ക്രൈസ്റ്റ്ചര്‍ച്ച് കൂട്ടക്കൊല: വംശവെറിയുടെ ഭീകരമുഖം 

ത്വാഹാ റഷാദ്

2019 മാര്‍ച്ച് 30 1440 റജബ് 23
മാനുഷിക മൂല്യങ്ങള്‍ക്ക് വില കല്‍പിക്കുന്ന, അഭയാര്‍ഥികളെ ഇരു കരങ്ങളും നീട്ടി സ്വീകരിച്ച ന്യൂസീലാന്റ് എന്ന മാതൃകാരാഷ്ട്രം ലോകത്തിന് മുന്നില്‍ അപരാധികളെ പോലെ തലകുനിച്ച നിമിഷമായിരുന്നു മാര്‍ച്ച് 15 വെള്ളിയാഴ്ച. ക്രൈസ്റ്റ്ചര്‍ച്ചിലെ അന്നൂര്‍ മസ്ജിദിലേക്കും ലിന്‍വുഡ് മസ്ജിദിലേക്കും ആയുധവുമായി കയറിയ അക്രമി അമ്പതോളം ആളുകളെയാണ് നിഷ്‌കരുണം തോക്കിനിരയാക്കിയത്. തന്റെ ഹെല്‍മെറ്റില്‍ ഘടിപ്പിച്ച ക്യാമറ വഴി ആക്രമണം ലൈവായി കാണിച്ച അക്രമി ലക്ഷ്യം വെച്ചതെന്താണ്? എന്താണ് അത് സമൂഹത്തില്‍ സൃഷ്ടിക്കുന്ന പ്രത്യാഘാതം?

ഒരു മനോഹര രാജ്യം ലോകത്തിനുമുമ്പില്‍ തലതാഴ്ത്തി നിന്ന ആഴ്ചയായിരുന്നു കഴിഞ്ഞു പോയത്. മതേതര, മാനുഷികമൂല്യങ്ങള്‍ക്ക് പേരുകേട്ട, പൊതുവില്‍ വലതുപക്ഷ വീക്ഷണങ്ങള്‍ പാടെ നിരാകരിച്ചവരെന്നും അഗതികളെയും അഭയാര്‍ഥികളെയും കൈനീട്ടി സ്വീകരിച്ചവരെന്നും ഖ്യാതിനേടിയ, 'വെള്ള മേഘത്തിന്റെ നാട്ടുകാര്‍'(അവോട്ടിയറോവ) അഥവാ ന്യൂസീലാന്റ് ജനത- അവര്‍ക്ക് വേദനയും ദുഃഖവും നിസ്സഹായതയും ഒരുമിച്ച് അനുഭവിക്കേണ്ടി വന്ന സമയം. 

2019 മാര്‍ച്ച് 15 വെള്ളിയാഴ്ച ഒരു കാറില്‍ അന്നൂര്‍ മസ്ജിദിനു മുമ്പില്‍ എത്തിയ ആയുധധാരി പള്ളിക്കകത്തേക്ക് കടന്ന് തന്റെ മുന്നില്‍ കണ്ട ഓരോരുത്തരെയും വെടിവെച്ചിടുന്ന ദാരുണ രംഗത്തിനാണ് ലോകം സാക്ഷ്യം വഹിച്ചത്. തന്റെ ക്രൂരകൃത്യം ലോകത്തെ കാണിക്കാന്‍ ഹെല്‍മെറ്റ് ക്യാമറ വഴി 17 മിനുട്ടോളം അക്രമി ലൈവ് സ്ട്രീമിംഗ് ചെയ്തിരുന്നു. അന്നൂര്‍ മസ്ജിദിലും പിന്നീട് ലിന്‍വുഡ് മസ്ജിദിലും നടന്ന കൂട്ടക്കൊലയില്‍ 50 പേര്‍ മരിച്ചതായാണ് കണക്ക്. പലരും ഗുരുതരാവസ്ഥയിലാണ്. പള്ളിക്കകത്ത് നാനാഭാഗത്തും മരണം വിതച്ചുകൊണ്ട് നരനായാട്ട് നടത്തിയതിന്റെ വീഡിയോ ഏതൊരു മനുഷ്യനെയും വേദനിപ്പിക്കുന്നതും കരയിപ്പിക്കുന്നതുമാണ്. നിറകണ്ണുകളോടെയല്ലാതെ ആ ദൃശ്യങ്ങള്‍ നമുക്ക് കണ്ടു നില്‍ക്കാനാകില്ല. 

മരണമടഞ്ഞവരുടെ പാപമോചനത്തിനും ചികിത്സയില്‍ കഴിയുന്നവര്‍ക്ക് പെട്ടെന്ന് രോഗശാന്തി ലഭിക്കുവാനും നാം ആത്മാര്‍ഥമായി പ്രാര്‍ഥിക്കുക. അവര്‍ നമ്മുടെ കൂടി സഹോദരങ്ങളാണ്. അവരുടെ കുടുംബത്തിനും ബന്ധുക്കള്‍ക്കും ഈ വിഷമഘട്ടത്തില്‍ ക്ഷമയോടെ മുന്നോട്ടുപോകാനുള്ള ധൈര്യവും സാമൂഹിക പരിരക്ഷയുമാണ് ആവശ്യം. അവരെ സ്വന്തക്കാരെ പോലെ ഗണിക്കുകയും അവര്‍ക്ക് സംഭവിച്ചത് സ്വന്തം മുറിവായി കാണുകയും ചെയ്യുന്ന ന്യൂസീലാന്റ് ഗവണ്‍മെന്റിനെ അഭിനന്ദിച്ചേ മതിയാകൂ. 

