റമദാനിനു ശേഷം?

പത്രാധിപർ

2019 ജൂണ്‍ 08 1440 ശവ്വാൽ 05

ഒരു പവിത്ര മാസം കൂടി നമ്മോട് വിടപറഞ്ഞിരിക്കുന്നു. ഈ മാസത്തില്‍ വിശ്വാസികള്‍ ജീവിതത്തെ സല്‍കര്‍മങ്ങളാല്‍ ധന്യമാക്കുകയായിരുന്നു. പകല്‍ സമയം അന്നപാനീയങ്ങള്‍ പരിപൂര്‍ണമായും വെടിഞ്ഞു. വാക്കിലും നോക്കിലും പ്രവൃത്തിയിലും സൂക്ഷ്മത കാണിച്ചു. ദാനധര്‍മങ്ങള്‍ ചെയ്തു. നിര്‍ബന്ധമായതും ഐഛികമായതുമായ നമസ്‌കാരങ്ങള്‍ നിര്‍വഹിച്ചു. ദീര്‍ഘമായ രാത്രി നമസ്‌കാരം നിര്‍വഹിക്കുവാന്‍ പ്രത്യേകം ശ്രദ്ധപുലര്‍ത്തി. വിശുദ്ധ ക്വുര്‍ആന്‍ പാരായണം ചെയ്യുവാന്‍ ഏറെ ഉല്‍സാഹം കാണിച്ചു. ഇതെല്ലാം ചെയ്തത് ഭൗതിക നേട്ടങ്ങള്‍ ആഗ്രഹിച്ചല്ലായിരുന്നു. അളവറ്റ ദയാപരനായ അല്ലാഹുവിന്റെ തൃപ്തി നേടുവാനും അതുവഴി സ്വര്‍ഗപ്രവേശനം ലഭിക്കുവാനും വേണ്ടിയാണ് ഇതെല്ലാം ചെയ്തത്.

റമദാന്‍ കഴിഞ്ഞു. ഇനിയോ? മുകളില്‍ പറഞ്ഞ കാര്യങ്ങളില്‍ നിര്‍ബന്ധ നോമ്പല്ലാത്തതെല്ലാം സാധ്യമാകുന്നത്ര എന്നും ജീവിതത്തിന്റെ ഭാഗമാകേണ്ടതാണ്. എന്നാല്‍ പലരും അതെല്ലാം റമദാനില്‍ ഒതുക്കുന്നവരാണ്. റമദാനില്‍ മാത്രം അല്ലാഹുവിനെ സൂക്ഷിച്ചു ജീവിക്കുകയും റമദാന്‍ കഴിഞ്ഞാല്‍ ഇച്ഛാനുസരണം ജീവിക്കുകയും ചെയ്യുക എന്നത് വിശ്വാസത്തിന്റെ ദുര്‍ബലതയെയാണ് കാണിക്കുന്നത്. ഈ അവസ്ഥയിലേക്ക് വിശ്വാസികള്‍ അധഃപതിച്ചുകൂടാ. വിശുദ്ധ ക്വുര്‍ആനിനെയും നബിചര്യയെയും റമദാനല്ലാത്ത മാസങ്ങളിലും നാം നമ്മുടെ ജീവിതത്തിന്റെ ഭാഗമാക്കണം. അവയുടെ വെളിച്ചം സ്വീകരിച്ച് മുന്നോട്ടു പോകണം.

മാനവരാശിയെ എല്ലാവിധ അന്ധകാരങ്ങളില്‍നിന്നും പ്രകാശത്തിലേക്ക് നയിക്കുവാനാണ് അല്ലാഹു വിശുദ്ധ ക്വുര്‍ആന്‍ അവതരിപ്പിച്ചത്.

''...മനുഷ്യരെ അവരുടെ രക്ഷിതാവിന്റെ അനുമതിപ്രകാരം ഇരുട്ടുകളില്‍നിന്ന് വെളിച്ചത്തിലേക്ക് കൊണ്ടുവരാന്‍ വേണ്ടി നിനക്ക് അവതരിപ്പിച്ചുതന്നിട്ടുള്ള ഗ്രന്ഥമാണിത്. അതായത്, പ്രതാപിയും സ്തുത്യര്‍ഹനും ആയിട്ടുള്ളവന്റെ മാര്‍ഗത്തിലേക്ക്, ആകാശങ്ങളിലുള്ളതിന്റയും ഭൂമിയിലുള്ളതിെന്റയും ഉടമയായ അല്ലാഹുവിന്റെ (മാര്‍ഗത്തിലേക്ക് അവരെ കൊണ്ടുവരാന്‍ വേണ്ടി)...''(ക്വുര്‍ആന്‍ 14:1,2).

ആറാം നൂറ്റാണ്ടില്‍  ഇരുളിന്റെ ലോകത്ത് ഇരുളടഞ്ഞ മനസ്സുമായി ജീവിച്ചിരുന്ന ഒരു ജനതതിയെ വെളിച്ചത്തിലേക്ക് നയിച്ചതും അവരുടെ മനസ്സുകളെ പ്രകാശമാനമാക്കിയതും ക്വുര്‍ആനായിരുന്നു. പാരമ്പര്യ വിശ്വാസങ്ങളെയും ആചാരങ്ങളെയും കയ്യൊഴിക്കുവാന്‍ അവര്‍ തയാറായത് വിശുദ്ധ ക്വുര്‍ആന്‍ അവരുടെ ചിന്തയെ തട്ടിയുണര്‍ത്തിയതുകൊണ്ടായിരുന്നു.

''തീര്‍ച്ചയായും ഈ ക്വുര്‍ആന്‍ ഏറ്റവും ശരിയായതിലേക്ക് വഴികാണിക്കുകയും, സല്‍കര്‍മങ്ങള്‍ പ്രവര്‍ത്തിക്കുന്ന സത്യവിശ്വാസികള്‍ക്ക് വലിയ പ്രതിഫലമുണ്ട് എന്ന സന്തോഷവാര്‍ത്ത അറിയിക്കുകയും ചെയ്യുന്നു. പരലോകത്തില്‍ വിശ്വസിക്കാത്തവരാരോ അവര്‍ക്ക് നാം വേദനയേറിയ ശിക്ഷ ഒരുക്കിവെച്ചിട്ടുണ്ട് എന്നും (സന്തോഷവാര്‍ത്ത അറിയിക്കുന്നു)'' (17:9,10).

ക്വുര്‍ആന്‍ പഠിക്കുന്നവനും പഠിപ്പിക്കുന്നവനുമാണ് ഉത്തമന്‍ എന്നാണ് നബി ﷺ  പറഞ്ഞിട്ടുള്ളത്. മനുഷ്യന്റെ ഇഹപര ജീവിത വിജയത്തിനുവേണ്ട മാര്‍ഗനിര്‍ദേശങ്ങള്‍ അടങ്ങിയ ഗ്രന്ഥം എന്ന നിലയ്ക്ക് അത് പഠിക്കല്‍ സത്യവിശ്വാസികളുടെ ബാധ്യതയാണ്. അത് റമദാനില്‍ മാത്രം ചെയ്യേണ്ട ഒന്നല്ല. വിശ്വത്തിന്റെ പ്രകാശമായ വിശുദ്ധ ക്വുര്‍ആനും അതിന്റെ വിശദീകരണമായ നബിചര്യയും പഠിക്കുവാനും പാരായണം ചെയ്യുവാനും പരിശ്രമിച്ചുകൊണ്ടിരിക്കുക. അതില്‍ ആത്മസംതൃപ്തി കണ്ടെത്തുക.