മസ്ജിദുന്നബവിയുടെ നിര്‍മാണം

ഫദ്‌ലുല്‍ ഹഖ് ഉമരി

2019 ജൂണ്‍ 01 1440 റമദാന്‍ 27

(മുഹമ്മദ് നബി ﷺ : 23)

നബി ﷺ  മദീനയില്‍ എത്തിയതിനുശേഷം ഒരു ഇസ്ലാമിക ഭരണം നിലവില്‍ വന്നത് മൂന്ന് കാര്യങ്ങളെ അടിസ്ഥാനപ്പെടുത്തിക്കൊണ്ടാണ്. മസ്ജിദുന്നബവിയുടെ നിര്‍മാണം, മുഹാജിറുകള്‍ക്കും അന്‍സ്വാറുകള്‍ക്കും ഇടയില്‍ സാഹോദര്യം ഉണ്ടാക്കല്‍, മദീനക്കാരുമായുള്ള കരാര്‍ എന്നിവയാണാ മൂന്ന് കാര്യങ്ങള്‍. അതില്‍ ഒന്നാമത്തെതായ മസ്ജിദുന്നബവിയുടെ നിര്‍മാണത്തെക്കുറിച്ച് നമുക്ക് അല്‍പം കാര്യങ്ങള്‍ മനസ്സിലാക്കാം.

മദീനയിലേക്ക് നബി ﷺ  പ്രവേശിച്ചതിനു ശേഷം ആദ്യമായി ചെയ്തത് അവിടെ പള്ളി ഉണ്ടാക്കുക എന്നതായിരുന്നു. സഹ്ല്‍, സുഹൈല്‍ എന്നീ രണ്ടു കുട്ടികളില്‍ നിന്നും പണം കൊടുത്ത് വാങ്ങിയ സ്ഥലത്താണ് മസ്ജിദുന്നബവി ഉണ്ടാക്കുന്നത്. സ്വഹാബികളും നബി ﷺ യും ഒന്നിച്ച് കല്ല് ചുമന്നുകൊണ്ടുവന്ന് കൊണ്ടാണ് പള്ളിയുടെ നിര്‍മാണം നടത്തിയത്. ആ സ്ഥലത്തുണ്ടായിരുന്ന മുശ്‌രിക്കുകളുടെ പഴയ ക്വബ്‌റുകള്‍ മാന്തിക്കളയുകയും തകര്‍ന്നു കിടക്കുന്ന പഴയ വീടുകള്‍ നിരപ്പാക്കുകയും ഈത്തപ്പന മരങ്ങള്‍ മുറിച്ചു കളയുകയും ചെയ്തു എന്ന് നമ്മള്‍ മുമ്പ് സൂചിപ്പിച്ചിട്ടുണ്ട്. ഏതാണ്ട് 12 ദിവസത്തെ അധ്വാനം കൊണ്ടാണ് മസ്ജിദുന്നബവിയുടെ നിര്‍മാണം പൂര്‍ത്തിയാകുന്നത്. വളരെ ചെറിയ രൂപത്തിലുള്ള ഒരു പള്ളിയായിരുന്നു അന്ന് നിര്‍മിച്ചത്. ഈത്തപ്പനയുടെ തടി കൊണ്ടുള്ള തൂണുകളും പട്ടകള്‍ കൊണ്ടുള്ള മേല്‍ക്കൂരയും മണല്‍ നിറക്കപ്പെട്ട അടിഭാഗവും ആയിരുന്നു അന്ന് ഉണ്ടായിരുന്നത്. പള്ളിയുടെ ക്വിബ്‌ലയുടെ ഭാഗം മുതല്‍ അതിന്റെ പിന്‍ഭാഗം വരെ നൂറു മുഴം നീളവും തത്തുല്യമായതോ അതില്‍ നിന്നും അല്‍പം കുറവുള്ളതോ ആയ വീതിയും ആയിരുന്നു ഉണ്ടായിരുന്നത്. പള്ളിയുടെ നിര്‍മാണം പൂര്‍ത്തിയായതിനുശേഷം പള്ളിക്കു ചുറ്റും നബി ﷺ യുടെ ഭാര്യമാര്‍ക്കുള്ള റൂമുകള്‍ ഉണ്ടാക്കപ്പെട്ടു. ഈത്തപ്പനയുടെ തടിയും പട്ടകളും തന്നെയാണ് ഈ റൂമുകളുടെ നിര്‍മാണത്തിനും ഉപയോഗിച്ചത്. രണ്ട് വീടുകളാണ് അന്ന് ഉണ്ടാക്കിയത്. ഒന്ന് സൗദ(റ)ക്കും മറ്റൊന്ന് ആഇശ(റ)ക്കും.

