പെരുന്നാള്‍: ചില തിരിച്ചറിവുകള്‍

ഫൈസല്‍ പുതുപ്പറമ്പ്

2019 ആഗസ്ത് 10 1440 ദുല്‍ഹിജ്ജ 09
ആരാധനയുടെ അകക്കാമ്പുള്‍ക്കൊണ്ട ആഘോഷമാണ് പെരുന്നാള്‍.നൈമിഷികമായ ആഹ്ലാദങ്ങള്‍ക്കപ്പുറം സര്‍വലോക രക്ഷിതാവായ സ്രഷ്ടാവിന്റെ ആജ്ഞാനിര്‍ദേശങ്ങള്‍ അണുവിട തെറ്റാതെ ശിരസ്സാ വഹിച്ച ഇബ്‌റാഹിം നബിയുടെ ത്യാഗത്തിന്റെ സ്മരണകള്‍ കൂടി പെരുന്നാള്‍ ദിനങ്ങളെ തിളക്കമുറ്റതാക്കുന്നുണ്ട്. പെരുന്നാളുമായി ബന്ധപ്പെട്ട കര്‍മങ്ങളെല്ലാം കൃത്യമായി അറിഞ്ഞു ചെയ്താല്‍ അത് പാരത്രികജീവിതത്തില്‍ വലിയ മുതല്‍ക്കൂട്ടാവുമെന്ന കാര്യത്തില്‍ സംശയമില്ല.

എല്ലാ സമുദായങ്ങള്‍ക്കുമുണ്ട് അവരുടെതായ ചില ആഘോഷ ദിവസങ്ങള്‍. അവ ഒന്നുകില്‍ ഏതെങ്കിലും മഹാന്റെ ജനനദിനമോ മരണ ദിനമോ അല്ലെങ്കില്‍ ഏതെങ്കിലും പ്രത്യേക സംഭവങ്ങളുടെ സ്മരണ ദിനങ്ങളോ ഒക്കെയായിരിക്കും. ജീവിതത്തില്‍ ഇടക്കൊക്കെ ഒരു ദിനം സന്തോഷത്തിനും ആഘോഷത്തിനുമായി നീക്കിവെക്കണം എന്നത് മനുഷ്യമനസ്സ് ആഗ്രഹിക്കുന്നതാണ്. മനുഷ്യന്റെ ഈ പ്രകൃതം സംവിധാനിച്ചത് അവന്റെ സ്രഷ്ടാവാണല്ലോ. അതിനാല്‍ സ്രഷ്ടാവ് തന്നെ മനുഷ്യര്‍ക്ക് വര്‍ഷത്തില്‍ രണ്ട് ദിവസങ്ങള്‍ ആഘോഷത്തിനായി  നിശ്ചയിച്ചു കൊടുത്തു. അതാണ് രണ്ട് പെരുന്നാളുകള്‍. അനസ്(റ) പറഞ്ഞു: ''നബി ﷺ  മദീനയില്‍ വന്ന സമയത്ത് അവര്‍ക്ക് വിനോദത്തിനായി രണ്ട് ദിവസങ്ങള്‍ ഉണ്ടായിരുന്നു. ഈ ദിവസങ്ങളുടെ സവിശേഷത എന്താണെന്ന് പ്രവാചകന്‍ ചോദിച്ചപ്പോള്‍ അവര്‍ പറഞ്ഞു: 'അജ്ഞാന കാലത്ത് ഞങ്ങള്‍ വിനോദത്തിലേര്‍പ്പെട്ടിരുന്ന രണ്ട് ദിനങ്ങളാകുന്നു ഇത്.' അപ്പോള്‍ നബി ﷺ  പറഞ്ഞു: 'അതിനെക്കാള്‍ ഉത്തമമായ രണ്ട് ദിനങ്ങള്‍ അവര്‍ക്ക് പകരമായി അല്ലാഹു നിങ്ങള്‍ക്ക് നല്‍കിയിരിക്കുന്നു. അതാകുന്നു രണ്ട് പെരുന്നാള്‍ ദിനങ്ങള്‍'' (അബൂദാവൂദ്, നസാഈ).

രണ്ട് പെരുന്നാള്‍ ദിനങ്ങള്‍ മുസ്‌ലിംകള്‍ കൂടിയിരുന്ന് ആലോചിച്ച് തീരുമാനിച്ചതല്ല; പരമ്പരാഗതമായി കിട്ടിയ ഒരു ആഘോഷത്തെ അന്ധമായി അനുകരിക്കുകയുമല്ല. മനുഷ്യന്റെ സ്രഷ്ടാവ് മനുഷ്യര്‍ക്ക് നിശ്ചയിച്ച് നല്‍കിയ രണ്ട് ദിനങ്ങളാണ് അവ! അതിനാല്‍ അര്‍ഹിക്കുന്ന ആദരവും ബഹുമാനവും അവയ്ക്ക് നല്‍കാന്‍ ഓരോ വിശ്വാസിയും ബാധ്യസ്ഥനാണ്.

ദൈവികമായി കിട്ടിയ ആഘോഷദിനങ്ങളാകയാല്‍ കേവലം ഒരു ആഘോഷം മാത്രമല്ല പെരുന്നാള്‍. ആഘോഷവും വിനോദവും ആനന്ദവും ദൈവസ്മരണയും ഉള്‍ക്കൊള്ളുന്നതാണ് പെരുന്നാള്‍. ഇവയെല്ലാം നേടിയെടുക്കാവുന്ന രൂപത്തിലാണ് അല്ലാഹു ഈ ദിനങ്ങളെ ക്രമീകരിച്ചിരിക്കുന്നത്. അന്ന് പ്രത്യേക നമസ്‌കാരം നിയമമാക്കിയ സ്രഷ്ടാവ് തന്നെ അന്ന് നോമ്പ് എടുക്കല്‍ നിഷിദ്ധമാക്കി. ചെറിയ പെരുന്നാളിനോട് അനുബന്ധിച്ച് ഫിത്വ്ര്‍ സകാത് നിയമമാക്കിയ അല്ലാഹു ബലിപെരുന്നാള്‍ ദിനം പ്രത്യേക ബലികര്‍മം നിയമമാക്കി. അന്ന് ഒരാളും പട്ടിണിയിലാകാതിരിക്കാന്‍ അല്ലാഹു നിശ്ചയിച്ചതാണ് ഇതെന്ന് വ്യക്തം. നബി ﷺ  പറഞ്ഞു: 'മിനാ ദിവസങ്ങള്‍ തീറ്റയുടെയും കുടിയുടെയും ദൈവസ്മരണയുടെയും ദിനങ്ങളാകുന്നു' (മുസ്‌ലിം).

