വിശേഷബുദ്ധി വിഫലമാക്കാനുള്ളതല്ല

പത്രാധിപർ

2019 ഒക്ടോബര്‍ 26 1441 സഫര്‍ 27

മനുഷ്യന്‍ എത്രയധികം വിജ്ഞാനവും കഴിവുകളും നേടിക്കഴിഞ്ഞിട്ടുണ്ടെങ്കിലും ഈ മഹാ പ്രപഞ്ചത്തിലെ ഒരു ചെറിയ ജീവി മാത്രമാണവന്‍. എന്നാല്‍ മറ്റു ജീവികളെക്കാള്‍ മനുഷ്യനൊരു സവിശേഷതയുണ്ട്. അതാണ് വിശേഷ ബുദ്ധി. ഈ ബുദ്ധി ഉപയോഗിച്ചുകൊണ്ട് മനുഷ്യന്‍ പലതും കണ്ടുപിടിച്ചിട്ടുണ്ട്. എന്നാല്‍ ഈ ഭൂമിയിലുള്ള വസ്തുക്കളില്‍ രൂപമാറ്റം വരുത്തുവാനല്ലാതെ പുതുതായി ലോകത്ത് എന്തെങ്കിലും സൃഷ്ടിക്കുവാന്‍ മനുഷ്യര്‍ക്ക് കഴിയില്ല. ഈ പ്രപഞ്ചത്തില്‍ അല്ലാഹു സൃഷ്ടിച്ചുവെച്ച പലതരത്തിലുള്ള അത്ഭുതങ്ങളും മനുഷ്യന്‍ ചിന്തിച്ചു പഠിച്ച് അല്‍പാല്‍പമായി മനസ്സിലാക്കിക്കൊണ്ടിരിക്കുന്നു എന്നു മാത്രം. ഇതിനാണ് ശാസ്ത്രീയ നേട്ടങ്ങള്‍ എന്നു പറയുന്നത്.

ഇത്തരം അറിവുകള്‍ അഹങ്കാരമില്ലാത്ത ജനങ്ങള്‍ക്ക് ദൈവവിശ്വാസം വര്‍ധിപ്പിക്കുകയാണ് ചെയ്യുക. അല്ലാഹു പറയുന്നു:

''തീര്‍ച്ചയായും ആകാശ ഭൂമികളുടെ സൃഷ്ടിപ്പിലും രാവും പകലും മാറി മാറി വരുന്നതിലും ബുദ്ധിയുള്ളവര്‍ക്കു പല ദൃഷ്ടാന്തങ്ങളുമുണ്ട്. അതായത് നിന്നും ഇരുന്നും കിടന്നും അല്ലാഹുവിനെ ഓര്‍മിക്കുന്നവര്‍ക്കും ആകാശങ്ങളുടെയും ഭൂമിയുടെയും സൃഷ്ടിപ്പിനെപ്പറ്റി ചിന്തിച്ചുകൊണ്ടിരിക്കുന്നവര്‍ക്കും. ഞങ്ങളുടെ രക്ഷിതാവേ, ഇതൊന്നും നീ വെറുതെ പടച്ചതല്ല. നീ മഹാ പരിശുദ്ധന്‍ തന്നെ. അതിനാല്‍ ഞങ്ങളെ നീ നരക ശിക്ഷയില്‍നിന്നും കാത്തുരക്ഷിക്കേണമേ എന്ന് അവര്‍ പറയും''.  (3:190,191)

വിനയവും വിജ്ഞാനവും ഉള്ളവര്‍ക്കേ അല്ലാഹുവിനെ ശരിയായി മനസ്സിലാക്കുവാന്‍ കഴിയൂ. നമ്മെ സൃഷ്ടിച്ചുണ്ടാക്കിയ പോലെ അവന്‍ നമ്മെ മരിപ്പിക്കും. ശേഷം അവന്‍ നമ്മെ പുനരുജ്ജീവിപ്പിക്കും. അങ്ങനെ നന്മ ചെയ്തവര്‍ക്ക് അതിന്റെ പ്രതിഫലവും തിന്മ ചെയ്തവര്‍ക്ക് അതിന്റെ ഫലവും ലഭിക്കും. അതിനാല്‍ നാമെല്ലാവരും അല്ലാഹുവിനെ ഭയപ്പെട്ടുകൊണ്ടും അവനെയും അവന്റെ റസൂലിനെയും അനുസരിച്ചു കൊണ്ടും ജീവിക്കേണ്ടതുണ്ട്. ഇതാണ് ഇസ്‌ലാം പഠിപ്പിക്കുന്ന അടിസ്ഥാന പാഠം.