അക്രമത്തിന്റെ സ്വഭാവം പരിശോധിക്കുമ്പോള്‍ സമൂഹത്തില്‍ ഒരു വിഭാഗം ഇത്രമേല്‍ വംശീയതയും വര്‍ണവെറിയും ഇസ്‌ലാമോഫോബിയയും കാരണം വെറുപ്പിന്റെ വിഷം പേറി നടക്കുന്നവരാണ് എന്ന തിരിച്ചറിവ് ഭീതി പടര്‍ത്തുന്നു. ആക്രമണത്തിന് വരുമ്പോഴും ശേഷം തിരിച്ചുപോകുമ്പോഴും വീഡിയോയില്‍ കേട്ട ഗാനങ്ങളില്‍ തികഞ്ഞ വെറുപ്പിന്റെ വരികളാണുള്ളത്. 1992-95 കാലഘട്ടത്തില്‍ യുഗോസ്ലാവിയയെ തകര്‍ത്ത സെര്‍ബിയന്‍ പോരാളികളെയും ബോസ്‌നിയന്‍ സെര്‍ബ് രാഷ്ട്രീയ നേതാവ് റദോവാന്‍ കറാസിഖിനെയും പുകഴ്ത്തുന്ന ഗാനവും 'ഫയര്‍' എന്ന ഗാനത്തിലെ 'ഞാന്‍ നരകത്തിന്റെ രാജാവ്' എന്ന വരിയുമാണ് പ്രസ്തുത വീഡിയോയില്‍ മുഴങ്ങിക്കേട്ടത്. മാത്രമല്ല, 2017 ഏപ്രിലില്‍ റഹ്മത്ത് അകിലോവ് എന്ന 39 കാരന്റെ ആക്രമണത്താല്‍ മരണപ്പെട്ട ഇബ്ബാ അകര്‍ലുന്റ് എന്ന 11കാരിയുടെ പേരും അദ്ദേഹത്തിന്റെ തോക്കില്‍ രേഖപ്പെടുത്തിയിരുന്നു എന്നും അറിയുമ്പോഴാണ് ഈ കൊലപാതകങ്ങള്‍ എത്രത്തോളം ആസൂത്രിതവും ആപത്കരമായ അജണ്ടകളാല്‍ നിയന്ത്രിതവുമാണെന്ന് തിരിച്ചറിയാനാവുക. 

ലോക മനസ്സാക്ഷിയെ ഞെട്ടിച്ച ഈ ക്രൂരതയെ ലോകമൊന്നാകെ അപലപിച്ചു. രാജ്യത്തിന്റെ ഇരുണ്ട ദിനമെന്നും ഭീകരാക്രമണം എന്നും പ്രധാനമന്ത്രി ജസിന്‍ഡ ആന്‍ഡേര്‍ണും ഭീകരമായ കൂട്ടക്കൊല എന്ന് ഡൊണാള്‍ഡ് ട്രംപും ബുദ്ധിഹീനമായ അക്രമമെന്ന് പോപ്പ് ഫ്രാന്‍സിസും വെറുപ്പിന്റെ പ്രവര്‍ത്തനങ്ങള്‍ ഇനിയും താങ്ങാനാവില്ലെന്ന് ടിം കുക്കും നടുക്കുന്ന സംഭവമെന്ന് എലിസബത്ത് രാജ്ഞിയും ഫിലിപ്പ് രാജകുമാരനും തെരേസ മേയും ഭീകരതയ്ക്ക് മതമില്ലെന്ന് പാക് പ്രധാനമന്ത്രി ഇമ്രാന്‍ ഖാനും ന്യൂസിലാന്‍ഡ് ജനതക്കൊപ്പമെന്ന് ഇന്ത്യന്‍ പ്രധാനമന്ത്രിയും പ്രഖ്യാപിക്കുകയുണ്ടായി.

വെള്ളിയാഴ്ച നേരം പുലര്‍ന്നതു മുതല്‍ ജുമുഅ നമസ്‌കാരം വരെ വളരെ ശാന്തമായിരുന്ന അവോണ്‍ നദിയുടെ തീരപ്രദേശം മിനുട്ടുകള്‍ കൊണ്ട് രക്തക്കളമായി മാറുകയായിരുന്നു. ന്യൂസീലാന്റ് രാജ്യം ഇരുകരങ്ങളും നീട്ടി സ്വീകരിച്ച അഭയാര്‍ഥികളില്‍ പെട്ട 50 മുസ്‌ലിംകള്‍ നിഷ്ഠൂരമായി കൊലചെയ്യപ്പെട്ടു. കൊലപാതകി പിടിക്കപ്പെട്ടെങ്കിലും കൊന്നവര്‍ക്ക് പേര് വിളിക്കപ്പെടാന്‍ ഉള്ള യോഗ്യതയില്ല, അത്രയും നീചരാണ് അവര്‍ എന്ന് പ്രധാനമന്ത്രി പ്രഖ്യാപിച്ചത് ശ്രദ്ധേയമാണ്. ഏതായാലും കൊന്നവന്റെ പേരും ഊരും ചര്‍ച്ച ചെയ്യാനും മതം ഏതെന്നു തേടിപ്പോകാനും മുമ്പത്തെ തിടുക്കം പലര്‍ക്കുമില്ല. മറ്റൊരര്‍ഥത്തില്‍ പറഞ്ഞാല്‍ കൊലപാതകി മുസ്‌ലിം അല്ലാത്തതിനാല്‍ അവന്റെ പേരും നാളും അന്വേഷിച്ചറിഞ്ഞ് അന്തിച്ചര്‍ച്ചകളില്‍ പോസ്റ്റ്‌മോര്‍ട്ടം ചെയ്യാന്‍ മാധ്യമങ്ങള്‍ തയ്യാറല്ല! എത്രത്തോളമെന്ന് വെച്ചാല്‍ സ്ട്രീം ചെയ്യപ്പെട്ട വീഡിയോയെ സൂചിപ്പിക്കുമ്പോള്‍ അന്താരാഷ്ട്ര മാധ്യമങ്ങള്‍ 'സ്ഥിരീകരിച്ചിട്ടില്ലാത്ത വീഡിയോ' എന്ന് ആവര്‍ത്തിച്ചു പറയുന്നു! അതേ മാധ്യമങ്ങള്‍ മുസ്‌ലിം നാമധാരികളുടെ ആക്രമണ വീഡിയോകള്‍ സ്ഥിരീകരിക്കുവാനും പ്രചരിപ്പിക്കുവാനും ഒട്ടും അമാന്തം കാണിക്കാറുമില്ല! 

