'ലിവിംഗ് ടുഗതര്‍'

മുബാറക് ഇബ്‌നു ഉമര്‍

2019 മാര്‍ച്ച് 16 1440 റജബ് 11

ഈയിടെ പുറത്തുവന്ന ഒരു വാര്‍ത്ത ഇങ്ങനെ: ''ലിവിംഗ് ടുഗതര്‍ സാമൂഹികവിഷയമായി മാറുന്നതായി സംസ്ഥാന വനിതാ കമ്മീഷന്‍. ലിവിംഗ് ടുഗതറിനു ശേഷം ഉപേക്ഷിച്ചുകടക്കുന്ന സംഭവങ്ങള്‍ വര്‍ധിക്കുന്നുണ്ടെന്നും ദമ്പതികളാണെന്നതിന് എവിടെയും രേഖകളില്ലാത്തതിനാല്‍ ഇത്തരത്തില്‍ ഉപേക്ഷിച്ചു കടക്കുന്ന സംഭവങ്ങളില്‍ സ്ത്രീകള്‍ക്ക് നീതി ലഭിക്കുന്നില്ലെന്നും കമ്മീഷന്‍ വ്യക്തമാക്കി. സ്ത്രീകള്‍ വ്യക്തിപരമായി അവരുടെ സുരക്ഷിതത്വം ഉറപ്പാക്കണം. അതിനായി എവിടെയെങ്കിലും വിവാഹം രജിസ്റ്റര്‍ ചെയ്തിടുന്നത് ഉചിതമായിരിക്കുമെന്നും കമ്മീഷന്‍ കൂട്ടിച്ചേര്‍ത്തു.''

'ലിവിംഗ് ടുഗതര്‍' എന്ന ഇംഗ്ലീഷ് പ്രയോഗത്തിനര്‍ഥം 'ഒന്നിച്ചു ജീവിക്കല്‍' എന്നാണ്. ഒരു ആണിനും പെണ്ണിനും പരസ്പരം ഇഷ്ടമായി. അത് ഒന്നിച്ചു ജീവിക്കാമെന്ന തീരുമാനത്തിലേക്ക് നയിച്ചു. അങ്ങനെ എവിടെയെങ്കിലും റൂമോ ഫ്‌ളാറ്റോ  വീടോ വാടകക്കെടുക്കുന്നു, അല്ലെങ്കില്‍ കാശിന് വാങ്ങുന്നു. എന്നിട്ട്  ഒന്നിച്ച് ദമ്പതികളെപ്പോലെ ജീവിക്കുന്നു. കുടുംബത്തിന്റെയോ സമുദായത്തിന്റെയോ സമൂഹത്തിന്റെയോ നിയമത്തിന്റെയോ അംഗീകാരമില്ലാതെയുള്ള ഒന്നിച്ചുകഴിയല്‍. ഇതാണ് 'ലിവിംഗ് ടുഗതര്‍.' അങ്ങനെയുള്ള ഒന്നിച്ചുകഴിയല്‍ ഏര്‍പ്പാട് നമ്മുടെ നാട്ടിലും നടപ്പായിത്തുടങ്ങിയിട്ടുണ്ട് എന്നും അതിന്റെ ദുരന്തഫലങ്ങള്‍ പ്രകടമായിക്കൊണ്ടിരിക്കുന്നു എന്നുമാണ് മുകളില്‍ കൊടുത്ത വാര്‍ത്താശകലം വ്യക്തമാക്കുന്നത്. 

