വിമര്‍ശനത്തിലെ മര്യാദ

പത്രാധിപർ

2019 നവംബര്‍ 16 1441 റബിഉല്‍ അവ്വല്‍ 19

എന്തിനെയും ഏതിനെയും വിമര്‍ശിക്കുകയും നിരൂപണം നടത്തുകയും ചെയ്യുന്നത് പുതിയകാല പ്രവണതയാണ്. സോഷ്യല്‍മീഡിയയുടെ വരവോടുകൂടി ഇന്റര്‍നെറ്റ് കണക്ഷന്‍ ഉള്ളവരെല്ലാം നിരൂപകരും വിമര്‍ശകരുമായി മാറിയ അവസ്ഥയാണ് കാണാന്‍ സാധിക്കുന്നത്. വിമര്‍ശനവും നിരൂപണവുമൊക്കെയാവാം; ആരോഗ്യപരവും ഗുണകാംക്ഷയില്‍ അധിഷ്ഠിതവുമായിരിക്കണം എന്നുമാത്രം.

മുഹമ്മദ് നബി ﷺ യുടെ പ്രബോധനമാരംഭിച്ചത് നിലവിലുള്ള വിശ്വാസങ്ങളെയും ആചാരങ്ങളെയും അന്ധമായി നിഷേധിച്ചുകൊണ്ടല്ല. മറിച്ച്, കാര്യകാരണാടിസ്ഥാനത്തില്‍ നിരൂപണം ചെയ്തുകൊണ്ടാണ്. കാര്യം ബോധിപ്പിക്കുന്നതില്‍ ക്വുര്‍ആന്‍ സ്വീകരിച്ച ശൈലിക്ക് ഒരു ഉദാഹരണം കാണുക:

''(നബിയേ,) ചോദിക്കുക: ആരാണ് ആകാശങ്ങളുടെയും ഭൂമിയുടെയും രക്ഷിതാവ്? പറയുക: അല്ലാഹുവാണ്. പറയുക: എന്നിട്ടും അവന്നു പുറമെ അവരവര്‍ക്കു തന്നെ ഉപകാരമോ ഉപദ്രവമോ ചെയ്യാന്‍ സ്വാധീനമില്ലാത്ത ചില രക്ഷാധികാരികളെ നിങ്ങള്‍ സ്വീകരിച്ചിരിക്കുകയാണോ? പറയുക: അന്ധനും കാഴ്ചയുള്ളവനും തുല്യരാകുമോ? അഥവാ ഇരുട്ടുകളും വെളിച്ചവും തുല്യമാകുമോ? അതല്ല, അല്ലാഹുവിന് പുറമെ അവര്‍ പങ്കാളികളാക്കി വെച്ചവര്‍, അവന്‍ സൃഷ്ടിക്കുന്നത് പോലെത്തന്നെ സൃഷ്ടി നടത്തിയിട്ട് (ഇരു വിഭാഗത്തിന്റെയും) സൃഷ്ടികള്‍ അവര്‍ക്ക് തിരിച്ചറിയാതാവുകയാണോ ഉണ്ടായത്? പറയുക: അല്ലാഹുവത്രെ എല്ലാ വസ്തുക്കളുടെയും സ്രഷ്ടാവ്. അവന്‍ ഏകനും സര്‍വാധിപതിയുമാകുന്നു'' (ക്വുര്‍ആന്‍ 13:16).

ഇതാണ് ക്വുര്‍ആനിന്റെ ൈശലി. നന്മ ഉപദേശിക്കുകയും തിന്മ വിരോധിക്കുകയും െചയ്യുക എന്നത് ഇസ്‌ലാം അടിസ്ഥാനപരമായ സാമൂഹ്യബാധ്യതയായി നിശ്ചയിച്ചതാണ്. മറ്റുള്ളവരുടെ ചെയ്തികളിലുള്ള തിന്മകളെ കണ്ണടച്ച് അടിച്ചൊതുക്കാനല്ല ഈ കല്‍പന. മറിച്ച് തിന്മക്കു നേരെ ക്രിയാത്മക പ്രതികരണത്തിനാണ് കല്‍പിക്കുന്നത്. ആ മാര്‍ഗം സംവാദമവുമാകാം. പക്ഷേ, നല്ലരീതിയില്‍ മാത്രമാകണമെന്ന് മാത്രം.  

