മതം, ജീവിതം, വര്‍ഗീയത

അഫ്താബ് കണ്ണഞ്ചേരി

2019 ഏപ്രില്‍ 06 1440 റജബ് 29
താന്‍ ഉള്‍ക്കൊള്ളുന്ന മതത്തിന്റെയോ തത്ത്വശാസ്ത്രത്തിന്റെയോ ആശയങ്ങള്‍ ദൃഢമായി വിശ്വസിക്കുകയും ആചാരാനുഷ്ഠാനങ്ങള്‍ കണിശമായി ജീവിതത്തില്‍ പാലിക്കുകയും പ്രചരിപ്പിക്കുകയും വഴി ഒരാള്‍ ജനാധിപത്യവിരുദ്ധനാവുമോ? ഇതരരുടെ ഇത്തരം അവകാശങ്ങളെ ഹനിക്കാത്തിടത്തോളം കാലം അവനെ വര്‍ഗീയവാദി എന്ന് വിളിക്കാന്‍ എന്ത് ന്യായമാണുള്ളത്? ബഹുമത സമൂഹത്തില്‍ അത്തരക്കാരുടെ പ്രവര്‍ത്തനങ്ങള്‍ ഏത് രൂപത്തിലാണ് നോക്കിക്കാണേണ്ടത്? ഇതിനോടുള്ള ഭരണഘടനയുടെ സമീപനമെന്ത്?

'മോദിയെ താങ്കള്‍ക്ക് വിമര്‍ശിക്കാം. അതിനു മുമ്പ് താങ്കള്‍ക്ക് അതിനുള്ള യോഗ്യതയുണ്ടോ എന്ന് സ്വയം വിലയിരുത്തണം. ആവശ്യത്തില്‍ അധികം മതവിശ്വാസം വെച്ചു പുലര്‍ത്തുകയും അതിനേക്കുറിച്ച് സംസാരിക്കുകയും ചെയ്യുന്ന താങ്കളും ഹിന്ദുത്വവാദിയായ മോദിയും ജനാധിപത്യ രാജ്യമായ ഇന്ത്യയില്‍ വര്‍ഗീയവാദികളാണ് എന്നതില്‍ ഒരു സംശയവുമില്ല.'

മോദിയുടെ ഭരണപരാജയങ്ങളെ തുറന്നു കാണിക്കുന്ന എന്റെ സോഷ്യന്‍ മീഡിയാ പോസ്റ്റിന് താഴെ ഒരു സുഹൃത്ത് എഴുതിയ കമന്റാണ് മുകളില്‍ കൊടുത്തിരിക്കുന്നത്. അദ്ദേഹവും ഞാനും തമ്മില്‍ സോഷ്യല്‍ മീഡിയയിലും അല്ലാതെയുമായി ഏതാനും വര്‍ഷങ്ങളുടെ പരിചയമുണ്ട്. അതില്‍ നിന്ന് എന്നെ കടുത്ത വര്‍ഗീയവാദിയായി അദ്ദേഹം കാണും എന്നെനിക്ക് അഭിപ്രായമില്ല. അതുകൊണ്ട് തന്നെ അദ്ദേഹത്തിന്റെ പ്രതിഷേധം ഞാനെടുക്കുന്ന നിലപാടുകളോടാവും എന്നാണ് കരുതുന്നത്.