പാശ്ചാത്യന്‍ നാടുകളില്‍ കോളേജ് പഠനകാലത്തുതന്നെ വിദ്യാഥി-വിദ്യാര്‍ഥിനികള്‍ എല്ലാ നിലയിലും ബന്ധപ്പെട്ടുകൊണ്ട് സഹവസിക്കാന്‍ തുടങ്ങിയിട്ട് കാലമേറെയായി. ഹൈസ്‌ക്കൂള്‍ പഠനകാലത്തുതന്നെ അത്തരം വഴിവിട്ട ബന്ധങ്ങള്‍ അവര്‍ ആരംഭിക്കും. തന്റെ മകന് ഗേള്‍ഫ്രണ്ടില്ലെന്നറിഞ്ഞാല്‍, മകള്‍ക്ക് ബോയ്ഫ്രണ്ടില്ലെന്നറിഞ്ഞാല്‍ ഇവനെന്തോ/ഇവള്‍ക്കെന്തോ തകരാറുണ്ടെന്ന് ചിന്തിച്ച് സൈക്ക്യാട്രിസ്റ്റിനെ കാണിക്കുന്ന ഏര്‍പ്പാടുണ്ടെന്ന് പറഞ്ഞുകേട്ടിട്ടുണ്ട്! 

വിദ്യാലയങ്ങളിലും കലാലയങ്ങളിലും തൊഴിലിടങ്ങളിലും ഇങ്ങനെ സഹവസിച്ചുണ്ടാകുന്ന ബന്ധങ്ങളില്‍ പിറക്കുന്ന മക്കളുടെ വര്‍ധനവ് അമേരിക്കയുടെ ഏറ്റവും വലിയ സാമൂഹ്യ പ്രതിസന്ധിയാണത്രെ! 'ഫാദര്‍ലസ്സ് അമേരിക്ക' എന്ന പേരുകേട്ട പുസ്തകം ഈ പ്രശ്‌നം വിശദമായി പ്രതിപാദിക്കുന്നു. പച്ചമലയാളത്തില്‍ പറഞ്ഞാല്‍ 'തന്തയില്ലാത്ത മക്കള്‍' ഒരു വമ്പന്‍ പ്രശ്‌നം തന്നെയാണ്. ഇവരില്‍ പലരും വളര്‍ന്ന് വലുതായാല്‍ വലിയ കുറ്റകൃത്യങ്ങളില്‍ ഏര്‍പ്പെട്ട് സമൂഹത്തിന് തന്നെ ഭീക്ഷണിയായി മാറുന്നതായി പഠനങ്ങള്‍ പറയുന്നു. 

മൂല്യങ്ങളെ തകര്‍ക്കുക എന്നത് സാമ്രാജ്യത്വത്തിന്റെ താല്‍പര്യമാണ്. മതങ്ങളാണ് മനുഷ്യരെ മൂല്യങ്ങള്‍ പഠിപ്പിച്ചത്. കെട്ടുറപ്പുള്ള കുടുംബങ്ങളിലാണ് മൂല്യങ്ങള്‍ ഉറച്ചുനില്‍ക്കുക. വിശ്വസ്തതയും സത്യസന്ധതയുമുള്ള ദാമ്പത്യം വേണമതിന്. വഴിവിട്ട ബന്ധങ്ങള്‍ ആണിനും പെണ്ണിനുമുണ്ടാകാന്‍ പാടില്ല. അതിന്നവര്‍ക്ക് പ്രേരണ നല്‍കുന്നത് മൂല്യങ്ങളാണ്. അപ്പോള്‍ ആ മൂല്യങ്ങളെ എങ്ങനെയെങ്കിലും നശിപ്പിക്കണം. മൂല്യങ്ങള്‍ നശിച്ച കുടുംബത്തിലെ അംഗങ്ങള്‍ ഒരു നിയന്ത്രണവുമില്ലാതെ ജീവിക്കും. സ്‌നേഹം ലഭിക്കാതെ മക്കള്‍ വളര്‍ന്നുവരും. ആ നിയന്ത്രണമില്ലായ്മയാണ് ആധുനിക ലോകത്തെ നിയന്ത്രിക്കുന്ന കോര്‍പ്പറേറ്റുകള്‍ക്ക് വേണ്ടത്. അവരുടെ ആ തന്ത്രം പാശ്ചാത്യലോകത്ത് നേരത്തെ തന്നെ നടപ്പായി. അവിടെ ആര്‍ക്കും ആരുമായും ഒന്നിച്ചു ജീവിക്കാം. ഇഷ്മില്ലെങ്കില്‍ പരിയാം. മറ്റൊരാളെ തേടാം. ഒരാളിരിക്കെ തന്നെ മറ്റൊരാളുമായി ലൈംഗികബന്ധം പുലര്‍ത്തുന്നതിന് തടസ്സമൊന്നുമില്ല. കുട്ടിയുണ്ടായാല്‍ പിതാവാരാണെന്നറിയാന്‍ ജീന്‍ പരിശോധന നടത്തും. അപ്പോള്‍ അതും ക്ലിയര്‍! അങ്ങനെ സര്‍വതന്ത്ര സ്വതന്ത്രമായ ലൈംഗിക ബന്ധം! അതാണ് യൂറോപ്പിലും അമേരിക്കയിലുമൊക്കെ ഇന്ന് നടന്നുകൊണ്ടിരിക്കുന്നത്. ഈ അരാജകത്വം ഏഷ്യന്‍ നാടുകളിലും പടര്‍ന്നുകയറാന്‍ തുടങ്ങിയിട്ട് കുറച്ച് കാലമായി എന്നാണ് അനുഭവങ്ങള്‍ ചൂണ്ടിക്കാണിക്കുന്നത്. 

