ബദ്‌റിലേക്ക്...

ഫദ്‌ലുല്‍ ഹഖ് ഉമരി

2019 ജൂലായ് 20 1440 ദുല്‍ക്വഅദ് 17

ഹിജ്‌റ വര്‍ഷം രണ്ടില്‍ നടന്ന സംഭവങ്ങളാണ് നാം മനസ്സിലാക്കിക്കൊണ്ടിരിക്കുന്നത്. നോമ്പ് നിര്‍ബന്ധമാക്കപ്പെട്ടതും ബദ്ര്‍ യുദ്ധം നടന്നതും ഈ വര്‍ഷത്തിലായിരുന്നു.  

നോമ്പ് നിര്‍ബന്ധമാക്കപ്പെടുന്നു

മുഹര്‍റം മാസത്തിലെ ആശുറാഅ് നോമ്പ് ക്വുറൈശികളും യഹൂദികളും അനുഷ്ഠിക്കാറുണ്ടായിരുന്നു. ആഇശ(റ)യില്‍ നിന്നും നിവേദനം; അവര്‍ പറയുന്നു: ''ജാഹിലിയ്യ കാലഘട്ടത്തില്‍ ക്വുറൈശികള്‍ ആശൂറാഅ് നോമ്പ് അനുഷ്ഠിക്കാറുണ്ടായിരുന്നു. നബിയും അത് അനുഷ്ഠിച്ചിരുന്നു. മദീനയിലെത്തിയതിനു ശേഷവും നബി ﷺ  അത് അനുഷ്ഠിച്ചു. തന്റെ അനുചരന്മാരോട് നോമ്പെടുക്കാന്‍ കല്‍പിക്കുകയും ചെയ്തു. റമദാനിലെ നോമ്പ് നിര്‍ബന്ധമാക്കപ്പെട്ടപ്പോള്‍ ആശുറാഅ് നോമ്പ് ഉപേക്ഷിച്ചു. ഉദ്ദേശിക്കുന്നവര്‍ അനുഷ്ഠിക്കുക അല്ലാത്തവര്‍ക്ക് ഉപേക്ഷിക്കാം (എന്നായിരുന്നു പിന്നീടുള്ള നിയമം)''(ബുഖാരി: 2002, മുസ്‌ലിം: 1125).

നബി ﷺ  മദീനയില്‍ വന്നപ്പോള്‍ അവിടെയുള്ള ആളുകള്‍ നോമ്പനുഷ്ഠിക്കുന്നതായി കണ്ടു. നബിയും നോമ്പെടുക്കുകയും തന്റെ കൂടെയുള്ളവരോട് നോമ്പെടുക്കാന്‍ കല്‍പിക്കുകയും ചെയ്തു. ഇബ്‌നു അബ്ബാസ്(റ) പറയുന്നു:''നബി ﷺ  മദീനയില്‍ വന്നപ്പോള്‍ ജൂതന്മാര്‍ ആശൂറാഅ് നോമ്പ് അനുഷ്ഠിക്കുന്നത് കണ്ടു. നബി ﷺ  ചോദിച്ചു: ''എന്താണിത്?'' അവര്‍ പറഞ്ഞു: ''ഇത് ഒരു നല്ല ദിവസമാണ്. ഈ ദിവസത്തിലാണ് അല്ലാഹു ബനൂഇസ്രാഈല്യരെ അവരുടെ ശത്രുക്കളില്‍ നിന്നും രക്ഷിച്ചത്. അങ്ങനെ മൂസാനബി നോമ്പെടുത്തു.'' ഇത് കേട്ടപ്പോള്‍ നബി ﷺ  പറഞ്ഞു: ''മൂസാനബിയുടെ കാര്യത്തില്‍ നിങ്ങളെക്കാള്‍ കൂടുതല്‍ കടപ്പെട്ടവന്‍ ഞാനാണ്.'' അങ്ങനെ നബി ﷺ യും നോമ്പെടുക്കുകയും സ്വഹാബികളോട് നോമ്പെടുക്കാന്‍ കല്‍പിക്കുകയും ചെയ്തു'' (ബുഖാരി: 2004, മുസ്‌ലിം: 1130).

കഴിഞ്ഞ ഒരു വര്‍ഷത്തെ പാപങ്ങള്‍ മായ്ക്കപ്പെടുന്നു എന്നുള്ളതാണ് ആശൂറാഅ് നോമ്പിന്റെ മഹത്ത്വമായി നബി ﷺ  പഠിപ്പിച്ചത്. (മുസ്‌ലിം: 1162).

