എഞ്ചിനിയറിങ് പഠനം; പാഴാക്കുന്ന ഭാവിയും പണവും

നബീല്‍ പയ്യോളി

2019 നവംബര്‍ 02 1441 റബിഉല്‍ അവ്വല്‍ 03
ഉന്നത വിദ്യാഭ്യാസരംഗത്തെ മാര്‍ക്ക്ദാനവുമായി ബന്ധപ്പെട്ട വിവാദങ്ങള്‍ കെട്ടടങ്ങിയിട്ടില്ല. വിദ്യാര്‍ഥി ജീവിതത്തിലെ ഏറ്റവും നിര്‍ണായകഘട്ടമാണ് ഉന്നത വിദ്യാഭ്യാസം. അത് വിജയകരമായി പൂര്‍ത്തിയാക്കാന്‍ സാധിച്ചില്ലെങ്കില്‍ വര്‍ഷങ്ങളുടെ അധ്വാനവും സമ്പത്തും നിഷ്ഫലമാകും. ഉന്നത വിദ്യാഭ്യാസരംഗത്ത് വിദ്യാര്‍ഥികള്‍, അധ്യാപകര്‍, രക്ഷിതാക്കള്‍, ഭരണാധികാരികള്‍... തുടങ്ങി മുഴുവന്‍ പേരും ശ്രദ്ധിക്കേണ്ട കാര്യങ്ങള്‍ വിശകലനം ചെയ്യുന്നു.

വിദ്യാഭ്യാസ രംഗത്ത് വലിയ കുതിച്ചുചാട്ടമാണ് കഴിഞ്ഞ പതിറ്റാണ്ടുകളില്‍ ലോകത്തിന്റെ വിവിധ ഭാഗങ്ങളില്‍ ഉണ്ടായിട്ടുള്ളത്. വിവര സാങ്കേതിക വിദ്യയുടെ സ്വാധീനം ലോകത്തിന്റെ അകലം കുറക്കുകയും വിജ്ഞാന വിപ്ലവത്തിന് വേഗം കൂട്ടുകയും ചെയ്തു. ഇന്ത്യയിലും വിദ്യാഭ്യാസ രംഗത്ത് വലിയ പുരോഗതിയാണ് ഇക്കാലയളവില്‍ ഉണ്ടായത്. കേരളം സമ്പൂര്‍ണ സാക്ഷരതയുള്ള സംസ്ഥാനമാണെങ്കിലും വികസന രംഗത്തും ലോകത്തിന്റെ മാറ്റങ്ങള്‍ ഉള്‍കൊള്ളുന്നതിലും പലപ്പോഴും അല്‍പം പിന്നിലായിരുന്നു എന്നതാണ് ചരിത്രം. അതിന് സാമൂഹ്യവും രാഷ്ട്രീയവുമായ നിരവധി കാരണങ്ങള്‍ ഉണ്ട്. വിവര സാങ്കേതിക വിദ്യയെ ഫലപ്രദമായി ഉപയോഗപ്പെടുത്താന്‍ വിസമ്മതം പ്രകടിപ്പിച്ചതിന്റെ ഫലമാണ് കേരളത്തിന്റെ വിഭവശേഷിക്കനുസരിച്ച് അത്തരം മേഖലകളില്‍ നേട്ടങ്ങള്‍ ഉണ്ടാക്കാന്‍ സാധിക്കാതെ പോയത്. മലയാളികള്‍ ഉയര്‍ന്ന ബൗദ്ധിക നിലവാരം പുലര്‍ത്തുന്നവരാണ്. അത് മനസ്സിലാക്കിയവര്‍ ലോകത്തിന്റെ വിവിധ ഭാഗങ്ങളില്‍ മലയാളിയുടെ സേവനം ഫലപ്രദമായി ഉപയോഗപ്പെടുത്തുന്നുണ്ട്.

