രാപ്പകലുകളുടെ മാറ്റം

അബൂഫായിദ

2019 ജനുവരി 05 1440 റബീഉല്‍ ആഖിര്‍ 28

ഈ ലോകത്തേക്ക് നമ്മള്‍ ജനിച്ചുവീഴും മുമ്പുതന്നെ നമുക്ക് സുരക്ഷിതമായി ജീവിക്കുവാന്‍തക്ക വിധത്തില്‍ ഭൂമിയെയും ഉപരിലോകത്തെയും  സ്രഷ്ടാവ് സംവിധാനിച്ചുവെച്ചിരിക്കുന്നു. മികച്ചരൂപത്തില്‍ അവന്‍ നമ്മെ സൃഷ്ടിച്ചു. ശാരീരിക, മാനസിക കഴിവുകള്‍ നല്‍കി. ശുദ്ധമായ ആഹാരപദാര്‍ഥങ്ങളുടെ ഒരു കലവറതന്നെ തുറന്നുവെച്ചു. ജലം, തീ, ധാന്യങ്ങള്‍, പച്ചക്കറികള്‍, പഴവര്‍ഗങ്ങള്‍, മത്സ്യം, മാംസം, ഉപ്പ്, മുളക്....അങ്ങനെയങ്ങനെ എന്തെല്ലാം! ഇതൊന്നുമില്ലായിരുന്നുവെങ്കില്‍ എങ്ങനെ ജീവിതം സുസാധ്യമാകും? ഇതെല്ലാം സംവിധാനിച്ചവന്‍ എന്നെന്നും ജീവിച്ചിരിക്കുന്നവനാണ്. യഥാര്‍ഥ ദൈവം അങ്ങനെയുള്ളവനാണ്. അതിനാല്‍ മനുഷ്യന്‍ അവനെമാത്രം ആരാധിക്കുവാന്‍ കടപ്പെട്ടനും കല്‍പിക്കപ്പെട്ടവനുമാണ്. അതിനുള്ള ന്യായമായി വിശുദ്ധ ക്വുര്‍ആനിലൂടെ അല്ലാഹു ചൂണ്ടിക്കാട്ടുന്ന ദൃഷ്ടാന്തങ്ങളില്‍ ഒന്നാണ് രാപ്പകലുകളുടെ മാറ്റം.  

രാപ്പകലുകളുടെ മാറ്റം

''(നബിയേ,) പറയുക: നിങ്ങള്‍ ചിന്തിച്ച് നോക്കിയിട്ടുണ്ടോ? ഉയിര്‍ത്തെഴുന്നേല്‍പിന്റെ നാളുവരെ അല്ലാഹു നിങ്ങളുടെ മേല്‍ രാത്രിയെ ശാശ്വതമാക്കിത്തീര്‍ത്തിരുന്നെങ്കില്‍ അല്ലാഹു അല്ലാത്ത ഏതൊരു ദൈവമാണ് നിങ്ങള്‍ക്ക് വെളിച്ചം കൊണ്ടുവന്നു തരിക? എന്നിരിക്കെ നിങ്ങള്‍ കേട്ടു മനസ്സിലാക്കുന്നില്ലേ? പറയുക: നിങ്ങള്‍ ചിന്തിച്ച് നോക്കിയിട്ടുണ്ടോ? ഉയിര്‍ത്തെഴുന്നേല്‍പിന്റെ നാളുവരെ അല്ലാഹു നിങ്ങളുടെ മേല്‍ പകലിനെ ശാശ്വതമാക്കിയിരുന്നുവെങ്കില്‍ അല്ലാഹുവല്ലാത്ത ഏതൊരു ദൈവമാണ് നിങ്ങള്‍ക്ക് വിശ്രമിക്കുവാന്‍ ഒരു രാത്രി കൊണ്ടുവന്ന് തരിക? എന്നിരിക്കെ നിങ്ങള്‍ കണ്ടു മനസ്സിലാക്കുന്നില്ലേ? അവന്റെ കാരുണ്യത്താല്‍ അവന്‍ നിങ്ങള്‍ക്ക് രാവും പകലും ഉണ്ടാക്കിതന്നിരിക്കുന്നു, രാത്രിയില്‍ നിങ്ങള്‍ വിശ്രമിക്കുവാനും (പകല്‍ സമയത്ത്) അവന്റെ അനുഗ്രഹത്തില്‍ നിന്ന് നിങ്ങള്‍ തേടിക്കൊണ്ട് വരാനും, നിങ്ങള്‍ നന്ദികാണിക്കുവാനും വേണ്ടി'' (ക്വുര്‍ആന്‍ 28:71-73).

