പ്രളയം: ചിന്തിക്കാന്‍ ചിലത്

അബൂമിസ്‌യാല്‍

2019 ആഗസ്ത് 31 1440 ദുല്‍ഹിജ്ജ 29

കേരളം ഒരിക്കല്‍ കൂടി പ്രളയത്തിന്റെ പിടിയില്‍ അമര്‍ന്നു. നിരവധി പേര്‍ക്ക് ജീവഹാനി നേരിട്ടു. കോടികളുടെ സാമ്പത്തിക നഷ്ടം സംഭവിച്ചു കഴിഞ്ഞു. കേരള ജനത കൈമെയ് മറന്ന് ഒന്നായ കാഴ്ച നാം കാണുന്നു. വെള്ളമിറങ്ങിയ വീടുകള്‍ ശുചീകരിക്കാനും ദുരിതാശ്വാസ ക്യാമ്പുകളിലുള്ളവരെ സഹായിക്കാനും എല്ലാവരും മുന്നോട്ടു വരുന്നു. സന്തോഷം! മനുഷ്യര്‍ എന്ന നിലയില്‍ നാം ഒന്നാണ് എന്ന മഹത്തായ സന്ദേശം ഒരിക്കല്‍ കൂടി നാം പ്രവൃത്തിപഥത്തില്‍ കാണിച്ചു കൊടുത്തു.

പ്രളയം നടന്ന സന്ദര്‍ഭത്തില്‍ നമുക്ക് ലഭിച്ച, അതല്ലെങ്കില്‍ നാം അനിവാര്യമായും ഗ്രഹിക്കേണ്ട ചില പാഠങ്ങളെക്കുറിച്ച് സൂചിപ്പിക്കുവാനാണ് ഈ കുറിപ്പിലൂടെ ഉദ്ദേശിക്കുന്നത്.

പുഴകള്‍ ഇത്രപെട്ടെന്ന് നിറഞ്ഞു കവിയാന്‍ കാരണമെന്ത്? രണ്ടുദിനം തുടര്‍ച്ചയായി മഴ പെയ്താല്‍ മുങ്ങിപ്പോകുന്ന തരത്തിലേക്ക് കേരളം മാറ്റപ്പെട്ടതിന്റെ കാരണമെന്താണ്? ഈ ചോദ്യങ്ങള്‍ക്ക് ഉത്തരവാദപ്പെട്ടവര്‍ ഉത്തരം കണ്ടെത്തും എന്ന് നമുക്ക് പ്രതീക്ഷിക്കാം.

കര്‍ക്കിടക മാസത്തില്‍ ഇതിനെക്കാള്‍ മഴ മുമ്പ് ലഭിച്ചിരുന്നു എന്ന് പഴമക്കാര്‍ ഏകോപിച്ചു പറയുന്നു. പക്ഷേ, അന്നില്ലാത്ത പ്രളയം ഇപ്പോള്‍ വര്‍ഷാവര്‍ഷം എന്തുകൊണ്ട്?