നോമ്പ് എന്ന ആരാധന മുന്‍ സമുദായങ്ങളിലും നിലവിലുണ്ടായിരുന്നു. അല്ലാഹു പറയുന്നു:

''സത്യവിശ്വാസികളേ, നിങ്ങളുടെ മുമ്പുള്ളവരോട് കല്‍പിച്ചിരുന്നത് പോലെത്തന്നെ നിങ്ങള്‍ക്കും നോമ്പ് നിര്‍ബന്ധമായി കല്‍പിക്കപ്പെട്ടിരിക്കുന്നു. നിങ്ങള്‍ ദോഷബാധയെ സൂക്ഷിക്കുവാന്‍ വേണ്ടിയത്രെ അത്'' (അല്‍ബക്വറ: 183).

എന്നാല്‍ സമയത്തിലും രൂപത്തിലും കാലയളവിലും നമ്മുടെ നോമ്പില്‍ നിന്നും വ്യത്യസ്തമായിരുന്നു മുന്‍ സമുദായങ്ങളുടെ നോമ്പ്. ഹിജ്‌റ രണ്ടാം വര്‍ഷം ശഅ്ബാന്‍ മാസത്തിലാണ് നോമ്പ് നിര്‍ബന്ധമാക്കിക്കൊണ്ടുള്ള നിയമം ഇറങ്ങുന്നത്. ക്വിബ്‌ല മാറ്റത്തിന്റെ ഒരു മാസത്തിന് ശേഷമായിരുന്നു അത്. നബി ﷺ  മരിക്കുന്നതിന് മുമ്പ് 9 റമദാനുകളിലാണ് നോമ്പ് അനുഷ്ഠിച്ചത്.

മൂന്ന് ഘട്ടങ്ങളിലായിക്കൊണ്ടാണ് നോമ്പ് നിയമമാക്കപ്പെട്ടത്:

(1) നോമ്പ് അനുഷ്ഠിക്കുവാനും അതല്ലെങ്കില്‍ ഒരു സാധുവിന് ഭക്ഷണം കൊടുക്കുവാനുമുള്ള ഇളവ് നല്‍കി. ഇതില്‍ ഏതു വേണമെങ്കിലും സ്വീകരിക്കാമായിരുന്നു: ''(ഞെരുങ്ങിക്കൊണ്ട് മാത്രം) അതിന് സാധിക്കുന്നവര്‍ (പകരം) ഒരു പാവപ്പെട്ടവനുള്ള ഭക്ഷണം പ്രായച്ഛിത്തമായി നല്‍കേണ്ടതാണ്'' (അല്‍ബക്വറ: 184).

സലമത് ഇബ്‌നുല്‍ അക്‌വഅ്(റ) പറയുന്നു: ''നബി ﷺ യുടെ കാലഘട്ടത്തില്‍ ഞങ്ങളില്‍ ഉദ്ദേശിക്കുന്നവര്‍ നോമ്പെടുക്കുകയും അല്ലാത്തവര്‍ നോമ്പ് ഒഴിവാക്കി പകരം ഒരു സാധുവിന് ഭക്ഷണം പ്രായച്ഛിത്തമായി നല്‍കുകയും ചെയ്തിരുന്നു. ശേഷം 'റമദാന്‍ മാസത്തില്‍ ആര് സന്നിഹിതരാണോ അവര്‍ നോമ്പ് എടുത്തുകൊള്ളട്ടെ' എന്ന ആയത്തിറങ്ങിയതോടു കൂടി (ആ നിയമം ഇല്ലാതെയായി)'' (മുസ്‌ലിം: 145).

(2) നോമ്പ് നിര്‍ബന്ധമായി. നോമ്പ് തുറന്നുകഴിഞ്ഞാല്‍ ഇശാഅ് നമസ്‌കാരം വരെ ഭക്ഷണവും പാനീയവും ലൈംഗികബന്ധവും അനുവദനീയമായിരുന്നു. എന്നാല്‍ ഇശാഅ് നമസ്‌കാരം നിര്‍വഹിച്ചു കഴിഞ്ഞാല്‍ പിന്നീട് അടുത്ത രാത്രി വരെ ഭക്ഷണവും പാനീയവും ലൈംഗികബന്ധവും നിഷിദ്ധമായിരുന്നു. നോമ്പിന്റെ സുദീര്‍ഘമായ ഈ കാലഘട്ടം അവര്‍ക്ക് വലിയ പ്രയാസമായി തോന്നി.

