മുജ്തഹിദായ പണ്ഡിതന്മാരും ഹദീഥുകളും

ശൈഖുല്‍ ഇസ്ലാം ഇബ്‌നു തീമിയ(റഹി)

2019 ആഗസ്ത് 03 1440 ദുൽഹിജ്ജ 02

(ശൈഖുല്‍ ഇസ്ലാം ഇബ്‌നു തീമിയയുടെ 'റഫ്ഉല്‍ മലാം' എന്ന ഗ്രന്ഥത്തിന്റെ വിവര്‍ത്തനം | വിവര്‍ത്തനം: ശമീര്‍ മദീനി )

( ഭാഗം: 2)

നാലാമത്തെ കാരണം: സത്യസന്ധനും ഓര്‍മശക്തിയുമൊക്കെയുള്ള സ്വീകാര്യയോഗ്യനായ ഒരു നിവേദകന്റെ റിപ്പോര്‍ട്ടില്‍ ചിലര്‍ കൂടുതലായി വെക്കുന്ന നിബന്ധനകള്‍ കാരണമായി അഭിപ്രായവ്യത്യാസങ്ങളുണ്ടായേക്കാം. അത്തരം അധിക നിബന്ധനകളില്‍ മറ്റു പണ്ഡിതന്മാര്‍ക്കിടയില്‍ അഭിപ്രായ വ്യത്യാസമുള്ളതാണ് ഇതിന് കാരണം. ഉദാഹരണത്തിന്, വിശ്വസ്തരായ വ്യക്തികളുടെ ആഹാദായ റിപ്പോര്‍ട്ടുകള്‍ ക്വുര്‍ആനിനോടും സുന്നത്തിനോടും ഒത്തുനോക്കണം എന്ന ചിലരുടെ നിബന്ധന. അതേപോലെ ഹദീഥിന്റെ നിവേദകന്‍ കര്‍മശാസ്ത്ര പണ്ഡിതന്‍ കൂടിയായിരിക്കണമെന്ന നിബന്ധന; വിശിഷ്യാ ക്വിയാസിന്റെ അടിസ്ഥാനങ്ങള്‍ക്ക് എതിരായി റിപ്പോര്‍ട്ട് ഉദ്ധരിക്കപ്പെടുമ്പോള്‍. അപ്രകാരം തന്നെ, എല്ലാവരെയും ബാധിക്കുന്ന പൊതുവായ ഹദീഥുകളാണ് എങ്കില്‍ പ്രചുര പ്രചാരം നേടാതെ പോയാല്‍ സ്വീകരിക്കാന്‍ നിര്‍വാഹമില്ല എന്ന നിലപാടും ഇതിനുദാഹരണമാണ്. ഇതല്ലാത്ത വേറെയും പല നിബന്ധനകള്‍ ഇത്തരം ചര്‍ച്ചാ മേഖലകളില്‍ സുപരിചിതമാണ്.