അറബി പേരില്ലാത്ത ഭീകരവാദികള്‍ക്ക് മാര്‍ക്കറ്റില്ല. താടി വെക്കാത്ത തീവ്രവാദിക്ക് മൈലേജ് ഇല്ല. തക്ബീര്‍ മുഴക്കാത്ത കൊലപാതകികള്‍ക്ക് റേറ്റിംഗും ഇല്ല. എന്തിനും ഏതിനും റേറ്റിംഗ് നോക്കി വാര്‍ത്തകള്‍ക്കു മൂല്യനല്‍കുകയും വാര്‍ത്തകള്‍ തിരഞ്ഞെടുക്കുന്നതില്‍ റേറ്റിംഗിന് ഒന്നാം സ്ഥാനം നല്‍കുകയും ചെയ്യുന്ന മാധ്യമങ്ങള്‍ക്കിടയില്‍ ശരിപക്ഷത്തിന് എന്ത് സ്ഥാനം?! മദര്‍ ഓഫ് ഓള്‍ ബോംബ്‌സ് എന്ന ശക്തിയേറിയ ബോംബിന്റെയും മറ്റും പരീക്ഷണങ്ങളും പുരോഗഗതികളും ലൈവായി ടെലികാസ്റ്റ് ചെയ്യുകയും മണിക്കൂറുകളോളം അല്ല ദിവസങ്ങളോളം ചാനല്‍ ചര്‍ച്ചകള്‍ ഉന്തി നീക്കുകയും ചെയ്ത അന്താരാഷ്ട്ര മാധ്യമങ്ങളുടെ അജണ്ട യുദ്ധോപകരണങ്ങളോടുള്ള ആധുനിക മനുഷ്യന്റെ അടുപ്പവും ആകാംക്ഷയും ചൂഷണം ചെയ്തു തങ്ങളുടെ റേറ്റിംഗ് നിലനിര്‍ത്തുക എന്നത് തന്നെയാണ്. കൃത്യമായ റേറ്റിംഗ് സംവിധാനം നിലവിലില്ലാത്ത കേരളത്തില്‍പോലും വാര്‍ത്താമാധ്യമങ്ങള്‍ അപൂര്‍ണവും അതാര്യവുമായ ഈ സംവിധാനത്തെ ആശ്രയിക്കുന്നു എന്നത് എത്ര ലജ്ജാവഹമാണ്!

മീഡിയ 28 കാരന്‍ എന്ന് മാത്രം നാമകരണം ചെയ്ത ക്രൈസ്റ്റ് ചര്‍ച്ചിലെ ഭീകരവാദിയുടെ പിന്നാമ്പുറം അറിയാന്‍ ശ്രമിക്കുമ്പോള്‍ തികഞ്ഞ വംശവെറിയുടെ പരിണിതഫലമാണ് ഈ കൂട്ടക്കൊല എന്ന് നമുക്ക് തിരിച്ചറിയാനാകും. വന്‍തോതിലുള്ള കുടിയേറ്റം സവര്‍ണ-അവര്‍ണ തോത് മാറ്റിയിരിക്കുന്നു, കറുത്തവരെക്കാള്‍ വെളുത്തവര്‍ കൂടിക്കൊണ്ടിരിക്കുകയാണ് എന്ന കണ്ടുപിടുത്തവും അതിലുള്ള ഖേദവും തന്റെ 2017ലെ ഫ്രാന്‍സ് യാത്രയിലൂടെ അയാള്‍ വ്യക്തമാക്കിയിരുന്നു. റോഹിങ്ക്യയിലും മറ്റും കണ്ട എത്‌നിക് ക്ലീന്‍സിംഗിന്റെ വകഭേദം ആയിട്ടാണ് െ്രെകസ്റ്റ് ചര്‍ച്ച് മസ്ജിദ് അക്രമണവും നമുക്ക് മനസ്സിലാക്കാനാവുക. കുടിയേറ്റ വിരുദ്ധത അല്ലെങ്കില്‍ മുസ്‌ലിം വിരുദ്ധത എന്നുള്ളത് പല കാരണങ്ങളാല്‍ വളര്‍ത്തിയെടുക്കുകയും തനിക്ക് ആവുന്നത് ചെയ്യണമെന്നുള്ള ദൃഢനിശ്ചയത്തോടെ മുന്നിട്ടിറങ്ങുകയുമാണ് അയാള്‍ ചെയ്തത്. ആരും എന്താ ഒന്നും ചെയ്യാത്തത്, ഞാന്‍ എന്താ ഒന്നും ചെയ്യാത്തത് എന്ന ആത്മഗതമാണ് അദ്ദേഹത്തിന്റെ കുറിപ്പില്‍ നമുക്ക് കാണാനാകുന്നത്. ഓസ്‌ട്രേലിയയില്‍ ജനിച്ച ഓസ്‌ട്രേലിയന്‍ പൗരനായ കൊലയാളി എന്തിന് ഈ കൂട്ടക്കൊലക്ക് അയല്‍രാജ്യമായ ന്യൂസീലാന്റ് തെരഞ്ഞെടുത്തു എന്നുള്ളത് ഒരു ചോദ്യം തന്നെയാണ്. 'എവിടെപ്പോയാലും നിങ്ങള്‍ രക്ഷപ്പെടില്ല' എന്ന സന്ദേശം നല്‍കുവാനാണ് സമാന സംഭവങ്ങള്‍ ഒന്നും അടുത്തകാലത്ത് റിപ്പോര്‍ട്ട് ചെയ്തിട്ടില്ലാത്ത ന്യൂസീലാന്റ് എന്ന രാജ്യം തന്നെ ഈ കുരുതിക്കുള്ള മണ്ണായി തെരഞ്ഞെടുക്കാന്‍ കാരണമെന്നാണ് വംശവെറിക്കാരുടെ മാനിഫെസ്‌റ്റോ പ്രകാരം മനസ്സിലാകുന്നത്. 'മുസ്‌ലിം മതഭ്രാന്തന്മാര്‍ക്ക്' ന്യൂസീലാന്റിലേക്ക് പലായനം ചെയ്യാന്‍ അവസരമൊരുക്കിയതാണ് ഈ ആക്രമണത്തിന് ഹേതു എന്നാണ് ഓസ്‌ട്രേലിയന്‍ സെനറ്റര്‍ ഫ്രേസര്‍ ആനിംഗിന്റെ വാദം. ലോകത്താകമാനമുള്ള മുസ്‌ലിംകളുടെ പ്രവര്‍ത്തന ഫലമായാണ് ക്രൈസ്റ്റ് ചര്‍ച്ച് മുസ്‌ലിംകള്‍ക്ക് ഇത് സംഭവിച്ചത് എന്ന് അദ്ദേഹം പറയാതെ പറയുകയും ചെയ്തു. ഇന്ന് അവര്‍ ഇരകള്‍ ആയിരിക്കാം, എന്നാല്‍ നാളത്തെ അക്രമകാരികളാണവര്‍ എന്നുകൂടി പറഞ്ഞുകഴിഞ്ഞു ഈ തികഞ്ഞ വലതുപക്ഷവാദി! 

