പ്രളയം ഒരു തുടര്‍ക്കഥയാകുന്നുവോ?

പത്രാധിപർ

2019 ആഗസ്ത് 24 1440 ദുല്‍ഹിജ്ജ 22

ഏതാനും ദിവസങ്ങള്‍ക്കു മുമ്പ് മലയാളികള്‍ മഴയ്ക്കു വേണ്ടി കേഴുകയായിരുന്നു. കര്‍ക്കിടക മാസം തുടങ്ങിയിട്ടും മഴ ലഭിക്കാത്തതിനാല്‍ മഴയെ പഴിപറയുകയായിരുന്നു. കുടിവെള്ളത്തിനായി നെട്ടോട്ടമോടുകയായിരുന്നു. രണ്ടുനേരം കുളിച്ച് ശീലിച്ചവര്‍ ഒരു നേരമെങ്കിലും കുളിക്കാന്‍ വെള്ളം കിട്ടിയിരുന്നെങ്കില്‍ എന്ന് ആശിക്കുകയായിരുന്നു. എല്ലാവര്‍ക്കും വേണ്ടത് മഴയായിരുന്നു. ജില്ലാ കളക്ടറോടോ മുഖ്യമന്ത്രിയോടോ പ്രധാനമന്ത്രിയോടോ ചോദിച്ചാല്‍ കിട്ടുന്നതാണ് മഴയെങ്കില്‍ ജനകീയ മുന്നേറ്റം നടത്തിയെങ്കിലും അവരത് നേടിയെടുക്കുമായിരുന്നു. വെള്ളം ലഭിക്കാതായാല്‍ പഞ്ചായത്തുകള്‍ക്കും മുനിസിപ്പാലിറ്റികള്‍ക്കും കോര്‍പ്പറേഷനുകള്‍ക്കും എന്ത് ചെയ്യാനാകും? പരിമിതമായ തോതില്‍ പരിമിതമായ നാളുകളില്‍ ജലവിതരണം സാധ്യമായെന്നു വരാം. അതിനപ്പുറം സാധ്യമല്ല.

കുടിക്കാനും കുളിക്കാനും അലക്കാനും കഴുകാനും കാലികളെ കുടിപ്പിക്കാനും കൃഷിചെയ്യാനുമൊക്കെ ആവശ്യമായ വെള്ളം യഥേഷ്ടം ലഭിക്കണമെങ്കില്‍ ദൈവം മഴകൊണ്ട് കനിയുക തന്നെ വേണം.

ഒരാഴ്ച മുമ്പ് മഴയ്ക്കായി പ്രാര്‍ഥിച്ചിരുന്നവര്‍ ഇന്ന് മഴയൊന്ന് നിലച്ചെങ്കില്‍ എന്ന് കേഴുകയാണ്. കേവലം മൂന്നു ദിവസത്തെ മഴ അത്രമാത്രം ദുരിതവും ദുരന്തവുമാണ് വിതച്ചിരിക്കുന്നത്. മരണപ്പെട്ടവരുടെ കൃത്യമായ എണ്ണം അറിവായിട്ടില്ല. എത്ര വീടുകള്‍ പൂര്‍ണമായി തകര്‍ന്നുവെന്നും ഭാഗികമായി തകര്‍ന്നുവെന്നും എത്ര വീടുകളും കടകമ്പോളങ്ങളുമാണ് വെള്ളത്തില്‍ മുങ്ങിയിട്ടുള്ളതെന്നുമൊക്കെ കൃത്യമായി പറയാന്‍ കഴിഞ്ഞിട്ടില്ല. സാമ്പത്തിക നഷ്ടത്തിന്റെ കണക്കെടുപ്പിന് സാധിച്ചിട്ടില്ല. മഴ ഇങ്ങെന തന്നെ ശക്തമായി തുടരുകയാണെങ്കില്‍ ഡാമുകള്‍ മിക്കതും തുറക്കേണ്ടിവരും. അതോടെ പ്രളയത്തിന്റെ രൂക്ഷത വര്‍ധിക്കും; ഒപ്പം നാശനഷ്ടങ്ങളുടെ വ്യാപ്തിയും.

