പ്രബോധനത്തിലെ യുക്തിദീക്ഷ: പ്രവാചകന്റെ നിലപാടുകള്‍

അബ്ബാസ് ചെറുതുരുത്തി

2019 നവംബര്‍ 23 1441 റബിഉല്‍ അവ്വല്‍ 26

മുഹമ്മദ് നബി ﷺ  അന്തിമദൂതനാണ്. മാനവരാശിക്ക് വഴികാട്ടാന്‍ ഇനി മറ്റൊരു പ്രവാചകന്‍ വരാനില്ല. വിശുദ്ധ ക്വുര്‍ആന്‍ ആ പ്രവാചകനിലൂടെ അല്ലാഹു മാനവര്‍ക്കേകിയ അന്തിമവേദവുമാണ്. ലോകര്‍ക്കാകമാനം മാതൃകയായ നബി ﷺ  അല്ലാഹുവിലേക്ക് തന്റെ ജനതയെ ക്ഷണിച്ചത് യുക്തിദീക്ഷ(ഹിക്മത്ത്)യോടെയായിരുന്നു. ഓരോ പ്രബോധകനും തന്റെ പ്രബോധന രംഗത്ത് ഹിക്മത്ത് പ്രയോഗവത്കരിക്കല്‍ അനിവാര്യമാണ്. കാരണം, പ്രവാചകന്റെ നടപടിക്രമം അപ്രകാരമായിരുന്നു. അത് പിന്തുടരാനാണ് ഓരോ വിശ്വാസിയും കല്‍പിക്കപ്പെട്ടിരിക്കുന്നത്.

''തീര്‍ച്ചയായും നിങ്ങള്‍ക്ക് അല്ലാഹുവിന്റെ ദൂതനില്‍ ഉത്തമമായ മാതൃകയുണ്ട്. അതായത് അല്ലാഹുവെയും അന്ത്യദിനത്തെയും പ്രതീക്ഷിച്ചുകൊണ്ടിരിക്കുകയും അല്ലാഹുവെ ധാരാളമായി ഓര്‍മിക്കുകയും ചെയ്തുവരുന്നവര്‍ക്ക്''(അല്‍അഹ്‌സാബ്: 21).

ഈ ലേഖനത്തില്‍ നാം ചര്‍ച്ച ചെയ്യുന്നത് ഹിജ്‌റക്ക് മുമ്പും ശേഷവുമുള്ള പ്രവാചകന്റെ നിലപാടുകളാണ്.

രഹസ്യപ്രബോധന മേഖലയില്‍ പ്രവാചകന്റെ നിലപാടുകള്‍

കഅ്ബയുടെ സേവകരും അതോടൊപ്പം വിഗ്രഹാരാധകരുമായിരുന്ന അറബികളുടെ മതകേന്ദ്രമായിരുന്നു മക്ക എന്നത് അറിയപ്പെട്ട കാര്യമാണ്. ഇങ്ങനെയുള്ളൊരു സ്ഥലത്തെ വിശ്വാസ വിമലീകരണം കഠിനവും ശ്രമകരവും ആയിരിക്കും എന്നതില്‍ സംശയമില്ല. ഇത്തരം സന്ദര്‍ഭങ്ങളില്‍ ദൃഢവും ശക്തവുമായ തീരുമാനങ്ങള്‍ എടുക്കാന്‍, പ്രയാസങ്ങളിലോ ബുദ്ധിമുട്ടുകളിലോ പതറാതിരിക്കുന്നവര്‍ക്കേ സാധിക്കൂ എന്നതില്‍ സംശയമില്ല. മാത്രമല്ല, ഇത്തരം സന്ദര്‍ഭങ്ങളെ കൃത്യമായി കൈകാര്യം ചെയ്യാന്‍ യുക്തിദീക്ഷയുള്ളവര്‍ക്കേ സാധ്യമാകൂ. അപ്പോള്‍ മാത്രമെ പ്രബോധനം വിജയിക്കൂ. എല്ലാ ഹിക്മത്തും അനുഗ്രഹവും ഏറ്റവും വലിയ യുക്തിമാനായ ലോകരക്ഷിതാവില്‍ നിന്നാണ്. അല്ലാഹു പറഞ്ഞു:

''താന്‍ ഉദ്ദേശിക്കുന്നവര്‍ക്ക് അല്ലാഹു (യഥാര്‍ഥ) ജ്ഞാനം നല്‍കുന്നു. ഏതൊരുവന് (യഥാര്‍ഥ) ജ്ഞാനം നല്‍കപ്പെടുന്നുവോ അവന്ന് (അതുവഴി) അത്യധികം നേട്ടമാണ് നല്‍കപ്പെടുന്നത്. എന്നാല്‍ ബുദ്ധിശാലികള്‍ മാത്രമെ ശ്രദ്ധിച്ച് മനസ്സിലാക്കുകയുള്ളൂ''(അല്‍ബക്വറ: 269).

അല്ലാഹു നല്‍കുമെന്ന് പറഞ്ഞ ഹിക്മത്ത് കൊണ്ടാണ് പ്രവാചകന്‍ ﷺ  രഹസ്യമായി ഇസ്‌ലാമിക പ്രബോധനം ആരംഭിച്ചത്. ശിര്‍ക്കും കുഫ്‌റും നിറഞ്ഞാടിയ നാട്ടില്‍ പ്രബോധനം നടത്താന്‍ അല്ലാഹുവില്‍ നിന്ന് കല്‍പനയുണ്ടായി.

''ഹേ, പുതച്ച് മൂടിയവനേ, എഴുന്നേറ്റ് (ജനങ്ങളെ) താക്കീതു ചെയ്യുക. നിന്റെ രക്ഷിതാവിനെ മഹത്ത്വപ്പെടുത്തുകയും നിന്റെ വസ്ത്രങ്ങള്‍ ശുദ്ധിയാക്കുകയും പാപം വെടിയുകയും ചെയ്യുക. കൂടുതല്‍ നേട്ടം കൊതിച്ചുകൊണ്ട് നീ ഔദാര്യം ചെയ്യരുത്. നിന്റെ രക്ഷിതാവിനുവേണ്ടി നീ ക്ഷമ കൈകൊള്ളുക''(അല്‍മുദ്ദസ്സിര്‍: 1-7).

പ്രവാചകന്‍ ﷺ  തന്റെ പ്രബോധനം തുടങ്ങിയത് ജനങ്ങളില്‍ തന്നോട് ഏറ്റവും അടുത്തവരെയുംതന്റെ കുടുംബത്തില്‍ പെട്ടവരെയും കൂട്ടുകാരെയും രഹസ്യമായി ക്ഷണിച്ചുകൊണ്ടാണ്. അവരില്‍ സത്യം മനസ്സിലാക്കുകയും അത് സ്വീകരിക്കുകയും ചെയ്തവരുണ്ട്. സത്യത്തിലും നന്മയിലും ഒരുമിച്ചവരുണ്ട്. ഇസ്‌ലാമിക ചരിത്രത്തില്‍ അവര്‍ നന്മയില്‍ മുന്‍കടന്നവര്‍ എന്ന് അറിയപ്പെട്ടു. അവരില്‍ ആദ്യമായി ഇസ്‌ലാം സ്വീകരിച്ചത് പ്രവാചക പത്‌നി ഖദീജ(റ)യും പിന്നെ അലിയ്യുബ്‌നു അബീത്വാലിബും(റ) പ്രവാചകന്റെ ദത്തുപുത്രനായ സൈദ്ബ്‌നു ഹാരിസും(റ) പ്രവാചക സുഹൃത്തായ അബൂബക്കര്‍ സ്വിദ്ദീക്വും(റ) ആയിരുന്നു.