ഇനി സുഹൃത്ത് ഉന്നയിച്ച വിമര്‍ശനത്തിലേക്ക് വരാം: 'ആവശ്യത്തിലധികം മതവിശ്വാസം' പുലര്‍ത്തുന്ന ഞാനും ഹിന്ദുത്വവാദിയായ മോദിയും ജനാധിപത്യരാജ്യമായ ഇന്ത്യയില്‍ വര്‍ഗീയവാദികളാണ് എന്നാണ് അദ്ദേഹത്തിന്റെ പ്രധാന വിമര്‍ശനം. ഒരര്‍ഥത്തില്‍ ഈ ആരോപണം എന്നെ മാത്രം ബാധിക്കുന്നതല്ല, സ്വന്തം വിശ്വാസം ശരിയാണ് എന്ന് വിശ്വസിക്കുകയും രാജ്യം നല്‍കുന്ന അവകാശങ്ങള്‍ക്കുള്ളില്‍ നിന്ന് പ്രസ്തുത വിശ്വാസത്തെപ്പറ്റി പറയുകയും അതിനെ പ്രതിരോധിക്കുകയും ചെയ്യുന്ന എല്ലാവരെയും ബാധിക്കുന്ന ഒന്നാണ്. അതുകൊണ്ടുതന്നെ ഇതിന് ഒരു മറുകുറിപ്പെഴുതല്‍ അനിവാര്യമാണെന്ന് മനസ്സിലാക്കുന്നു.

ഈ വിമര്‍ശനത്തെ സമീപിക്കുമ്പോള്‍ ഒന്നാമതായി ജനാധിപത്യ ഇന്ത്യ എന്താണ് എന്ന് നാം പരിശോധിക്കേണ്ടതായുണ്ട്. ഇന്ത്യന്‍ ഭരണഘടന മുന്നോട്ട് വെക്കുന്ന മതേതരത്വം എന്താണ് എന്ന് നാം മനസ്സിലാക്കേണ്ടതുണ്ട്. അതിന് വിഘാതമായി എന്നില്‍ നിന്ന് ചില പ്രതികരണങ്ങള്‍ വന്നു എന്ന് തോന്നിയത് കൊണ്ടാണല്ലോ അദ്ദേഹം ഞാന്‍ വര്‍ഗീയവാദിയാണ് എന്ന് പറയുന്നത്.

ഇന്ത്യന്‍ ഭരണഘടനയുടെ ആമുഖം വായിച്ചാല്‍ തന്നെ അതിന്റെ പൊതുസ്വഭാവവും അത് മുന്നോട്ട് വെക്കുന്ന ആശയവും നമുക്ക് എളുപ്പം ഗ്രഹിക്കാനാവും. ആമുഖത്തില്‍ തന്നെ ഇന്ത്യയെ ഒരു പരമാധികാര, സ്ഥിതിസമത്വ, മതനിരപേക്ഷ, ജനാധിപത്യ റിപ്പബ്ലിക് ആയി അത് പ്രഖ്യാപിക്കുന്നു. മാത്രവുമല്ല ഇന്ത്യയിലെ മുഴുവന്‍ പൗരന്മാര്‍ക്കും സാമൂഹ്യവും സാമ്പത്തികവും രാഷ്ട്രീയവുമായ നീതിയും ചിന്തക്കും ആശയാവിഷ്‌കാരത്തിനും വിശ്വാസത്തിനും ഭക്തിക്കും ആരാധനക്കുമുള്ള സ്വാതന്ത്ര്യവും അത് കല്‍പിച്ചു നല്‍കുകയും ചെയ്യുന്നു. ഇന്ത്യന്‍ ഭരണഘടനയുടെ മൂന്നാം ഭാഗത്തിലാണ് ഈ മൗലികവകാശങ്ങളെ കുറിച്ച് പ്രതിപാദിക്കുന്നത്. സമത്വത്തിനും സ്വാതന്ത്ര്യത്തിനും ചൂഷണങ്ങള്‍ക്കെതിരെയും മതസ്വാതന്ത്ര്യത്തിനും വിദ്യാഭ്യാസത്തിനും ഭരണഘടനയില്‍ ഇടപെടുന്നതിനും ഒക്കെയുള്ള അവകാശങ്ങളാണ് മൗലികവകാശങ്ങളില്‍ ഉള്‍പ്പെടുത്തിയിട്ടുള്ളത്. അതിന്റെ 25 മുതല്‍ 28 വരെയുള്ള ആര്‍ട്ടിക്കിളുകളിലാണ് മതസ്വാതന്ത്ര്യത്തെ കുറിച്ച് പ്രതിപാദിച്ചിട്ടുള്ളത്. അവ താഴെ പറയുന്നവയാണ്:

25.ആശയ സ്വാതന്ത്ര്യം, മതം പ്രചരിപ്പിക്കുന്നതിനും, പഠിപ്പിക്കുന്നതിനും, പ്രാബല്യത്തില്‍ കൊണ്ടുവരുന്നതിനുമുള്ള സ്വാതന്ത്ര്യം.