കഴിഞ്ഞ രണ്ട് പതിറ്റാണ്ടു കാലത്ത് വിദ്യാഭ്യാസ രംഗത്ത് വലിയ മാറ്റങ്ങള്‍ക്കാണ് കേരളം സാക്ഷിയായത്. പ്രത്യേകിച്ചും ഉന്നത വിദ്യാഭ്യാസ രംഗത്ത്. കേരളത്തിലെ വിദ്യാര്‍ഥികള്‍ പ്രൊഫഷണല്‍ വിദ്യാഭ്യാസത്തിന് അന്യസംസ്ഥാനങ്ങളെ ആശ്രയിക്കേണ്ട അവസ്ഥയായിരുന്നു ഉണ്ടായിരുന്നത്. പ്രൈമറി തലം മുതലുള്ള വിദ്യാഭ്യാസ മേഖലകളില്‍ ഉണ്ടായ ക്രിയാത്മകമായ മാറ്റങ്ങള്‍ മിടുക്കരായ ധാരാളം വിദ്യാര്‍ഥികളെ വാര്‍ത്തെടുക്കാന്‍ സാഹചര്യം ഒരുക്കി. പക്ഷേ, അവര്‍ക്ക് ഉന്നത വിദ്യാഭ്യാസത്തിന് ആവശ്യമായ സ്ഥാപനങ്ങള്‍ കേരളത്തില്‍ ഇല്ലാത്ത സാഹചര്യത്തെ അന്യസംസ്ഥാന വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ പരമാവധി ഉപയോഗപ്പെടുത്തി. കേരളത്തിന് പുറത്തുള്ള പ്രൊഫഷണല്‍ വിദ്യാഭ്യാസ സ്ഥാപനങ്ങളില്‍ അഡ്മിഷന്‍ ലഭിക്കുന്നത് പലപ്പോഴും ഭാഷ കൈകാര്യം ചെയ്യുന്നതിലെ പരിചയക്കുറവും സ്ഥാപനങ്ങളിലെ നടപടിക്രമങ്ങളെ കുറിച്ചുള്ള ധാരണക്കുറവും ചൂഷണം ചെയ്യാന്‍ ഇടനിലക്കാര്‍ തക്കംപാര്‍ത്ത് നില്‍ക്കുന്ന സാഹചര്യം. അത് ലോബികളായി മാറുകയും അവര്‍ മുഖേന കാര്യങ്ങള്‍ ചെയ്തില്ലെങ്കില്‍ അഡ്മിഷന്‍ ലഭിക്കുകയില്ല എന്ന രീതിയില്‍ വരെ എത്തുകയും ചെയ്തു. ഇടനിലക്കാരന് വന്‍തുകയും സ്ഥാപനങ്ങളില്‍ തലവരി പണവും കൊടുത്ത് അഡ്മിഷന്‍ തരപ്പെടുത്തേണ്ട അവസ്ഥ രക്ഷിതാക്കളെ തെല്ലൊന്നുമല്ല കണ്ണീര്‍ കുടിപ്പിച്ചത്.

