നബിജീവിതത്തെ അടുത്തറിയുക

പത്രാധിപർ

2019 സെപ്തംബര്‍ 28 1441 മുഹര്‍റം 28

വിമര്‍ശനം ഇസ്‌ലാമിനും പ്രവാചകനും പുത്തരിയല്ല. മുഹമ്മദ് നബി ﷺ  തന്റെ പ്രവാചകത്വം പരസ്യമാക്കിയ നാള്‍ മുതല്‍ക്കേ വിമര്‍ശനം തുടങ്ങിയിട്ടുണ്ട്. കടുത്ത വാക്കുകള്‍ കൊണ്ട് നബി ﷺ  ആക്ഷേപിക്കപ്പെട്ടിട്ടുണ്ട്. പ്രവാചകനും അനുയായികളും അതികഠിനമായി പീഡിപ്പിക്കപ്പെട്ടിട്ടുണ്ട്; പലരും കൊല്ലപ്പെട്ടിട്ടുണ്ട്. ഉപരോധത്തിന് വിധേയമായിട്ടുണ്ട്. സ്വദേശം വെടിഞ്ഞ് പലായനം ചെയ്യേണ്ട അവസ്ഥയിലേക്ക് വിശ്വാസി സമൂഹം എത്തിച്ചേര്‍ന്നതും ശത്രുക്കളുടെ കഠിനമായ ഉപദ്രവംകൊണ്ടായിരുന്നു.

ഇതുകൊണ്ടൊന്നും നബി ﷺ യും അനുചരന്മാരും മുന്നോട്ടുവെച്ച കാല്‍ അല്‍പം പോലും പിന്നോട്ട് വെച്ചില്ല. സധീരം ആദര്‍ശ പ്രബോധനത്തില്‍ മുഴുകി. ജീവിതത്തിലൂടെ ഇസ്‌ലാം എന്തെന്ന് കാണിച്ചുകൊടുത്തു. ഫലമോ? എമ്പാടും ശത്രുക്കള്‍ മിത്രങ്ങളായി മാറി. എതിര്‍ത്തവര്‍ അനുകൂലികളായി. പരിഹസിച്ചവര്‍ പുകഴ്ത്തുന്നവരായി. എല്ലാ എതിര്‍പ്പുകളും അവസാനം കെട്ടടങ്ങുകയും ചെയ്തു.

അന്ധമായ വിരോധത്തിനും ശത്രുപക്ഷത്തുനിന്നുള്ള വിമര്‍ശനങ്ങളിലൂടെയുള്ള 'അറിവു'കള്‍ക്കുമപ്പുറം വസ്തുനിഷ്ഠമായ അന്വേഷണത്തിനും പഠനത്തിനുമുള്ള സന്മനസ്സാണ് വേണ്ടത്. ഒരു പക്ഷേ, ആ പഠനവും അന്വേഷണവും ജീവിതത്തിലെ നിത്യപ്രകാശമായി മാറിയേക്കും.

''നബിയേ, തീര്‍ച്ചയായും നിന്നെ നാം ഒരു സാക്ഷിയും സന്തോഷവാര്‍ത്ത അറിയിക്കുന്നവനും താക്കീതുകാരനും ആയിക്കൊണ്ട് നിയോഗിച്ചിരിക്കുന്നു. അല്ലാഹുവിന്റെ ഉത്തരവനുസരിച്ച് അവങ്കലേക്ക് ക്ഷണിക്കുന്നവനും പ്രകാശം നല്‍കുന്ന ഒരു വിളക്കും ആയിക്കൊണ്ട്'' (ക്വുര്‍ആന്‍ 33:45,46).

അജ്ഞത കാരണത്താല്‍ വിമര്‍ശിക്കുന്നവരും വിരോധത്താല്‍ വിമര്‍ശിക്കുന്നവരുമുണ്ട്. അജ്ഞത കാരണത്താല്‍ വിമര്‍ശിക്കുന്നവര്‍ കാര്യം മനസ്സിലാക്കിയാല്‍ പിന്തിരിയും. എന്നാല്‍ മനസ്സില്‍ പുകയുന്ന വിരോധം ദുരാരോപണമായി പുറന്തള്ളുന്നവര്‍ കേള്‍ക്കാനും മനസ്സിലാക്കാനും തയ്യാറാവില്ല. ഉറങ്ങുന്നവരെ ഉണര്‍ത്താം; ഉറക്കം നടിക്കുന്നവരെ എങ്ങനെ ഉണര്‍ത്താനാണ്?

വിമര്‍ശനങ്ങളില്‍ സത്യമതത്തിന്റെ പ്രകാശം കെട്ടുപോകുകയില്ല എന്നതാണ് വാസ്തവം. അല്ലാഹു പറയുന്നു: ''അവരുടെ വായ്‌കൊണ്ട് അല്ലാഹുവിന്റെ പ്രകാശം കെടുത്തിക്കളയാമെന്ന് അവര്‍ ആഗ്രഹിക്കുന്നു. അല്ലാഹുവാകട്ടെ തന്റെ പ്രകാശം പൂര്‍ണമാക്കാതെ സമ്മതിക്കുകയില്ല. സത്യനിഷേധികള്‍ക്ക് അത് അനിഷ്ടകരമായാലും'' (ക്വുര്‍ആന്‍ 9:32).

പ്രവാചകന്‍ ﷺ  ജീവിച്ചത് ചരിത്രത്തിന്റെ വെളിച്ചത്തിലാണ്. അദ്ദേഹം ഒരു സാങ്കല്‍പിക കഥാപാത്രമല്ല. അദ്ദേഹത്തിന്റെ ജീവിതം ഒരു തുറന്ന പുസ്തകമാണ്; ആ ജീവിതമാസകലം രേഖപ്പെടുത്തി വെക്കപ്പെട്ടിട്ടുണ്ട്. ആര്‍ക്കും പരിശോധിക്കുവാന്‍ സാധിക്കുമാറുള്ള അദ്ദേഹത്തിന്റെ ജീവിതത്തെയും ആദര്‍ശത്തെയും സത്യസന്ധമായ പഠനത്തിന് വിധേയമാക്കുവാനാണ് വിമര്‍ശകരും അനകൂലികളും ശ്രമിക്കേണ്ടത്.