ജനങ്ങള്‍ വര്‍ധിക്കുകയും പള്ളി ഇടുങ്ങിപ്പോകുകയും ചെയ്യുന്ന ഒരു അവസ്ഥ ഉണ്ടാകുന്നത് വരെ ഇതേ നിലയില്‍ തന്നെ തുടര്‍ന്നു. ഖൈബര്‍ യുദ്ധത്തിനു ശേഷമാണ് ജനങ്ങള്‍ വര്‍ധിച്ച സാഹചര്യമുണ്ടായത്. ആ സന്ദര്‍ഭത്തില്‍ ഉസ്മാനുബ്‌നു അഫ്ഫാന്‍(റ) പണം കൊടുത്തു വാങ്ങിയ സ്ഥലം കൂടി നബി ﷺ  പള്ളിയിലേക്ക് കൂട്ടിച്ചേര്‍ത്തു. അങ്ങനെ പള്ളി വിശാലമാക്കുകയും ചെയ്തു. നബി ﷺ  തന്നെയായിരുന്നു ജനങ്ങള്‍ക്ക് ഇമാമായി നിന്നിരുന്നത്. പള്ളിയിലുണ്ടായിരുന്ന ഒരു ഈത്തപ്പന മരത്തിന്റെ കുറ്റിയില്‍ ചാരിനിന്നു കൊണ്ടാണ് നബി ﷺ  ഖുത്വുബ നിര്‍വഹിച്ചിരുന്നത്. ജാബിര്‍ ഇബ്‌നു അബ്ദുല്ല (റ) പറയുന്നു: ''വെള്ളിയാഴ്ച ദിവസം നബി ﷺ  ഒരു ഈത്തപ്പന മരത്തിലേക്ക് അവലംബമര്‍പ്പിച്ചുകൊണ്ടാണ് ഖുത്വുബ പറഞ്ഞിരുന്നത്. അപ്പോള്‍ അന്‍സ്വാറുകളില്‍ പെട്ട ഒരു സ്ത്രീ (അല്ലെങ്കില്‍ ഒരു പുരുഷന്‍) പറഞ്ഞു: 'അല്ലാഹുവിന്റെ പ്രവാചകരേ; ഞങ്ങള്‍ താങ്കള്‍ക്ക് ഒരു മിമ്പര്‍ ഉണ്ടാക്കി തരട്ടെയോ?' നബി ﷺ  പറഞ്ഞു: 'നിങ്ങള്‍ ഉദ്ദേശിക്കുന്നുവെങ്കില്‍ ഉണ്ടാക്കിക്കൊള്ളുക.' അങ്ങനെ അവര്‍ നബി ﷺ ക്കുവേണ്ടി ഒരു മിമ്പര്‍ ഉണ്ടാക്കി. അടുത്ത വെള്ളിയാഴ്ച വന്നപ്പോള്‍ പുതിയ മിമ്പറിലേക്കാണ് നബി ﷺ  നീങ്ങിയത്. അപ്പോള്‍ ആദ്യമുണ്ടായിരുന്ന ഈത്തപ്പനമരം ഉച്ചത്തില്‍ കരയാന്‍ തുടങ്ങി. ഉടനെ നബി ﷺ  മിമ്പറില്‍നിന്നുമിറങ്ങി അതിനെ തന്നിലേക്ക് അണച്ചു പിടിച്ചു. ചെറിയ കുട്ടികള്‍ കരയുന്നതുപോലെ തേങ്ങിക്കരയുകയായിരുന്നു അത്. നബി ﷺ  അതിനെ ശാന്തപ്പെടുത്തിക്കൊണ്ട് ഇപ്രകാരം പറഞ്ഞു: 'അതിന്റെ അടുത്ത് നിന്നുകൊണ്ട് നിര്‍വഹിക്കുന്ന ഉല്‍ബോധനം കേട്ടുകൊണ്ട് അത് കരയുകയായിരുന്നു' (ബുഖാരി: 3584).

പള്ളിയുടെ നിര്‍മാണത്തിന് മുമ്പ് എവിടെ വെച്ചാണോ നമസ്‌കാരത്തിന്റെ സമയം ആകുന്നത് അവിടെ വെച്ച് നബി ﷺ  നമസ്‌കരിച്ചിരുന്നു. പള്ളികള്‍ക്ക് ഇസ്‌ലാമില്‍ വലിയ പ്രാധാന്യമുണ്ട് എന്നുള്ളതുകൊണ്ടാണ് മദീനയിലെത്തിയ ഉടനെ ആദ്യമായി പള്ളി നിര്‍മിച്ചത്. സ്വന്തത്തിനു വേണ്ടി വീടുപോലും നിര്‍മിക്കുന്നതിന് മുമ്പായിരുന്നു പള്ളിയുടെ നിര്‍മാണം. ഇസ്‌ലാമില്‍ പള്ളിയുടെ പ്രാധാന്യത്തെ ഈ സംഭവം അറിയിക്കുന്നു. പള്ളികള്‍ക്ക് നിര്‍വഹിക്കുവാനുള്ള ഒരുപാട് ദൗത്യങ്ങള്‍ ഉണ്ട്.