ഇതിന് പരിഹാരം എന്ന നിലക്കാണ് കേരളത്തില്‍ കൂടുതല്‍ പ്രൊഫഷണല്‍ വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ ആരംഭിക്കാന്‍ കേരള സര്‍ക്കാര്‍ തീരുമാനിക്കുന്നത്. 2001ല്‍ 5 മെഡിക്കല്‍ കോളേജുകളും 12 എഞ്ചിനീയറിംഗ് കോളേജുകളും മാത്രമായിരുന്നു കേരളത്തില്‍ ഉണ്ടായിരുന്നത്. സംസ്ഥാന സര്‍ക്കാരിന്റെ സാമ്പത്തിക പ്രതിസന്ധി ഗവണ്‍മെന്റ്, എയ്ഡഡ് തലങ്ങളില്‍ സ്ഥാപനങ്ങള്‍ തുടങ്ങുന്നതിന് വിലങ്ങുതടിയായ സാഹചര്യത്തിലാണ് സ്വാശ്രയ കോളേജുകള്‍ തുടങ്ങാന്‍ ആന്റണി സര്‍ക്കാര്‍ ആലോചിക്കുന്നത്; പ്രസ്തുത കോളേജുകളില്‍ 50 ശതമാനം സീറ്റുകള്‍ മെറിറ്റ് അടിസ്ഥാനത്തില്‍ പ്രവേശനം നടത്താമെന്ന ധാരണയില്‍. രണ്ട് സ്വാശ്രയ കോളേജുകള്‍ ഒരു സര്‍ക്കാര്‍ കോളേജിന് തുല്യമാണ് എന്നതായിരുന്നു അന്ന് ധാരണ. സര്‍ക്കാരിന് സാമ്പത്തിക ബാധ്യതയില്ലാതെ അര്‍ഹരായവര്‍ക്ക് സര്‍ക്കാര്‍ ഫീസ് നല്‍കി പ്രൊഫഷണല്‍ കോഴ്സുകള്‍ പൂര്‍ത്തിയാക്കാം എന്ന സാഹചര്യം വലിയ പ്രതീക്ഷ നല്‍കി. പിന്നീട് വിവാദങ്ങളിലൂടെയാണ് സ്വാശ്രയ വിദ്യാഭ്യാസ മേഖല കടന്നുപോയത്. വാഗ്ദാനങ്ങള്‍ പലതും വിസ്മരിക്കപ്പെട്ടു. കേരളത്തില്‍ 2016 ആയപ്പോള്‍ പുറമെ 24 മെഡിക്കല്‍ കോളേജുകളും 119 എഞ്ചിനീയറിംഗ് കോളേജുകളും 19 ഡെന്റല്‍ കോളേജുകളും 14 ആയുര്‍വേദ കോളേജുകളും ഒട്ടനവധി മാനേജ്‌മെന്റ് പഠന സ്ഥാപനങ്ങളും ആരംഭിച്ചു. ഇന്ന് സംസ്ഥാനത്ത് 144 എഞ്ചിനിയറിയിങ് കോളേജുകള്‍ ഉണ്ട്.

സാങ്കേതിക വിദ്യാഭ്യാസ മേഖലയെ കൂടുതല്‍ ശക്തിപ്പെടുത്താനും അക്കാദമിക നിലവാരം ഉയര്‍ത്താനും സാങ്കേതിക സര്‍വകലാശാല എന്ന ആശയം സര്‍ക്കാര്‍ മുന്നോട്ട് വെക്കുകയും 2014 മെയ് 21 ന് മുന്‍ രാഷ്ടപതി ഡോ. എ.പി. ജെ അബ്ദുല്‍കലാമിന്റെ നാമധേയത്തില്‍ കേരള സാങ്കേതിക സര്‍വകലാശാല നിലവില്‍ വരികയും ചെയ്തു. വിവിധ സര്‍വകലാശാലകളുടെ കീഴിലായിരുന്ന കോളേജുകള്‍ ഒരു സര്‍വകലാശാലയുടെ കീഴിലായി. എഞ്ചിനിയറിങ് വിദ്യാഭ്യാസ രംഗത്തെ ഗുണനിലവാരം ഉയര്‍ത്താന്‍ ആരംഭിച്ച സര്‍വകലാശാലയുടെ മേല്‍നോട്ടത്തില്‍ നടന്ന ആദ്യ ബി.ടെക് പരീക്ഷാഫലം നിരാശാജനകമായിരുന്നു. 36.47 ആയിരുന്നു വിജയ ശതമാനം എന്നത് ഏറെ ആശങ്കയോടെയാണ് രക്ഷിതാക്കളും വിദ്യാര്‍ഥി സമൂഹവും നോക്കിക്കാണുന്നത്. 35,104 വിദ്യാര്‍ഥികള്‍ രജിസ്റ്റര്‍ ചെയ്ത പരീക്ഷയില്‍ 12,803 പേര്‍ മാത്രമാണ് വിജയിച്ചത്. 60 ശതമാനത്തില്‍ കൂടുതല്‍ വിജയം നേടാന്‍ ഏഴ് സ്ഥാപനങ്ങള്‍ക്ക് മാത്രമേ സാധിച്ചിട്ടുള്ളൂ. ഒരു വിദ്യാര്‍ഥി പോലും വിജയിക്കാത്ത രണ്ട് കോളേജുകളും 20 മുതല്‍ 40 ശതമാനം വിജയമുള്ള 68 കോളേജുകളുണ്ട്. 25 കോളേജുകളാണ് 40 നും 60 നും ഇടയില്‍ വിജയശതമാനം നേടിയത്. 43 കോളേജുകളുടെ വിജയ ശതമാനം 20ല്‍ താഴെയാണ്.

