തീവ്രവാദം: പ്രതികള്‍ മതങ്ങളോ അധികാര രാഷ്ട്രീയമോ

നബീല്‍ പയ്യോളി

2019 ഡിസംബര്‍ 07 1441 റബിഉല്‍ ആഖിര്‍ 10

'കോഴിക്കോട്ടെ തീവ്രവാദ പ്രസ്ഥാനങ്ങളാണ് മാവോയിസ്റ്റുകളെ സഹായിക്കുന്നത്, ഇസ്ലാമിക തീവ്രവാദികള്‍ മാവോയിസ്റ്റുകളെ പ്രോത്സാഹിപ്പിക്കുന്നു' എന്ന സി.പി.എം കോഴിക്കോട് ജില്ലാ സെക്രട്ടറി മോഹനന്‍ മാസ്റ്ററുടെ പ്രസ്താവന വലിയ വിവാദങ്ങള്‍ക്ക് തിരികൊളുത്തിയത് നാം കണ്ടു. കമ്യൂണിസ്റ്റ് കുടുംബത്തിലെ രണ്ട് മുസ്ലിം നാമധാരികളെ മാവോയിസ്റ്റ് ബന്ധത്തിന്റെ പേരില്‍ പോലീസ് അറസ്റ്റ് ചെയ്യുകയും യു.എ.പി.എ ചാര്‍ജ് ചെയ്യുകയും ചെയ്തതിന്റെ പശ്ചാത്തലത്തിലാണ് ജില്ലാസെക്രട്ടറിയുടെ പ്രസ്താവന എന്നത് ചേര്‍ത്ത് വായിക്കുമ്പോഴാണ് ഈ പ്രസ്താവനയുടെ ആഴവും പരപ്പും ബോധ്യപ്പെടുക. കഴിഞ്ഞ വര്‍ഷം ഗെയില്‍ പൈപ്പ്‌ലൈന്‍ പദ്ധതിയുമായി ബന്ധപ്പെട്ട പ്രതിഷേധങ്ങള്‍ക്ക് പിന്നിലും 'ആറാം നൂറ്റാണ്ടിലെ പ്രത്യയശാസ്ത്ര പിന്മുറക്കാരായ തീവ്രവാദികളുടെ' സ്വാധീനം കണ്ടെത്തിയതും ഇതേ ജില്ലാകമ്മിറ്റിയായിരുന്നു. ആ പ്രസ്താവന തയ്യാറാക്കിയ മുന്‍ നക്‌സല്‍ നേതാവ് കെ.ടി കുഞ്ഞിക്കണ്ണന്‍ അതിന് വിശദീകരണവുമായി രംഗത്ത് വരികയും ചെയ്തു. മോഹനന്‍ മാസ്റ്ററുടെ പ്രസ്താവനക്ക് പിന്തുണയുമായി കുമ്മനം രാജശേഖരനും ബി.ജെ.പിയും രംഗത്ത് വരികയും ചെയ്തത് ഈ നിലപാടില്‍ രണ്ട് കൂട്ടരും പുലര്‍ത്തുന്ന സാമ്യതയുടെ തെളിവാണ്. മുന്‍ പാലക്കാട് എം.പി എം.ബി രാജേഷും മുന്‍ കണ്ണൂര്‍ ജില്ലാ സെക്രട്ടറി പി.ജയരാജനും അടക്കം പാര്‍ട്ടി നേതാക്കള്‍ പലരും ഇതിന് പിന്തുണയുമായി രംഗത്ത് വന്നു. സി.പി.എം നേതാക്കള്‍ ഇതാദ്യമല്ല ഇത്തരം പ്രസ്താവനകള്‍ നടത്തുന്നത്. മുന്‍ മുഖ്യമന്ത്രി വി.എസ് അച്യുതാനന്ദന്‍, എല്‍.ഡി.എഫ് കണ്‍വീനര്‍ വിജയരാഘവന്‍, മന്ത്രി കടകംപള്ളി സുരേന്ദ്രന്‍ തുടങ്ങി കേരളത്തിലെ കമ്യൂണിസ്റ്റ് നേതാക്കള്‍ ഇത്തരം ആരോപണങ്ങള്‍ പലഘട്ടങ്ങളിലായി ഉന്നയിച്ചിട്ടുണ്ട്. ഇതിനെതിരെ പാര്‍ട്ടിക്ക് അകത്ത് നിന്ന് വലിയ പ്രതിഷേധങ്ങള്‍ ഉയരുകയും പതിവ് പോലെ വിശദീകരണവുമായി അവര്‍ രംഗത്ത് വരികയും ചെയ്തു. ആ പ്രസ്താവനയില്‍ ഉറച്ച് നില്‍ക്കുന്നെന്നും അത് മുസ്ലിം സമൂഹത്തെ മൊത്തം ഉദ്ദേശിച്ചല്ല, മറിച്ച് തീവ്രവാദ സംഘടനകളെ ഉദ്ദേശിച്ചാണെന്നും അവര്‍ ന്യായീകരിച്ചു.

