അന്തസ്സാര്‍ന്ന പ്രവര്‍ത്തനങ്ങള്‍

അബൂയഹ്‌യാബിന്‍ മുഹമ്മദ് (ജാമിഅ അല്‍ഹിന്ദ്)

2019 ജനുവരി 12 1440 ജുമാദല്‍ അവ്വല്‍ 06

അല്ലാഹുവിന്റെ നാമങ്ങളെല്ലാം ഉല്‍കൃഷ്ടവും വിശേഷണങ്ങള്‍ മുഴുവന്‍ പരിപൂര്‍ണവുമാണ്. അവന്റെ നാമങ്ങളില്‍ പെട്ട ഒന്നാണ് 'അല്‍ജമീല്‍' (ഭംഗിയുള്ളവന്‍) എന്നത്. അല്ലാഹു തന്റെ സത്തയിലും പ്രവര്‍ത്തനങ്ങളിലും നാമഗുണ വിശേഷണങ്ങളിലുമെല്ലാം ഏറ്റവും ഭംഗിയുള്ളവനാണെന്ന് സാരം. 

സര്‍വ ചരാചരങ്ങളെയും ഏറ്റവും അനുയോജ്യമായ ഘടനയോടെയും പൂര്‍ണതയോടെയും സൗന്ദര്യത്തോടെയും സൃഷ്ടിച്ച അല്ലാഹു ഭംഗിയെ ഇഷ്ടപ്പെടുന്നവനുമാണ്. മനുഷ്യരും ഭംഗിയെ ഇഷ്ടപ്പെടുന്നവരാണല്ലോ. നക്ഷത്രാലംകൃതമായ വാനവും വ്യത്യസ്ത ശബ്ദങ്ങള്‍ പുറപ്പെടുവിക്കുന്ന, അന്തരീക്ഷത്തില്‍ പാറിപ്പറക്കുന്ന പറവകളും ആഴിയില്‍ നീന്തിത്തുടിക്കുന്ന മത്സ്യങ്ങളും കളകളാരവമൊഴുക്കുന്ന അരുവികളും ഉദയാസ്തമയ ശോഭയും...അങ്ങനെയങ്ങനെ എത്ര കണ്ടാലും മതിവരാത്ത എത്രയെത്ര കാഴ്ചകള്‍!  

മനുഷ്യന്റെ ബാഹ്യരൂപത്തിന്റെ സൗന്ദര്യത്തെക്കാള്‍ അവനെ വ്യത്യസ്തനാക്കുന്നത് അവന്റെ ഉന്നതമായ സ്വഭാവഗുണങ്ങളാണ്. ഇസ്‌ലാം പ്രാധാന്യം നല്‍കുന്നത് മനുഷ്യന്റെ വിശ്വാസം, കര്‍മം, സ്വഭാവം തുടങ്ങിയ രംഗങ്ങളിലെ അഴകിനാണ്. ഭംഗിയോടെ നിര്‍വഹിക്കണമെന്ന് ക്വുര്‍ആന്‍ പ്രത്യേകം ഉണര്‍ത്തിയ ചില കാര്യങ്ങള്‍ സൂചിപ്പിക്കാം.

1. ക്ഷമ

അല്ലാഹു പറയുന്നു: ''എന്നാല്‍ (നബിയേ) നീ ഭംഗിയായ ക്ഷമ കൈക്കൊള്ളുക'' (ക്വുര്‍ആന്‍ 70:5). സത്യത്തിലേക്കുള്ള ക്ഷണത്തിന് സത്യനിഷേധികള്‍ ചെവികൊടുക്കാത്തതിലും അവരതില്‍ തല്‍പരരാകാത്തതിലും വിഷമിക്കരുതെന്നും പ്രബോധനത്തില്‍ നിന്ന് താങ്കളെ തടയാന്‍ അവരുടെ നിഷേധാത്മകമായ നിലപാട് കാരണമാകരുത് എന്നും അത്തരം സന്ദര്‍ഭങ്ങളില്‍ നന്നായി ക്ഷമിക്കലാണ് ഉത്തമമെന്നും അല്ലാഹു നബി ﷺ യോട് ഉണര്‍ത്തുകയാണ് ഈ വചനത്തിലൂടെ. 

