മതത്തെ പരിഹസിച്ച് സ്വയം പരിഹാസ്യരാകുന്നവര്‍

പത്രാധിപർ

2019 ഒക്ടോബര്‍ 05 1441 സഫര്‍ 06

അല്ലാഹുവിന്റെ ഗ്രന്ഥത്തെയും അവന്റെ റസൂലിന്റെ ചര്യയെയും പരിഹസിക്കലും കോട്ടിമാട്ടലും ദുര്‍വ്യാഖ്യാനിക്കലും ഒരു പുതിയ പ്രവണതയല്ല. ഇസ്‌ലാമിന്റെ വളര്‍ച്ചയില്‍ അസൂയപൂണ്ടവരും ഇസ്‌ലാമിന്റെ ആദര്‍ശങ്ങളോട് വിയോജിപ്പും എതിര്‍പ്പും ഉള്ളവരുമൊക്കെ കാലാകാലങ്ങളില്‍ അതിന് ഒരുമ്പെട്ടിട്ടുണ്ട്. ആധുനിക കാലത്ത് ആധുനികമായ എല്ലാ മാര്‍ഗങ്ങളുമുപയോഗിച്ചുകൊണ്ട് ഇസ്‌ലാം വിമര്‍ശകര്‍ കളംനിറഞ്ഞാടുന്നുണ്ട്. യുക്തിവാദികളും നിരീശ്വരവാദികളും അല്‍പം പോലും യുക്തിയില്ലാതെയും സത്യസന്ധത കാണിക്കാതെയും സൈബറിടങ്ങളില്‍ ഇസ്‌ലാം വിരുദ്ധതയും നബിനിന്ദയുമായി നിറഞ്ഞുനില്‍ക്കാന്‍ കാര്യമായ ശ്രദ്ധതന്നെ പുലര്‍ത്തുന്നുണ്ട്. സത്യവും അര്‍ധസത്യവും അസത്യവും കൂട്ടിക്കുഴച്ച് അവതരിപ്പിച്ച് വിശ്വാസികളുടെ മനസ്സില്‍ സ്വന്തം വിശ്വാസത്തില്‍ സംശയം ജനിപ്പിച്ച് പതിയെ തങ്ങളുടെ വികല ചിന്തകളിലേക്ക് നയിക്കലാണ് ഇവരുടെ പണി.  

മുസ്‌ലിം സമുദായത്തില്‍ പെട്ട അപൂര്‍വം ചിലരെയെങ്കിലും യുക്തിക്കും ബുദ്ധിക്കും അമിത പ്രാധാന്യം നല്‍കുന്നവരായും തങ്ങളുടെ യുക്തിക്കും ബുദ്ധിക്കും ഉള്‍ക്കൊള്ളാനാവാത്ത മതകാര്യങ്ങളെ അപഹസിക്കുന്നവരായും കാണുവാന്‍ സാധിക്കുന്നു എന്നത് ഖേദകരമാണ്. 'ആധുനിക ലോകത്തിലെ മുസ്‌ലിം' ആയിത്തീരണമെങ്കില്‍ പ്രമാണങ്ങള്‍ പഠിപ്പിക്കുന്ന കാര്യങ്ങള്‍ അങ്ങനെയങ്ങ് ഉള്‍ക്കൊള്ളാന്‍ പാടില്ല, ബുദ്ധിപരമായി വ്യാഖ്യാനിച്ച് അവയെ 'ആധുനിക'മാക്കേണ്ടതുണ്ട് എന്ന എന്ന ചിന്ത ഇക്കുട്ടരെ നയിക്കുന്നതായി മനസ്സിലാക്കുവാന്‍ സാധിക്കും.  