പെരുന്നാള്‍ ദിനത്തില്‍ നാം അനുവര്‍ത്തിക്കേണ്ട കാര്യങ്ങള്‍:

1. പെരുന്നാള്‍ നമസ്‌കാരം

ക്വുര്‍ആന്‍, സുന്നത്, ഇജ്മാഅ് എന്നിവകൊണ്ട് സ്ഥിരപ്പെട്ടതാണ് പെരുന്നാള്‍ നമസ്‌കാരം. വിശുദ്ധ ക്വുര്‍ആന്‍ സൂറതുല്‍ കൗഥറിലെ രണ്ടാം വചനത്തില്‍ പരാമര്‍ശിച്ച നമസ്‌കാരം പെരുന്നാള്‍ നമസ്‌കാരമാണ് എന്നതാണ് പ്രസിദ്ധാഭിപ്രായം എന്ന് ഇമാം ഇബ്‌നു ഖുദാമ(റഹി) തന്റെ മുഗ്‌നി 3/253ല്‍ രേഖപ്പെടുത്തുന്നു. നബി ﷺ യും ഖലീഫമാരുമെല്ലാം പെരുന്നാള്‍ നമസ്‌കാരം നിര്‍വഹിച്ചതായി ധാരാളം ഹദീഥുകള്‍ സ്ഥിരപ്പെട്ടുവന്നിട്ടുണ്ട്. തെളിവുകളുടെ ആധിക്യവും അതിന്റെ ബാഹ്യാര്‍ഥവും പരിഗണിച്ചകൊണ്ട് ഇമാം അബൂഹനീഫ(റഹി) ഇത് വ്യക്തിപരമായ ബാധ്യതയാണെന്ന് അഭിപ്രായം പറഞ്ഞിരിക്കുന്നു. എന്നാല്‍ ഇമാം അഹ്മദ്(റഹി) ഇത് സാമൂഹ്യ ബാധ്യതയാണെന്ന പക്ഷക്കാരനാണ്. ഇമാം മാലിക്(റഹി), ഇമാം ശാഫിഈ(റഹി) എന്നിവര്‍ അടക്കം ധാരാളം പണ്ഡിതര്‍ ഇത് നിര്‍ബന്ധമല്ലെന്നും പ്രബലമായ സുന്നത്താണെന്നുമുള്ള വീക്ഷണമാണ് രേഖപ്പെടുത്തിയിരിക്കുന്നത്. (മുഗ്‌നി 3/253).

പെരുന്നാള്‍ നമസ്‌കാരത്തിന്റെ പ്രാധാന്യം ഗ്രഹിക്കാന്‍ ഈ അഭിപ്രായങ്ങള്‍ തന്നെ ധാരാളം. ശൈഖുല്‍ ഇസ്‌ലാം, ശൈഖ് ഇബ്‌നു ബാസ്, ശൈഖ് ഇബ്‌നുല്‍ ഉസൈമിന്‍, ഇമാം സഅ്ദി തുടങ്ങിയവരൊക്കെ ഇത് വ്യക്തിപരമായ നിര്‍ബന്ധ ബാധ്യതയാണെന്ന അഭിപ്രായത്തെ ബലപ്പെടുത്തിയിരിക്കുന്നു. അല്ലാഹു അഅ്‌ലം.

പെരുന്നാള്‍ നമസ്‌കാരത്തിന്റെ മര്യാദകള്‍

1. നമസ്‌കാരത്തിന് മുമ്പായി കുളിക്കല്‍: പ്രത്യേകം കുളിക്കാന്‍ നിര്‍ദേശിക്കപ്പെട്ട ദിവസങ്ങള്‍ ഏതെല്ലാമെന്ന് ചോദിച്ചപ്പോള്‍ അലി(റ) നാല് ദിവസങ്ങള്‍ എണ്ണിപ്പറഞ്ഞു. അതില്‍ രണ്ട് പെരുന്നാള്‍ ദിനങ്ങളും അദ്ദേഹം എടുത്തു പറഞ്ഞു. (ബൈഹക്വി).

2. സുഗന്ധം ഉപയോഗിക്കല്‍, വൃത്തിയാകല്‍, പല്ല് തേക്കല്‍, ഉള്ളതില്‍ നല്ല വസ്ത്രം ധരിക്കല്‍ എന്നിവ നബി ﷺ  പ്രത്യേകം നിര്‍ദേശിച്ചതായി വിവിധ ഹദീഥുകളാല്‍ സ്ഥിരപ്പെട്ടിരിക്കുന്നു.

3. ചെറിയ പെരുന്നാളിന് ഈത്തപ്പഴം കഴിച്ച ശേഷവും ബലിപെരുന്നാളിന് നമസ്‌കരിക്കുന്നത് വരെ ഒന്നും കഴിക്കാതിരിക്കലും നബി ﷺ യുടെ പതിവായിരുന്നു (ബുഖാരി).

4. പെരുന്നാള്‍ നമസ്‌കാര സ്ഥലത്തേക്ക് നടന്നുപോകാറായിരുന്നു നബി ﷺ യുടെ പതിവ്. (ഇബ്‌നുമാജ). ഇതിന്റെ അടിസ്ഥാനത്തില്‍ വരവും പോക്കും നടന്നുകൊണ്ടാവല്‍ സുന്നത്താണെന്നും അനിവാര്യമല്ലെങ്കിലല്ലാതെ വാഹനത്തില്‍ പോകാതിരിക്കലാണ് നല്ലതെന്നും അലി(റ), സഈദ് ബിന്‍ മുസ്വയ്യിബ് എന്നിവര്‍ അഭിപ്രായപ്പെട്ടിരിക്കുന്നു. ഇതാണ് നിരവധി പണ്ഡിതരുടെ അഭിപ്രായമെന്ന് ഇത് ഉദ്ധരിച്ച ഇമാം തിര്‍മിദി (റഹി) തുടര്‍ന്ന് രേഖപ്പെടുത്തുന്നു.

