കുട്ടികളുടെ റമദാന്‍

അബ്ദുല്‍ മുസ്വവ്വിര്‍

2019 മെയ് 11 1440 റമദാന്‍ 06

പവിത്രമായ റമദാന്‍ മാസത്തില്‍ നമ്മുടെ കുട്ടികളെ വളരെയധികം ശ്രദ്ധിക്കേണ്ടിയിരിക്കുന്നു. ഈ മാസം നമ്മുടെ കുട്ടികള്‍ക്ക് എല്ലാ നന്മകളും വരുത്തുന്ന താകട്ടെ. എത്ര കുട്ടികളാണ് മാതാപിതാക്കള്‍ക്കും സമുദായത്തിനും ഉപകാരപ്പെടുന്നവരായി  റമദാനെന്ന വിദ്യാലയത്തില്‍നിന്നും പുറത്തുവന്നിരിക്കുന്നത്. നബി ﷺ മരണപ്പെട്ടവര്‍ക്ക് ഉപകരിക്കുന്ന 3 കാര്യങ്ങള്‍ വിവരിച്ചപ്പോള്‍ അതില്‍ പറഞ്ഞ ഒന്ന് തങ്ങള്‍ക്ക് വേണ്ടി 'പ്രാര്‍ഥിക്കുന്ന സല്‍കര്‍മിയായ സന്താന'ത്തെയാണ്.  അവര്‍ അങ്ങനെയുള്ള മക്കളായിത്തീരണമെങ്കില്‍ നല്ല രീതിയില്‍ അവരെ നാം വളര്‍ത്തേണ്ടതുണ്ട്. 

അവരെ നാം വളരെയധികം ശ്രദ്ധിക്കുകയും പരിഗണിക്കുകയും ചെയ്യേണ്ടതുണ്ട്. അവരില്‍ സദ്ഗുണങ്ങള്‍ വളര്‍ത്തിക്കൊണ്ടു വരാനും ദുസ്സ്വഭാവത്തിന്റ കണികകളെങ്കിലും അവരിലുണ്ടെങ്കില്‍ അവ പിഴുതെറിയാനും നാം തയ്യാറാവേണ്ടതുണ്ട്. ഒരുപക്ഷേ, ഇനി പറയുന്ന കാര്യങ്ങള്‍ ഇതിനെല്ലാം സഹായകമായേക്കും. 

റമദാന്‍ വരുന്നതിനുമുമ്പായിത്തന്നെ അതിന്റെ രാപ്പകലുകളില്‍ ആഗ്രഹം ജനിപ്പിച്ചുകൊണ്ടും ഈ മാസം ഉപകാരപ്പെത്തുന്നവര്‍ക്കുള്ള മഹത്തായ പ്രതിഫലങ്ങള്‍ സൂചിപ്പിച്ചുകൊണ്ടും കുട്ടിയെ ആത്മീയമായി അതിന് ഒരുക്കുക. ഇങ്ങനെ ഒരുങ്ങിക്കഴിഞ്ഞാല്‍ അവനില്‍ ഈമാനികമായ ആവേശമുണ്ടാകും.

നോമ്പ് നമ്മുടെ മുന്‍ഗാമികള്‍ക്കും നിര്‍ബന്ധമാക്കിയതാണെന്നും അത് ഇസ്‌ലാമിന്റെ പഞ്ചസ്തംഭങ്ങളില്‍ പെട്ടതാണെന്നും ശേഷിയുള്ളവരെല്ലാം അത് അനുഷ്ഠിച്ച് പരിചയിക്കേണ്ടതാണെന്നും അവരെ മനസ്സിലാക്കിക്കൊടുക്കേണ്ടതാണ്. 

കുട്ടികളെ അവര്‍ നോമ്പെടുക്കാന്‍ മാത്രം വളര്‍ന്നിട്ടുണ്ടെന്ന് ബോധ്യപ്പെടുത്തുക.

കുട്ടികള്‍ നോമ്പെടുക്കാന്‍ തയ്യാറായാല്‍ വീട്ടുകാര്‍ അവരെ അത്താഴത്തിന് ഉണര്‍ത്തുകയും നോമ്പു പൂര്‍ത്തിയാക്കുന്നതില്‍ അവരെ പ്രോല്‍സാഹിപ്പിക്കുകയും ചെയ്യുക.  

നോമ്പിന്റെ പകല്‍ സമയത്ത് കുട്ടികള്‍ക്ക് വിശപ്പ് അനുഭവപ്പെടുകയാണെങ്കില്‍ നോമ്പുതുറക്കുന്നത്‌വരെ ഭക്ഷണപാനീയങ്ങളില്‍നിന്ന് അവരുടെശ്രദ്ധ തിരിച്ചുവിടുക. 

