മനസ്സിനെ ബാധിക്കുന്ന കഠിന രോഗം

ഫത്ഹുദ്ദീന്‍ ചുഴലി

2019 ഏപ്രില്‍ 27 1440 ശഅബാന്‍ 22

ഏതൊരു മനുഷ്യന്റെയും ഇഹപരവിജയത്തിന് നന്മനിറഞ്ഞ ജീവിതം അനിവാര്യമാണ്. മനസ്സ് മലിനമാകുന്നതോടു കൂടി മനുഷ്യന്റെ ജീവിതത്തില്‍ നിന്നും നന്മകള്‍ ഇല്ലാതാകുന്നു. മനസ്സിനെ ബാധിക്കുന്ന രോഗം മനുഷ്യന്റെ ജീവിതത്തിന്റെ എല്ലാ മേഖലകളിലും അപകടങ്ങള്‍ സൃഷ്ടിക്കുന്നു. പരിശുദ്ധ ക്വുര്‍ആനില്‍ അല്ലാഹു ഉണര്‍ത്തുന്നു: ''തീര്‍ച്ചയായും അതിനെ (മനസ്സിനെ) പരിശുദ്ധമാക്കിയവന്‍ വിജയം കൈവരിച്ചു'' (91:9).

മലിനമായ മനസ്സില്‍ പിശാച് ഉണ്ടാക്കിയെടുക്കുന്ന ഒരു മാരകമായ അസുഖമാണ് ഹസദ് അഥവാ അസൂയ എന്നത്. മനുഷ്യന്റെ സര്‍വ നന്മകളെയും ഇല്ലാതാക്കി, അവനെ നഷ്ടക്കാരനാക്കിത്തീര്‍ക്കുന്ന ദുര്‍ഗുണമാണിത.് അസൂയക്ക് പണ്ഡിതന്മാര്‍ പല നിര്‍വചനങ്ങളും നല്‍കിയിട്ടുണ്ട്. 

ഇമാം ജുര്‍ജാനി(റഹ്) പറയുന്നു: 'ഹസദ് എന്ന് പറഞ്ഞാല്‍ അസൂയ വെക്കപ്പെടുന്നവന് ലഭിച്ച അനുഗ്രഹം അസൂയ വെക്കുന്നവനിലേക്ക് നീങ്ങാന്‍ ആഗ്രഹിക്കലാണ്.' 

അല്ലാമ മുനാവി(റഹ്) പറയുന്നു: 'ഹസദ് എന്നാല്‍ അനുഗ്രഹത്തിന് അര്‍ഹനായവനില്‍ നിന്നും അത് നീങ്ങിപ്പോകാന്‍ ആഗ്രഹിക്കലാണ്.'

മാവര്‍ദി(റഹ്) പറയുന്നു: 'അറിയണം, ഹസദ് വളരെ മോശമായ ഒരു സ്വഭാവമാണ്. അതിന്റെ അപകടം ശരീരത്തിനെയും ദീനിനെയും ബാധിക്കുന്നതാണ്. ഹസദില്‍ നിന്നും കാവല്‍ ചോദിക്കാന്‍ അല്ലാഹു കല്‍പിക്കുക പോലും ചെയ്തിട്ടുണ്ട്. ചരിത്രത്തില്‍ ഹസദ് ഉണ്ടാക്കിയ വിപത്തുകള്‍ ചെറുതല്ല. ആദം നബി(അ)യുടെ മക്കളില്‍ ഒരാളില്‍ ഈ ഒരു രോഗം കാരണം സഭവിച്ചത് എന്ത് എന്ന് ക്വുര്‍ആന്‍ വിവരിക്കുന്നുണ്ട്.

