ഇസ്‌ലാമിലെ സകാത് സംവിധാനം

കുഞ്ഞിമുഹമ്മദ് മദനി പറപ്പൂര്‍

2019 മെയ് 11 1440 റമദാന്‍ 06

ഇസ്‌ലാമിലെ അനുഷ്ഠാന കാര്യങ്ങള്‍ ഏതെടുത്തു നോക്കിയാലും അവയിലെല്ലാം പൊതുവായി കാണപ്പെടുന്ന ചില സവിശേഷതകളുണ്ട്; പ്രാര്‍ഥന, വിനയം, സമര്‍പ്പണം, സാമൂഹ്യബന്ധം എന്നിവ. ഇതോടൊപ്പം തന്നെ വ്യക്തിയുടെ മാനസിക-ശാരീരികാരോഗ്യം-ജീവിത ചിട്ടകള്‍, പരസ്പര സ്‌നേഹം, കൂട്ടായ്മ, സാമ്പത്തിക വിശുദ്ധി തുടങ്ങിയ സല്‍ഗുണങ്ങളും ഈ ആരാധനാനുഷ്ഠാനങ്ങളില്‍ കൂടി ഒരു വിശ്വാസി നേടണമെന്ന് ഇസ്‌ലാം ലക്ഷ്യമാക്കുന്നു. അതിനാല്‍ മുറപ്രകാരം ആരാധനാ കര്‍മങ്ങള്‍ നിര്‍വഹിക്കുന്ന ഒരാള്‍ മറ്റുള്ളവരില്‍ നിന്ന് വേറിട്ട ഒരു സവിശേഷ വ്യക്തിത്വം നേടിയിരിക്കും. ഈ സവിശേഷതകള്‍ക്ക് സ്വയം സാക്ഷ്യം വഹിക്കുകയാണ് രണ്ട് ശഹാദത്ത് കലിമയില്‍ കൂടി വിശ്വാസി ചെയ്യുന്നത്.

നമസ്‌കാരത്തില്‍ കൂടി ശാരീരിക-മാനസിക-പരിസര ശുദ്ധി, സമര്‍പ്പണം, ആത്മനിര്‍വൃതി, സംഘബോധം, ഭക്തിയില്‍ കൂടി മനഃശാന്തി എന്നിവ നേടാന്‍ കഴിയും. സ്വയം അന്നപാനീയങ്ങള്‍ ഉപേക്ഷിച്ച്, വാക്കിലും പ്രവൃത്തിയിലും ശുദ്ധി പാലിച്ച് നിര്‍വഹിക്കുന്ന വ്രതവും, താന്‍ അധ്വാനിച്ചുണ്ടാക്കിയ സമ്പത്തിന്റെ ഒരു വിഹിതം പാവങ്ങള്‍ക്ക് വിട്ടുകൊടുക്കുന്ന സകാത്തും, മാനവിക സമത്വവും ത്യാഗവും ഓര്‍മിച്ചു കൊണ്ട് നിര്‍വഹിക്കുന്ന ഹജ്ജും മുഖേന മതപരമായ ബാധ്യത നിര്‍വഹിക്കുക എന്നതിന്നപ്പൂറം, ഇഹലോക ജീവിതത്തിന്റെ നിലനില്‍പിന്നു വേണ്ട ബോധവും നിലപാടുകളും സ്വീകരിക്കാന്‍ വിശ്വാസികള്‍ക്കു സാധിക്കുന്നു; അഥവാ സാധിക്കണം.

ഇസ്‌ലാമിലെ അനുഷ്ഠാന കര്‍മങ്ങളില്‍ സാമൂഹ്യപ്രതിബന്ധത എല്ലാതലത്തിലും പ്രകടമാവുന്ന സകാത്തിനെ കുറിച്ചാണ് ഈ കുറിപ്പില്‍ ചിലത് പരാമര്‍ശിക്കുന്നത്.

നല്ലതു മാത്രമെ ഭക്ഷിക്കാവൂ എന്ന് ഇസ്‌ലാം നിഷ്‌കര്‍ഷിക്കുന്നു. കര്‍മസാഫല്യവും പ്രാര്‍ഥനകള്‍ക്ക് ഉത്തരവും അല്ലാഹുവിങ്കല്‍ നിന്ന് ലഭിക്കാന്‍ ഭക്ഷണ-പാനീയങ്ങള്‍ നല്ലതാ(ത്വയ്യിബ്)വണം. എപ്പോഴാണ് ഭക്ഷണം നല്ലതാവുന്നത്? ഒരേതരത്തിലുള്ള ഭക്ഷണം രണ്ടുപേരുടെ പക്കലുണ്ടെന്ന് സങ്കല്‍പിക്കുക. രണ്ടു പേരും അതിന്റെ രുചി ആസ്വദിക്കുന്നു. നല്ലഭക്ഷണം എന്ന് വിലയിരുത്തുന്നു. എന്നാല്‍ ഒരാള്‍ മോഷ്ടിച്ചെടുത്ത പണം കൊണ്ടാണത് വാങ്ങിയത്. രണ്ടാമത്തെയാളുടെ പണം അധ്വാനിച്ചു കിട്ടിയതാണ്. ഈ രണ്ടാമത്തെയാളുടെ പണമാണ് ഇസ്‌ലാമിക കാഴ്ചപ്പാടില്‍ ത്വയ്യിബ് അഥവാ നല്ലത്.

