ഫലസ്തീന്‍ പ്രശ്‌നവും ഇന്ത്യയുടെ നിലപാട് മാറ്റവും

പത്രാധിപർ

2019 ജൂണ്‍ 29 1440 ശവ്വാല്‍ 26

ജനിച്ചുവളര്‍ന്ന ഫലസ്തീന്‍ നാട്ടില്‍ സമാധാനത്തോടെ ജീവിച്ചിരുന്ന ജനങ്ങളെ ആട്ടിയോടിച്ച് അധിനിവേശം നടത്തിയവരാണ്  ഇസ്രയേലികള്‍ അഥവാ സയണിസ്റ്റ് ജൂതന്മാര്‍. അധിനിവേശം നടത്തിയവരെ ആട്ടിയോടിക്കേണ്ടതിനു പകരം അവര്‍ക്ക് ഒത്താശ ചെയ്തുകൊടുക്കുകയാണ് അന്ന് ഐക്യരാഷ്ട്ര സഭ ചെയ്തത്! 1948ല്‍ ഫലസ്തീന്‍ പ്രദേശങ്ങള്‍ രണ്ടായി പകുത്ത് ഇസ്രയേല്‍, ഫലസ്തീന്‍ എന്നീ രാഷ്ട്രങ്ങള്‍ രൂപീകരിക്കുകയാണ്  ഐക്യരാഷ്ട്ര സഭ ചെയ്തത്.

1948 മെയ് 15ന് ഇസ്രയേലും അറബ് രാഷ്ട്രങ്ങളും തമ്മിലുണ്ടായ ഏറ്റുമുട്ടലിനിടെ ഐക്യരാഷ്ട്ര സഭ നിര്‍ണയിച്ച അതിര്‍ത്തി ഇസ്രയേല്‍ വര്‍ധിപ്പിച്ചു. 1967ല്‍ ഗാസയും വെസ്റ്റ് ബാങ്കും ഗോലാന്‍ കുന്നുകളും ഇ്രസയേല്‍ പിടിച്ചെടുത്തു. ജോര്‍ദാന്റെ ഭാഗമായിരുന്ന കിഴക്കന്‍ ജറുസലേമും അവര്‍ കയ്യടക്കി. അതോടെ ഇസ്രയേലിനകത്തെ ഫലസ്തീനികള്‍, ഇസ്രയേല്‍ കീഴടക്കിയ സ്ഥലത്തെ ഫലസ്തീനികള്‍, ഇ്രസയേല്‍ കീഴടക്കി ഇസ്രയേലി നിയമങ്ങള്‍ ബാധകമാക്കിയ സ്ഥലത്തെ (കിഴക്കന്‍ ജറുസലേം) ഫലസ്തീനികള്‍, ഇസ്രയേലിന്റെ മേല്‍നോട്ടത്തില്‍ ഫലസ്തീന്‍കാര്‍ക്ക് പരിമിതമായ സ്വയംഭരണാവകാശം നല്‍കിയ (ഗാസ, ജെറിക്കോ) പ്രദേശത്തെ ഫലസ്തീനികള്‍ എന്നിങ്ങനെ നാലുതരം പൗരന്മാരായി ഫലസ്തീനികള്‍ മാറി.

ഇസ്രയേലിന്റെ കോളനിവാഴ്ച ആരംഭിച്ചതു മുതല്‍ തുടങ്ങിയതാണ് ഫലസ്തീനികളുടെ ചെറുത്തുനില്‍പ്. ജനിച്ചുവളര്‍ന്ന നാടിന്റെ സ്വാതന്ത്ര്യത്തിനായി പൊരുതുന്ന ഫലസ്തീനികളെ അക്രമികളായും അധിനിവേശം നടത്തിയ അക്രമികളായ ഇസ്രയേലികളെ സമാധാനം സ്ഥാപിക്കാന്‍ ശ്രമിക്കുന്നവരുമായി മാത്രമെ എന്നും പാശ്ചാത്യമാധ്യമങ്ങളും രാഷ്ട്രങ്ങളും ചിത്രീകരിച്ചിട്ടുള്ളൂ.