മാതാവ്, പിതാവ്, ഭാര്യ, ഭര്‍ത്താവ്, മക്കള്‍, മക്കളുടെ ഇണകള്‍, അവരുടെ മക്കള്‍... ഇങ്ങനെ പോകുന്ന ബന്ധങ്ങള്‍ക്ക് ഇഴയടുപ്പം കുറഞ്ഞുകൊണ്ടിരിക്കുകയാണ് സാക്ഷര കേരളത്തില്‍ പോലും! വൃദ്ധസദനങ്ങളുടെ എണ്ണം കൂടിക്കൊണ്ടേയിരിക്കുകയാണിവിടെ; സര്‍ക്കാര്‍ നടത്തുന്നവയും സ്വകാര്യ സംഘടനകള്‍ നടത്തുന്നവയുമായിക്കൊണ്ട്. ഈ മാതാപിതാക്കള്‍ക്ക് മക്കളില്ലാത്തതുകൊണ്ടാണോ? അല്ല. മക്കള്‍ക്ക് തങ്ങളുടെ വൃദ്ധരായ മാതാപിതാക്കള്‍ക്കളെ ശ്രദ്ധിക്കാന്‍ സമയമില്ല. കുറച്ചുകൂടി തെളിച്ചു പറഞ്ഞാല്‍, ശ്രദ്ധിക്കാന്‍ മനസ്സില്ല. എന്തിനേറെപ്പറയുന്നു; വൃദ്ധസദനത്തില്‍ കഴിയുന്ന മാതാപിതാക്കള്‍ മരണപ്പെട്ടാല്‍ ശവസംസ്‌കാരച്ചടങ്ങില്‍ പങ്കെടുക്കാന്‍ പോലും മക്കള്‍ക്ക് സമയമില്ല! ശവസംസ്‌കാരച്ചടങ്ങിനുള്ള പണമയച്ചുകൊടുത്ത് അവര്‍ തങ്ങളുടെ കര്‍ത്തവ്യം നിര്‍വഹിക്കുന്നു! 

നമുക്ക് 'ലിവിംഗ് ടുഗതറി'ലേക്ക് തന്നെ തിരിച്ചവരാം. 'ഒന്നിച്ചുജീവിച്ച് കുറച്ചു കഴിയുമ്പോള്‍ ചിലര്‍ സ്വന്തം തടി രക്ഷപ്പെടുത്തി കടന്ന് കളയുന്നു. അങ്ങനെ ചെയ്യുന്നവരുടെ എണ്ണം കുടുകയാണ് സ്വന്തം ഇഷ്ടപ്രകാരം ദമ്പതികളാണെന്ന് ഭാവനയില്‍ കാണുന്നു എന്നല്ലാതെ, നിയമപരമായി അത് തെളിയിക്കാന്‍ ഒരു രേഖയുമില്ല. ഉപേക്ഷിക്കപ്പെടുന്ന സ്ത്രീകള്‍ വഴിയാധാരമാവുകയാണ്. അവര്‍ക്ക് നീതികിട്ടുന്നില്ല. ഇപ്രകാരം ഒന്നിച്ചു ജീവിക്കുന്നവര്‍ നിയമപരമായ പ്രാബല്യം ലഭിക്കാന്‍ വേണ്ടി എവിടെയെങ്കിലും വിവാഹം രജിസ്റ്റര്‍ ചെയ്യണം' ഇതൊക്കെയാണ് വനിതാകമ്മീഷന്റെ ദയനീയമായ പരിവേദനവും നിര്‍ദേശങ്ങളും! 

