പരീക്ഷയുടെ ചൂടില്‍ വിസ്മരിക്കപ്പെടുന്നത്

പത്രാധിപർ

2019 മാര്‍ച്ച് 23 1440 റജബ് 16

കുട്ടികള്‍ക്ക് പരീക്ഷയുടെ കാലമാണിത്. വേനല്‍ ചൂടിനൊപ്പം പരീക്ഷാ ചൂടും ഉയര്‍ന്നുനില്‍ക്കുന്ന സമയം. പരീക്ഷയുടെ പേരില്‍ കുട്ടികളെക്കാള്‍ ടെന്‍ഷനടിക്കുന്നത് അവരുടെ മാതാപിതാക്കളാണ്-വിശിഷ്യാ മാതാക്കള്‍-എന്നതാണ് വാസ്തവം. ടെന്‍ഷനില്ലാതെ തങ്ങളാലാവും വിധം പഠിച്ചുകൊണ്ടിരിക്കുന്ന കുട്ടികളെ പോലും ടെന്‍ഷനടിപ്പിക്കുന്നതില്‍ ഭൂരിപക്ഷം മാതാപിതാക്കളും വലിയ പങ്കാണ് വഹിച്ചുകൊണ്ടിരിക്കുന്നത്. 

എല്ലാ കുട്ടികളുടെയും ബൗദ്ധികനിലവാരം ഒരുപോലെയല്ലല്ലോ. വളരെ നന്നായി പഠിക്കാന്‍ കഴിയുന്നവരും പഠനത്തില്‍ ശരാശരി നിലവാരം പുലര്‍ത്തുന്നവരും വളരെ പിന്നാക്കം നില്‍ക്കുന്നവരും ഉണ്ടാകും. ഈ ബോധമില്ലാതെ ഗ്രാഹ്യശേഷി കുറഞ്ഞ കുട്ടികളെ പോലും അടിച്ചും തൊഴിച്ചും നിര്‍ബന്ധിച്ചും ഫുള്‍ എ പ്ലസ് വാങ്ങിപ്പിക്കാന്‍ കഠിനാധ്വാനം ചെയ്യുന്ന രക്ഷിതാക്കള്‍ പച്ചമാങ്ങ തല്ലിപ്പഴുപ്പിക്കുന്ന പ്രവര്‍ത്തനമാണ് ചെയ്യുന്നത് എന്ന് തിരിച്ചറിയേണ്ടതുണ്ട്. 

ഉയര്‍ന്ന മാര്‍ക്ക് വാങ്ങി ജയിക്കലും സര്‍ക്കാര്‍ ജോലി കരസ്ഥമാക്കലുമൊക്കെയാണ് ജീവിതം, അതിന് കഴിയാത്തവര്‍ ഒന്നിനും കൊള്ളാത്തവരാണ് എന്ന സന്ദേശമാണ് പല രക്ഷിതാക്കളും മക്കള്‍ക്ക് നല്‍കിക്കൊണ്ടിരിക്കുന്നത് എന്നത് ഖേദകരമാണ്. ദൈവം നല്‍കിയ ബുദ്ധിയും സാമര്‍ഥ്യവും ഉപയോഗിച്ച് മുന്നേറാന്‍ കുട്ടികളെ സമ്മതിക്കാതെ തങ്ങളുടെ അനന്തമായ അത്യാഗ്രഹങ്ങള്‍ സഫലമാക്കുവാന്‍ അവരെ നിര്‍ബന്ധിക്കുന്നതില്‍ പരം അക്രമം അവരോട് ചെയ്യാനില്ല.  

