വംശീയത, വര്‍ഗീയത ക്വുര്‍ആനിക നിലപാട്

അബ്ദുല്‍ മാലിക് സലഫി

2019 ജനുവരി 26 1440 ജുമാദുല്‍ അവ്വല്‍ 19
സ്വന്തത്തിനെയല്ലാതെ ഒന്നിനെയും ഉള്‍ക്കൊള്ളാന്‍ കഴിയാത്ത ദുരവസ്ഥയിലേക്ക് മാറിക്കൊണ്ടിരിക്കുകയാണ് ലോകമിന്ന്. സംഘടിക്കുന്നത് പോലും മറ്റുള്ളവരുടെ അവകാശങ്ങളെ ഹനിക്കാനെന്ന തരത്തിലേക്ക് പോയിക്കൊണ്ടിരിക്കുന്ന സമൂഹത്തിനോട് ഇസ്‌ലാമിന് പറയാനുള്ളതെന്ത്? ക്വുര്‍ആനിന്റെ ഈ രംഗത്തുള്ള അധ്യാപനങ്ങളെ അടിസ്ഥാനമാക്കിയുള്ള പ്രതിപാദനം.

ആധുനിക ലോകം അഭിമുഖീകരിച്ചുകൊണ്ടിരിക്കുന്ന പ്രധാന പ്രതിസന്ധികളില്‍ ഒന്നാണ് വംശീയതയും വര്‍ഗീയതയും. വികസിത, വികസ്വര, ദരിദ്ര രാഷ്ട്രങ്ങള്‍ ഒരുപോലെ അനുഭവിക്കുന്ന ഒരു പ്രതിസന്ധി ഉണ്ടെങ്കില്‍ അത് വര്‍ഗീയതയുടെയും വംശീയതയുടെയും വിഷയമായിരിക്കും. മനുഷ്യര്‍ തിങ്ങിപ്പാര്‍ക്കുന്ന എല്ലാ ഭൂപ്രദേശങ്ങളിലും ഇന്ന് ഈ ഒരു വിഷയം ചര്‍ച്ചയാണ്. 2017ല്‍ അമേരിക്കയില്‍ മാത്രം 7100 വംശീയ അതിക്രമങ്ങള്‍ നടന്നു എന്നാണ് ഈയിടെ മാധ്യമങ്ങള്‍ പുറത്തുവിട്ട വാര്‍ത്ത. 2016 നെ അപേക്ഷിച്ച് 16 ശതമാനം വളര്‍ച്ച ഉണ്ടായി എന്നതാണ് കണക്ക്. അതില്‍ മുസ്‌ലിംകള്‍ക്കെതിരെ 300 വംശീയാതിക്രമങ്ങള്‍ നടന്നു എന്നും കണക്കുകള്‍ തെളിയിക്കുന്നു.

തൊലി കറുത്തു പോയതിന്റെ പേരില്‍ വിദ്യാഭ്യാസ, രാഷ്ട്രീയ, കായികരംഗങ്ങളിലെല്ലാം കടുത്ത വിവേചനമാണ് പല ആളുകളും അനുഭവിച്ചുകൊണ്ടിരിക്കുന്നത്. യുഎസില്‍ റോഡ് മുറിച്ചുകടക്കുമ്പോള്‍ അപകടത്തില്‍ പെടുന്നവര്‍ അധികവും കറുത്ത വിഭാഗക്കാരാണ് എന്നത് ശ്രദ്ധയില്‍ പെട്ടപ്പോള്‍ അതിനെക്കുറിച്ച് അന്വേഷണം നടത്തിയ ഏജന്‍സികള്‍ കണ്ടെത്തിയത് വര്‍ണവിവേചനമാണ് ഇതിന് പിന്നില്‍ പ്രവര്‍ത്തിച്ചത് എന്നതാണ്. ഭാഷയുടെ പേരില്‍ മനുഷ്യര്‍ ഭിന്നിക്കുന്ന അവസ്ഥ ലോകത്ത് ഇന്ന് ഉണ്ടല്ലോ. ഇന്ത്യയിലെ പല സംസ്ഥാനങ്ങളും ഭാഷയുടെ അടിസ്ഥാനത്തിലാണ് രൂപം കൊണ്ടിട്ടുള്ളത് എന്നുള്ളത് നമുക്കറിയാം. ജാതീയതയുടെ പേരില്‍ എന്തൊക്കെയാണ് നമ്മുടെ നാടുകളില്‍ നടന്നുകൊണ്ടിരിക്കുന്നത്? ഒട്ടേറെ ജാതി സംഘടനകള്‍ കേരളത്തില്‍ പ്രവര്‍ത്തിച്ചുകൊണ്ടിരിക്കുന്നു! പശുവിന്റെ പേരില്‍ പോലും കടുത്ത അക്രമങ്ങളാണ് നമ്മുടെ സംസ്ഥാനങ്ങളില്‍ അരേങ്ങറിക്കൊണ്ടിരിക്കുന്നത്. അഖ്‌ലാക് മുതല്‍ അട്ടപ്പാടിയിലെ മധു വരെയുള്ള, ആള്‍ക്കൂട്ട അക്രമത്തിന്റെ ഇരകളുടെ ലിസ്റ്റുകള്‍ നമ്മള്‍ കേട്ടു കഴിഞ്ഞതാണ്.

