അനുപമമായ ശിക്ഷണം

അബ്ബാസ് ചെറുതുരുത്തി

2019 ഡിസംബര്‍ 21 1441 റബിഉല്‍ ആഖിര്‍ 24

മദീനയില്‍ എത്തിയ ശേഷം പള്ളിനിര്‍മിച്ചതും ജൂതന്മാരെ ഇസ്‌ലാമിലേക്ക് ക്ഷണിച്ചതും പോലെ പ്രവാചകന്‍ ﷺ  നിര്‍വഹിച്ച മറ്റൊരു പ്രവര്‍ത്തനമായിരുന്നു മുഹാജിറുകള്‍ക്കും അന്‍സ്വാറുകള്‍ക്കുമിടയില്‍ സാഹോദര്യം ഉണ്ടാക്കുക എന്നത്. പ്രവാചകന്റെ വിവേകവും പ്രവാചകത്വത്തിന്റെ പൂര്‍ണതയും ഹിക്മത്തും പൂര്‍ണമായും പ്രകടമാകുന്ന പ്രവര്‍ത്തനമായിരുന്നു അത്.

അനസ് ഇബ്‌നു മാലികി(റ)ന്റെ വീട്ടില്‍ വെച്ച് അവരെ പരസ്പരം പ്രവാചകന്‍ ﷺ  സഹോദരങ്ങളാക്കി. അവര്‍ 90 പുരുഷന്മാരുണ്ടായിരുന്നു; പകുതി പേര്‍ മുഹാജിറുകളും പകുതി പേര്‍ അന്‍സ്വാറുകളും. അവര്‍ക്കിടയില്‍ തുല്യവും നീതിയുക്തവുമായ രീതിയില്‍ സാഹോദര്യമുണ്ടാക്കി. ബദ്ര്‍ യുദ്ധം നടക്കുന്നത് വരെ മരണശേഷം അവര്‍ പരസ്പരം അനന്തരമെടുത്തിരുന്നു. ''എന്നാല്‍ രക്തബന്ധമുള്ളവര്‍ അല്ലാഹുവിന്റെ രേഖയില്‍ (നിയമത്തില്‍) അന്യോന്യം കൂടുതല്‍ ബന്ധപ്പെട്ടവരാകുന്നു'' എന്ന ക്വുര്‍ആന്‍ വചനമിറങ്ങിയപ്പോള്‍ രക്തബന്ധത്തിലേക്ക് മാത്രമായി അനന്തര സ്വത്തുക്കള്‍ മടക്കപ്പെട്ടു.

ജാഹിലിയ്യത്തിലെ സങ്കുചിത പക്ഷപാതിത്വങ്ങള്‍ അലിഞ്ഞില്ലാതായി. രാജ്യത്തിന്റെയും വര്‍ണത്തിന്റെയും കുടുംബത്തിന്റെയും പേരിലുള്ള വേര്‍തിരിവ് ഇല്ലാതായി. ദൈവഭയത്തിന്റെയും മാനവികതയുടെയും അടിസ്ഥാനത്തിലായി ഒരാള്‍ക്ക് മറ്റൊരാളെക്കാളുള്ള മുന്‍ഗണന. ഇസ്‌ലാം പഠിപ്പിക്കുന്ന നീതിയും മനുഷ്യത്വവും സല്‍സ്വഭാവവും ശക്തമായ സാഹോദര്യമാണ് അവരുടെ മനസ്സുകളില്‍ രൂഢമൂലമാക്കിയത്. അതിന്റെ ഏറ്റവും മനോഹരമായ രൂപം ഇമാം ബുഖാരി റിപ്പോര്‍ട്ട് ചെയ്യുന്ന ഒരു ഹദീഥില്‍ കാണാം:

''അബ്ദുറഹ്മാന്‍ ഇബ്‌നു ഔഫി(റ)നെയും സഅദ് ഇബ്‌നുറബീഇനെ(റ)യും പ്രവാചകന്‍ ﷺ  പരസ്പരം സഹോദരങ്ങളാക്കി. സഅദ്(റ) പറഞ്ഞു: 'അന്‍സ്വാരികളില്‍ ധാരാളം സമ്പത്തുള്ള ആളാണ് ഞാന്‍. എനിക്കും താങ്കള്‍ക്കുമിടയില്‍ എന്റെ സമ്പത്തിനെ നേര്‍പകുതിയാക്കി, പകുതി താങ്കള്‍ക്ക് നല്‍കാം. എനിക്ക് രണ്ടുഭാര്യമാരുണ്ട്. അവരില്‍ ആരെയാണോ താങ്കള്‍ക്ക് കൂടുതല്‍ ഇഷ്ടമാകുന്നത് അവളുടെ പേര് പറഞ്ഞാല്‍ ഞാന്‍ അവളെ ത്വലാക്വ് ചൊല്ലി ഇദ്ദ കാലാവധി കഴിഞ്ഞാല്‍ താങ്കള്‍ക്ക് വിവാഹം കഴിക്കാം.' അബ്ദുറഹ്മാന്‍(റ) പറഞ്ഞു: 'താങ്കളുടെ കുടുംബത്തിലും സമ്പത്തിലും അല്ലാഹു താങ്കള്‍ക്ക് അനുഗ്രഹം ചെയ്യട്ടെ. നിങ്ങളുടെ അങ്ങാടി എവിടെയാണ്?' ബനൂഖൈനുക്വാഅ് അങ്ങാടി അദ്ദേഹത്തിന് കാണിച്ചുകൊടുത്തു. അദ്ദേഹം അവിടേക്ക് അല്‍പം പാല്‍കട്ടിയും നെയ്യുമായി പോയി. പിറ്റേദിവസം രാവിലെ അദ്ദേഹം മടങ്ങിവന്നപ്പോള്‍ അദ്ദേഹത്തിന്റെ വസ്ത്രത്തില്‍ അത്തറിന്റെ മഞ്ഞ അടയാളം കണ്ടു. അപ്പോള്‍ നബി ﷺ  ചോദിച്ചു: 'എന്താണ് നിന്റെ വിശേഷം?' അദ്ദേഹം പറഞ്ഞു: 'ഞാന്‍ അന്‍സ്വാറുകൡപെട്ട ഒരു സ്ത്രീയെ വിവാഹം കഴിച്ചു.' പ്രവാചകന്‍ ﷺ  പറഞ്ഞു: 'നീ എന്താണ് (മഹ്‌റ്) നല്‍കിയത്?' അദ്ദേഹം പറഞ്ഞു: 'ഒരു വിത്തിന്റെ തൂക്കം വരുന്ന സ്വര്‍ണം.' പ്രവാചകന്‍ ﷺ  പറഞ്ഞു: 'ഒരു ആടിനെ അറുത്തെങ്കിലും വലീമ (വിവാഹസദ്യ) നല്‍കുക.' (ബുഖാരി).

പ്രവാചകന്‍ ﷺ  ഉണ്ടാക്കിയ തുല്യതയില്ലാത്ത സാഹോദര്യം വലിയ ഹിക്മത്തായിരുന്നു. മുസ്‌ലിംകള്‍ നേരിട്ടിരുന്ന മുഴുവന്‍ പ്രശ്‌നങ്ങള്‍ക്കും മനോഹരമായ പരിഹാരവുമായിരുന്നു.

ഹിക്മത്തിലധിഷ്ഠിതമായ ശിക്ഷണം

പ്രവാചകന്‍ ﷺ  ശിക്ഷണം നല്‍കുന്നതിലും മനസ്സുകളെ ശുദ്ധീകരിക്കുന്നതിലും പ്രത്യേകം ശ്രദ്ധിക്കുകയും ഉന്നത സ്വഭാവഗുണങ്ങളെ പ്രേരിപ്പിക്കുകയും സ്‌നേഹത്തിന്റെയും സാഹോദര്യത്തിന്റെയും ശ്രേഷ്ഠതയുടെയും ആരാധനയുടെയും അനുസരണയുടെയും മര്യാദകള്‍ അവരെ പഠിപ്പിക്കുകയും ചെയ്തു.