സിവില്‍ എഞ്ചിനിയറിങിലാണ് ഏറ്റവും കൂടുതല്‍ വിദ്യാര്‍ഥികള്‍ വിജയിച്ചത്; 2983 പേര്‍. കംപ്യുട്ടര്‍ സയന്‍സില്‍ 2526 പേരും മെക്കാനിക്കലില്‍ 2233 പേരും വിജയം നേടി. എയ്ഡഡ് കോളേജുകളുടെ വിജയ ശതമാനം 56.58 ആണ്. സര്‍ക്കാര്‍ കോളേജുകളില്‍ 50.95 ഉം സര്‍ക്കാര്‍ സ്വാശ്രയ കോളേജുകളില്‍ 41 ഉം സ്വകാര്യ കോളേജുകളില്‍ 32.07ഉം ആണ് വിജയ ശതമാനം.

ദീര്‍ഘനാളത്തെ പരിശ്രമങ്ങളുടെ ഫലമായി തന്റെ ഭാവി നിര്‍ണയിക്കുന്ന ഘട്ടമാണ് വിദ്യാര്‍ഥിക്ക്  ഉന്നത വിദ്യാഭ്യാസ കാലം. ജീവിതത്തിലെ സ്വപനങ്ങള്‍ പൂവണിയേണ്ട കാലം നിരാശാജനകമായ ഫലം സമ്മാനിക്കുന്നത് ശൂന്യതയാണ്. താന്‍ നേടിയ വിദ്യാഭ്യാസത്തിന് ജീവിതത്തെ കരുപ്പിടിപ്പിക്കാന്‍ സാധിക്കുന്നില്ല എന്നത് ഏതൊരു വിദ്യാര്‍ഥിയെ സംബന്ധിച്ചേടത്തോളവും വലിയ പ്രതിസന്ധികള്‍ക്ക് കാരണമാകും. രക്ഷിതാക്കളാണ് ഈ പ്രശ്‌നത്തിന്റെ മറ്റൊരു ഇര. ജീവിതകാലം ചോരനീരാക്കി അധ്വാനിച്ചതിന്റെ ഫലമായും പലരുടെയും പക്കല്‍നിന്ന് വായ്പ എടുത്തുമാണ് അവര്‍ ഉന്നത വിദ്യാഭ്യാസത്തിന് മക്കള്‍ക്ക് സൗകര്യമൊരുക്കിയത്. അവര്‍ക്ക് പ്രതീക്ഷ നഷ്ടപ്പെടുമ്പോള്‍ പിടിച്ചനില്‍ക്കാന്‍ സാധിക്കാതെ വന്നേക്കാം.

വിജയ ശതമാനം പരിശോധിക്കുമ്പോള്‍ സ്വകാര്യ സ്ഥാപനങ്ങളിലും സര്‍ക്കാര്‍ എയ്ഡഡ് സ്ഥാപനങ്ങളിലും പഠിക്കുന്ന വലിയൊരു വിഭാഗം വിദ്യാര്‍ഥികള്‍ പരാജയപ്പെടുന്നു എന്നത് അത്ഭുതാവഹമാണ്. വിദ്യാര്‍ഥികളെ പരാജയപ്പെടുത്താന്‍ വേണ്ടിയാണോ പരീക്ഷ എന്ന് തോന്നിപ്പോകുമാറ് ഗുരുതരമായ പാകപ്പിഴകള്‍ പരീക്ഷ നടത്തിപ്പിലോ വിദ്യാഭ്യാസ രംഗത്തോ ഉണ്ടെന്ന് വേണം കരുതാന്‍. ഏകദേശം മൂന്നില്‍ ഒന്ന് വിദ്യാര്‍ഥികള്‍ പരാജയപ്പെടുന്നു എന്നത് നമ്മെ ആഴത്തില്‍ ചിന്തിപ്പിക്കേണ്ട കാര്യമാണ്.