ശവം, പന്നിമാംസം, അല്ലാഹുവിന്റെ പ്രീതിക്കുവേണ്ടിയല്ലാതെ അറുത്തത് എന്നിവ ത്വയ്യിബല്ല. അത് പോലെ മോഷ്ടിച്ചത്, പലിശ, കൈക്കൂലി, ജോലിചെയ്യാതെ വാങ്ങിയ കൂലി എന്നിവയും ത്വയ്യിബല്ല. സകാത്തിന്റെ വിഹിതം കൊടുക്കാത്ത സമ്പത്തും ഈ ഗണത്തിലാണുള്ളത്.

''...സ്വര്‍ണവും വെള്ളിയും നിക്ഷേപമാക്കി വെക്കുകയും അല്ലാഹുവിന്റെ മാര്‍ഗത്തില്‍ അത് ചെലവഴിക്കാതിരിക്കുകയും ചെയ്യുന്നവരാരോ അവര്‍ക്ക് വേദനയേറിയ ശിക്ഷയെപ്പറ്റി സന്തോഷവാര്‍ത്ത അറിയിക്കുക. നരകാഗ്‌നിയില്‍ വെച്ച് അവ ചുട്ടുപഴുപ്പിക്കപ്പെടുകയും എന്നിട്ടത് കൊണ്ട് അവരുടെ നെറ്റികളിലും പാര്‍ശ്വങ്ങളിലും മുതുകുകളിലും ചൂടുവെക്കപ്പെടുകയും ചെയ്യുന്ന ദിവസം (അവരോട് പറയപ്പെടും:) നിങ്ങള്‍ നിങ്ങള്‍ക്ക് വേണ്ടി തന്നെ നിക്ഷേപിച്ചുവെച്ചതാണിത്. അതിനാല്‍ നിങ്ങള്‍ നിക്ഷേപിച്ച് വെച്ചിരുന്നത് നിങ്ങള്‍ ആസ്വദിച്ച് കൊള്ളുക'' (9:34,35). ഇതാണ് സകാത് കൊടുക്കാത്ത സ്വത്തിനെപ്പറ്റി ക്വര്‍ആന്‍ വിശേഷിപ്പിച്ചത്.

സകാത് ശുദ്ധീകരണമാണ്

സകാത് കൊടുക്കുക എന്നാല്‍ സമ്പത്തിനെ ശുദ്ധീകരിക്കുക എന്നാണര്‍ഥം. അപ്പോള്‍ മാത്രമെ നാം തിന്നുന്നതും തീറ്റിക്കുന്നതും ത്വയ്യിബായ സമ്പത്താകൂ. ത്വയ്യിബല്ലാത്ത സമ്പത്ത് കൊണ്ട് തിന്നു കൊഴുത്ത ശരീര മാംസങ്ങള്‍ക്ക് നരകമാണ് അനുയോജ്യമെന്ന് ഹദീഥുകളില്‍ ഉദ്ധരിക്കപ്പെട്ടു കാണാം.

ഗള്‍ഫില്‍ നിന്ന് നാട്ടിലേക്ക് വരുന്ന ഒരാളുടെ പക്കല്‍ തന്റെ അയല്‍വാസി അവന്റെ മക്കള്‍ക്ക് കൊടുക്കാന്‍ വേണ്ടി ഒരു സമ്മാനപ്പൊതി ഏല്‍പിച്ചു എന്ന് സങ്കല്‍പിക്കുക. ഉപ്പ കൊടുത്തയച്ച സമ്മാനപ്പൊതി കാത്തിരിക്കുന്ന അയലത്തെ കൂഞ്ഞുങ്ങള്‍ക്ക് അത് കൊടുക്കാതെ ഗള്‍ഫുകാരന്‍ മുഴുവനും തന്റെ മക്കള്‍ക്കും കുടുംബത്തിനും വിതരണം ചെയ്യുന്നത് എന്തുമാത്രം വലിയ ചതിയാണ്! മനുഷ്യത്വ രഹിതമായ പ്രവര്‍ത്തനമാണ്! അപ്രകാരമാണ് അല്ലാഹു നമുക്ക് നല്‍കിയ സമ്പത്ത്. അതില്‍ ഒരു വിഹിതം (രണ്ടര ശതമാനം) ദരിദ്രര്‍ക്കു കൊടുക്കാന്‍ അല്ലാഹു നമ്മെ ഏല്‍പിച്ചതാണ്. ആ പാവങ്ങള്‍ അത് പ്രതീക്ഷിച്ചിരിക്കുന്നുണ്ട്. ആ വിഹിതം കൊടുത്തുവീട്ടാതെ നമ്മുടെ സ്വത്ത് മുഴുവന്‍ നാം തന്നെ സ്വന്തമാക്കുന്നത് അനീതിയും അക്രമവും തന്നെയാണ്. അത് കൊടുത്തു വീട്ടിയാലേ ബാക്കി തൊണ്ണൂറ്റിയേഴര ശതമാനം നമുക്ക് ശുദ്ധിയായിക്കിട്ടുകയുള്ളു. ഈ പാവങ്ങളുടെ രണ്ടര ശതമാനം കൊടുക്കാതിരിക്കുന്നത് അവരുടെ സമ്പത്ത് മോഷ്ടിക്കുകയോ പിടിച്ച് പറിക്കുകയോ ചെയ്യുന്നതിന്ന് തുല്യമാണ്.