'സി.പി.എം സംഘപരിവാര്‍ നാവായിത്തീരുന്നു' എന്നതിനെതിരെ സമൂഹത്തിന്റെ വിവിധ തുറകളില്‍ നിന്നും വലിയ പ്രതിഷേധങ്ങള്‍ ഉണ്ടായി. മത-രാഷ്ട്രീയ വ്യത്യാസമില്ലാതെ പൊതുസമൂഹം കമ്യൂണിസ്റ്റ് പാര്‍ട്ടി നേതാക്കളില്‍ നിന്നും ഇത്തരം പ്രസ്താവനകള്‍ ഉണ്ടാകുന്നതിനെ ശക്തമായി എതിര്‍ക്കുകയും സംഘപരിവാര്‍ നയങ്ങള്‍ കടമെടുക്കുന്ന നയം കമ്യൂണിസ്റ്റ് പാര്‍ട്ടിയെ തകര്‍ക്കാന്‍ കാരണമാകും എന്ന് മുന്നറിയിപ്പ് നല്‍കുകയും ചെയ്തു.

തങ്ങളുടെ പാര്‍ട്ടി പ്രതിരോധത്തിലാകുന്ന സമയങ്ങളില്‍ ഒരു സമുദായത്തെ താറടിച്ചു കാണിച്ച് മുഖം രക്ഷിക്കാനുള്ള ശ്രമം നീചമാണ്. കോഴിക്കോട് അറസ്റ്റിലായ രണ്ട് യുവാക്കളും കമ്യൂണിസ്റ്റ് പാര്‍ട്ടിയുടെ സജീവ പ്രവര്‍ത്തകരാണെന്നും അവര്‍ അറസ്റ്റ് ചെയ്യപ്പെട്ടത് കമ്യൂണിസ്റ്റ് ആശയങ്ങളുടെ പേരില്‍ തന്നെയാണെന്നുമിരിക്കെ മുസ്‌ലിം സമുദായത്തെ എന്തിന് ഈ വിവാദത്തിലേക്ക് വലിച്ചിഴച്ചു എന്നത് പാര്‍ട്ടി വ്യക്തമാക്കേണ്ടതാണ്. മതേതര പാര്‍ട്ടി എന്ന നിലയില്‍ കേരളത്തിലെ കമ്യൂണിസ്റ്റ് പാര്‍ട്ടിയിലും വിവിധ മതവിഭാഗങ്ങളില്‍ നിന്നുള്ളവര്‍ ഉണ്ട് എന്നത് യാഥാര്‍ഥ്യമാണ്. തങ്ങളുടെ പ്രവര്‍ത്തകരും അനുഭാവികളും നിലകൊള്ളുന്ന മതത്തെ നിരന്തരം അന്യവല്‍ക്കരിക്കാനുള്ള ശ്രമം പാര്‍ട്ടിയെയും അതിന്റെ പ്രവര്‍ത്തനങ്ങളെയും ദുര്‍ബലപ്പെടുത്തും എന്ന തിരിച്ചറിവ് നേതൃത്വത്തിന് ഉണ്ടായാല്‍ നല്ലത്. സാമൂഹ്യ മാധ്യമങ്ങളില്‍ അടക്കം സജീവ പാര്‍ട്ടി പ്രവര്‍ത്തകര്‍ ഈ നിലപാടിനെതിരെ ശക്തമായ പ്രതിഷേധം അറിയിച്ചത് നേതൃത്വം ഗൗരവത്തോടെ പരിഗണിക്കുകയും ഭാവിയില്‍ ഇത്തരം നിരുത്തരവാദപരമായ പ്രസ്താവനകള്‍ ഉണ്ടാവാതിരിക്കാനുള്ള ജാഗ്രത പുലര്‍ത്തുകയും ചെയ്യുമെന്ന് പ്രത്യാശിക്കാം.