അഞ്ചാമത്തെ കാരണം: ഒരു പണ്ഡിതന് ഹദീഥ് സ്വഹീഹായി തന്നെ ലഭിക്കുകയും സ്ഥിരീകരിക്കുകയും ചെയ്തതിന് ശേഷം അദ്ദേഹം അത് മറന്ന് പോകുന്നതിനാല്‍ ഹദീഥിനെതിരായി അദ്ദേഹത്തിന്റെ വാക്കുകള്‍ വരാം. ക്വുര്‍ആനിന്റെയും സുന്നത്തിന്റെയും കാര്യത്തില്‍ ഒരു പണ്ഡിതന് ഇങ്ങനെ സംഭവിച്ചേക്കാം. ഉമര്‍(റ)വിന്റെ പ്രസിദ്ധമായ ഹദീഥ് ഇതിന് ഉദാഹരണമാണ്. ഒരിക്കല്‍ ഉമര്‍(റ)വിനോട് ഇങ്ങനെ ചോദിച്ചു: ''ഒരാള്‍ യാത്രയില്‍ വലിയ അശുദ്ധിയുള്ള (ജനാബത്ത്) ആളായി. കുളിച്ച് ശുദ്ധി വരുത്താന്‍ വെള്ളമാണെങ്കില്‍ ഇല്ലതാനും. അപ്പോള്‍ അയാള്‍ എന്തു ചെയ്യും?'' വെള്ളം കിട്ടുന്നതുവരെ അയാള്‍ നമസ്‌കരിക്കേണ്ടതില്ല എന്ന് അദ്ദേഹം മറുപടി പറഞ്ഞു. അപ്പോള്‍ അമ്മാറുബ്‌നു യാസിര്‍(റ) ഉമര്‍(റ)വിനോട് പറഞ്ഞു: ''അല്ലയോ അമീറുല്‍ മുഅ്മിനീന്‍, നിങ്ങള്‍ ഓര്‍ക്കുന്നില്ലേ? ഞാനും നിങ്ങളും ഒട്ടകങ്ങളുമായി പോകുമ്പോള്‍ നമുക്ക് വലിയ അശുദ്ധിയുണ്ടായതും അങ്ങനെ ഞാന്‍ ശുദ്ധിവരുത്താനായി മൃഗങ്ങള്‍ മണ്ണില്‍ കിടന്ന് ഉരുളുന്നത് പോലെ ഉരുണ്ട് മറിഞ്ഞതും നിങ്ങള്‍ നമസ്‌കരിക്കാതിരിക്കുകുയും ചെയ്ത സംഭവം? എന്നിട്ട് ഞാന്‍ അത് നബി ﷺ യോട് പറഞ്ഞപ്പോള്‍ അവിടുന്ന് 'നിനക്ക് ഇങ്ങനെ ചെയ്താല്‍ മതിയായിരുന്നു' എന്ന് പറഞ്ഞ് കൈരണ്ടും നിലത്തടിച്ച് അതുകൊണ്ട് മുഖവും കൈപ്പടങ്ങളും തടവിയത്.'' അപ്പോള്‍ അമ്മാര്‍(റ)വിനോട് ഉമര്‍(റ) പറഞ്ഞു: 'അമ്മാറേ, നീ അല്ലാഹുവിനെ സുക്ഷിക്കുക.' അപ്പോള്‍ അദ്ദേഹം പറഞ്ഞു: 'അല്ല, താങ്കള്‍ അത് പറഞ്ഞു കൊള്ളുക.' ഇത് ഉമര്‍(റ) സാക്ഷിയായ ഒരു സുന്നത്താണ്. പക്ഷേ, അദ്ദേഹമത് മറന്നുപോവുകയും അതിന് വിരുദ്ധമായി 'ഫത്‌വ' നല്‍കുകയും ചെയ്തപ്പോള്‍ അമ്മാര്‍(റ) പ്രസ്തുത സംഭവം ഓര്‍മിപ്പിക്കുന്നു. എന്നിട്ടും അദ്ദേഹത്തിനത് ഓര്‍മ വരുന്നില്ല! എന്നാല്‍ അമ്മാര്‍(റ) കളവാണ് പറഞ്ഞതെന്ന് പറയുകയോ തടയുകയോ ചെയ്യാതെ ആ ഹദീഥ് പറയുവാന്‍ അദ്ദേഹത്തോട് നിര്‍ദേശിക്കുകയും ചെയ്യുന്നു. (ഇമാം മുസ്‌ലിം ഇത് പൂര്‍ണമായി ഉദ്ധരിച്ചിട്ടുണ്ട്. ബുഖാരിയും അബൂദാവൂദ്, തിര്‍മിദി, നസാഈ, ഇബ്‌നുമാജ മുതലായവര്‍ സമാനമായ പദങ്ങളിലൂടെ ഇതിന്റെ സംക്ഷിപ്ത രൂപം ഉദ്ധരിക്കുന്നുണ്ട്).

ഇതിനെക്കാള്‍ അത്ഭുതകരമാണ് ഉമര്‍(റ) ഒരിക്കല്‍ ജനങ്ങളോട് ഖുത്വുബ നിര്‍വഹിച്ചുകൊണ്ടിരിക്കെ പറഞ്ഞത്: ''ആരെങ്കിലും നബി ﷺ  തന്റെ ഭാര്യമാര്‍ക്ക് നല്‍കിയ മഹ്‌റിനെക്കാളും അല്ലെങ്കില്‍ മക്കള്‍ക്ക് നിശ്ചയിച്ച മഹ്‌റിനെക്കാളും കൂടുതല്‍ മഹറ് അധികരിപ്പിച്ചാല്‍ ഞാനത് തിരിച്ച് കൊടുപ്പിക്കും.''