അല്‍പമൊന്ന് ചിന്തിച്ചു നോക്കുക! ഭൂലോകമാകെ മുഴുവന്‍ സമയവും രാത്രിയായിരുന്നെങ്കില്‍, അല്ലെങ്കില്‍ മുഴുവന്‍ സമയവും പകലായിരുന്നെങ്കില്‍ എന്തായിരിക്കും അവസ്ഥ?! പകല്‍വെളിച്ചത്തില്‍ വിവിധ രംഗങ്ങളില്‍ വ്യാപരിച്ചും അത്യധ്വാനം ചെയ്തും പോരുന്ന മനുഷ്യന് സ്വസ്ഥമായി വിശ്രമിക്കുവാനുതകുന്ന, അതിന് നിര്‍ബന്ധിതനാക്കുന്ന രാത്രിയും; ശാന്തമായ വിശ്രമത്തിനുശേഷം തിരിച്ചുകിട്ടിയ ഉണര്‍വും ഉന്മേഷവും ഉപയോഗപ്പെടുത്തിക്കൊണ്ട് ഒട്ടനേകം കാര്യങ്ങളില്‍ വിഹരിക്കേണ്ടതിന് അനിവാര്യമായ പകലും മാറിമാറി ലഭിക്കാത്ത ഒരു ലോകത്തെപ്പറ്റി സങ്കല്‍പിച്ചുനോക്കുക. മനുഷ്യര്‍ക്കും ഇതരജീവികള്‍ക്കും ഇവിടെ ജീവിക്കുവാന്‍ സാധിക്കുമോ? ഒരിക്കലുമില്ല. ഈ വ്യവസ്ഥ സംവിധാനിച്ച സ്രഷ്ടാവിനെ സ്തുതിക്കുവാനും അതിന്റെ പേരില്‍ നന്ദികാണിക്കുവാനും മനുഷ്യന്‍ കടപ്പെട്ടവനല്ലേ?

''രാത്രിയും അവര്‍ക്കൊരു ദൃഷ്ടാന്തമത്രെ. അതില്‍ നിന്ന് പകലിനെ നാം ഊരിയെടുക്കുന്നു. അപ്പോള്‍ അവരതാ ഇരുട്ടില്‍ അകപ്പെടുന്നു. സൂര്യന്‍ അതിന് സ്ഥിരമായുള്ള ഒരു സ്ഥാനത്തേക്ക് സഞ്ചരിക്കുന്നു. പ്രതാപിയും സര്‍വജ്ഞനുമായ അല്ലാഹു കണക്കാക്കിയതാണത്. ചന്ദ്രന് നാം ചില ഘട്ടങ്ങള്‍ നിശ്ചയിച്ചിരിക്കുന്നു. അങ്ങനെ അത് പഴയ ഈന്തപ്പഴക്കുലയുടെ വളഞ്ഞ തണ്ടുപോലെ ആയിത്തീരുന്നു. സൂര്യന് ചന്ദ്രനെ പ്രാപിക്കാനൊക്കുകയില്ല. രാവ് പകലിനെ മറികടക്കുന്നതുമല്ല. ഓരോന്നും ഓരോ (നിശ്ചിത) ഭ്രമണപഥത്തില്‍ നീന്തിക്കൊണ്ടിരിക്കുന്നു'' (ക്വുര്‍ആന്‍ 36: 37-40).

