്വാറിയിങ് നിര്‍ത്തിവെച്ചതായിരുന്നു. പരിസ്ഥിതിലോല പ്രദേശം 9993.7 ചതുരശ്ര കിലോമീറ്റര്‍ ആയി പരിമിതപ്പെടുത്തിയിരുന്നുവെങ്കിലും ക്വാറിയിങ് നിരോധനം അങ്ങനെ തന്നെ തുടര്‍ന്നു. ഈ നിരോധനം പിന്‍വലിക്കണമെന്ന് കക്ഷിഭേദമന്യെ എല്ലാ രാഷ്ട്രീയ സംഘടനകളും ആവശ്യപ്പെട്ടിരുന്നു. ഡിസംബര്‍ 3ലെ ഉത്തരവ് ഈ നിരോധനം പൂര്‍ണമായും എടുത്തുകളഞ്ഞിരിക്കുകയാണ്. നിരോധനം പുറപ്പെടുവിച്ചിരുന്ന വര്‍ഷത്തേതിലും ഭയാനകമായ സാഹചര്യം കഴിഞ്ഞ ആഗസ്റ്റില്‍ പ്രളയം വഴി ഉണ്ടായിട്ടും യാതൊരു തത്ത്വദീക്ഷയുമില്ലാതെ നിരോധനം പിന്‍വലിച്ചത് പരിസ്ഥിതിയോടും ജൈവ വ്യവസ്ഥയോടും സര്‍വോപരി ജനങ്ങളോടുമുള്ള വെല്ലുവിളിയാണ്. നിരോധനം പിന്‍വലിക്കാന്‍ സാധാരണജനങ്ങള്‍ ആവശ്യപ്പെട്ടിട്ടില്ല. ജനങ്ങള്‍ ആവശ്യപ്പെട്ടിരുന്നത് മുഴുവന്‍ പ്രദേശങ്ങളും പരിസ്ഥിതിലോലമായി പ്രഖ്യാപിച്ച് അവരിപ്പോള്‍ ജീവിക്കുന്ന പ്രദേശങ്ങളില്‍ നിന്നും അവരെ കുടിയൊഴിപ്പിക്കരുത് എന്ന് മാത്രമായിരുന്നു. മണലൂറ്റ്, പാറപൊട്ടിക്കല്‍, ക്വാറി തുടങ്ങിയവയുടെ നിരോധനങ്ങള്‍ ഒഴിവാക്കണമെന്നത് അവരുടെ ആവശ്യമല്ല. 

ഗാഡ്ഗില്‍ കമ്മിറ്റിയുടെ നിര്‍ദേശങ്ങള്‍ നിര്‍മാണ പ്രവര്‍ത്തനങ്ങളെയും വികസനപ്രവര്‍ത്തനങ്ങളെയും ബാധിക്കുമെന്ന കണ്ടെത്തലായിരുന്നു കസ്തൂരിരംഗന്‍ കമ്മിറ്റിയുടെ നിയമനത്തിന് കാരണമായത്. പരിസ്ഥിതി സൗഹൃദവും അതോടൊപ്പം വികസനത്തിന് എതിരല്ലാത്തതുമായ നിര്‍ദേശങ്ങളായിരുന്നു കസ്തൂരിരംഗന്‍ റിപ്പോര്‍ട്ടില്‍ ഉണ്ടായിരുന്നത്. പക്ഷേ, അതും അംഗീകരിക്കില്ലെന്ന പിടിവാശി തത്ത്വത്തില്‍ ഇപ്പോള്‍ പരിസ്ഥിതിയുടെ വിഷയത്തില്‍ ഒരു കാഴ്ചപ്പാടുമില്ലാത്ത അവസ്ഥയിലേക്ക് സംസ്ഥാനത്തെ നയിച്ചുകൊണ്ടിരിക്കുകയാണ്. പ്രളയമല്ല, അതിലും വലുത് വന്നാലും തങ്ങളുടെ ബിസിനസ് താല്‍പര്യങ്ങള്‍ക്ക് മാത്രം പരിഗണന നല്‍കുന്ന ക്വാറി, ടൂറിസം, നിര്‍മാണ, മര വ്യവസായ ലോബികളുടെ ഇച്ഛകള്‍ക്കനുസരിച്ച് സംസ്ഥാനം മുന്നോട്ട് പോയാല്‍ പ്രളയാനന്തര പുനര്‍നിര്‍മാണത്തിനല്ല, കേരളത്തിന്റെ മരണാനന്തര ക്രിയകള്‍ക്കാവും സംസ്ഥാനം പദ്ധതികള്‍ ആവിഷ്‌കരിക്കേണ്ടിവരിക. 

