അധികാരികളും  അസഹിഷ്ണുതയും

പത്രാധിപർ

2019 ആഗസ്ത് 31 1440 ദുല്‍ഹിജ്ജ 29

സൈബര്‍ ലോകത്തെ അഭിപ്രായ സ്വാതന്ത്ര്യം ഹനിക്കുന്ന ഐ.ടി നിയമത്തിലെ 66 എ വകുപ്പ് സുപ്രീംകോടതി റദ്ദാക്കിയത് ഏതാനും വര്‍ഷം മുമ്പാണ്. സാമൂഹിക മാധ്യമങ്ങള്‍ അടക്കമുള്ളവയില്‍ അപകീര്‍ത്തിപരമായ അഭിപ്രായപ്രകടനം നടത്തുന്നവരെ എളുപ്പം അറസ്റ്റ് ചെയ്യാന്‍ വ്യവസ്ഥ ചെയ്യുന്ന ഈ വകുപ്പ് ഭരണഘടനാവിരുദ്ധമാണ് എന്നാണ് സുപ്രീംകോടതി വിധിച്ചിട്ടിള്ളത്. ഇതേ കാരണത്താല്‍ കേരള പൊലീസ് നിയമത്തിലെ 118 ഡി വകുപ്പും സുപ്രീം കോടതി റദ്ദാക്കി. ഈ രണ്ട് വകുപ്പുകളും അവ്യക്തമാണെന്നും കോടതി വിധിച്ചിട്ടുണ്ട്.

അറിയാനുള്ള സ്വാതന്ത്ര്യത്തെ നേരിട്ടു ബാധിക്കുന്നതാണ് 66 എ വകുപ്പ്. എന്താണ് ചെയ്ത കുറ്റമെന്ന് മനസ്സിലാക്കാന്‍ പോലും കഴിയാത്ത തരത്തില്‍ അവ്യക്തമായിരുന്നു പ്രസ്തുത വകുപ്പിലെ ഭാഷ. 'ഉപദ്രവമോ പ്രയാസമോ അപകടമോ തടസ്സമോ നിന്ദയോ പരിക്കോ ഭയമോ ശത്രുതയോ വെറുപ്പോ ഉണ്ടാക്കാനായി ഉപയോഗിക്കുന്ന തെറ്റായ ഒരു വിവരം' എന്ന വാക്യത്തെ എങ്ങനെയും വ്യാഖ്യാനിക്കാം. ഭരണഘടന അനുവദിച്ച അഭിപ്രായസ്വാതന്ത്ര്യ പ്രകാരം നടത്തിയ കുഴപ്പമില്ലാത്ത പ്രസംഗത്തെ പോലും ഈ വകുപ്പിനു കീഴില്‍ കൊണ്ടുവരാം. അഭിപ്രായ സ്വാതന്ത്ര്യത്തിനും നിയന്ത്രണങ്ങള്‍ക്കുമിടയിലെ സന്തുലനം പാലിക്കാന്‍ ഈ വകുപ്പിന് കഴിയുന്നില്ല എന്നും കോടതി വിലയിരുത്തിയിരുന്നു.  

എന്നിട്ടും വഞ്ചി തിരുനക്കര തന്നെ. സ്വതന്ത്ര ജനാധിപത്യ രാജ്യത്ത് മാന്യമായി അഭിപ്രായം പറയുവാനും ഭരണാധികാരികളുടെ തെറ്റുകള്‍ ചൂണ്ടിക്കാണിക്കുവാനും ആരോഗ്യപരമായി വിമര്‍ശിക്കുവാനും അവകാശമില്ലാതാകുന്നത് സ്വേഛാധിപത്യത്തിലേക്കുള്ള കാല്‍വയ്പാണെന്നതില്‍ സംശയമില്ല. ഈ സ്വാതന്ത്ര്യം ഇന്ന് നിലനില്‍ക്കുന്നുണ്ടോ? ഈ കോടതി വിധിക്കു ശേഷവും കേന്ദ്ര-സംസ്ഥാന സര്‍ക്കാരുകള്‍ സാമൂഹ്യ മാധ്യമങ്ങള്‍ വഴി ഭരണാധികാരികളെ വിമര്‍ശിച്ചതിന്റെ പേരില്‍ എത്രയോ ആളുകള്‍ക്കെതിരില്‍ കേസെടുത്തിട്ടില്ലേ?!  

മോശപ്പെട്ട ഭാഷയില്‍ വിമര്‍ശിക്കുന്നതും അപകീര്‍ത്തിപ്പെടുത്തുന്നതും തെറ്റു തന്നെ. എന്നാല്‍ അതിന്റെ മറവില്‍ അഭിപ്രായം പറയാനുള്ള അവകാശത്തെ തന്നെ നിഷേധിക്കുന്നത് അന്യായമാണ്. എത്ര രൂക്ഷമായി കളിയാക്കിയാലും പരിഹസിച്ചാലും കാര്‍ട്ടൂണ്‍ വരച്ചാലും അത് ആസ്വദിക്കുന്നവരായിരുന്നു മൂന്‍കാലങ്ങളിലെ പ്രഗല്‍ഭരായ ഭരണാധികാരികള്‍. ഇന്നാകട്ടെ അനീതിക്കെതിരെ ശബ്ദിക്കുന്നതിന്റെ ഭാഗമായി വിമര്‍ശിക്കുന്നവര്‍ പോലും വേട്ടയാടപ്പെടുന്നു.

എന്തിനീ അസഹിഷ്ണുത? എന്തിനാണ് ഭരണാധികാരികള്‍ വിമര്‍ശനത്തെ ഭയപ്പെടുന്നത്? വിമര്‍ശിക്കാനും അഭിപ്രായം പ്രകടിപ്പിക്കാനും സ്വാതന്ത്ര്യമില്ലെങ്കില്‍ പിന്നെ എന്ത് ജനാധിപത്യം?

ഇന്ത്യന്‍ ശിക്ഷാനിയമം 153-എ യില്‍ ''എഴുത്തിലൂടെയോ പ്രസംഗത്തിലൂടെയോ മറ്റ് സൂചനകളിലൂടെയോ വിവിധ മത,ജാതി,ദേശ, ഭാഷക്കാര്‍ക്കിടയില്‍ ശത്രുത വളര്‍ത്തുവാന്‍ ശ്രമിക്കുക, പൊതുസമൂഹത്തില്‍ ശാന്തിയും സമാധാനവും തകര്‍ക്കുന്ന രൂപത്തില്‍ വ്യത്യസ്ത ജാതി, മത,ദേശ,സമുദായങ്ങള്‍ക്കിടയില്‍ പ്രവര്‍ത്തിക്കുക...'' തുടങ്ങിയ കുറ്റങ്ങള്‍ ചെയ്യുന്നവരെ മൂന്നുവര്‍ഷംവരെ തടവിനും പിഴ അടക്കാനും വിധിക്കാവുന്നതാണ് എന്ന് പറയുന്നുണ്ട്. ഈ പറഞ്ഞ രൂപത്തില്‍ പ്രസംഗിച്ചു നടക്കുന്ന എം.എല്‍.എമാരും എം.പിമാരും നേതാക്കളും ഇന്ന് രാജ്യത്തുണ്ട്. അവര്‍ക്കെതിരില്‍ യാതൊരു കേസുമില്ല. എന്നാല്‍ ഒരു സാധാരണക്കാരന്‍ അധികാരത്തിലിരിക്കുന്നവര്‍ക്കെതിരില്‍ വല്ലതും പറഞ്ഞാല്‍ അയാള്‍ നിയമനടപടിക്ക് വിധേയമാകുന്നു.