ഭൂഗോളത്തിന്റെ അര്‍ധഭാഗങ്ങളിലായി രാപ്പകലുകള്‍ മാറിമാറി വരുന്നു! ഏതൊരു സ്ഥലത്തുനിന്ന് പ്രകാശത്തെ അല്ലാഹു നീക്കംചെയ്യുന്നുവോ അവിടെ ഇരുട്ടുമൂടുന്നു അഥവാ രാത്രിയുണ്ടാകുന്നു. സൂര്യന്‍ നിശ്ചിതമായ ഭ്രമണപഥത്തിലൂടെ നീങ്ങിക്കൊണ്ടിരിക്കുന്നു. അതിന്റെ സഞ്ചാരത്തിന് കൃത്യമായ ലക്ഷ്യവും മാര്‍ഗവുമുണ്ട്. അല്ലാഹു നിശ്ചയിച്ച ആ കണക്കും ചിട്ടയും തെറ്റാതെ അത് സഞ്ചരിച്ചുകൊണ്ടിരിക്കുന്നു. ചന്ദ്രന്നും അതിന്റെതായ സഞ്ചാര മാര്‍ഗമുണ്ട്. ആ സഞ്ചാരത്തിനിടയില്‍ നേരിയ അര്‍ധവളയം പോലെയും ക്രമേണ പൂര്‍ണ വൃത്തമായും പിന്നെ ക്രമേണ അര്‍ധവളയം പോലെയും അത് നമ്മുടെ ദൃഷ്ടികള്‍ക്ക് ഗോചരമായിത്തീരുന്നു. ഇവ യാദൃച്ഛികമായി ഉണ്ടായതും താനെ സഞ്ചരിച്ചുകൊണ്ടിരിക്കുന്നവയുമാണെങ്കില്‍ ഈ കൃത്യത എങ്ങനെയുണ്ടാകും? നിയന്ത്രിക്കാന്‍ ആരുമില്ലെങ്കില്‍ അവയുടെ സഞ്ചാര വേഗത ഒരേപോലെ നിലനില്‍ക്കുന്നതെങ്ങനെ? മാത്രമല്ല അവയുടെ സഞ്ചാര വേഗതയില്‍ ഏറ്റക്കുറവുണ്ടായാല്‍ ശാസ്ത്രത്തിന്റെ കണക്കുകൂട്ടലുകള്‍ തെറ്റുകയും ചെയ്യും. അഹങ്കാരമില്ലാത്ത മനസ്സുകള്‍ക്ക് സ്രഷ്ടാവിന്റെ സാന്നിധ്യം മനസ്സിലാക്കാന്‍ ഇതുതന്നെ ധാരാളം. 

എന്തിന് രാപ്പകലുകള്‍? 

''അല്ലാഹുവാകുന്നു നിങ്ങള്‍ക്കു വേണ്ടി രാത്രിയെ നിങ്ങള്‍ക്കു ശാന്തമായി വസിക്കാന്‍ തക്കവണ്ണവും പകലിനെ വെളിച്ചമുള്ളതും ആക്കിയവന്‍. തീര്‍ച്ചയായും അല്ലാഹു ജനങ്ങളോട് ഔദാര്യമുള്ളവനാകുന്നു. പക്ഷേ, മനുഷ്യരില്‍ അധികപേരും നന്ദികാണിക്കുന്നില്ല. അവനാകുന്നു നിങ്ങളുടെ രക്ഷിതാവും എല്ലാ വസ്തുക്കളുടെയും സൃഷ്ടികര്‍ത്താവുമായ അല്ലാഹു. അവനല്ലാതെ യാതൊരു ദൈവവുമില്ല. എന്നിരിക്കെ നിങ്ങള്‍ എങ്ങനെയാണ് (സന്‍മാര്‍ഗത്തില്‍ നിന്ന്) തെറ്റിക്കപ്പെടുന്നത്? അപ്രകാരം തന്നെയാണ് അല്ലാഹുവിന്റെ ദൃഷ്ടാന്തങ്ങളെ നിഷേധിച്ചിരുന്നവര്‍ (സന്‍മാര്‍ഗത്തില്‍നിന്ന്) തെറ്റിക്കപ്പെടുന്നത്'' (ക്വുര്‍ആന്‍ 40:61-63).

