ജാതീയത: ചില സമകാലിക ചിന്തകള്‍

അല്‍ത്താഫ് അമ്മാട്ടിക്കുന്ന്

2019 ഡിസംബര്‍ 21 1441 റബിഉല്‍ ആഖിര്‍ 24

ഇന്ത്യന്‍ ഭരണഘടന ഭാഗം 3ലാണ് മൗലികാവകാശം പ്രതിപാദിക്കുന്നത്. മൗലികാവകാശങ്ങളില്‍ ഒന്നാമത്തേതാണ് സമത്വാവകാശം. ഭരണഘടനയുടെ 17ാം വകുപ്പ് അയിത്താചാരം നിരോധിക്കുന്നു. 1955ലെ അയിത്തവിരുദ്ധനിയമ പ്രകാരം അയിത്താചരണം ശിഷാര്‍ഹമാണ്.

പാലക്കാട് മെഡിക്കല്‍ കോളേജില്‍ നടന്ന, ഒരു നടനും സംവിധായകനും തമ്മിലുള്ള സംഭവ വികാസങ്ങളുടെ പശ്ചാത്തലത്തില്‍ പ്രസ്തുത സംഭവത്തിന് ജാതീയമായ മാനങ്ങള്‍ ഉണ്ടെന്നും അത്തരം വ്യാഖ്യാനങ്ങള്‍ നല്‍കേണ്ടതില്ല എന്നുമുള്ള രണ്ട് അഭിപ്രായങ്ങള്‍ വ്യത്യസ്ത കോണുകളില്‍ നിന്ന് കേട്ടു.

ജാതീയ അധിക്ഷേപമാണ് അവിടെ നടന്നത് എന്ന് അഭിപ്രായമുള്ളവര്‍ അതിവിദൂരമല്ലാത്ത സമകാലിക അപ്രിയ സംഭവങ്ങള്‍ ഉയര്‍ത്തിക്കാട്ടുന്നു. എന്നാല്‍ ഇത് പ്രതിഭാപരമായ സ്വാഭാവിക ഏറ്റുമുട്ടലാണ് എന്നാണ് എന്നാണ് മറുഭാഗം പറയാന്‍ ശ്രമിക്കുന്നത്. എന്തായിരുന്നാലും ജാതീയത നമ്മുടെ സമൂഹത്തില്‍ ഇപ്പോഴും ശക്തമായ സ്വാധീനം ചെലുത്തുകയും സ്വഛമായ സാമൂഹികാന്തരീക്ഷത്തെ ചെറുതല്ലാത്തരീതിയില്‍ മലീമസമാക്കുകയും ചെയ്യുന്നുണ്ട് എന്നത് ഒരു വസ്തുത മാത്രമാണ്.

വര്‍ണാശ്രമ വ്യവസ്ഥയില്‍ അതിന്റെ ഗുണഭോക്താക്കള്‍ സവര്‍ണരും അതിന്റെ തിക്ത ഫലം അനുഭവിക്കുന്നവര്‍ അസവര്‍ണരുമാണ് എന്നത് എല്ലാവരും അംഗീകരിക്കുന്ന ഒരു യാഥാര്‍ഥ്യമാണ്. എന്നാല്‍ പലരും അതിന് വ്യത്യസ്ത വ്യാഖ്യാനം നല്‍കി മനോഹരമാക്കാന്‍ ശ്രമിക്കാറുണ്ട്. എങ്കിലും ചരിത്രവും പുരാണങ്ങളുടെ സൂചനാ വായനകളും അധഃസ്ഥിത വിഭാഗങ്ങളുടെ അവകാശങ്ങള്‍ കവര്‍ന്നെടുത്ത് ജന്മം കൊണ്ട് മാത്രം ഒരു വിഭാഗം അനുഗൃഹീതരും മറുവിഭാഗം അവര്‍ക്ക് പാദസേവ ചെയ്യാന്‍ വിധിക്കപ്പെട്ടവരുമാണ് എന്ന് പ്രത്യക്ഷമായും ചിലപ്പോള്‍ പരോക്ഷമായും പറയുന്നു.

