ഇസ്‌ലാം മുസ്‌ലിംകളുടേത് മാത്രമോ?

സിറാജുൽ ഇസ്‌ലാം ബാലുശ്ശേരി

2019 ഡിസംബര്‍ 07 1441 റബിഉല്‍ ആഖിര്‍ 10

വിശുദ്ധ ക്വുര്‍ആനിലെ അവസാനത്തെ അധ്യായമായ സൂറതുന്നാസ്സില്‍ അല്ലാഹു പറയുന്നു: ''പറയുക: മനുഷ്യരുടെ രക്ഷിതാവിനോട് ഞാന്‍ ശരണം തേടുന്നു. മനുഷ്യരുടെ രാജാവിനോട്. മനുഷ്യരുടെ ദൈവത്തോട്'' (114:1-3).

ഈ വചനങ്ങളിലൂടെ കടന്നുപോകുമ്പോള്‍ നാം കാണുന്ന ഒരു അത്ഭുതകരമായ ആശയമുണ്ട്. രക്ഷിതാവിനോട് എന്ന് പറയുന്നിടത്ത് മനുഷ്യരുടെ രക്ഷിതാവ് എന്നും രാജാവിനോട് എന്ന് പറയുന്നിടത്ത് മനുഷ്യരുടെ രാജാവ് എന്നും ദൈവത്തോട് എന്ന് പറയുന്നിടത്ത് മനുഷ്യരുടെ ദൈവത്തോട് എന്നും പറയുന്നു. ഭൂമിയിലെ ഏതെങ്കിലും ജനവിഭാഗത്തെയോ നാടിനെയോ സൂചിപ്പിക്കാതെ ഭൂമുഖത്തുള്ള മുഴുവന്‍ മനുഷ്യരെയും ഉള്‍കൊള്ളിച്ചു കൊണ്ടുള്ള ആ പദപ്രയോഗം എത്ര മാത്രം ശ്രദ്ധേയമാണ്. ക്വുര്‍ആന്‍ മാനവര്‍ക്കു മുന്നില്‍ സമര്‍പ്പിക്കുന്ന മഹത്തായ സന്ദേശമാണ് ഇത്. ഇസ്‌ലാം പരിചയപ്പെടുത്തുന്ന ആരാധ്യന്‍ മനുഷ്യരുടെ രക്ഷിതാവും രാജാവും ദൈവവുമായ അല്ലാഹുവാണ്.

ക്വുര്‍ആനിലെ രണ്ടാം അധ്യായമായ അല്‍ബക്വറയിലെ 185ാം വചനത്തില്‍ അല്ലാഹു പറയുന്നു: ''ജനങ്ങള്‍ക്ക് മാര്‍ഗദര്‍ശനമായിക്കൊണ്ടും നേര്‍വഴി കാട്ടുന്നതും സത്യവും അസത്യവും വേര്‍തിരിച്ചു കാണിക്കുന്നതുമായ സുവ്യക്ത തെളിവുകളുമായിക്കൊണ്ടും വിശുദ്ധ ക്വുര്‍ആന്‍ അവതരിപ്പിക്കപ്പെട്ട മാസമാകുന്നു റമദാന്‍...''

ഇതില്‍ ദൈവിക ഗ്രന്ഥമായ പരിശുദ്ധ ക്വുര്‍ആന്‍ മുസ്‌ലിംകള്‍ക്കോ അറബികള്‍ക്കോ മാര്‍ഗദര്‍ശനമാണ് എന്നല്ല; മറിച്ച് ലോകത്തുള്ള മുഴുവന്‍ മനുഷ്യര്‍ക്കും മാര്‍ഗദര്‍ശനമാണ് എന്നാണ് അല്ലാഹു പറയുന്നത്.

ക്വുര്‍ആനിലെ 7ാം അധ്യായമായ അല്‍അഅ്‌റാഫിലെ 158ാം വചനത്തില്‍ അല്ലാഹു പറയുന്നു: ''പറയുക: മനുഷ്യരേ, തീര്‍ച്ചയായും ഞാന്‍ നിങ്ങള്‍ എല്ലാവരിലേക്കുമുള്ള അല്ലാഹുവിന്റെ ദൂതനാകുന്നു.''

അഥവാ മഹാനായ മുഹമ്മദ് നബി ﷺ മുഴുവന്‍ മനുഷ്യരിലേക്കുമുള്ള ദൂതനാണ്; ഏതെങ്കിലും പ്രത്യേക വിഭാഗത്തിലേക്കോ സമൂഹത്തിലേക്കോ മാത്രമുള്ള പ്രവാചകനല്ല എന്ന് ഈ വചനം പഠിപ്പിക്കുന്നു.

