പശ്ചാത്താപത്തിലൂടെ മനസ്സിനെ സംശുദ്ധമാക്കുക

പത്രാധിപർ

2019 ജൂണ്‍ 01 1440 റമദാന്‍ 27

വിശുദ്ധ റമദാന്‍ മാസം ആത്മാവിനെ സ്ഫുടം ചെയ്‌തെടുക്കുന്ന മാസമാണ്. ഈ മാസത്തിലെ പകല്‍ സമയം അന്നപാനീയങ്ങള്‍ വെടിഞ്ഞ്, വാക്കിലും നോക്കിലും പ്രവൃത്തിയിലും സൂക്ഷ്മത പാലിച്ച്, കഴിയുന്നത്ര വിവിധങ്ങളായ ആരാധനകള്‍ ചെയ്ത് സ്രഷ്ടാവിനോട് അടുക്കുവാനും അവന്റെ പ്രീതി കരസ്ഥമാക്കുവാനും വിശ്വാസികള്‍ ശ്രദ്ധിക്കുന്നു.

ആത്മാവിനെ സംസ്‌കരിക്കുന്ന പ്രവര്‍ത്തനമാണ് പശ്ചാത്താപം എന്നത്. തെറ്റുകള്‍ സംഭവിക്കല്‍ മനുഷ്യസഹജമാണ്. തിന്മകള്‍ ചെയ്തുപോയാല്‍ ഉടനെ പശ്ചാത്തപിക്കുകയും അല്ലാഹുവിനോട് പാപമോചനത്തിനായി പ്രാര്‍ഥിക്കുകയും ചെയ്യുന്നുവെന്നതാണ് യഥാര്‍ഥ വിശ്വാസിയുടെ ഗുണമായി അല്ലാഹു എടുത്തു പറഞ്ഞിട്ടുള്ളത്. തെറ്റ് സംഭവിച്ചു പോയാല്‍ അതില്‍തന്നെ ഉറച്ചു നില്‍ക്കുകയോ ഞാനേതായാലും പാപിയായി, ഇനി അല്ലാഹു എനിക്ക് പൊറുത്തു തരികയില്ല എന്ന ചിന്തയോടെ നിരാശപ്പെട്ട് കഴിയുകയോ അല്ല ചെയ്യേണ്ടത്. അല്ലാഹു പറയുന്നു:

''പറയുക, സ്വന്തം ആത്മാക്കളോട് അതിക്രമം പ്രവര്‍ത്തിച്ചുപോയ എന്റെ ദാസന്മാരേ, അല്ലാഹുവിന്റെ കാരുണ്യത്തെപ്പറ്റി നിങ്ങള്‍ നിരാശപ്പെടരുത്. തീര്‍ച്ചയായും അല്ലാഹു പാപങ്ങളെല്ലാം പൊറുക്കുന്നതാണ്. തീര്‍ച്ചയായും അവന്‍ തന്നെയാകുന്നു ഏറെ പൊറുക്കുന്നവനും കരുണാനിധിയും. നിങ്ങള്‍ക്ക് ശിക്ഷ വന്നെത്തുന്നതിന് മുമ്പായി നിങ്ങള്‍ നിങ്ങളുടെ രക്ഷിതാവിങ്കലേക്ക് താഴ്മയോടെ മടങ്ങുകയും അവന് കീഴ്‌പെടുകയും ചെയ്യുവിന്‍. പിന്നെ (അത് വന്നതിന് ശേഷം) നിങ്ങള്‍ സഹായിക്കപ്പെടുന്നതല്ല'' (ക്വുര്‍ആന്‍ 39:53).

പാപത്തില്‍നിന്നുള്ള മോചന മാര്‍ഗമാണ് പശ്ചാത്താപം. അറബിയില്‍ പശ്ചാത്താപത്തിന് 'തൗബ' എന്നാണ് പറയുന്നത്. വിശുദ്ധ ക്വുര്‍ആനില്‍ അങ്ങനെയൊരു അധ്യായം തന്നെ കാണാം. ഖേദം, മടക്കം എന്നെല്ലാമാണ് അതിന്റെ ഭാഷാര്‍ഥം. ചെയ്ത കുറ്റത്തില്‍ ഖേദിക്കുക, ഇനി അത് ആവര്‍ത്തിക്കുകയില്ലെന്ന് ദൃഢനിശ്ചയം ചെയ്യുക, അല്ലാഹുവിനോടുള്ള ബാധ്യതകള്‍ നിര്‍വഹിക്കുക, മറ്റുള്ളവരോട് തെറ്റുകള്‍ ചെയ്തിട്ടുണ്ടെങ്കില്‍ അവരോട് മാപ്പുപറയുക, തിന്മയില്‍ നിന്നും തികച്ചും മാറി നിന്ന് നല്ല വ്യക്തിയായി ജീവിക്കുക എന്നിവയൊക്കെ പശ്ചാത്താപം സ്വീകരിക്കപ്പെടുന്നതിനുള്ള ഉപാധികളില്‍ പെടുന്നു.

അറിവില്ലായ്മ മൂലം കുറ്റകരമായ കാര്യങ്ങള്‍ പ്രവര്‍ത്തിച്ചാല്‍ താമസിയാതെ അതില്‍ നിന്ന് ഖേദിച്ചുമടങ്ങുന്നവരുടെ പശ്ചാത്താപം അല്ലാഹു സ്വീകരിക്കാതിരിക്കുകയില്ല. വിശുദ്ധ ക്വുര്‍ആന്‍ പറയുന്നു: ''പശ്ചാത്താപം സ്വീകരിക്കുവാന്‍ അല്ലാഹു ബാധ്യത ഏറ്റിട്ടുള്ളത് അറിവുകേട് നിമിത്തം തിന്മചെയ്യുകയും എന്നിട്ട് താമസിയാതെ പശ്ചാത്തപിക്കുകയും ചെയ്യുന്നവര്‍ക്ക് മാത്രമാകുന്നു. അങ്ങനെയുള്ളവരുടെ പശ്ചാത്താപം അല്ലാഹു സ്വീകരിക്കുന്നതാണ്. അല്ലാഹു ഏറ്റവും അറിവുള്ളവനും യുക്തിമാനുമാകുന്നു. പശ്ചാത്താപം എന്നത് തെറ്റുകള്‍ ചെയ്തുകൊണ്ടിരിക്കുകയും എന്നിട്ട് മരണം ആസന്നമാവുമ്പോള്‍ ഞാനിതാ പശ്ചാത്തപിച്ചിരിക്കുന്നുവെന്ന് പറയുകയും ചെയ്യുന്നവര്‍ക്കുള്ളതല്ല. സത്യനിഷേധികളായിക്കൊണ്ട് മരണമടയുന്നവര്‍ക്കുമുള്ളതല്ല. അങ്ങനെയുള്ളവര്‍ക്ക് വേദനയേറിയ ശിക്ഷയാണ് നാം ഒരുക്കിവെച്ചിരിക്കുന്നത്'' (ക്വുര്‍ആന്‍ 4:17,18).

പാപമോചനത്തിനുള്ള ഏറ്റവും ഉത്തമമായ മറ്റൊരു മാര്‍ഗമാണ് സല്‍കര്‍മങ്ങള്‍ ചെയ്യല്‍. നന്മകള്‍ തിന്മകളെ മായ്ച്ചുകളയുമെന്നാണ് ഇസ്‌ലാം പഠിപ്പിക്കുന്നത്.