മനുഷ്യരെ മനുഷ്യരായി കാണാന്‍ കഴിയുന്നില്ല എന്നുള്ളതാണ് ഇവിടെ ഏറ്റവും വലിയ പ്രശ്‌നം. നാടിന്റെയും നിറത്തിന്റെയും ഭാഷയുടെയും മതത്തിന്റെയും വ്യത്യാസങ്ങള്‍ക്കനുസരിച്ച് കടുത്ത വിവേചനമാണ് ലോകത്ത് നടന്നുകൊണ്ടിരിക്കുന്നത്. ഇവിടെ ഇസ്‌ലാമിന്റെ നിലപാട് ഏറെ പ്രസക്തമാവുകയാണ്.

മനുഷ്യര്‍ എന്നുള്ള നിലയില്‍ മാനവര്‍ക്കിടയില്‍ യാതൊരു വ്യത്യാസവും പാടില്ല എന്നുള്ള കാഴ്ചപ്പാടാണ് ഇസ്ലാം മുന്നോട്ടുവെക്കുന്നത്. ക്വുര്‍ആനിന്റെ ഒന്നാമത്തെ അധ്യായം മുതല്‍ അവസാന അധ്യായം വരെ ഈ ഒരു സന്ദേശമാണ് നിറഞ്ഞുനില്‍ക്കുന്നത്. ഒന്നാം അധ്യായത്തിലെ രണ്ടാമത്തെ വചനം തന്നെ 'ലോകരക്ഷിതാവിന് സര്‍വസ്തുതികളും' എന്നതാണ്. അറബികളുടെ രക്ഷിതാവ് എന്നോ മുസ്‌ലിംകളുടെ പടച്ചവന്‍ എന്നോ അല്ല. അത്തരം കാഴ്ചപ്പാടുകള്‍ മനുഷ്യരില്‍ വിഭാഗീയത സൃഷ്ടിക്കുമെന്നതില്‍ സംശയമില്ല.  

ലോകത്തിന്റെ നാഥന്‍ ഭൂമിയിലേക്ക് പറഞ്ഞയച്ച പ്രവാചകനെ കുറിച്ച് ക്വുര്‍ആന്‍ പറയുന്നത് മുഴുവന്‍ ജനങ്ങള്‍ക്കും ഉള്ള പ്രവാചകന്‍ എന്നാണ്:

''നിന്നെ നാം മനുഷ്യര്‍ക്കാകമാനം സന്തോഷവാര്‍ത്ത അറിയിക്കുവാനും താക്കീത് നല്‍കുവാനും ആയിക്കൊണ്ട് തന്നെയാണ് അയച്ചിട്ടുള്ളത്. പക്ഷേ, മനുഷ്യരില്‍ അധികപേരും അറിയുന്നില്ല'' (സബഅ്: 28).

ആ പ്രവാചകന്‍ ലോകര്‍ക്കാകമാനം കാരുണ്യമാണ്: ''ലോകര്‍ക്ക് കാരുണ്യമായിക്കൊണ്ടല്ലാതെ നിന്നെ നാം അയച്ചിട്ടില്ല'' (അല്‍അമ്പിയാഅ്: 107).