പ്രൊഫഷണല്‍ വിദ്യാഭ്യാസ രംഗത്തെ സിലബസ്, സ്ഥാപനങ്ങളിലെ അടിസ്ഥാന സൗകര്യങ്ങള്‍, വിദ്യാര്‍ഥികള്‍ക്ക് ആവശ്യമായ പഠന സാഹചര്യങ്ങള്‍, പരീക്ഷ നടത്തിപ്പ് തുടങ്ങിയവയില്‍ കാണുന്ന അപാകതകള്‍ പരിഹരിക്കണം. വിദ്യാഭ്യാസം എന്നത് ഒരു ക്രിയാത്മക സമൂഹ സൃഷ്ടിയുടെ അനിവാര്യ ഘടകമാണ് അത് ഫലപ്രദമായി നടപ്പിലാക്കാന്‍ ആവശ്യമായ ജാഗ്രത സമൂഹത്തിന് ഉണ്ടാവണം. സ്വന്തം മക്കള്‍ക്ക് ഏറ്റവും നല്ല വിദ്യാഭ്യാസം ലഭിക്കാന്‍ ലക്ഷങ്ങളാണ് ഓരോ രക്ഷിതാവും മുടക്കുന്നത്. ഒരു വിദ്യാര്‍ഥിയെ സംബന്ധിച്ചേടത്തോളം അവന്റെ ഭാവിനിര്‍ണയിക്കുന്ന ഘട്ടമാണിത്. ഈ രണ്ട് വശങ്ങളും പരിഗണിച്ചു കൊണ്ടാവണം സര്‍ക്കാരും സ്ഥാപന മേധാവികളും ഉദ്യോഗസ്ഥരും വിദ്യാര്‍ഥി സംഘടനകളും രാഷ്ട്രീയ പ്രവര്‍ത്തകരും വിദ്യാഭ്യാസ മേഖലകളില്‍ ഇടപെടേണ്ടതും പരിപാടികള്‍ തീരുമാനിക്കേണ്ടതും. ലക്ഷ്യം സംഘടനാ താല്‍പര്യങ്ങള്‍ സംരക്ഷിക്കലാകരുത്.

വിദ്യാഭ്യാസ മേഖല പലപ്പോഴും വിവാദങ്ങള്‍ക്കും പ്രക്ഷോഭങ്ങള്‍ക്കും വേദിയായിട്ടുള്ളതാണ്. സര്‍ക്കാരും മാനേജ്മെന്റുകളും തമ്മിലുള്ള നിരന്തരയുദ്ധം പ്രൊഫഷണല്‍ വിദ്യാഭ്യാസ രംഗത്തെ കാര്യമായി ബാധിച്ചിട്ടുണ്ടെന്ന് പറയാതെ വയ്യ. തങ്ങളുടെ രാഷ്ട്രീയ ലക്ഷ്യങ്ങള്‍ക്ക് വേണ്ടി രാഷ്ട്രീയക്കാരും കച്ചവട താല്‍പര്യങ്ങള്‍ സംരക്ഷിക്കാന്‍ മാനേജ്മെന്റുകളും ശ്രമിക്കുമ്പോള്‍ ശാന്തമായ പഠനാന്തരീക്ഷം നഷ്ടമാവുകയും കലാപകലുഷിതമായ അന്തരീക്ഷം സൃഷ്ടിക്കപ്പെടുകയും ചെയ്യുന്നു. രാഷ്ട്രീയക്കാരും വിദ്യാര്‍ഥി സംഘടനകളും ഇതിന്റെ ഭാഗമായി മാറുന്നതോടെ പഠന പ്രവര്‍ത്തനങ്ങള്‍ തടസ്സപ്പെടുന്ന അവസ്ഥയുണ്ടാകുന്നു.