 ജീവസന്ധാരണത്തിനും ജീവജാലങ്ങളുടെ നിലനില്‍പിനും സൂര്യപ്രകാശം (പകല്‍) ആവശ്യമാണ്. ശാന്തമായി കുടുംബത്തോടൊപ്പം വിശ്രമിക്കുവാനും ക്ഷീണമകറ്റുവാനും രാത്രി അനിവാര്യമാണ്. ദിവസങ്ങളും മാസങ്ങളും വര്‍ഷങ്ങളും കണക്കാക്കുവാന്‍ സൂര്യ-ചന്ദ്രന്മാര്‍ ആവശ്യമാണ്. മറ്റൊരു സൂക്തത്തില്‍ അല്ലാഹു ഇക്കാര്യം വ്യക്തമാക്കുന്നത് കാണുക:

''രാവിനെയും പകലിനെയും നാം രണ്ട് ദൃഷ്ടാന്തങ്ങളാക്കിയിരിക്കുന്നു. രാവാകുന്ന ദൃഷ്ടാന്തത്തെ നാം മങ്ങിയതാക്കുകയും പകലാകുന്ന ദൃഷ്ടാന്തത്തെ നാം പ്രകാശം നല്‍കുന്നതാക്കുകയും ചെയ്തിരിക്കുന്നു. നിങ്ങളുടെ രക്ഷിതാവിങ്കല്‍ നിന്നുള്ള അനുഗ്രഹം നിങ്ങള്‍ തേടുന്നതിന് വേണ്ടിയും കൊല്ലങ്ങളുടെ എണ്ണവും കണക്കും നിങ്ങള്‍ മനസ്സിലാക്കുവാന്‍ വേണ്ടിയും. ഓരോ കാര്യവും നാം നല്ലവണ്ണം വിശദീകരിച്ചിരിക്കുന്നു'' (ക്വുര്‍ആന്‍ 17:12).

ഈ അനുഗ്രഹങ്ങളെല്ലാം അനുഭവിച്ചുകൊണ്ട് ജീവിക്കുന്നവര്‍ ദൈവനിഷേധികളും സൃഷ്ടിപൂജകരുമായി കഴിയുന്നത് കടുത്ത ധിക്കാരവും വഞ്ചനയുമാണെന്നാണ് ഉപരിസൂചിത വചനങ്ങള്‍ വ്യക്തമാക്കുന്നത്. പ്രകൃതിപ്രതിഭാസങ്ങളില്‍ വിസ്മയവും ഭയവുംപൂണ്ട് അവയെ ആരാധിക്കുന്നതില്‍നിന്നും മനുഷ്യരെ വിശുദ്ധ ക്വുര്‍ആന്‍ വിലക്കുകയും അവയെ സൃഷ്ടിച്ച മഹാശക്തിയെ മാത്രം ആരാധിക്കണമെന്ന് ഉണര്‍ത്തുകയും ചെയ്യുന്നു: 

''അവന്റെ ദൃഷ്ടാന്തങ്ങളില്‍പെട്ടതത്രെ രാവും പകലും സൂര്യനും ചന്ദ്രനും. സൂര്യനോ ചന്ദ്രനോ നിങ്ങള്‍ പ്രണാമമര്‍പ്പിക്കരുത്. അവയെ സൃഷ്ടിച്ചവനായ അല്ലാഹുവിന് നിങ്ങള്‍ പ്രണാമം ചെയ്യുക; നിങ്ങള്‍ അവനെയാണ് ആരാധിക്കുന്നതെങ്കില്‍'' (ക്വുര്‍ആന്‍ 41:38).