26. മതപരമായ കാര്യങ്ങള്‍ കൈകാര്യം ചെയ്യുന്നതിനും, നിയന്ത്രിക്കുന്നതിനുള്ള സ്വാതന്ത്ര്യം.

27. ഏതെങ്കിലുമൊരു മതത്തെ സാമ്പത്തികമായോ മറ്റോ സഹായിക്കാന്‍ സ്റ്റേറ്റിന് അനുമതിയില്ല. 

28. ചില പ്രത്യേക വിദ്യാഭ്യാസസ്ഥാപനങ്ങളില്‍ മതപരമായ നിര്‍ദേശങ്ങളും, മതപരമായ ആരാധനകളും നടപ്പിലാക്കുന്നതിനുള്ള സ്വാതന്ത്ര്യം. 

ഇതില്‍ നിന്ന് ഒരു കാര്യം നമുക്ക് വ്യക്തമാണ്. തനിക്ക് ശരിയെന്ന് തോന്നുന്ന മതത്തില്‍ വിശ്വസിക്കാന്‍ മാത്രമല്ല അത് പ്രചരിപ്പിക്കാന്‍ കൂടി ഇന്ത്യന്‍ നിയമം നമുക്ക് അനുമതി നല്‍കുന്നുണ്ട്. ഇനി ഒന്നുകൂടി നോക്കുക. ആര്‍ട്ടിക്കിള്‍ 25ന്റെ വിശദീകരണത്തില്‍ സിഖ് മത വിശ്വാസികള്‍ 'കൃപാണ്‍' ധരിക്കുന്നത് സിഖ് മതവിശ്വാസത്തിന്റെ ഏറ്റുപറച്ചില്‍ ആയി കരുതപ്പെടുന്നു എന്നു പറയുന്നുണ്ട്. 1699ല്‍ സിഖ് ഗുരുവായ ഗുരു ഗോബിന്ദ് സിംഗാണ് സിഖുകാര്‍ ഏതു സമയവും ധരിക്കേണ്ട അഞ്ചു 'ക'കള്‍ കൊണ്ട് വന്നത്. കേശ്, കംഗ, കരാ, കചെറ, കൃപാണ്‍ എന്നിവയാണവ. ഇതില്‍ 'കേശ്' എന്നാല്‍ ഒരിക്കലും മുറിക്കാത്ത മുടിയും 'കംഗ' എന്നാല്‍ ആ മുടി ചീകി ഒതുക്കാനുള്ള ബ്രഷും 'കരാ' എന്നാല്‍ ലോഹം കൊണ്ടുള്ള വളയും 'കചെറ' എന്നാല്‍ പരുത്തി കൊണ്ടുള്ള അടിവസ്ത്രവും 'കൃപാണ്‍' എന്നാല്‍ ചെറിയ, അറ്റം വളഞ്ഞു കൂര്‍ത്ത ഒരുതരം വാളും ആണ്. ഇന്ത്യയിലെവിടെയും കൃപാണ്‍ ധരിച്ചു സഞ്ചരിക്കാനുള്ള സ്വാതന്ത്ര്യം മൗലികവകാശമായി തന്നെ സിഖുകാര്‍ക്ക് ഉണ്ട് എന്നര്‍ഥം. കൃപാണിനെ കുറിച്ച് ഇന്റര്‍നെറ്റിലും യൂട്യൂബിലും പരതിയാല്‍ കൂടുതലും ലഭിക്കുക കൃപാണ്‍ ധരിച്ചത് കൊണ്ട് ഇന്ത്യക്കു പുറത്തു സിഖുകാര്‍ നേരിടുന്ന വിഷമതകളാണ്. പക്ഷേ, ഇന്ത്യാരാജ്യത്ത് എയര്‍പോര്‍ട്ടില്‍ വരെ കൃപാണ്‍ ധരിച്ചു പോകാനും വിമാനത്തില്‍ സഞ്ചരിക്കാനും അവര്‍ക്ക് അവകാശമുണ്ട്. ഇന്ത്യയിലെ ചില ബാങ്കുകള്‍ക്ക് പുറത്തു പോലും 'ചീ ംലമുീി െമഹഹീംലറ ലഃരലു േസൃശുമി ളീൃ ശെസവ'െ എന്നെഴുതി വെച്ചത് കാണാന്‍ കഴിയുന്നതും അതുകൊണ്ടാണ്.

