പൗരത്വബില്ലിലെ ഇരട്ടത്താപ്പ്

പത്രാധിപർ

2019 ഫെബ്രുവരി 09 1440 ജുമാദല്‍ ആഖിര്‍ 04

പാകിസ്ഥാന്‍, ബംഗ്ലാദേശ,് അഫ്ഗാനിസ്ഥാന്‍ എന്നീ രാജ്യങ്ങളിലെ മുസ്‌ലിംകളല്ലാത്തവര്‍ക്ക് ഇന്ത്യന്‍ പൗരത്വം അനുവദിക്കുന്ന നിയമം ലോകസഭ പാസാക്കിയിരിക്കുകയാണ.് പ്രതിപക്ഷ പാര്‍ട്ടികളുടെ കടുത്ത എതിര്‍പ്പിനിടെയാണ് ലോകസഭ ബില്‍ പാസാക്കിയത്. വടക്കുകിഴക്കന്‍ സംസ്ഥാനങ്ങളിലെ ബി.ജെ.പി സഖ്യകക്ഷികളും കോണ്‍ഗ്രസും സി.പി.എമ്മും അടക്കമുള്ള പാര്‍ട്ടികളും ബില്ലിനെ ശക്തമായി എതിര്‍ത്തു. 1955ലെ പൗരത്വ നിയമത്തില്‍ ഭേദഗതി വരുത്തിയാണ് ആഭ്യന്തര മന്ത്രി ബില്‍ സഭയില്‍ അവതരിപ്പിച്ചത്. 'അയല്‍രാജ്യങ്ങളില്‍ നിന്ന് പീഡനംമൂലം പലായനം ചെയ്യേണ്ടിവന്ന മതന്യൂനപക്ഷങ്ങളായ ഹിന്ദു, സിഖ് ബുദ്ധ, ജൈന, പാര്‍സി, ക്രിസ്ത്യന്‍ വിഭാഗങ്ങളില്‍ പെട്ടവര്‍ക്ക് അഭയം നല്‍കുകയാണ് നിയമത്തിന്റെ ലക്ഷ്യം' എന്നാണ് ആഭ്യന്തര മന്ത്രിയുടെ  ന്യായീകരണം. 2014 ഡിസംബര്‍ 31നു മുമ്പ് രാജ്യത്ത് ഉള്ളവരാണ് നിയമത്തിന്റെ പരിധിയില്‍ വരിക. 12 വര്‍ഷം എന്നതിനുപകരം ആറുവര്‍ഷം ഒരു രേഖകളും ഇല്ലാതെ താമസിച്ചവരെയും നിയമ പരിധിയില്‍ ഉള്‍പ്പെടുത്തും.

1955ലെ പൗരത്വ നിയമപ്രകാരം രാജ്യത്ത് ജനിക്കുന്നവരും ഇന്ത്യക്കാരായ മാതാപിതാക്കള്‍ക്ക് ജനിക്കുന്നവരും 11 വര്‍ഷം രാജ്യത്ത് സ്ഥിരതാമസമാക്കിയ വിദേശികളും ഇന്ത്യന്‍ പൗരത്വത്തിന് അര്‍ഹരാണ.് ഈ നിയമത്തിന്റെ 2(1)ബി സെക്ഷനില്‍ അനധികൃത കുടിയേറ്റക്കാരെ നിര്‍വചിച്ചിരിക്കുന്നത് 'നിയമ സാധുതയുള്ള പാസ്‌പോര്‍ട്ടോ മതിയായ യാത്രാരേഖകളോ ഇല്ലാതെയും പാസ്‌പോര്‍ട്ടും യാത്രാരേഖകളും അനുവദിക്കുന്ന സമയപരിധി കഴിഞ്ഞിട്ടും രാജ്യത്ത് തങ്ങുന്നവരും അനധികൃത കുടിയേറ്റക്കാരായിരിക്കും' എന്നാണ്. ഇവരെ ശിക്ഷിക്കാനും നാടുകടത്താനും നിയമം അനുശാസിക്കുന്നുണ്ട്. എന്നാല്‍ ഇപ്പോള്‍ വരുത്തിയ ഭേദഗതി അനുസരിച്ച് അനധികൃത കുടിയേറ്റക്കാരുടെ കാര്യത്തില്‍ ഇളവ് അനുവദിച്ചിരിക്കുകയാണ.് ബംഗ്ലാദേശ്, പാകിസ്ഥാന്‍, അഫ്ഗാനിസ്ഥാന്‍ എന്നീ രാജ്യങ്ങളിലെ ന്യൂനപക്ഷമായ ഹിന്ദുക്കള്‍, സിക്കുകാര്‍, ബുദ്ധമതക്കാര്‍, ജൈനര്‍, പാര്‍സികള്‍, െ്രെകസ്തവര്‍ എന്നിവര്‍ക്കുള്ള ഇന്ത്യന്‍ പൗരത്വത്തിന്റെ വ്യവസ്ഥകളിലാണ് ഇളവുകള്‍ അനുവദിച്ചിരിക്കുന്നത്. കൂടാതെ 11 വര്‍ഷം രാജ്യത്ത് സ്ഥിരതാമസമാക്കിയാല്‍ മാത്രം ലഭിക്കുന്ന പൗരത്വം ഇവരുടെ കാര്യത്തില്‍ ആറുവര്‍ഷമായി കുറക്കാനും നിര്‍ദേശിക്കുന്നു. 2015 സെപ്റ്റംബറില്‍ വരുത്തിയ ഭേദഗതി പ്രകാരം 2014 ഡിസംബര്‍ 31ന് മുമ്പ് ഇന്ത്യയിലെത്തിയ ഇത്തരക്കാരായ അനധികൃത കുടിയേറ്റക്കാരെ ശിക്ഷിക്കുന്നതും നാടുകടത്തുന്നതും വിലക്കിയിരുന്നു. എന്നാല്‍ ബംഗ്ലാദേശ്, പാകിസ്ഥാന്‍, അഫ്ഗാനിസ്ഥാന്‍ എന്നീ രാജ്യങ്ങളിലെ മുസ്‌ലിംകള്‍ക്ക് ഈ ഇളവുകള്‍ ലഭിക്കില്ല! 

