മുത്ത്വലാക്വും മുഴുവന്‍ ത്വലാക്വും

പത്രാധിപർ

2019 ജനുവരി 12 1440 ജുമാദല്‍ അവ്വല്‍ 06

ഇന്ത്യയിലെ മുസ്‌ലിം സ്ത്രീകളുടെ സുരക്ഷയുടെ കാര്യത്തില്‍ കേന്ദ്ര സര്‍ക്കാരിനുള്ള അടങ്ങാത്ത താല്‍പര്യം കാണുമ്പോള്‍ കണ്ണുകള്‍ സന്തോഷത്താല്‍ നിറയുകയാണ്. ഇവര്‍ ഇത്രയും കാലം എവിടെയായിരുന്നു എന്ന് അറിയാതെ ചോദിച്ചുപോകുന്നു. ഒരു മുസ്‌ലിം സ്ത്രീയുടെയും കണ്ണീര്‍തുള്ളികള്‍ 'ഭാരതാംബ'യുടെ മടിത്തട്ടില്‍ ഉറ്റിവീണുകൂടാ എന്ന ചിന്തയാല്‍ മാത്രം മുത്ത്വലാക്വിനെ നിരോധിക്കാന്‍ ആര്‍ജവം കാണിച്ച, അതിനായി പ്രതിപക്ഷ പാര്‍ട്ടികളോട് കൈമെയ് മറന്ന് പോരാടുന്ന ഭരണകൂടത്തെ എന്തിനാണ് അന്ധമായി വിമര്‍ശിക്കുന്നത്?

ഗുജറാത്ത് കലാപവേളയില്‍ പൂര്‍ണഗര്‍ഭിണിയായ മുസ്‌ലിം സ്ത്രീയെ പിടിച്ച് ജീവനോടെ പള്ളകീറി ഗര്‍ഭസ്ഥശിശുവിനെ പുറത്തെടുത്ത് ശൂലത്തില്‍ തുളച്ച് ആളിക്കത്തുന്ന തീയില്‍ ചുട്ടെടുത്തതൊക്കെ അങ്ങ് മറന്നേക്കുക. നൂറുകണക്കിന് മുസ്‌ലിം സ്ത്രീകളെ കലാപത്തിന്റെ മറവില്‍ മാനഭംഗപ്പെടുത്തിയതും കൊന്നതും ഓര്‍ക്കാതിരിക്കുക. അതൊക്കെ 'ഒറ്റപ്പെട്ട' സംഭവമായി എഴുതിത്തള്ളാവുന്നതല്ലേയുള്ളൂ. അന്നൊക്കെ ഈ മുസ്‌ലിം സ്ത്രീകളോടുള്ള 'മുഹബ്ബത്ത്' എവിടെപ്പോയി ഒളിച്ചിരുന്നു എന്ന ചോദ്യത്തിന് പ്രസക്തിയേ ഇല്ല എന്നറിയുക.  

മറവി ഒരനുഗ്രഹമാണ് എന്ന് പറഞ്ഞത് ആരാണെന്നറിയില്ല. അപ്പറഞ്ഞത് വളരെ ശരിയാണ്. എല്ലാവരും കഴിഞ്ഞതെല്ലാമങ്ങ് മറന്നേക്കുക. ഏത് മറക്കണം, ഏതെല്ലാം ഓര്‍ക്കണം എന്ന് ആരും സ്വയം തീരുമാനമെടുക്കരുത്. അതിന് നിയമനിര്‍മാണം നടത്തി പുലിവാലു പിടിക്കേണ്ട അവസ്ഥയുണ്ടാക്കേണ്ട. പറയേണ്ടവര്‍ പറയും, അനുസരിക്കേണ്ടവര്‍ അനുസരിക്കാന്‍ മാത്രം ശീലിക്കുക. അലിഖിത നിയമമായി അത് നിലനില്‍ക്കണം. 