(എ) ആരാധന: ജമാഅത്ത് നമസ്‌കാരം, ഇഅ്തികാഫ്, ക്വുര്‍ആന്‍ പാരായണം തുടങ്ങിയ ആരാധനകളുടെ കേന്ദ്രമാണ് പള്ളി. (ബി) ഉല്‍ബോധനം: ഉപദേശങ്ങള്‍, മതപഠന ക്ലാസുകള്‍, ക്വുര്‍ആന്‍ പഠനം, ഫത്‌വ നല്‍കല്‍ തുടങ്ങിയവയും പള്ളികളില്‍ നിര്‍വഹിക്കപ്പെടേണ്ടുന്ന ദൗത്യങ്ങളാണ്. (സി) സാമൂഹിക വിഷയങ്ങള്‍: ദരിദ്രര്‍ക്ക് അഭയം നല്‍കാന്‍ ആവശ്യമായ കാര്യങ്ങള്‍ നിര്‍വഹിക്കല്‍, അന്യരായി കടന്നു വരുന്ന അതിഥികളെ സ്വീകരിക്കല്‍, മുസ്ലിംകളായ ആളുകളുടെ ഒന്നിക്കല്‍ തുടങ്ങി പരസ്പര സ്‌നേഹവും സാഹോദര്യവും ബന്ധങ്ങളും നിലനിര്‍ത്താനാവശ്യമായ കാര്യങ്ങളെല്ലാം പള്ളികളില്‍ വെച്ച് നടത്തപ്പെടാവുന്നതാണ്.

പള്ളി നിര്‍മാണത്തില്‍ സ്വഹാബികളോടൊപ്പം നബി ﷺ യും പങ്കെടുത്തു എന്നത് അദ്ദേഹത്തിന്റെവിനയത്തെയാണ് അറിയിക്കുന്നത്. പ്രതിഫലം ലഭിക്കാന്‍ ആവശ്യമായ കാര്യങ്ങളില്‍ നബി ﷺ യും പങ്കുചേരണമെന്നും അദ്ദേഹം അങ്ങനെ പ്രതിഫലം ആഗ്രഹിച്ചു എന്നും ഇതില്‍നിന്ന് നമുക്ക് മനസ്സിലാക്കാം. മാത്രമല്ല എല്ലാ നന്മകളിലും നബി ﷺ  മറ്റുള്ള ആളുകള്‍ക്ക് മാതൃകയാണ് എന്നു കൂടി ഇതിലൂടെ വ്യക്തമാക്കി കൊടുക്കുകയായിരുന്നു. ഒരു നന്മയിലേക്ക് മറ്റൊരു മുസ്‌ലിമിനെ ക്ഷണിക്കുമ്പോള്‍ ആ വിഷയത്തില്‍ മുന്നിട്ടിറങ്ങേണ്ടത് ക്ഷണിക്കുന്ന വ്യക്തിയാണ് എന്നുള്ള വലിയൊരു അധ്യാപനമായിരുന്നു ഇതിലൂടെ സ്വഹാബികള്‍ക്ക് നബി ﷺ  പകര്‍ന്നു നല്‍കിയത്. നബിയും സ്വഹാബികളും ചേര്‍ന്ന് ഉണ്ടാക്കിയ ഈ പള്ളി മഹത്ത്വത്തിന്റെ വിഷയത്തിലും മറ്റു പള്ളികളില്‍ നിന്നും വ്യത്യസ്തമാണ്. മറ്റു പള്ളികളില്‍ നിര്‍വഹിക്കുന്ന നമസ്‌കാരത്തെക്കാള്‍ ആയിരം മടങ്ങ് പ്രതിഫലം ഈ പള്ളിയിലുള്ള നമസ്‌കാരത്തിനുണ്ട്. (ബുഖാരി 1190, മുസ്‌ലിം 1394).

അബൂസഈദുല്‍ ഖുദ്രി(റ) പറയുന്നു: ''ഞാന്‍ ഒരിക്കല്‍ നബി ﷺ യുടെ അടുക്കലേക്ക് പ്രവേശിച്ചു. അദ്ദേഹം തന്റെ ഭാര്യമാരില്‍ ഒരാളുടെ വീട്ടിലായിരുന്നു. ഞാന്‍ ചോദിച്ചു: 'അല്ലാഹുവിന്റെ പ്രവാചകരേ, ഏത് പള്ളിയാണ് തക്വ്‌വയുടെ അടിസ്ഥാനത്തില്‍ ഉണ്ടാക്കപ്പെട്ട പള്ളി?' ഈ സന്ദര്‍ഭത്തില്‍ നബി ﷺ  തന്റെ കൈയില്‍ അല്‍പം ചരല്‍ക്കല്ല് വാരിയെടുത്തു. എന്നിട്ട് അത് നിലത്തേക്കെറിഞ്ഞു കൊണ്ട് പറഞ്ഞു: നിങ്ങളുടെ ഈ പള്ളി'' (മുസ്‌ലിം: 1398).