തീവ്രവാദം എന്നതിന്റെ നിര്‍വചനം നിലപാടുകളില്‍ തീവ്രത പുലര്‍ത്തുക എന്നതാണെങ്കില്‍, ലോകത്ത് മത,ജാതി,വര്‍ഗ,വര്‍ണ ഭേദമന്യെ എല്ലാവര്‍ക്കിടയിലും തീവ്ര നിലപാടുകാരെ കാണുവാന്‍ സാധിക്കും. അതല്ലല്ലോ പൊതുവില്‍ തീവ്രവാദം എന്നതുകൊണ്ട് വിവക്ഷിക്കുന്നത്. ജനങ്ങളുടെ സൈ്വര്യ ജീവിതത്തിന് വിഘാതമാകുന്നതും നിരപരാധികളുടെ ജീവനെടുക്കുന്നതുമായ അസഹിഷ്ണുതയുടെ ആദര്‍ശമാണ് തീവ്രവാദം എങ്കില്‍ മതങ്ങളെക്കാള്‍ അതില്‍ മുന്നില്‍ നില്‍ക്കുന്ന പ്രത്യയശാസ്ത്രങ്ങളുണ്ട് എന്ന കാര്യം വിസ്മരിച്ചുകൂടാ. ലോക ചരിത്രത്തില്‍ ഇന്നേവരെ നടന്ന മനുഷ്യക്കുരുതികള്‍ക്ക് പിന്നില്‍ മതങ്ങളുടെ പങ്ക് തുലോം തുച്ഛമാണെന്നത് ചരിത്രത്തെ സത്യസന്ധമായി വായിക്കുന്ന ഏതൊരാള്‍ക്കും മനസ്സിലാക്കാവുന്ന യാഥാര്‍ഥ്യമാണ്.

സ്വന്തം അധികം നിലനിര്‍ത്താന്‍ രാഷ്രീയ പാര്‍ട്ടികള്‍ ആയിരക്കണക്കിന് മനുഷ്യരെ കൊന്നുതള്ളിയിട്ടുണ്ട്. ലോക മഹായുദ്ധങ്ങള്‍ ദശലക്ഷക്കണക്കിന് മനുഷ്യജീവനുകളെയാണ് അപഹരിച്ചത്. ഒന്നാം ലോകമഹായുദ്ധത്തില്‍ 90 ലക്ഷത്തിലധികം പോരാളികളും 70 ലക്ഷത്തിലധികം സാധാരണക്കാരും മരണപ്പെട്ടു. രണ്ടാം ലോകമഹായുദ്ധത്തില്‍ 72 ദശലക്ഷം പേര്‍ (ഇതില്‍ 24 ദശലക്ഷവും സൈനികരായിരുന്നു) മരണമടഞ്ഞു.