സമ്പത്തിന്റെ വളര്‍ച്ച

സകാത് കൊടുത്താല്‍ സമ്പത്ത് കുറഞ്ഞുപോകുമെന്നാണ് ചിലര്‍ ഭയപ്പെടുന്നത്. എന്നാല്‍ അല്ലാഹു പറയുന്നത് സകാത് മൂലം സമ്പത്ത് വളരുമെന്നാണ്. നമ്മുക്ക് സമ്പത്ത് തന്നത് അല്ലാഹുവാണ്. അത് അവന്ന് പിന്‍വലിക്കാനും കഴിയും. അവന്‍ പറഞ്ഞ വഴിയില്‍ ചെലവഴിക്കുന്നവര്‍ക്ക് അവര്‍ വര്‍ധിപ്പിച്ചു കൊടുക്കും. സകാത് എന്ന പദത്തിന്ന് 'ശുദ്ധീകരണം' എന്ന് അര്‍ഥം ഉള്ളതു പോലെ 'വളര്‍ച്ച' എന്നുകൂടി അര്‍ഥമുണ്ട്. അല്ലാഹു പറയുന്നു:

''...നിങ്ങള്‍ നന്ദികാണിച്ചാല്‍ തിര്‍ച്ചയായും ഞാന്‍ നിങ്ങള്‍ക്ക് (അനുഗ്രഹം) വര്‍ധിപ്പിച്ചു തരുന്നതാണ്...'' (14:7).

റബ്ബിന്റെ ഈ വാഗ്ദാനത്തിന്നു പുറമെ ധര്‍മം ചെയ്യുന്നവര്‍ക്കു വേണ്ടി മലക്കുകള്‍ പ്രര്‍ഥിക്കുമെന്ന് നബി ﷺ  പഠിപ്പിക്കുന്നു. പാവങ്ങളുടെയും പ്രാര്‍ഥന അവര്‍ക്കുണ്ടാവും.

ഭൗതികാര്‍ഥത്തില്‍ തന്നെ, സകാത് സമൂഹത്തില്‍ സമ്പത്ത് വര്‍ധിക്കാന്‍ കാരണമാവുന്നു എന്നതാണ് വസ്തുത. ചലനാത്മകതയാണ് ധനം വര്‍ധിക്കുന്നതിന്റെ ചാലക ശക്തി. സമ്പന്നരുടെ കയ്യില്‍ ധനം ചെലവഴിക്കപ്പെടാതെ നിശ്ചലമായിരിക്കുമ്പോള്‍ ദരിദ്രര്‍ കൂടുതല്‍ ദാരിദ്ര്യത്തിലേക്ക് ആപതിക്കുകയും ഉപഭോഗം സ്തംഭിക്കുക വഴി മാര്‍ക്കറ്റ് നിശ്ചലമാവുകയും ചെയ്യും. എന്നാല്‍ സകാത് നല്‍കുക വഴി ധനം പാവങ്ങളുടെ കയ്യിലും എത്തുകയും അതിലൂടെ മാര്‍ക്കറ്റ് സജീവമാവുകയും ചെയ്യുന്നു. തദ്വാരാ വ്യാപാര വ്യവസായങ്ങളും തൊഴില്‍ സാധ്യതകളും വര്‍ധിക്കുന്നു. അത് വഴി എല്ലാ രംഗത്തും സമ്പത്തിക വളര്‍ച്ച ത്വരിതപ്പെടുന്നു.

പണ്ട് നമ്മുടെ നാട്ടിന്‍പുറങ്ങളില്‍ വിരലിലെണ്ണാവുന്ന പണക്കാര്‍ മാത്രമെ ഉണ്ടായിരുന്നുള്ളു. ബാക്കിയധികവും ദരിദ്രര്‍. എന്നാല്‍ പല കാരണങ്ങളാലും അധികമാളുകളുടെ കയ്യിലും ഏറെക്കുറെ ധനമെത്തിയപ്പോള്‍ കൊച്ചു ഗ്രാമങ്ങളില്‍ പോലും കച്ചവടസ്ഥാപനങ്ങളും തൊഴിലുകളും മറ്റും വര്‍ധിച്ചു. ഇത്മൂലം സാമ്പത്തിക വളര്‍ച്ച വ്യാപകമായി. ഈ ധനവിന്യാസം സ്ഥിരസംവിധാനമായി നടക്കാനാണ് ഇസ്‌ലാം ധനികന്മാര്‍ക്ക് പരിക്കില്ലാതെ, ഒരു നിശ്ചിത വിഹിതം പാവങ്ങള്‍ക്ക് നല്‍കി ക്രയവിക്രയം വികസിപ്പിക്കാന്‍ കല്‍പിച്ചത്.