ഈ കല്‍പന നബി ﷺ ക്കോ ആ കാലഘട്ടക്കാര്‍ക്കോ മാത്രം ബാധകമായതല്ല; മറിച്ച് എല്ലാ വിശ്വാസികള്‍ക്കും ബാധകമാണ്. സകല പ്രശ്‌നങ്ങള്‍ക്കും പ്രതിസന്ധികള്‍ക്കും ആത്യന്തികമായ പരിഹാരവും തീരുമാനവും അല്ലാഹുവില്‍ നിന്നാകയാല്‍ പരാതികളും അഭയതേട്ടവും അവനിലേക്കായിരിക്കണം എന്നതാണ് ഭംഗിയായി ക്ഷമിക്കണമെന്നതിന്റെ പൊരുള്‍. അത്തരക്കാര്‍ക്ക് ഏത് പ്രതിസന്ധിയെയും മനക്കരുത്തോടെ നേരിടാന്‍ കഴിയും. യഅ്ക്വൂബ് നബി(അ) തന്റെ മക്കള്‍ക്കുണ്ടായ പരീക്ഷണങ്ങളില്‍ കൈക്കൊണ്ട ക്ഷമയെ പറ്റിയും സമാനപ്രയോഗം ക്വുര്‍ആന്‍ നടത്തിയിട്ടുണ്ട്. അശക്തന്റെ അവസാന അടവല്ല ക്ഷമയെന്നും വിശ്വാസിയുടെ സൗന്ദര്യമാണെന്നും തിരിച്ചറിയാന്‍ നമുക്ക് സാധിക്കണം.

2. ഒഴിഞ്ഞുനില്‍ക്കല്‍

അവിശ്വാസികളുടെ ആക്ഷേപമമോ അപകീര്‍ത്തിപ്പെടുത്തലോ പരിഗണിക്കേണ്ടതില്ലെന്നും അവരില്‍നിന്നും നല്ല രീതിയില്‍ മാറിനില്‍ക്കണമെന്നും അല്ലാഹു ഉപദേശിക്കുന്നു: ''അവര്‍ (അവിശ്വാസികള്‍) പറയുന്നതിനെപ്പറ്റി നീ ക്ഷമിക്കുകയും ഭംഗിയായ വിധത്തില്‍ അവരില്‍ നിന്ന് ഒഴിഞ്ഞുനില്‍ക്കുകയും ചെയ്യുക'' (ക്വുര്‍ആന്‍ 73:10). 

സത്യവിരോധികള്‍ സത്യത്തിന്റെ വ്യാപനത്തെ വെറുക്കുന്നവരാണ്. അതിനാല്‍ അവര്‍ വ്യാജമായ ആരോപണങ്ങള്‍ ഉന്നയിക്കും. അപകീര്‍ത്തിപ്പെടുത്താന്‍ നുണക്കഥകള്‍ മെനയും. പകരത്തിനു പകരം എന്ന നിലയില്‍ അവരോട് തിരിച്ചു പെരുമാറരുത്. മാന്യമായി അവരില്‍ നിന്ന് ഒഴിഞ്ഞുനില്‍ക്കലാണ് ബുദ്ധിപരമായ നിലപാട്. എന്നാല്‍ സാഹചര്യത്തിന്റെ തേട്ടം അവരോട് പ്രതികരിക്കലാണെങ്കില്‍ ഏറ്റവും നല്ലനിലയില്‍ പ്രതികരിക്കുകയും വേണം. 

സത്യവിശ്വാസികള്‍ക്ക് ഇതില്‍ ഏറെ ഗുണപാഠങ്ങളുണ്ട്. സമയം, സമ്പത്ത്, ആരോഗ്യം തുടങ്ങിയ അനുഗ്രഹങ്ങള്‍ ഉപകാരപ്രദമായ മാര്‍ഗത്തിലല്ലാതെ വിനിയോഗിക്കരുതെന്നും പ്രയോജനവും പ്രതിഫലനവുമുണ്ടാക്കാത്ത സംസാരങ്ങളും തര്‍ക്കങ്ങളും വെടിയണമെന്നും വിശ്വാസികള്‍ക്ക് നേരെ ഉന്നയിക്കപ്പെടുന്ന വിമര്‍ശനങ്ങള്‍ക്കും ആക്ഷേപങ്ങള്‍ക്കും സന്ദര്‍ഭോചിതം നന്മയും ഗുണകാംക്ഷയും നിറഞ്ഞ ശൈലിയില്‍ഉചിതമായ മറുപടി നല്‍കണമെന്നും മൗനം പാലിക്കലാണ് ഗുണകരമെങ്കില്‍ മൗനം പാലിക്കണമെന്നും അതിനെ അവഗണിച്ച് മതനിഷേധികള്‍ക്ക് പേരും പ്രസിദ്ധിയും ഉണ്ടാക്കിക്കൊടുക്കരുതെന്നുമെല്ലാമുള്ള സന്ദേശം ഈ കല്‍പനയില്‍ അടങ്ങിയതായി മനസ്സിലാക്കാം. 