മനുഷ്യക്കുരുതിക്ക് നേതൃത്വം നല്‍കിയ മാവോസേ തൂങ്, സ്റ്റാലിന്‍, ഹിറ്റ്‌ലര്‍, മുസോളിനി, ലിയോപോള്‍ഡ്, ഹൈടെക്കി, ലെനിന്‍, പോള്‍പോട്ട് തുടങ്ങിയവര്‍ അതിര്‍ത്തികള്‍ വെട്ടിപ്പിടിക്കാനും അധികാരത്തിന് വേണ്ടിയുമായിരുന്നു ഈ നീചകൃത്യങ്ങള്‍ ചെയ്തത്. ഗ്വാണ്ടനാമോയും കോണ്‍സന്‍ട്രേഷന്‍ ക്യാമ്പുകളും പറയുന്ന കഥകള്‍ മറ്റൊന്നല്ല. മതത്തെ ഇത്തരം കാര്യങ്ങള്‍ക്ക് വേണ്ടി മറയായി സ്വീകരിച്ചവരും ഉണ്ട്. പലപ്പോഴും മതവിശ്വാസികള്‍ ഇവരുടെ ഇരകളായി എന്നതാണ് യാഥാര്‍ഥ്യം. ഇതെല്ലം ചെയ്തത് മതത്തിന്റെ പേരിലോ മതപരമായ എന്തെങ്കിലും കാര്യങ്ങള്‍ക്ക് വേണ്ടിയോ ആയിരുന്നില്ല. സ്വാര്‍ഥ താല്‍പര്യങ്ങളും അധികാരമോഹവും ആയിരുന്നു അവരെ ഇത്തരം ക്രൂരകൃത്യങ്ങള്‍ക്ക് പ്രേരിപ്പിച്ചത്. ജപ്പാനിലെ ഹിരോഷിമയിലും നാഗസാക്കിയിലും അണുബോംബ് വര്‍ഷിച്ച് ആയിരങ്ങളുടെ ജീവന്‍ കവര്‍ന്നതും തലമുറകളോളം ഒരു ജനതയെ വൈകല്യങ്ങളിലേക്ക് തള്ളിവിട്ടതും ഇന്നും ജീവിച്ചിരിക്കുന്ന രക്തസാക്ഷികളെ സൃഷ്ടിച്ചതും ഏതെങ്കിലും മതത്തിന്റെ പേരിലായിരുന്നില്ല.

ലോകത്ത് നടന്ന വര്‍ഗീയ കലാപങ്ങള്‍ സത്യസന്ധമായി പരിശോധിച്ചാല്‍ രാഷ്ട്രീയ താല്‍പര്യങ്ങളായിരുന്നു യഥാര്‍ഥ പ്രചോദനം എന്ന് വ്യക്തമാകും. സ്വാതന്ത്ര്യാനന്തര ഇന്ത്യയില്‍ നടന്ന വര്‍ഗീയ കലാപങ്ങളും രാഷ്ട്രീയ ലക്ഷ്യത്തോടെയുള്ളവയായിരുന്നു എന്ന് കാണാനാകും. സംഘപരിവാര്‍ സംഘടനകള്‍ രാഷ്ട്രിയ മുതലെടുപ്പിനായി വര്‍ഗീയ കലാപങ്ങള്‍ക്ക് കോപ്പുകൂട്ടുകയും നടപ്പിലാക്കുകയും ചെയ്തത് അനിഷേധ്യമായ കാര്യമാണ്. ഗുജറാത്ത്, ഭീവണ്ടി, ഗോധ്ര, ജബല്‍പൂര്‍, മീററ്റ്, മലിയാന, ഭഗല്‍പൂര്‍, മുംബൈ, മുസാഫര്‍നഗര്‍ തുടങ്ങിയ സ്ഥലങ്ങളില്‍ നടന്ന കലാപങ്ങളുടെ കറുത്ത അധ്യായങ്ങള്‍ക്ക് പിന്നില്‍ സംഘപരിവാര്‍ ശക്തികളായിരുന്നു. അതെല്ലാം രാഷ്ട്രീയ ലക്ഷ്യങ്ങള്‍ക്ക് വേണ്ടി ആസൂത്രണം ചെയ്ത് നടപ്പിലാക്കിയവയുമായിരുന്നു. ഇതിലെല്ലാം ഇരയാക്കപ്പെട്ടത് മുസ്ലിം സമൂഹമായിരുന്നു എന്ന വസ്തുതക്ക് മുന്നില്‍ കണ്ണടയ്ക്കാന്‍ ആര്‍ക്കാണ് സാധിക്കുക?