സമ്പത്ത് ഒരു പരീക്ഷണം

എല്ലാ പ്രവാചക സമൂഹത്തെയും പരീക്ഷിക്കാനായി അല്ലാഹു ഓരോ സംഭവങ്ങള്‍ നിശ്ചയിച്ചിരുന്നു. നൂഹ്, ഹൂദ്, സ്വാലിഹ്, ലൂത്വ്, മൂസാ(അ) തുടങ്ങി ഓരോ പ്രവാചകന്റെ കാലത്തും അവരുടെ ജനതയെ പലവിധേനയും അല്ലാഹു പരീക്ഷിച്ചു. മുഹമ്മദ് നബി ﷺ പറഞ്ഞു:

''എല്ലാ സമൂഹത്തിന്നും ഓരോ പരീക്ഷണമുണ്ട്. എന്റെ സമുദായത്തിന്റെ പരീക്ഷണം ധനമാണ്'' (തിര്‍മിദി).  അത് എങ്ങനെ സമ്പാദിക്കുന്നു, എങ്ങനെ കൈകാര്യം ചെയ്യുന്നു, ധൂര്‍ത്തുണ്ടോ, പിശുക്കുണ്ടോ, സകാത്, ധര്‍മം തുടങ്ങിയ ബാധ്യതകള്‍ നിര്‍വഹിക്കുന്നുണ്ടോ, സമ്പത്ത് കൊണ്ട് അഹങ്കരിക്കുന്നുണ്ടോ എന്നിങ്ങനെയാണ് പരീക്ഷണങ്ങള്‍. അധികമാളുകളും പരാജയപ്പെടുന്ന രംഗമാണിത്. മറ്റെല്ലാ ആരാധനകളും കൃത്യമായി പാലിക്കുന്ന, പാണ്ഡിത്യവും ഭക്തിയും ഉണ്ടെന്ന് കരുതപ്പെടുന്നവര്‍ പോലും പണത്തിന്റെ കാര്യത്തില്‍ പരാജയപ്പെടുന്നു. സത്യസന്ധതയില്ലാത്ത വ്യാപാരവ്യവസായങ്ങള്‍, ജോലിയില്‍ വിഴ്ച വരുത്തി കൂലിയും വേതനവും കൈപ്പറ്റുന്നവര്‍, എല്ലാ രംഗത്തുമുള്ള ധൂര്‍ത്ത്, മതത്തിന്റെ മറവിലുള്ള സാമ്പത്തിക ചൂഷണങ്ങള്‍, കൃത്യമായി സകാത്ത് കൊടുക്കാത്തത്, സകാത് വാങ്ങി ദുരുപയോഗം ചെയ്യല്‍ തുടങ്ങി സാമ്പത്തിക രംഗത്ത് ഒട്ടേറെ വഴിവിട്ട ചെയ്തികളാണ് കാണപ്പെടുന്നത്. വ്യാപകമായ ഈ കൃത്യവിലോപം വിശ്വാസികള്‍ക്ക് വമ്പിച്ച പരീക്ഷണം തന്നെയാണല്ലോ.