ഒരു പ്രചോദനമെന്ന നിലയ്ക്ക് കുട്ടികളെ നോമ്പെടുക്കുന്നതിന്റെ പേരില്‍ അവരുടെ സമപ്രായക്കാരുടെയും മറ്റും ഇടയില്‍ വെച്ച് പ്രശംസിക്കുക.

അവര്‍ നോമ്പെടുക്കാത്തതിന്റെ പേരില്‍ ആക്ഷേപിക്കുകയോ അടിക്കുകയോ ചെയ്യരുത്. 

കുടുംബത്തിലെയും സ്‌കൂളിലെയും സമപ്രായക്കാര്‍ ഈ പുണ്യമാസത്തില്‍ ചെയ്യുന്ന കാര്യങ്ങള്‍ എടുത്ത് പറഞ്ഞ് പ്രോല്‍സാഹനം നല്‍കുക. 

നമസ്‌കാരം പള്ളിയില്‍ വെച്ച് നിര്‍വഹിക്കാ ന്‍ ശ്രദ്ധിക്കുക.

പിതാവ് കുട്ടികളെ പള്ളിയില്‍ നമസ്‌കരിക്കുന്നതിന് (തറാവീഹ് നമസ്‌കാരത്തിന് അടക്കം) കൂടെ കൊണ്ടുപോകുക. സമ്മാനങ്ങള്‍ നല്‍കല്‍ കുട്ടികള്‍ക്ക് വലിയ ഊര്‍ജം പകരുമെന്ന് തിരിച്ചറിയുക. 

കുട്ടികളെ ക്വുര്‍ആന്‍ പഠിപ്പിക്കാനൊരു സുവര്‍ണാവസരം 

ഇനി പറയുന്ന കാര്യങ്ങള്‍ അതിന് സഹായകമായേക്കും:

ക്വുര്‍ആന്‍ മുഴുവനും ഓതിത്തീര്‍ക്കുന്നവര്‍ക്ക് സമ്മാനം നല്‍കുക. 

നിത്യജീതത്തിലെ പ്രാര്‍ഥനകള്‍ പഠിപ്പിക്കുക; ശീലമാക്കാന്‍ പ്രേരണ നല്‍കുക. 

പ്രദേശത്തെ ക്വുര്‍ആന്‍ ക്ലാസിലും മറ്റും കൃത്യമായി പങ്കെടുപ്പിക്കുക.

ഈ മാസത്തില്‍ പഠിക്കേണ്ടതിനായി ഒരു ഭാഗം തെരഞ്ഞടുത്ത് നല്‍കുക.  

ക്വുര്‍ആന്‍ പാരായണത്തിന്റെ വോയ്‌സുകള്‍ കേള്‍പ്പിക്കുക.  

ദാനധര്‍മങ്ങള്‍ 

റമദാനില്‍ചെയ്യുന്ന പുണ്യങ്ങളില്‍ മഹത്തായതാണ് ധര്‍മം. മക്കളില്‍ ചെറുപ്പം മുതല്‍തന്നെ ദാനശീലം വളര്‍ത്തുക. അത് പിഞ്ചുമനസ്സുകളില്‍ സാധുക്കളോടും അഗതികളോടും സ്‌നേഹവും അനുകമ്പയുമുണ്ടാക്കുകയും സ്വാര്‍ഥതയെയും പിശുക്കിനെയും മനസ്സില്‍നിന്നും പിഴുതെറിയുകയും ചെയ്യും.  താഴെപറയുന്ന കാര്യങ്ങള്‍ അതിന് സഹായകമായേക്കും:

ദാനധര്‍മങ്ങളുടെ പ്രാധാന്യത്തെയും അതിന് ലഭിക്കുള്ള അളവറ്റ പ്രതിഫലത്തെയും കുറിച്ച് പറഞ്ഞുകൊടുക്കുക.

പ്രവാചകന്റെയും സ്വഹാബികളുടെയും ദാനശീലത്തിന്റെ ചരിത്രം പറഞ്ഞുകൊടുക്കുക.

ആരെങ്കിലും ധര്‍മം ചോദിച്ചു വന്നാല്‍ കുട്ടികളുടെ കയ്യില്‍ പണം ഏല്‍പിച്ച് അവരെക്കൊണ്ട് കൊടുപ്പിക്കുക. 

പാവങ്ങളുടെ വീട്ടിലോ സമൂഹനോമ്പുതുറയിലോ നോമ്പു തുറക്കാനുള്ള സാധനങ്ങള്‍ വിതരണം ചെയ്യുന്നതില്‍ കുട്ടികളെയും പങ്കെടുപ്പിക്കുക. 