വെറുപ്പ് പ്രചരിപ്പിക്കുന്നതിനായി 17 മിനുട്ട് ലൈവ് സ്ട്രീം ചെയ്ത വീഡിയോ വിവിധ ഏജന്‍സികളും സോഷ്യല്‍ മീഡിയകളും ചേര്‍ന്ന് കണ്‍ട്രോള്‍ ചെയ്തു എന്ന് നമുക്ക് സമാധാനിക്കാം. എങ്കിലും മുസ്‌ലിം നാമധാരികളായ അക്രമികളുടെ വീഡിയോകള്‍ ഇങ്ങനെ ലിമിറ്റ് ചെയ്യപ്പെടുന്നുണ്ടോ എന്നുള്ളത് പരിശോധിക്കുമ്പോള്‍ അന്നൂര്‍, ലിന്‍വുഡ് മസ്ജിദുകളിലെ അക്രമ വീഡിയോ നീക്കം ചെയ്തത് മാധ്യമങ്ങള്‍ ഇതുവരെ വളര്‍ത്തിക്കൊണ്ടുവന്ന ഇസ്‌ലാമോഫോബിയക്ക് കോട്ടം തട്ടുമോ എന്നുള്ള ഭയം കൊണ്ടാണോ എന്നു പോലും ന്യായമായും സംശയിക്കാം. ഐസിസിന്റെയും അല്‍ഖാഇദയുടെയും തക്ബീര്‍ വിളികളും അറബി എഴുത്തുകളും തീവ്രവാദത്തിന്റെ അടയാളങ്ങളായി അവതരിപ്പിക്കപ്പെട്ടിരുന്നു. തീവ്രവാദത്തെക്കുറിച്ചുള്ള ടെലിവിഷന്‍ ചര്‍ച്ചകളില്‍ ഇസ്‌ലാമിലെ അടിസ്ഥാന മൂല്യങ്ങളെയും നിയമങ്ങളെയും പിന്തിരിപ്പനെന്നും കാടത്തമെന്നും മുദ്രകുത്തിക്കൊണ്ടിരുന്ന അവതാരകരുടെ അധരങ്ങളിലും ഇനി െ്രെകസ്റ്റ്ചര്‍ച്ച് ഭീകരവാദി ആഹ്വാനംചെയ്ത 'പ്യൂഡിപൈ' എന്ന വെറുമൊരു യൂട്യൂബ് ചാനല്‍ ഭീകരതയുടെതായി തീരുമോ?

ന്യൂസീലാന്റിന്റെ കളക്ടീവ് ഇന്നസെന്‍സ് എന്ന പവിത്രതയാണ് തകര്‍ന്ന് തരിപ്പണമായത്. പതിറ്റാണ്ടുകളായി ഇത്തരത്തിലുള്ള ദാരുണ സംഭവങ്ങള്‍ ന്യൂസീലാന്റില്‍ കേട്ടുകേള്‍വിയേ ഇല്ലായിരുന്നു. കൊലപാതകി ഉപയോഗിച്ചിരുന്ന തോക്കുകളില്‍ രണ്ടെണ്ണം സെമി ഓട്ടോമാറ്റിക് കൂടിയായിരുന്നു. ന്യൂസീലാന്റില്‍ ആയുധങ്ങള്‍ കൈവശം വെക്കുന്നതിനുള്ള നിയമം വളരെ ഉദാരമാണ്. ആ കുറ്റവാളിയുടെ തോക്കുകളില്‍ എഴുതിയിരിക്കുന്ന ഓരോ വാക്കും ഇസ്‌ലാം ഭീതിയുടെ ചരിത്രത്തിലേക്കും ഈ മതവിരുദ്ധ തീവ്രവാദികളെ വളര്‍ത്തിയെടുത്ത സംഭവങ്ങളിലേക്കുമാണ് വിരല്‍ചൂണ്ടുന്നത്. നാലുവര്‍ഷം മുമ്പ് സ്വീഡനിലെ സ്‌കൂളിലേക്ക് ഒരു വാളുമായി അതിക്രമിച്ചു കയറുകയും വെളുത്തവരെ മാറ്റിനിര്‍ത്തി കറുത്തവരെ തെരഞ്ഞുപിടിച്ച് അക്രമിക്കുകയും ഒരു ടീച്ചര്‍ അടക്കം രണ്ടുപേരെ വധിക്കുകയും ചെയ്ത 21 വയസ്സുകാരന്‍ ആന്‍ഡോണ്‍ ലുന്‍ഡിന്‍ പെറ്റേഴ്‌സണ്‍, രണ്ടുവര്‍ഷം മുമ്പ് കാനഡയിലെ ക്യൂബെക് സിറ്റിയില്‍ മഗ്‌രിബ് നമസ്‌കാരത്തിന് സമ്മേളിച്ചിരുന്ന മുസ്‌ലിംകള്‍ക്ക് നേരെ ആക്രമണം അഴിച്ചുവിടുകയും എട്ടുപേരെ തന്റെ തോക്കിന് ഇരയാക്കുകയും ചെയ്ത അലക്‌സാന്‍ഡ്രേ ബിസനേറ്റ് തുടങ്ങിയവരുടെ നാമങ്ങള്‍ ആ നിറതോക്കുകളില്‍ ഉല്ലേഖനം ചെയ്തിട്ടുണ്ടായിരുന്നു. അമവിയ്യാ ഭരണസമയത്ത് സ്‌പെയ്‌നില്‍ അബ്ദുറഹ്മാന്‍ അല്‍ ഗഫീഖിയുടെ സംഘത്തെ ടൂര്‍സ് യുദ്ധത്തില്‍ പരാജയപ്പെടുത്തിയ ചാള്‍സ് മാര്‍ട്ടലും ഇയാളുടെ ആയുധപ്പുറത്ത് നാമം കണ്ടെത്തി. ഹാബ്‌സ്ബര്‍ഗ് മൊണാര്‍ക്കിയും പോളിഷ് ലിത്വാനിയന്‍ കോമണ്‍വെല്‍ത്തും ഹോളി റോമന്‍ സാമ്രാജ്യവും ഒന്നിച്ചു നിന്ന് വിയന്നയില്‍ വെച്ച് ഒട്ടോമന്‍ സൈന്യത്തെ തോല്‍പിച്ചതിന്റെ ഓര്‍മയ്ക്കായി 1683 എന്ന വര്‍ഷവും കൊലയാളി തന്റെ തോക്കില്‍ അടയാളപ്പെടുത്തിയിട്ടുണ്ട്.