പ്രവാചകന്‍ ﷺ  പറയുമായിരുന്നു: ''അല്ലയോ ജനങ്ങളേ, നിങ്ങള്‍ സലാം പറയല്‍ വ്യാപിപ്പിക്കുക, ഭക്ഷണം കഴിപ്പിക്കുക, ജനങ്ങള്‍ ഉറങ്ങുമ്പോള്‍ രാത്രി എഴുന്നേറ്റ് നമസ്‌കരിക്കുക, സമാധാനം കൊണ്ട് സ്വര്‍ഗത്തില്‍ പ്രവേശിക്കുക''(തിര്‍മിദി).

''ഏതൊരാളുടെ അയല്‍വാസി തന്റെ ഉപദ്രവത്തില്‍ നിന്നു നിര്‍ഭയനാകുന്നില്ലയോ എങ്കില്‍ അയാള്‍ സ്വര്‍ഗത്തില്‍ പ്രവേശിക്കുകയില്ല''(മുസ്‌ലിം).

''ഒരു മുസ്‌ലിം; അവന്റെ കയ്യില്‍ നിന്നും നാവില്‍ നിന്നും മറ്റു മുസ്‌ലിംകള്‍ സുരക്ഷിതരായിരിക്കും''(ബുഖാരി).

''താന്‍ ഇഷ്ടപ്പെടുന്നത് തന്റെ സഹോദരനും ഇഷ്ടപ്പെടുന്നത് വരെ നിങ്ങളില്‍ ഒരാളും വിശ്വാസിയാകില്ല''(ബുഖാരി).

''ഒരു വിശ്വാസി മറ്റൊരു വിശ്വാസിക്ക് ഒരു കെട്ടിടം പോലെയാണ്; ചിലത് ചിലതിനെ ശക്തിപ്പെടുത്തുന്നു.''(32)

''നിങ്ങള്‍ പരസ്പരം അസൂയവെക്കരുത്, നിങ്ങള്‍ വാങ്ങാന്‍ ഉദ്ദേശിക്കാത്ത വസ്തുക്കള്‍ക്ക് മറ്റുള്ളവരെ കബളിപ്പിക്കാന്‍ വേണ്ടി വില കയറ്റി പറയരുത്. നിങ്ങള്‍ പരസ്പരം വിദ്വേഷം വെക്കരുത്. നിങ്ങള്‍ പരസ്പരം ശത്രുത പുലര്‍ത്തരുത്. നിങ്ങള്‍ അല്ലാഹുവിന്റെ ദാസന്മാരായ സഹോദരന്മാരാകുക. ഒരു മുസ്‌ലിം മറ്റൊരു മുസ്‌ലിമിന്റെ സഹോദരനാണ്. അവന്‍ അവനെ അക്രമിക്കുകയില്ല. തഖ്‌വ (ഭയഭക്തി) ഇവിടെയാണ്. (നബി ﷺ  തന്റെ നെഞ്ചിലേക്ക് മൂന്ന് പ്രാവശ്യം ചൂണ്ടി). ഒരു മനുഷ്യന് തിന്മയായി തന്റെ മുസ്‌ലിം സഹോദരനെ നിന്ദിക്കുന്നത് തന്നെമതി. ഓരോ മുസ്‌ലിമും മറ്റൊരു മുസ്‌ലിമിന്റെ മേല്‍ പവിത്രമാണ്; അവന്റെ രക്തവും ധനവും അഭിമാനവും''(മുസ്‌ലിം).