ഇന്ത്യന്‍ ഭരണഘടന അനുവദിച്ചു തരുന്ന മതസ്വാതന്ത്ര്യത്തില്‍ നിന്നു തന്നെ ഇന്ത്യന്‍ സെക്യുലറിസം പാശ്ചാത്യന്‍ സെക്യുലറിസവുമായി എങ്ങനെ വ്യത്യാസപ്പെട്ടു കിടക്കുന്നു എന്നു വ്യക്തമാകും. പാശ്ചാത്യന്‍ സെക്യുലര്‍ സങ്കല്‍പങ്ങള്‍ മതത്തില്‍ കൈകടത്തുകയും 'മാനുഷിക മൂല്യമില്ല' എന്ന് അവര്‍ക്ക് തോന്നുന്ന ആചാരങ്ങളെയും നിയമങ്ങളെയും എതിര്‍ക്കുകയും മതവിശ്വാസത്തെ നേര്‍പ്പിച്ചു കൊണ്ട് എല്ലാം ഒന്നാണ് എന്നു പറയാന്‍ ശ്രമിക്കുകയും ചെയ്യുന്നു. ഹിജാബ് സ്ത്രീവിരുദ്ധവും വിവേചനപരവുമാണെന്ന് പറഞ്ഞുകൊണ്ടാണ് ഫ്രാന്‍സിലും നെതര്‍ലാന്റിലും ജര്‍മനിയിലുമെല്ലാം ഹിജാബ് നിരോധന ബില്ലുകള്‍ കൊണ്ടുവന്നത്. മറ്റു മതങ്ങളെ ആക്ഷേപിക്കുന്നു എന്നു പറഞ്ഞു കൊണ്ടാണ് വിശുദ്ധ ക്വുര്‍ആനെ നിരോധിക്കാന്‍ അവര്‍ ശബ്ദമുയര്‍ത്തിയത്. ഇതില്‍ നിന്ന് ഇന്ത്യന്‍ മതേതരത്വം വേറിട്ടു നില്‍ക്കുന്നത് എല്ലാ മതവിശ്വാസങ്ങള്‍ക്കും തുല്യ പ്രാധാന്യവും ബഹുമാനവും നല്‍കുന്നു എന്നതുകൊണ്ടാണ്. പക്ഷേ, ഇന്ത്യന്‍ മതേതരത്വത്തെ പാശ്ചാത്യ സെക്യുലര്‍ ബോധവുമായി കൂട്ടിക്കെട്ടാനുള്ള ശ്രമങ്ങള്‍ ചിലര്‍ നടത്താറുണ്ട്. 

