ദാനധര്‍മങ്ങളുടെ റമദാന്‍

പത്രാധിപർ

2019 മെയ് 11 1440 റമദാന്‍ 06

'എത്ര വേഗം റമദാന്‍ വീണ്ടും വന്നെത്തി' എന്ന് പലരും പറയുന്നു. അത്ര വേഗത്തിലൊന്നും വന്നിട്ടില്ല. പന്ത്രണ്ട് മാസം കഴിഞ്ഞു തന്നെയാണ് റമദാന്‍ ആഗതമായിരിക്കുന്നത്. ഇനിയും റമദാന്‍ പോകും, വരും. അതങ്ങനെ തുടര്‍ന്നുകൊണ്ടേയിരിക്കും. നാം പോയാലാണ് തിരിച്ചുവരാതിരിക്കുക. നമ്മുടെ മടക്കമില്ലാത്ത യാത്രയ്ക്ക് മുമ്പായി, സ്വര്‍ഗകവാടങ്ങള്‍ തുറന്നു കിട്ടാനുള്ള സുവര്‍ണാവസരവുമായിട്ടാണ് റമദാന്‍ കടന്നുവന്നിരിക്കുന്നത്! അതിനെ എത്രകണ്ട് നാം പരിഗണിക്കുന്നു എന്നതാണ് പ്രധാനം.

അത്താഴം, നോമ്പ് നോല്‍ക്കല്‍, നോമ്പുതുറക്കല്‍, നോമ്പുതുറപ്പിക്കല്‍, ക്വുര്‍ആന്‍ പാരായണം, തറാവീഹ് നമസ്‌കാരം, ദാനധര്‍മങ്ങള്‍...ഇങ്ങനെ ഒട്ടേറെ കാര്യങ്ങൡലൂടെ വിശ്വാസികള്‍ സ്രഷ്ടാവിന്റെ തൃപ്തിനേടുവാന്‍ പരിശ്രമിക്കുന്ന മാസമാണ് റമദാന്‍. 

സ്വന്തം ശരീരംകൊണ്ട് അല്ലാഹുവിന്റെ തൃപ്തി നേടുന്ന ആരാധനയാണ് നോമ്പനുഷ്ഠിക്കലെങ്കില്‍ സമ്പത്ത്‌കൊണ്ട് സമൂഹത്തിലെ അഗതികള്‍ക്ക് താങ്ങായി മാറുന്ന ആരാധനയാണ് ദാനധര്‍മം ചെയ്യുക എന്നത്. റമദാന്‍ മാസത്തിലെ സല്‍കര്‍മങ്ങള്‍ക്ക് ഇരട്ടിയിരട്ടിയായി പ്രതിഫലം ലഭിക്കുമെന്നതിനാല്‍ സത്യവിശ്വാസികള്‍ ഈ മാസത്തില്‍ കയ്യയച്ച് ദാനം ചെയ്യാറുണ്ട്; ചെയ്യേണ്ടതുണ്ട്.

വിശുദ്ധ ക്വുര്‍ആന്‍ പലയിടങ്ങളിലും ദാനധര്‍മത്തിന്റെ പ്രാധാന്യം എടുത്ത് പറഞ്ഞിട്ടുണ്ട്. ''അല്ലാഹുവിന്റെ മാര്‍ഗത്തില്‍ നിങ്ങള്‍ ചെലവഴിക്കുക...'' (2:195). ''സത്യവിശ്വാസികളേ, ക്രയവിക്രയവമോ സ്‌നേഹബന്ധമോ ശുപാര്‍ശയോ നടക്കാത്ത ഒരു ദിവസം വരുന്നതിന് മുമ്പായി നാം നിങ്ങള്‍ക്ക് നല്‍കിയതില്‍ നിന്നും നിങ്ങള്‍ ചെലവഴിക്കുവിന്‍...'' (2:254). ''സത്യവിശ്വാസികളേ, നിങ്ങള്‍ സമ്പാദിച്ച നല്ല വസ്തുക്കളില്‍ നിന്നും ഭൂമിയില്‍ നിന്നു നാം നിങ്ങള്‍ക്ക് ഉല്‍പാദിപ്പിച്ചു തന്നവയില്‍ നിന്നും നിങ്ങള്‍ ചെലവഴിക്കുവിന്‍...'' (2:267). ''രാത്രിയും പകലും രഹസ്യമായും പരസ്യമായും തങ്ങളുടെ സ്വത്തുക്കള്‍ ചെലവഴിച്ചുകൊണ്ടിരിക്കുന്നവര്‍ക്ക് അവരുടെ രക്ഷിതാവിങ്കല്‍ അവര്‍ അര്‍ഹിക്കുന്ന പ്രതിഫലമുണ്ടായിരിക്കുന്നതാണ്...'' (2:274).