മുസ്‌ലിംകള്‍ക്ക് മാത്രമുള്ള പ്രവാചകനെന്നോ അറബികള്‍ക്ക് മാത്രമുള്ള പ്രവാചകന്‍ എന്നോ അല്ല മുഹമ്മദ് നബിﷺയെ ക്വുര്‍ആന്‍ പരിചയപ്പെടുത്തിയിട്ടുള്ളത്. ലോകത്ത് ജീവിക്കുന്ന മുഴുവന്‍ മനുഷ്യര്‍ക്കുമുള്ള പ്രവാചകനാണ് അദ്ദേഹം. ലോകത്തിന്റെ പ്രവാചകന്‍ കൊണ്ടുവന്ന വേദഗ്രന്ഥമായ ക്വുര്‍ആനിനെ കുറിച്ചും അങ്ങനെ തന്നെയാണ് ഇസ്‌ലാം പരിചയപ്പെടുത്തിയിട്ടുള്ളത്. ജനങ്ങള്‍ക്കു മൊത്തത്തിലുള്ള മാര്‍ഗനിര്‍ദേശവും സന്മാര്‍ഗ ദര്‍ശനവുമാണ് ക്വുര്‍ആന്‍. മുസ്‌ലിംകളുടെ മാത്രം വേദഗ്രന്ഥമല്ല ക്വുര്‍ആന്‍. ലോകത്ത് ജീവിക്കുന്ന മുഴുവന്‍ മനുഷ്യര്‍ക്കും വേണ്ടിയാണ് അല്ലാഹു ക്വുര്‍ആന്‍ അവതരിപ്പിച്ചിട്ടുള്ളത്. അതില്‍ ദേശ, ഭാഷ, വര്‍ണ വ്യത്യാസമില്ല. ഏവര്‍ക്കും ഒരുപോലെ സ്വീകരിക്കാവുന്ന വേദഗ്രന്ഥം.

കറുത്തവരേ, വെളുത്തവരേ, അറബികളേ, അനറബികളേ എന്ന ഒരു വിളി ക്വുര്‍ആനില്‍ എവിടെയും നമുക്ക് കാണുക സാധ്യമല്ല. മനുഷ്യരേ എന്നാണ് ക്വുര്‍ആനിന്റെ ആദ്യത്തെ അഭിസംബോധന. ക്വുര്‍ആനിലെ അവസാന അധ്യായത്തില്‍ ജനങ്ങളുടെ ആരാധ്യന്‍, ജനങ്ങളുടെ രക്ഷിതാവ്, ജനങ്ങളുടെ ഉടമസ്ഥന്‍ എന്നൊക്കെയാണ് അല്ലാഹുവിനെ പരിചയപ്പെടുത്തിയിട്ടുള്ളത്. ക്വുര്‍ആന്‍ ആദ്യാവസാനം മനുഷ്യര്‍ക്ക് വേണ്ടിയുള്ളതാണ് എന്ന കാര്യം അതിന്റെ വചനങ്ങളും അധ്യായങ്ങളും സാക്ഷ്യപ്പെടുത്തുന്നുണ്ട് എന്ന് സാരം.

മുഴുവന്‍ മനുഷ്യരുടെയും പ്രശ്‌നങ്ങള്‍ക്കും അവരുടെ പ്രയാസങ്ങള്‍ക്കുമുള്ള പരിഹാര നിര്‍ദേശങ്ങളാണ് ക്വുര്‍ആന്‍ മുന്നോട്ടു വച്ചിട്ടുള്ളത്. അക്രമവും അനീതിയും ആര് കാണിച്ചാലും തുല്യനീതിയാണ് നടപ്പിലാക്കേണ്ടത്. അക്രമിയുടെ മതമോ ഭാഷയോ നാടോ ഒന്നും ഇസ്‌ലാം ഈ വിഷയത്തില്‍ പരിഗണിക്കുന്നില്ല. അല്ലാഹു പറയുന്നത് നോക്കൂ:

''അക്കാരണത്താല്‍ ഇസ്‌റഈല്‍ സന്തതികള്‍ക്ക് നാം ഇപ്രകാരം വിധി നല്‍കുകയുണ്ടായി: മറ്റൊരാളെ കൊന്നതിന് പകരമായോ ഭൂമിയില്‍ കുഴപ്പമുണ്ടാക്കിയതിന്റെ പേരിലോ അല്ലാതെ വല്ലവനും ഒരാളെ കൊലപ്പെടുത്തിയാല്‍, അത് മനുഷ്യരെ മുഴുവന്‍ കൊലപ്പെടുത്തിയതിന് തുല്യമാകുന്നു. ഒരാളുടെ ജീവന്‍ വല്ലവനും രക്ഷിച്ചാല്‍, അത് മനുഷ്യരുടെ മുഴുവന്‍ ജീവന്‍ രക്ഷിച്ചതിന് തുല്യമാകുന്നു'' (അല്‍മാഇദ: 32).