വിശുദ്ധ ക്വുര്‍ആനിലെ മേല്‍പറഞ്ഞ മൂന്ന് വചനങ്ങളിലൂടെ കടന്നു പോയാല്‍ നമുക്ക് മനസ്സിലാക്കാന്‍ കഴിയുന്ന ഒരു കാര്യമുണ്ട്; ഇതര മതവിഭാഗങ്ങള്‍ക്ക് പ്രത്യേകം ആരാധ്യന്മാരുള്ളത് പോലെ മുസ്‌ലിംകളുടെ ആരാധ്യന്‍ മാത്രമാണ് അല്ലാഹു എന്ന് വല്ല മുസ്‌ലിമും കരുതുന്നുവെങ്കില്‍ ആ ധാരണ തെറ്റാണ് എന്ന കാര്യമാണത്. അതുപോലെ അല്ലാഹു എന്നാല്‍ മുസ്‌ലിംകള്‍ക്ക് മാത്രം പ്രാര്‍ഥിക്കാനുള്ള ദൈവമാണ് എന്ന അമുസ്‌ലിം സഹോദരങ്ങളുടെ ധാരണയെയും ഈ വചനങ്ങള്‍ തിരുത്തുന്നു. ഇസ്‌ലാം പരിചയപ്പെടുത്തുന്നത് സകല മനുഷ്യരുടെയും ആരാധ്യനും രക്ഷിതാവും രാജാവുമായ സ്രഷ്ടാവിനെയാണ്. ഇത് തന്നെയാണ് വിശുദ്ധ വേദഗ്രന്ഥമായ ക്വുര്‍ആനിന്റെ കാര്യവും. അഥവാ മനുഷ്യരാശിക്കു മുഴുവനും വഴികാട്ടിയായാണ് ക്വുര്‍ആനിന്റെ അവതരണം. നമ്മെ സൃഷ്ടിച്ച നാഥന്‍ നമുക്കെല്ലാവര്‍ക്കും പഠിച്ചു മനസ്സിലാക്കി സത്യം കണ്ടെത്താന്‍ അവതരിപ്പിച്ച വേദഗ്രന്ഥം. മുഹമ്മദ് നബി ﷺ യും അങ്ങനെ തന്നെ. അദ്ദേഹം സകല മനുഷ്യരിലേക്കുമുള്ള അല്ലാഹുവിന്റെ ദൂതനാണ്.

മുസ്‌ലിംകള്‍ അല്ലാത്തവരോട് പറയാനുള്ളത് ഈ വേദഗ്രന്ഥത്തെ 'അത് മുസ്‌ലിംകള്‍ക്ക് മാത്രമുള്ളതാണ്' എന്നു പറഞ്ഞ് നിങ്ങള്‍ അവഗണിക്കരുത് എന്നാണ്. കാരണം ക്വുര്‍ആന്‍ സ്വയം പ്രഖ്യാപിക്കുന്നത് തന്നെ ഈ ഗ്രന്ഥം മുഴുവന്‍ മനുഷ്യര്‍ക്ക് വേണ്ടിയുള്ളതാണ് എന്നാണ്. മുഹമ്മദ് നബി ﷺ അറേബ്യയിലെ  മുസ്‌ലിംകള്‍ക്കിടയിലേക്ക് മാത്രം വന്ന പ്രവാചകനല്ലേ, ഞങ്ങള്‍ എന്തിന് അദ്ദേഹത്തെ ശ്രദ്ധിക്കണം എന്ന് ഒരു അമുസ്‌ലിം സഹോദരനും മുഹമ്മദ് നബി ﷺ ഞങ്ങളുടെ മാത്രം നബിയാണ് അതുകൊണ്ട് ഞങ്ങള്‍ എന്തിനു അദ്ദേഹത്തെ കുറിച്ച് മറ്റുള്ളവരോട് പറയണം എന്ന് മുസ്‌ലിംകളും കരുതാന്‍ പാടില്ല. ഇസ്‌ലാം പരിചയപ്പെത്തുന്ന ദൈവത്തെയും മുഹമ്മദ് ﷺ എന്ന പ്രവാചകനെയും ദൈവിക ഗ്രന്ഥമായ വിശുദ്ധ ക്വുര്‍ആനിനെയും കുറിച്ച് പഠനം നടത്താന്‍ നാം തയാറാവുക. അപ്പോള്‍ സങ്കുചിതത്വങ്ങളില്‍ നിന്ന് മാറി നിന്നുകൊണ്ടുള്ള ഒരു ശരിയായ നിലപാടിലേക്കും കാഴ്ചപ്പാടിലേക്കും എത്തുവാന്‍ നമുക്ക് സാധിക്കും.

മതത്തിന്റെയും ദൈവത്തിന്റെയും പ്രവാചകന്മാരുടെയും പേരിലുള്ള കലഹങ്ങള്‍ക്കപ്പുറത്ത് ഐക്യത്തിന്റെയും സമാധാനത്തിന്റെയും പുതിയ വാതിലുകള്‍ തുറക്കാന്‍ ഇത്തരം പഠനങ്ങള്‍ നമ്മെ സഹായിക്കും എന്ന യാഥാര്‍ഥ്യം നാം മനസ്സിലാക്കുക. സര്‍വശക്തന്‍ അനുഗ്രഹിക്കട്ടെ.