''...ആദ്യദിവസം തന്നെ ഭക്തിയിന്‍മേല്‍ സ്ഥാപിക്കപ്പെട്ടിട്ടുള്ള പള്ളിയാണ് നീ നിന്നു നമസ്‌കരിക്കുവാന്‍ ഏറ്റവും അര്‍ഹതയുള്ളത്. ശുദ്ധി കൈവരിക്കുവാന്‍ ഇഷ്ടപ്പെടുന്ന ചില ആളുകളുണ്ട് ആ പള്ളിയില്‍. ശുദ്ധികൈവരിക്കുന്നവരെ അല്ലാഹു ഇഷ്ടപ്പെടുന്നു'' (അത്തൗബ 108).

പ്രത്യേക പുണ്യം ഉദ്ദേശിച്ചുകൊണ്ട് മൂന്ന് പള്ളികളിലേക്കല്ലാതെ യാത്രപോകല്‍ അനുവദനീയമല്ല എന്ന് നബി ﷺ  നിര്‍ദേശിച്ചിട്ടുണ്ട്. മസ്ജിദുല്‍ ഹറാം, മസ്ജിദുന്നബവി, മസ്ജിദുല്‍ അക്വ്‌സ്വാ എന്നിവയാകുന്നു ആ മൂന്നു പള്ളികള്‍. (ബുഖാരി: 1189, മുസ്‌ലിം: 1397).

മുഹാജിറുകള്‍ക്കും അന്‍സ്വാറുകള്‍ക്കും ഇടയില്‍ സാഹോദര്യമുണ്ടാക്കല്‍

പള്ളി നിര്‍മാണ ശേഷം നബി ﷺ  മുഖ്യമായി നിര്‍വഹിച്ച ദൗത്യം മുഹാജിറുകള്‍ക്കും അന്‍സ്വാറുകള്‍ക്കും ഇടയില്‍ സാഹോദര്യം ഉണ്ടാക്കലായിരുന്നു. മുഹാജിറുകള്‍ മദീനയില്‍ വന്നിറങ്ങിയതിന് ശേഷം ഏകാന്തതയുടെ പ്രയാസം അവര്‍ക്ക് ഇല്ലാതാക്കുവാന്‍ വേണ്ടി അന്‍സ്വാറുകള്‍ക്കും അവര്‍ക്കുമിടയില്‍ നബി ﷺ  സാഹോദര്യം ഉണ്ടാക്കി. കുടുംബങ്ങളെയും സ്വന്തം രാജ്യത്തെയും വിട്ട് വന്നവരാണവര്‍. അതുകൊണ്ട് തന്നെ അവര്‍ക്കിടയില്‍ ശക്തമായ ഒരു ബന്ധവും സ്‌നേഹവും ഉണ്ടാക്കിയെടുക്കുകയാണ്. മുഹാജിറുകളില്‍ തന്നെ ചിലര്‍ അന്‍സ്വാറുകളെക്കാള്‍ സാമ്പത്തിക ശേഷി ഉള്ളവരായിരുന്നു. അതിനാല്‍ അവരില്‍ ചിലര്‍ക്ക് ചിലരെ സഹോദരന്മാരായി നിശ്ചയിച്ചു കൊടുത്തു. ഹംസ ഇബ്‌നു അബ്ദുല്‍ മുത്ത്വലിബും സൈദ് ഇബ്‌നു ഹാരിസയും അങ്ങനെയാണ് മദീനയില്‍ സഹോദരങ്ങളായത്. സുബൈര്‍ ഇബ്‌നുല്‍ അവ്വാമും അബ്ദുല്ലാഹിബ്‌നു മസ്ഉൗദും പരസ്പര സഹോദരങ്ങളായി. (അദബുല്‍ മുഫ്‌റദ്: 442).

ഇതിനുശേഷമാണ് മുഹാജിറുകള്‍ക്കും അന്‍സ്വാറുകള്‍ക്കും ഇടയില്‍ സാഹോദര്യ ബന്ധങ്ങള്‍ ഉണ്ടാക്കിയത്. മക്കയുടെ വ്യത്യസ്ത താഴ്‌വരകളില്‍ നിന്നാണ് മുഹാജിറുകള്‍ മദീനയിലേക്ക് വന്നത്. അവരുടെ കൂടെ സമ്പത്തില്ല, കുടുംബവും ഇല്ല. മുമ്പ് പരിചയം പോലുമില്ലാത്ത ഒരു സമൂഹത്തിലേക്കാണ് അവര്‍ വന്നിട്ടുള്ളത്. അന്‍സ്വാറുകളാകട്ടെ യുദ്ധത്തിന്റെ രക്തക്കറകള്‍ പോലും ഉണങ്ങിയിട്ടില്ലാത്ത ആളുകളായിരുന്നു. അവര്‍ക്കിടയില്‍ ഛിദ്രതയും ഭിന്നതകളും ഉണ്ടായിരുന്നു. പക്ഷേ, അല്ലാഹു അവന്റെ കാരുണ്യം കൊണ്ട് അവരുടെയെല്ലാം ഹൃദയങ്ങളെ വിശ്വാസത്താല്‍ പരസ്പരം ബന്ധിപ്പിച്ചു:

''നിങ്ങളൊന്നിച്ച് അല്ലാഹുവിന്റെ കയറില്‍ മുറുകെ പിടിക്കുക. നിങ്ങള്‍ ഭിന്നിച്ച് പോകരുത്. നിങ്ങള്‍ അന്യോന്യം ശത്രുക്കളായിരുന്നപ്പോള്‍ നിങ്ങള്‍ക്ക് അല്ലാഹു ചെയ്ത അനുഗ്രഹം ഓര്‍ക്കുകയും ചെയ്യുക. അവന്‍ നിങ്ങളുടെ മനസ്സുകള്‍ തമ്മില്‍ കൂട്ടിയിണക്കി. അങ്ങനെ അവന്റെ അനുഗ്രഹത്താല്‍ നിങ്ങള്‍ സഹോദരങ്ങളായിത്തീര്‍ന്നു. നിങ്ങള്‍ അഗ്‌നികുണ്ഡത്തിന്റെ വക്കിലായിരുന്നു. എന്നിട്ടതില്‍ നിന്ന് നിങ്ങളെ അവന്‍ രക്ഷപ്പെടുത്തി. അപ്രകാരം അല്ലാഹു അവന്റെ ദൃഷ്ടാന്തങ്ങള്‍ നിങ്ങള്‍ക്ക് വിവരിച്ചുതരുന്നു; നിങ്ങള്‍ നേര്‍മാര്‍ഗം പ്രാപിക്കുവാന്‍ വേണ്ടി''(ആലു ഇംറാന്‍: 103).

അനസുബ്‌നു മാലിക്(റ)വിന്റെ വീട്ടില്‍ വെച്ചാണ് ഈ ദൗത്യം നിര്‍വഹിച്ചത്. 90 പേരാണ് അവര്‍ ഉണ്ടായിരുന്നത്. അതില്‍ പകുതി മുഹാജിറുകളും പകുതി അന്‍സ്വാറുകളും ആയിരുന്നു. സത്യത്തിന്റെയും പരസ്പര സ്‌നേഹത്തിന്റെയും ബന്ധങ്ങള്‍ അവര്‍ക്കിടയില്‍ ഉണ്ടാക്കി. കുടുംബ ബന്ധങ്ങള്‍ ഇല്ലാതെ തന്നെ അനന്തരസ്വത്ത് നല്‍കണമെന്ന ഉപദേശവും അവര്‍ക്ക് നല്‍കി. അങ്ങനെ ഇസ്‌ലാം ശക്തി പ്രാപിക്കുകയും അവരുടെ ഐക്യം ശക്തിപ്പെടുകയും ഏകാന്തത ഇല്ലാതെയാവുകയും ചെയ്തപ്പോള്‍ അല്ലാഹു ഇപ്രകാരം ആയത്തിറക്കി:

''അതിന് ശേഷം വിശ്വസിക്കുകയും സ്വദേശം വെടിയുകയും നിങ്ങളോടൊപ്പം സമരത്തില്‍ ഏര്‍പെടുകയും ചെയ്തവരും നിങ്ങളുടെ കൂട്ടത്തില്‍ തന്നെ. എന്നാല്‍ രക്തബന്ധമുള്ളവര്‍ അല്ലാഹുവിന്റെ രേഖയില്‍ (നിയമത്തില്‍) അന്യോന്യം കൂടുതല്‍ ബന്ധപ്പെട്ടവരാകുന്നു. തീര്‍ച്ചയായും അല്ലാഹു ഏത് കാര്യത്തെപ്പറ്റിയും അറിവുള്ളവനാകുന്നു'' (അല്‍അന്‍ഫാല്‍: 75).

കുടുംബ ബന്ധം ഇല്ലാതെ അനന്തരസ്വത്ത് നല്‍കണമെന്ന ഉപദേശം ഈ വചനത്തിന്റെ അവതരണത്തോടു കൂടി നിയമത്തില്‍ നിന്നും ഒഴിവായി. പിന്നീട് അത് കുടുംബബന്ധങ്ങളില്‍ മാത്രം ഒതുക്കി. എന്നാല്‍ പരസ്പര സ്‌നേഹവും സാഹോദര്യവും നിലനിര്‍ത്തുവാന്‍ കല്‍പിക്കുകയും ചെയ്തു. താഴെ പറയുന്ന രൂപത്തിലാണ് നബി ﷺ  സ്വഹാബിമാര്‍ക്കിടയില്‍ പരസ്പര സാഹോദര്യബന്ധം ഉണ്ടാക്കിക്കൊടുത്തത്:

1) അബൂബകര്‍(റ)- ഖാരിജതുബ്‌നു സൈദ്(റ). 2) ഉമറുബ്‌നുല്‍ ഖത്വാബ്(റ)- ഇത്ബാനുബ്‌നു മാലിക്(റ). 3) അബൂഉബൈദ(റ)-അബൂത്വല്‍ഹ(റ). 4) അബ്ദുറഹ്മാന്‍ ഇബ്‌നു ഔഫ്(റ)- സഅ്ദ്ബ്‌നു റബീഅ്(റ). 5) ജഅ്ഫര്‍ ഇബ്‌നു അബീത്വാലിബ്(റ)-മുആദ് ഇബ്‌നു ജബല്‍(റ).  6) മിസ്അബ് ഇബ്‌നു ഉമൈര്‍(റ)-അബു അയ്യൂബ് അല്‍അന്‍സ്വാരി(റ). 7) സല്‍മാനുല്‍ ഫാരിസി(റ)-അബുദ്ദര്‍ദാഅ്(റ).

ഇങ്ങനെ 90 പേര്‍ക്ക് ഇടയിലും നബി ﷺ  സാഹോദര്യബന്ധം ഉണ്ടാക്കിക്കൊടുത്തു. അതിനു ശേഷം മദീനയിലേക്ക് മുഹാജിറായി ആളുകള്‍ വരുന്നതനുസരിച്ച് സാഹോദര്യ ബന്ധം പുതുക്കിക്കൊണ്ടിരിക്കുകയും ചെയ്തു. പരസ്പര സ്‌നേഹത്തിലും അനുകമ്പയിലും ഏറ്റവും ഉത്തമ മാതൃകയായിരുന്നു ഇവരില്‍ ഉണ്ടായിരുന്നത്. സത്യത്തില്‍ അനുപമമായ ഒരു പുതിയ സമൂഹം തന്നെ ഉടലെടുക്കുകയായിരുന്നു അവരിലൂടെ.

''മുഹമ്മദ് അല്ലാഹുവിന്റെ റസൂലാകുന്നു. അദ്ദേഹത്തോടൊപ്പമുള്ളവര്‍ സത്യനിഷേധികളുടെ നേരെ കര്‍ക്കശമായി വര്‍ത്തിക്കുന്നവരാകുന്നു. അവര്‍ അന്യോന്യം ദയാലുക്കളുമാകുന്നു. അല്ലാഹുവിങ്കല്‍ നിന്നുള്ള അനുഗ്രഹവും പ്രീതിയും തേടിക്കൊണ്ട് അവര്‍ കുമ്പിട്ടും സാഷ്ടാംഗം ചെയ്തും നമസ്‌കരിക്കുന്നതായി നിനക്ക് കാണാം. സുജൂദിന്റെ ഫലമായി അവരുടെ അടയാളം അവരുടെ മുഖങ്ങളിലുണ്ട്. അതാണ് തൗറാത്തില്‍ അവരെ പറ്റിയുള്ള ഉപമ. ഇന്‍ജീലില്‍ അവരെ പറ്റിയുള്ള ഉപമ ഇങ്ങനെയാകുന്നു: ഒരു വിള, അത് അതിന്റെ കൂമ്പ് പുറത്ത് കാണിച്ചു. എന്നിട്ടതിനെ പുഷ്ടിപ്പെടുത്തി. എന്നിട്ടത് കരുത്താര്‍ജിച്ചു. അങ്ങനെ അത് കര്‍ഷകര്‍ക്ക് കൗതുകം തോന്നിച്ചുകൊണ്ട് അതിന്റെ കാണ്ഡത്തിന്‍മേല്‍ നിവര്‍ന്നുനിന്നു. (സത്യവിശ്വാസികളെ ഇങ്ങനെ വളര്‍ത്തിക്കൊണ്ട് വരുന്നത്) അവര്‍ മൂലം സത്യനിഷേധികളെ അരിശം പിടിപ്പിക്കാന്‍ വേണ്ടിയാകുന്നു. അവരില്‍ നിന്ന് വിശ്വസിക്കുകയും സല്‍കര്‍മങ്ങള്‍ പ്രവര്‍ത്തിക്കുകയും ചെയ്തവര്‍ക്ക് അല്ലാഹു പാപമോചനവും മഹത്തായ പ്രതിഫലവും വാഗ്ദാനം ചെയ്തിരിക്കുന്നു'' (അല്‍ഫത്ഹ്: 29).