ഒരു മുസ്‌ലിമിനെ കൊന്നാല്‍ എന്നോ അതല്ലെങ്കില്‍ ഒരു അറബിയെ കൊന്നാല്‍ എന്നോ അല്ല ഈ വചനത്തിലുള്ളത്. ഏതു മനുഷ്യനെ അന്യായമായി കൊന്നാലും അവന്‍ മുഴുവന്‍ മനുഷ്യരെയും കൊന്നതിന് തുല്യമാണ് എന്ന മാനവികതയുടെ അത്യുന്നതമായ ആശയമാണ് ഈ സുക്തം ലോകത്തോട് വിളിച്ചു പറയുന്നത്. അതേസമയം ഒരു ജൂതനെ കൊന്നാല്‍ അവന്‍ മുഴുവന്‍ മനുഷ്യരെയും കൊന്നവനെ പോലെയാണ് എന്ന വംശീയതയുടെയും വര്‍ഗീയതയുടെയും സന്ദേശങ്ങളാണ് 'തല്‍മൂദി'ല്‍ നമുക്ക് കാണാനാവുക.

മനുഷ്യര്‍ എന്ന നിലയില്‍ നാം ഒന്നാണ് എന്ന സന്ദേശം ക്വുര്‍ആന്‍ അടിക്കടി മനുഷ്യരെ ഓര്‍മപ്പെടുത്തുന്നുണ്ട്. മനുഷ്യരുടെ സൃഷ്ടിപ്പ് ഒരു ആണില്‍ നിന്നും ഒരു പെണ്ണില്‍ നിന്നുമാണ് എന്ന, അഥവാ മനുഷ്യരുടെ മാതാവും പിതാവും ഒന്നാണ് എന്ന അതുല്യമായ മാനവികതയുടെ കാഴ്ചപ്പാടാണ് ലോകത്തിനു മുന്നിലേക്ക് ഇസ്‌ലാം വച്ചിട്ടുള്ളത്. അതുകൊണ്ടുതന്നെ വര്‍മ, വര്‍ഗ, ജാതി, രാഷ്ട്ര വിവേചനങ്ങള്‍ക്കപ്പുറം മുഴുവന്‍ മനുഷ്യരെയും ഒന്നായി കാണുവാന്‍ വിശ്വാസികള്‍ ബാധ്യസ്ഥരാണ്. അല്ലാഹു പറയുന്നു:

''ഹേ; മനുഷ്യരേ, തീര്‍ച്ചയായും നിങ്ങളെ നാം ഒരു ആണില്‍ നിന്നും ഒരു പെണ്ണില്‍ നിന്നുമായി സൃഷ്ടിച്ചിരിക്കുന്നു. നിങ്ങള്‍ അന്യോന്യം അറിയേണ്ടതിന് നിങ്ങളെ നാം വിവിധ സമുദായങ്ങളും ഗോത്രങ്ങളും ആക്കുകയും ചെയ്തിരിക്കുന്നു...'' (അല്‍ഹുജുറാത്ത്: 13).

ഒരു മനുഷ്യന്റെ മൂല്യം അളക്കേണ്ടത് അവന്റെ ജാതിയോ നാടോ ഭാഷയോ കുടുംബമോ നോക്കിയല്ല, സ്രഷ്ടാവിന്റെ മുമ്പിലുള്ള അവന്റെ കീഴ്‌പ്പെടലും അവന്റെ ജീവിതത്തിലെ സൂക്ഷ്മതയും നോക്കിയാണ് എന്നതാണ് ക്വുര്‍ആനിക കാഴ്ചപ്പാട്. അല്ലാഹു പറയുന്നു: 

''...തീര്‍ച്ചയായും അല്ലാഹുവിന്റെ അടുത്ത് നിങ്ങളില്‍ ഏറ്റവും ആദരണീയന്‍ നിങ്ങളില്‍ ഏറ്റവും ധര്‍മനിഷ്ഠ പാലിക്കുന്നവനാകുന്നു. തീര്‍ച്ചയായും അല്ലാഹു സര്‍വജ്ഞനും സൂക്ഷ്മജ്ഞാനിയുമാകുന്നു'' (അല്‍ഹുജുറാത്ത് 13).