ഈ പ്രകൃതിയില്‍ നടക്കുന്ന മുഴുവന്‍ കാര്യങ്ങളും യാദൃച്ഛികമാണ് എന്ന വിഡ്ഢിത്തം ആദര്‍ശമായി കൊണ്ടുനടക്കുന്ന ചില യുക്തി(രഹിത)വാദികള്‍ കേരളത്തിലുണ്ട്. ശാസ്ത്രമാണ് മതം എന്ന് മേനിനടിക്കുന്നവരാണവര്‍. ശാസ്ത്ര യാഥാര്‍ഥ്യങ്ങള്‍ സത്യമാണ് എന്നതിലാര്‍ക്കും തര്‍ക്കമില്ല. എന്നാല്‍ എല്ലാ കാര്യങ്ങളുടെയും അവസാന വാക്ക് ശാസ്ത്രമല്ലെന്ന യാഥാര്‍ഥ്യവും നാം അംഗീകരിച്ചേ പറ്റൂ. തുടര്‍ച്ചയായി പെയ്യുന്ന മഴയെ തടുക്കാന്‍, ആകാശത്തിലെ മഴമേഘങ്ങളെ വഴിതിരിച്ചു വിടാന്‍, ഇന്ന സ്ഥലത്ത് മഴ പെയ്യരുത് എന്ന് തീരുമാനിക്കാന്‍... ഇതിനൊന്നും മനുഷ്യന് സാധ്യമല്ല! മഴ അധികമായാല്‍ നിസ്സഹായരായി കൈമലര്‍ത്താനേ മനുഷ്യനാവൂ എന്നത് ഒരിക്കല്‍ കൂടി നാം അനുഭവിച്ചറിഞ്ഞു. എന്നാല്‍ ദൈവിക മതമായ ഇസ്‌ലാമിന് അവിടെയും ചില ഇടപെടലുകളുണ്ട്. മഴ അധികമാകുമ്പോള്‍ പ്രത്യേകമായി പ്രാര്‍ഥിക്കേണ്ട ഒരു പ്രാര്‍ഥന തന്നെ ഇസ്‌ലാം പഠിപ്പിക്കുന്നുണ്ട്. അങ്ങനെയൊരു പ്രാര്‍ഥന മറ്റേതെങ്കിലും മതം പഠിപ്പിക്കുന്നതായി കാണുന്നില്ല. ''അല്ലാഹുമ്മ ഹവാലയ്‌നാ വലാ അലയ്‌നാ''(ബുഖാരി: 933)

 മഴ പെയ്തുകൊണ്ടിരിക്കുന്ന അവസരത്തില്‍ പ്രാര്‍ഥിക്കുവാനും ഇസ്‌ലാം പ്രത്യേക പ്രാര്‍ഥന പഠിപ്പിക്കുന്നുണ്ട് എന്നതും ഇവിടെ പ്രത്യേകം സ്മരണീയമാണ്. ശാസ്ത്രത്തിന്റെ മറപിടിച്ച് പടച്ചവനെ നിഷേധിക്കുന്നവര്‍ക്ക് മഴ അധികമാകുമ്പോള്‍ എന്താണ് ചെയ്യാനുള്ളത്? ഒന്നുമില്ല! കാരണം, മഴയുടെ നിയന്ത്രണം ശാസ്ത്രത്തിന്റെ കരങ്ങളിലല്ല. മഴയിറക്കുന്നവന്റെ കരങ്ങങ്ങളിലാണതിന്റെ നിയന്ത്രണം. ആരാണ് മഴയിറക്കുന്നത്? ആകാശത്തെയും ഭൂമിയെയും പടച്ചവന്‍ തന്നെ! ക്വുര്‍ആനിലെ ഒരു വചനം കാണുക:

''അവനാണ് ആകാശത്ത് നിന്ന് വെള്ളം ചൊരിഞ്ഞുതന്നവന്‍. എന്നിട്ട് അത് മുഖേന നാം എല്ലാ വസ്തുക്കളുടെയും മുളകള്‍ പുറത്ത് കൊണ്ടുവരികയും അനന്തരം അതില്‍ നിന്ന് പച്ചപിടിച്ച ചെടികള്‍ വളര്‍ത്തിക്കൊണ്ട് വരികയും ചെയ്തു. ആ ചെടികളില്‍ നിന്ന് നാം തിങ്ങിനിറഞ്ഞ ധാന്യം പുറത്ത് വരുത്തുന്നു. ഈന്തപ്പനയില്‍ നിന്ന് അഥവാ അതിന്റെ കൂമ്പോളയില്‍ നിന്ന് തൂങ്ങിനില്‍ക്കുന്ന കുലകള്‍ പുറത്ത് വരുന്നു. (അപ്രകാരം തന്നെ) മുന്തിരിത്തോട്ടങ്ങളും പരസ്പരം തുല്യത തോന്നുന്നതും എന്നാല്‍ ഒരുപോലെയല്ലാത്തതുമായ ഒലീവും മാതളവും (നാം ഉല്‍പാദിപ്പിച്ചു). അവയുടെ കായ്കള്‍ കായ്ച്ച് വരുന്നതും മൂപ്പെത്തുന്നതും നിങ്ങള്‍ നോക്കൂ. വിശ്വസിക്കുന്ന ജനങ്ങള്‍ക്ക് അതിലെല്ലാം ദൃഷ്ടാന്തങ്ങളുണ്ട്'' (അല്‍അന്‍ആം: 99).