അനധികൃത കുടിയേറ്റത്തിന്റെ കെടുതികള്‍ ഏറെ അനുഭവിക്കുന്ന സംസ്ഥാനമാണ് ആസാം. അതിനാല്‍തന്നെ പൗരത്വ ഭേദഗതിക്കെതിരെ ഏറ്റവും കൂടുതല്‍ എതിര്‍പ്പ് ഉയര്‍ന്നുകൊണ്ടിരിക്കുന്നതും ആസാമില്‍ നിന്നാണ്. പൗരത്വ നിയമത്തില്‍ ഇപ്പോള്‍ വരുത്തിയ ഭേദഗതി ആസാമില്‍ വലിയ പ്രത്യാഘാതം ഉണ്ടാക്കും എന്നാണ് പ്രക്ഷോഭത്തിന് നേതൃത്വം കൊടുക്കുന്ന സംഘടനകള്‍ പറയുന്നത്. ഇന്ത്യ ഒരു ഹിന്ദു രാഷ്ട്രമാണെന്നും അയല്‍രാജ്യങ്ങളില്‍ പീഡനമനുഭവിക്കുന്ന ഹൈന്ദവര്‍ക്ക് അഭയം നല്‍കേണ്ട കടമ രാജ്യത്തുണ്ടെന്നുമാണ് ആര്‍.എസ്.എസിനെ നിലപാട്! 

സര്‍ക്കാര്‍ ഇപ്പോള്‍ നടത്തിയ പൗരത്വ ഭേദഗതി രാജ്യത്തിന്റെ മതേതരത്വത്തിന് കടുത്ത വെല്ലുവിളി ഉയര്‍ത്തുമെന്ന് പലരും ചൂണ്ടിക്കാണിക്കുന്നു. അനധികൃത കുടിയേറ്റക്കാരായ മുസ്‌ലിംകളെ മാത്രം ഒറ്റപ്പെടുത്താനുള്ള നീക്കം വലിയ പ്രത്യാഘാതമുണ്ടാക്കുമെന്നും ഇവര്‍ വിലയിരുത്തുന്നു. പുതിയ ഭേദഗതിയോടെ ആറുവര്‍ഷമായ അനധികൃത ഹിന്ദു കുടിയേറ്റക്കാര്‍ സംരക്ഷിക്കപ്പെടുകയും കാല്‍നൂറ്റാണ്ടായി അനധികൃത മുസ്‌ലിം കുടിയേറ്റക്കാര്‍ ശിക്ഷിക്കപ്പെടുകയും ചെയ്യുന്ന അവസ്ഥയാണുണ്ടാവുക. നീതിയും നിഷ്പക്ഷതയും പുലര്‍ത്തേണ്ട ഭരണകൂടം തന്നെ വിഭാഗീയതയ്ക്ക് വളംവെക്കുന്ന പ്രവര്‍ത്തനങ്ങള്‍ ചെയ്യുന്നത് നാടിന്റെ നാശത്തിന് ആക്കംകൂട്ടുമെന്നതില്‍ സംശയമില്ല.