വംശീയതയുടെയും വിഭാഗീയതയുടെയും വര്‍ഗീയതയുടെയും വേരറുത്തുമാറ്റുന്ന മഹത്തായ സന്ദേശമാണ് ഇത് നല്‍കുന്നത്.

കുടുംബമഹിമ ഒരു മനുഷ്യന്റ മഹത്ത്വത്തിന് അടിസ്ഥാന കാരണമല്ല എന്നുള്ളത് ഇസ്‌ലാം പഠിപ്പിക്കുന്ന മഹത്തായ പാഠമാണ്. ക്വുര്‍ആനില്‍ ആദ്യമായി അവതരിപ്പിക്കപ്പെട്ട അധ്യായങ്ങളില്‍ തന്നെ പ്രവാചകന്റെ പ്രത്യവ്യനായിരുന്ന അബൂലഹബിനെ കഠിനമായി ആക്ഷേപിച്ചത് കാണാം. ഈ വിഷയത്തില്‍ ഒരു അധ്യായം തന്നെ ക്വുര്‍ആനില്‍ അവതരിപ്പിക്കപ്പെടുകയുണ്ടായി. പ്രവാചകന്റെ അടുത്ത കുടുംബക്കാരനായതു മൂലം അദ്ദേഹത്തിന് യാതൊരുവിധ മഹത്ത്വവും ഉണ്ടായിട്ടില്ല എന്നുള്ളത് ലോകത്തെ പഠിപ്പിക്കുകയാണ് ഈയൊരു അധ്യായം ചെയ്യുന്നത്. 

മനുഷ്യരെ മാനവികതയുടെയും സാഹോദര്യത്തിന്റെയും ഉദാത്ത മൂല്യങ്ങളുടെയും വക്താക്കളാക്കിത്തീര്‍ക്കുവാന്‍ ക്വുര്‍ആന്‍ എത്ര മാത്രം ഇടപെട്ടിട്ടുണ്ട് എന്നുള്ളത് വായിച്ചെടുക്കുവാന്‍ അറബികളുടെ മുന്‍കാല ചരിത്രം പഠിച്ചാല്‍ മതിയാകും. നിസ്സാര കാര്യങ്ങള്‍ക്കു പോലും വര്‍ഷങ്ങളോളം പോരടിക്കുകയും കുടുംബമഹിമയും തറവാട് പൊലിമയും പറഞ്ഞു തലക്കനം നടിക്കുകയും ചെയ്തിരുന്ന അറബികളെ, ഒരു മാലയിലെ മുത്തുമണികള്‍ പോലെ ഐക്യപ്പെട്ട് സാഹോദര്യത്തിന്റെ ഉന്നതങ്ങളിലേക്ക് നയിച്ചത് അല്ലാഹു ചെയ്ത വലിയ അനുഗ്രഹമാണ്. ഇസ്ലാമിക പ്രമാണങ്ങള്‍ പിന്‍പറ്റിയുള്ള ജീവിതമാണ് അവരെ അതിന് പ്രാപ്തരാക്കിയത്. ഈയൊരു കാര്യം അല്ലാഹു ഉണര്‍ത്തുന്നത് കാണുക:

''നിങ്ങളൊന്നിച്ച് അല്ലാഹുവിന്റെ കയറില്‍ മുറുകെപിടിക്കുക. നിങ്ങള്‍ ഭിന്നിച്ച് പോകരുത്. നിങ്ങള്‍ അന്യോന്യം ശത്രുക്കളായിരുന്നപ്പോള്‍ നിങ്ങള്‍ക്ക് അല്ലാഹു ചെയ്ത അനുഗ്രഹം ഓര്‍ക്കുകയും ചെയ്യുക. അവന്‍ നിങ്ങളുടെ മനസ്സുകള്‍ തമ്മില്‍ കൂട്ടിയിണക്കി. അങ്ങനെ അവന്റെ അനുഗ്രഹത്താല്‍ നിങ്ങള്‍ സഹോദരങ്ങളായിത്തീര്‍ന്നു. നിങ്ങള്‍ അഗ്‌നികുണ്ഡത്തിന്റെ വക്കിലായിരുന്നു. എന്നിട്ടതില്‍ നിന്ന് നിങ്ങളെ അവന്‍ രക്ഷപ്പെടുത്തി. അപ്രകാരം അല്ലാഹു അവന്റെ ദൃഷ്ടാന്തങ്ങള്‍ നിങ്ങള്‍ക്ക് വിവരിച്ചുതരുന്നു; നിങ്ങള്‍ നേര്‍മാര്‍ഗം പ്രാപിക്കുവാന്‍ വേണ്ടി'' (ആലുഇംറാന്‍: 103).