അല്ലാഹുവിന്റെ സംതൃപ്തിയും പരലോക രക്ഷയും നേടിയെടുക്കാനുതകുന്ന വിശിഷ്ട കര്‍മമാണ് ദാനധര്‍മം. വിശുദ്ധ ക്വുര്‍ആനും തിരുസുന്നത്തും ദാനധര്‍മത്തിന്റെ ഒട്ടനവധി സവിശേഷതകള്‍ എടുത്ത് പറഞ്ഞിട്ടുള്ളതായി കാണാം. സല്‍കര്‍മങ്ങള്‍ ദുഷ്‌കര്‍മങ്ങളെ നീക്കിക്കളയുമെന്നാണ് ക്വുര്‍ആന്‍ അറിയിക്കുന്നത് (10:114). ദാനധര്‍മം ചെയ്യുന്നവര്‍ക്ക് വേണ്ടി സ്വര്‍ഗം തയ്യാറാക്കപ്പെട്ടിരിക്കുന്നു: ''(അതായത്) സന്തോഷാവസ്ഥയിലും വിഷമാവസ്ഥയിലും ദാനധര്‍മങ്ങള്‍ ചെയ്യുകയും കോപം ഒതുക്കിവെക്കുകയു മനുഷ്യര്‍ക്ക് മാപ്പുനല്‍കുകയും ചെയ്യുന്നവര്‍ക്ക് വേണ്ടി. (അത്തരം) സല്‍കര്‍മകാരികളെ അല്ലാഹു സ്‌നേഹിക്കുന്നു'' (3:134).

ദാനത്തിലൂടെ നരകത്തില്‍ നിന്നും സംരക്ഷണം ലഭിക്കും. നബി ﷺ പറഞ്ഞു: ''ഒരു കാരക്കയുടെ ചീള് ദാനം നല്‍കിയെങ്കിലും നിങ്ങള്‍ നരകത്തെ സൂക്ഷിക്കുക'' (ബുഖാരി, മുസ്‌ലിം). സമ്പത്തില്‍ അനുഗ്രഹമുണ്ടാകുവാന്‍ ദാനം കാരണമായിത്തീരുന്നു. അബൂഹുറയ്‌റ(റ)വില്‍ നിന്ന് നിവേദനം. നബി ﷺ പറയുന്നു: ''ദാനം സമ്പത്തിനെ കുറക്കുകയില്ല'' (മുസ്‌ലിം).

ദാനധര്‍മം ചെയ്യുന്നതിലൂടെ യഥാര്‍ഥ പുണ്യം ലഭിക്കുന്നു. അല്ലാഹു പറയുന്നു: ''നിങ്ങള്‍ ഇഷ്ടപ്പെടുന്നതില്‍ നിന്ന് നിങ്ങള്‍ ചെലവഴിക്കുന്നത് വരെ നിങ്ങള്‍ക്ക് പുണ്യം നേടാനാവില്ല. നിങ്ങള്‍ ഏതൊരു വസ്തു ചെലവഴിക്കുന്നതായാലും തീര്‍ച്ചയായും അല്ലാഹു അതിനെപ്പറ്റി അറിയുന്നവനാകുന്നു''(3:92). ഈ സൂക്തം അവതീര്‍ണമായപ്പോഴാണ് അന്‍സ്വാറുകളുടെ കൂട്ടത്തില്‍ ഏറ്റവും സമ്പന്നനായ അബൂത്വല്‍ഹ(റ) സമ്പത്തില്‍ തനിക്കേറ്റവുമിഷ്ടപ്പെട്ട 'ബൈറുഹാഅ്' തോട്ടം പാവങ്ങള്‍ക്ക് ദാനമായി നല്‍കിയത്.

റമദാനില്‍ നോമ്പിന്റെ കൂടെ ദാനധര്‍മങ്ങളുടെ പ്രതിഫലം കൂടി കരസ്ഥമാക്കുവാന്‍ അല്ലാഹുവിന്റെ മാര്‍ഗത്തില്‍ പരമാവധി ചെലവഴിക്കുവാന്‍ വിശ്വാസികള്‍ക്ക് സാധിക്കേണ്ടതുണ്ട്.