സംഘടിത സകാത് സംവിധാനം

സമൂഹത്തിന്റെ ഭദ്രമായ നിലനില്‍പ് ഇസ്‌ലാം അതിപ്രാധാന്യത്തോടെ കാണുന്നു. അത്‌കൊണ്ട് തന്നെ സകാത് നല്‍കുക എന്നത് ഒരാള്‍ മുസ്‌ലിമാണെന്ന് അവകാശപ്പെടാന്‍ അര്‍ഹനാകുന്ന അഞ്ച് പ്രധാന ഘടകങ്ങളിലൊന്നാണ്. സാമൂഹ്യ കൂട്ടായ്മയോടെ നിര്‍വഹിക്കേണ്ട ഒരു പ്രവര്‍ത്തനമായിത്തന്നെയാണ് ഇസ്‌ലാമിലെ സകാത് നിശ്ചയിച്ചതും. ''അവരിലെ ധനികരില്‍ നിന്ന് വാങ്ങുകയും അവരിലെ തന്നെ ദരിദ്രര്‍ക്കു തിരിച്ചു കൊടുക്കുകയും ചെയ്യുന്ന'' ഒരു സംവിധാനമാണ് സകാത് എന്ന് നബി ﷺ  പ്രത്യേകം പറഞ്ഞിട്ടുണ്ട്. അഥവാ അത് പൊതുജന ഫണ്ടല്ല; മറിച്ച് മുസ്‌ലിം സമൂഹത്തിന്റെ സുരക്ഷിതത്വത്തിന്നുള്ളതാണെന്നര്‍ഥം. നബി ﷺ യുടെ നേതൃത്വത്തില്‍ ഒരു സാമൂഹ്യസംരംഭമായിട്ടാണ് സകാതിന്റെ തുടക്കം. പിന്നീട് ഖലീഫമാര്‍  അതേറ്റെടുത്തു. സകാത് നല്‍കാന്‍ വിസമ്മതിച്ചവരോട് ഖലീഫ അബൂബകര്‍(റ) യുദ്ധം പ്രഖ്യാപിച്ചു. സകാത് ശേഖരിച്ചുണ്ടാക്കിയ ബൈതുല്‍മാലിലൂടെ പൗരന്മാരുടെ സാമ്പത്തിക പ്രശ്‌നങ്ങള്‍ പരിഹരിക്കുക എന്നതായിരുന്നു ഇസ്‌ലാമിക ഭരണവ്യവസ്ഥ. പിന്നീട് ഭരണ വ്യവസ്ഥ ദുര്‍ബലമായി. അതോടെ ബൈതുല്‍മാല്‍ സംവിധാനവും ദുര്‍ബലമായി. ഇത് മുതലെടുത്ത് ധനികന്മാര്‍ സകാതായി വല്ലതും പാവങ്ങള്‍ക്ക് കൊടുത്ത് രക്ഷപ്പെട്ടു. നല്ല നിലക്ക് കൊടുക്കാന്‍ തയ്യാറുള്ളവര്‍ തന്നെ വ്യവസ്ഥാപിതമായി അത് പാവങ്ങളിലേക്കെത്തിക്കാന്‍ പ്രയാസപ്പെട്ടു. ഈ സന്ദര്‍ഭത്തിലാണ് സകാത് മുതല്‍ ഇടനിലക്കാരുടെ കയ്യിലെത്തുന്നത്. മനുഷ്യന്റെ പാര്‍പ്പിടം, ഭക്ഷണം തുടങ്ങിയ അടിസ്ഥാന ആവശ്യങ്ങള്‍ക്കു വേണ്ടി മുസ്‌ലിം കളിലേക്ക് എത്തേണ്ടിയിരുന്ന ധനികന്മാരുടെ സകാത് ഇടനിലക്കാര്‍ മുഖേന വഴിമാറി ചെലവഴിക്കപ്പെട്ടു. മതപരമായ പൊതു ആവശ്യങ്ങള്‍ എന്ന പേര് നല്‍കപ്പെട്ടു. സമ്പന്ന രാജ്യങ്ങളിലെ സകാത് പോലും ഇടനിലക്കാര്‍ വാങ്ങുക വഴി ക്വുര്‍ആന്‍ പഠിപ്പിച്ച വിഭാഗങ്ങളിലേക്ക് എത്താതെ വഴിമാറ്റപ്പെടുന്ന അവസ്ഥയുണ്ടായി. സമര്‍ഥമായി പിരിവെടുക്കാന്‍ കഴിയുന്നവരില്‍ സകാതിന്റെ സിംഹഭാഗവും എത്തി. ഫഖീര്‍, മിസ്‌കീന്മാര്‍ക്ക് അഭയം യാചന തന്നെയായി. പൊതുസ്ഥലങ്ങളിലും പള്ളികളിലും മുണ്ടു വിരിച്ചും, വീടുകള്‍ കയറിയിറങ്ങി കൈനീട്ടിയും കിട്ടുന്നതിന്ന് ''ചകാത്ത്' എന്ന പേരുവന്നു!

ഈ സാഹചര്യത്തിലാണ് മഹല്ലുകള്‍ കേന്ദ്രീകരിച്ച് വ്യവസ്ഥാപിതമായ സകാത് സംവിധാനങ്ങളുടെ പ്രസക്തി വര്‍ധിക്കുന്നത്. സമൂഹത്തിന്റെ സാമ്പത്തിക സുരക്ഷ ഉറപ്പുവരുത്തുന്ന ഒരു സകാത് സംഭരണ വിതരണത്തിനെപ്പറ്റി എല്ലാവരും ചിന്തിച്ചു തുടങ്ങിയതിന്റെ ഗുണഫലം കുറച്ചെങ്കിലും സമുദായത്തില്‍ കണ്ടുതുടങ്ങി എന്നത് സന്തോഷകരം തന്നെയാണ്. അല്‍ഹംദുലില്ലാഹ്.

മുസ്‌ലിം സമൂഹത്തില്‍ സകാതിന്ന് ബാധ്യസ്ഥരായ എത്രയോ പേരുണ്ട്. പലര്‍ക്കും കൊടുക്കാന്‍ മനഃസ്ഥിതിയുമുണ്ട്. അത്യാവശ്യക്കാര്‍ സമൂഹത്തില്‍ ഏറെയുണ്ട്താനും. അപ്പോള്‍ ഉള്ളവരില്‍ നിന്ന് വാങ്ങി അര്‍ഹര്‍ക്ക് നീതിപൂര്‍വം വിതരണം ചെയ്യുന്ന സംവിധാനമാണ് വേണ്ടത്. മഹല്ലുകള്‍ക്ക് ഇത് അനായാസം സാധിക്കുന്നതുമാണ്. കര്‍മശാസ്ത്രപരമായ ഭിന്നതകളും കാര്യമായി ഈ വിഷയത്തിലില്ല എന്ന് പറയാം. സകാത് വാങ്ങി കൈകാര്യം ചെയ്യാത്ത ഒരു മതസംഘടനയും നാട്ടിലില്ല. ബോധവും ബോധവല്‍ക്കരണവും സന്നദ്ധതയുമുണ്ടെങ്കില്‍ നടക്കാവുന്നതേയുള്ളൂ. പക്ഷേ, കാലങ്ങളായി നിലവിലില്ലാത്ത ഒരു സംവിധാനം പുനഃക്രമീകരിച്ചു പൂര്‍ത്തിയാക്കാന്‍ കാലതാമസം വന്നേക്കാം എന്നു മാത്രം. ഇടനിലക്കാരുടെ കയ്യില്‍ നേരിട്ട് സകാത്ത് എത്തുന്നതിന്ന് തടസ്സം വരുമ്പോള്‍ ചില എതിര്‍പ്പുകള്‍ സ്വാഭാവികമായുണ്ടാകാം. അതിന്ന് മഹല്ല് കമ്മിറ്റിയുടെ ഇഛാശക്തിയാണ് പ്രധാനം. ചില കാര്യങ്ങള്‍ നാം ശ്രദ്ധിക്കണം:

1. സംഘടിതമായ സകാത് സംവിധാനത്തെപ്പറ്റി ശക്തമായ ബോധവല്‍ക്കരണം നടത്തുക.

2. അഭിപ്രായ വ്യത്യാസങ്ങള്‍ കഴിയുന്നത്ര ഏകീകരിക്കാന്‍ ശ്രമിക്കുക. വ്യക്തിയുടെ സകാത് വിഹിതംകൊണ്ട് മുഴുവനും സഹകരിക്കുന്നില്ലെങ്കില്‍ സഹകരിക്കുന്നത്ര മതി എന്ന നിലപാട് സ്വീകരിക്കുക.

3. സാമ്പത്തിക നീതിയും സത്യസന്ധതയും പലര്‍ത്തുന്നവരെ കൈകാര്യം ഏല്‍പ്പിക്കുക.

4. സകാതിന്ന് അര്‍ഹതയുള്ളവര്‍ അവഗണിക്കപ്പെടുന്നില്ല എന്നുറപ്പ് വരുത്തുക.

എത്ര കൊടുക്കണം?

ഒരു വ്യക്തിയുടെ സമ്പത്ത് നിശ്ചിത പിരിധി തികയുമ്പോഴാണ് സകാതിന്ന് ബാധ്യതപ്പെടുന്നത്. നബി ﷺ  അക്കാലത്തെ സാമ്പത്തിക ക്രയവിക്രയം നടത്തിയിരുന്ന മാനദണ്ഡത്തിലാണ് പരിധി നിശ്ചയിച്ചത്. അന്ന് 200 ദിര്‍ഹം വെള്ളിക്കും 20 (മിസ്‌കാല്‍) തൂക്കം സ്വര്‍ണത്തിനും തുല്യ വിലയായിരുന്നു. ഇക്കാലത്ത് വെള്ളി-സ്വര്‍ണ്ണ നാണയങ്ങള്‍ക്കു പകരം കറന്‍സിയാണ് നമ്മുടെ ക്രയവിക്രയവസ്തു. 200 ദിര്‍ഹമിന്ന് തുല്യമായ കറന്‍സി ഈ വര്‍ഷം 23000 രൂപയാണ്. 20 മിസ്‌കാല്‍ സ്വര്‍ണത്തിന്ന് തുല്യമായ കറന്‍സി 248640 രൂപയാണ്. നമ്മുടെ കാലത്ത് സ്വര്‍ണവിലയും വെള്ളിയുടെ വിലയും തമ്മില്‍ വമ്പിച്ച വ്യത്യാസമുണ്ട്. അപ്പോള്‍ നാം മാനദണ്ഡമായി ഏതു സ്വീകരിക്കണം?

സ്വര്‍ണ വിലയാണ് മാനദണ്ഡമായി സ്വീകരിക്കേണ്ടത് എന്നൊരഭിപ്രായമുണ്ട്. ആ നിലക്ക് ഒരാളുടെ കച്ചവട വസ്തുവോ, കയ്യിരുപ്പോ 248640 രൂപ തികഞ്ഞാല്‍ മാത്രമെ സകാത് കൊടുക്കേണ്ടതുള്ളു. എന്നാല്‍ ഹദീഥുകളുടെ പിന്‍ബലവും സലഫുസ്സ്വാലിഹുകളുടെ മാതൃകയും പാവങ്ങള്‍ക്ക് കൂടുതല്‍ പ്രയോജനവും  ആയ അഭിപ്രായം സകാതിന്റെ പരിധി വെള്ളിയുടെ വിലയ്ക്കു കണക്കാക്കുക എന്നതാണ്. അതായത് ഒരാള്‍ക്ക് 23000 രൂപ മിതമായ ചെലവുകളും കടവും കഴിച്ച്, അല്ലെങ്കില്‍ കച്ചവടവസ്തുവായി ബാക്കിയുണ്ടെങ്കില്‍ അതിന്റെ രണ്ടര ശതമാനം സകാത് കൊടുക്കണം. ഈ രണ്ടാമത്തെ അഭിപ്രായമാണ് ഈ കുറിപ്പിലെ അടിസ്ഥാനമായി സ്വീകരിച്ചിരിക്കുന്നത്.