ക്വുര്‍ആന്‍ സൂക്തങ്ങളെയും ഹദീസുകളെയും പരിഹസിക്കുന്നതിന്റെയും അല്ലാഹുവിന്റെയും അവന്റെ ദൂതന്റെയും അനുചരന്മാരുടെയും പേരില്‍ കള്ളം പറയുന്നതിന്റെയും ഗൗരവം അറിയാത്തവരല്ല അത്തരത്തിലുള്ള ധിക്കാരത്തിന് തുനിയുന്നത് എന്ന കാര്യം വിസ്മരിച്ചുകൂടാ. ക്വുര്‍ആന്‍ വചനത്തെയോ പ്രവാചക മൊഴികളെയോ പ്രമാണങ്ങള്‍ പഠിപ്പിക്കുന്ന ഏതെങ്കിലും അനുഷ്ഠാനങ്ങളെയോ പരിഹസിക്കുന്നതും നിഷേധിക്കുന്നതും ദുര്‍വ്യാഖ്യാനിക്കുന്നതും അല്ലാഹുവിനെ നിഷേധിക്കലായാണ് ഇസ്‌ലാം പഠിപ്പിക്കുന്നത്. അല്ലാഹു പറയുന്നു: ''നീ അവരോട് (അതിനെപ്പറ്റി) ചോദിച്ചാല്‍ അവര്‍ പറയും: ഞങ്ങള്‍ തമാശ പറഞ്ഞു കളിക്കുക മാത്രമായിരുന്നു. പറയുക: അല്ലാഹുവെയും അവന്റെ ആയത്തുകളെയും അവന്റെ ദൂതനെയുമാണോ നിങ്ങള്‍ പരിഹസിച്ചുകൊണ്ടിരിക്കുന്നത്?...'' (ക്വുര്‍ആന്‍ 9:65-66).

നബി ﷺ യെയും സ്വഹാബത്തിനെയും ചില യുദ്ധരംഗങ്ങളില്‍ മുനാഫിക്വുകള്‍ പരിഹസിച്ചതിന്റെ ഫലമായാണ് ഈ വചനങ്ങള്‍ അവതരിച്ചതെന്ന് കാണുവാന്‍ സാധിക്കും. ഇബ്‌നു ഉമര്‍(റ), മുഹമ്മദ്ബ്‌നു കഅ്ബ്, സൈദ്ബ്‌നു അസ്‌ലം(റ), ക്വതാദ(റ) തുടങ്ങിയവരില്‍ നിന്നും ഇബ്‌നു ജരീര്‍ റിപ്പോര്‍ട്ട് ചെയ്യുന്നു: ''തബൂക്ക് യുദ്ധത്തിലാണ് ഒരാള്‍ ഇത് പറഞ്ഞത്: 'യുദ്ധരംഗങ്ങളില്‍ ഓത്തുകാരായ ഈ ആളുകളെക്കാള്‍ വലിയ ഭീരുക്കളെയും നുണയന്മാരെയും ഞങ്ങള്‍ കണ്ടിട്ടില്ല (നബി ﷺ യും സ്വഹാബത്തും)'. അപ്പോള്‍ ഔഫുബ്‌നു മാലിക് അയാളോട് പറഞ്ഞു: 'നീ പറഞ്ഞത് നുണയാണ്. നീ മുനാഫിക്വുമാണ്. നബി ﷺ യോട് ഞാനിക്കാര്യം പറയുകതന്നെ ചെയ്യും.' ഔഫ്(റ) നബി ﷺ യുടെ അടുക്കലേക്ക് പോയി. പക്ഷേ, അതിനു മുമ്പ് ക്വുര്‍ആന്‍ അവതരിച്ച് കഴിഞ്ഞിരുന്നു... ശേഷം ഈ വ്യക്തി (കപടന്‍) നബി(റ)യുടെ അടുക്കലേക്ക് വന്നുകൊണ്ട് പറഞ്ഞു: 'ഞങ്ങള്‍ തമാശ പറഞ്ഞ് കളിക്കുക മാത്രമായിരുന്നു.'അപ്പോള്‍ നബി ﷺ അയാളോട് പറഞ്ഞു: ''അല്ലാഹുവെയും അവന്റെ ദൃഷ്ടാന്തങ്ങളെയും അവന്റെ ദൂതനെയുമാണോ നിങ്ങള്‍ പരിഹസിച്ചുകൊണ്ടിരിക്കുന്നത്? നിങ്ങള്‍ ഒഴിവ്കഴിവുകളൊന്നും പറയേണ്ട. വിശ്വസിച്ചതിനു ശേഷം നിങ്ങള്‍ അവിശ്വസിച്ചുകഴിഞ്ഞിരിക്കുന്നു'' (അത്തൗബ 65,66).