5. പെരുന്നാള്‍ നമസ്‌കാരം മൈതാനത്ത് വെച്ച് നിര്‍വഹിക്കല്‍: നബി ﷺ  രണ്ട് പെരുന്നാളുകള്‍ക്കും മൈതാനത്തേക്ക് പുറപ്പെടുകയും എന്നിട്ട് നമസ്‌കരിക്കുകയും ചെയ്യാറായിരുന്നു പതിവ് എന്ന് അബൂസഈദ് അല്‍ ഖുദ്‌രി(റ) പറഞ്ഞത് ഇമാം ബുഖാരിയും മുസ്‌ലിമും റിപ്പോര്‍ട്ട് ചെയ്തിരിക്കുന്നു. മദീന പള്ളിയില്‍ നിന്ന് ആയിരം മുഴം അകലെയായി പ്രത്യേകം സ്ഥലം തന്നെ ഇതിനുണ്ടായിരുന്നു എന്ന് ഇബ്‌നു ഹജറുല്‍ അസ്‌ക്വലാനി(റഹി) രേഖപ്പെടുത്തിയിരിക്കുന്നു. (ഫത്ഹുല്‍ബാരി: 2/444).

ഈ ഹദീഥിന്റെ അടിസ്ഥാനത്തില്‍ പെരുന്നാള്‍ നമസ്‌കാരം മൈതാനത്ത്‌വെച്ച് നിര്‍വഹിക്കലാണ് സുന്നത്തെന്ന് ധാരാളം പണ്ഡിതന്മാര്‍ അഭിപ്രായപ്പെട്ടിട്ടുണ്ട്. പള്ളിയെക്കാള്‍ ശ്രേഷ്ഠം അതാണെന്നും അല്ലായിരുന്നുവെങ്കില്‍ ആയിരം ഇരട്ടി പുണ്യം ലഭിക്കുന്ന മദീനാ പള്ളി ഉപേക്ഷിച്ച് നബി ﷺ  മൈതാനത്തേക്ക് പോകുമായിരുന്നില്ലെന്നും ഇമാം നവവി, ഇബ്‌നുല്‍ ഹാജ്, ഇബ്‌നുല്‍ ഔസാഈ, ഇബ്‌നുല്‍ മുന്‍ദിര്‍ എന്നിവര്‍ രേഖപ്പെടുത്തുന്നു. (ശറഹു മുസ്‌ലിം, മുഗ്‌നി, മദ്ഖല്‍).

ഇതിന്നെതിരായ അഭിപ്രായങ്ങള്‍ക്ക് മറുപടി പറഞ്ഞ് കൊണ്ട് ഇബ്‌നുല്‍ മുന്‍ദിര്‍(റഹി) പറയുന്നു: 'നബി ﷺ  പള്ളി ഉപേക്ഷിച്ചു മൈതാനത്തേക്ക് പുറപ്പെട്ടു എന്നതാണ് നമുക്കുള്ള തെളിവ്. പ്രവാചക ശേഷം ഖലീഫമാരും അപ്രകാരം തന്നെയാണ് ചെയ്തത്. പള്ളിയാണ് ശ്രേഷ്ഠമെങ്കില്‍ അടുത്തുള്ള പള്ളി ഉപേക്ഷിച്ച് അകലെയുള്ളതും ശ്രേഷ്ഠത കുറഞ്ഞതുമായ മൈതാനത്തേക്ക് നബി ﷺ  പോകുമായിരുന്നില്ല. ശ്രേഷ്ഠമായത് ഉപേക്ഷിക്കല്‍ നബി ﷺ  തന്റെ സമുദായത്തിന് നിയമമാക്കുകയുമില്ല. നബി ﷺ യെ മാതൃകയാക്കാനും പിന്‍തുടരാനുമാണല്ലോ നാം കല്‍പിക്കപ്പെട്ടിരിക്കുന്നത്. എന്നിരിക്കെ കല്‍പിക്കപ്പെട്ട കാര്യം ശ്രേഷ്ഠത കുറഞ്ഞതും വിലക്കപ്പെട്ട കാര്യം പൂര്‍ണതയുള്ളതുമാവുക എന്നത് അനുവദനീയമല്ല. നബി ﷺ  പ്രതിബന്ധങ്ങള്‍ ഇല്ലാതെ പള്ളിയില്‍ വെച്ച് പെരുന്നാള്‍ നമസ്‌കാരം നിര്‍വഹിച്ചിട്ടുമില്ല. മാത്രവുമല്ല ഇത് മുസ്‌ലിംകളുടെ ഇജ്മാഅ് (ഏകോപിച്ച അഭിപ്രായം) ആകുന്നു.

6. പോകുന്നതും വരുന്നതും വ്യത്യസ്ത വഴികൡലൂടെയാവല്‍: നബി ﷺ  അപ്രകാരം ചെയ്തിരുന്നതായി ജാബിര്‍(റ) പറഞ്ഞതായി ഇമാം ബുഖാരി ഉദ്ധരിക്കുന്നു.

മഅ്മൂമുകള്‍ നേരത്തെ പുറപ്പെടുകയാണ് വേണ്ടത്. എന്നാല്‍ ഇമാം നേരത്തെ പോകേണ്ടതില്ല. ജനങ്ങള്‍ ഇമാമിനെ കാത്ത് നില്‍ക്കുകയാണ് വേണ്ടത്. സ്വഹാബികള്‍ നേരത്തേ പുറപ്പെടുകയും എല്ലാവരും എത്തിക്കഴിഞ്ഞാല്‍ സുര്യോദയത്തിന്ന് ശേഷമായി നബി ﷺ  വരികയും എന്നിട്ട് നമസ്‌കരിക്കുകയുമായിരുന്നു പതിവെന്ന് ശൈഖ് ഇബ്‌നു ഉസൈമിന്‍(റഹി) പറയുന്നു (ശറഹുല്‍ മുംതിഅ് 5/163).