ഈ നിര്‍ദേശങ്ങര്‍ കൊണ്ട് എന്ത് ഫലമാണുള്ളത്? ആരാണത് നടപ്പാക്കേണ്ടത്? നടപ്പാക്കിയില്ലെങ്കില്‍ അവര്‍ക്കെന്ത്?!

മനുഷ്യരുണ്ടാക്കുന്ന നിയമങ്ങള്‍ക്ക് പല പരിമിതികളുമുണ്ട്. അവ ലംഘിക്കപ്പെടും. ആ നിയമങ്ങളെ മറികടക്കാന്‍ മനുഷ്യന്‍ തന്നെ വഴി കണ്ടെത്തും. അപ്പോള്‍ നിയമങ്ങളില്‍ ഭേദഗതി വരുത്തും. അല്ലെങ്കില്‍ പുതിയനിയമം കൊണ്ടുവരും. അതും സൂത്രത്തില്‍ മനുഷ്യന്‍ ചാടിക്കടക്കും.

മനുഷ്യര്‍ക്ക് വേണ്ട നിയമങ്ങള്‍ മനുഷ്യനെ സൃഷ്ടിച്ച സര്‍വജ്ഞന്‍ അവന്റെ ദൂതന്‍ വഴി മനുഷ്യര്‍ക്കെത്തിച്ചു കൊടുത്തിട്ടുണ്ട്. അവ നടപ്പാക്കി കാണിക്കുകയും ചെയ്തു. വധുവിന്റെ രക്ഷിതാവ് വരന്റെയും വധുവിന്റെയും സമ്മതത്തോടെ രണ്ടു സാക്ഷികളുടെ സാന്നിധ്യത്തില്‍ വിവാഹമൂല്യം (മഹ്ര്‍) സ്വീകരിച്ച് തന്റെ സംരക്ഷണയിലുള്ള പെണ്ണിനെ വാക്കാല്‍ വരന് ഏല്‍പിച്ചു കൊടുക്കുക. വരന്‍ അത് ഏറ്റെടുക്കുക. ഇതാണ് ഇസ്‌ലാമിലെ വിവാഹത്തിന്റെ കാതല്‍. രക്ഷിതാവിന്റെ അംഗീകാരമില്ലാതെ വിവാഹം നടക്കരുത്. വരന്റെയും വധുവിന്റെയും അവകാശങ്ങളും ബാധ്യതകളും കൃത്യമായി പാലിക്കപ്പെടണം. അങ്ങനെ കുടുംബവും സമൂഹവും നിയമവും അംഗീകരിക്കുന്ന ദാമ്പത്യവും കുടുംബ സംവിധാനവുമാണ് ഇസ്‌ലാം നിര്‍ദേശിക്കുന്നത്.