കമ്യൂണിസ്റ്റ് കോണുകളില്‍ നിന്നാണ് അത്തരം പരിശ്രമങ്ങള്‍ കൂടുതലായും കടന്നു വരാറുള്ളത്. മതങ്ങളെക്കാള്‍ ഉപരി 'മനുഷ്യത്വത്തെ' ഉയര്‍ത്തിക്കൊണ്ട് വരണം, മതം പുറത്തേക്ക് പറയാന്‍ കൊള്ളാത്ത സംഗതിയാണ്, വിശ്വാസം ഉള്ളിലൊതുക്കേണ്ടതാണ് എന്നുമൊക്കെയുള്ള പൊതുബോധം സൃഷ്ടിക്കാന്‍ അവര്‍ മെനക്കെടാറുമുണ്ട്. മതത്തില്‍ നിന്ന് മനുഷ്യത്വത്തെ അടര്‍ത്തി മാറ്റാനുള്ള ചില ശ്രമങ്ങള്‍! ഇന്ത്യയെപ്പോലെ മതം സ്വീകരിക്കാനും പ്രചരിപ്പിക്കാനും അനുമതിയുള്ള നാട്ടില്‍ മതപ്രബോധനത്തിലും പ്രചാരണത്തിലും ഇടപെടുന്നവരെ മോശക്കാരയും വര്‍ഗീയവാദികളുമായി ചിത്രീകരിക്കാനും ഇത്തരം ശ്രമങ്ങള്‍ കാരണമാകാറുമുണ്ട്. അതിന്റെ ഒരു പ്രതിഫലനമാകും സുഹൃത്തിലും കണ്ടത്. യഥാര്‍ഥത്തില്‍ കമ്യൂണിസ്റ്റുകാര്‍ അവരുടെ ആശയം തന്നെ മറന്നുകൊണ്ടാണ് ഇത്തരം പ്രവര്‍ത്തനങ്ങളില്‍ ഏര്‍പ്പെടുന്നത് എന്നതാണ് സത്യം. ഇത് ചെറുതായി വിശദീകരിക്കേണ്ടതുണ്ട്. 

തൊഴിലാളി വര്‍ഗത്തിന്റെ വിമോചനത്തിനുള്ള ഉപാധികളുടെ സിദ്ധാന്തമാണല്ലോ കമ്യൂണിസം. അതായത് കമ്യൂണിസവും കമ്യൂണിസ്റ്റ് പ്രസ്ഥാനങ്ങളും തൊഴിലാളി വര്‍ഗത്തെ പ്രതിനിധീകരിക്കുകയും അവരുടെ മോചനത്തിന് വേണ്ടി പരിശ്രമിക്കുകയും ചെയ്യുന്നു എന്നര്‍ഥം. തൊഴിലാളി വര്‍ഗം എന്നാല്‍ സ്വന്തം അധ്വാനം വില്‍ക്കുന്നതിലൂടെ മാത്രം സമ്പാദിക്കുന്ന, ഉപജീവനം നടത്തുന്ന സമൂഹത്തിലെ വര്‍ഗമാണ്. അവര്‍ക്ക് ഏതെങ്കിലും മൂലധനത്തിലൂടെയുള്ള ലാഭമോ സമ്പാദ്യമോ ഉണ്ടാകാവുന്നതല്ല. 

