അല്ലാഹു എല്ലാവരുടെയും ആരാധ്യന്‍

സിറാജുല്‍ ഇസ്‌ലാം ബാലുശ്ശേരി

2019 ഡിസംബര്‍ 14 1441 റബിഉല്‍ ആഖിര്‍ 17

വിശുദ്ധ ക്വുര്‍ആനിലെ രണ്ടാം അധ്യായമായ 'അല്‍ബക്വറ'യില്‍ അല്ലാഹു പറയുന്നു: ''ജനങ്ങളേ, നിങ്ങളെയും നിങ്ങളുടെ മുന്‍ഗാമികളെയും സൃഷ്ടിച്ച നിങ്ങളുടെ നാഥനെ നിങ്ങള്‍ ആരാധിക്കുവിന്‍. നിങ്ങള്‍ ദോഷബാധയെ സൂക്ഷിച്ച് ജീവിക്കുവാന്‍ വേണ്ടിയത്രെ അത്. നിങ്ങള്‍ക്ക് വേണ്ടി ഭൂമിയെ മെത്തയും ആകാശത്തെ മേല്‍പുരയുമാക്കിത്തരികയും ആകാശത്ത് നിന്ന് വെള്ളം ചൊരിഞ്ഞുതന്നിട്ട് അതു മുഖേന നിങ്ങള്‍ക്ക് ഭക്ഷിക്കുവാനുള്ള കായ്കനികള്‍ ഉല്‍പാദിപ്പിച്ചു തരികയും ചെയ്ത (നാഥനെ). അതിനാല്‍ (ഇതെല്ലാം) അറിഞ്ഞുകൊണ്ട് നിങ്ങള്‍ അല്ലാഹുവിന് സമന്മാരെ ഉണ്ടാക്കരുത്'' (2:21,22).

ഒരുപാട് ഗുണപാഠങ്ങള്‍ ഉള്‍ക്കൊള്ളുന്ന വചനങ്ങളാണിവ. മുഴുവന്‍ മനുഷ്യരും ഉള്‍ക്കൊള്ളുകയും മനസ്സിലാക്കുകയും ചെയ്യേണ്ട തത്ത്വങ്ങളും പാഠങ്ങളുമാണ് ആദ്യവചനം പഠിപ്പിക്കുന്നത്. മനുഷ്യര്‍ ആരാധിക്കേണ്ടത് മനുഷ്യരെയും പ്രപഞ്ചത്തെയും സൃഷ്ടിച്ച ദൈവത്തെയാണ് എന്ന മഹാ തത്ത്വം.

അങ്ങനെ പറയാനുള്ള കാരണം, പലപ്പോഴും മനുഷ്യന്‍ ആരാധിക്കുന്നത് അവന്‍ തന്നെ സ്വയം സങ്കല്‍പിക്കുകയും സൃഷ്ടിക്കുകയും ചെയ്യുന്ന ആരാധനാമൂര്‍ത്തികളെയാണ്. ഏതെങ്കിലും ഒരു മതവിശ്വാസി തന്റെ ദൈവത്തെ ആരാധിക്കണം എന്ന് പറഞ്ഞാല്‍ മറ്റുള്ളവര്‍ അതിനു തയ്യാറാവുകയില്ല. മാത്രമല്ല അവിടെ സങ്കുചിതത്വ ചിന്താഗതികളും പ്രയാസങ്ങളുമായിരിക്കും കടന്നുവരിക. എന്നാല്‍  ഇത്തരം പ്രതിസന്ധികള്‍ക്കപ്പുറത്ത് എല്ലാ നിലയ്ക്കും മനുഷ്യന് സമാധാനവും ശാന്തിയും നല്‍കുന്ന ദൈവവിശ്വാസമാണ് ഇസ്‌ലാം പരിചയപ്പെടുത്തുന്നത്.

'ക്രൈസ്തവരുടെ ദൈവത്തെ' മുസ്‌ലിംകളോ 'മുസ്‌ലിംകളുടെ ദൈവത്തെ' ക്രൈസ്തവരോ 'ഹൈന്ദവരുടെ ദൈവത്തെ' ഇതര മതസ്ഥരോ ആരാധിക്കാന്‍ തയ്യാറാകണം എന്നില്ല; അതൊട്ട് സാധ്യവുമല്ല. എന്നാല്‍ ഇസ്‌ലാം പഠിപ്പിക്കുന്നത് മനുഷ്യരേ, നിങ്ങള്‍ 'നിങ്ങളെയും നിങ്ങള്‍ക്ക് മുമ്പ് കഴിഞ്ഞുപോയ ജനവിഭാഗങ്ങളെയും ആകാശഭൂമികളെയും സര്‍വ ചരാചരങ്ങളെയും സൃഷ്ടിച്ച ദൈവത്തെ' ആരാധിക്കണം എന്നാണ്. എല്ലാ സങ്കുചിതത്വങ്ങളും ഇതോടുകൂടി ഇല്ലാതാവുകയാണ്. മതങ്ങളുടെയും ദേശങ്ങളുടെയും ഗോത്രവിഭാഗങ്ങളുടെയുമൊക്കെ പേരില്‍ ആരാധിക്കപ്പെടുന്ന വ്യത്യസ്ത ദൈവങ്ങളുടെ പേരിലുള്ള കലഹങ്ങളും കലാപങ്ങളും ഇല്ലാതെയാക്കി എല്ലാവര്‍ക്കും ഒരുപോലെ ഉള്‍ക്കൊള്ളാനും അംഗീകരിക്കാനും കഴിയുന്ന ദൈവ വിശ്വാസമാണ് ഇസ്‌ലാം പഠിപ്പിക്കുന്നത് എന്നര്‍ഥം.