രാഷ്ട്രീയക്കാരോട്

വിദ്യാഭ്യാസം എന്നത് ഉത്തമ സമൂഹ സൃഷ്ടിക്ക് അനിവാര്യമാണ് എന്നതിനാല്‍ ആ രംഗത്ത് ക്രിയാത്മക നിലപാടെടുക്കാനുള്ള മനസ്സ് നമുക്കുണ്ടാവണം. ലോകരാജ്യങ്ങളിലേക്ക് കണ്ണോടിച്ചാല്‍ വിദ്യാഭ്യാസ രംഗത്ത് പിന്നോക്കം നില്‍ക്കുന്ന രാജ്യങ്ങളിലെ സമൂഹത്തിന്റെ ദയനീയാവസ്ഥ നമുക്ക് കാണാന്‍ സാധിക്കും. അത് നമ്മുടെ കണ്ണ് തുറപ്പിക്കേണ്ടതുണ്ട്. പ്രതിലോമകരമായ നിലപാടുകള്‍ക്കപ്പുറത്ത് ക്രിയാത്മക ചിന്തകളും നിലപാടുമാണ് നമുക്ക് ഉണ്ടാവേണ്ടത്. വിദ്യാഭ്യാസ നയരൂപീകരണനത്തിലും അത് ഫലപ്രദമായി നടപ്പിലാക്കുന്നതിലും കക്ഷി രാഷ്ട്രീയ ഭേദമന്യെ ദീര്‍ഘവീക്ഷണത്തോടെയുള്ള ഇടപെടലുകള്‍ ഉണ്ടാകണം. അപ്പോള്‍ ഈ പുതുതലമുറ നിങ്ങളെ അംഗീകരിക്കും. മറിച്ചാണെങ്കില്‍ അരാഷ്ട്രീയ വാദം അവരില്‍ നാമ്പെടുക്കും. അത് നമ്മുടെ നാടിന്റെ സംവിധാനങ്ങളെ തകിടം മറിക്കുന്ന രീതിയിലേക്ക് മാറുകയും ചെയ്യും.