അവര്‍ക്ക് ലഭിക്കുന്ന നാണയത്തുട്ടുകള്‍ ശേഖരിച്ചുവെക്കുവാനും ആവശ്യം വരുമ്പോള്‍ അതില്‍നിന്ന് ദാനം നല്‍കാനും പ്രേരണ നല്‍കുക.

നോമ്പുതുറക്കുമ്പോള്‍ ശ്രദ്ധിക്കുക

നോമ്പുതുറക്കുന്നതോടെ പന്ത്രണ്ട് മണിക്കൂറിലധികം നേരത്തെ വിശ്രമത്തിന് ശേഷം വീണ്ടും ദഹനേന്ദ്രിയം പ്രവര്‍ത്തനമാരംഭിക്കുകയാണ്. അതിനാല്‍ നോമ്പുതുറക്കുമ്പോള്‍ ശ്രദ്ധിക്കേണ്ട ചില കാര്യങ്ങളുണ്ട്.  

സമയമായ ഉടനെ നോമ്പുതുറക്കണമെന്നാണ് നബി ﷺ  നിര്‍ദേശിച്ചിട്ടുള്ളത്. നബി ﷺ പറഞ്ഞു:

''നോമ്പുതുറക്കുവാന്‍ ധൃതികാണിക്കുന്ന കാലത്തോളം ജനങ്ങള്‍ നന്മയിലായിരിക്കും'' (ബുഖാരി, മുസ്‌ലിം). ധൃതികാണിക്കുന്നതില്‍ ആരോഗ്യകരമായ പാഠങ്ങളുണ്ട്. നോമ്പുകാരന് പകല്‍ സമയത്ത്അവന്റെ ശരീരത്തില്‍ നിന്ന് നഷ്ടപ്പെട്ട ജലാംശവും ശക്തിയും വീണ്ടെടുക്കേണ്ടതുണ്ട്. നോമ്പുതുറക്കുന്നത് വീണ്ടും പിന്തിപ്പിക്കുകയാണെങ്കില്‍ രക്തത്തിലെ പഞ്ചസാര കുറയാന്‍ കാരണമാകുകയും അത്മൂലം ക്ഷീണമനുഭവപ്പെടുകയും ചെയ്യും. ഇത് ഗുണംചെയ്യുകയില്ലെന്ന് മാത്രമല്ല  ശരീരത്തെ പീഡിപ്പിക്കലുമാണ്. ഇസ്‌ലാമിക നിയമം ഇതാഗ്രഹിക്കുന്നില്ല താനും.

നോമ്പുതുറക്കുവാന്‍ ധൃതികാണിക്കുന്നതോടൊപ്പം മഗ്‌രിബ് നമസ്‌കാരം നിര്‍വഹിക്കുന്നതിലും ധൃതികാണിക്കല്‍ നബി ﷺ യുടെ ചര്യയില്‍ പെട്ടതാണ്. അവിടുന്ന് നോമ്പു തുറക്കുമ്പോഴത്തെ ഭക്ഷണം പൂര്‍ത്തിയാകുന്നതിനുമുമ്പ് തന്നെ നമസ്‌കരിക്കുമായിരുന്നു. ഇതില്‍ വലിയ യുക്തിയുണ്ട്. തുടക്കത്തില്‍ ആമാശയത്തിന് അല്‍പം ഭക്ഷണം നല്‍കുകയും പിന്നീട് ഭക്ഷണമൊന്നും നല്‍കാതെ കുറച്ച് സമയം വിശ്രമം നല്‍കുകയും ചെയ്യുന്നത് ആമാശയത്തിനും കുടലിനും നല്‍കുന്ന ഒരറിയിപ്പാണ്. വിശപ്പും ദാഹവുമനുഭവപ്പെടുന്നത് ശമിപ്പിച്ചതിനു ശേഷം നോമ്പുകാരന്‍ നമസ്‌കരിക്കുന്നതോടെ ഭക്ഷണത്തിനോടുള്ള ആര്‍ത്തിക്ക് ശമനം വന്നിട്ടുണ്ടാകും. പിന്നീട് നോമ്പുതുറ പൂര്‍ത്തിയാക്കുകയും ചെയ്യുന്നു. ഒരേസമയം കൂടുതല്‍ ഭക്ഷണം കഴിക്കുന്നത് ആമാശയം വീര്‍ക്കാന്‍ കാരണമാവുകയും ദഹനം പ്രയാസകരമാകുകയും ചെയ്യും. ഇത് അലസതയും ക്ഷീണവും മയക്കവുമുണ്ടാകുന്നതിലേക്ക് നയിക്കും. അങ്ങനെ വരുമ്പോള്‍ ഇശാഅ് നമസ്‌കാരത്തിനും തറാവീഹിനും അത് ഭംഗം വരുത്തുകയും ചെയ്യും.