''(നബിയേ,) നീ അവര്‍ക്ക് ആദമിന്റെ രണ്ടു പുത്രന്‍മാരുടെ വൃത്താന്തം സത്യപ്രകാരം പറഞ്ഞുകേള്‍പിക്കുക: അവര്‍ ഇരുവരും ഓരോ ബലിയര്‍പ്പിച്ച സന്ദര്‍ഭം, ഒരാളില്‍ നിന്ന് ബലി സ്വീകരിക്കപ്പെട്ടു. മറ്റവനില്‍ നിന്ന് സ്വീകരിക്കപ്പെട്ടില്ല. മറ്റവന്‍ പറഞ്ഞു: ഞാന്‍ നിന്നെ കൊലപ്പെടുത്തുക തന്നെ ചെയ്യും. അവന്‍ (ബലി സ്വീകരിക്കപ്പെട്ടവന്‍) പറഞ്ഞു: ധര്‍മനിഷ്ഠയുള്ളവരില്‍ നിന്നു മാത്രമെ അല്ലാഹു സ്വീകരിക്കുകയുള്ളൂ. എന്നെ കൊല്ലുവാന്‍ വേണ്ടി നീ എന്റെ നേരെ കൈനീട്ടിയാല്‍ തന്നെയും നിന്നെ കൊല്ലുവാന്‍ വേണ്ടി ഞാന്‍ നിന്റെ നേരെ കൈനീട്ടുന്നതല്ല. തീര്‍ച്ചയായും ഞാന്‍ ലോകരക്ഷിതാവായ അല്ലാഹുവെ ഭയപ്പെടുന്നു. എന്റെ കുറ്റത്തിനും നിന്റെ കുറ്റത്തിനും നീ അര്‍ഹനായിത്തീരുവാനും, അങ്ങനെ നീ നരകാവകാശികളുടെ കൂട്ടത്തിലാകുവാനുമാണ് ഞാന്‍ ആഗ്രഹിക്കുന്നത്. അതാണ് അക്രമികള്‍ക്കുള്ള പ്രതിഫലം. എന്നിട്ട് തന്റെ സഹോദരനെ കൊല്ലുവാന്‍ അവന്റെ മനസ്സ് അവന്ന് പ്രേരണ നല്‍കി. അങ്ങനെ അവനെ കൊലപ്പെടുത്തി. അതിനാല്‍ അവന്‍ നഷ്ടക്കാരില്‍പെട്ടവനായിത്തീര്‍ന്നു'' (5:27-30).

യൂസുഫ് നബി(അ)യുടെ ചരിത്രത്തിലും നമുക്ക് അസൂയയുടെ പിന്നാമ്പുറ കഥ കാണുവാന്‍ സാധിക്കും. 

''യൂസുഫും അവന്റെ സഹോദരനുമാണ് നമ്മുടെ പിതാവിന് നമ്മളെക്കാള്‍ ഇഷ്ടപ്പെട്ടവര്‍. നമ്മളാകട്ടെ ഒരു (പ്രബലമായ) സംഘമാണ് താനും. തീര്‍ച്ചയായും നമ്മുടെ പിതാവ് വ്യക്തമായ വഴിപിഴവില്‍ തന്നെയാണ്'' (12:8).

പിതാവിന്റെ സ്‌നേഹം തങ്ങള്‍ക്ക് നഷ്ടപ്പെടുന്നുണ്ടെന്നും യുസുഫിന് അത് കൂടുതല്‍ ലഭിക്കുന്നുണ്ട് എന്നും ഊഹിച്ച സഹോദരന്മാര്‍ യുസുഫ് നബിയോട് അസൂയാലുക്കളായിരുന്നു. അവരിലുണ്ടായ ഈ രോഗം അവരെ ചെന്നെത്തിച്ചത് സ്വന്തം സഹോദരനെ പൊട്ടക്കിണറ്റില്‍ വലിച്ചെറിയുന്നതിലേക്കാണ്. കൊന്നുകളയണം എന്നുവരെ അവരില്‍ ചിലര്‍ അഭിപ്രായപ്പെടുകയുണ്ടായി. 