ഇന്ത്യയിലെ സമാധാന ജീവിതം തകര്‍ക്കുന്ന തീവ്രവാദ പട്ടികയില്‍ മുന്‍പന്തിയിലുള്ളത് മാവോയിസ്റ്റുകളാണ്. നക്സല്‍ പ്രസ്ഥാനങ്ങളുടെ ഭീഷണി ഇന്ത്യയിലെ വിവിധ സംസ്ഥാനങ്ങളും കേന്ദ്ര സര്‍ക്കാറും വളരെ കാലമായി നേരിടുന്ന വലിയ സുരക്ഷാ പ്രശനം തന്നെയാണ്. കമ്യൂണിസ്റ്റ് നേതാവ് മാവോ സേതൂങാണ് ഇവരുടെ ആചാര്യന്‍. ചൈനീസ് കമ്യൂണിസ്റ്റ് വിപ്ലവകാരി, ഗറില്ലാ യുദ്ധതന്ത്രജ്ഞന്‍, മാര്‍ക്‌സിസ്റ്റ് ചിന്തകന്‍ എന്നീ നിലകളില്‍ പ്രശസ്തനാണ് മാവോ സേതൂങ്ങ്. ചൈനീസ് കമ്യൂണിസ്റ്റ് പാര്‍ട്ടിയുടെ തലവനും ജനകീയ ചൈനയുടെ സ്ഥാപകനും മുന്‍ ഭരണാധികാരിയുമായിരുന്നു ഇദ്ദേഹം.

ഇന്ത്യന്‍ കമ്യൂണിസ്റ്റു പ്രസ്ഥാനത്തിലെ ചൈനാ-സോവിയറ്റ് പിളര്‍പ്പിന് ശേഷമുരുത്തിരിഞ്ഞ തീവ്ര കമ്യൂണിസ്റ്റ് ഗ്രൂപ്പുകളെ പൊതുവായി വിളിക്കുന്ന നാമമാണ് നക്‌സലൈറ്റുകള്‍ അല്ലെങ്കില്‍ നക്‌സലുകള്‍ എന്നത്. പ്രത്യയശാസ്ത്രപരമായി അവര്‍ മാവോയിസമാണ് പിന്തുടരുന്നത്. പശ്ചിമ ബംഗാളിലാണ് നക്‌സലൈറ്റ് പ്രസ്ഥാനത്തിന്റെ തുടക്കം. കഴിഞ്ഞ കുറച്ച് വര്‍ഷങ്ങളായി ഇന്ത്യയുടെ മധ്യ, പൗരസ്ത്യ ഭാഗത്തെ അവികസിത ദേശങ്ങളില്‍ പ്രത്യേകിച്ചും ആന്ധ്രാപ്രദേശ്, ഛത്തീസ്ഗഢ് എന്നിവിടങ്ങളില്‍ നക്സല്‍ സാന്നിധ്യം സജീവമായി. തമിഴ്‌നാട്, കേരളം പോലുള്ള സംസ്ഥാനങ്ങളിലെ നക്സല്‍ സാന്നിധ്യം സര്‍ക്കാരുകള്‍ വളരെ ഗൗരവത്തോടെ തന്നെ കാണുകയും ചെയ്യുന്നു.

കമ്യൂണിസ്സ് ആശയങ്ങളില്‍ നിന്നാണ് നക്‌സലിസവും മാവോയിസവും അടക്കമുള്ള തീവ്രവാദ പ്രസ്ഥാനങ്ങള്‍ രൂപപ്പെട്ടതും പ്രചോദനം ഉള്‍ക്കൊണ്ടതും. മതങ്ങളല്ല, മറിച്ച് ഇത്തരം ആശയ ധാരകളാണ് കടുത്ത തീവ്രവാദ പ്രസ്ഥാനങ്ങള്‍ എന്നത് ഒരു യാഥാര്‍ഥ്യമാണ്. ഇന്ത്യ നേരിടുന്ന എറ്റവും വലിയ ഭീഷണി മാവോയിസ്റ്റുകളാണെന്ന് മന്‍മോഹന്‍ സിംഗ് പ്രധാനമന്ത്രിയായിരിക്കെ പ്രസ്താവിച്ചത് ഓര്‍ത്തുപോകുന്നു.