8. പെരുന്നാള്‍ നമസ്‌കാര സ്ഥലത്തേക്ക് പോകുമ്പോള്‍ ഉറക്കെ തക്ബീര്‍ മുഴക്കണം: നബി ﷺ  നമസ്‌കാര സ്ഥലം എത്തുന്നത് വരെ തക്ബീര്‍ ചൊല്ലുമായിരുന്നു എന്ന് ഇബ്‌നു അബീ ശൈബ(റ) ഉദ്ധരിച്ചിരിക്കുന്നു. ശൈഖ് അല്‍ബാനി(റഹി) സില്‍സിലതുസ്സ്വഹീഹയില്‍ അത് സ്വഹീഹ് ആണെന്ന് രേഖപ്പെടുത്തിയിരിക്കുന്നു. ഇബ്‌നു ഉമര്‍(റ) പ്രസ്തുത തക്ബീര്‍ ഉച്ചത്തില്‍ നിര്‍വഹിക്കുമായിരുന്നു എന്ന് ഇമാം ദാറക്വുത്‌നി സ്വഹീഹായ പരമ്പരയില്‍ പറയുകയും ചെയ്യുന്നു. ഇമാം വരുന്നത് വരെ തക്ബീര്‍ തടരുകയും ഇമാം വന്നാല്‍ തക്ബീര്‍ നിറുത്തി നമസ്‌കാരത്തിലേക്ക് പ്രവേശിക്കുകയാണ് വേണ്ടതെന്നും ശൈഖ് ഇബ്‌നു ഉസൈമീന്‍ പണ്ഡിതാഭിപ്രായം ഉദ്ധരിച്ചിരിക്കുന്നു. എന്നാല്‍ നമസ്‌കാരസ്ഥലത്ത് എത്തിയാല്‍ തന്നെ തക്ബീര്‍ നിറുത്തണമെന്ന് മറ്റു പലരും അഭിപ്രായപ്പെടുന്നു. ഒന്നാമത്തേതാണ് കൂടുതല്‍ ശരി എന്ന് ഇബ്‌നു ഉമര്‍ (റ)വിന്റെ പ്രവര്‍ത്തനത്തില്‍ നിന്ന് മനസ്സിലാക്കാം. അല്ലാഹു അഅ്‌ലം.

9. പെരുന്നാള്‍ നമസ്‌കാരത്തിന് മുമ്പോ ശേഷമോ സുന്നത്ത് നമസ്‌കാരങ്ങള്‍ നബി ﷺ  നിര്‍വഹിക്കുമായിരുന്നില്ല എന്ന് ഇബ്‌നു അബ്ബാസ്(റ) പറഞ്ഞതായി ഇമാം ബുഖാരിയും മുസ്‌ലിമും ഉദ്ധരിക്കുന്നു. എന്നാല്‍ പെരുന്നാള്‍ നമസ്‌കാരം പള്ളിയില്‍ വെച്ചാണ് നിര്‍വ്വഹിക്കുന്നതെങ്കില്‍ തഹിയ്യത് നമസ്‌കാരം നിര്‍വഹിക്കാമെന്ന് ശൈഖ് ഇബ്‌നു ബാസ്(റഹി) അഭിപ്രായപ്പെടുന്നു.

10. ബാങ്കോ ഇക്വാമതോ സുന്നത്തില്ല: ജാബിര്‍ ഇബ്‌നുസമുറ(റ) പറയുന്നു: 'ബാങ്കോ ഇക്വാമത്തോ ഇല്ലാതെ പലതവണ നബി ﷺ യുടെ കൂടെ രണ്ട് പെരുന്നാളുകളില്‍ ഞാന്‍ നമസ്‌കരിച്ചിട്ടുണ്ട്' (മുസ്‌ലിം). അന്ന് ബാങ്കോ ഇക്വാമത്തോ മറ്റൊരു വിളിച്ചു പറയലോ വിളംബരമോ ഒന്നും തന്നെ ഇല്ലെന്ന് ജാബിര്‍(റ) പറയുന്നു (മുസ്‌ലിം). സമാന ആശയം ഇബ്‌നു അബ്ബാസി(റ)ല്‍ നിന്നും ബുഖാരിയും മുസ്‌ലിമും ഉദ്ധരിച്ചിട്ടുണ്ട്. ഇത് തന്നെയാണ് നബിചര്യ എന്ന് ഇമാം ഇബ്‌നുല്‍ ക്വയ്യിം(റഹി) പറയുന്നു (സാദുല്‍ മആദ്).

പെരുന്നാള്‍ ദിവസത്തില്‍ അനുവദനീയമായ കളി-വിനോദങ്ങള്‍ ആകാവുന്നതാണ്. പ്രവാചക സന്നിധിയില്‍ ദഫ് മുട്ടി ചെറിയ പെണ്‍കുട്ടികള്‍ പാട്ട് പാടിയതും സമാന സംഭവങ്ങളും വ്യത്യസ്ത ഹദീഥുകളിലായി സ്ഥിരപ്പെട്ട് വന്നിരിക്കുന്നു. (ബുഖാരി, മുസ്‌ലിം).

പെരുന്നാള്‍ ദിവസം സന്തോഷം പ്രകടിപ്പിക്കല്‍ മതചിഹ്നമാണ് എന്ന് ഈ ഹദീഥില്‍ നിന്ന് മനസ്സിലാകാം എന്ന് ഇബ്‌നു ഹജര്‍ അല്‍അസ്‌ക്വലാനി(റഹി) രേഖപ്പെടുത്തിയിരിക്കുന്നു. (ഫത്ഹുല്‍ ബാരി).

സ്ത്രീകളും കുട്ടികളും ഒന്നടങ്കമാണ് പെരുന്നാള്‍ നമസ്‌കാര സ്ഥലത്തേക്ക് പുറപ്പെടേണ്ടത്. ആര്‍ത്തവകാരികളെ പോലും കൊണ്ട് പോകാന്‍ നബി ﷺ  ഞങ്ങളോട് കല്‍പിച്ചു എന്ന് ഉമ്മുഅത്വിയ്യ(റ) പറഞ്ഞത് ഇമാം ബുഖാരിയും മുസ്‌ലിമും റിപ്പോര്‍ട്ട് ചെയ്തിട്ടുണ്ട്.

'ശരീരം മറയ്ക്കാന്‍ മതിയായ വസ്ത്രം ഇല്ലാത്ത സ്ത്രീകള്‍ എന്ത് ചെയ്യണമെന്ന് ഞാന്‍ ചോദിച്ചപ്പോള്‍ (കൂടുതല്‍ വസ്ത്രം ഉള്ള സഹോദരിമാര്‍) അവര്‍ക്ക് നല്‍കിയിട്ടെങ്കിലും അവര്‍ പങ്കെടുക്കട്ടെ' എന്ന് നബി ﷺ  പറഞ്ഞതായിക്കൂടി അവര്‍ പറയുന്നു. (ബുഖാരി, മുസ്‌ലിം).