മനുഷ്യര്‍, മൃഗങ്ങള്‍, പക്ഷികള്‍ തുടങ്ങിയ ജീവിവര്‍ഗങ്ങള്‍ക്ക് ജീവിക്കാന്‍ അവകാശമുള്ള ഭൂമിയെ കുത്തകയാക്കി വെച്ച് ജൈവവ്യവസ്ഥയെ ഉന്മൂലനം ചെയ്തുകൊണ്ടുള്ള വികസനപ്രവര്‍ത്തനങ്ങള്‍ക്കും സാമ്പത്തിക നേട്ടങ്ങള്‍ക്കുള്ള വേണ്ടിയുള്ള നിര്‍മാണ പ്രവര്‍ത്തനങ്ങള്‍ക്കും മുന്‍ഗണന നല്‍കുന്നത് വീണ്ടും വലിയ ദുരന്തങ്ങളെ വിളിച്ചുവരുത്തുമെന്നു തിരിച്ചറിയാനുള്ള വിവേകം തിരിച്ചുപിടിക്കാന്‍ ഭരണാധികാരികള്‍, സര്‍ക്കാരുകള്‍, രാഷ്ട്രീയപ്രസ്ഥാനങ്ങള്‍, കോര്‍പ്പറേറ്റുകള്‍, വന്‍കിട ബിസിനസുകാര്‍, മതമേലധ്യക്ഷന്മാര്‍, മതസംഘടനകള്‍ തുടങ്ങി സമൂഹത്തെ സ്വാധീനിച്ചുകൊണ്ടിരിക്കുന്ന മുഴുവന്‍ വിഭാഗങ്ങള്‍ക്കും സാധിക്കേണ്ടതുണ്ട്. 

സമാധാനവും ശാന്തിയും നിലനിര്‍ത്തി ദൈവത്തെ മാത്രം ആരാധിച്ച് അവന്റെ നിയമനിര്‍ദേശങ്ങള്‍ പാലിച്ച് അക്രമവും അഴിമതിയും ചൂഷണവും വെടിഞ്ഞുകൊണ്ട് സഹജീവികളുടെയും ഇതര ജന്തുജാലങ്ങളുടെയും അവകാശങ്ങള്‍ ഹനിക്കാതെ പ്രകൃതിയുടെ സ്വാതന്ത്ര്യത്തിനും നിലനില്‍പിനും പോറലേല്‍പിക്കാതെ ജീവിക്കുന്നതിനുവേണ്ടിയാണ് ഭൂമിയെ ദൈവം മനുഷ്യന് നല്‍കിയത്. മനുഷ്യന്റെ സ്വാര്‍ഥതയും കുടിലതയുമാണ് പ്രകൃതിയെ നശിപ്പിക്കുന്നതും വന്‍ദുരന്തങ്ങള്‍ കൊണ്ടുവരുന്നതും. വിശുദ്ധ ക്വുര്‍ആന്‍ പരാമര്‍ശിച്ച ഒരാശയം ഇവിടെ പ്രസക്തമാവുകയാണ്; 'മനുഷ്യകരങ്ങളുടെ പ്രവര്‍ത്തനങ്ങള്‍ കൊണ്ട് കരയിലും കടലിലും നാശങ്ങള്‍ പ്രത്യക്ഷമായിരിക്കുന്നു.' 

കേരളത്തിലെ മുഴുവന്‍ മനുഷ്യരോടും ഒന്നേ പറയാനുള്ളൂ: 'മറക്കാതിരിക്കുക; മുന്നറിയിപ്പുകളെ.'