മുഹാജിറുകളെ തങ്ങളുടെ സഹോദരന്മാരായി സ്വീകരിക്കുവാനുള്ള അന്‍സ്വാറുകളുടെ ആവേശം കാരണത്താല്‍ അവര്‍ക്കിടയില്‍ നറുക്കെടുക്കുന്ന അവസ്ഥപോലും ഉണ്ടായിട്ടുണ്ട്. തങ്ങളുടെ സഹോദരന്മാരായ മുഹാജിറുകളുടെ ഒറ്റപ്പെടലിന്റെ വേദനകള്‍ ലഘൂകരിക്കാന്‍ ആവശ്യമായ നിലയ്ക്ക് എന്തൊരു കാര്യവും ചെയ്തുകൊടുക്കാന്‍ മത്സരിച്ച് മുന്നേറുന്നവരായിരുന്നു അന്‍സ്വാറുകള്‍. സ്വന്തം ഈത്തപ്പന തോട്ടങ്ങള്‍ പോലും തങ്ങളുടെ സഹോദരങ്ങളായ മുഹാജിറുകള്‍ക്കിടയില്‍ വീതിച്ചു കൊടുക്കാന്‍ നബി ﷺ യെ അന്‍സ്വാറുകള്‍ ഏല്‍പിക്കുകയുണ്ടായി. 'ഈത്തപ്പനകള്‍ ഞങ്ങള്‍ക്കും ഞങ്ങളുടെ സഹോദരന്മാര്‍ക്കും ഇടയില്‍ വീതിക്കൂ പ്രവാചകരേ' എന്നുപറഞ്ഞുകൊണ്ട് അന്‍സ്വാറുകള്‍ നബി ﷺ യെ സമീപിച്ചപ്പോള്‍ അദ്ദേഹം പറയുകയുണ്ടായി: 'വേണ്ട, അതിന്റെ പഴം മാത്രം നിങ്ങള്‍ ഇവര്‍ക്ക് നല്‍കി സഹായിച്ചാല്‍ മതി' (ബുഖാരി: 2325).

സ്വന്തം ആവശ്യങ്ങളെക്കേള്‍ വലുതായി സഹോദരന്മാരുടെ ആവശ്യങ്ങള്‍ നിര്‍വഹിച്ചു കൊടുക്കുന്നതിലായിരുന്നു അന്‍സ്വാറുകളുടെ താല്‍പര്യം:

''അവരുടെ (മുഹാജിറുകളുടെ) വരവിനു മുമ്പായി വാസസ്ഥലവും വിശ്വാസവും സ്വീകരിച്ചുവെച്ചവര്‍ക്കും (അന്‍സ്വാറുകള്‍ക്ക്). തങ്ങളുടെ അടുത്തേക്ക് സ്വദേശം വെടിഞ്ഞുവന്നവരെ അവര്‍ സ്‌നേഹിക്കുന്നു. അവര്‍ക്ക് (മുഹാജിറുകള്‍ക്ക്) നല്‍കപ്പെട്ട ധനം സംബന്ധിച്ചു തങ്ങളുടെ മനസ്സുകളില്‍ ഒരു ആവശ്യവും അവര്‍ (അന്‍സ്വാറുകള്‍) കണ്ടെത്തുന്നുമില്ല. തങ്ങള്‍ക്ക് ദാരിദ്ര്യമുണ്ടായാല്‍ പോലും സ്വദേഹങ്ങളെക്കാള്‍ മറ്റുള്ളവര്‍ക്ക് അവര്‍ പ്രാധാന്യം നല്‍കുകയും ചെയ്യും. ഏതൊരാള്‍ തന്റെ മനസ്സിന്റെ പിശുക്കില്‍ നിന്ന് കാത്തുരക്ഷിക്കപ്പെടുന്നുവോ അത്തരക്കാര്‍ തന്നെയാകുന്നു വിജയം പ്രാപിച്ചവര്‍'' (അല്‍ഹശ്ര്‍: 9).

സ്വഹാബികളുടെ ഈ നിലയ്ക്കുള്ള പരസ്പര സ്‌നേഹവും ത്യാഗവും സമര്‍പ്പണവും ഇഹപര വിജയത്തിന് കാരണമായി മാറി. അല്ലാഹുവിന്റെ തൃപ്തി നേടുവാനുള്ള ഒരു ഉപാധിയായും മാറി

''മുഹാജിറുകളില്‍ നിന്നും അന്‍സ്വാറുകളില്‍ നിന്നും ആദ്യമായി മുന്നോട്ട് വന്നവരും സുകൃതം ചെയ്തുകൊണ്ട് അവരെ പിന്തുടര്‍ന്നവരും ആരോ അവരെപ്പറ്റി അല്ലാഹു സംതൃപ്തനായിരിക്കുന്നു. അവനെപ്പറ്റി അവരും സംതൃപ്തരായിരിക്കുന്നു. താഴ്ഭാഗത്ത് അരുവികള്‍ ഒഴുകിക്കൊണ്ടിരിക്കുന്ന സ്വര്‍ഗത്തോപ്പുകള്‍ അവര്‍ക്ക് അവന്‍ ഒരുക്കിവെക്കുകയും ചെയ്തിരിക്കുന്നു. എന്നെന്നും അവരതില്‍ നിത്യവാസികളായിരിക്കും. അതത്രെ മഹത്തായ ഭാഗ്യം''(അത്തൗബ: 100).