സാമൂഹികമായ ഒറ്റപ്പെടലിനും അടിച്ചമര്‍ത്തപ്പെട്ട വിഭാഗങ്ങളുടെ ഉയര്‍ച്ച തടസ്സപ്പെടുന്നതിനും ജാതീയമായ വേര്‍ത്തിരിവ് മുമ്പത്തെപ്പോലെ തന്നെ ഇപ്പോഴും പങ്ക് വഹിക്കുന്നുണ്ട് എന്നത് സാമൂഹിക ശാസ്ത്രജ്ഞര്‍ അവരുടെ പഠനങ്ങളില്‍ വ്യക്തമാക്കിയിട്ടുള്ളതാണ്.

ജി.എസ്.ഘുര്യെ (1893-1983) ഇന്ത്യന്‍ സോഷ്യോളജിക്കല്‍ സൊസൈറ്റിയുടെ സ്ഥാപക പ്രസിഡന്റായിരുന്നു. അദ്ദേഹത്തിന്റെ അഭിപ്രായത്തില്‍ ജാതി ആറ് പ്രത്യേകതകള്‍ ഉള്‍കൊള്ളുന്ന ഒരു സ്ഥാപനമാണ്.

1. ഖണ്ഡവിഭജനം അടിസ്ഥാനമാക്കിയുള്ള സ്ഥാപനം.

2. ശ്രേണീ ബദ്ധമായ വിഭജനം.

3. സാമൂഹ്യ ഇടപെടലുകളിലെ വിലക്കുകളും നിയന്ത്രണങ്ങളും. (ശുദ്ധാശുദ്ധ സങ്കല്‍പങ്ങളാണ് ഇതിന്റെ അടിസ്ഥാനം).

4. അവകാശങ്ങളിലും ധര്‍മങ്ങളിലുമുള്ള വേര്‍ത്തിരിവ്.

5. തൊഴില്‍ തിരഞ്ഞെടുക്കുന്നതിലുള്ള നിയന്ത്രണം.

6. വിവാഹത്തിന്‍ മേലുള്ള നിയന്ത്രണം (ജാതി സ്വഗണ വിവാഹത്തെ മാത്രമെ അനുകൂലിക്കൂന്നുള്ളു).

ഘുര്യെയെപ്പോലെ പ്രശസ്തരായ സോഷ്യോളജിസ്റ്റുകള്‍ വ്യക്തമാക്കിയത് പോലെ വ്യക്തമായ അലിഖിത നിയമങ്ങള്‍ ശക്തമായി പാലിച്ചുകൊണ്ട് ജാതീയത മാറിയ കാലത്തിനനുസരിച്ച് പ്രയോഗിക്കാന്‍ തക്ക രൂപത്തില്‍ വ്യത്യസ്ത ഭാവങ്ങള്‍ സ്വീകരിച്ച് ഇന്നും സമൂഹത്തില്‍ അതിന്റെ സ്വാധീനം ഉറപ്പിക്കുന്നത് നമുക്ക് കാണാനാകും.

ചരിത്രബോധവും വിവേചനശേഷിയുമുള്ളവര്‍ മാത്രമെ ജാതീയതയുടെ നീരാളിക്കൈകളെ കുറിച്ച് ബോധവാനാകു. അല്ലാത്തവരെ സംബന്ധിച്ചിടത്തോളം സ്വാഭാവികമായ ഒരു പ്രശ്‌നം എന്നതിലുപരി അതിന് യാതൊരു പ്രത്യേകതയുമില്ല. ചിലപ്പോഴൊക്കെ നിസ്സാരവല്‍കരിക്കാനും സാമാന്യവല്‍കരിച്ച് കൊണ്ട് ജാതീയമായ തരംതാഴ്ത്തലുകള്‍ കണ്ടില്ലെന്ന് നടിക്കാനുമാണ് ചിലരെല്ലാം ബോധപൂര്‍വം ശ്രമിക്കുന്നത്. എത്രതന്നെ മറച്ചുവച്ചാലും ജാതീയമായ അടിച്ചമര്‍ത്തലുകള്‍ക്ക് ചരിത്രം സാക്ഷിയാണ്. ഇത്തരം സാമൂഹിക വിവേചനങ്ങളില്‍ നിന്ന് മോചനം നേടാന്‍ ചരിത്രം തിരുത്തപ്പെട്ടുകൊണ്ടിരിക്കുന്ന സമകാലിക സാഹചര്യത്തില്‍ വിശേഷിച്ചും.