അബൂബക്കര്‍ സ്വിദ്ദീക്വ്(റ) തനിക്ക് സത്യമത സന്ദേശം ലഭിച്ചപ്പോള്‍ വളരെ ഊര്‍ജസ്വലനായിക്കൊണ്ട് പ്രബോധന രംഗത്ത് സജീവമാകുകയും അതിന്റെ നല്ല പ്രതിഫലനങ്ങള്‍ പ്രകടമാവുകയും ചെയ്തു. അദ്ദേഹത്തിന്റെ ശ്രമഫലമായി ഇസ്‌ലാമിലേക്ക് വന്ന പ്രമുഖരാണ് ഉസ്മാന്‍ ഇബ്‌നു അഫ്ഫാന്‍(റ), സുബൈര്‍ ഇബ്‌നുല്‍ അവ്വാം(റ), അബ്ദുറഹ്മാന്‍ ഇബ്‌നു ഔഫ്(റ), സഅ്ദ് ഇബ്‌നു അബീവക്വാസ്(റ), ത്വല്‍ഹത്ത് ഇബ്‌നു ഉബൈദില്ല(റ) എന്നിവര്‍.

മക്കയില്‍ ഇസ്‌ലാം പതുക്കെ വ്യാപിച്ചു തുടങ്ങി. അതിനെക്കുറിച്ച് ജനങ്ങള്‍ക്കിടയില്‍ സംസാരമായി. അതേസമയം പ്രവാകന്‍ ﷺ  രഹസ്യമായി ഇസ്‌ലാമിലേക്ക് വന്നവരെ ഒരുമിച്ച് കൂട്ടി അവര്‍ക്ക് അറിവ് പകര്‍ന്നുകൊടുക്കുകയും മാര്‍ഗനിര്‍ദേശം നല്‍കുകയും ചെയ്തു. രഹസ്യവും വ്യക്തികേന്ദ്രീകൃതവുമായ പ്രബോധനം തുടര്‍ന്നുകൊണ്ടിരുന്നു. സൂറഃ അല്‍മുദ്ദസ്സിറിലെ ആദ്യവചനങ്ങള്‍ ഇറങ്ങിയതിനുശേഷം വഹ്‌യ്(ദിവ്യസന്ദേശം) ഇറങ്ങുന്നതിന് ശക്തിയാര്‍ജിച്ചു. എന്നാല്‍, പ്രവാചകന്‍ ﷺ  ക്വുറൈശി പൊതുസമൂഹത്തില്‍ പ്രബോധനം പ്രകടമാക്കിയില്ല. ക്വുറൈശികളുടെ ജാഹിലിയ്യ കാല സമ്പ്രദായങ്ങളോടും ബിംബാരാധനയോടുമുള്ള അങ്ങേയറ്റത്തെ താല്‍പര്യം അദ്ദേഹത്തിന് അറിയാമായിരുന്നു.

