സ്വാതന്ത്ര്യത്തില്‍ പാരതന്ത്ര്യം മണക്കുന്നുവോ?

പത്രാധിപർ

2019 ആഗസ്ത് 10 1440 ദുല്‍ഹിജ്ജ 09

രാജ്യം 73ാമത് സ്വാതന്ത്ര്യദിനം ആഘോഷിക്കുവാനുള്ള ഒരുക്കത്തിലാണ്. ലോകത്ത് ചെന്നെത്താന്‍ പറ്റുന്നിടത്തെല്ലാം ചെന്ന് രാജ്യങ്ങള്‍ പിടിച്ചടക്കി ഭരണം കയ്യാളിയിരുന്ന ബ്രിട്ടീഷുകാര്‍ വിവിധ നാട്ടുരാജ്യങ്ങളായി നിലനിന്നിരുന്ന ഇന്ത്യയെയും വെറുതെവിട്ടില്ല. ദീര്‍ഘകാലം ഇന്ത്യക്കാരെയും അവര്‍ അടക്കിഭരിച്ചു. എന്നാല്‍ ഇന്ത്യന്‍ ജനത വെറുതെയിരിക്കുകയല്ലായിരുന്നു. പിറന്ന മണ്ണിന്റെ സ്വാതന്ത്ര്യത്തിനായി അവര്‍ രംഗത്തിറങ്ങി. 1857ല്‍ ബഹദൂര്‍ ഷാ സഫര്‍ നേതൃത്വം നല്‍കിയ ഒന്നാം സ്വാതന്ത്ര്യസമരം മുതല്‍ 1947 ഓഗസ്റ്റ് 15ന് ബ്രിട്ടീഷ് സാമ്രാജ്യത്തിന്റെ റെഡ്‌ക്രോസ് യൂണിയന്‍ ജാക്ക് പതാക വലിച്ചു താഴ്ത്തി ഇന്ത്യയുടെ മൂവര്‍ണക്കൊടി വാനിലേക്കുയര്‍ത്തുന്നത് വരെ നീണ്ടുനിന്ന ഒരു നൂറ്റാണ്ട് കാലത്തെ ത്യാഗപൂര്‍ണവും ഐതിഹാസികവുമായ ചെറുത്തുനില്‍പിന്റെയും പ്രത്യാക്രമണത്തിന്റെയും ജീവത്യാഗത്തിന്റെയും മധുരോല്‍പന്നമാണ് ഇന്ന് നാം നുണയുന്ന സ്വാതന്ത്ര്യം.

അന്ന് ലഭിച്ച സ്വാതന്ത്ര്യത്തിന്റെ മാധുര്യം ഇന്ന് അനുഭവിക്കുന്ന സ്വാതന്ത്ര്യത്തിന് ഇല്ല എന്ന് മാത്രമല്ല, അല്‍പമൊക്കെ കയ്പ് പടര്‍ന്നുപിടിക്കുകയും പുതിയൊരു തരം പാരതന്ത്ര്യത്തിന്റെ പുറംതോട് പ്രത്യക്ഷപ്പെട്ടുകൊണ്ടിരിക്കുകയും ചെയ്യുന്നു എന്ന് പറഞ്ഞാല്‍ യാഥാര്‍ഥ്യബോധ്യമുള്ള ഒരാള്‍ക്കും നിഷേധിക്കാന്‍ കഴിയില്ല.

ബ്രിട്ടീഷുകാരെ സംബന്ധിച്ചിടത്തോളം അവരെ ആരും എതിര്‍ക്കാതിരുന്നാല്‍ മതിയായിരുന്നു. വ്യക്തിജീവിതത്തില്‍ അവര്‍ ഇടപെട്ടിരുന്നില്ല. എന്നാല്‍ ഇന്നോ? ഭരണകൂടത്തിന്റെ അദൃശ്യമായ കണ്ണുകള്‍ എല്ലാവരെയും ചൂഴ്ന്നു നില്‍ക്കുന്നു. വിമര്‍ശകര്‍ രാജ്യദ്രോഹികളായി മുദ്രകുത്തപ്പെടുന്നു. ഇഷ്ടഭക്ഷണം കഴിക്കാനുള്ള സ്വാതന്ത്ര്യത്തിന് വിലങ്ങുവീണുകൊണ്ടിരിക്കുന്നു. ന്യൂനപക്ഷസമുദായങ്ങള്‍ക്കും ദളിതര്‍ക്കുമെതിരില്‍ ആക്രമണങ്ങള്‍ പെരുകുന്നു. ആള്‍ക്കൂട്ട കൊലപാതകങ്ങള്‍ അരങ്ങുവാഴുന്നു. ഒടുവില്‍ നിര്‍ബന്ധിച്ച് ജയ് ശ്രീരാം എന്ന് വിളിപ്പിക്കുന്നതിലേക്കും അതിന് വിസമ്മതിക്കുന്നവരെ മര്‍ദിക്കുന്നതിലേക്കും ചുട്ടുകൊല്ലുന്നതിലേക്കുമൊക്കെ കാര്യങ്ങള്‍ എത്തിനില്‍ക്കുന്നു. ജാര്‍ഖണ്ഡില്‍ ഒരു മന്ത്രിയാണ് ഇര്‍ഫാന്‍ അന്‍സാരി എന്ന എം.എല്‍.എയെ ജയ് ശ്രീരാം എന്നു വിളിക്കാന്‍ നിര്‍ബന്ധിച്ചത് എന്നത് വിഷയത്തിന്റെ ഗൗരവം വര്‍ധിപ്പിക്കുന്നു.

സത്യം വിളിച്ചു പറയുന്നവര്‍ക്ക് മരണശിക്ഷ നല്‍കാന്‍ അജ്ഞാത കരങ്ങളുണ്ട്. പാക്കിസ്താനിലേക്കും ചന്ദ്രനിലേക്കുമൊക്കെ പോകാന്‍ പറയാന്‍ നീളമുള്ള നാവുകളുണ്ട്. തീവ്രവാദ കുറ്റം ആരോപിച്ച് അകത്താക്കാന്‍ വകുപ്പുകളുമുണ്ട്.

രാജ്യത്ത് എന്തൊക്കെ നടന്നാലും ഉത്തരവാദപ്പെട്ട സ്ഥാനത്തിരിക്കുന്നവര്‍ മൗനത്തിലാണ്. ഈ മൗനം അക്രമികള്‍ക്ക് പ്രചോദനം നല്‍കുന്നു. രാജ്യത്തെ കുറെ പേര്‍ തങ്ങളുടെ മുമ്പില്‍ അനന്തമായ സ്വാതന്ത്ര്യത്തിന്റെ കവാടങ്ങള്‍ തുറന്നുകിടക്കുന്നത് കണ്ട് അര്‍മാദിക്കുമ്പോള്‍ കുറെ പേര്‍ക്ക് ഉണ്ടായിരുന്ന സ്വാതന്ത്ര്യം ചുരുങ്ങിച്ചുരുങ്ങി തീരെ ഇല്ലാതാകുമെന്ന് ഭയപ്പെട്ട് കഴിയുകയാണ്.

ജനിച്ച മതത്തിന്റെയും കഴിച്ച ഭക്ഷണത്തിന്റെയും പേരില്‍ ആക്രമിച്ചും കൊലപ്പെടുത്തിയും പോരിന് വിളിച്ചും നാട് വിടാനാഹ്വാനം ചെയ്തും അക്രമികള്‍ രംഗം കയ്യടക്കുന്നു എന്നത് ഒരു മതേതര ജനാധിപത്യ രാജ്യത്താണെന്നറിയുക.