മുഹമ്മദ് നബി ﷺ  വളരെ ഗൗരവത്തിലാണ് അസൂയ എന്ന ദുസ്സ്വഭാവത്തെ കുറിച്ച് നമ്മെ ഉണര്‍ത്തിയിട്ടുള്ളത്. അബ്ദുല്ലാഹിബ്‌നു അംറ്(റ) പറയുകയാണ്: ''ജനങ്ങളില്‍ ഏറ്റവും ശ്രേഷ്ഠനായ മനുഷ്യന്‍ ആരാണെന്ന് നബി ﷺ  ചോദിക്കപ്പെടുകയുണ്ടായി. അവിടുന്ന് പറഞ്ഞു: 'മഖ്മൂമുല്‍ ക്വല്‍ബും സ്വദാക്വുല്ലിസാനും (സത്യം മാത്രം പറയുന്നവന്‍).' നബി ﷺ യില്‍ നിന്നും ഇത് കേട്ടപ്പോള്‍ ആ മനുഷ്യന്‍ പറഞ്ഞു: 'സ്വദാക്വുല്ലിസാന്‍ (സത്യം മാത്രം പറയുന്ന ആള്‍) എന്നത് മനസ്സിലായി. എന്താണ് മഖ്മൂമുല്‍ ക്വല്‍ബ് എന്ന് പറഞ്ഞാല്‍?' നബി ﷺ  വിവരിച്ച് കൊടുത്തു: 'അതൊരു ഹൃദയമാണ്. പാപക്കറകളോ പകയോ വിദ്വേഷമോ അസൂയയോ ഇല്ലാത്ത ഹൃദയം.'' 

മറ്റുള്ളവര്‍ക്ക് അല്ലാഹു നല്‍കിയ അനുഗ്രഹങ്ങള്‍ നീങ്ങിക്കാണാന്‍ ആഗ്രഹിക്കുക എന്ന വിപത്ത് ഇന്ന് സമൂഹത്തില്‍ പടര്‍ന്നുപിടിച്ചുകൊണ്ടിക്കുകയാണ്. സ്വന്തം കൂടെപ്പിറപ്പുകളെപ്പോലും അറുകൊലചെയ്യാന്‍ ഈ രോഗം കാരണമായിത്തീരാറുണ്ട്. തന്നെക്കാള്‍ മറ്റുള്ളവര്‍ക്ക് എന്ത് അനുഗ്രഹം ലഭിച്ചാലും അതിനെ നല്ല മനസ്സോട്കൂടി കാണാനും അംഗീകരിക്കാനും തയ്യാറാവുകയും അതിന്റെ നിലനില്‍പിനും വര്‍ധനവിനും വേണ്ടി പ്രാര്‍ഥിക്കുകയാണ് വിശ്വാസികള്‍ ചെയ്യേണ്ടത്. അന്യരുടെ നേട്ടങ്ങള്‍ തകര്‍ന്ന് കാണാനും ഇല്ലാതാകാനും ആഗ്രഹിക്കുന്നത് യഥാര്‍ഥ വിശ്വാസിയുടെ സ്വഭാവമല്ല. 

'ഒരു മനുഷ്യന്റെ ഹൃദയത്തില്‍ സത്യവിശ്വാസവും (ഈമാന്‍) അസൂയയും ഒരുമിച്ച് കൂടുകയില്ല' എന്ന നബിവചനം ഇതിന്റെ ഗൗരവം ചൂണ്ടിക്കാണിക്കുന്നു. ഈമാനുള്ള ഒരാളും തന്റെ സഹോദരന്റെ നന്മകള്‍ നശിച്ച് കാണാന്‍ ആഗ്രഹിക്കുകയില്ല. മുസ്‌ലിംകള്‍ പരസ്പരമുള്ള കടമകളും കടപ്പാടുകളും സ്‌നേഹബന്ധങ്ങളും എന്തൊക്കെയെന്നും എങ്ങനെയൊക്കെയെന്നും ക്വുര്‍ആനും സുന്നത്തും കൃത്യമായി പഠിപ്പിക്കുന്നുണ്ട്. 

