പരിഷ്‌കൃത ലോകത്തിന്റെ അപരിഷ്‌കൃത മുഖം

പത്രാധിപർ

2019 ആഗസ്ത് 17 1440 ദുല്‍ഹിജ്ജ 16

ലോകം അനുദിനം അശാന്തിയിലേക്കും അസമാധാനത്തിലേക്കും അക്രമത്തിലേക്കും അനീതിയിലേക്കും നടന്നടുക്കുകയാണോ? ലോകരാജ്യങ്ങളുടെ പോക്ക് കാണുമ്പോള്‍ ഇങ്ങനെ സംശയിക്കാതിരിക്കാന്‍ കഴിയുന്നില്ല. വൈജ്ഞാനിക, ശാസ്ത്ര, സാങ്കേതിക രംഗങ്ങളില്‍ വട്ടപ്പൂജ്യമായിരുന്ന പൗരാണിക സമൂഹങ്ങളെ നാം കാടന്മാരും സംസ്‌കാരശൂന്യരും അപരിഷ്‌കൃതരും താന്തോന്നികളും അക്രമികളും എന്നൊക്കെയാണ് വിശേഷിപ്പിക്കാറുള്ളത്. ആധുനികരായ നമ്മളോ സംസ്‌കാര സമ്പന്നരും പരിഷ്‌കാരികളും നീതിമാന്മാരും!

വ്യവസ്ഥാപിത ഭരണകൂടങ്ങളും നിയമങ്ങളും സാങ്കേതിക പുരോഗതിയും വൈജ്ഞാനിക വളര്‍ച്ചയുമൊക്കെ ഇന്ന് ലോകത്ത് നിലനില്‍ക്കുന്നു എന്നത് ശരി തന്നെ. എന്നാല്‍ ഓരോ രാജ്യത്തിന്റെയും അവസ്ഥകള്‍ വേറെ വേറെയായി എടുത്ത് പരിശോധിക്കുക. എത്ര രാജ്യങ്ങളിലാണ് ജനങ്ങള്‍ നിര്‍ഭയരായി ജീവിക്കുന്നത്? ഏത് രാജ്യത്താണ് ഭണകൂടത്തിന്റെ അടിച്ചമര്‍ത്തലില്ലാത്തത്? ഏത് രാജ്യത്താണ് അഴിമതിയും സ്വജനപക്ഷപാതിത്തവും അധികാരദുര്‍വിനിയോഗവും ഇല്ലാത്തത്? അയല്‍രാജ്യങ്ങളുടെ ആക്രമണ ഭീതിയില്‍ നിന്ന് മുക്തമായ എത്ര രാജ്യങ്ങളുണ്ട്? വരുമാനത്തിന്റെ സിംഹഭാഗവും യുദ്ധായുധങ്ങള്‍ വാങ്ങിക്കൂട്ടുവാനായി ചെലവഴിക്കാത്ത ഏത് രാജ്യമാണുള്ളത്? ജാതി, മതം, വര്‍ഗം, വര്‍ണം, പ്രത്യയശാസ്ത്രം തുടങ്ങി ഏതെങ്കിലുമൊന്നിന്റെയെങ്കിലും പേരില്‍ ജനങ്ങള്‍ക്കിടയില്‍ വിവേചനവും നീതിനിഷേധവും കാണിക്കാത്ത ഭരണകൂടമുള്ള എത്ര രാജ്യങ്ങളെ ചൂണ്ടിക്കാണിക്കാനാവും? വളരെക്കുറച്ചു മാത്രം!

വെട്ടിപ്പിടിക്കാനും രാജ്യവിസ്തൃതി വര്‍ധിപ്പിക്കാനും ചിലര്‍ ശ്രമിക്കുമ്പോള്‍ ലോകരാജ്യങ്ങളുടെ മേല്‍ മൊത്തം തങ്ങളുടെ അധീശത്വമുണ്ടാകണമെന്ന അതിമോഹമാണ് മറ്റുചിലരെ നയിക്കുന്നത്. അതോടൊപ്പം ആയുധക്കച്ചവടവും നടക്കണം. ആയുധക്കച്ചവടം പൊടിപൊടിക്കണമെങ്കില്‍ രാജ്യങ്ങള്‍ക്കിടയില്‍ ശത്രുതയുണ്ടാവുകയും യുദ്ധഭീതി നിലനില്‍ക്കുകയും വേണം. അതിനായുള്ള കുത്സിത ശ്രമങ്ങള്‍ അവര്‍ നടത്തിക്കൊണ്ടേയിരിക്കും.

പല രാജ്യങ്ങളും ഇന്ന് അഭ്യന്തര യുദ്ധങ്ങളാല്‍ അശാന്തമാണ്. അവിടങ്ങളിലെ ജനജീവിതം എത്ര ദുസ്സഹമായിരിക്കുമെന്ന് പറയേണ്ടതില്ലല്ലോ. സ്വന്തം രാജ്യത്തെ, തങ്ങള്‍ക്ക് അനഭിമതരായ ജനവിഭാഗങ്ങള്‍ക്കിടയില്‍ ഭീതിവിതച്ച് അവരെ നിശ്ശബ്ദരാക്കുക, തങ്ങള്‍ക്ക് വിധേയത്വം കാണിച്ച് ജീവിക്കാന്‍ നിര്‍ബന്ധിക്കുക, സാധിക്കുന്നത്ര അവരെ ഇല്ലായ്മ ചെയ്യുക തുടങ്ങിയ മനുഷ്യത്വരഹിതമായ പ്രവര്‍ത്തനങ്ങള്‍ ഭരണകൂടത്തിന്റെ രഹസ്യമായ ഒത്താശയോടെ നടക്കുന്ന രാജ്യങ്ങളും പരിഷ്‌കൃത ലോകത്തിനു മുന്നില്‍ അപമാനമായി നിലകൊള്ളുന്നുണ്ട്.

ലോകത്തെ മഹാഭൂരിപക്ഷം ജനങ്ങളും സമാധാനം ആഗ്രഹിക്കുന്നവരാണ്. മനുഷ്യത്വം നിലനില്‍ക്കണമെന്ന് ആഗ്രഹിക്കുന്നവരാണ്. തങ്ങള്‍ അനുഭവിക്കുന്ന വിശ്വാസ സ്വാതന്ത്ര്യവും ജീവിതസൗകര്യങ്ങളും എല്ലാവര്‍ക്കും ഉണ്ടായിരിക്കണമെന്ന് താല്‍പര്യപ്പെടുന്നവരാണ്. യുദ്ധത്തെയും കലാപങ്ങളെയും വെറുക്കുന്നവരാണ്. ഈ ചിന്താഗതിയിലേക്ക് ഭരണകര്‍ത്താക്കള്‍ ഉയര്‍ന്നാല്‍ തീരുന്നതേയുള്ളൂ ലോകത്തെ മിക്ക പ്രശ്‌നങ്ങളും.