അനന്തരാവകാശം നല്‍കുന്ന നിയമം എടുത്തുകളഞ്ഞു എങ്കിലും അവര്‍ക്കിടയില്‍ സാഹോദര്യം എന്നന്നേക്കുമായി നിലനിര്‍ത്തി (അല്‍ഹുജുറാത്: 10). സത്യത്തിലും നന്മയിലും പുണ്യത്തിലും പരസ്പരം സഹായിക്കുവാനും സഹകരിക്കുവാനും അല്ലാഹു അവര്‍ക്ക് നിര്‍ദേശം നല്‍കി (അല്‍മാഇദ: 2).

ഇക്കാരണത്താല്‍ തന്നെ അന്‍സ്വാറുകള്‍ എന്നെന്നേക്കും ലോകത്തിനു മാതൃകയാവുകയും അവരെ സ്‌നേഹിക്കല്‍ ഈമാനിന്റെ ഭാഗമാണെന്ന് നിശ്ചയിക്കുകയും ചെയ്തു. നബി ﷺ  പറയുന്നു: 'അന്‍സ്വാറുകളോടുള്ള സ്‌നേഹം ഈമാനിന്റെ അടയാളമാണ്. അന്‍സ്വാറുകളോടുള്ള വെറുപ്പ് കാപട്യത്തിന്റെ അടയാളവുമാണ്'' (ബുഖാരി: 17, മുസ്‌ലിം: 74). അനസ് ഇബ്‌നു മാലിക്(റ) പറയുന്നു: ''നബി ﷺ യുടെ അടുക്കലേക്ക് അന്‍സ്വാരികളില്‍ പെട്ട ഒരു സ്ത്രീ വന്നപ്പോള്‍ അവരോട് നബി ﷺ  പറയുകയുണ്ടായി: എന്റെ ആത്മാവ് ആരുടെ കയ്യിലാണോ അവന്‍ തന്നെയാണ് സത്യം; ജനങ്ങളില്‍ എനിക്ക് ഏറ്റവും ഇഷ്ടം നിങ്ങളെയാണ്.' ഇത് മൂന്നു തവണ ആവര്‍ത്തിച്ചു പറഞ്ഞു'' (ബുഖാരി: 3786, മുസ്‌ലിം: 2509).

അനസുബ്‌നു മാലിക്(റ) പറയുന്നു: ''നബി ﷺ  ഇപ്രകാരം പറയുകയുണ്ടായി: 'അന്‍സ്വാറുകളുടെ വിഷയത്തില്‍ ഞാന്‍ നിങ്ങള്‍ക്ക് വസിയ്യത്ത് ചെയ്യുന്നു. അവര്‍ എന്റെ സ്വന്തക്കാരും ഇഷ്ടക്കാരുമാണ്. അവരുടെ ഉത്തരവാദിത്തങ്ങള്‍ അവര്‍ നിര്‍വഹിച്ചു. ഇനി അവരോടുള്ള ബാധ്യതകളാണ് ബാക്കിയുള്ളത്. അതുകൊണ്ട് അവരുടെ നന്മകളെ നിങ്ങള്‍ സ്വീകരിക്കുക. അവരുടെ അബദ്ധങ്ങളെ നിങ്ങള്‍ വിട്ടുകളയുക'' (ബുഖാരി: 3799, മുസ്‌ലിം: 2510).

അബൂഹുറയ്‌റ(റ)വില്‍ നിന്ന് നിവേദനം; നബി ﷺ  പറഞ്ഞിരിക്കുന്നു: ''അന്‍സ്വാറുകള്‍ ഒരു താഴ്‌വരയിലൂടെ പ്രവേശിച്ചാല്‍ അന്‍സ്വാറുകള്‍ പ്രവേശിച്ച താഴ്‌വരയിലേക്ക് ഞാനും പ്രവേശിക്കും. ഹിജ്‌റ എന്ന് പറയുന്ന ഒന്ന് ഇല്ലായിരുന്നെങ്കില്‍ ഞാന്‍ അന്‍സ്വാറുകളില്‍ പെട്ട ആളാകുമായിരുന്നു'' (ബുഖാരി: 3779).

ഇതാണ് അന്‍സ്വാറുകളുടെ മഹത്ത്വമെങ്കില്‍ മുഹാജിറുകളുടെ മഹത്ത്വങ്ങള്‍ വിവരണാതീതമാണ്. ആദ്യമായി അല്ലാഹുവിലും അവന്റെ റസൂലിലും വിശ്വസിച്ചവരാണ് അവര്‍. അല്ലാഹുവിന്റെ മാര്‍ഗത്തില്‍ ആദ്യമായി ഹിജ്‌റ പോയവര്‍. അല്ലാഹുവിന്റെ തൃപ്തിക്കുവേണ്ടി സ്വന്തം നാട്ടില്‍നിന്നും സമ്പത്തില്‍നിന്നും പുറത്താക്കപ്പെട്ടവരാണ് അവര്‍ (അത്തൗബ: 100). പരിശുദ്ധ ദീനിനെ സഹായിക്കുവാന്‍ വേണ്ടി ആദ്യമായി രംഗത്തിറങ്ങിയവരുമാണ് മുഹാജിറുകള്‍ (അല്‍ഹശ്ര്‍: 8).