മുസ്‌ലിംകളുടെ എണ്ണം നാല്‍പതോളം ആയപ്പോഴും പ്രബോധനം പരസ്യമായിരുന്നില്ല. കാരണം, പ്രവാചകന് അറിയാമായിരുന്നു നാല്‍പത് എന്നത് മതിയായ എണ്ണമായിരുന്നില്ല എന്നത്. അതേസമയം ഇസ്‌ലാം സ്വീകരിച്ചവരെ വിജ്ഞാനം നല്‍കുന്നതിനും ആവശ്യമായ മാര്‍ഗനിര്‍ദേശം നല്‍കുന്നതിനും ഒരുമിച്ചു കൂട്ടുക എന്നത് അത്യാവശ്യമായി വന്നു. ഇബ്‌നു അബില്‍അര്‍ക്വമിന്റെ ഭവനമാണ് അതിന് വേണ്ടി തിരഞ്ഞെടുക്കപ്പെട്ടത്. അങ്ങനെ ദാറുല്‍ അര്‍ക്വം ഇസ്‌ലാമിക പ്രബോധനത്തിന്റെ ആദ്യത്തെ കേന്ദ്രമായി മാറി. താമസിയാതെ തന്നെ കേന്ദ്രത്തിന്റെ ശാഖാ കേന്ദ്രങ്ങള്‍ ഉണ്ടായി. ചിലപ്പോഴെല്ലാം പ്രവാചകന്‍ ﷺ  നേരിട്ടും മറ്റുചില സന്ദര്‍ഭങ്ങളില്‍ പ്രവാചകന്‍ നിര്‍ദേശിക്കുന്നവരും അവിടങ്ങൡലേക്ക് പോകുകയായിരുന്നു പതിവ്. അത്തരം ശാഖാ കേന്ദ്രങ്ങള്‍ക്ക് ഉദാഹരണമാണ് സഈദ് ഇബ്‌നു സൈദ്(റ)വിന്റെ വീട്. എന്നാല്‍ ഏറ്റവും ശ്രദ്ധേയമായതും ഒളിവ് കാലത്തും ദുര്‍ബലതയുടെ കാലത്തും മുസ്‌ലിംകള്‍ക്ക് സംരക്ഷണം നല്‍കുന്നതില്‍ വിജയിച്ചതും ദാറുല്‍ അര്‍ക്വം ആയിരുന്നു. മൂന്ന് വര്‍ഷം ഇങ്ങനെ കഴിഞ്ഞുപോയി. പ്രബോധനം രഹസ്യവും വ്യക്തികേന്ദ്രീകൃതവുമായി തുടര്‍ന്നു. ഈയൊരു കാലയളവിനുള്ളില്‍ അല്‍പമാത്രമായ വിശ്വാസികള്‍ക്കിടയില്‍ പരസ്പര സ്‌നേഹത്തിന്റെയും സാഹോദര്യത്തിന്റെയും ബന്ധം രൂഢമൂലമായി.

പ്രവാചക പിതൃവ്യനായ ഹംസ(റ)യുടെയും മറ്റു പ്രമുഖരുടെയും ഇസ്‌ലാംമത സ്വീകരണത്തിന് ശേഷം വിശ്വാസികള്‍ കുറച്ച് കൂടി ശക്തരായി. ഉമറുബ്‌നുല്‍ ഖത്ത്വാബ്(റ)വിനെ പോലെയുള്ളവരെ കൊണ്ട് ഇസ്‌ലാമിക സംഘം ശക്തിപ്പെട്ടു. അല്ലാഹു പറഞ്ഞു:

''അതിനാല്‍ നീ കല്‍പിക്കപ്പെടുന്നതെന്തോ അത് ഉറക്കെ പ്രഖ്യാപിച്ചുകൊള്ളുക. ബഹുദൈവവാദികളില്‍ നിന്ന് തിരിഞ്ഞുകളയുകയും ചെയ്യുക. അല്ലാഹുവോടൊപ്പം മറ്റു ദൈവത്തെ സ്ഥാപിക്കുന്നവരായ പരിഹാസക്കാരില്‍ നിന്ന് നിന്നെ സംരക്ഷിക്കാന്‍ തീര്‍ച്ചയായും നാം മതിയായിരിക്കുന്നു. അവര്‍ (പിന്നീട്) അറിഞ്ഞുകൊള്ളും'' (അല്‍ഹിജ്ര്‍: 94-96).

തികച്ചും യുക്തിദീക്ഷയോടുകൂടിയായിരുന്നു നബി ﷺ യുടെ പ്രബോധനം. അതുകൊണ്ടാണ് ജനങ്ങളെ എളുപ്പത്തില്‍ സ്വാധീനിക്കാന്‍ അദ്ദേഹത്തിന് സാധിച്ചത്. പരസ്യപ്രബോധനത്തിന് അല്ലാഹു അനുമതി നല്‍കിയപ്പോള്‍ അതിന് മുന്നിട്ടിറങ്ങി. അതോടെ ഉപദ്രവങ്ങള്‍ ഏറെ നേരിടേണ്ടി വന്നു.