കേരളത്തിന്റെ കാര്യമെടുക്കുക. കേരള മണ്ണില്‍ രാഷ്ട്രീയ അക്രമങ്ങള്‍ ഒട്ടേറെ മനുഷ്യ ജീവനുകളെ കവര്‍ന്നെടുത്തിട്ടുണ്ട്. കണ്ണൂര്‍ ജില്ലയിലെ രാഷ്ട്രീയ കൊലപാതകങ്ങളില്‍ കമ്യൂണിസ്റ്റ് പാര്‍ട്ടിക്കും സംഘപരിവാറിനുമുള്ള പങ്ക് ആര്‍ക്കാണ് നിഷേധിക്കാനാവുക? മാറാട്, നാദാപുരം, തലശ്ശേരി, പൂന്തുറ കലാപങ്ങളില്‍ മതവിശ്വാസികള്‍ രാഷ്ട്രീയ ദുഷ്ടലാക്കിന് ഇരകളാവുകയായിരുന്നു എന്നതല്ലേ സത്യം?

കമ്യൂണിസ്റ്റ് നേതാവ് ടി.പി ചന്ദ്രശേഖരനെ കൊല്ലാന്‍ അക്രമികള്‍ വന്ന ഇന്നോവയുടെ പുറകില്‍ 'മാഷാ അല്ലാഹ്' എന്ന സ്റ്റിക്കര്‍ ഒട്ടിച്ച് കൊലപാതകം മുസ്ലിം സമൂഹത്തിന്റെ തലയില്‍ കെട്ടിവെക്കാനുള്ള നീചശ്രമം വരെ നമ്മുടെ നാട്ടില്‍ നടക്കുകയുണ്ടായി. ഈ കൊലപാതക കേസില്‍ അറസ്റ്റ് ചെയ്യപ്പെടുകയും ജയില്‍ വാസം അനുഭവിക്കുകയും ചെയ്ത മോഹനന്‍ മാസ്റ്റര്‍ തന്നെയാണ് മുസ്ലിം സമൂഹത്തെ മൊത്തം പ്രതിസ്ഥാനത്ത് നിര്‍ത്തുന്ന പ്രസ്താവന നടത്തിയിട്ടുള്ളത് എന്നത് വിരോധാഭാസമാണ്. ടി.പി കൊല്ലപ്പെട്ടപ്പോള്‍ മുതല്‍ ആ കൊലപാതകത്തിന്റെ ക്രൂരത കേരളം മുഴുവര്‍ ചര്‍ച്ച ചെയ്തതുമാണ്. 51 വെട്ടുകള്‍ ആ മൃതദേഹത്തില്‍ ഉണ്ടായിരുന്നു എന്നാണ് പോസ്റ്റുമോര്‍ട്ടം റിപ്പോര്‍ട്ടില്‍ പറയുന്നത്.