അപ്പോള്‍ ഒരു സ്ത്രീ അദ്ദേഹത്തോട്പറഞ്ഞു: ''അല്ലയോ അമീറുല്‍ മുഅ്മിനീന്‍! അല്ലാഹു ഞങ്ങള്‍ക്ക് അനുവദിച്ച് നല്‍കിയത് താങ്കള്‍ എന്തിന് തടയുന്നു?'' എന്നിട്ട് അവര്‍ ''നിങ്ങള്‍ അവര്‍ക്ക് ഒരു കൂമ്പാരം നല്‍കിയാലും'' എന്ന സുറതുന്നിസാഇലെ 20ാമത്തെ വചനം ഓതി. അപ്പോള്‍ ഉമര്‍(റ) ആ സ്ത്രീയുടെ വാക്ക് സ്വീകരിച്ചു. ആ ആയത്ത് മനഃപാഠമുള്ള ആളായിട്ടും അദ്ദേഹം അത് മറന്ന് പോയി. (ഈ ഹദീഥില്‍ രണ്ട് സംഗതികളുണ്ട്. (1) നബി ﷺ യുടെ പത്‌നിമാരുടെയും പെണ്‍മക്കളുടെയും മഹ്‌റിനെക്കാള്‍ കൂടുതല്‍ മഹ്‌റ് വാങ്ങുന്നതിനെ ഉമര്‍(റ) വിലക്കുന്നു എന്നത്. (2) ഒരു സ്ത്രീ ഉമര്‍(റ)വിനോട് വിയോജിപ്പ് പ്രകടിപ്പിക്കുകയും അല്ലാഹുവിന്റെ വചനം തെളിവവയി ഉദ്ധരിക്കുകയും ചെയ്യുന്നു എന്നത്).

മഹ്ര്‍ വര്‍ധിപ്പിക്കുന്നത് വിലക്കിക്കൊണ്ടുള്ള ഉമര്‍(റ)വിന്റെ വാക്കുകള്‍ ഇമാം അഹ്മദും അബൂദാവൂദും തിര്‍മിദിയും നസാഇയും ഇബ്‌നു മാജയുമൊക്കെ വിവിധ പരമ്പരകളിലൂടെ മുഹമ്മദ്ബ്‌നു സീരിനില്‍ നിന്നും അദ്ദേഹം അബുല്‍ അജ്ഫാഉസ്സുലമിയില്‍ നിന്നും ഉദ്ധരിച്ചിട്ടുണ്ട്. അദ്ദേഹം പറയുന്നു: ''ഉമര്‍(റ) പറയുന്നതായി ഞാന്‍ കേട്ടു: 'നിങ്ങള്‍ സ്ത്രീകളുടെ മഹ്‌റിന്റെ കാര്യത്തില്‍ അതിരുകവിയരുത്. അത് ദുന്‍യാവില്‍ ഒരു മഹത്ത്വമോ റബ്ബിന്റെ അടുക്കല്‍ ഒരു പുണ്യമോ ആയിരുന്നെങ്കില്‍ അതിന് നിങ്ങളിലേറ്റവും അര്‍ഹന്‍ നബി ﷺ യാണ്. അല്ലാഹുവിന്റെ തിരുദൂതന്‍ ﷺ  തന്റെ ഭാര്യമാരില്‍ ഒരാള്‍ക്കും അപ്രകാരം പെണ്‍മക്കളില്‍ ഒരാള്‍ക്കും തന്നെ 12 ഊഖിയയെക്കാള്‍ കൂടുതല്‍ മഹ്ര്‍ നല്‍കിയിട്ടില്ല.' തിര്‍മിദി പറയുന്നു: 'ഈ ഹദീഥ് സ്വഹീഹാണ്. മഹ്ര്‍ കൂട്ടലും കുറക്കലുമൊക്കെ വരന്റെ സാമ്പത്തിക ശേഷിക്കനുസരിച്ചാണ്. അബൂസലമതുബ്‌നു അബ്ദിര്‍റഹ്മാന്‍(റ) പറഞ്ഞതായി ഇമാം മുസ്‌ലിം തന്റെ സ്വഹീഹില്‍  ഇപ്രകാരം റിപ്പോര്‍ട്ട് ചെയ്യുന്നു: ''എത്രയായിരുന്നു നബി ﷺ യുടെ മഹ്ര്‍ എന്ന് ഞാന്‍ പ്രവാചക പത്‌നി ആഇശ(റ) യോട് ചോദിച്ചു. പന്ത്രണ്ടര ഊഖിയയായിരുന്നു എന്ന് അവര്‍ പറഞ്ഞു. അതായത് 500 ദിര്‍ഹം. ഇതാണ് നബി ﷺ  തന്റെ ഭാര്യമാര്‍ക്ക് മഹ്‌റായി നല്‍കിയത്.''