ഈ ഹദീഥിന്റെ അടിസ്ഥാനത്തില്‍ സ്ത്രീകള്‍ക്ക് പെരുന്നാള്‍ നമസ്‌കാരം സുന്നതാണെന്ന് ശൈഖ് ഇബ്‌നുബാസ്(റഹി) അഭിപ്രായപ്പെട്ടിരിക്കുന്നു. ലജ്‌നതുദ്ദാഇമയുടെ ഫത്‌വകളിലും അപ്രകാരമാണ് രേഖപ്പെടുത്തപ്പെട്ടിരിക്കുന്നത്. (ഫതാവാ 8/284).

11. പരസ്പരം ആശിര്‍വദിക്കല്‍: പെരുന്നാള്‍ ദിവസം സ്വഹാബിമാര്‍ പരസ്പരം കാണുമ്പോള്‍ 'തക്വബ്ബല്ലാഹു മിന്നാ വമിന്‍കും' എന്ന് പറഞ്ഞിരുന്നു എന്ന് ജുബൈര്‍ ഇബ്‌നു നുഫൈര്‍(റ) പറഞ്ഞതായി സ്വീകാര്യയോഗ്യമായ പരമ്പരയില്‍ ഉദ്ധരിക്കപ്പെട്ടിട്ടുണ്ടെന്ന് ഇബ്‌നു ഹജര്‍ അല്‍ അസ്‌ക്വലാനി(റഹി) ഫത്ഹുല്‍ ബാരിയില്‍ രേഖപ്പെടുത്തുന്നു. ഇത് തന്നെ അബൂ ഉമാമ അല്‍ബാഹിലീ(റ)യില്‍ നിന്നും ഉദ്ധരിക്കപ്പെട്ടിട്ടുണ്ട്. 'മദീനയില്‍ ഞങ്ങള്‍ക്കിത് പരിചിതമാണ്' എന്ന് ഇമാം മാലിക്(റഹി) കഴിഞ്ഞ മുപ്പത്തിയഞ്ച് വര്‍ഷമായി ഞാന്‍ ചോദിക്കുമ്പോള്‍ പറയാറുണ്ട് എന്ന് അലിയ്യുബ്‌നു സാബിത്(റഹി) പറയുന്നു (മുഗ്‌നി). ഇമാം അഹ്മദ്(റഹി), ശൈഖുല്‍ ഇസ്‌ലാം ഇബ്‌നു തൈമിയ്യ(റഹി) എന്നിവരും ഇത് ശരിവെച്ചിരിക്കുന്നു (മജ്മൂഉല്‍ ഫതാവാ-24/253).

ഇത് പ്രത്യേകം സുന്നത്തായി പഠിപ്പിക്കപ്പെടാത്തതിനാല്‍ ഒരാള്‍ അത് പറഞ്ഞില്ലെങ്കിലും ആക്ഷേപാര്‍ഹമല്ല. എന്നാല്‍ ഇങ്ങോട്ട് പറയപ്പെട്ടാല്‍ മറുപടി പറയല്‍ അഭിവാദ്യത്തിന് പ്രത്യഭിവാദ്യം ചെയ്യല്‍ നിര്‍ബന്ധമാണ് എന്ന തത്ത്വത്തില്‍ ഉള്‍പ്പെടുമെന്നും ശൈഖുല്‍ ഇസ്‌ലാം അഭിപ്രായപ്പെടുന്നു.

പെരുന്നാള്‍ നമസ്‌കാരം ജമാഅതായി നിര്‍വഹിക്കാന്‍ ഒരാള്‍ക്ക് സാധിച്ചില്ലെങ്കില്‍ സ്വന്തം നിലക്ക് അത് നിര്‍വഹിക്കാവുന്നതാണ്. കുടുംബത്തെയും കൂട്ടി വീട്ടിലോ മറ്റോ ജമാഅതായി നിര്‍വഹിക്കുകയുമാവാം. ജമാഅത് നമസ്‌കാരം നഷ്ടപ്പെട്ടാല്‍ അവര്‍ രണ്ട് റക്അത്ത് നമസ്‌കരിക്കണം എന്ന തലക്കെട്ടില്‍ ഇമാം ബൂഖാരി(റഹി) ഒരു അധ്യായം തന്നെ തന്റെ സ്വഹീഹില്‍ ഉള്‍പ്പെടുത്തിയിരിക്കുന്നു. സ്വഹാബിയായ അനസ്(റ) തന്റെ കുടുംബത്തെയും മക്കളെയും കൊണ്ട് സാവിയ എന്ന സ്ഥലത്ത് വെച്ച് നമസ്‌കരിച്ചു. അവിടെ അദ്ദേഹത്തിന്  വീടും സ്ഥലവും ഉണ്ടായിരുന്നു. എന്നാല്‍ ഇങ്ങനെ നമസ്‌കരിക്കുമ്പോള്‍ നാല് റക്അത്താണ് നമസ്‌കരിക്കേണ്ടത് എന്ന് അറിയിക്കുന്ന ചില റിപ്പോര്‍ട്ടുകളും സ്ഥിരപ്പെട്ട് വന്നിട്ടുണ്ട്. അതിനാല്‍ രണ്ട് രീതിയും സ്വീകരിക്കുന്നതിന് വിരോധമില്ല എന്ന് ഇമാം അഹ്മദ്, ഔസാഈ, അബൂഹനീഫ തുടങ്ങിയവര്‍ അഭിപ്രായപ്പെടുന്നു-അല്ലാഹു അഅ്‌ലം. എന്നാല്‍ നഷ്ടപ്പെട്ടവര്‍ അത് വീണ്ടെടുക്കാന്‍ നബി ﷺ  കല്‍പിച്ചതായി പ്രത്യേകം റിപ്പോര്‍ട്ട് ചെയ്യപ്പെടാത്തതിനാല്‍ അത് നിര്‍ബന്ധമാണെന്ന് പറയാന്‍ കഴിയില്ല എന്ന് എല്ലാ അഭിപ്രായങ്ങളും ഉദ്ധരിച്ച ശേഷം ഇമാം മുഗ്‌നി(റഹി) രേഖപ്പെടുത്തുന്നു. (മുഗ്‌നി-3/285).