കുത്തഴിഞ്ഞ ലൈംഗികതയാണ് പാശ്ചാത്യന്‍ സംസ്‌കാരം എന്ന് സൂചിപ്പിച്ചു. കുറേയൊക്കെ ശക്തിയും കെട്ടുറപ്പും വിശുദ്ധിയുമുള്ളതായിരുന്നു ഇന്ത്യയിലെ കുടുംബ സങ്കല്‍പവും. എന്നാല്‍ വഴിവിട്ട ലൈംഗികബന്ധങ്ങള്‍ക്ക് ഇന്ത്യയിലെ പരമോന്നത നീതിപീഠം തന്നെ വഴി വെട്ടിത്തെളിച്ചു കൊടുത്തിരിക്കുകയാണ്. വ്യഭിചാരം കുറ്റകരമാണെന്ന ഐ.പി.സി 497-ാം വകുപ്പ് കഴിഞ്ഞ സെപ്തംമ്പര്‍ 27ന് റദ്ദാക്കി. അന്യപുരുഷനുമായുള്ള ഭാര്യയുടെ ലൈംഗികബന്ധം ശിക്ഷാര്‍ഹമാണെന്ന 158 വര്‍ഷം പഴക്കമുള്ള നിയമമാണ് റദ്ദാക്കിയിരിക്കുന്നത്. അതുപോലെ സ്വവര്‍ഗരതി കുറ്റകരമാണെന്ന (377ാം വകുപ്പ്) നിയമവും 2018 സെപ്തംബര്‍ 6ന് സുപ്രീം കോടതി റദ്ദാക്കിയിരിക്കുകയാണ്.

ലൈംഗിക അരാജകത്വത്തിന് വഴിവെക്കുകയും കുടുംബബന്ധങ്ങളെ തകര്‍ച്ചയിലേക്ക് നയിക്കുകയും ചെയ്യുന്നതാണ് ഈ നടപടികള്‍ എന്നതില്‍ സംശയമില്ല. വ്യക്തികള്‍ ദുഷിക്കുമ്പോള്‍ കുടുംബങ്ങള്‍ തകരും. കുടുംബങ്ങളുടെ തകര്‍ച്ച സമൂഹത്തെ ബാധിക്കും.  

വിവാഹത്തിലൂടെയുള്ള ദാമ്പത്യവും 'ലിവിംഗ് ടുഗതറും' ലൈംഗികബന്ധവും മത്രമെ ഇസ്‌ലാം അംഗീകരിക്കുന്നുള്ളൂ. സ്വന്തം ഇണയുമായുള്ള ലൈംഗികബന്ധമൊഴിച്ചുള്ള എല്ലാ ബന്ധങ്ങളും ഇസ്‌ലാമില്‍ പാപമാണ്, കുറ്റകരമാണ്, ശിക്ഷാര്‍ഹമാണ്.  

ഈ ബോയ്ഫ്രണ്ട്/ഗേള്‍ഫ്രണ്ട് ബന്ധം, തൊഴിലിടങ്ങളിലെ സഹപ്രവര്‍ത്തകര്‍ തമ്മിലുള്ള ബന്ധം, പ്രൈവറ്റ് സെക്രട്ടറി, പേഴ്‌സണല്‍ അസിസ്റ്റന്റ് തുടങ്ങിയ സ്ഥാനങ്ങള്‍ നിശ്ചയിച്ചു കൊണ്ട് ചിലര്‍ നടത്തുന്ന അവിഹിത ബന്ധം... ഇതെല്ലാം മൂല്യനിരാസമാണ്. അപകടത്തിലേക്കുള്ള മാര്‍ഗങ്ങളാണ്.

വ്യഭിചാരം വരാനുള്ള വഴികളെല്ലാം അടക്കുകയാണ് ഇസ്‌ലാം ചെയ്തിട്ടുള്ളത്. വ്യഭിചരിക്കരുത് എന്നതിനപ്പുറം, വ്യഭിചാരത്തോട് അടുക്കരുത് എന്നാണ് ക്വുര്‍ആനിന്റെ ശാസന. കണ്ണ്, കാത്, കൈകാലുകള്‍ തുടങ്ങിയ അവയവങ്ങള്‍ കൊണ്ടൊക്കെ വ്യഭിചാരത്തിലേക്ക് വഴിവെക്കുന്ന പ്രവര്‍ത്തനങ്ങള്‍ നടക്കും. പ്രവാചകന്‍ﷺ ഇതിനെപ്പറ്റിയെല്ലാം താക്കീത് നല്‍കിയിട്ടുണ്ട്. 