നാം അഭിമാനപൂര്‍വം പാടിപ്പുകഴ്ത്തുന്ന നമ്മുടെ പഴയ രാജാക്കന്മാര്‍ ജാതീയ വിവേചനത്തിനും അധഃസ്ഥിതര്‍ അനുഭവിക്കുന്ന പീഡനത്തിനും എതിരെ എന്ത് നടപടി സ്വീകരിച്ചിരുന്നു എന്ന് ചിന്തിക്കുന്നത് കൗതുകകരമായൊരു കാര്യമാണ്. സമകാലിക രാഷ്ട്രീയത്തിലും ജാതീയതയുടെ അതിപ്രസരം കാണാന്‍ കഴിയും. പുരോഗമനാശയം എന്ന് മേനിനടിക്കുന്ന രാഷ്ട്രീയ പാര്‍ട്ടികളുടെ ചില നേതാക്കന്മാരുടെ പേരിനൊപ്പം ഉയര്‍ന്ന ജാതിപ്പേരുകള്‍ ചേര്‍ക്കുന്നത് അഭിമാനകരമായി അവര്‍ക്ക് തോന്നുന്നത് കൊണ്ടാണല്ലോ. ജാതീയതയുടെ ആനുകൂല്യങ്ങള്‍ ഏതെങ്കിലും രീതിയില്‍ കൈപ്പറ്റാനുള്ള സവര്‍ണ സാമൂഹിക മനഃസാക്ഷിക്ക് ഉദാഹരണങ്ങള്‍ നിരവധിയാണ്.

മനുഷ്യരെല്ലാം ഒരു ആണിന്റെയും ഒരു പെണ്ണിന്റെയും സന്താന പരമ്പരയില്‍ നിന്നുള്ളവരാണെന്നത് അടിസ്ഥാന വിശ്വാസമായി സ്വീകരിക്കുന്നതിലൂടെ മാത്രമെ ജാതീയത ഹൃദയങ്ങളില്‍ നിന്ന് പുറന്തള്ളപ്പെടുകയുള്ളൂ എന്നതാണ് യാഥാര്‍ഥ്യം.  ഇത് വെറുതെ പറയുന്നതല്ല. പ്രവാചകന്മാര്‍ പ്രയോഗത്തില്‍ വരുത്തിയതും ചരിത്രപരവുമാണ്. പ്രവാചകന്മാര്‍ പച്ചയായ മനുഷ്യരോടാണ് സംവദിച്ചത്. അവസാന പ്രവാചകനായ മുഹമ്മദ് ﷺ  അദ്ദേഹത്തിന്റെ വിടവാങ്ങല്‍ പ്രസംഗത്തില്‍ പറഞ്ഞ വാക്കുകള്‍ വ്യക്തമാണ്: ''കറുത്തവന് വെളുത്തവനെക്കാളും വെളുത്തവന് കറുത്തവനെക്കാളും ശ്രേഷ്ഠതയില്ല.''

ഇന്നും ഇസ്‌ലാമിക രാജ്യങ്ങളില്‍ ജോലിയാവശ്യാര്‍ഥം പോകുന്ന എത്രയോ ഹൈന്ദവരുണ്ട്. അവര്‍ക്കൊപ്പം ഭക്ഷണം കഴിക്കാനും തൊട്ടുരുമ്മി യാത്രചെയ്യാനും അറബികള്‍ക്ക് യാതൊരു സങ്കോചവും ഇല്ല എന്നത് അനുഭവങ്ങളിലൂടെ അറിഞ്ഞവരാണ് നാം.