നമസ്‌കാര സമയം

സൂര്യന്‍ ഉദിച്ച് അല്‍പം ഉയര്‍ന്നതു മുതല്‍ ഉച്ചയോട് അടുത്ത സയമം വരെ പെരുന്നാള്‍ നമസ്‌കാരം നിര്‍വഹിക്കാവുന്നതാണ്. എന്നാല്‍ മാസപ്പിറവി അറിയാന്‍ വൈകുകയും ആളുകള്‍ നോമ്പ് എടുക്കുകയും ഉച്ചക്ക് ശേഷം പ്രസ്തുത ദിവസം പെരുന്നാള്‍ ദിനമാണ് എന്ന് അറിയുകയും ചെയ്താല്‍ അന്ന് നോമ്പ് മുറിക്കുകയും പിറ്റേന്ന് പെരുന്നാള്‍ നമസ്‌കാരം നിര്‍വഹിക്കുകയുമാണ് വേണ്ടത്. നബി ﷺ യുടെ കാലത്ത് ഇത്തരം ഒരു സന്ദര്‍ഭം ഉണ്ടായപ്പോള്‍ നബി ﷺ  ഇങ്ങനെയാണ് ചെയ്തത് എന്ന് സ്വഹാബിമാര്‍ പറഞ്ഞത് അബൂദാവൂദ്, ഇബ്‌നുമാജ എന്നിവര്‍ സ്വഹീഹായ പരമ്പരയില്‍ റിപ്പോര്‍ട്ട് ചെയ്തിട്ടുണ്ട്.

ബലിപെരുന്നാള്‍ നമസ്‌കാരം നേരത്തെ നിര്‍വഹിക്കലും ചെറിയ പെരുന്നാള്‍ അഥവാ ഈദുല്‍ ഫിത്വ്ര്‍ നമസ്‌കാരം അല്‍പം വൈകി നിര്‍വഹിക്കലുമായിരുന്നു പ്രവാചകരുടെ പതിവ്. ചെറിയ പെരുന്നാളിന് ഫിത്വ്ര്‍ സകാത് വിതരണത്തിന് ജനങ്ങള്‍ക്ക് ആശ്വാസം ലഭിക്കാനും ബലി പെരുന്നാള്‍ ദിനം ബലിയറുക്കാന്‍  കൂടുതല്‍ സൗകാര്യം കിട്ടാനും ഉദ്ദേശിച്ച് കൊണ്ടായിരിക്കാം നബി ﷺ  ഇപ്രകാരം പഠിപ്പിച്ചത് എന്ന് ഇബ്‌നുല്‍ ക്വയ്യിം(റഹി), ഇബ്‌നു ഉസൈമിന്‍(റഹി) എന്നിവര്‍ അഭിപ്രായപ്പെടുന്നു (സാദുല്‍ മആദ്, ശറഹുല്‍ മുംതിഅ്).

നബി ﷺ  പെരുന്നാള്‍ ദിവസത്തില്‍ മിമ്പര്‍ ഉപയോഗിക്കാറുണ്ടായിരുന്നില്ല. എന്നാല്‍ തന്റെ മുന്നില്‍ ഒരു മറ സ്വീകരിക്കാറുണ്ടായിരുന്നു എന്നും ഇമാം ബുഖാരി റിപ്പോര്‍ട്ട് ചെയ്യുന്നു. ആദ്യം നമസ്‌കാരവും പിന്നീട് ഖുത്വുബയും നിര്‍വ്വഹിക്കലായിരുന്നു നബിയുടെയും ഖലീഫമാരുടെയും പതിവ്. (ബുഖാരി)

ഒന്നാമത്തെ റക്അത്തിന്റെ ആരംഭത്തില്‍ നബി ﷺ  ഏഴ് തക്ബീറുകളും രണ്ടാം റക്അത്തിന്റെ ആരംഭത്തില്‍ അഞ്ച് തക്ബീറുകളും  ചൊല്ലുമായിരുന്നു. ശേഷമാണ് ഫാതിഹ ഓതാറുണ്ടായിരുന്നത്. (അബൂദാവൂദ്). തക്ബീറതുല്‍ ഇഹ്‌റാമിന് ശേഷം പ്രാരംഭ പ്രാര്‍ഥന നിര്‍വഹിക്കണം. ഫാതിഹക്ക് ശേഷം സൂറതുകളും പാരായണം ചെയ്യണം. നബി  ﷺ  ഒന്നാം റക്അത്തില്‍ സൂറതുല്‍ ക്വാഫ് അല്ലെങ്കില്‍ സൂറതുല്‍ അഅ്‌ലായും രണ്ടാം റക്അതില്‍ അല്‍ഖമര്‍, അല്‍ഗാശിയ ഇവയില്‍ ഒന്നുമാണ് പാരായണം ചെയ്യാറുണ്ടായിരുന്നത് (മുസ്‌ലിം).

തക്ബീറുകള്‍ക്കിടയില്‍ നബി ﷺ  എന്തെങ്കിലും ചൊല്ലിയതായി സ്ഥിരപ്പെട്ടിട്ടില്ലെന്നും എന്നാല്‍ ഹംദും സ്വലാത്തും പ്രാര്‍ഥനയും നിര്‍വഹിക്കാമെന്ന് ഇബ്‌നു മസ്ഊദ്(റ) പറഞ്ഞിട്ടുണ്ടെന്നും ഇമാം ഇബ്‌നുല്‍ ക്വയ്യിം(റഹി) രേഖപ്പെടുത്തുന്നു. (സാദുല്‍ മആദ് 1/443).

നമസ്‌കാര ശേഷം നബി ﷺ  ജനങ്ങള്‍ക്ക് അഭിമുഖമായി നിന്ന് ഖുത്വുബ നിര്‍വഹിക്കുകയും അവരെ ദാനം (സ്വദക്വ) ചെയ്യാന്‍ പ്രേരിപ്പിക്കുകയും പ്രത്യേകം ഉദ്‌ബോധിപ്പിക്കുകയും ചെയ്യുമായിരുന്നു. (ബുഖാരി, മുസ്‌ലിം).

അല്‍പം ഉയര്‍ച്ചയുള്ള സ്ഥലത്തായിരുന്നു നബി ﷺ  ഖുത്വുബ നിര്‍വഹിക്കാറുണ്ടായിരുന്നത് എന്ന് ഹദീഥില്‍ നിന്ന് മനസ്സിലാകുന്നു.