അപ്പോള്‍ കച്ചവടക്കാര്‍ ഒരു ഹിജ്‌റ വര്‍ഷം തികയുന്ന മുറക്ക് സ്റ്റോക്കെടുത്ത്, തന്റെ കിട്ടുമെന്നുറപ്പുള്ള കടവും കൂട്ടി കൊടുത്തുവീട്ടേണ്ട കടബാധ്യതകള്‍ കഴിച്ചും 23000 രൂപ മിച്ചമായി ഉണ്ടെങ്കില്‍ 575 രൂപ ആ ഇനത്തില്‍ സകാത് കൊടുക്കണം. വര്‍ധിക്കുന്നതിന്നനുസരിച്ച് സകാത് വിഹിതവും വര്‍ധിക്കുമല്ലോ. മറ്റ് ഏതു വരുമാനം ലഭിക്കുന്നവരും, തന്റെ അത്യാവശ്യ െചലവുകള്‍ കഴിച്ച് ഈ തോതില്‍ സകാതിന്ന് ബാധ്യസ്ഥരാണ്. വീടുപണി, പുണ്യയാത്ര, വിവാഹം തുടങ്ങിയ കാര്യങ്ങള്‍ക്കായി കരുതിവെച്ച സംഖ്യയായാലും വര്‍ഷത്തിലൊരിക്കല്‍ ഈ തോത് വെച്ച് സകാത്ത് കൊടുത്ത് സമ്പത്തിനെ ശുദ്ധീകരിക്കേണ്ടതാണ്.

ഭൂമിയില്‍ നിന്ന് ഉല്‍പാദനമായി കിട്ടുന്ന വിത്തുകള്‍ക്ക് നബി ﷺ  300 സ്വാഅ് ആണ് പരിധി നിശ്ചയിച്ചത്. ഇന്നത്തെ ഏകദേശം 6 ക്വിന്റല്‍ ആണിത്. കുറഞ്ഞ വിലയുള്ള കപ്പ, ചക്ക തുടങ്ങിയ ഉല്‍പന്നങ്ങളും കൂടിയവിലയുള്ള ഏലം, കുരുമുളക് തുടങ്ങിയ ഉല്‍പന്നങ്ങളും ഇന്ന് നാട്ടിലുണ്ട്. അതിനാല്‍ നാട്ടിലെ മുഖ്യ ആഹാരമായ അരിയുടെ മിതമായ വില 6 ക്വിന്റലിന്റെത് കണക്കാക്കി, ആ വിലയ്ക്കുള്ള ഏത് ഉല്‍പന്നമായാലും സകാതിന്റെ പരിധിയില്‍ പെടുത്തുക എന്നതാണ് സൂക്ഷ്മതയും പ്രായോഗികവും. 3500 രൂപയാണ് ഈ സീസണില്‍ മിതമായ നിരക്കിലുള്ള അരിയുടെ വില. അപ്പോള്‍ ആറു ക്വിന്റലിന്ന് 3500*6=21000 രൂപ. എല്ലാ ഉല്‍പന്നങ്ങള്‍ക്കും വിളവെടുപ്പു സമയത്ത് പരിധിയെത്തുമെങ്കില്‍ സകാത് കൊടുക്കണം. കര്‍ഷിക വിളകളെ ഭക്ഷണയോഗ്യമായവ, അല്ലാത്തത് എന്നിങ്ങനെ വേര്‍തിരിച്ചുള്ള ചര്‍ച്ചകളും പണ്ഡിതന്മാര്‍ക്കിടയിലുണ്ട്. പച്ചക്കറികള്‍, പുല്ല് എന്നിവ സകാതിന്റെ പരിധിയില്‍ വരുമോ എന്നും ഇമാമുകള്‍ ചര്‍ച്ച ചെയ്യുന്നുണ്ട്. ഈ കുറിപ്പില്‍ പ്രായോഗികമായിതോന്നിയ ഒരഭിപ്രായമാണ് പരിഗണിച്ചത്. കുടുതല്‍ ശരിയെന്നു തോന്നിയ പണ്ഡിതാഭിപ്രായമാണ് നാം സ്വീകരിക്കേണ്ടത്. ഒരു വര്‍ഷത്തില്‍ ഒന്നിലധികം പ്രാവശ്യത്തെ വിളവെടുപ്പുകൊണ്ടേ ഈ പരിധിയെത്തൂ എങ്കില്‍ പരിധിയെത്തുന്ന മുറക്ക് കൊടുക്കണമെന്നാണ് സൂക്ഷ്മതയുള്ള നിലപാട്.

കര്‍ഷകന്ന് അല്ലെങ്കില്‍ ഭൂ ഉടമക്ക് ചിലവൊന്നുമില്ലാതെയാണ് ഉല്‍പന്നം ലഭിച്ചതെങ്കില്‍ ഇവയുടെ പത്ത് ശതമാനവും, നനച്ചുണ്ടാക്കിയതാണെങ്കില്‍ അഞ്ച് ശതമാനവും, ഭാഗികമായി ചെലവിട്ടുണ്ടാക്കിയതാണെങ്കില്‍ ഏഴര ശതമാനവും കണക്കാക്കണം. പത്ത്, അഞ്ച് എന്നിവ പ്രമാണങ്ങളില്‍ സ്ഥിരപ്പെട്ടതാണ്. ഏഴര എന്നത് പ്രായോഗികമായ പണ്ഡിതാഭിപ്രായവുമാണ്.