ആരാണോ മഴയിറക്കുന്നത് അവനു മാത്രമെ അത് നിറുത്താനും കഴിയൂ എന്നര്‍ഥം. അതിനാല്‍ അവനോട് മഴ നിറുത്താനാവശ്യപ്പെടുക എന്നതാണ് പരിഹാരം. അതാണ് ഇസ്‌ലാം പഠിപ്പിക്കുന്നത്.

പടച്ചവന്റെ പരീക്ഷണങ്ങള്‍ക്കു മുന്നില്‍ പടപ്പുകള്‍ ദുര്‍ബലരാണ് എന്നതിനും ഈ പ്രളയം നമ്മെ സാക്ഷികളാക്കി. കവളപ്പാറയിലും പുത്തുമലയിലും മനുഷ്യന്റെ നിസ്സഹായാവസ്ഥ നാം കണ്ടു. മീറ്ററുകളോളം ഉയര്‍ന്നു നില്‍ക്കുന്ന ചെളിയില്‍ അടിയിലെവിടെയോ പുതഞ്ഞുകിടക്കുന്ന ചേതനയറ്റ ശരീരങ്ങള്‍ മാന്തിയെടുക്കാന്‍ തന്നെ എത്ര ദിനങ്ങളാണ് വേണ്ടി വന്നത്! ഇനിയും എത്ര കണ്ടെത്താനുണ്ട്! മനുഷ്യരേ, നിങ്ങള്‍ ദുര്‍ബലരാണ് എന്നതാണ് ഒരോ ദുരന്തവും നമ്മോട് പറയുന്നത്. കുര്‍ആനിലെ ഒരു സൂക്തം കാണുക:

''നിങ്ങള്‍ക്ക് ഭാരം കുറച്ചുതരണമെന്ന് അല്ലാഹു ഉദ്ദേശിക്കുന്നു. ദുര്‍ബലനായിക്കൊണ്ടാണ് മനുഷ്യന്‍ സൃഷ്ടിക്കപ്പെട്ടിരിക്കുന്നത്'' (അന്നിസാഅ്: 28).

പാവപ്പെട്ടവരെ ഇങ്ങനെ പരീക്ഷിക്കുന്നത് ക്രൂരതയല്ലേ, പടച്ചവന്‍ കാരുണ്യവാനാണെങ്കില്‍ ഇങ്ങനെയൊക്കെ ചെയ്യുമോ എന്നൊക്കെ ചോദിച്ച് സ്രഷ്ടാവിനെ ചോദ്യം ചെയ്യുന്നവരും ഉണ്ട്. കാരുണ്യവാനായ അല്ലാഹുവിന്റെ പരീക്ഷണങ്ങളില്‍ ചിലതാണിതെല്ലാം. ഇത്തരത്തില്‍ മനുഷ്യരെ അവന്‍ പരീക്ഷണത്തിന് വിധേയരാക്കും എന്ന് കാലേകൂട്ടി അവന്‍ അറിയിച്ചതുമാണ്. അവന്‍ പറഞ്ഞ കാര്യങ്ങള്‍ അവന്‍ നടത്തുന്നു എന്നു മാത്രം! അവന്റെ പരീക്ഷണങ്ങള്‍ക്ക് അവന്‍ ഉദ്ദേശിക്കുന്നവരെ അവന്‍ വിധേയരാക്കുന്നു. ഈ സൂക്തം ശ്രദ്ധിച്ചു വായിക്കൂ:

''കുറച്ചൊക്കെ ഭയം, പട്ടിണി, ധനനഷ്ടം, ജീവനഷ്ടം, വിഭവനഷ്ടം എന്നിവ മുഖേന നിങ്ങളെ നാം പരീക്ഷിക്കുക തന്നെ ചെയ്യും. (അത്തരം സന്ദര്‍ഭങ്ങളില്‍) ക്ഷമിക്കുന്നവര്‍ക്ക് സന്തോഷവാര്‍ത്ത അറിയിക്കുക. തങ്ങള്‍ക്ക് വല്ല ആപത്തും ബാധിച്ചാല്‍ അവര്‍ (ആ ക്ഷമാശീലര്‍) പറയുന്നത്; ഞങ്ങള്‍ അല്ലാഹുവിന്റെ അധീനത്തിലാണ്, അവങ്കലേക്ക് തന്നെ മടങ്ങേണ്ടവരുമാണ് എന്നായിരിക്കും. അവര്‍ക്കത്രെ തങ്ങളുടെ രക്ഷിതാവിങ്കല്‍ നിന്ന് അനുഗ്രഹങ്ങളും കാരുണ്യവും ലഭിക്കുന്നത്. അവരത്രെ സന്‍മാര്‍ഗം പ്രാപിച്ചവര്‍'' (അല്‍ബക്വറ: 155-157).

മനുഷ്യന്റെ ഭാവിയും സുഖദുഃഖങ്ങളും മുന്‍കൂട്ടി 'പ്രവചിക്കുന്നവര്‍' കേരളത്തില്‍ എമ്പാടുമുണ്ട്. പക്ഷേ, ഈ ദുരന്തം അവരാരും പ്രവചിച്ചു കണ്ടില്ല! മുന്‍കൂട്ടി അറിഞ്ഞിട്ടും മൗനികളായ ഇവര്‍ ഇത്ര ക്രൂരന്മാരാണോ? അതോ, അവര്‍ക്കറിയാഞ്ഞിട്ടോ? അറിയാഞ്ഞിട്ടു തന്നെ! അപ്പോള്‍ ഇവര്‍ മറ്റു ചില കാര്യങ്ങള്‍ 'പ്രവചിക്കുന്ന'തോ? ശുദ്ധ തട്ടിപ്പു തന്നെ!

ഇത് ഈ പ്രളയം നമ്മളെ പഠിപ്പിച്ച ഒരു മഹത്തായ സത്യമാണ്. ഭാവി കാര്യങ്ങള്‍ പടപ്പുകള്‍ക്കറിയില്ല! അതറിയുന്നവനായി പടച്ചവന്‍ മാത്രമേയുള്ളൂ! ഈ വചനം ശ്രദ്ധിക്കൂ!

''(നബിയേ,) പറയുക: ആകാശങ്ങളിലും ഭൂമിയിലും ഉള്ളവരാരും അദൃശ്യകാര്യം അറിയുകയില്ല; അല്ലാഹുവല്ലാതെ'' (അന്നംല്: 65).

(ഇനി കുറച്ചു ദിവസങ്ങളില്‍ ഇത്തരക്കാരുടെ പരസ്യങ്ങള്‍ പത്രങ്ങളില്‍ കാണില്ല!).

ചില മനുഷ്യര്‍ തങ്ങളുടെ സങ്കടങ്ങള്‍ ബോധിപ്പിക്കാനും ആവശ്യങ്ങള്‍ നേടിയെടുക്കാനും ആഗ്രഹങ്ങള്‍ പൂര്‍ത്തീകരിക്കാനും പടച്ചവന് പുറമെയുള്ള അഭയ കേന്ദ്രങ്ങളായി കാണുന്ന പല കേന്ദ്രങ്ങളും കേരളത്തില്‍ ഉണ്ട്. പ്രളയകാലത്ത് പ്രളയത്തില്‍നിന്നുള്ള രക്ഷാര്‍ഥം ആരും അവിടേക്കൊന്നും അഭയം തേടി പോയതായി കേട്ടില്ല! കാരണം അത്തരം പല കേന്ദ്രങ്ങള്‍ തന്നെയും വെള്ളത്തിലായിരുന്നു! കഷ്ടം! പടച്ചവന്‍ പടപ്പുകള്‍ക്ക് വിധിച്ച പ്രയാസങ്ങളും പ്രതിസന്ധികളും നന്മകളും ഒരു പടപ്പിനും തടുക്കാന്‍ കഴിയില്ലെന്നും തങ്ങളുടെ സ്വന്തം കാര്യം നോക്കാന്‍ തന്നെ അവര്‍ അശക്തരാണെന്നും ഈ പ്രളയം ഒരിക്കല്‍ കൂടി നമ്മെ പഠിപ്പിച്ചു! തങ്ങള്‍ക്ക് തടുക്കാനും തട്ടിമാറ്റാനും കഴിവുണ്ടായിരിക്കെ അത് ചെയ്യാതിരിക്കല്‍ മഹാ പാതകം തന്നെയാണെന്നതില്‍ ആര്‍ക്കും തര്‍ക്കമില്ലല്ലോ. പടച്ചവന് പുറമെയുള്ള ആശാകേന്ദ്രങ്ങള്‍ മുഴുവനും ദുര്‍ബലങ്ങളാണ് എന്നര്‍ഥം! ഈ ക്വുര്‍ആന്‍ വചനങ്ങള്‍ ശ്രദ്ധിക്കുക:

 ''നീ പറയുക: എങ്കില്‍ അല്ലാഹുവിന് പുറമെ നിങ്ങള്‍ വിളിച്ച് പ്രാര്‍ഥിക്കുന്നവയെപ്പറ്റി നിങ്ങള്‍ ചിന്തിച്ച് നോക്കിയിട്ടുണ്ടോ? എനിക്ക് വല്ല ഉപദ്രവവും വരുത്താന്‍ അല്ലാഹു ഉദ്ദേശിച്ചിട്ടുണ്ടെങ്കില്‍ അവയ്ക്ക് അവന്റെ ഉപദ്രവം നീക്കം ചെയ്യാനാവുമോ? അല്ലെങ്കില്‍ അവന്‍ എനിക്ക് വല്ല അനുഗ്രഹവും ചെയ്യുവാന്‍ ഉദ്ദേശിച്ചാല്‍ അവയ്ക്ക് അവന്റെ അനുഗ്രഹം പിടിച്ചുവെക്കാനാകുമോ? പറയുക: എനിക്ക് അല്ലാഹു മതി. അവന്റെ മേലാകുന്നു ഭരമേല്‍പിക്കുന്നവര്‍ ഭരമേല്‍പിക്കുന്നത്'' (അസ്സുമര്‍: 38).

''തങ്ങള്‍ക്ക് സഹായം ലഭിക്കുവാന്‍ വേണ്ടി അല്ലാഹുവിന് പുറമെ പല ആരാധ്യന്മരാരെയും അവര്‍ സ്വീകരിച്ചിരിക്കുന്നു. അവരെ സഹായിക്കാന്‍ അവര്‍ക്ക് സാധിക്കുകയില്ല'' (യാസീന്‍: 74,75).

''അതല്ല, നമുക്ക് പുറമെ അവരെ സംരക്ഷിക്കുന്ന വല്ല ആരാധ്യന്മാരും അവര്‍ക്കുണ്ടോ? സ്വദേഹങ്ങള്‍ക്ക് തന്നെ സഹായം ചെയ്യാന്‍ അവര്‍ക്ക് സാധിക്കുകയില്ല. നമ്മുടെ ഭാഗത്ത് നിന്നും അവര്‍ തുണക്കപ്പെടുകയുമില്ല''(അല്‍അമ്പിയാഅ്: 43).

പടച്ചവന്റെ പള്ളികളും അപകടത്തില്‍ പെട്ടല്ലോ എന്ന മറുചോദ്യം മനസ്സില്‍ കരുതുന്നവരുണ്ടാകും. അവര്‍ക്ക് ഈ സൂക്തം മറുപടി പറയുന്നുണ്ട്:

''അവന്‍ പ്രവര്‍ത്തിക്കുന്നതിനെപ്പറ്റി ചോദ്യം ചെയ്യപ്പെടുകയില്ല. അവരാകട്ടെ ചോദ്യം ചെയ്യപ്പെടുന്നതുമാണ്'' (അല്‍അമ്പിയാഅ്: 23).