കൊലപാതകങ്ങള്‍ക്കു മുമ്പ് അയാള്‍ ഷെയര്‍ ചെയ്ത പത്രികയില്‍ തികഞ്ഞ മുസ്‌ലിം വിരോധവും ഇസ്‌ലാം ഭീതിയും നിഴലിച്ചു കാണുന്നു. അതോടൊപ്പം കൊലപാതകി ഭീകര സന്ദേശങ്ങള്‍ കുറിക്കുവാനും കൈമാറുവാനും ഉപയോഗിച്ച 8 ചാന്‍ (ഇന്‍ഫിനിറ്റി ചാന്‍) വെബ്‌സൈറ്റുകളിലേക്ക് ഉള്ള ലിങ്കും പുറത്തു വിടുകയുണ്ടായി. മതത്തിന്റെ പേരിലുള്ള വര്‍ഗീയതയും തീവ്രവാദവും കൊലപാതകങ്ങളും എത്രയേറെ മാരകമാണോ അതുപോലെതന്നെ മതത്തിനെതിരെയുള്ള തീവ്രവാദവും ഭീകരവും ആപത്കരവും തന്നെയാണ്. ഭീകരതയുടെ മുഴുവന്‍ ക്രെഡിറ്റും മതങ്ങള്‍ക്ക് ലേബല്‍ ചെയ്യുമ്പോള്‍ നാം അറിയേണ്ടത് മതഭീതി വളര്‍ത്തുന്നതും ഇതുപോലുള്ള ഭീകരത വളര്‍ത്തുന്നുണ്ട് എന്നതാണ്. അതായത് മതമല്ല പ്രശ്‌നം, മതത്തിനുവേണ്ടിയും മതത്തിന് എതിരെയും പരിധിവിടുന്നതും അതിലെ തീവ്രതയുമാണ് എന്നും സമാധാനത്തിന് മുറിവേല്‍പിക്കുന്നത്.

അടിസ്ഥാനപരമായി ലോകത്തെ എല്ലാ ജനങ്ങളും, വിശിഷ്യാ ഓഷ്യാനിയ നാടുകളിലെ വിദ്യാസമ്പന്നരായ പൗരന്മാര്‍ കൊലപാതകങ്ങളെയും വെറുപ്പിന്റെ രാഷ്ട്രീയത്തെയും എതിര്‍ക്കുന്നവരും അതിനെതിരെ ശബ്ദിക്കുന്നവരുമാണ്. 'ഇത് ന്യൂസിലാന്‍ഡിന്റെ ഇരുണ്ട ദിവസങ്ങളില്‍ ഒന്നാണ്. ഞങ്ങളുടെ അഭയാര്‍ഥികളും കുടിയേറ്റക്കാരുമാണ് ഈ അക്രമത്തിനിരയായത്. ന്യൂസീലാന്റ് അവരുടെ വീടാണ്. അവര്‍ ഞങ്ങളാണ്' എന്ന, വളരെ സാന്ത്വനമേകുന്ന വാക്കുകളാണ് ആ രാജ്യത്തിന്റെ പ്രധാനമന്ത്രി ഇരകളായ കുടിയേറ്റ കുടുംബത്തിനാകമാനം ആശ്വാസം നല്‍കുന്ന നിലയ്ക്ക് പറഞ്ഞുവെച്ചത്. ഏഷ്യ ന്യൂസിലാന്‍ഡ് ഫൗണ്ടേഷന്‍ പോലെയുള്ള സര്‍വേകള്‍ തെളിയിക്കുന്നത് ന്യൂസീലാന്റ് ജനത ഈ കുടിയേറ്റ അനുമതിക്ക് പൂര്‍ണ സമ്മതമുള്ളവരും മറ്റുരാജ്യങ്ങളില്‍ നിന്നുള്ള വൈവിധ്യങ്ങളും നന്മകളും ഇതുവഴി തങ്ങളുടെ രാജ്യത്തേക്ക് വരുന്നതില്‍ സന്തുഷ്ടരും ആയിരുന്നു എന്നാണ്.   

