ഭക്ഷിക്കുവാനായി ജീവിക്കുകയോ?

പത്രാധിപർ

2019 ജൂലായ് 06 1440 ദുല്‍ക്വഅദ് 03

അമിതമായി ഭക്ഷണം കഴിക്കുന്നതിന്റെ ദോഷഫലങ്ങളെക്കുറിച്ച് അറിയാത്തവരല്ല മലയാളികള്‍. വാട്‌സാപ്പിലൂടെയും ഫെയ്‌സ്ബുക്കിലൂടെയുമൊക്കെ നിരന്തരം അതിന്റെ ദൂഷ്യങ്ങളെക്കുറിച്ചുള്ള വിവരണങ്ങള്‍ നമ്മുടെ മുമ്പിലെത്താറുണ്ട്. അതൊക്കെ കണ്ടും കേട്ടും വായിച്ചും ആസ്വദിക്കുമെന്നല്ലാതെ ആഹാരം നിയന്ത്രിക്കന്ന വിഷയത്തില്‍ ആരും ശ്രദ്ധിക്കാറില്ല എന്നതാണ് വാസ്തവം. ഈ വിഷയത്തിലും ഇസ്‌ലാം കൃത്യമായ മാര്‍ഗനിര്‍ദേശം ലോകത്തിന് നല്‍കുന്നുണ്ട്.

മിതാഹാരമാണ് ഇസ്‌ലാം നിര്‍ദേശിക്കുന്നത്. ദഹനേന്ദ്രിയ രോഗങ്ങള്‍ വരാതിരിക്കാനും ഇത് അനിവാര്യമാണ്. അല്ലാഹു പറയുന്നു: ''നിങ്ങള്‍ തിന്നുകയും കുടിക്കുകയും ചെയ്യുക. അമിതമാകരുത്. അമിയമാക്കുന്നവരെ അല്ലാഹു ഇഷ്ടപ്പെടുന്നില്ല''(7:31).

അമിതമായി ആഹരിക്കുന്നത് വിശ്വാസിയുടെ സംസ്‌കാരമല്ലെന്ന് നബി ﷺ  വ്യക്തമാക്കുന്നു: ''സത്യവിശ്വാസി ഒരു കുടലില്‍ ഭക്ഷിക്കുന്നു. സത്യനിഷേധി ഏഴ് കുടലില്‍ ഭക്ഷിക്കുന്നു'' (മുസ്‌ലിം).

ശാഹ് വലിയുല്ലാഹിദ്ദഹ്‌ലവി പറയുന്നു: ''സത്യനിഷേധിയുടെ ലക്ഷ്യം ഉദരമാണ്. വിശ്വാസിയുടെ ലക്ഷ്യം പരലോകവും. അതിനാല്‍ ഭക്ഷണം കുറക്കലാണ് വിശ്വാസിക്ക് അനുയോജ്യം. മാത്രമല്ല അത് വിശ്വാസത്തിന്റെ ഒരു ശാഖയുമാണ്. എന്നാല്‍ ആര്‍ത്തി നിഷേധത്തിന്റെ ഭാഗവും'' (ഹുജ്ജതുല്ലാഹില്‍ ബാലിഗഃ, ഭാഗം 2, പേജ് 186).

അമിതാഹാരം ഉപേക്ഷിക്കണമെന്ന് മാത്രമല്ല മിതാഹാരത്തിന്റെ രൂപം നബി ﷺ  സൂചിപ്പിക്കുക കൂടി ചെയ്തു: ''ഉദരത്തെക്കാള്‍ മോശമായ ഒരു പാത്രവും മനുഷ്യന്‍ നിറച്ചിട്ടില്ല. മനുഷ്യന്ന് തന്റെ മുതുകിനെ നേരെ നിര്‍ത്തുന്ന ഏതാനും ഉരുളകള്‍ മതിയാകുന്നതാണ്. അനിവാര്യമാണെങ്കില്‍ മൂന്നിലൊരുഭാഗം ഭക്ഷണത്തിനും മൂന്നിലൊരുഭാഗം പാനീയത്തിനും മൂന്നിലൊരുഭാഗം ശ്വസനത്തിനും  അവര്‍ ഉപയോഗിക്കട്ടെ'' (തിര്‍മിദി, ഹാകിം).

അമിതാഹാരം ആരോഗ്യവിഷയത്തിലും ആരാധനാകര്‍മങ്ങളിലുമൊക്കെ ഉണ്ടാക്കുന്ന വിഷമങ്ങള്‍ കുറച്ചൊന്നുമല്ല. തദ്‌സംബന്ധമായി പണ്ഡിതന്മാര്‍ നല്‍കിയ വിവരണം ചിന്താര്‍ഹമാണ്: ''ജീവന്‍ നിലനിര്‍ത്താനും നമസ്‌കാരം, നോമ്പ് തുടങ്ങിയ നിര്‍ബന്ധ ബാധ്യതകള്‍ നിര്‍വഹിക്കുവാനും മതിയായ ഭക്ഷണം അനിവാര്യവും ഐഛികാരാധനകള്‍ നിര്‍വഹിക്കുവാനും ഉപജീവനത്തിനു വേണ്ടി തൊഴില്‍ ചെയ്യാനും വേണ്ടത്ര അത് കഴിക്കുന്നത് ആവശ്യവുമാണ്. എന്നാല്‍ മൂന്നിലൊരു ഭാഗം വരെ കഴിക്കുന്നത് അനുവദിക്കപ്പെട്ടതാണ്. അതിനെക്കാളധികം ഭക്ഷിച്ചാല്‍ ഉറക്കവും അലസതയും ശരീരത്തിന് ഭാരവും അത് ഉണ്ടാക്കുന്നതാണ്.''

ഫത്ഹുല്‍ ബാരി, സാദുല്‍ മആദ് തുടങ്ങിയ ഗ്രന്ഥങ്ങളില്‍ വിവരിച്ച ഇത്തരം വിപത്തുകളെക്കുറിച്ച് ആധുനിക വൈദ്യശാസ്ത്രം കൂടുതല്‍ വിശദീകരിക്കുകയും ജാഗ്രത പുലര്‍ത്താന്‍ നിര്‍ദേശിക്കുകയും ചെയ്യുന്നു. ഭക്ഷണം കഴിച്ച് രണ്ടുമണിക്കൂറിനുള്ളില്‍ ദഹനപ്രക്രിയ ഉദരത്തില്‍ തിരക്കുപിടിച്ച് നടക്കുന്നു. മൂന്ന് മണിക്കൂറിനകം അത് പൂര്‍ത്തിയാകുകയും ചെയ്യുന്നു. എന്നാല്‍ അമിതാഹാരം മൂലം ഭക്ഷണം ദഹിക്കാന്‍ എട്ട് മണിക്കൂര്‍ വേണ്ടിവരുന്നു. ഇത് അജീര്‍ണവും അതിസാരം, തലവേദന, കൂടിയ രക്തസമ്മര്‍ദം, ഹൃദ്രോഗംതുടങ്ങിയ പലരോഗങ്ങളും ഉണ്ടാക്കുന്നു. ആരോഗ്യമുള്ള ഒരു സമൂഹത്തിന്റെ സൃഷ്ടി ഇസ്‌ലാമിക നിര്‍ദേശങ്ങള്‍ ലക്ഷ്യംവെക്കുന്നുവെന്ന് ഇതെല്ലാം വ്യക്തമാക്കുന്നു.