 ഭാഷയുടെ പേരില്‍ മനുഷ്യര്‍ തമ്മിലടിക്കുമ്പോള്‍, ഭാഷാവൈവിധ്യം അല്ലാഹുവിന്റെ ദൃഷ്ടാന്തമാണ് എന്നു പഠിപ്പിച്ച് അതിനെക്കുറിച്ച് ചിന്തിക്കാന്‍ പ്രേരിപ്പിക്കുകയാണ് ക്വുര്‍ആന്‍ ചെയ്യുന്നത്. ഒരാണില്‍ നിന്നും ഒരു പെണ്ണില്‍ നിന്നും സൃഷ്ടിക്കപ്പെട്ട മനുഷ്യരില്‍ ഇത്ര മാത്രം വ്യത്യാസങ്ങള്‍ എങ്ങനെയുണ്ടായി? ചുണ്ടുകളും നാവുകളും ഒരേപോലുള്ളതായിട്ടു പോലും ഈ ഭാഷ വൈവിധ്യങ്ങള്‍ എവിടെനിന്ന് വന്നു? ഒരു ഭാഷയില്‍ തന്നെ വ്യത്യസ്തമായ ശൈലികള്‍! വ്യത്യസ്തമായ പ്രയോഗങ്ങള്‍! ഏറെ അത്ഭുതകരം തന്നെ! ഇക്കാര്യങ്ങള്‍ ചിന്തിച്ചു മനസ്സിലാക്കി അത് ഉള്‍ക്കൊണ്ട് അല്ലാഹുവിന്റെ മഹത്ത്വം തിരിച്ചറിയുകയാണ് വേണ്ടത്. അല്ലാഹുവിന്റെ വാക്കുകള്‍ ശ്രദ്ധിക്കുക:

''ആകാശഭൂമികളുടെ സൃഷ്ടിയും നിങ്ങളുടെ ഭാഷകളിലും വര്‍ണങ്ങളിലുമുള്ള വ്യത്യാസവും അവന്റെ ദൃഷ്ടാന്തങ്ങളില്‍ പെട്ടതത്രെ. തീര്‍ച്ചയായും അതില്‍ അറിവുള്ളവര്‍ക്ക് ദൃഷ്ടാന്തങ്ങളുണ്ട്.'' (അര്‍റൂം: 22).

 വൈജാത്യങ്ങള്‍ വികാരത്തിനല്ല വിചാരത്തിനാണ് ഹേതുവാകേണ്ടത് എന്ന കാഴ്ചപ്പാടാണ് ക്വുര്‍ആന്‍ മുന്നോട്ടു വച്ചിട്ടുള്ളത്.

ഈയൊരു സന്ദേശം ഹൃദയങ്ങളിലേക്ക് ആവാഹിച്ച് അതിലൂടെ വര്‍ഗീയ, വംശീയ മുക്തവും മാനവികമൂല്യങ്ങള്‍ പൂര്‍ണമായും ഉള്‍ക്കൊണ്ടതുമായ ഒരു ജനത മക്കയിലും മദീനയിലുമായി ഉദയം കൊള്ളുകയായിരുന്നു. ബാഹ്യമായ ആരാധനാ കര്‍മങ്ങളിലും മനുഷ്യരെ ഒന്നാക്കി നിര്‍ത്തുവാന്‍ ഇസ്‌ലാം ശ്രദ്ധിച്ചിട്ടുണ്ട്. അഞ്ചുനേരവും നമസ്‌കാരത്തിന് വേണ്ടി പള്ളിയില്‍ നിന്ന് ബാങ്കുവിളി ഉയര്‍ന്നുകൊണ്ടിരിക്കുന്നു. 'നമസ്‌കാരത്തിലേക്ക് വരൂ... വിജയത്തിലേക്ക് വരൂ...' എന്നതാണ് പള്ളി മിനാരങ്ങളില്‍ നിന്നും മുഴങ്ങിക്കേള്‍ക്കുന്നത്. ഭരണാധികാരികള്‍ക്കും ഭരണീയര്‍ക്കും വേറെ വേറെ വിളികളില്ല. കറുത്തവനും വെളുത്തവനും വേറെ വേറെ ബാങ്കൊലികള്‍ മുഴങ്ങുന്നില്ല. എല്ലാവര്‍ക്കും ഒറ്റ വിളി മാത്രം. ആ വിളി കേട്ട് പള്ളിയില്‍ എത്തുന്നവര്‍ -അത് ഭരണാധികാരിയാണെങ്കിലും പാവപ്പെട്ടവനാണെങ്കിലും- ഒരേ വരിയില്‍ തോളോട് തോള്‍ചേര്‍ന്ന് അല്ലാഹുവിന് മുമ്പില്‍ നില്‍ക്കുന്ന ആ രംഗം...ലോകത്ത് വര്‍ണ-വര്‍ഗ വിവേചനത്തിന് വേണ്ടി അധ്വാനിക്കുന്നവര്‍ കാണേണ്ട കാഴ്ചതന്നെയാണത്! ലക്ഷക്കണക്കിന് മുസ്ലിംകള്‍ പങ്കെടുക്കുന്ന ഹജ്ജ് കര്‍മത്തിലും യാതൊരുവിധ വ്യത്യാസങ്ങള്‍ കല്‍പിക്കലും നമുക്ക് കാണാന്‍ സാധ്യമല്ല. ധരിക്കുന്ന വസ്ത്രത്തില്‍ പോലും ഏകരൂപം!  