ആഭരണം നബി ﷺ  സ്ത്രീകള്‍ക്ക് അനുവദിച്ചതാണ്. നബി ﷺ  സ്വര്‍ണത്തിനും വെള്ളക്കും സകാത് നിര്‍ണയിച്ചപ്പോള്‍ അവ കൊണ്ടുള്ള ആഭരണം ധരിക്കാനും അനുവദിച്ച നിലയ്ക്ക്, പരിധിക്കപ്പുറത്തുള്ള (200 ദിര്‍ഹം 20 മിസ്‌കാല്‍) ആഭരണം സകാതിന്റെ പരിധിയില്‍ വരുമെന്ന് മനസ്സിലാക്കാം. കട്ടിയുള്ള വള ധരിച്ച ഒരു സ്ത്രീയോട് ഇതിന്റെ സകാത് കൊടുത്തു വീട്ടിയോ എന്ന് നബി ﷺ  ചോദിച്ചന്വേഷിച്ചത് ആ ഭരണം സകാതിന്റെ പരിധിയില്‍ വരുന്ന സന്ദര്‍ഭമുണ്ട് എന്നാണ് പഠിപ്പിക്കുന്നത്. അപ്പോള്‍ ഒരു വ്യക്തിക്ക് സ്വര്‍ണ്ണ-വെള്ളികളുടെ നിശ്ചിത തൂക്കത്തിന്നപ്പുറത്ത് ആഭരണമുണ്ടെങ്കില്‍ സകാത് കൊടുക്കാന്‍ ബാധ്യതയുണ്ട്. 595 ഗ്രാം വെള്ളിയുടെയോ, 84 ഗ്രാം സ്വര്‍ണത്തിന്റെയോ താഴെ വിലയുള്ള ധരിക്കുന്ന ആഭരണങ്ങള്‍ക്ക് സകാതില്‍ നിന്ന് ഇളവുണ്ടെന്ന് ഗ്രഹിക്കാം. എന്നാല്‍ പണം സുക്ഷിക്കുന്നതിന്ന് പകരം സ്വര്‍ണവും വെള്ളിയും കട്ടിയായോ, ആഭരണമായോ, ധരിക്കാനാവശ്യത്തിന്നല്ലാതെ സൂക്ഷിച്ചുവെച്ചാല്‍ അവയ്ക്ക് പണത്തിന്റെ തോത് (23000) കണക്കാക്കി സകാത് കൊടുക്കുകയും വേണം.

അഭിപ്രായ വ്യത്യാസങ്ങള്‍ ഈ വിഷയങ്ങളില്‍ ഏറെയുണ്ട്. എന്നാല്‍ സകാത് കൊടുക്കണമെന്ന കാര്യത്തില്‍ ആര്‍ക്കും തര്‍ക്കമില്ല. സംശയങ്ങളുടെ ആനുകൂല്യത്തില്‍ സകാത് കൊടുക്കാതിരുന്നാല്‍ നാം തന്നെ മറുപടി പറയേണ്ടിവരുമെന്ന് ഓര്‍ക്കുക.

പ്രയോഗവല്‍ക്കരണം

സകാത് നല്‍കുകയോ, അത് സംഭരിക്കുകയോ ചെയ്യുന്ന പോലെ പ്രയാസമുള്ളതാണ് അതിന്റെ യഥാര്‍ഥ അര്‍ഹരെ കണ്ടെത്തി നല്‍കുക എന്നത്. ഇക്കാലത്ത് പ്രത്യേകിച്ചും സകാത്ത് അതിന്റെ യഥാര്‍ഥ അവകാശികളിലേക്ക് എത്തുന്നുണ്ടോ എന്ന് ശ്രദ്ധിക്കണം. പാവങ്ങളുടെ ദാരിദ്ര്യ നിര്‍മാര്‍ജനവും ജീവിതത്തിലെ സ്വയം പര്യാപ്തതയുമാണ് സമൂഹത്തില്‍ സകാത്തിന്റെ യഥാര്‍ഥ ഫലം എന്നിരിക്കെ, ആ നിലയ്ക്ക് തന്നെയാണോ അവ കൈകാര്യം ചെയ്യപ്പെടുന്നത് എന്ന് നിരീക്ഷിക്കാന്‍ സകാത് ദാതാക്കള്‍ക്കും ബാധ്യതയുണ്ട്. താന്‍ തന്റെ ബാധ്യത കൈമാറിയിരിക്കുന്നു എന്ന് കരുതിയിരുന്നുകൂടാ.

അതിനാല്‍ സകാത് സംവിധാനത്തെ കഴിയും വിധം കാര്യക്ഷമമായി പുനഃസ്ഥാപിക്കാന്‍ നാം മുന്നോട്ടു വരണം. സമ്പത്ത് ഈ ഉമ്മത്തിന്റെ പരീക്ഷണമാണ് എന്ന കാര്യം മറക്കാതിരിക്കുക. അല്ലാഹു അനുഗ്രഹിക്കട്ടെ.