വെള്ളിയാഴ്ച ഖുത്വുബ ശ്രദ്ധിക്കല്‍ നിര്‍ബന്ധമുള്ളത് പോലെ ഇത് നിര്‍ബന്ധമില്ലെന്നും സുന്നത് മാത്രമേയുള്ളൂ എന്നും അതിനാലാവാം ആദ്യം നമസ്‌കാരവും പിന്നീട് ഖുത്വുബയും ആയി നിശ്ചയിച്ചതെന്നും ഇമാം ഇബ്‌നു ഖുദാമ(റ) അഭിപ്രായപ്പെടുന്നു (മുഗ്‌നി).

പെരുന്നാള്‍ ദിനങ്ങളില്‍ തക്ബീര്‍ ചൊല്ലല്‍

രണ്ട് തരത്തിലാണ് തക്ബീര്‍ ചൊല്ലാനായി നിര്‍ദേശമുള്ളത്.

ഒന്ന്) നമസ്‌കാരങ്ങള്‍ക്ക് ശേഷം: ഇത് ബലിപെരുന്നാളില്‍ മാത്രമാണ് എന്നാണ് സ്വഹാബിമാരുടെ പ്രവര്‍ത്തനത്തില്‍ നിന്ന് മനസ്സിലാകുന്നത് എന്ന് ശൈഖ് സഈദ് അല്‍ഖഹ്ത്വാനി പറയുന്നു. അറഫ ദിവസം സ്വുബ്ഹി മുതല്‍ അയ്യാമുത്തശ്‌രീക്വിലെ അവസാന ദിവസത്തെ അസ്വ്ര്‍ വരെയും അലി(റ), ഇബ്‌നു മസ്ഊദ് എന്നിവര്‍ തക്ബീര്‍ ചൊല്ലുമായിരുന്നു. എന്നാല്‍ ദുഹ്ര്‍ വരെയായിരുന്നു ഉമര്‍(റ) ചൊല്ലാറുണ്ടായിരുന്നത.് മഗ്‌രിബിന്റെ തൊട്ടു മുമ്പ് വരെ ഇബ്‌നു അബ്ബാസ്(റ) ചൊല്ലാറുണ്ടായിരുന്നു. ഇവയില്‍ ഏത് സ്വീകരിച്ചാലും സ്വഹാബിമാരുടെ ചെയ്തിയും പിന്‍ബലം അതിനുണ്ട് എന്ന് മനസ്സിലാക്കാം. (ശര്‍ഹു മുസ്‌ലിം, ഫത്ഉല്‍ ബാരി, മുഗ്‌നി, ശര്‍ഹുല്‍ മുംതിഅ് എന്നിവ നോക്കുക).

എന്നാല്‍ ദുല്‍ഹിജ്ജ ഒന്ന് മുതല്‍ 13 വരെയും പതിവായി തക്ബീര്‍ നിര്‍വഹിക്കാം. ഇബ്‌നുഉമര്‍, അബൂഹുറയ്‌റ(റ), ഉമര്‍(റ) എന്നിവര്‍ ഇങ്ങനെ ചെയ്തിരുന്നതായി വ്യത്യസ്ത റിപ്പോര്‍ട്ടുകള്‍ വന്നിട്ടുണ്ട്. അബാനുബ്‌നു ഉസ്മാന്‍(റ), ഉമര്‍ബിന്‍ അബ്ദില്‍ അസീസ്(റ) എന്നിവരുടെ പിറകില്‍ സ്ത്രീകള്‍ തക്ബീര്‍ ചൊല്ലുമായിരുന്നു എന്ന് മൈമൂന(റ) പറയുന്നു (ബുഖാരി). ആര്‍ത്തവകാരികള്‍ അടക്കം പുറപ്പെട്ട് പോകുകയും അവര്‍ പുരുഷന്മാരുടെ തക്ബീറിന്റെ കൂടെ തക്ബീര്‍ ചൊല്ലുകയും െചയ്തിരുന്നു എന്നും ഉമ്മു അത്വിയ്യ(റ) പറയുന്നു (ബുഖാരി).

ചെറിയ പെരുന്നാളിന് ശവ്വാല്‍ ഒന്നിന്റെ മഗ്‌രിബ് മുതല്‍ ഇമാം നമസ്‌കാരത്തിലേക്ക് വരുന്നത് വരെ തക്ബീര്‍ ചൊല്ലല്‍ സ്വഹാബത്തിന്റെ പതിവായിരുന്നു. (ഇബ്‌നു അബീശൈബ).

തക്ബീറിന്റെ രൂപം

പല സ്വഹാബിമാര്‍ പലതരത്തില്‍ തക്ബീര്‍ ചൊല്ലിയതായി സ്ഥിരപ്പെട്ടിട്ടുണ്ട്.

അല്ലാഹു അക്ബര്‍, അല്ലാഹു അക്ബര്‍, ലാ ഇലാഹ ഇല്ലല്ലാഹ് വല്ലാഹു അക്ബര്‍, അല്ലാഹു അക്ബര്‍ വലില്ലാഹില്‍ ഹംദ് എന്നായിരുന്നു ഇബ്‌നു മസ്ഊദ്(റ), ഉമര്‍(റ), അലി(റ) എന്നീ സ്വഹാബിമാര്‍ ചൊല്ലിയിരുന്നത്. (ഇബ്‌നു അബീശൈബ). ഇത് തന്നെ ചില റിപ്പോര്‍ട്ടുകളില്‍ അല്ലാഹു അക്ബര്‍ എന്ന് മൂന്ന് തവണ ചൊല്ലിയതായി വന്നിട്ടുണ്ട് എന്ന് ശൈഖ് അല്‍ബാനി പറയുന്നു (ഇര്‍വാഅ് 3/125).

വ്യത്യസ്ത രൂപം സ്വഹാബത്തില്‍ നിന്ന് ഉദ്ധരിക്കപ്പെട്ടതിനാലും തക്ബീര്‍ ചൊല്ലാന്‍ നിര്‍ദേശിക്കുന്ന ക്വുര്‍ആനിക വചനത്തിന്റെ (2/185) ബാഹ്യാര്‍ഥം പരിഗണിച്ചും ഇതില്‍ ഏത് രീതിയും സ്വീകരിക്കാന്‍ മതം അനുവദിക്കുന്നു എന്ന് മനസ്സിലാക്കാം എന്ന് ഈ അഭിപ്രായങ്ങളെ ക്രോഡീകരിച്ച് കൊണ്ട് ഇമാം സ്വന്‍ആരി(റഹി) പറയുന്നു. (സുബുലുസ്സലാം-3/247).