മക്കയിലെ പരസ്യപ്രബോധനത്തില്‍ പ്രവാചകന്റെ നിലപാടുകള്‍

അല്ലാഹു നബി ﷺ യോട് തന്റെ അടുത്ത കുടുംബങ്ങള്‍ക്ക് താക്കീത് നല്‍കാന്‍ കല്‍പിച്ചു.

''നിന്റെ അടുത്ത ബന്ധുക്കള്‍ക്ക് നീ താക്കീത് നല്‍കുകയും നിന്നെ പിന്തുടര്‍ന്ന സത്യവിശ്വാസികള്‍ക്ക് നിന്റെ ചിറക് താഴ്ത്തിക്കൊടുക്കുകയും ചെയ്യുക. ഇനി അവര്‍ നിന്നെ അനുസരിക്കാതിരിക്കുന്ന പക്ഷം, നിങ്ങള്‍ പ്രവര്‍ത്തിക്കുന്നതിനൊന്നും ഞാന്‍ ഉത്തരവാദിയല്ലെന്ന് നീ പറഞ്ഞേക്കുക''(അശ്ശുഅറാഅ്: 214-216).

അല്ലാഹുവിന്റെ കല്‍പന പ്രവാചകന്‍ ﷺ  നടപ്പില്‍ വരുത്തി. ശിര്‍ക്കിന്റെ വിപാടനത്തിനും  തൗഹീദിന്റെ സംസ്ഥാപനത്തിനും വേണ്ടി പ്രവാചകന് അല്ലാഹു നല്‍കിയതായ ഹിക്മത്ത് പ്രയോഗിച്ച് കൊണ്ട് തന്റെ കുടുംബത്തെ മുഴുവന്‍ താക്കീത് ചെയ്തു. അതിന് വേണ്ടി പ്രവാചകന്‍ ﷺ  എടുത്ത നടപടികള്‍:

1. സ്വഫാ കുന്നിലേക്ക് കയറിക്കൊണ്ട് നബി ﷺ  തന്റെ ജനതയെ വിളിച്ചുവരുത്തി:

ഇബ്‌നു അബ്ബാസ്(റ)വില്‍ നിന്ന് നിവേദനം: 'നിന്റെ അടുത്ത ബന്ധുക്കള്‍ക്ക് നീ താക്കീത് നല്‍കുകയും...' എന്ന ആയത്ത് ഇറങ്ങിയപ്പോള്‍ പ്രവാചകന്‍ ﷺ  സ്വഫാ കുന്നിലേക്ക് കയറുകയും എന്നിട്ട് വിളിച്ച് പറയുകയും ചെയ്തു: 'അല്ലയോ ബനൂഫിഹ്ര്‍, ബനൂഅദിയ്യ്...' അവരെല്ലാം ഒരുമിച്ച് കൂടി. നേരിട്ട് എത്തിച്ചേരാന്‍ കഴിയാത്തവര്‍ പ്രതിനിധികളെ അയച്ചു. അബൂലഹബും ക്വുറൈശികളും വന്നു. പ്രവാചകന്‍ ﷺ  അവരോടായി പറഞ്ഞു: 'നിങ്ങളെ ആക്രമിക്കാന്‍ തയ്യാറായി ഒരു കുതിര സംഘം ഈ താഴ്‌വരയില്‍ നില്‍ക്കുന്നുണ്ടെന്ന് ഞാന്‍ പറഞ്ഞാല്‍ നിങ്ങളുടെ അഭിപ്രായമെന്തായിരിക്കും? നിങ്ങള്‍ എന്നെ വിശ്വസിക്കുമോ?' അവര്‍ ഒന്നടങ്കം പറഞ്ഞു: 'അതെ, ഞങ്ങള്‍ വിശ്വസിക്കും. നിന്നില്‍ നിന്ന് ഞങ്ങള്‍ സത്യമല്ലാതെ കേട്ടിട്ടില്ല.' നബി ﷺ  പറഞ്ഞു: 'തീര്‍ച്ചയായും നിങ്ങള്‍ക്ക് വരാനിരിക്കുന്ന ഭയാനകമായ ശിക്ഷയെക്കുറിച്ച് മുന്നറിയിപ്പ് തരാന്‍ വന്ന താക്കീതുകാരനാകുന്നു ഞാന്‍.' അപ്പോള്‍ അബൂലഹബ് പറഞ്ഞു: 'നിനക്ക് നാശം! ഇതിനുവേണ്ടിയാണോ നീ ഞങ്ങളെ ഒരുമിച്ച് കൂട്ടിയത്?' അപ്പോഴാണ്, ഈ അധ്യായം ഇറങ്ങിയത്: 'അബൂലഹബിന്റെ ഇരുകൈകളും നശിച്ചിരിക്കുന്നു. അവന്‍ നാശമടയുകയും ചെയ്തിരിക്കുന്നു. അവന്റെ ധനമോ അവന്‍ സമ്പാദിച്ചുവെച്ചതോ അവന്  ഉപകാരപ്പെട്ടില്ല. തീ ജ്വാലകളുള്ള നരകാഗ്നിയില്‍ അവന്‍ പ്രവേശിക്കുന്നതാണ്. വിറകു ചുമട്ടുകാരിയായ അവന്റെ ഭാര്യയും. അവളുടെ കഴുത്തില്‍ ഈത്തപ്പന നാരുകൊണ്ടുള്ള ഒരു കയറുണ്ടായിരിക്കും''(അല്‍മസദ്: 1-5).

മറ്റൊരു റിപ്പോര്‍ട്ടില്‍ അബൂഹുറയ്‌റ(റ) പറയുന്നു: ''പ്രവാചകന്‍ ﷺ  ഓരോ ഉപഗോത്രങ്ങളെയും പേരെടുത്ത് വിളിച്ചു. എന്നിട്ട് പറഞ്ഞു: 'നിങ്ങള്‍ സ്വയം നിങ്ങളുടെ ശരീരത്തെ നരകത്തില്‍ നിന്നും രക്ഷിക്കുക.' പിന്നെ പറഞ്ഞു: 'ഓ, ഫാത്തിമാ! നീ നിന്റെ ശരീരത്തെ നരകത്തില്‍ നിന്ന് കാത്തുരക്ഷിക്കുക. അല്ലാഹുവിന്റെ അടുക്കല്‍ നിനക്ക് വേണ്ടി യാതൊന്നും ഞാന്‍ ഉടമപ്പെടുത്തിയിട്ടില്ല.''(ബുഖാരി, മുസ്‌ലിം).