കേരളത്തില്‍ നടന്ന അതിക്രൂരമായ രാഷ്ട്രീയ കൊലപാതകങ്ങളിലെ പ്രതികള്‍ക്ക് സംരക്ഷണം നല്‍കാനും അവരുടെ കുടുംബത്തെ പോറ്റാനും അനധികൃത പരോള്‍ നല്‍കാനും രാഷ്ട്രീയ-ഭരണകൂട നേതൃത്വങ്ങള്‍ തയ്യാറാകുന്നത് ഇത്തരം കൊലപാതകങ്ങള്‍ ആവര്‍ത്തിക്കാന്‍ കാരണമായിത്തീരുന്നു. ഒരു മത സംഘടനയും ഇത്തരം ക്രൂരന്മാര്‍ക്ക് തണലൊരുക്കാന്‍ ഇന്നേവരെ മുന്നോട്ട് വന്നിട്ടില്ല എന്ന് മാത്രമല്ല അങ്ങനെയുള്ളവരെ തള്ളിപ്പറയാനും അവരെ നിയമത്തിന്റെ മുന്നില്‍ കൊണ്ടുവന്ന് ശിക്ഷ ഉറപ്പാക്കാനാണ് ശ്രമിച്ചിട്ടുള്ളത്. ഇതൊക്കെ മനസ്സിലാക്കുന്ന മലയാളിക്ക് ആരാണ് മനുഷ്യക്കുരുതിക്ക് പിന്നില്‍ എന്ന് തിരിച്ചറിയാന്‍ കൂടുതല്‍ ആലോചിക്കേണ്ടതില്ല.

യഥാര്‍ഥ മുസ്‌ലിമിന് തീവ്രവാദിയാകാനോ അതിനെ ഏതെങ്കിലും നിലയ്ക്ക് പിന്തുണക്കാനോ സാധ്യമല്ല. മനുഷ്യഹത്യയെ വലിയ പാപമായിട്ടാണ് ഇസ്ലാം കാണുന്നത്. അല്ലാഹു പറയുന്നു:

''അക്കാരണത്താല്‍ ഇസ്‌റാഈല്‍ സന്തതികള്‍ക്ക് നാം ഇപ്രകാരം വിധിനല്‍കുകയുണ്ടായി: മറ്റൊരാളെ കൊന്നതിന് പകരമായോ, ഭൂമിയില്‍ കുഴപ്പമുണ്ടാക്കിയതിന്റെ പേരിലോ അല്ലാതെ വല്ലവനും ഒരാളെ കൊലപ്പെടുത്തിയാല്‍, അത് മനുഷ്യരെ മുഴുവന്‍ കൊലപ്പെടുത്തിയതിന് തുല്യമാകുന്നു. ഒരാളുടെ ജീവന്‍ വല്ലവനും രക്ഷിച്ചാല്‍, അത് മനുഷ്യരുടെ മുഴുവന്‍ ജീവന്‍ രക്ഷിച്ചതിന് തുല്യമാകുന്നു. നമ്മുടെ ദൂതന്‍മാര്‍ വ്യക്തമായ തെളിവുകളുമായി അവരുടെ (ഇസ്‌റാഈല്യരുടെ) അടുത്ത് ചെന്നിട്ടുണ്ട്. എന്നിട്ട് അതിനു ശേഷം അവരില്‍ ധാരാളം പേര്‍ ഭൂമിയില്‍ അതിക്രമം പ്രവര്‍ത്തിച്ചുകൊണ്ടിരിക്കുകയാണ്''(ക്വുര്‍ആന്‍ 5:32).

ഒളിപ്പോരുകളും ചാവേര്‍ ആക്രമണങ്ങളും ബോംബ് സ്‌ഫോടനങ്ങളും ആസൂത്രണം ചെയ്ത് നടപ്പിലാക്കുന്ന തീവ്രവാദികള്‍ക്ക് മതത്തിന്റെ യാതൊരു പിന്തുണയുമില്ല എന്ന യാഥാര്‍ഥ്യം ലോകം തിരിച്ചറിയേണ്ടതുണ്ട്. അക്രമികള്‍ക്ക് ശക്തമായ താക്കീത് ക്വുര്‍ആന്‍ നല്‍കുന്നുണ്ട്:

''നിങ്ങള്‍ നിങ്ങളെത്തന്നെ കൊലപ്പെടുത്തുകയും ചെയ്യരുത്. തീര്‍ച്ചയായും അല്ലാഹു നിങ്ങളോട് കരുണയുള്ളവനാകുന്നു. ആരെങ്കിലും അതിക്രമമായും അന്യായമായും അങ്ങനെ ചെയ്യുന്ന പക്ഷം നാമവനെ നരകാഗ്‌നിയിലിട്ട് കരിക്കുന്നതാണ്. അത് അല്ലാഹുവിന് എളുപ്പമുള്ള കാര്യമാകുന്നു'' (4:29,30).  