ഇത്തരം കാര്യങ്ങള്‍ നാം സൂചിപ്പിച്ചാല്‍ ജാതീയത എല്ലാ മതങ്ങളിലും ഉണ്ട് എന്ന് വരുത്തിത്തീര്‍ക്കാനാണ് ചിലര്‍ ശ്രമിക്കാറ്. ഇസ്‌ലാമില്‍ ജാതീയതയില്ല എന്ന് ആര്‍ജവത്തോടെ പറയാന്‍ കഴിയും. എല്ലാ മതങ്ങളിലും ജാതീയതയുണ്ട് എന്ന് പറഞ്ഞ് സ്വന്തം മതത്തിലെ ജാതിചിന്തയെ ന്യായീകരിക്കുവാനാണോ അതോ അതിനെ വിപാടനം ചെയ്യാനാണോ ഗുണകാംക്ഷികള്‍ ശ്രമിക്കേണ്ടത്? സ്വന്തം വീട്ടില്‍ ദാരിദ്ര്യം പിടിപെട്ടാല്‍ അതിന്റെ പരിഹാരം അയല്‍ പക്കത്തെ വീട്ടിലും ദാരിദ്ര്യം ഉണ്ടെന്ന് കരുതി സമാധാനിച്ചിരിക്കലാണോ?

ഇസ്‌ലാമില്‍ ജാതീയത ഇല്ല എന്നത് എതിരാളികള്‍ പോലും അംഗീകരിക്കുന്ന കാര്യമാണ്. സുന്നി, മുജാഹിദ്, ജമാഅത്ത് തുടങ്ങിയ പേരുകള്‍ നിരത്തി അത് മുസ്‌ലിംകളിലെ ജാതികളാണ് എന്ന് ജാതിവ്യവസ്ഥയുടെ ദുരനുഭവങ്ങള്‍ പേറുന്ന സമൂഹത്തിലെ പാവങ്ങളെ തെറ്റിദ്ധരിപ്പിക്കുവാന്‍ ചില ബുദ്ധിജീവികള്‍ കാണിക്കുന്ന വിരുത് ചില്ലറയല്ല.

യഥാര്‍ഥത്തില്‍ ഇന്ന് നിലനില്‍ക്കുന്ന ജാതി എന്നത് അവരുടെ വിശ്വാസ പ്രകാരം ജന്മത്തിന്റെ അടിസ്ഥാനത്തില്‍ ലഭിക്കുന്നതാണ്. അതില്‍ ഉയര്‍ന്നതും താഴ്ന്നതും ഉണ്ട് എന്നാണ് സങ്കല്‍പം. ഒരുപുലയന് നായരാകാനോ നായര്‍ക്ക് നമ്പൂതിരിയാകാനോ കഴിയില്ല. എന്നാല്‍ മുസ്‌ലിംകളിലെ സംഘടനാ വകഭേദങ്ങള്‍ ജന്മത്തിന്റെ അടിസ്ഥാനത്തില്‍ ഉള്ളതല്ല. ആശയങ്ങളും പ്രമാണങ്ങളും അടിസ്ഥാനപ്പെടുത്തി രൂപീകരിക്കുന്ന, വേറിട്ട് പ്രവര്‍ത്തിക്കുന്ന  സംഘടനകളാണ് അവ. വ്യഖ്യാനവ്യതിയാനങ്ങളാണ് അതിനുള്ള കാരണം. അല്ലാതെ പ്രവാചകനോ ക്വുര്‍ആനോ പഠിപ്പിക്കുന്ന ജാതിവിഭാഗമല്ല അതൊന്നും. ഒരു വീട്ടില്‍ തന്നെ സുന്നിയും മുജാഹിദും ജമാഅത്തുകാരനും ഉണ്ടായേക്കാം. ഒരു സുന്നിക്ക് മുജാഹിദാവാനും മറിച്ചും യാതൊരു തടസ്സവുമില്ല. എന്നാല്‍ ഈ വസ്തുത സൗകര്യപൂര്‍വം മറച്ചുപിടിക്കാനാണ് ചിലര്‍ക്ക് ഇഷ്ടം.