അറബികള്‍ക്ക് തങ്ങളുടെ കുടുംബത്തോടുള്ള അങ്ങേയറ്റത്തെ അടുപ്പം പ്രബോധന വിഷയത്തില്‍ പ്രവാചകനെ സ്വാധീനിച്ചിട്ടില്ല എന്ന് ഇത് വ്യക്തമാക്കുന്നു. അല്ലാഹുവില്‍ നിന്നുള്ള ദിവ്യസന്ദേശം ജനങ്ങളിലേക്ക് എത്തിക്കുകയും ബിംബാരാധന തെറ്റാണെന്ന് പറയുകയും സ്വര്‍ഗത്തോട് താല്‍പര്യം ഉണ്ടാക്കുകയും നരകത്തെക്കുറിച്ച് മുന്നറിയിപ്പ് നല്‍കുകയും ചെയ്തപ്പോള്‍ മക്കക്കാര്‍ക്ക് അത് ഉള്‍ക്കൊള്ളാനായില്ല. അവര്‍ക്കത് അപരിചിതമായ ആശയമായിരുന്നു; ഏറെ വെറുപ്പുള്ളതും. അതിനാല്‍ എതിര്‍പ്പിന്റെ വിഷയത്തില്‍ അവര്‍ കാര്‍ക്കശ്യം കാണിച്ചു. എന്നാല്‍ പ്രവാചകന്‍ ﷺ  എതിര്‍പ്പുകളെ വകവെക്കാതെ മുന്നോട്ടുപോയി. കാരണം അദ്ദേഹം അല്ലാഹുവിന്റെ റസൂലാണ്. അല്ലാഹുവിന്റെ സഹായത്തില്‍ പ്രതീക്ഷയര്‍പ്പിച്ച്, അവനില്‍ ഭരമേല്‍പിച്ച് തന്റെ ദൗത്യം നിര്‍വഹണത്തില്‍ അദ്ദേഹം സജീവമായി.

നബി ﷺ  രാവും പകലും, രഹസ്യമായും പരസ്യമായും അല്ലാഹുവിലേക്കുള്ള ക്ഷണം തുടര്‍ന്നുകൊണ്ടേയിരുന്നു. ഒരാളുടെയും വിലക്കോ, ബഹിഷ്‌കരണ ഭീതിയോ, സമ്മര്‍ദമോ, ഭീഷണിയോ പ്രവാചകനെ അതില്‍ നിന്നും തടഞ്ഞില്ല. ജനങ്ങള്‍ സമ്മേളിക്കുന്ന ചന്തകളിലും അങ്ങാടികളിലും കൂട്ടായ്മകളിലുമൊക്കെ എത്തിക്കൊണ്ട് എല്ലാവരെയും സത്യമതത്തിലേക്ക് ക്ഷണിച്ചു.

മക്കയിലെ ക്വുറൈശികളായ മുശ്‌രിക്കുകളിലെ പ്രമാണികള്‍ വാചികമായും കായികമായും അതിനെ നേരിടാന്‍ തയ്യാറായി. തങ്ങളുടെ ആരാധ്യരെ വിട്ടൊഴിയാനുള്ള ഉദ്ദേശമില്ലാത്തവരുടെ പ്രതിഷേധം മക്കയില്‍ പൊട്ടിപ്പുറപ്പെട്ടു. പക്ഷേ, പ്രവാചകന്‍ ﷺ  ഈ പ്രക്ഷോഭങ്ങള്‍കൊണ്ടൊന്നും പ്രബോധനം  നിര്‍ത്തിയില്ല; ഇസ്‌ലാമിലേക്ക് പ്രവേശിച്ചവര്‍ക്ക് പ്രത്യേകമായ തര്‍ബിയ്യത്തും പരിഗണനയും നല്‍കുന്നത് ഉപേക്ഷിച്ചതുമില്ല. ക്വുറൈശികളുടെ കണ്ണില്‍പെടാത്ത വിദൂരത്തുള്ള വീടുകളില്‍ മുസ്‌ലിംകളുമായി ഒരുമിച്ച് കൂടുകയും ഈ കൂട്ടായ്മയില്‍ നിന്നും ഇസ്‌ലാമിക പ്രചാരണത്തിന് യോഗ്യരായ ധീരന്മാരെ വളര്‍ത്തിയെടുക്കുകയും ചെയ്തു. ഇത് മുഖേന ആദ്യകാല വിശ്വാസികള്‍ക്ക് തങ്ങളുടെ വിശ്വാസത്തെശക്തിപ്പെടുത്താനും തങ്ങളുടെ രക്ഷിതാവിന് കീഴൊതുങ്ങി ജീവിക്കുവാനും നേതൃത്വത്തെ അനുസരിക്കുവാനും പ്രത്യേകമായൊരു ഭാഗ്യം സിദ്ധിക്കുകയുണ്ടായി. മതത്തോടും പ്രമാണങ്ങളോടും അവര്‍ക്ക് ഗാഢമായ ബന്ധവും വിധേയത്വവും ഉണ്ടായി. ഏത് പ്രതിസന്ധികളെയും പ്രതിരോധിക്കാനുള്ള മനക്കരുത്ത് നേടാനും സ്വജീവനെക്കാള്‍ റബ്ബിനെയും പ്രവാചകനെയും സ്‌നേഹിക്കാനും അവര്‍ക്ക് സാധിച്ചു.