3. മാപ്പ് നല്‍കല്‍

ആകാശഭൂമികളുടെ സൃഷ്ടിപ്പിനെപ്പറ്റി ഉണര്‍ത്തിയതിനും അന്ത്യനാളിനെക്കുറിച്ച് ഓര്‍മപ്പെടുത്തിയതിനും ശേഷം അല്ലാഹു പറയുന്നു: ''ആകാശങ്ങളും ഭൂമിയും അവ രണ്ടിനും ഇടയിലുള്ളതും യുക്തിപൂര്‍വകമായിട്ടല്ലാതെ നാം സൃഷ്ടിച്ചിട്ടില്ല. തീര്‍ച്ചയായും അന്ത്യസമയം വരുക തന്നെ ചെയ്യും. അതിനാല്‍ നീ ഭംഗിയായി മാപ്പ് ചെയ്ത് കൊടുക്കുക'' (ക്വുര്‍ആന്‍ 15:85). 

സത്യനിഷേധികളും അക്രമികളുമായവര്‍ക്ക് മാപ്പു കൊടുക്കുവാന്‍ കരുണാമയനായ അല്ലാഹു നബി ﷺ യോട് കല്‍പിക്കുന്നു. അഭയം തേടി ത്വാഇഫിലെത്തിയ  സന്ദര്‍ഭത്തിലുണ്ടായ പരീക്ഷണത്തിലും സന്തോഷം നിറഞ്ഞ മക്കാവിജയ സമയത്തും നബി ﷺ  അക്രമികള്‍ക്ക് മാപ്പ് നല്‍കിയത് ഓര്‍ക്കുക. നബി ﷺ യുടെ ജീവിതത്തില്‍ ഒട്ടേറെ സംഭവങ്ങള്‍ ഈ വിഷയകമായി കാണുവാന്‍ സാധിക്കും. ക്ഷമയുടെയും മാപ്പുനല്‍കലിന്റെയും സുന്ദരമായ മുഹൂര്‍ത്തങ്ങള്‍. ആ മാപ്പുനല്‍കലിന്റെ ആശ്വാസം സത്യവിശ്വാസികള്‍ക്കും അനുഭവിക്കാന്‍ കഴിഞ്ഞതായി ചരിത്രത്തില്‍ കാണാന്‍ കഴിയും.

4. പിരിച്ചുവിടല്‍

വിവാഹജീവിതത്തിലേക്ക് പ്രവേശിക്കും മുമ്പ് തന്നെ വിവാഹമോചനം ആവശ്യപ്പെടുന്ന സ്ത്രീകളെ പിരിച്ചുവിടുമ്പോള്‍ ശ്രദ്ധിക്കേണ്ട കാര്യങ്ങല്‍ ഉണര്‍ത്തവെ അല്ലാഹു പറയുന്നു: ''എന്നാല്‍ അവര്‍ക്ക് മതാഅ് നല്‍കുകയും അവരെ ഭംഗിയായി പരിച്ചയക്കുകയും ചെയ്യുക'' (ക്വുര്‍ആന്‍ 33:49). 

ഇരുവരുടെയും വേര്‍പിരിയലിന് ആശ്വാസമാകും വിധം ഭൗതികവിഭവത്തില്‍ നിന്ന് വല്ലതും കൊടുത്ത്, തര്‍ക്കമോ പഴിചാരലോ നടത്താതെ ഭംഗിയായി തിരിച്ചയക്കണമെന്നര്‍ഥം. ഉമൈമ ബിന്‍ത് ശറാഹീന്‍ എന്നവരോടൊത്തുള്ള ജീവിതാരംഭത്തില്‍ അവര്‍ പ്രകടമാക്കിയ വെറുപ്പ് കാരണം നബി ﷺ  ചെയ്ത രീതി ഇതിന് മാതൃകയാണ്.

വിമര്‍ശിക്കുന്നേടത്തും ആക്ഷേപിക്കുന്നേടത്തും മാത്രമല്ല സര്‍വമേഖലകളിലും ഇസ്‌ലാം അതിന്റെ അന്തസ്സും പ്രൗഢിയും കാത്തുസൂക്ഷിക്കുന്നുവെന്നാണ് ഇതില്‍ നിന്നെല്ലാം നമുക്ക് മനസ്സിലാക്കാന്‍ സാധിക്കുന്നത്. ഇഹലോകവിഭവങ്ങളുടെ അലങ്കാരത്തില്‍ ആകൃഷ്ടരായി അതില്‍ കടിച്ചുതൂങ്ങാനല്ല, പാരത്രിക ലോകത്തേക്കുള്ള മടക്കം നന്നാക്കാനും വര്‍ണനകള്‍ക്കും ഭാവനകള്‍ക്കുമതീതമായ സുന്ദരസവിധത്തില്‍ ചെന്നുചേരാനുമാണ് നാം അധ്വാനിക്കേണ്ടത്. അതാണ് എന്നെന്നും ബാക്കിയാവുക.