എന്നാല്‍ ന്യൂസീലാന്റിലെ ചില വിഭാഗങ്ങള്‍ തികഞ്ഞ വലതുപക്ഷ വീക്ഷണം പുലര്‍ത്തുന്നവരും ഒരുവേള എല്ലാ അതിരുകളും ലംഘിച്ച് അക്രമികളുമായി മാറിയിട്ടുണ്ട് എന്നുള്ളതാണ് മറ്റൊരു യാഥാര്‍ഥ്യം. അതിന്റെ പുറത്തുവന്ന തെളിവായിട്ട് മാത്രമെ ഈ അക്രമത്തെ നമുക്ക് കാണാനാകൂ. മാസി യൂണിവേഴ്‌സിറ്റിയിലെ പോള്‍ സ്പൂണ്‍ലിയുടെ കണക്കുകള്‍ പ്രകാരം എഴുപതിലധികം പ്രാദേശിക തീവ്ര വലതുപക്ഷ സംഘങ്ങള്‍ വര്‍ഷങ്ങള്‍ക്കുമുമ്പേ അവിടെയുണ്ട്. അത്തരം ഗ്രൂപ്പുകളില്‍ പലതിനും ഈറ്റില്ലവും പോറ്റില്ലവും ആയിരുന്നത്രെ െ്രെകസ്റ്റ്ചര്‍ച്ച് നഗരം. അവര്‍ അക്രമ സ്വഭാവം ഉള്ളവര്‍ എന്നുള്ള നിലയ്ക്ക് തല മുണ്ഡനം ചെയ്തവരും(സ്‌കിന്‍ ഹെഡ്) നിയോ നാസി ദേശീയവാദികളും ആയിരുന്നു. 'മാവോരി ദേശീയത'യും വെളുത്തവര്‍ എന്ന സവര്‍ണത്വവും ആയിരുന്നു അവരെ നയിച്ചിരുന്നത്. ഇതിനു മുമ്പും ഈ ഗ്രൂപ്പുകള്‍ പല കൊലപാതകങ്ങളും നടത്തിയിട്ടുമുണ്ടത്രെ. 

ഓഷ്യാനിയയിലെ സുന്ദരമായ രാഷ്ട്രം എന്ന നിലയ്ക്ക് ന്യൂസിലാന്‍ഡ് ജനതയുടെ വാക്കുകളിലും പ്രവര്‍ത്തികളിലും ഏറെ ആശാവഹമായ മതേതരത്വവും സഹജീവിസ്‌നേഹവും നിറഞ്ഞുനില്‍ക്കുന്നുണ്ട് എങ്കിലും ഇത്തരക്കാരുടെ കര്‍മങ്ങള്‍ നിമിത്തം ഈ രാജ്യം പൂര്‍ണമായും നോണ്‍ ഇസ്‌ലാമോഫോബിക് ആണ് എന്ന് പറയാവതല്ല. അസഹിഷ്ണുതയോട് സഹിഷ്ണുത പുലര്‍ത്തുന്ന മാധ്യമലോകവും ഈ പാപത്തിന് ഉത്തരവാദികള്‍ തന്നെയാണ്.

ഓഷ്യാനിയയിലെ മറ്റൊരു രാഷ്ട്രമായ ഓസ്‌ട്രേലിയയിലെയും സമാന ചിന്തകള്‍ വച്ചുപുലര്‍ത്തുന്ന നല്ലവരായ ജനങ്ങളുടെയും സിഡ്‌നി ആക്രമണത്തിന്റെ സമയത്ത് അവര്‍ സ്വീകരിച്ച പ്രശംസനീയമായ നിലപാടുകളെയും കൂടെ ചേര്‍ത്ത് വായിക്കാതെ വിഷയം പൂര്‍ണമാകില്ല:

അന്ന് രാവിലെ മുതല്‍ മന്‍ ഹാറൂണ്‍ മൂനിസ് എന്ന ചെറുപ്പക്കാരന്‍ 40 പേരെ ബന്ദികളാക്കി സിഡ്‌നിയില്‍ മരണത്തിന്റെ മുള്‍മുനയില്‍ നിര്‍ത്തിയിരിക്കുന്നു എന്ന വാര്‍ത്ത അവള്‍ തന്റെ സ്മാര്‍ട്ട് ഫോണിലൂടെ വായിച്ചുകൊണ്ടിരുന്നു. തന്റെ സഹോദരനും ഭര്‍ത്താവും അവിടെയാണ് ജോലി ചെയ്യുന്നത്. അതുകൊണ്ട് തന്നെ അവള്‍ അങ്ങേയറ്റം ഉത്കണ്ഠയോടെ ഏറെനേരം സ്മാര്‍ട്ട് ഫോണില്‍ നോക്കിയിരുന്നു. തൊട്ടരികിലായി പ്രയാസപ്പെട്ട് ഇരിക്കുന്ന ഒരു മുസ്‌ലിം പെണ്‍കുട്ടിയെ അവള്‍ കണ്ടു. തല മറച്ചിരിക്കുന്ന അവള്‍ അസ്വസ്ഥയാണ്. ഇന്ന് രാവിലെ മുതല്‍ ഏതോ ഒരാള്‍ കാണിച്ചുകൊണ്ടിരിക്കുന്ന ക്രൂരതക്ക് മറയായി ഉപയോഗിച്ചുകൊണ്ടിരിക്കുന്നത് അവളടക്കം കോടിക്കണക്കിന് ജനങ്ങള്‍ വിശ്വസിക്കുന്ന ഇസ്ലാമിനെയാണ്. ഒരു മുസ്‌ലിം പേരുള്ള വ്യക്തി ഇന്ന് രാജ്യത്തെ അപായപ്പെടുത്തുന്ന സമയത്ത് ആ മതത്തിന്റെ വേഷമണിയുന്നതില്‍ അവള്‍ക്ക് ഭയം ഉണ്ട്. ആരെങ്കിലും തന്നെയും ഇത്തരത്തിലുള്ള ആളാണെന്ന് മുദ്രകുത്തുമോ? താനും രക്തക്കൊതിയുള്ള ആളാണെന്ന്  പറയുമോ? അവളുടെ ആകുലതകള്‍ വായിച്ചെടുത്ത റേച്ചല്‍ അവളുടെ അടുത്തേക്ക് നീങ്ങി. അവളോട് എന്തെങ്കിലും ചോദിച്ച് ആശ്വസിപ്പിക്കാന്‍ ശ്രമിച്ചു. പക്ഷേ, എങ്ങനെ പ്രതികരിക്കും എന്നറിയാത്തതിനാല്‍ അവള്‍ പിന്‍വാങ്ങി. സമയം കടന്നുപോയി. രണ്ടുപേരും ഒരേ സ്റ്റേഷനിലിറങ്ങി. ജനങ്ങളുടെ മുന്നിലൂടെ യാത്ര ചെയ്യാന്‍ അവള്‍ ഭയക്കുന്നതായി തോന്നി. ആ മുസ്‌ലിം പെണ്‍കുട്ടിക്ക് സംരക്ഷണമൊരുക്കാന്‍ അവളുടെ കൂടെ നടന്നു. അവള്‍ക്ക് തുണയേകിയ ഈ സംഭവം പിന്നീട് അവള്‍ ഫേസ്ബുക്കില്‍ കുറിച്ചു. നിമിഷങ്ങള്‍ക്കുള്ളില്‍ ലോകം അതേറ്റെടുത്തു. ഇസ്‌ലാമോഫോബിയ നിറഞ്ഞാടുന്ന സിഡ്‌നി സീജിന്റ സമയത്ത് 'ഐ വില്‍ വാക് വിത് യു' എന്ന മറു ഹാഷ് ടാഗും ട്വിറ്ററില്‍ പറന്നുകൊണ്ടേയിരുന്നു. ആരുടെയൊക്കെയോ പ്രവര്‍ത്തനങ്ങളുടെ ഫലമായി ഒരു ജനത മുഴുവന്‍ വേട്ടയാടപ്പെടുമ്പോള്‍ അവര്‍ക്ക് തുണയായി, തണലായി നില്‍ക്കുന്ന, മതേതര മൂല്യങ്ങള്‍ മുറുകെ പിടിച്ചുകൊണ്ട് ന്യായമായ സംരക്ഷണം ഒരുക്കുന്ന റേച്ചലിനെ പോലുള്ള ഒരുപാട് നല്ല മനസ്സുകളാണ് ഇന്ന് നമുക്ക് പ്രതീക്ഷയായിട്ടുള്ളത്. 