പഠിക്കാനുള്ള സൗകര്യങ്ങളും സഹായങ്ങളുമെല്ലാം ചെയ്തുകൊടുക്കണം. ആധുനിക ലോകത്ത് വിദ്യാഭ്യാസമില്ലാത്ത ജീവിതം ക്ലേശകരമാണെന്ന് മനസ്സിലാക്കിക്കൊടുക്കണം. ഒരു വരുമാനമാര്‍ഗം ഉണ്ടായിരിക്കേണ്ടതിന്റെ ആവശ്യകതയും ബോധ്യപ്പെടുത്തിക്കൊടുക്കണം. എന്നാല്‍ ജീവിതമെന്നാല്‍ പരീക്ഷയും നൂറില്‍ നൂറ് മാര്‍ക്ക് വാങ്ങലും ഉന്നത ജോലി നേടലും മാത്രമാണെന്ന ചിന്താഗതി മക്കള്‍ക്ക് പകര്‍ന്നു നല്‍കിക്കൂടാ. അവരുടെ പഠിക്കാനുള്ള ശേഷിയും അവര്‍ക്ക് അഭിരുചിയുള്ള മേഖലയും മനസ്സിലാക്കി അതിനനുസരിച്ച് അവരെ വിട്ടേക്കാം.  

പത്താം തരത്തില്‍ തോറ്റ പലരും ഇന്ന് വന്‍കിട കച്ചവടക്കാരും പണക്കാരുമായി ജീവിക്കുന്നുണ്ട്. അവരുടെ കൂടെ പഠിച്ച പലരും ഉന്നത പഠനം നടത്തി തൊഴിലില്ലാതെ അലയുകയോ, വരുമാനം കുറഞ്ഞ ജോലി ചെയ്ത് ജീവിതത്തിന്റെ രണ്ടറ്റം കൂട്ടിമുട്ടിക്കാന്‍ പ്രയാസപ്പെട്ടുകൊണ്ടിരിക്കുകയോ ചെയ്യുന്നു! ഫുള്‍ എ പ്ലസ് അല്ല ഭൗതിക ജീവിതത്തിനു നിദാനം എന്നര്‍ഥം.

നമ്മുടെ മക്കള്‍ക്ക് നാം പകര്‍ന്നു നല്‍കുന്ന സ്‌നേഹവും സംരക്ഷണവും നമുക്ക് അവരില്‍നിന്ന് തിരിച്ചു കിട്ടണം. നമ്മുടെ വാര്‍ധക്യത്തില്‍ അവര്‍ നമുക്ക് തണലായി മാറണം. പരീക്ഷയില്‍ കിട്ടിയ എ പ്ലസിന്റ എണ്ണം കൂടുന്നതിനനുസരിച്ച് അവരുടെ സ്‌നേഹം വര്‍ധിക്കില്ല. അതിന് നാം അവര്‍ക്ക് ചെറുപ്പം മുതലേ ധാര്‍മിക മൂല്യങ്ങള്‍ പകര്‍ന്നു നല്‍കണം. അല്ലാത്ത പക്ഷം അവര്‍ വലുതായാല്‍ കൈപ്പേറിയ പെരുമാറ്റം അവരില്‍ നിന്നുണ്ടായേക്കാം. അപ്പോള്‍ ഖേദിച്ചിട്ടോ, അവരെ കുറ്റപ്പെടുത്തിയിട്ടോ കാര്യമുണ്ടാകില്ല എന്നത് പ്രത്യേകം ഓര്‍ക്കുക. ഭാവിയില്‍ തങ്ങള്‍ക്കും കുടുംബത്തിനും സമൂഹത്തിനും നാടിനുമൊക്കെ ഉപകരിക്കുന്ന നല്ല പൗരന്മാരായി നമ്മുടെ മക്കള്‍ മാറണം എന്നാഗ്രഹിക്കുന്ന ഏതൊരു മാതാവും പിതാവും അവരുടെ ശാരീരിക വളര്‍ച്ചയിലെന്ന പോലെ ധാര്‍മിക-സാംസ്‌കാരിക വളര്‍ച്ചയിലും ശ്രദ്ധിക്കേണ്ടതുണ്ട്. 

''നിങ്ങളുടെ സ്വത്തുക്കളും നിങ്ങളുടെ സന്താനങ്ങളും ഒരു പരീക്ഷണം മാത്രമാകുന്നു. അല്ലാഹുവിങ്കലാകുന്നു മഹത്തായ പ്രതിഫലമുള്ളത്'' (ക്വുര്‍ആന്‍ 64:15).