വെള്ളിയാഴ്ച പെരുന്നാളായാല്‍

നബി ﷺ യുടെ കാലത്ത് വെള്ളിയാഴ്ച പെരുന്നാള്‍ ആയപ്പോള്‍ നബി ﷺ  പെരുന്നാള്‍ നമസ്‌കാരം നിര്‍വഹിച്ച ശേഷം ഇപ്രകാരം പറഞ്ഞു: 'ജുമുഅ നമസ്‌കരിക്കാന്‍ ഉദ്ദേശിക്കുന്നവര്‍ക്ക് നമസ്‌കരിക്കാം' (അബുദാവൂദ്, നസാഈ, ഇബ്‌നുമാജ, അഹ്മദ്).

വരുന്നവര്‍ക്ക് വരാം, വരാത്തവന് വരാതിരിക്കാം എന്നും ജുമുഅക്ക് വരുന്നവര്‍ക്ക് വരാം, ഞങ്ങള്‍ ഇവിടെ ജുമുഅ നടത്തുന്നുണ്ട് എന്നും നബി ﷺ  പറഞ്ഞതായും റിപ്പോര്‍ട്ടുണ്ട് (ഇബ്‌നുമാജ).

പെരുന്നാള്‍ നമസ്‌കാരത്തില്‍ പങ്കെടുത്തവര്‍ക്ക് മാത്രമാണ് ഈ ഇളവ് എന്നും എന്നാല്‍ ഇമാമിന് ഇളവില്ലെന്നും ഇതില്‍ നിന്ന് ഗ്രഹിക്കാം. ജുമുഅക്ക് പങ്കെടുക്കുന്നില്ലെങ്കില്‍ അവന്‍ ദുഹ്ര്‍ നാല് റക്അത്ത് തന്നെയാണ് നമസ്‌കരിക്കേണ്ടത്.

ഇത്രയേറെ പ്രാധാനന്യപൂര്‍വം പഠിപ്പിക്കപ്പെട്ട ഈ സുദിനത്തിലും ദൈവകോപമുണ്ടാക്കുന്ന കാര്യങ്ങളില്‍ ഏര്‍പ്പെടുന്നത് വളരെയധികം ഗൗരവമുള്ള കാര്യമായി കാണേണ്ടതുണ്ട്. നിഷിദ്ധമായ ഒരു കാര്യവും പെരുന്നാളിന്റെ പേരില്‍ അനുവദനീയമാകുന്നില്ല എന്ന് നാം തിരിച്ചറിയണം. അല്ലാഹുവിന് ഏറ്റവും വെറുപ്പുള്ള ബഹുദൈവാരാധനാപരമായ കാര്യങ്ങള്‍ അടക്കം പെരുന്നാള്‍ ദിവസത്തില്‍ ചിലര്‍ ചെയ്യുന്നത് കാണാം. ക്വബ്ര്‍ സിയാറത്തിന്റെ മറവില്‍ ജാറങ്ങള്‍ തേടിയുള്ള യാത്രകളും ക്വബ്‌റാളിയോടുള്ള പ്രാര്‍ഥനയുമെല്ലാം മതം വിലക്കിയ കാര്യങ്ങളാണ്.അത്തരം തേട്ടങ്ങള്‍ ശിര്‍ക്കുമാകുന്നു.

പുരുഷന്മാര്‍ വസ്ത്രം ഞെരിയാണിക്ക് താഴെ ഇറക്കല്‍, അഹങ്കാരം പ്രകടിപ്പിക്കല്‍, ഭക്ഷണവും മറ്റും ധൂര്‍ത്തടിക്കല്‍, സംഗീതസദസ്സുകളും ഗാനമേളകളും സംഘടിപ്പിക്കലും അതില്‍ പങ്കെടുക്കലും, മദ്യപാനം, മറ്റു ലഹരി വസ്തുക്കള്‍ ഉപയോഗങ്ങള്‍, അന്യ സ്ത്രീ-പുരുഷ സങ്കലനങ്ങള്‍, നിഷിദ്ധമായ വേഷം ധരിക്കല്‍, താടി വടിക്കല്‍, എന്നിവയൊക്കെ പെരുന്നാളില്‍ ജനങ്ങള്‍ നിസ്സാരമായി തള്ളുന്ന നിഷിദ്ധങ്ങളാകുന്നു. അവയെ ഗൗരവപൂര്‍വം നാം ജീവിതത്തില്‍ ഒഴിവാക്കേണ്ടതാകുന്നു. അനുവദനീയമായ കളി-വിനോദങ്ങളില്‍ ആണ് വിശ്വാസികള്‍ ഏര്‍പ്പെടേണ്ടത്. അതോടൊപ്പം കുടുംബ ബന്ധങ്ങള്‍ ചേര്‍ക്കുവാനും പരസ്പര സന്ദര്‍ശനങ്ങള്‍ക്കും പെരുന്നാള്‍ ദിനത്തില്‍ പ്രത്യേകം ശ്രദ്ധിക്കുക. പിശുക്ക് ഇല്ലാതിരിക്കുക, ദാനധര്‍മങ്ങള്‍, പ്രാര്‍ഥന, പ്രകീര്‍ത്തനങ്ങള്‍, മറ്റു ആരാധനാ കാര്യങ്ങള്‍ എന്നിവ അന്നും ജീവിതത്തിന്റെ ഭാഗമാക്കുക.

ക്വുര്‍ആന്‍ 2/185-ാം വചനം ഇത്തരുണത്തില്‍ മനസ്സിരുത്തി അര്‍ഥ സഹിതം പാരായണം ചെയ്യുക. അല്ലാഹു അനുഗ്രഹിക്കട്ടെ.

(മുഖ്യ അവലംബം: ശൈഖ് സഊദ് അല്‍ക്വഹ്ത്വാനിയുടെ 'സ്വലാതുല്‍ മുഅ്മിന്‍' എന്ന ഗ്രന്ഥം. അല്ലാഹു അദ്ദേഹത്തിനും പ്രതിഫലം നല്‍കട്ടെ-ആമീന്‍).