മന്‍ ഹാറൂണ്‍ മൂനിസ് എന്ന, ഇറാനില്‍ ജനിച്ച ഓസ്‌ട്രേലിയന്‍ മുസ്‌ലിമായ ഒരു മനുഷ്യന്‍. സിഡ്‌നിയിലെ ലിന്‍ഡ് ചോക്ലേറ്റ് കഫേയില്‍ 10 കസ്റ്റമേഴ്‌സും 8 തൊഴിലാളികളും അടങ്ങുന്ന ഒരു സംഘത്തെ 16 മണിക്കൂറുകളോളം ബന്ദികളാക്കുകയും അവസാനം രണ്ട് പേരുടെ മരണത്തിനു വരെ വഴിവെക്കുകയും ചെയ്ത ക്രൂരകൃത്യം നടത്തിയ രക്തദാഹി. ബന്ദികളോട് 'കലിമതുശ്ശഹാദ' എഴുതിയ കറുത്ത കൊടി ഉയര്‍ത്തിക്കാണിക്കാന്‍ അയാള്‍ പറഞ്ഞുവത്രെ! ഈ ക്രൂരതക്ക് പിന്നില്‍ രാഷ്ട്രീയ താല്‍പര്യം ആണെന്നും അദ്ദേഹം മാനസികരോഗിയാണെന്നും പിന്നീട് ചര്‍ച്ച ചെയ്യപ്പെട്ടു. അത് സത്യമാണെങ്കിലും അല്ലെങ്കിലും ഒരാളെയെങ്കിലും രക്ഷപ്പെടുത്തിയവന്‍ ലോകജനതയെ മുഴുവന്‍ രക്ഷപ്പെടുത്തിയവനെ പോലെയും വല്ലവനെയും വധിച്ചവര്‍ ലോകജനതയെ മുഴുവന്‍ വധിച്ചവരെ പോലെയും ആണെന്നു പറഞ്ഞ് പഠിപ്പിച്ച ഈ ദൈവികമതത്തിന്റെ അനുയായികളെ മുഴുവന്‍ കരിവാരിത്തേക്കുന്ന പ്രവര്‍ത്തനമായിരുന്നു അത്. ഒരാളുടെ മുഖത്തേക്ക് തറപ്പിച്ചു നോക്കുന്നതുപോലും വിലക്കിയ കാരുണ്യത്തിന്റെ പ്രവാചകനെയും അദ്ദേഹം ഇതിലേക്ക് വലിച്ചിഴച്ചു. 'ഓ മുഹമ്മദ്, താങ്കള്‍ക്കായി ത്യാഗം ചെയ്യാന്‍ ഞാന്‍ തയ്യാറാണ്' എന്നായിരുന്നു അയാള്‍ പ്രഖ്യാപിച്ചത്.

2015ല്‍ ഇത്രയും ദാരുണമായ ആക്രമണം നടന്നിട്ടും ഓസ്‌ട്രേലിയയില്‍ ആകമാനം ഇസ്‌ലാം ഭീതി പടര്‍ന്നിട്ടും ലോകത്താകമാനം ഇസ്‌ലാമോഫോബിയ എന്ന നിലയില്‍ അലയടിച്ച I will walk with you എന്ന ഹാഷ് ടാഗ് പോലും ഉത്ഭവിക്കുകയുണ്ടായി. ഇസ്‌ലാമോഫോബിയ ടെസ്റ്റുകളില്‍ പലപ്പോഴും നെഗറ്റീവ് റിസള്‍ട്ടുകള്‍ കാണിച്ച മാതൃകയായ രാജ്യങ്ങളായിരുന്നു ഓസ്‌ട്രേലിയയും ന്യൂസീലാന്റും ഉള്‍ക്കൊള്ളുന്ന ഓഷ്യാനിയയിലുള്ളത്.