അല്ലാഹു അറബികളുടെയോ മുസ്‌ലിംകളുടെയോ ദൈവമാണെന്ന് ക്വുര്‍ആന്‍ ഒരിടത്തും പരിചയപ്പെടുത്തിന്നില്ല എന്നത് ശ്രദ്ധേയമാണ്. എല്ലാ മനുഷ്യരുടെയും സ്രഷ്ടാവായിട്ടാണ് ഉപരിസൂചിത വചനങ്ങള്‍ അല്ലാഹുവിനെ പരിചയപ്പെടുത്തുന്നത്. ഭൂമിയെ വിരിപ്പാക്കുകയും ആകാശത്തെ മേല്‍പുരയാക്കുകയും ആകാശത്തുനിന്നും വെള്ളം ചൊരിഞ്ഞു തന്നിട്ട് അതില്‍നിന്നും ഭക്ഷിക്കുവാനുള്ള കായ്കനികള്‍ ഉല്‍പാദിപ്പിച്ചു തരികയും ചെയ്തവന്‍ ആ അല്ലാഹു തന്നെയാണ്. ഈ അനുഗ്രഹങ്ങളാകട്ടെ മുഴുവന്‍ മനുഷ്യരും ആസ്വദിക്കുകയും ചെയ്യുന്നു.

ഈ അനുഗ്രഹങ്ങളൊക്കെ സംവിധാനിച്ചത് ഒരേയൊരു ദൈവമാണന്നത് നിങ്ങള്‍ അംഗീകരിക്കുന്നുവെങ്കില്‍ ആ ഏകനായ സ്രഷ്ടാവിനെ എല്ലാവരും ആരാധിക്കുകയും ഉള്‍ക്കൊള്ളുകയും ചെയ്യേണ്ടതുണ്ട് എന്ന മാനവികമായ, വിശാലമായ, സങ്കുചിതത്വങ്ങള്‍ ഇല്ലാത്ത ഒരു ആദര്‍ശമാണ് ഇസ്‌ലാം മുന്നോട്ടു വെക്കുന്നത്. അത്‌കൊണ്ട് തന്നെ മതങ്ങളുടെ പേരിലും രാഷ്ട്രത്തിന്റെ അതിര്‍വരമ്പുകളുടെ പേരിലും ഏതെങ്കിലും ജനവിഭാഗങ്ങള്‍ ആരാധിക്കുന്ന ദൈവങ്ങളുടെ പേരിലും ഉണ്ടായിക്കൊണ്ടിരിക്കുന്ന എല്ലാ പ്രശ്‌നങ്ങളെയും ഈ ആദര്‍ശം ഇല്ലാതെയാക്കുന്നു. വിശുദ്ധ ക്വുര്‍ആന്‍ മാനവസമൂഹത്തിനു മുന്നില്‍ സമര്‍പ്പിക്കുന്ന ഏറ്റവും വലിയ സന്ദേശവും ഇതാണ് എന്ന് നാം മനസ്സിലാക്കുക.

ലോക രക്ഷിതാവ് ആരാണ് എന്ന ഫിര്‍ഔനിന്റെ ചോദ്യത്തിന് മൂസാനബി(അ) നല്‍കിയ ഉത്തരം ഏറെ ശ്രദ്ധേയമാണ്. മൂസാ നബി(അ) പറഞ്ഞു: ''ലോകരക്ഷിതാവെന്നാല്‍ ആകാശങ്ങളുടെയും ഭൂമിയുടെയും അവയ്ക്കിടയിലുള്ളതിന്റെയും രക്ഷിതാവാകുന്നു. നിങ്ങളുടെയും നിങ്ങളുടെ പൂര്‍വപിതാക്കളുടെയും രക്ഷിതാവും അവന്‍ തന്നെ. കിഴക്കിന്റെയും പടിഞ്ഞാറിന്റെയും അവയ്ക്കിടയിലുള്ളതിന്റെയും രക്ഷിതാവും അവന്‍ തന്നെ.''

മുന്‍വിധികള്‍ ഇല്ലാതെ ഇസ്‌ലാമിനെ പഠിക്കാന്‍ ആഗ്രഹിക്കുന്നവര്‍ക്ക് മേല്‍പറഞ്ഞ ക്വുര്‍ആന്‍ വചനങ്ങള്‍ ഉപകാരപ്പെടും, തീര്‍ച്ച.