തോമാശ്ലീഹാ കേരളത്തില്‍ വന്നപ്പോള്‍ ക്രിസ്തുമതം സ്വീകരിച്ച നമ്പൂതിരിമാരുടെ പിന്‍മുറക്കാരാണ് ഞങ്ങള്‍ എന്ന് അഭിമാനപൂര്‍വം പറയുന്നവര്‍ ജാതീയതയുടെ ദുര്‍ഗന്ധം അറിഞ്ഞോ അറിയാതെയോ പരത്തുന്നു എന്നതും മറ്റൊരു യാഥാര്‍ഥ്യമാണ്.

യേശുവിന്റെ സമീപനം വര്‍ണവിവേചനങ്ങള്‍ക്ക് എതിരെയായിരുന്നു എന്നത് അദ്ദേഹത്തിന്റെ ശിഷ്യഗണങ്ങളെയും അധ്യാപനങ്ങളെയും പഠിച്ചറിഞ്ഞവര്‍ക്ക് വ്യക്തമാകും. എന്നാല്‍ പാശ്ചാത്യര്‍ അദ്ദേഹത്തിന്റെ യഥാര്‍ഥ അധ്യാപനങ്ങള്‍ ഹൃദയം കൊണ്ട് സ്വീകരിക്കാത്തതിനാലാണ്, അവര്‍ക്കിടയിലെ വര്‍ണവെറിക്കും അടിമത്തത്തിനുമെതിരെ കഴിഞ്ഞ നൂറ്റാണ്ടിലെ അവസാനത്തിലും ഒരുപാട് ആക്ടിവിസ്റ്റുകള്‍ക്ക് ഇടപെടേണ്ടിവന്നത്.

നിയമപരമായി യൂറോപ്പില്‍ വര്‍ണവിവേചനം നിരോധിക്കപ്പെട്ടെങ്കിലും അത് ഉള്‍ക്കൊള്ളാല്‍ ഇനിയും പലര്‍ക്കും കഴിഞ്ഞിട്ടില്ല. അതിന്റെ സമകാലിക ഉദാഹരണങ്ങളില്‍ ഒന്നായിരുന്നു പ്രശസ്ത ബോക്‌സിംഗ്ഇതിഹാസം മുഹമ്മദലി ക്ലേ. ഒരു ക്രിസ്തീയ കുടുംബത്തില്‍ ജനിച്ച അദ്ദേഹം ബോക്‌സിംഗില്‍ ലോക പ്രശ്‌സ്തിയാര്‍ജിച്ചു, അത്രമേല്‍ പ്രശ്‌സ്തനായിട്ട് പോലും അദ്ദേഹം വെള്ളക്കാരുടെ ഹോട്ടലില്‍ പ്രവേശിക്കുന്നത് തടയപ്പെട്ടു. മനുഷ്യനെ മനുഷ്യനായി കാണാന്‍ കഴിയുന്നത് ഇസ്‌ലാമിന് മാത്രമാണെന്നുള്ള തിരിച്ചറിവാണ് കാഷ്യസ് ക്ലേയെ മുഹമ്മദലി ക്ലേ ആക്കിമാറ്റിയത്. അത്‌കൊണ്ടാണ് നമ്മുടെ ഭരണഘടനാശില്‍പിയും ഭരണഘടനയുടെ ഡ്രാഫ്റ്റിംഗ് കമ്മിറ്റി അധ്യക്ഷനുമായിരുന്ന ഡോ. ബി. അംബേദ്കര്‍ അവര്‍ണരുടെ ബഹുമുഖങ്ങളായ പ്രയാസങ്ങള്‍ക്ക് അറുതി ലഭിക്കണമെങ്കില്‍ മത പരിവര്‍ത്തനം മാത്രമാണ് പോംവഴി എന്ന് ചിന്തിച്ചത്.