സാമാന്യ ജനത ഇങ്ങനെ ചിന്തിക്കുമ്പോള്‍ ഫോര്‍ത്ത് എസ്റ്റേറ്റ് എന്ന് വിളിക്കപ്പെടുന്ന മാധ്യമലോകം മറു ചിന്തയിലായിരുന്നു. ഇസ്‌ലാമോഫോബിയയുടെ വിത്തുകള്‍ പാകാന്‍ അവര്‍ മത്സരിക്കുകയായിരുന്നു. ജനങ്ങളെ തമ്മിലടിപ്പിക്കാന്‍ വരെ കാരണമായേക്കാവുന്ന രീതിയില്‍ വാര്‍ത്തകള്‍ പെരുപ്പിച്ചും വീര്‍പ്പിച്ചും കാണിക്കുന്നത് എന്തിന് എന്ന ചോദ്യത്തിന് അന്ന് കിട്ടിയ മറുപടി 'Maximum effect with minimum effort' എന്നതായിരുന്നു. അതായത് മാധ്യമങ്ങള്‍ക്ക് ഇത് ചാകരയാണ്! ഓരോ നിമിഷവും ഓരോ വാര്‍ത്തയും അവര്‍ക്ക് കൊണ്ടുവരുന്നത് വന്‍തോതിലുള്ള പരസ്യവരുമാനമാണ്. പുര കത്തുമ്പോള്‍ വാഴ വെട്ടുക എന്ന നയം! ഈ മാധ്യമ നിലപാട് മാറേണ്ടിയിരിക്കുന്നു. അറബി അക്ഷരങ്ങള്‍ എഴുതിയ കറുത്ത കൊടിക്ക് വേണ്ടി മാത്രം തീവ്രവാദം റിസര്‍വ് ചെയ്യപ്പെട്ട ലോകത്ത് തീവ്രവാദത്തിന് മതമില്ലെന്നും മതങ്ങള്‍ സമാധാനമാണ് കാംക്ഷിക്കുന്നതെന്നും ഉറക്കെ വിളിച്ചു പറയുന്നതാണ് യഥാര്‍ഥ മാധ്യമ ദൗത്യം. തങ്ങള്‍ക്ക് മതമില്ലെന്നും എല്ലാ മതത്തെയും തങ്ങള്‍ എതിര്‍ക്കുന്നു എന്നും എന്നാല്‍ മതവിശ്വാസിയുടെ സ്വാതന്ത്ര്യത്തിനു വേണ്ടി ഏതറ്റംവരെയും പോരാടുമെന്നും വൃഥാ തട്ടിവിടുന്ന നിര്‍മത ഡിങ്കുകളും മേല്‍പറഞ്ഞ ഇരട്ടമുഖ സ്വഭാവം തന്നെയാണ് വെച്ചുപുലര്‍ത്തുന്നത്. രാജ്യത്ത് എല്ലാ മതവിശ്വാസികളും സൗഹാര്‍ദത്തിലും സ്‌നേഹത്തിലും കഴിയണമെന്ന ആശയം വളരെ സുന്ദരമായി തങ്ങളുടെ പരസ്യത്തിലൂടെ ആവിഷ്‌കരിച്ച സര്‍ഫ് എക്‌സലിന്റെ പരസ്യം രാജ്യത്തെ ജനങ്ങളുടെ ഐക്യത്തെ ഇഷ്ടപ്പെടാത്ത സംഘപരിവാരങ്ങള്‍ക്കിടയില്‍ തികഞ്ഞ അനിഷ്ടം സൃഷ്ടിച്ചതുപോലെ ആ പരസ്യം ചില സ്വതന്ത്രചിന്തകര്‍ക്ക് അതേ രോഗം ഉണ്ടാക്കിയിട്ടുണ്ട്. മനുഷ്യ സൗഹാര്‍ദത്തിന്റെ സന്ദേശം ക്രിയാത്മകമായി അവതരിപ്പിച്ച ആ പരസ്യത്തെ കുരുന്ന് പ്രായക്കാരുടെ അഞ്ച് നേരം നമസ്‌കരിക്കണമെന്ന മതാന്ധതയാണ് കാണിക്കുന്നത് എന്ന് പറഞ്ഞ 'അയുക്തി'വാദികളും ഏറെയാണ്. സംഘവാദികള്‍ വസ്തുത മനസ്സിലാക്കാതെ മൈക്രോസോഫ്റ്റ് എക്‌സലിന് ഡീ റൈറ്റിംഗ് നല്‍കിയത് പോലെയുള്ള മണ്ടത്തരങ്ങള്‍ ആവര്‍ത്തിച്ചപ്പോള്‍ യുക്തിവാദികളുടെ ബുദ്ധിശൂന്യത വെളിച്ചം കാണാതെ പോയി എന്നു മാത്രം.

നന്മയില്‍ ഐക്യപ്പെടാനും തിന്മക്കെതിരെ ഒരുമിക്കാനും ജനങ്ങളോടൊപ്പം മാധ്യമങ്ങളും ചേര്‍ന്ന് നില്‍ക്കണം. എല്ലായ്‌പ്പോഴും ജനങ്ങളുടെ ഇഷ്ടങ്ങള്‍ നോക്കിയിട്ടല്ല നിലപാടുകള്‍ സ്വീകരിക്കേണ്ടത്; നേരിന്റെ പക്ഷം നോക്കിയാണ്. ഒരു രാജ്യെത്ത ജനങ്ങളെല്ലാം നേരിന് വിരുദ്ധമായി നിലകൊണ്ടാല്‍ പോലും അവര്‍ക്ക് നേര്‍വഴി കാണിക്കുന്ന സങ്കേതങ്ങളായി വര്‍ത്തിക്കുന്നതാണ് ആര്‍ജവം. ജനങ്ങളെ തമ്മില്‍ അടിപ്പിക്കുന്നതല്ല അടുപ്പിക്കുന്നതാണ് മാധ്യമധര്‍മം.