സ്വജനപക്ഷപാതിത്വം സമൂഹത്തില്‍ വിവേചനം വളര്‍ത്തും എന്നതിനാല്‍ വളരെ ഗൗരവത്തോടെയാണ് അതിനെതിരെ ഇസ്‌ലാം ശബ്ദിച്ചത്. മഖ്‌സൂമിയ്യ ഗോത്രത്തില്‍പെട്ട ഒരു സ്ത്രീ കളവ് നടത്തിയപ്പോള്‍ ആ ഗോത്രക്കാര്‍, അവരില്‍പെട്ട ഒരു പെണ്ണിന്റെ കൈ മുറിക്കപ്പെടാതിരിക്കാന്‍ പ്രവാചകന്റെയടുക്കല്‍ ശുപാര്‍ശ പറയുവാന്‍ വേണ്ടി പ്രവാചകന് ഇഷ്ടപ്പെട്ട ഉസാമയുടെ അടുക്കല്‍ ചെന്ന് പറഞ്ഞ് അദ്ദേഹം ഈ വിഷയത്തില്‍ പ്രവാചകനോട് സംസാരിക്കണം എന്നവര്‍ ആഗ്രഹിച്ചു. ഇതുകേട്ട പ്രവാചകന്റെപ്രതികരണം ഇതായിരുന്നു: ''എന്റെ മകള്‍ ഫാത്വിമയാണ് കളവ് നടത്തിയതെങ്കില്‍ പോലും അവളുടെ കൈ ഞാന്‍ മുറിച്ചുകളയുക തന്നെ ചെയ്യും!''

തന്റെ കുടുംബത്തെ മുഴുവനും വിളിച്ചുവരുത്തി നിങ്ങളെന്റെ കുടുംബക്കാരാണ് എന്നതുകൊണ്ട് പരലോകത്ത് നിങ്ങള്‍ക്കുവേണ്ടി ഒന്നും ചെയ്തു തരുവാന്‍ എനിക്ക് സാധിക്കുകയില്ല എന്ന് പ്രവാചകന്‍ ഉണര്‍ത്തിയത് ചരിത്രത്തില്‍ കാണാന്‍ കഴിയും.

 മനുഷ്യരുടെ രൂപങ്ങളിലേക്കോ ശരീരങ്ങളിലേക്കോ അല്ല അല്ലാഹു നോക്കുന്നത് പ്രത്യുത, അവരുടെ ഹൃദയങ്ങളിലേക്കാണ് (മുസ്‌ലിം 2564) എന്ന ഹദീസ് ലോകത്തിനു നല്‍കുന്ന സന്ദേശം വലുതാണ്. 

