സദാചാര വിരോധികളോട്

പത്രാധിപർ

2019 ഏപ്രില്‍ 20 1440 ശഅബാന്‍ 15

താന്‍ ജീവിക്കുന്ന ചുറ്റുപാടുകളും സാഹചര്യവും മനുഷ്യന്റെ സ്വഭാവത്തെ ശക്തമായി സ്വാധീനിക്കുന്നു എന്നത് ഒരു വസ്തുതയാണ്. വളരുന്ന ചുറ്റുപാട് വികൃതവും ജീര്‍ണവുമാണെങ്കില്‍ മനുഷ്യന്‍ തിന്മയുടെ വക്താവായിത്തീരുന്നു.  ജീവിത പശ്ചാത്തലം ശുദ്ധവും സംസ്‌കാര സമ്പന്നവുമാണെങ്കില്‍ അവനില്‍ നന്മ പ്രതിഫലിച്ച് കാണും. 

തങ്ങളുടെ സന്താനങ്ങള്‍ നല്ല വ്യക്തിത്വത്തിന്റെ ഉടമകളായിരിക്കണം എന്നത് എല്ലാ  മാതാപിതാക്കളുടെയും ആഗ്രഹമാണ്. ഈ ആഗ്രഹം പക്ഷേ, പലപ്പോഴും പൂവണിയാതെ പോകുന്നത് ഒരു പരിധിവരെ വളരുന്ന സാഹചര്യം ശരിയല്ലാത്തത് കൊണ്ടാണ്. ജീവിത വിശുദ്ധി കൊതിക്കുന്നവര്‍ തന്നെ പരിഷ്‌കാരത്തിന്റെയും സ്വാതന്ത്ര്യത്തിന്റെയും പേരില്‍ മലീമസമായ സംസ്‌കാരത്തെ പുണരുന്ന നിര്‍ഭാഗ്യകരമായ ഒരു അവസ്ഥയാണ് ഇന്ന് കണ്ടുകൊണ്ടിരിക്കുന്നത്. ശാസ്ത്രപുരോഗതി നല്‍കിയ അഹന്ത കാര്യങ്ങളെ യഥാവിധി വിലയിരുത്തുന്നതില്‍ മനുഷ്യനു മുമ്പില്‍ തടസ്സമായി നില്‍ക്കുകയാണ്. ശാസ്ത്രം എമ്പാടും സൗകര്യങ്ങളും എളുപ്പവും മനുഷ്യന് നല്‍കിയിട്ടുണ്ട് എന്നത് ഒരു വസ്തുതയാണ്. പക്ഷേ, കൃത്രിമമായ ജീവിതരീതിയും മരവിച്ചുപോയ മനുഷ്യത്വവും സമ്മാനിച്ച് മനുഷ്യനെ വലിയൊരു അനിശ്ചിതാവസ്ഥയില്‍ ആക്കിയിരിക്കുന്നതും ഇതേ ശാസ്ത്രം തന്നെയാണ്.

ദൈവം നിശ്ചയിച്ച പരിധികള്‍ തകര്‍ത്ത് സര്‍വതന്ത്ര സ്വതന്ത്രരായി വിരാജിക്കുവാന്‍ മനുഷ്യന്‍ തയ്യാറായതിന്റെ ഫലമായി അവന്റെ മുമ്പില്‍ പ്രതിസന്ധികള്‍ കുമിഞ്ഞുകൂടിക്കൊണ്ടിരിക്കുന്നു. അത്തരക്കാര്‍ക്ക് മനസ്സമാധാനം ഒരു കിട്ടാക്കനിയായിരിക്കുന്നു. 

ലൈംഗിക അരാജകത്വവും മയക്കുമരുന്ന് ഉപയോഗവുമാണ് സമൂഹത്തില്‍ ഏറെ സങ്കീര്‍ണതകള്‍ ഉണ്ടാക്കിയിരിക്കുന്നത്. പൊതുജനമധ്യത്തില്‍ വെച്ച് അന്യ സ്ത്രീ-പുരുഷന്മാര്‍ക്ക് പരസ്പരം ചുംബിക്കുവാനും ആണിനും പെണ്ണിനും ഇടകലര്‍ന്ന് ഇരിക്കുവാനും പരിധികളില്ലാത്ത വിധം ഇടകലരുവാനുമൊക്കെ സ്വാതന്ത്ര്യം വേണമെന്നു പറഞ്ഞ് സമരം ചെയ്യുവാന്‍ വരെ സമത്വ-സ്വാതന്ത്ര്യവാദികള്‍ രംഗത്ത് വരുന്നത് കെട്ട സംസ്‌കാരത്തെ സൂചിപ്പിക്കുന്നു എന്ന് പറയേണ്ടിയിരിക്കുന്നു.

പരിധികളില്ലാത്ത ആണ്‍-പെണ്‍ സൗഹൃദങ്ങള്‍ക്ക് വേണ്ടി വാദിക്കുന്നവര്‍ മുന്നോട്ടുവെക്കുന്ന ആശയം ലിംഗ സമത്വമാണ്. പരിധികളും ഉപാധികളും ഇല്ലാത്ത ആണ്‍-പെണ്‍ സൗഹൃദങ്ങള്‍ക്ക് എതിര് നില്‍ക്കുന്നവര്‍ ലിംഗ വിവേചനത്തെയാണ് പ്രതിനിധീകരിക്കുന്നത് എന്നാണ് ഇവരുടെ വാദം. 

മനുഷ്യന്‍ കന്നുകാലികളെ പോലെ ജീവിക്കുവാന്‍ പാടില്ലെന്നും ചില വിധികളും വിലക്കുകളും അവന്‍ പാലിക്കേണ്ടതുണ്ടെന്നും മതം പഠിപ്പിക്കുമ്പോള്‍ മതവും ദൈവവിശ്വാസവും അറുപഴഞ്ചന്‍ സംസ്‌കാരമാണ് പഠിപ്പിക്കുന്നെതന്നും ശാസ്ത്രം അത്യുന്നതിയിലെത്തി നില്‍ക്കുന്ന ആധുനിക ലോകത്തിന് അത് അപമാനമാണ് എന്നുമൊക്കെയാണ് മതനിഷേധികളുടെ പ്രചാരണം. മതത്തോടുള്ള ശത്രുത സകലവിധ മൂല്യങ്ങളെയും എതിര്‍ക്കുന്നതിലേക്ക് ഇവരെ എത്തിച്ചിരിക്കുന്നു. പ്രത്യേകിച്ചും ഇസ്‌ലാം പഠിപ്പിക്കുന്ന മൂല്യങ്ങളോടാണ് ഇവരുടെ ശക്തമായ എതിര്‍പ്പ്. 

ഇസ്‌ലാം സകലവിധ ചൂഷണങ്ങളെയും എതിര്‍ക്കുന്നു. ലഹരിവസ്തുക്കളെ നിഷിദ്ധമായി ഗണിക്കുന്നു. വ്യഭിചാരത്തെ വിലക്കുന്നു. ഭൗതികവാദികളെ സംബന്ധിച്ചിടത്തോളം ഇവയൊക്കെയാണ് ജീവിതത്തെ ആഘോഷമാക്കുന്നത്. അവയെ കഠിനമായി എതിര്‍ക്കുന്ന ഇസ്‌ലാമിനോട് പിന്നെ അവരെങ്ങനെ ശത്രുത പുലര്‍ത്താതിരിക്കും?!