പടച്ചവന് എല്ലാറ്റിനും കഴിവുണ്ട്. ഒരു പടപ്പിനെ രക്ഷിക്കാനും അപായപ്പെടുത്താനും അവന് കഴിയും. വെള്ളത്തില്‍ മുങ്ങുന്ന ഒരു മനുഷ്യനെ അല്ലാഹു ഉദ്ദേശിച്ചാല്‍ അവന്‍ രക്ഷപ്പെടുത്തും. അതവന്റെ ഇഷ്ടം. അവനതില്‍ മുങ്ങിമരിച്ചാല്‍ 'എന്തിനാണ് പടച്ചോനേ നീയവനെ മുക്കിക്കൊന്നത്' എന്ന ചോദ്യത്തിനര്‍ഥമില്ല. അതേസമയം, അവന്‍ മുങ്ങുന്ന സമയത്ത് നീന്തലറിയുന്ന ഒരു മനുഷ്യന്‍ കരയിലുണ്ട്, അപകടാവസ്ഥകളൊന്നുമില്ല എങ്കില്‍, ആ മുങ്ങുന്നവനെ രക്ഷിക്കല്‍ ആ മനുഷ്യന് നിര്‍ബന്ധമായിത്തീരുന്നു. അതവന്‍ ചെയ്തില്ലെങ്കില്‍ അവന്‍ പടച്ചവന്റെയടുക്കല്‍ കുറ്റക്കാരനാണ്! എന്തുകൊണ്ട്? അവന് കഴിവുണ്ടായിട്ടും അവന്‍ ചെയ്തില്ല എന്നതു തന്നെ! അല്ലാഹുവിന് പുറമെ ആളുകള്‍ സഹായം തേടിക്കൊണ്ടിരിക്കുന്നവര്‍ക്ക് കഴിവുണ്ടെങ്കില്‍ അവരെ സഹായിക്കല്‍ അവര്‍ക്ക് നിര്‍ബന്ധമാണ്. കാരണം അവര്‍ പടപ്പുകളാണ്. അവര്‍ വിളിക്കുന്നവരുടെ വിളി കേള്‍ക്കുകയും അവരുടെ അവസ്ഥ അറിയുകയും ചെയ്യുന്നുണ്ട് എന്നാണല്ലോ വിശ്വാസം. അതവര്‍ ചെയ്തില്ലെങ്കില്‍ അവര്‍ കുറ്റക്കാരുമാണ്. അല്ലാഹുവിന് ഈ അവസ്ഥയില്ല. അങ്ങനെ വരുമ്പോള്‍ ഇവര്‍ക്ക് ദിവസവും എത്രയാണ് പാപങ്ങള്‍ ഏറുന്നത്! ഇതുണ്ടാവുമോ? മരണപ്പെട്ടവര്‍ അവര്‍ ഉത്തരവാദികളല്ലാത്ത പ്രവര്‍ത്തനത്തിന്റെ പേരില്‍ പാപങ്ങള്‍ വഹിക്കേണ്ടി വരുമോ? ഒരിക്കലുമില്ല! അപ്പോള്‍ എന്താണ് വസ്തുത? ഈ ക്വുര്‍ആന്‍ വചനങ്ങള്‍ ശ്രദ്ധിക്കുക:

''അല്ലാഹുവിന് പുറമെ നിങ്ങള്‍ ആരെയൊക്കെ വിളിച്ച് പ്രാര്‍ഥിച്ച് കൊണ്ടിരിക്കുന്നുവോ അവര്‍ യാതൊന്നും സൃഷ്ടിക്കുന്നില്ല. അവരാകട്ടെ സൃഷ്ടിക്കപ്പെടുന്നവരുമാണ്. അവര്‍ (പ്രാര്‍ഥിക്കപ്പെടുന്നവര്‍) മരിച്ചവരാണ്. ജീവനുള്ളവരല്ല. ഏത് സമയത്താണ് അവര്‍ ഉയിര്‍ത്തെഴുന്നേല്‍പിക്കപ്പെടുക എന്ന് അവര്‍ അറിയുന്നുമില്ല'' (അന്നഹ്ല്‍: 20,21).