യുക്തിഭദ്രമായ നിലപാടിനാല്‍ പ്രവാചകന് തന്നില്‍ അര്‍പ്പിതമായ ദൗത്യം ഭംഗിയായി നിര്‍വഹിക്കുവാന്‍ സാധിച്ചു. അതിലൂടെ പ്രബോധനത്തിന്റെകൃത്യമായ മാര്‍ഗം എക്കാലത്തുമുള്ള പ്രബോധകര്‍ക്ക്  വരച്ച് കാണിച്ചു. ആ മാര്‍ഗം പിന്തുടരലാണ് വിശ്വാസികളുടെ ബാധ്യത.

വലീദുബ്‌നു മുഗീറ, ആസ്വ്ബ്‌നു വാഇലുസ്സഹമി, അബൂജഹല്‍, അബൂലഹബ്, നള്‌റുബ്‌നു ഹാരിസ്, ഉക്വ്ബത്ത്, ഉബയ്യുബ്‌നു ഖലഫ്, ഉമയ്യത്തുബ്‌നു ഖലഫ് എന്നിവരൊക്കെയായിരുന്നു പ്രവാചകനോടും വിശ്വാസികളോടും കഠിനമായ ശത്രുത പ്രകടിപ്പിച്ചിരുന്ന മുശ്‌രിക്കുകളുടെ നേതാക്കള്‍. ഇവരാണ് പ്രവാചകനും മുസ്‌ലിംകള്‍ക്കും കൂടുതല്‍ ഉപദ്രവം ഉണ്ടാക്കിയവര്‍. എന്നാല്‍ അവരെ തിരിച്ച് ഉപദ്രവിക്കുവാനോ കൊല്ലുവാനോ നബി ﷺ  അനുയായികളോട് കല്‍പിച്ചില്ല. സഹിക്കുവാനും ക്ഷമിക്കുവാനുമാണ് കല്‍പിച്ചത്. ഇസ്‌ലാമിന്റെ സഞ്ചാര പാത ദുര്‍ഘടമാക്കുന്നതിലേക്ക് നയിക്കാന്‍ സാധ്യതയുള്ള ഒന്നും നബി ﷺ  ചെയ്യില്ല. കാരണം, പ്രവാചകനെ നിയോഗിച്ചിട്ടുള്ളത് യുക്തിമാനായ അല്ലാഹുവാണ്.

അല്ലാഹുവിന്റെ മാര്‍ഗത്തിലേക്ക് ക്ഷണിക്കുന്ന മുഴുവന്‍ പ്രബോധകരും ഹിജ്‌റക്ക് മുമ്പും ഹിജ്‌റക്ക്‌ശേഷവുമുള്ള പ്രവാചകന്റെ പ്രബോധന രീതിശാസ്ത്രം മനസ്സിലാക്കി ആ മാര്‍ഗത്തില്‍ പ്രബോധനം ചെയ്യല്‍ നിര്‍ബന്ധമാണ്. അതില്‍നിന്ന് വ്യതിചലിച്ചുള്ള മാര്‍ഗം ഗുണം ചെയ്യില്ല. കാരണം ആ മാര്‍ഗം തികച്ചും യുക്തിദീക്ഷയില്‍ അധിഷ്ഠിതമാണ്.