''ഒരു മുസ്‌ലിമിനും തന്റെ സഹോദരനോട് മൂന്ന് ദിവസത്തില്‍ കൂടുതല്‍ പിണങ്ങി നില്‍ക്കുന്നത് അനുവദനീയമല്ല. അവര്‍ തമ്മില്‍ കണ്ടുമുട്ടുന്നു; അപ്പോള്‍ അവന്‍ തിരിഞ്ഞുകളയുന്നു. ഇവനും തിരിഞ്ഞുകളയുന്നു. അവരില്‍ ഉത്തമന്‍ സലാം കൊണ്ട് ആരംഭിക്കുന്നവനാണ്'' (മുസ്‌ലിം).

''ഒരു മുസ്‌ലിം മറ്റൊരു മുസ്‌ലിമിനോട് ചെയ്യേണ്ട കടമകള്‍ ആറാകുന്നു.'' അല്ലാഹുവിന്റെ റസൂലേ, അവ ഏതാണെന്ന് ചോദിക്കപ്പെട്ടു. അവിടുന്ന് പറഞ്ഞു: ''നീ അവനെ കണ്ടുമുട്ടിയാല്‍ സലാം പറയുക. അവന്‍ നിന്നെ ക്ഷണിച്ചാല്‍ ഉത്തരം ചെയ്യുക. വല്ല ഉപദേശവും ആവശ്യപ്പെട്ടാല്‍ അവനെ ഉപദേശിക്കുക. അവന്‍ തുമ്മിയ ശേഷം അല്ലാഹുവിനെ സ്തുതിച്ചാല്‍ (അല്‍ഹംദുലില്ലാഹ് എന്നുപറഞ്ഞാല്‍) അതിനു പ്രത്യുത്തരം ചെയ്യുക. രോഗിയായാല്‍ അവനെ സന്ദര്‍ശിക്കുക. മരണപ്പെട്ടാല്‍ അവന്റെ ജനാസയെ അനുഗമിക്കുക''(മുസ്‌ലിം).

''നിങ്ങള്‍ സത്യവിശ്വാസികളാകുന്നത് വരെ സ്വര്‍ഗത്തില്‍ പ്രവേശിക്കുകയില്ല. പരസ്പരം സ്‌നേഹിക്കുന്നത് വരെ നിങ്ങള്‍ സത്യവിശ്വാസികളാവുകയില്ല. ഒരു കാര്യം ഞാന്‍ അറിയിച്ചു തരട്ടെയോ? അത് നിങ്ങള്‍ പ്രവര്‍ത്തിച്ചാല്‍ നിങ്ങള്‍ക്ക് പരസ്പരം സ്‌നേഹമുണ്ടാകും. (അതായത്) നിങ്ങള്‍ പരസ്പരം സലാം പറയുക''(മുസ്‌ലിം).

നബി ﷺ  ചോദിക്കപ്പെട്ടു: ''ഇസ്‌ലാമില്‍ ഏറ്റവും നന്മ നിറഞ്ഞ കാര്യം എന്താണ്?'' അവിടുന്ന് പറഞ്ഞു: ''നീ ഭക്ഷണം നല്‍കുക, നിനക്ക് പരിചയമുള്ളവനും പരിചയമില്ലാത്തവനും നീം സലാം പറയുകയും ചെയ്യുക''(മുസ്‌ലിം).

''വിശ്വാസികളുടെ ഉപമ, അവരുടെ പരസ്പരമുള്ള സ്‌നേഹത്തിലും, കാരുണ്യത്തിലും കനിവിലും ഒരു ശരീരം പോലെയാണ്. ഏതെങ്കിലും ഒരു അവയവത്തിന് വല്ല അസുഖവും ബാധിച്ചാല്‍ ശരീരത്തിലെ മറ്റുഭാഗങ്ങള്‍ പനിപിടിച്ചും ഉറക്കമിളച്ചും അതിനോട് അനുഭാവം പുലര്‍ത്തും''(മുസ്‌ലിം).