''അല്ലാഹുവിനു പുറമെ, ഉയിര്‍ത്തെഴുന്നേല്‍പിന്റെ നാളുവരെയും തനിക്ക് ഉത്തരം നല്‍കാത്തവരെ വിളിച്ചു പ്രാര്‍ഥിക്കുന്നവനെക്കാള്‍ വഴിപിഴച്ചവന്‍ ആരുണ്ട്? അവരാകട്ടെ ഇവരുടെ പ്രാര്‍ഥനയെപ്പറ്റി ബോധമില്ലാത്തവരാകുന്നു'' (അല്‍അഹ്ക്വാഫ്: 5).

''അവനോടുള്ളതുമാത്രമാണ് ന്യായമായ പ്രാര്‍ഥന. അവന്നു പുറമെ ആരോടെല്ലാം അവര്‍ പ്രാര്‍ഥിച്ച് കൊണ്ടിരിക്കുന്നുവോ അവരാരും അവര്‍ക്ക് യാതൊരു ഉത്തരവും നല്‍കുന്നതല്ല. വെള്ളം തന്റെ വായില്‍ (തനിയെ) വന്നെത്താന്‍ വേണ്ടി തന്റെ ഇരുകൈകളും അതിന്റെ നേരെ നീട്ടിക്കാണിക്കുന്നവനെപ്പോലെ മാത്രമാകുന്നു അവര്‍. അത് (വെള്ളം) വായില്‍ വന്നെത്തുകയില്ലല്ലോ. സത്യനിഷേധികളുടെ പ്രാര്‍ഥന നഷ്ടത്തില്‍ തന്നെയാകുന്നു'' (അര്‍റഅ്ദ്: 14).

''നിങ്ങള്‍ അവരോട് പ്രാര്‍ഥിക്കുന്ന പക്ഷം അവര്‍ നിങ്ങളുടെ പ്രാര്‍ഥന കേള്‍ക്കുകയില്ല. അവര്‍ കേട്ടാലും നിങ്ങള്‍ക്കവര്‍ ഉത്തരം നല്‍കുന്നതല്ല. ഉയിര്‍ത്തെഴുന്നേല്‍പിന്റെ നാളിലാകട്ടെ നിങ്ങള്‍ അവരെ പങ്കാളികളാക്കിയതിനെ അവര്‍ നിഷേധിക്കുന്നതുമാണ്. സൂക്ഷ്മജ്ഞാനമുള്ളവനെ(അല്ലാഹുവെ)പ്പോലെ നിനക്ക് വിവരം തരാന്‍ ആരുമില്ല'' (അല്‍ഫാത്വിര്‍: 16).

എന്തു മനസ്സിലായി? പടച്ചവന് പുറമെയുള്ളവര്‍ (അവരാരായിരുന്നാലും) പടപ്പുകളുടെ പ്രാര്‍ഥന കേള്‍ക്കുന്നില്ല! അവരിതൊന്നും അറിയുന്നുമില്ല.

അപ്പോള്‍, സഹായിക്കാത്തതിന്റെ പേരില്‍ അവര്‍ക്ക് കുറ്റമില്ല! കാരണം അവര്‍ക്കതിനു കഴിയില്ല എന്നതു തന്നെ! എങ്കില്‍, സര്‍വശക്തനായ പടച്ചവനെ വിട്ട് നാം എന്തിന് ഇവരില്‍ അഭയം തേടണം?!

ഇത്രയും കുറിച്ചത്, ചിന്തിക്കുന്നവര്‍ക്കു വേണ്ടിയാണ്. തര്‍ക്കിക്കുന്നവര്‍ക്കു വേണ്ടിയല്ല! ഇത് യുക്തിവാദമല്ല! ഇതാണ് മതം! അത് യുക്തിഭദ്രമാണ് താനും. അല്ലാഹു നമ്മെയെല്ലാം മുഴുവന്‍ വിപത്തുകളില്‍ നിന്നും കാത്തുരക്ഷിക്കട്ടെ! ആമീന്‍.