തന്റെ വാഹനത്തെക്കാള്‍ മുന്തിയ വാഹനം കൂട്ടുകാരന്‍ വാങ്ങിയാല്‍ മനസ്സിനകത്ത് ഒരു ചൊറിച്ചില്‍ അല്ലെങ്കില്‍ ഒരു അസ്വസ്ഥത അനുഭവപ്പെടുന്നു എങ്കില്‍ അത് തന്നെയാണ് അസൂയ. അതേ വാഹനത്തിന് എന്തെങ്കിലും കേട് പറ്റിക്കഴിഞ്ഞാല്‍ മനസ്സില്‍ ഒരു സുഖവും സന്തോഷവും അനുഭവപ്പെടുകയും ചെയ്യുന്നു. ഒരുപക്ഷേ, ബാഹ്യമായി സങ്കടം അഭിനയിക്കുമെങ്കിലും ഉള്ളില്‍ ഗൂഢമായ ആനന്ദമുണ്ടായിരിക്കും. 

അതുകൊണ്ട് തന്നെ പണ്ഡിതന്മാര്‍ പറഞ്ഞു: മറ്റു രോഗങ്ങളെ പോലെ എളുപ്പത്തില്‍ ചികിത്സിച്ചു മാറ്റാന്‍ കഴിയുന്ന ഒന്നല്ല അസൂയ എന്നത.് ഇത് ബാഹ്യമായി പ്രകടമാവാത്ത ഒന്നായത് കൊണ്ട് മറ്റുള്ളവര്‍ക്ക് ഇതുള്ളവരെ ഗുണദോഷിക്കാന്‍ കഴിയില്ല. സ്വന്തം തന്നെ തിരുത്തല്‍ അനിവാര്യമായി വരുന്നു. അസൂയാലുക്കളുടെ അസൂയ ഉപദ്രവമുണ്ടാക്കും എന്നത് കൊണ്ട് തന്നെ പരിശുദ്ധ ക്വുര്‍ആന്‍ അസൂയയില്‍നിന്ന് അല്ലാഹുവിനോട് ശരണം തേടാന്‍ ആവശ്യപ്പെടുന്നുണ്ട്. അല്ലാഹു പറയുന്നു: 

''പറയുക: പുലരിയുടെ രക്ഷിതാവിനോട് ഞാന്‍ ശരണം തേടുന്നു. അവന്‍ സൃഷ്ടിച്ചുട്ടുള്ളവയുടെ കെടുതിയില്‍ നിന്ന്. ഇരുളടയുമ്പോഴുള്ള രാത്രിയുടെ കെടുതിയില്‍നിന്നും. കെട്ടുകളില്‍ ഊതുന്ന സ്ത്രീകളുടെ കെടുതിയില്‍നിന്നും. അസൂയാലു അസൂയപ്പെടുമ്പോള്‍ അവന്റെ കെടുതിയില്‍നിന്നും'' (ക്വുര്‍ആന്‍ 113:1-5).

അസൂയാലുവാണെന്ന് ബോധ്യമുള്ളവരോട് സ്വന്തം നേട്ടങ്ങളും നന്മകളും എടുത്ത് പറയാതിരിക്കല്‍ നല്ലതാണ്. യൂസുഫ് നബി(അ)യുടെ സ്വപ്‌നം തന്റെ സഹോദരങ്ങളോട് അറിയിക്കരുതെന്ന് യഅ്ക്വൂബ്(അ) പറഞ്ഞത് ശ്രദ്ധേയമാണ്. 