അതേ സമൂഹത്തിലെ തന്നെ, പ്രത്യേക ആചാരങ്ങളോ അനുഷ്ഠാനങ്ങളോ കൊണ്ടുനടക്കുന്ന  ഒരു വിഭാഗമാണ് മതവിശ്വാസികള്‍. മതവിശ്വാസികള്‍ ഒരു ദൈവത്തിലോ ദൈവങ്ങളിലോ വിശ്വാസമുള്ളവരാണ്. കമ്യൂണിസ്റ്റുകാര്‍ തൊഴിലാളി വര്‍ഗത്തിനു വേണ്ടി നിലകൊള്ളുകയും ശബ്ദമുയര്‍ത്തുകയും ചെയ്യുന്നുവെങ്കില്‍ മതവിശ്വാസികള്‍ അവരുടെ വിശ്വാസ സംരക്ഷണത്തിന് വേണ്ടിയും ആദര്‍ശ പ്രബോധനത്തിനു വേണ്ടിയും പണിയെടുക്കുന്നു. ഈ രണ്ടു കൂട്ടരും സമൂഹത്തിലെ ഒരു പ്രത്യേക വിഭാഗത്തിന് വേണ്ടി നില കൊള്ളുമ്പോള്‍ കമ്യൂണിസ്റ്റുകാരന്റെ പ്രവര്‍ത്തനങ്ങള്‍ മാത്രം മാനവികവും മതവിശ്വാസികളുടെത് വര്‍ഗീയതയും ആകുന്നത് എങ്ങനെയാണ്? കമ്യൂണിസ്റ്റുകാരന് തൊഴിലാളികളുടെ ഉന്നമനത്തിന് വേണ്ടി പ്രവര്‍ത്തിക്കാമെങ്കില്‍ വിശ്വാസികള്‍ക്ക് അവരുടെ ആദര്‍ശ സംരക്ഷണത്തിന് വേണ്ടി പ്രവര്‍ത്തിക്കുകയും അവര്‍ക്ക് നേരിടേണ്ടി വരുന്ന അന്യായങ്ങള്‍ക്ക് എതിരില്‍ സമാധാനപരമായി ശബ്ദമുയര്‍ത്തുകയും ചെയ്തു കൂടേ?

തൊഴിലാളി വര്‍ഗത്തിനിടയില്‍ പല മതത്തിലും വിശ്വസിക്കുന്നവര്‍ ഉണ്ട്. പക്ഷേ, മതവിശ്വാസികള്‍ ഒരു പ്രത്യേക മതത്തില്‍ വിശ്വസിക്കുന്നവരെ മാത്രം ഉള്‍ക്കൊള്ളുന്നു എന്നതാണ് പ്രശ്‌നമെങ്കില്‍ മതങ്ങള്‍ തൊഴിലാളികളെയും മുതലാളിമാരെയും ഉള്‍ക്കൊള്ളുന്നു എന്ന് തിരിച്ചു പറയാനാകും. യഥാര്‍ഥത്തില്‍ കമ്യൂണിസം മതങ്ങളെ ഉള്‍ക്കൊള്ളുന്നത് തന്നെ അത് മനുഷ്യരെ ബാധിച്ച ഒരു ലഹരിയായിട്ടാണ്. അത് കൊണ്ട് തന്നെ മതവിശ്വാസികളെ പൂര്‍ണമായും ഉള്‍ക്കൊള്ളുന്നു എന്ന് പറയാനാവില്ല. കമ്യൂണിസ്റ്റുകാര്‍ തങ്ങള്‍ക്കു നേരെ വരുന്ന അതിക്രമങ്ങള്‍ക്കെതിരില്‍ ശബ്ദമുയര്‍ത്താനും അത് സമൂഹത്തില്‍ സജീവമായി ചര്‍ച്ച ചെയ്യാനുമുള്ള അവകാശമുണ്ട് എന്ന് വിശ്വസിക്കുന്നുവെങ്കില്‍ അതേ അവകാശം മതവിശ്വാസികള്‍ക്കും വകവെച്ച് കൊടുക്കുന്നതില്‍ എന്താണ് തെറ്റ്?  

വര്‍ഗീയതക്ക് സ്പഷ്ടമായ ഒരു നിര്‍വചനം കാണാന്‍ നമുക്ക് സാധിക്കുകയില്ല. അത് മതത്തിനോട് മാത്രം ചേര്‍ത്തു പറയുന്നതും ശരിയല്ല. 'ആളുകളെ അന്യായത്തില്‍ പിന്തുണക്കലാണ് വര്‍ഗീയത' എന്ന് പ്രവാചകന്‍ﷺ പറഞ്ഞിട്ടുണ്ട്. അതില്‍ വിശ്വസിക്കുന്ന ഒരാള്‍ അല്ലാത്തവരെക്കാള്‍ കൂടുതല്‍ വര്‍ഗീയതയെ പേടിക്കേണ്ടതുണ്ട്. അതൊരിക്കലും തങ്ങളുടെ ജീവിതത്തിലേക്ക് കടന്നു വരാതിരിക്കാന്‍ വിശ്വാസികള്‍ ശ്രദ്ധിക്കേണ്ടതുമുണ്ട്.