അബൂഹുറയ്‌റ(റ)വില്‍ നിന്നും ഇമാം മുസ്‌ലിം ഉദ്ധരിക്കുന്നു: ''ഒരാള്‍ നബി ﷺ യുടെ അടുക്കല്‍ വന്നിട്ട് പറഞ്ഞു: 'ഞാന്‍ ഒരു അന്‍സ്വാരി സ്ത്രീയെ വിവാഹം ചെയ്തു.' അപ്പോള്‍ നബി ﷺ  അദ്ദേഹത്തോട് ചോദിച്ചു: 'എത്ര മഹ്ര്‍ നല്‍കിയാണ് നീ അവളെ വിവാഹം ചെയ്തത്?' അദ്ദേഹം പറഞ്ഞു: 'നാല് ഊഖിയ വെള്ളിക്ക്.' അപ്പോള്‍ നബി ﷺ  അദ്ദേഹത്തോട് പറഞ്ഞു: 'നാല് ഊഖിയ വെള്ളിക്കോ? നിങ്ങള്‍ ഈ മലയില്‍ നിന്ന് വെള്ളി മാന്തിയെടുക്കുന്നത് പോലുണ്ടല്ലോ!' അദ്ദേഹത്തിന്റെ മോശം അവസ്ഥയും പരിതസ്ഥിതികളും അറിയാവുന്നത് കൊണ്ടും അയാള്‍ക്ക് അതിന് സാധിക്കുകയില്ല എന്ന് നബി ﷺ  മനസ്സിലാക്കിയത് കൊണ്ടുമാണ് അങ്ങനെ പ്രതികരിച്ചത്.

ഉമര്‍(റ) മഹ്‌റിന്റെ കാര്യത്തിലുള്ള അതിരുകവിച്ചിലിനെയാണ് വെറുത്തതും വിലക്കിയതും. ഇതില്‍ ആര്‍ക്കും അഭിപ്രായവ്യത്യാസമില്ല. എന്നാല്‍ ഉമര്‍(റ)വിനെ ഒരു സ്ത്രീ എതിര്‍ക്കുകയും ക്വുര്‍ആന്‍ സൂക്തം തെളിവാക്കുകയും ചെയ്ത കഥ അബൂയഅ്‌ല(റ)യാണ് ഉദ്ധരിച്ചത്. അതിന്റെ പരമ്പരയില്‍ മുജാലിദ്ബ്‌നു സഈദ് എന്ന വ്യക്തിയുണ്ട്. അയാള്‍ അസ്വീകാര്യനാണ്. അദ്ദേഹത്തെക്കുറിച്ച് ഇബ്‌നു ഹജര്‍ (റഹി) തന്റെ തഖ്‌രീജില്‍ പറഞ്ഞത് 'അയാള്‍ പ്രബലനല്ല' എന്നാണ്. അദ്ദേഹത്തിന്റെ അവസാനകാലത്ത് ഓര്‍മക്ക് തകരാറ് സംഭവിച്ചിട്ടുണ്ട്. ഈ കഥ കണ്ണിമുറിഞ്ഞ (മുന്‍ക്വതിആയി) വേറെ പരമ്പരകളിലൂടെയും വന്നിട്ടുണ്ട്.