''അദ്ദേഹം (പിതാവ്  പറഞ്ഞു: എന്റെ കുഞ്ഞുമകനേ, നിന്റെ സ്വപ്‌നം നീ നിന്റെ സഹോദരന്‍മാര്‍ക്ക് വിവരിച്ചുകൊടുക്കരുത്. അവര്‍ നിനക്കെതിരെ വല്ല തന്ത്രവും പ്രയോഗിച്ചേക്കും. തീര്‍ച്ചയായും പിശാച് മനുഷ്യന്റെ പ്രത്യക്ഷ ശത്രുവാകുന്നു'' (ക്വുര്‍ആന്‍ 12:5).

ഒരു വ്യക്തിയുടെ മനസ്സില്‍ ഇത് പോലുള്ള രോഗങ്ങള്‍ ഉണ്ടാകുന്നത് പിശാചിന്റെ ഇടപെടല്‍ മൂലമാണെന്ന് വ്യക്തം. എല്ലാ ദുസ്സ്വഭാവങ്ങള്‍ക്കും തെറ്റുകള്‍ക്കും പ്രേരണ നല്‍കുന്നത് പിശാചാണല്ലോ. അതിനാല്‍ തന്നെ ശത്രുവായി ക്വുര്‍ആന്‍ പഠിപ്പിച്ച പിശാചിന്റെ കുതന്ത്രങ്ങള്‍ തിരിച്ചറിഞ്ഞ് ജീവിക്കല്‍ അനിവാര്യമാണ്.

ആരെങ്കിലും നമ്മോട് അസൂയ വെക്കുന്നുണ്ട് എന്ന് മനസ്സിലായാല്‍ നമ്മോടുള്ള ആ വ്യക്തിയുടെ അസൂയ ഇല്ലാതാക്കാന്‍ ചില കാര്യങ്ങള്‍ നമുക്ക് ചെയ്യാന്‍ സാധിക്കുന്നതാണ്. ഇബ്‌നുല്‍ ക്വയ്യിം(റഹ്) പറയുന്നു: ''ആരെങ്കിലും നമ്മോട് അസൂയ വെക്കുന്നുവെങ്കില്‍ അവനില്‍ നിന്നും അത് ഇല്ലാതാക്കാനുള്ള ഏറ്റവും നല്ല വഴി അവനോട് നല്ലരീതിയില്‍ വര്‍ത്തിക്കുക എന്നത് തന്നെ. ഇങ്ങനെ ചെയ്യുമ്പോള്‍ 'ഞാന്‍ അവനോട് അസൂയാലുവായിട്ടും എന്നോട് അവന്‍ എത്ര നല്ല രീതിയിലാണ് പെരുമാറുന്നത്' എന്ന കുറ്റബോധം അവനില്‍ ഉണ്ടാവുകയും അവന്റെ മനസ്സില്‍ നിന്നും സ്വാഭാവികമായും ഈ രോഗം ഇല്ലാതാവുകയും ചെയ്യും. പരിശുദ്ധ ക്വുര്‍ആനില്‍ സൂറഃ ഫുസ്സ്വിലത്ത് 24ാം വചനത്തിലൂടെഅല്ലാഹു നമ്മെ ഉണര്‍ത്തിയ തത്ത്വമാണിത്. അല്ലാഹു പറയുന്നു: 'നല്ലതും ചീത്തയും സമമാവുകയില്ല. ഏറ്റവും നല്ലത് ഏതോ അത് കൊണ്ട് നീ തിന്മയെ പ്രതിരോധിക്കുക. അപ്പോള്‍ ഏതൊരുവനും നീയും ശത്രുതയുണ്ടോ അവനതാ (നിന്റെ) ഉറ്റ ബന്ധു എന്നോണം ആയിത്തീരുന്നു.''

അസൂയ എന്ന മാരകമായ രോഗത്തെ നമ്മുടെ മനസ്സില്‍ നിന്നും ഒഴിവാക്കുകയും മറ്റുള്ളവരുടെ  നന്മയിലും നേട്ടങ്ങളിലും നാം സന്തോഷിക്കുകയും ചെയ്യുക. അതാണ് യഥാര്‍ഥ വിശ്വാസിയുടെ ഗുണം.