വിമര്‍ശനങ്ങള്‍ സത്യസന്ധമായിരിക്കണം. ഒരു തിന്മയെ കൈകൊണ്ടോ വാക്കുകൊണ്ടോ മനസ്സുകൊണ്ടോ കഴിയുംവിധം തടുത്തുനിര്‍ത്തുവാന്‍ സത്യവിശ്വാസി ബാധ്യസ്ഥനാണ്. അക്കാര്യത്തില്‍ അല്ലാഹുവിനെയല്ലാതെ മറ്റാരെയും ഭയപ്പെടേണ്ടതുമില്ല. തിന്മക്ക് നേരെയുള്ള ഇത്തരം വിമര്‍ശനാത്മക സമീപനം ഭദ്രമായ ഒരു സമൂഹത്തിന്ന് അത്യാവശ്യവുമാണ്. എന്നാല്‍ യാഥാര്‍ഥ്യത്തിന്റെ പിന്തുണയില്ലാത്ത എതിര്‍പ്പുകള്‍ വിമര്‍ശനമല്ല; വൈരാഗ്യമാണ്. സത്യനിരാസമാണ്. കപടവിശ്വാസികള്‍ നബി ﷺ യെയും മുസ്‌ലികളെയും ഇടിച്ചുതാഴ്ത്തുവാനും അപകീര്‍ത്തിപ്പെടുത്തുവാനും വേണ്ടി വ്യാജാരോപണങ്ങള്‍ ഉന്നയിച്ച സംഭവങ്ങള്‍ വിശുദ്ധ ക്വുര്‍ആന്‍ പ്രതിപാദിച്ചത് ശ്രദ്ധേയമാണ്:  

''നിങ്ങള്‍ നാട്ടില്‍ കുഴപ്പമുണ്ടാക്കാതിരിക്കൂ എന്ന് അവരോട് ആരെങ്കിലും പറഞ്ഞാല്‍, ഞങ്ങള്‍ സല്‍പ്രവര്‍ത്തനങ്ങള്‍ മാത്രമാണല്ലോ ചെയ്യുന്നത് എന്നായിരിക്കും അവരുടെ മറുപടി. എന്നാല്‍ യഥാര്‍ഥത്തില്‍ അവര്‍ തന്നെയാകുന്നു കുഴപ്പക്കാര്‍. പക്ഷേ, അവരത് മനസ്സിലാക്കുന്നില്ല'' (2:11,12).

''തീര്‍ച്ചയായും ആ കള്ളവാര്‍ത്തയും കൊണ്ട് വന്നവര്‍ നിങ്ങളില്‍ നിന്നുള്ള ഒരു സംഘം തന്നെയാകുന്നു. അത് നിങ്ങള്‍ക്ക് ദോഷകരമാണെന്ന് നിങ്ങള്‍ കണക്കാക്കേണ്ട. അല്ല, അത് നിങ്ങള്‍ക്ക് ഗുണകരം തന്നെയാകുന്നു. അവരില്‍ ഓരോ ആള്‍ക്കും താന്‍ സമ്പാദിച്ച പാപം ഉണ്ടായിരിക്കുന്നതാണ്. അവരില്‍ അതിന്റെ നേതൃത്വം ഏറ്റെടുത്തവനാരോ അവന്നാണ് ഭയങ്കര ശിക്ഷയുള്ളത്...'' (24:11,12).

പ്രവാചക പത്‌നി ആഇശ(റ)യെയും സ്വഫ്‌വാന്‍(റ) എന്ന സ്വഹാബിയെയും കുറിച്ച് കപടവിശ്വാസികള്‍ പ്രചരിപ്പിച്ച ദുരാരോപണത്തെപ്പറ്റിയാണ് ആ വ്യാജവാര്‍ത്ത എന്നു പറഞ്ഞത്. ഈ അധ്യായത്തിന്റെ തുടര്‍ന്നുള്ള ഒമ്പത് സൂക്തങ്ങളിലും ഇൗ സാമൂഹ്യദ്രോഹികളുടെ ചെയ്തികളെയാണ് പരാമര്‍ശിക്കുന്നത്. പ്രവാചകന്‍ ﷺ  ജീവിച്ചിരിക്കെ അവിടുത്തെ നേതൃത്വത്തില്‍ ഒന്നിച്ച് ഒരാദര്‍ശത്തില്‍ ജീവിക്കുന്ന ആ വിശുദ്ധ തലമുറയില്‍ പോലും സാമൂഹ്യഭദ്രതക്ക് ഇളക്കം തട്ടിക്കാന്‍ കാപട്യത്തിന്റെ ശക്തികള്‍ക്ക് സാധിച്ചിട്ടുണ്ടെങ്കില്‍ ആ സാമൂഹ്യനാശം എക്കാലത്തും പ്രതീക്ഷിക്കാവുന്നതാണന്ന കാര്യത്തില്‍ സംശയമില്ല.