അപ്രകാരം തന്നെ ആ സ്ത്രീ ആയത്ത് തെളിവാക്കിയത് അസ്ഥാനത്താണ്. കാരണം പ്രസ്തുത ആയത്ത് പ്രതിപാദിക്കുന്നത് വിവാഹമോചനം (ഖുല്‍അ്) ചെയ്തവളെക്കുറിച്ചാണ്. അതായത്, ആയത്തിന്റെ വിവക്ഷ; നിങ്ങള്‍ മുന്‍ഭാര്യയെ വെറുക്കുകയും അവളുമായി നല്ല രൂപത്തില്‍ കഴിഞ്ഞു പോകാന്‍ സാധിക്കാതെ വരികയും വേറെ ഒരുവളെ വിവാഹം കഴിക്കാന്‍ ഉദ്ദേശിക്കുകയുമാണെങ്കില്‍-അവളാകട്ടെ വ്യക്തമായ ഒരു മ്ലേഛവൃത്തി ചെയ്തിട്ടുമില്ല- ഇത്തരം ഒരു സാഹചര്യത്തില്‍ നിങ്ങള്‍ അവള്‍ക്ക് ഒരു കൂമ്പാരം തന്നെ സ്വത്ത് മുമ്പ് നല്‍കിയിട്ടുണ്ടെങ്കിലും അതവള്‍ എടുത്തുപയോഗിച്ച് പോവുകയോ സൂക്ഷിച്ചു വെക്കുകയോ ചെയ്തതാണെങ്കിലും നിങ്ങള്‍ക്കതില്‍ അവകാശമില്ല. ഇനി അതല്ല നിങ്ങളവള്‍ക്ക് കൊടുക്കാമെന്ന് പറഞ്ഞ സ്വത്താണെങ്കില്‍ നിങ്ങളുടെ ഉത്തരവാദിത്തത്തിലുള്ള ഒരു കടമായി അത് മാറും. അതില്‍ നിന്ന് നിങ്ങള്‍ ഒന്നും എടുക്കാന്‍ പാടുള്ളതല്ല. പ്രത്യുത അതു മുഴുവന്‍ അവള്‍ക്ക് അവകാശപ്പെട്ടതാണ്. കാരണം, നിങ്ങള്‍ അവളെ ഒഴിവാക്കി വേറെ ഒരുവളെ സ്വീകരിക്കുന്നത് അവളിലുള്ള മതപരമായ വല്ല കുറ്റവും കൊണ്ടല്ല; മറിച്ച് നിങ്ങളുടെ സ്വന്തം താല്‍പര്യത്താലാണ്. അല്ലാതെ അവള്‍ നിങ്ങളില്‍ നിന്ന് വേര്‍പിരിയാനായി ഇങ്ങോട്ട് ആവശ്യപ്പെടുകയോ 'ത്വലാക്വ്' ചെയ്യാന്‍ പ്രേരിപ്പിക്കുകയോ മറ്റോ ആണെങ്കില്‍ മഹ്ര്‍ തിരിച്ചു വാങ്ങാമായിരുന്നു. അത്തരം യാതൊരു നടപടിയും അവളുടെ ഭാഗത്ത് നിന്ന് ഉണ്ടായിട്ടില്ലെങ്കില്‍ പിന്നെ എങ്ങനെയാണ് അവള്‍ക്ക് നല്‍കിയ സ്വത്തില്‍ നിന്നും വാങ്ങല്‍ നിങ്ങള്‍ക്ക് അനുവദനീയമാവുക?

അപ്രകാരം തന്നെ അലി(റ) ജമല്‍യുദ്ധ ദിവസം സുബൈര്‍(റ)വിനെ ഒരു കാര്യം ഓര്‍മിപ്പിക്കുന്നു. നബി ﷺ  അലി(റ)വിനോടും സുബൈര്‍(റ)വിനോടും പറഞ്ഞ കാര്യമായിരുന്നു അത്. അപ്പോള്‍ അദ്ദേഹത്തിന് അത് ഓര്‍മവരികയും യുദ്ധത്തില്‍നിന്ന് പിന്തിരിയുകയും ചെയ്തു (ഇബ്‌നുകഥീറിന്റെ അല്‍ബിദായ വന്നിഹായ, 7/240 നോക്കുക). ഇത്തരത്തിലുള്ള സംഭവങ്ങള്‍ മുന്‍കാലക്കാര്‍ക്കിടയിലും പിന്‍കാലക്കാര്‍ക്കിടയിലും ധാരാളമായി ഉണ്ടായിട്ടുണ്ട്.