വിദ്യാര്‍ഥി സംഘടനകളോട്

വിദ്യാഭ്യാസ രംഗത്ത് വിദ്യാര്‍ഥിസമൂഹത്തിന് ദിശാബോധം നല്‍കുകയും അവരെ ഉന്നതിയിലേക്ക് കൈപിടിച്ചുയത്തുകയും ചെയ്യുക എന്നതാവണം നമ്മുടെ ലക്ഷ്യം. വിദ്യാര്‍ഥിത്വം ഉയര്‍ത്തിപ്പിടിക്കാന്‍ നമുക്ക് സാധ്യമാകണം. സക്രിയമായ ഇടപെടലുകള്‍ക്ക് കളമൊരുക്കണം. പഠനകാലാം പഠിക്കാനുള്ളതാണെന്നും പഠനത്തെ പ്രതികൂലമായി ബാധിക്കുന്ന പ്രവര്‍ത്തനങ്ങള്‍ തങ്ങളുടെ അജണ്ടയില്‍ ഉണ്ടാവാന്‍ പാടില്ലെന്നും വിദ്യാര്‍ഥികളെ ബോധ്യപ്പെടുത്താന്‍ സാധിക്കണം. അക്രമവും അധാര്‍മികതകളും തങ്ങളുടെ പ്രതീക്ഷകളെ തകര്‍ത്തെറിയുമെന്നും പാഴ്ജന്മങ്ങളായി നാം മാറുമെന്നുമുള്ള തിരിച്ചറിവ് അവര്‍ക്കുണ്ടാവണം. മുഷ്ടി ചുരുട്ടി മുദ്രാവാക്യം വിളിക്കലും പൊതുമുതല്‍ തല്ലിത്തകര്‍ക്കലുമല്ല ധീരതയെന്നും ഉന്നത വിദ്യാഭ്യാസം നേടി ലോകത്തിന് മുന്നില്‍ അഭിമാനത്തോടെ തലയുയര്‍ത്തി നില്‍ക്കലാണ് ധീരതയെന്നും അവരെ പഠിപ്പിക്കണം. പഠന, ഗവേഷണ രംഗത്ത് മികവ് പുലര്‍ത്താനും സാമൂഹ്യ പ്രതിബദ്ധതയും ബോധവും ഉണ്ടാക്കിയെടുക്കാനും വിദ്യാര്‍ഥി സമൂഹത്തെ പാകപ്പെടുത്തലാവണം വിദ്യാര്‍ഥി സംഘടനകളുടെ പ്രധാന ദൗത്യം. ചോരത്തിളപ്പ് പ്രായത്തിലുള്ള തലമുറയെ റാഞ്ചാന്‍ ക്യാംപസുകളില്‍ പതിയിരിക്കുന്ന മദ്യ, മയക്കുമരുന്ന് മാഫിയകള്‍ക്കും തീവ്രവാദ സംഘങ്ങള്‍ക്കും അധാര്‍മികതയുടെ വാഹകര്‍ക്കും പുതുതലമുറയെ വിട്ടുകൊടുക്കരുത്. അവര്‍ക്ക് വളമേകുന്ന നയങ്ങളും സമീപനങ്ങളും നമ്മുടെ ഭാഗത്ത് നിന്ന് ഉണ്ടായിക്കൂടാ. രക്തസാക്ഷികളെ സൃഷ്ടിക്കലല്ല നാളെയുടെ നായകരെ വളര്‍ത്തിയെടുക്കലാണ് നമ്മുടെ ദൗത്യം എന്ന തിരിച്ചാവുണ്ടാവണം. കലാപകലുഷിതമായ ക്യാമ്പസുകളില്‍ ശാന്തിയുണ്ടാവാന്‍ ബോധപൂര്‍വമായ ഇടപെടലുണ്ടാകണം.

രക്ഷിതാക്കളോട്

പണംകൊണ്ട് എന്തും നേടാം എന്നത് മിഥ്യാധാരണയാണ്. ഓരോ വ്യക്തിയും തികച്ചും വ്യത്യസ്തരാണ്; അവരുടെ കഴിവും. കോഴ്സുകള്‍ തെരഞ്ഞെടുക്കുന്നിടത്ത് കുട്ടികളുടെ അഭിരുചി അന്വേഷിക്കാനും അതിനനുസരിച്ച് മുന്നോട്ട് പോകാനുമുള്ള സ്വാന്ത്ര്യവും അവര്‍ക്ക് നല്‍കണം. നമ്മുടെ ഇഷ്ടാനിഷ്ടങ്ങള്‍ അടിച്ചേല്‍പിക്കരുത്. മെഡിക്കലിനും എഞ്ചിനിയറിങ്ങിനും അപ്പുറം നൂറുകണക്കിന് കോഴ്സുകള്‍ ഉന്നത വിദ്യാഭ്യാസ മേഖലകളില്‍ ഉണ്ട്. ഭാഷയും മാനവിക വിഷയങ്ങളും തുടങ്ങി വിശാലമായ പഠന മേഖലകള്‍.

മാനേജ്മെന്റുകളോട്

വിദ്യാഭ്യാസം എന്നത് ഒരു വില്‍പനച്ചരക്കല്ല. മറിച്ച്, അത് സമൂഹ സൃഷ്ടിയുടെ അടിത്തറയാണ്. കച്ചവട താല്‍പര്യങ്ങളോടെ മാത്രം വിദ്യാഭ്യാസ രംഗത്തെ സമീപിക്കരുത്. സേവന മനോഭാവവും നല്ല ദീര്‍ഘവീക്ഷണവും ഉണ്ടാവണം. തങ്ങളുടെ സ്വാര്‍ഥ താല്‍പര്യങ്ങള്‍ക്കും സാമ്പത്തിക സമാഹരണത്തിനും വേണ്ടി നെട്ടോട്ടമോടുമ്പോള്‍ തകരുന്നത് വലിയ ഒരു സമൂഹത്തിന്റെ പ്രതീക്ഷകളാണ്. നാളെയുടെ നായകന്മാരെയാണ് നാം ഇല്ലാതാക്കുന്നതെന്ന തിരിച്ചറിവ് ഉണ്ടാവണം. ജിഷ്ണു പ്രാണോയ് അടക്കം മാനേജ്മെന്റുകളുടെ ദുഷ്ടലാക്കിന്റെ രക്തസാക്ഷികള്‍ ഇനി നമ്മുടെ സ്ഥാപനങ്ങളില്‍ ഉണ്ടാകാതിരിക്കാനുള്ള ജാഗ്രത പുലര്‍ത്തണം.

