വിദ്യാഭ്യാസരംഗത്തെ മലീമസമാക്കരുത്

പത്രാധിപർ

2019 ഏപ്രില്‍ 27 1440 ശഅബാന്‍ 22

ഒരു രാജ്യത്തിന്റെ ഭാവി ആ രാജ്യത്തിന്റെ പാഠശാലകളില്‍വെച്ചാണ് രൂപംകൊള്ളുന്നതെന്ന് പറയാറുണ്ട്. വിദ്യാഭ്യാസത്തില്‍ ഭരണകൂടങ്ങള്‍ പിടിമുറുക്കുന്നത് അതുകൊണ്ടാണ്. പ്രത്യേകിച്ച് വ്യക്തമായ ഒരു പ്രത്യയശാസ്ത്രമുള്ള ഭരണകൂടങ്ങള്‍. ഇതുകൊണ്ടായിരുന്നു സര്‍ക്കാറുകളെ വിദ്യാഭ്യാസ സ്ഥാപനങ്ങളില്‍ ഇടപെടാന്‍ അനുവദിക്കരുതെന്ന് സര്‍സയ്യിദിനെപ്പോലുള്ളവര്‍ വാദിച്ചിരുന്നത്. പ്രത്യേകിച്ചും കരിക്കുലവും സിലബസും തയ്യാറാക്കുന്നതില്‍. അബുല്‍കലാം ആസാദ് ആദ്യത്തെ വിദ്യാഭ്യാസ മന്ത്രിയായിരിക്കെ പുരോഗമനവീക്ഷണമുള്ളവര്‍ക്കും മതേതരവിശ്വാസികള്‍ക്കും ബൗദ്ധികമണ്ഡലത്തില്‍ മേല്‍ക്കൈ നേടാന്‍ അവസരമൊരുക്കുന്നതില്‍ വിജയിച്ചു. െപാഫസര്‍ താരാചന്ദിന്റെ േനതൃത്വത്തില്‍ രൂപംകൊണ്ട ഇന്ത്യന്‍ സ്വാതന്ത്ര്യസമര ചരിത്ര രചനാസമിതി ഇതിന് ഉദാഹരണമാണ്. 

ബി.ജെ.പി വര്‍ഗീയ അജണ്ടകളുള്ള ഒരു പാര്‍ട്ടിയാണ്. അതുകൊണ്ടുതന്നെ രാജ്യത്ത് മതേതരത്വം നിലില്‍ക്കണമെന്ന് ആഗ്രഹിക്കുന്ന ഭൂരിപക്ഷം ഇന്ത്യക്കാരും ആ പാര്‍ട്ടിയെ അംഗീകരിക്കുന്നില്ല. ഇന്ത്യന്‍ രാഷ്ട്രീയത്തില്‍ മതേതരകക്ഷികള്‍ക്കിടയിലുണ്ടായ പിളര്‍പ്പും അനേകം ചെറുകക്ഷികളുടെ അവസരവാദ പിന്തുണയും നിലവിലെ ഭരണകൂടത്തിന്റെ കെടുകാര്യസ്ഥതയില്‍ ജനങ്ങള്‍ക്കുണ്ടായ അമര്‍ഷവുമാണ് ബി.ജെ.പിയെ ഭരണത്തിലെത്തിച്ചത്. പോള്‍ചെയ്ത വോട്ടിന്റെ 31% മാത്രമാണ് ബി.ജെ.പിക്ക് ആകെ കിട്ടിയത് എന്നത് ശ്രദ്ധേയമാണ്. ആ 31% വോട്ടിന്റെ പിന്‍ബലത്തിലാണ് അവര്‍ ഇന്ത്യയെ ഭരിച്ചുകൊണ്ടിരിക്കുന്നത്! 