ഫലസ്തീനികളെ ഉന്മൂലനാശം വരുത്തി മുഴുവന്‍ പ്രേദശവും തങ്ങളുടേതാക്കുക എന്ന ലക്ഷ്യമാണ് ഇസ്രയേലിനുള്ളത്. ഫലസ്തീനി ബാലന്മാരെ തിരഞ്ഞുപിടിച്ച് വധിക്കുന്നതിനു പിന്നില്‍ ഈയൊരു ലക്ഷ്യമാണുള്ളത്. ഇസ്രയേല്‍ നിരന്തരം വ്യോമാക്രമണം നടത്തി ഫലസ്തീന്‍ ജനങ്ങളെ കൊന്നൊടുക്കുകയും അവരുടെ ഭവനങ്ങള്‍ തകര്‍ക്കുകയും ചെയ്തുകൊണ്ടിരിക്കുകയാണ്.

ഫലസ്തീനികളുടെ കൂടെ നില്‍ക്കുക എന്നത് തികച്ചും മനുഷ്യത്വപരമായ നിലപാടാണ്. ജവഹര്‍ലാല്‍ നെഹ്‌റുവിന്റെ കാലം മുതല്‍ക്കേ ഇന്ത്യ മര്‍ദിതരായ ഫലസ്തീനികളുടെ പക്ഷത്തായിരുന്നു. എന്നാല്‍ ഇന്ന് ആ അവസ്ഥ മാറിയിരിക്കുന്നു. മര്‍ദകരായ ഇസ്രയേലിനെ പല കാര്യങ്ങള്‍ക്കും ആശ്രയിക്കാനും സഹായിക്കാനും ഇന്ന് ഇന്ത്യ തയ്യാറാണ്! ഫലസ്തീന്‍ ജനതയോട് അനുഭാവമുള്ള വിദേശനയത്തില്‍നിന്ന് ഇന്ത്യ പാടെ വ്യതിചലിച്ചിരിക്കുന്നു. ഇന്ന് ഇന്ത്യയുടെ ഏറ്റവും വലിയ ചങ്ങാതി ഇസ്‌റായേല്‍ ആണ് എന്നുതന്നെ പറയാം. ഐക്യരാഷ്ട്ര സഭയുടെ സാമ്പത്തിക, സാമൂഹിക കാര്യ സമിതിയില്‍ ഇക്കഴിഞ്ഞ ജൂണ്‍ 6ന് നടന്ന ഒരു വോട്ടെടുപ്പില്‍ ഇന്ത്യ ഇസ്രായേലിന് വോട്ട് ചെയ്തുകൊണ്ട് ഫലസ്തീന്‍ ജനതയോട് രാജ്യം ഇക്കാലംവരെയും നിലനിര്‍ത്തിപ്പോന്ന അനുഭാവപൂര്‍ണമായ നിലപാടില്‍ നിന്ന് പിന്‍മാറിയിരിക്കുന്നു എന്ന് പരസ്യമായി വ്യക്തമാക്കിയിരിക്കുകയാണ്. സാര്‍വദേശീയ വേദികളില്‍ ഇന്ത്യയുടെ എക്കാലത്തെയും സുഹൃത്തുക്കളായ ശക്തികളെല്ലാം ഇന്നും ഫലസ്തീനിന്റെ പക്ഷത്താണ് നിലകൊള്ളുന്നത്. അതിനാല്‍തന്നെ ഇത് ഭാവിയില്‍ ഇന്ത്യയുടെ ദേശീയതാല്‍പര്യങ്ങളെ ഏതു വിധത്തില്‍ ബാധിക്കുമെന്ന് കണ്ടറിയേണ്ടിയിരിക്കുന്നു.