സുഹൃത്തിന്റെ വിമര്‍ശനത്തില്‍ ഇനിയുള്ളത് ഹിന്ദുത്വവുമായി ബന്ധപ്പെട്ട പരാമര്‍ശമാണ്. ഹിന്ദുത്വവാദികളും ഞാനും ഒരേപോലെയാണ് എന്ന വിമര്‍ശനം. അതിനെക്കുറിച്ചു കൂടി ചിലത് പറയട്ടെ. ഇന്ത്യാ ചരിത്രത്തെ മൂന്നാക്കി വിഭജിച്ചുകൊണ്ട് സാമ്രാജ്യത്വ ചരിത്രകാരന്മാര്‍ നടത്തിയ ഇടപെടലുകളാല്‍സ്വാതന്ത്ര്യത്തിനു മുന്‍പ് തന്നെ വര്‍ഗീയപ്രസ്ഥാനങ്ങള്‍ ഇന്ത്യയില്‍ കടന്നുവന്നിട്ടുണ്ട് എന്ന് വിമേര്‍ശകന് അറിയാതിരിക്കാന്‍ വഴിയില്ല. അതില്‍ ഏറ്റവും പ്രധാനം രാഷ്ട്രീയ സ്വയം സേവക് സംഘ് എന്ന ആര്‍.എസ്.എസാണ്. പ്രാചീന ഇന്ത്യയെ വിഗ്രഹവല്‍ക്കരിക്കുകയും അത് പ്രോജ്വലമായിരുന്നു എന്നു പറയുകയും മധ്യകാല ഇന്ത്യാ ചരിത്രത്തെ വളച്ചൊടിച്ചു കൊണ്ട് ഇന്ത്യയെ തകര്‍ത്തത് മുസ്‌ലിം അധിനിവേശം ആണെന്ന് പറയുകയും അതിന്റെ പുരോഗതിയിലേക്കുള്ള തിരിച്ചു നടക്കലാണ് സാമ്രാജ്യത്വ അധിനിവേശത്തിലൂടെ നടത്തിയത് എന്നുമുള്ള സാമ്രാജ്യത്വ ചരിത്രകാരന്മാരുടെ അപനിര്‍മിതികള്‍ക്ക് ചുവടു പിടിച്ചുകൊണ്ട് ആ പൗരാണികമായ സുന്ദരമായ ഭാരത സംസ്‌കാരത്തിലേക്ക് തിരിച്ചു പോകണം എന്നും അത് സ്വീകരിക്കാത്തവര്‍ക്ക് ഈ നാട്ടില്‍ സ്ഥാനമില്ല എന്നും പറയുന്ന ഫാഷിസാദര്‍ശം നടപ്പിലാക്കാനാണ് സംഘ്പരിവാര്‍ ശ്രമിച്ചുകൊണ്ടിരിക്കുന്നത്. അവര്‍ പരസ്യമായി മുസ്‌ലിംകളെയും ക്രിസ്ത്യാനികളെയും കമ്യൂണിസ്റ്റുകാരെയും ശത്രുവായി പ്രഖ്യാപിച്ചവരാണ്. അവരുടെ തത്ത്വശാസ്ത്രമാണ് ഇന്ന് ഇന്ത്യയില്‍ അസഹിഷ്ണുത വളര്‍ത്തുന്നത്. അതിന്റെ വക്താക്കളെയും ഞാനടക്കമുള്ളവരെയും വേറിട്ടു തന്നെ കാണാന്‍ സുഹൃത്തിന് കഴിയും എന്നുതന്നെ കരുതുന്നു.