എത്ര വേഗതയിലാണ് ഗ്രാമങ്ങളും നഗരങ്ങളും കായലുകള്‍ക്കു സമാനമായത്! സ്വന്തം വീട്ടില്‍ സമാധാനത്തോടെ ഉറക്കത്തിലാണ്ടവര്‍ ശക്തമായ ഉരുള്‍പൊട്ടലില്‍ വീടോടെ മണ്ണിനടിയിലായത് നിമിഷങ്ങള്‍ക്കുള്ളിലാണ്. നിരവധി പാലങ്ങള്‍ തകര്‍ന്നു. റോഡുകള്‍ പലസ്ഥലങ്ങളിലും നിശ്ശേഷം ഇല്ലാതായി. പലയിടങ്ങളിലും പൊട്ടിപ്പൊളിഞ്ഞു. തകര്‍ന്നടിഞ്ഞ വീടുകളും നശിച്ച കൃഷികളും ജീവന്‍ നഷ്ടമായ കന്നുകാലികളും... അതിലെല്ലാമുപരി അത്താണി നഷ്ടപ്പെട്ട കുടുംബങ്ങള്‍, വിധവകളായ സ്ത്രീകള്‍, അനാഥരായ കുഞ്ഞുങ്ങള്‍...തകര്‍ന്നടിഞ്ഞ സ്വപ്‌നസൗധങ്ങള്‍... അതെ, നഷ്ടത്തിന്റെ കണക്കുകള്‍ മാത്രം ബാക്കി.

മഴയും മഴക്കാലവും കേരളത്തില്‍ ആദ്യമല്ല. അടുത്ത കാലത്തായി മഴക്കാലം വന്നാല്‍ പ്രളയത്തിലേക്ക് വഴിമാറുന്നതെന്തുകൊണ്ടായിരിക്കും? മലകളും കുന്നുകളും അപ്പാടെ കുത്തിയൊലിച്ചിറങ്ങാന്‍ കാരണമെന്ത്? പുഴകള്‍ കരകവിഞ്ഞും ഗതിമാറിയും ഒഴുകാനും മഴ നിലച്ചാല്‍ പെട്ടെന്നു തന്നെ നീരൊഴുക്ക് കുറയാനും ഹേതുവെന്ത്? കിണറുകളും മറ്റു ജലസ്രോതസ്സുകളും അതിവേഗം വറ്റുന്നതെന്തുകൊണ്ട്?

മനുഷ്യകരങ്ങള്‍ക്ക് ഇതില്‍ പങ്കില്ലേ? അശാസ്ത്രീയവും അമിതവുമായ പ്രകൃതി ചൂഷണം, (പാറപൊട്ടിക്കല്‍, മണ്ണെടുക്കല്‍, മണലൂറ്റല്‍, വനനശീകരണം....) സ്വാഭാവികമായ ഒഴുക്കിനെ തടയുംവിധം പുഴയോരങ്ങള്‍ കയ്യേറല്‍, പാടങ്ങള്‍ മണ്ണിട്ടു മൂടി വീടുകളും മറ്റും നിര്‍മിക്കല്‍ ഇങ്ങനെ പല ഘടകങ്ങളും ഇതിനെല്ലാം കാരണമായിത്തീരുന്നില്ലേ? പുഴകളുടെ ഇരുഭാഗത്തുമുള്ള പാടങ്ങളില്‍ നെല്‍കൃഷിയുണ്ടായിരുന്ന കാലത്ത് സമീപത്തുള്ള വീടുകളിലെ കിണറുകളിലും കുളങ്ങളിലും വെള്ളം സമൃദ്ധമായിരുന്നു എന്നത് ഓര്‍ക്കുക.

ദുരിത ബാധിതരുടെ പ്രയാസങ്ങള്‍ക്ക് പരിഹാരം വേണം. എല്ലാം ഞൊടിയിടക്കുള്ളില്‍ നടക്കില്ല. എങ്കിലും സാധ്യമാകുന്നത്ര വേഗത്തിലാകണം. പ്രശ്‌ന പരിഹാരത്തിന് ഏകോപിച്ചുള്ള പ്രവര്‍ത്തനം ആവശ്യമാണ്. എല്ലാറ്റിലുമുപരി സര്‍വശക്തനോട് പ്രാര്‍ഥിക്കുക. ഏത് പ്രയാസവും നീക്കിത്തരുവാന്‍ കഴിവുള്ളത് അവന് മാത്രമാണ്.