ഈ അധ്യാപനങ്ങള്‍ ഉള്‍ക്കൊള്ളുന്നവരാണ് യഥാര്‍ഥ വിശ്വാസികള്‍. അല്ലാഹുവിന്റെ നിയമ നിര്‍ദേശങ്ങള്‍ക്ക് വിരുദ്ധമായി പ്രവര്‍ത്തിക്കുന്നവര്‍ ഇഹപരലോകത്തെ സ്വയം നഷ്ടപ്പെടുത്തുന്ന മൂഢന്മാരാണെന്ന തിരിച്ചറിവ് വിശ്വാസി സമൂഹത്തിനുണ്ട്. അതുകൊണ്ട് തന്നെ തീവ്രവാദ പ്രവര്‍ത്തനങ്ങളെ നമ്മുടെ നാട്ടിലെ ഒരു മത സംഘടനയും പിന്തുണക്കുകയോ പ്രോത്സാഹിപ്പിക്കുകയോ ചെയ്തിട്ടില്ല. മറിച്ച് അതിനെ ചെറുത്ത് തോല്‍പിക്കാനുള്ള ആര്‍ജവം കാണിക്കുകയാണ് ചെയ്തിട്ടുള്ളത്. സത്യത്തിന് നേരെ കണ്ണടക്കുന്ന പ്രവണത വിവേകമുള്ള പൊതുപ്രവര്‍ത്തകര്‍ക്ക് ചേര്‍ന്നതല്ല.

ഇസ്ലാമിക വസ്ത്രധാരണ രീതിയെ ക്രൂരമായി ആക്ഷേപിക്കാന്‍ നിരന്തരം പരിശ്രമിക്കുന്ന വിദ്യാര്‍ഥി സംഘടന, ഓക്കി ചുഴലിക്കാറ്റ് വന്നപ്പോള്‍ എവിടെയായിരുന്നു നിങ്ങളുടെ കോപ്പിലെ ദൈവം എന്ന് പൊതുസമ്മേളനത്തില്‍ ആക്രോശിക്കുന്ന യുവജന നേതാക്കള്‍, സ്ത്രീ സ്വാതന്ത്രത്തിന്റെ മറവില്‍ മതാചാരങ്ങളെ തകര്‍ക്കാന്‍ വെമ്പല്‍ കൊള്ളുന്ന വനിതാ സംഘടന, നിരന്തരം മതവിശ്വാസികളെ അന്യവല്‍ക്കരിക്കാന്‍ പ്രസ്താവനകള്‍ പുറപ്പെടുവിക്കുന്ന ബഹുജന സംഘടന... കമ്യൂണിസ്റ്റ് പ്രസ്ഥാനങ്ങള്‍ മതേതര കേരളത്തിലാണ് എന്നത് മറക്കുന്നുവോ? അടിമുടി ബാധിച്ച ഈ മഹാരോഗത്തെ ചികിത്സിക്കാതെ പോയാല്‍ അത് വലിയ ദുരന്തങ്ങള്‍ക്ക് വഴിവെക്കും എന്നത് തിരിച്ചറിയാതെ പോകരുത്. ഇന്നത്തെ ഇന്ത്യന്‍ സാഹചര്യത്തില്‍ ന്യുനപക്ഷ വേട്ടക്ക് തക്കം പാര്‍ത്തിരിക്കുന്ന വര്‍ഗീയ കോമരങ്ങള്‍ക്ക് വടികൊടുക്കുന്ന പ്രവര്‍ത്തനങ്ങളില്‍ നിന്നും ഇടപെടലുകളില്‍ നിന്നും മാറിനില്‍ക്കാനുള്ള വിവേകം കേരളത്തിലെ മുഴുവന്‍ രാഷ്ട്രീയ പ്രസ്ഥാനങ്ങളും കാണിക്കേണ്ടതുണ്ട്.