അന്യ സ്ത്രീ-പുരുഷന്മാര്‍ തമ്മില്‍ സംസാരിക്കുന്നതിനും ഇടപെടുന്നതിനും ഇസ്‌ലാം പരിധികള്‍ നിശ്ചയിച്ചിട്ടുണ്ട്. സൗന്ദര്യം പ്രകടമാക്കുന്ന ഒരു വസ്ത്രധാരണ രീതിയും സ്ത്രീകള്‍ സ്വീകരിച്ചുകൂടാ. ശരീരത്തിലെ നിംനോന്നതികള്‍ പുറത്തുകാണിക്കുന്നതോ, ഇടുങ്ങിയതോ, നിഴലിക്കുന്നതോ, ആകര്‍ഷിക്കപ്പെടുന്നതോ ആയ വസ്ത്രങ്ങള്‍ ഒഴിവാക്കണം. സ്ത്രീ സംസാരിക്കുമ്പോള്‍ ശബ്ദത്തില്‍ പോലും ആകര്‍ഷിക്കപ്പെടുന്നതോ, പുരുഷനെ വശീകരിക്കുന്നതോ ആയ ശൈലി സ്വീകരിച്ചുകൂടാ എന്ന് ഇസ്‌ലാം നിര്‍ദേശിക്കുന്നു. സത്യവിശ്വാസികളായ പുരുഷന്മാരോടും സ്ത്രീകളോടും കണ്ണുകള്‍ താഴ്ത്തുവാന്‍ അനുശാസിച്ചതിനു തൊട്ടുടനെ ക്വുര്‍ആന്‍ പറയുന്നത്, അവരുടെ ഗുഹ്യാവയവങ്ങള്‍ അവര്‍ സൂക്ഷിക്കട്ടെ, വിശുദ്ധിയോടെ കാത്തു രക്ഷിക്കട്ടെ എന്നാണ്. വഴിവിട്ട ബന്ധങ്ങളുടെ തുടക്കം മിക്കവാറും നോട്ടത്തിലൂടെയാണ് എന്നത് തന്നെ കാരണം. കാണും, ആകര്‍ഷിക്കപ്പെടും, സംസാരിച്ച് തുടങ്ങും, വീണ്ടും കാണുവാനാഗ്രഹിക്കും... അങ്ങനെയങ്ങനെയാണത് സംഭവിക്കുന്നത്. ആരംഭത്തിലുണ്ടാകുന്ന നോട്ടം അരുതാത്ത ബന്ധത്തിലേക്കുള്ള വാതിലാണ്. ആ വാതില്‍ കൊട്ടിയടക്കുവാനാണ് ക്വുര്‍ആന്‍ ആവശ്യപ്പെടുന്നത്.

ഈ ചിട്ടകളില്‍ വളരുന്ന സമൂഹത്തില്‍ വഴിവിട്ട ബന്ധങ്ങളും വ്യഭിചാരവും പിതാവില്ലാത്ത മക്കളും ഉണ്ടാവില്ല. അത് പാലിക്കുണ്ടോ ഇല്ലേ എന്നതാണ് പ്രധാനം. പാശ്ചാത്യന്‍ നാടുകളില്‍ കാമുകിക്കൊപ്പം വര്‍ഷങ്ങള്‍ ജീവിച്ച് ആ ബന്ധത്തില്‍ മക്കളുണ്ടാവുകയും മക്കള്‍ വലുതായ ശേഷം ഇനി ഏതായാലും ബന്ധം നമുക്ക് നിയമാനുസൃതമാക്കാം എന്നു  തീരുമാനിച്ച് സ്വന്തം മക്കളുടെ സാന്നിധ്യത്തില്‍ വിവാഹം നടത്തുകയും ചെയ്യുന്നത് പതിവാണ്. തെറ്റിപ്പിരിഞ്ഞവര്‍ അവരവരുടെ വഴിക്ക് പോകുകയും ചെയ്യും.

സ്രഷ്ടാവിന്റെയും നിയമങ്ങളും നിര്‍ദേശങ്ങളും സാര്‍വകാലികവും സാര്‍വലൗകികവുമാണ്. എല്ലാ കാലത്തേക്കും അതു മതി. എല്ലാ നാടുകളിലേക്കും അത് ധാരാളം.