മുത്ത്വലാക്വ് നിരോധന ബില്‍ ഏകസിവില്‍കോഡിലേക്കുള്ള കാല്‍വയ്പാണ്, മുസ്‌ലിം പുരുഷന്മാരുടെ പീഡനത്തില്‍ പൊറുതിമുട്ടി ജീവിക്കുന്നവരാണ് മുസ്‌ലിം സ്ത്രീകള്‍ എന്ന് വരുത്തിത്തീര്‍ക്കാനുള്ള ്രശമമാണ്, മുസ്‌ലിം വ്യക്തിനിയമങ്ങളില്‍ കൈവെക്കാനുള്ള വാതില്‍തുറന്നിടലാണ് എന്നൊക്കെ ആരോപിക്കുന്നവര്‍ ആരോപിക്കട്ടെ. അവര്‍ക്ക് ഭരണമില്ലാത്തതിന്റെ കെറുവാണ്. മുസ്‌ലിം പുരുഷന്മാരെ ജയിലിലടക്കാനുള്ള കൊതിയൊന്നും ബില്‍ കൊണ്ടുവരുന്നവര്‍ക്കില്ല. മുത്ത്വലാക്വ് ചെയ്താലല്ലേ ജയിലിലിടൂ. മുത്ത്വലാക്വ് എന്നല്ല ഒറ്റ ത്വലാക്വും രാജ്യത്ത് സംഭവിക്കരുത്. ഒറ്റയടിക്ക് അങ്ങനെയങ്ങ് പറയുന്നത് ശരിയല്ലല്ലോ. അതൊക്കെ സാവകാശമാവാം.

കൂട്ടരേ, ഇന്ത്യാരാജ്യം നേരിടുന്ന ഏറ്റവും വലിയ ഭീഷണി മാവോയിസ്റ്റുകളാണെന്ന് മുന്‍ പ്രധാനമന്ത്രി മന്‍മോഹന്‍ സിംഗ് പ്രസ്താവിച്ചത് നിങ്ങളോര്‍ക്കുന്നുണ്ടാകുമല്ലോ. അതൊക്കെ വെറും പൊയ്‌വെടിയാണ്. മുത്ത്വലാക്വാണ് ഇന്ന് രാജ്യം നേരിടുന്ന ഗുരുതരമായ ഭീഷണി. അതുകൊണ്ടാണ് തിരക്കിട്ട് അതിനെതിരെ ബില്‍ കൊണ്ടുവന്നത്. പിന്നെ ഐ.എസ്, അല്‍ക്വാഇദ പോലുള്ള ഭീകരസംഘങ്ങളുടെ ആക്രമണം... കാശ്മീരിലെ ഭീകരാക്രമണം... ഇെതാന്നും അത്ര വലിയ വിഷയങ്ങളല്ല. നമ്മുടെ സൈന്യവും പൊലീസുമൊക്കെ അപ്പപ്പോള്‍ അവരെ കണ്ടെത്തി നശിപ്പിക്കാന്‍ പ്രാപ്തിയുള്ളവരാണ്. പക്ഷേ, ദോഷൈകദൃക്കുകള്‍ അവിടെയും കുറ്റമാണ് കണ്ടെത്തുക. തീവ്രവാദികൡ നിന്നും പിടിച്ചെടുത്തത് ബോംബും റോക്കറ്റ് ലോഞ്ചറുമൊന്നുമല്ല; ദീപാവലി പടക്കവും പിന്നെ ട്രാക്റ്ററിന്റെ എന്തോ കുന്ത്രാണ്ടവുമാണ് എന്നൊക്കെ പറഞ്ഞ് പ്രചരിപ്പിക്കലാണ് അവരുടെ പണി. അതിന് ചില മാധ്യമങ്ങളും കൂട്ടുനില്‍ക്കുന്നു. സോഷ്യല്‍ മീഡിയകളാണ് പലപ്പോഴും പണിതരുന്നത്. എല്ലാവര്‍ക്കും എല്ലാവിധ പണിതരാനും സര്‍ക്കാരിന് കഴിയും എന്നേ പറയാനുള്ളൂ. എങ്ങനെ ആര്‍ക്കൊക്കെ എപ്പോഴൊക്കെ മൂക്കുകയറിടണമെന്ന് സര്‍ക്കാരിന് നന്നായി അറിയാം.