പ്രവാചകന്‍ﷺ വളര്‍ത്തിയെടുത്ത സമൂഹത്തില്‍ വ്യത്യസ്ത നാട്ടുകാരും നിറക്കാരും തരക്കാരും ഉണ്ടായിരുന്നെങ്കിലും അവരെ ഒരേ മനസ്സുള്ളവരാക്കി മാറ്റുവാന്‍ പ്രവാചകന് കഴിഞ്ഞിട്ടുണ്ട്. സമ്പന്നനായ ഉസ്മാനും(റ) സാധുവായ അബൂഹുറയ്‌റ(റ)യും അവരിലുണ്ടായിരുന്നു. ക്വുറൈശി ഗോത്രക്കാരനായ അബൂബക്‌റും(റ) ഭൃത്യനായ അനസും(റ) പ്രവാചകാനുയായികളായി സന്തോഷത്തോടെ ജീവിച്ചിട്ടുണ്ട്. കറുത്ത നിറക്കാരനായ ബിലാലി(റ)ന് സ്വഹാബികള്‍ക്കിടയില്‍ ഉണ്ടായിരുന്ന സ്ഥാനം അതുല്യമായിരുന്നു. ഒരിക്കല്‍ കഅ്ബ പ്രദക്ഷിണത്തിനിടെ (ത്വവാഫ്) കരയുന്ന സൈനുല്‍ ആബിദീനെ (റ) കണ്ടപ്പോള്‍ അസ്മാഅ് ചോദിച്ചു: 'നിങ്ങള്‍ എന്തിനു കരയണം; പേടിക്കണം? നിങ്ങള്‍ പ്രവാചകന്റെ കുടുംബക്കാരനല്ലേ?' അദ്ദേഹം മറുപടി കൊടുത്തു: 'അല്ലാഹു സ്വര്‍ഗം പടച്ചിരിക്കുന്നത് അവനെ അനുസരിക്കുന്നവര്‍ക്ക് വേണ്ടിയാണ്. അതൊരു അബിസീനിയക്കാരനായ അടിമ ആണെങ്കിലും ശരി. അവന്‍ നരകം പടച്ചിരിക്കുന്നത് അവനെ ധിക്കരിക്കുന്നവര്‍ക്കു വേണ്ടിയാണ.് അവര്‍ ക്വുറൈശി ആയിരുന്നാലും ശരി.' 

'ഇസ്‌ലാമിന്റെ വര്‍ഗീയ മുക്ത, മാനവിക സന്ദേശം അനുയായികള്‍ എത്രമാത്രം ഉള്‍ക്കൊണ്ടിട്ടുണ്ട് എന്ന് തെളിയിക്കുന്ന ചരിത്രത്തിലെ ചില സംഭവങ്ങളാണിവ. ലോകത്തിന്റെ പ്രവാചകന്‍ തന്റെ അറഫാ പ്രഭാഷണത്തില്‍ ലോകത്തോട് നല്‍കിയ വലിയ സന്ദേശങ്ങളില്‍ ഒന്നായിരുന്നു; ഒരു അറബിക്ക് അനറബിയെക്കാളോ കറുത്തവന് വെളുത്തവനെക്കാളോ യാതൊരു പ്രത്യേകതയുമില്ല, അല്ലാഹുവിനെ സൂക്ഷിച്ചു ജീവിക്കുന്നവര്‍ക്കാണ് അവസാന വിജയമുണ്ടാവുക' എന്ന മഹത്തായ സന്ദേശം.

 വര്‍ഗീയതയ്ക്ക് വേണ്ടി കൊല്ലപ്പെടുന്നതും കൊലചെയ്യുന്നതും ജാഹിലിയ്യത്തിന്റെ സ്വഭാവമാണ് എന്ന് പ്രവാചകന്‍ പഠിപ്പിച്ചു (മുസ്‌ലിം).

ചുരുക്കത്തില്‍ വംശീയതയും വര്‍ഗീയതയും കളിയാടുന്ന ആധുനികലോകത്തിന്റെ മുന്നില്‍ മാനവിക സ്‌നേഹത്തിന്റെ അതുല്യമായ സന്ദേശങ്ങളാണ് ഇസ്ലാമിക പ്രമാണങ്ങള്‍ ഉയര്‍ത്തിപ്പിടിക്കുന്നത്. വംശീയതക്കും ജാതീയതക്കും അതീതമായി, മനുഷ്യരെ മനുഷ്യരായി കാണുവാന്‍ കഴിയുന്ന ഒരു പ്രത്യയശാസ്ത്രത്തിനു മാത്രമെ വര്‍ഗീയതയെയും വിഭാഗീയതയെയും ആത്മാര്‍ഥമായി എതിര്‍ക്കുവാന്‍ സാധിക്കൂ എന്നുള്ളത് നാം വിസ്മരിക്കരുത്.