വിവിധ സംസ്ഥാനങ്ങളില്‍ നടന്ന ഉപതെരഞ്ഞെടുപ്പുകളുടെ ഫലമാകട്ടെ ബി.ജെ.പിക്ക് തിരിച്ചടിനല്‍കുന്നതും മതേതരകക്ഷികളുടെ കൂട്ടായ്മയുടെ വിജയം അറിയിക്കുന്നതുമാണ്. സാമുദായിക ധ്രുവീകരണത്തിലൂടെ വിജയം കൊയ്‌തെടുക്കാനുള്ള ബി.ജെ.പിയുടെ രാഷ്ട്രീയ തന്ത്രത്തിനാണ് ഉപതെരഞ്ഞെടുപ്പുകളില്‍ കനത്ത തിരിച്ചടിയുണ്ടായത്. വികസനമെന്ന അജണ്ട മാറ്റിവെച്ച് 'ലൗ ജിഹാദ്' ഉള്‍പ്പെടെയുള്ള വിവാദവിഷയങ്ങളിലൂടെ മുസ്‌ലിം സമുദായത്തെ പ്രതിക്കൂട്ടില്‍ നിര്‍ത്തി സാമുദായികവികാരം ആളിക്കത്തിക്കാനാണ് ബി.ജെ.പി പരിശ്രമിച്ചത്. ഇതിനെതിരെയുള്ള മതനിരപേക്ഷ ജനാധിപത്യശക്തികളുടെ കൂട്ടായ്മയാണ് ബി.ജെ.പിക്ക് കനത്ത തിരിച്ചടിയായത്. ആ കൂട്ടായ്മ വീണ്ടും വീണ്ടും ശക്തപ്പെടുത്തി മുന്നോട്ടു പോയില്ലെങ്കില്‍ ഗുജറാത്ത് മോഡല്‍ 'ശുദ്ധീകരണം' ഇന്ത്യയില്‍ പലയിടത്തും നടന്നേക്കാം. വിദ്യാഭ്യാസരംഗം മൊത്തം കാവിയില്‍ പൊതിയപ്പെട്ടേക്കാം.    

ബി.ജെ.പി ഭരിക്കുന്ന സംസ്ഥാനങ്ങളിലൊക്കെ പാഠ്യപദ്ധതിയില്‍ ആകുന്നത്ര കാവിവത്കരണം നടത്തിയിട്ടുണ്ട്. നടത്താന്‍ ശ്രമിക്കുന്നുമുണ്ട്. 'വിദ്യാഭ്യാസത്തിന്റെ ഭാരതവത്കരണം' എന്നത് ഒരു ആര്‍.എസ്.എസ് അജണ്ടയാണ്. അതുകൊണ്ട് ഉദ്ദേശിക്കുന്നത് ഹൈന്ദവവത്കരണമാണ്. 2001ല്‍ ജോഷി അവതരിപ്പിച്ച 'രേഖ' അതിന് തെളിവാണ്. മതേതരത്വത്തിന്റെ പുനര്‍നിര്‍വചനം ആവശ്യപ്പെട്ട രേഖ വിദ്യാഭ്യാസത്തെ മൂല്യാധിഷ്ഠതമാക്കുന്നതിനുള്ള പദ്ധതികളാണ് സമര്‍പ്പിക്കുന്നത് എന്നാണ് അവകാശപ്പെട്ടിരുന്നത്. ഇന്ത്യന്‍ പാരമ്പര്യം നിലനിര്‍ത്താന്‍ മാതാപിതാക്കളുടെ കാല്‍തൊട്ട് വന്ദിക്കുക, സംസ്‌കൃതം ലോകത്തിലെ എല്ലാ ഭാഷകളുടെയും മാതാവാണ്; അതിനാല്‍ അത് പഠിക്കല്‍ ആവശ്യമാണ്, വൈദികശാസ്ത്രവും വൈദികഗണിതവും പഠിപ്പിക്കുക... ഇങ്ങനെ പോകുന്നു ജോഷിയുടെ ആഗ്രഹങ്ങള്‍. ഉത്തരേന്ത്യന്‍ സംസ്ഥാനങ്ങളില്‍ ഘട്ടംഘട്ടമായി ഇതെല്ലാം നടപ്പിലാക്കിവരുന്നുണ്ട്. ആസന്നമായ തിരഞ്ഞെടുപ്പില്‍ വീണ്ടും അധികാരത്തില്‍ വന്നാല്‍ ഏകസിവില്‍കോഡ് നടപ്പിലാക്കുമെന്നത് ഒരു വാഗ്ദാനമല്ല, ഭീഷണിയാണ്. ഇത് തിരിച്ചറിഞ്ഞ് വേണ്ടതു ചെയ്താല്‍ ഇന്ത്യ രക്ഷപ്പെടും.