എന്നാല്‍ എല്ലാവിധ മാനുഷികമായ ഉത്തരവാദിത്തങ്ങളില്‍ നിന്നും ഒളിച്ചോടി, കേവലം ആത്മീയ ജീവിയായി കാലം തള്ളിനീക്കാന്‍ ഇസ്‌ലാം കല്‍പിക്കുന്നില്ല. അധ്വാനിക്കണം, കുടുംബ ജീവിതം നയിക്കണം, സ്രഷ്ടാവിനോടുള്ള കടമകള്‍ നിര്‍വഹിക്കുന്നതോടൊപ്പം സഹജീവികളോടുള്ള കടമയും നിറവേറ്റണം. എന്നാല്‍ അത്യന്തിക ലക്ഷ്യം ഐഹികവിഭവ സമാഹരണവും സുഖാസ്വാദനവുമായിരിക്കരുത്. മരണത്തെ മറന്നുകൊണ്ട് ഭൗതിക ജീവിതത്തോട് അത്യാസക്തി കാണിക്കുന്നത് ഇസ്‌ലാം വെറുക്കുന്നു. സ്രഷ്ടാവ്  നല്‍കിയ ഏതേത് അനുഗ്രഹങ്ങളുണ്ടോ അതുകൊണ്ടെല്ലാം സ്രഷ്ടാവിന്റെ പ്രീതി സമ്പാദിക്കാനാണ് മനുഷ്യന്‍ പരിശ്രമിക്കേണ്ടത്. അല്ലാഹു പറയുന്നു:

''അല്ലാഹു നിനക്ക്  നല്‍കിയിട്ടുള്ളതിലൂടെ നീ പരലോക വിജയം തേടുക. ഐഹിക ജീവിതത്തില്‍നിന്ന് നിനക്കുള്ള ഓഹരി നീ വിസ്മരിക്കുകയും വേണ്ട. അല്ലാഹു നിനക്ക് നന്മ ചെയ്തതു പോലെ നീയും നന്മ ചെയ്യുക. നീ നാട്ടില്‍ കുഴപ്പത്തിന് മുതിരരുത്. കുഴപ്പമുണ്ടാക്കുന്നവരെ അല്ലാഹു തീര്‍ച്ചയായും ഇഷ്ടപ്പെടുന്നതല്ല'' (28:77).

സ്രഷ്ടാവിന്റെ ആജ്ഞാ നിര്‍ദേശങ്ങള്‍ മുഴുവനും അനുസരിക്കാന്‍ മനുഷ്യന്‍ പ്രതിജ്ഞാബദ്ധനാണ്. മനുഷ്യന്റെ പ്രഥമവും പ്രധാനവുമായ കര്‍ത്തവ്യം സ്രഷ്ടാവിനെ മാത്രം ആരാധിക്കുക എന്നതാണ്. അല്ലാഹു പറയുന്നു:

''ജനങ്ങളേ, നിങ്ങളെയും നിങ്ങളുടെ മുന്‍ഗാമികളെയും സൃഷ്ടിച്ച നിങ്ങളുടെ നാഥനെ നിങ്ങള്‍ ആരാധിക്കുവിന്‍'' (2:21).

''അല്ലാഹുവിനു പുറമെ, നിനക്ക് ഉപകാരം ചെയ്യാത്തതും ഉപദ്രവം ചെയ്യാത്തതുമായ യാതൊന്നിനോടും നീ പ്രാര്‍ഥിക്കരുത്. നീ അപ്രകാരം ചെയ്യുന്ന പക്ഷം തീര്‍ച്ചയായും നീ അക്രമികളുടെ കൂട്ടത്തിലായിരിക്കും'' (10:106).