അധികാരിവര്‍ഗം കണ്ണുതുറക്കണം

വിദ്യാഭ്യാസ രംഗത്തെ അപക്വമായ ഇടപെടലുകള്‍ നാളെയുടെ നായകരെ ഇല്ലാതാക്കുകയേ ചെയ്യൂ. തങ്ങളുടെ സ്വാര്‍ഥ താല്‍പര്യങ്ങള്‍ക്കിടയില്‍ വിദ്യാര്‍ഥികള്‍ ചതഞ്ഞരയുവാന്‍ പാടില്ല. ദീര്‍ഘവീക്ഷണവും ജാഗ്രതയും അനിവാര്യമാണ്. കോളേജുകളിലെ പഠന നിലവാരം ഉറപ്പ് വരുത്താന്‍ സംവിധാനങ്ങള്‍ ഉണ്ടാകണം. ലോകത്ത് നടക്കുന്ന വിദ്യാഭ്യാസ മാറ്റങ്ങളോട് പുറംതിരിഞ്ഞു നില്‍ക്കാതെ അത് നമ്മുടെ സമൂഹത്തിനും ലഭ്യമാക്കാന്‍ ആവശ്യമായ കര്‍മ പദ്ധതികള്‍ ആവിഷ്‌കരിച്ച് നടപ്പിലാക്കണം. കേരളത്തില്‍ നിന്നും ആയിരക്കണക്കിന് വിദ്യാര്‍ഥികള്‍ ഇന്നും അന്യസംസ്ഥാനങ്ങളിലും വിദേശങ്ങളിലും പ്രൊഫഷണല്‍ സ്ഥാപനങ്ങളില്‍ പഠിക്കുന്നുണ്ട്. കേരളത്തിലെ പല കോളേജുകളിലും സീറ്റുകള്‍ ഒഴിഞ്ഞുകിടക്കൂമ്പോഴാണിതെന്ന് ഓര്‍ക്കണം. സിലബസ് ക്രമീകരണത്തിലും പരീക്ഷ നടത്തിപ്പിലും കുറ്റമറ്റ സംവിധാനങ്ങള്‍ ഒരുക്കണം.  

പഠിച്ചിറങ്ങുന്നവര്‍ക്ക് ജോലി നല്‍കാന്‍ സാധിക്കണം. സാമ്പത്തിക പ്രതിസന്ധിയുടെ പേരില്‍ പകച്ചുനില്‍ക്കാതെ ദീര്‍ഘവീക്ഷണത്തോടെയുള്ള തൊഴില്‍പദ്ധതികള്‍ ആവിഷ്‌കരിച്ച് നടപ്പിലാക്കണം. ഉയര്‍ന്ന ബൗദ്ധിക നിലവാരം പുലര്‍ത്തുന്ന മലയാളികളെ തേടി തൊഴില്‍ദായകര്‍ എത്തണം. അത് നാടിന്റെ സര്‍വതോന്മുഖ വികസനത്തിന് വഴിയൊരുക്കും. സര്‍ക്കാര്‍-സ്വകാര്യമേഖല പങ്കാളിത്തത്തോടെ അത്തരം പദ്ധതികള്‍ വൈകാതെ ഉണ്ടാവണം. അതിന് നമുക്ക് ഒറ്റക്കെട്ടായി മുന്നേറാം.