ഹിന്ദു സമൂഹത്തിന്റെ നവോത്ഥാനവും പുരോഗതിയുമാണ് തങ്ങളുടെ ലക്ഷ്യം എന്ന് അവകാശപ്പെടുന്ന രാഷ്ട്രീയ പ്രസ്ഥാനങ്ങള്‍ ഇവ്വിഷയകമായി എന്ത് നിലപാടാണ് എടുക്കുന്നത് എന്ന് അറിയാന്‍ കൗതുകമുണ്ട്. ഹിന്ദുഐക്യം ആത്മാര്‍ഥമാണെങ്കില്‍ വ്യത്യസ്ത ജാതികള്‍ തമ്മിലുള്ള വിവാഹത്തിന് സാമുദായിക സംഘനടകള്‍ പ്രോത്സാഹനവും ബോധവല്‍കരണവും നടത്തേണ്ടതുണ്ട്. പ്രധാനപ്പെട്ട ഹൈന്ദവ ആരാധനാലയങ്ങളില്‍ കാര്‍മികത്വം വഹിക്കുന്നതിന് സാക്ഷര കേരളത്തില്‍ ജാതി തന്നെയാണ് ഇപ്പോഴും അടിസ്ഥാനം. ഇത്തരം കാര്യങ്ങള്‍ ശ്രദ്ധയില്‍ പെടുത്തിയാല്‍ ബന്ധപ്പെട്ടവര്‍ക്ക് പറയാനുള്ളത് ചില മഹദ് വചനങ്ങളാണ്. ബ്രാഹ്മണന്‍ എന്നാല്‍ ഒരു ജാതിയുടെ പേരല്ല എന്നും ബ്രഹ്മത്തെ അറിഞ്ഞവനാണ് ബ്രഹ്മണന്‍ എന്നും അറിവാണ് ബ്രഹ്മം എന്നും ആയതിനാല്‍ അറിവുള്ളവര്‍ എല്ലാം തന്നെ ബ്രാഹ്മണരാണ് എന്നുമെല്ലാം പറഞ്ഞ് അവര്‍ വാചാലരാകുന്നത് കാണാം. സുന്ദരമായ ഒരു സങ്കല്‍പം എന്നതിലുപരി ഈ സിദ്ധാന്തത്തിന് പ്രായോഗിക തലത്തില്‍ ഒരു പ്രസക്തിയുമില്ല. താഴ്ന്ന കുലത്തില്‍ ജനിച്ച് അറിവ് കൊണ്ട് ബ്രാഹ്മണനായി, അങ്ങനെ ഏതെങ്കിലും ഒരു മഠത്തിന്റെ അധിപനായ ഒരു ശങ്കരാചാര്യനെ ഇതുവരെയും കാണാന്‍ കഴിഞ്ഞിട്ടില്ല.

തമിഴ്‌നാട്ടില്‍ ഈയിടെ ഒരു വീടിന്റെ ചുറ്റുമതില്‍ പൊളിഞ്ഞുവീണ് 17 പേര്‍ മരിച്ച വാര്‍ത്ത നാം കേട്ടു. ഒരു സവര്‍ണന്‍ ചുറ്റിലുമുള്ള അവര്‍ണരുമായുള്ള സമ്പര്‍ക്കവും അവരെ കാണുന്നതും ഒഴിവാക്കുവാന്‍ 20 അടി ഉയരത്തില്‍ കെട്ടിയ മതിലാണ് പൊളിഞ്ഞു വീണത് എന്ന കാര്യം ചില ഓണ്‍ലൈന്‍ മാധ്യമങ്ങള്‍ മാത്രമാണ് പുറത്തുവിട്ടത്. കേരളത്തില്‍ മാത്രമാണ് ജാതിവിവേചനത്തിന് അല്‍പമെങ്കിലും കുറവുള്ളത്, മറ്റെല്ലാ സംസ്ഥാനങ്ങളിലും ഇപ്പോഴും സ്ഥിതി ശോചനീയം തന്നെയാണ്.