''കരുണ ചെയ്യാത്തവന്‍ കരുണ ചെയ്യപ്പെടുകയില്ല''(മുസ്‌ലിം).

''ജനങ്ങളോട് കരുണ കാണിക്കാത്തവനോട് അല്ലാഹു കരുണകാണിക്കുകയില്ല''(മുസ്‌ലിം).

''മുസ്‌ലിമിനെ ചീത്ത വിളിക്കുന്നത് തെമ്മാടി

ത്തമാണ്. അവനെ കൊല്ലുന്നത് സത്യനിഷേധവും''

(ബുഖാരി).

മേല്‍പറഞ്ഞ പ്രവാചക വചനങ്ങളെല്ലാം അന്‍സ്വാറുകള്‍ നബി ﷺ യില്‍ നിന്നും നേരിട്ട് കേട്ടതോ ഹിജ്‌റക്ക് മുമ്പ് നബി ﷺ യില്‍ നിന്നും കേട്ട മുഹാജിറുകളില്‍ നിന്ന് കേട്ടതോ ആണ്. ഇങ്ങനെ പ്രവാചകന്‍ ﷺ  മുഴുവന്‍ അനുചരന്മാരെയും  ഉത്തമ ശിക്ഷണം നല്‍കി വളര്‍ത്തിക്കൊണ്ട് വന്നു. നല്ല മാര്‍ഗങ്ങളില്‍ ധനം ചെലവഴിക്കുന്നതിനെ പ്രോത്സാഹിപ്പിച്ചു. ഐഹികജീവിതത്തിന്റെ ആഡംബരങ്ങളോട് വിരക്തിയും ജീവിതത്തില്‍ ക്ഷമയും സംതൃപ്തിയും ഉണ്ടാക്കിയെടുത്തു. അതോടൊപ്പം ആരാധനാ കര്‍മങ്ങളില്‍ ആഗ്രഹം ജനിപ്പിക്കുകയും അതിന്റെ പ്രതിഫലങ്ങളും ശ്രേഷ്ഠതയും കരസ്ഥമാക്കുന്നതിന് അവരെ പ്രാപ്തരാക്കുകയും ചെയ്തു. ഉപരിയില്‍ നിന്നുള്ള ദൈവികബോധനത്തിനനുസരിച്ച് അനുചരന്മാരെ ഉറപ്പിച്ച് നിര്‍ത്തുകയും അവര്‍ക്ക് ദൈവികവചനങ്ങള്‍ ഓതിക്കൊടുക്കുകയും അവര്‍ ഓതുകയും ചെയ്തു. അങ്ങനെ പ്രവാചകന്‍ ﷺ  തന്റെ സമൂഹത്തെ ആദര്‍ശപരമായും ഭൗതികപരമായും ഉന്നതനിലവാരത്തിലെത്തിച്ചു.

ജാഹിലിയ്യത്തിന്റെ കൂരിരുട്ടില്‍ നിന്നും മനോഹരവും ഉന്നതവുമായ നിലവാരത്തിലേക്ക് മുസ്‌ലിം സമൂഹത്തെ നബി ﷺ  കൈപിടിച്ചുയര്‍ത്തി. തങ്ങള്‍ക്ക് ലഭിച്ചതെല്ലാം പരസ്പരം പങ്കുവെക്കുവാനും ഉള്ളതുകൊണ്ട് തൃപ്തിപ്പെടുവാനും പ്രതിസന്ധികളെ തരണം ചെയ്തും ക്ഷമിച്ചും ജീവിക്കുവാനും അവര്‍ക്ക് സാധിച്ചു. ഏകനായ അല്ലാഹുവിനെ മാത്രം ആരാധിക്കുന്നതിലൂടെ അവര്‍ സമൂലമായ മാറ്റത്തിന് വിധേയമാവുകയായിരുന്നു.