(3) ഫജ്‌റിന്റെ ഉദയം വരെ രാത്രിയില്‍ ഭക്ഷണവും പാനീയവും ലൈംഗിക ബന്ധവും അനുവദിച്ചു കൊണ്ടുള്ള നിയമം ഇറങ്ങി. അതിലൂടെ മുമ്പ് അവര്‍ക്കുണ്ടായിരുന്ന പ്രയാസം ലഘൂകരിക്കപ്പെടുകയും ചെയ്തു. വിശുദ്ധ ക്വുര്‍ആനിലെ ഈ ആയത്താണ് ആ സന്ദര്‍ഭത്തില്‍ അവതരിച്ചത്:

''നോമ്പിന്റെ രാത്രിയില്‍ നിങ്ങളുടെ ഭാര്യമാരുമായുള്ള സംസര്‍ഗം നിങ്ങള്‍ക്ക് അനുവദിക്കപ്പെട്ടിരിക്കുന്നു. അവര്‍ നിങ്ങള്‍ക്കൊരു വസ്ത്രമാകുന്നു. നിങ്ങള്‍ അവര്‍ക്കും ഒരു വസ്ത്രമാകുന്നു. (ഭാര്യാസമ്പര്‍ക്കം നിഷിദ്ധമായി കരുതിക്കൊണ്ട്) നിങ്ങള്‍ ആത്മവഞ്ചനയില്‍ അകപ്പെടുകയായിരുന്നുവെന്ന് അല്ലാഹു അറിഞ്ഞിരിക്കുന്നു. എന്നാല്‍ അല്ലാഹു നിങ്ങളുടെ പശ്ചാത്താപം സ്വീകരിക്കുകയും പൊറുക്കുകയും ചെയ്തിരിക്കുന്നു. അതിനാല്‍ ഇനി മേല്‍ നിങ്ങള്‍ അവരുമായി സഹവസിക്കുകയും, (വൈവാഹിക ജീവിതത്തില്‍) അല്ലാഹു നിങ്ങള്‍ക്ക് നിശ്ചയിച്ചത് തേടുകയും ചെയ്തുകൊള്ളുക. നിങ്ങള്‍ തിന്നുകയും കുടിക്കുകയും ചെയ്തുകൊള്ളുക; പുലരിയുടെ വെളുത്ത ഇഴകള്‍ കറുത്ത ഇഴകളില്‍ നിന്ന് തെളിഞ്ഞ് കാണുമാറാകുന്നത് വരെ. എന്നിട്ട് രാത്രിയാകും വരെ നിങ്ങള്‍ വ്രതം പൂര്‍ണമായി അനുഷ്ഠിക്കുകയും ചെയ്യുക. എന്നാല്‍ നിങ്ങള്‍ പള്ളികളില്‍ ഇഅ്തികാഫ് (ഭജനം) ഇരിക്കുമ്പോള്‍ അവരു(ഭാര്യമാരു)മായി സഹവസിക്കരുത്. അല്ലാഹുവിന്റെ അതിര്‍വരമ്പുകളാകുന്നു അവയൊക്കെ. നിങ്ങള്‍ അവയെ അതിലംഘിക്കുവാനടുക്കരുത്. ജനങ്ങള്‍ ദോഷബാധയെ സൂക്ഷിക്കുവാനായി അല്ലാഹു അപ്രകാരം അവന്റെ ദൃഷ്ടാന്തങ്ങള്‍ അവര്‍ക്ക് വ്യക്ത മാക്കി കൊടുക്കുന്നു'' (അല്‍ബക്വറ: 187).

ഇസ്‌ലാമിന്റെ പഞ്ച സ്തംഭങ്ങളില്‍ ഒന്നാണ് നോമ്പ്. ഒട്ടനവധി ഗുണങ്ങളും വമ്പിച്ച പ്രതിഫലവും ഉള്ള ഒരു ആരാധനയാണ് നോമ്പ്. ഇച്ഛകളെ നിയന്ത്രിക്കുവാനും വിശക്കുന്ന ദരിദ്രന്മാരുടെ പ്രയാസത്തെ മനസ്സിലാക്കുവാനും മനസ്സുകളെ തക്വ്‌വ കൊണ്ട് സംസ്‌കരിക്കുവാനും ശരീരത്തെ തിന്മകളില്‍ നിന്ന് ശുദ്ധീകരിക്കുവാനും നോമ്പ് കാരണമാണ്.

ബദ്ര്‍ യുദ്ധം

മുസ്‌ലിംകള്‍ മുശ്‌രിക്കുകളെ അഭിമുഖീകരിച്ചത് മൂന്ന് ഘട്ടങ്ങളായിക്കൊണ്ടാണ്:

(1) മുശ്‌രിക്കുകള്‍ മുസ്‌ലിംകളോട് യുദ്ധം ചെയ്ത ഘട്ടം: ഹിജ്‌റക്ക് ശേഷം അഞ്ചു വര്‍ഷമാണ് ഈ അവസ്ഥ തുടര്‍ന്നത്. ക്വുറൈശികളും അവരോടൊപ്പം ചേര്‍ന്ന് സഖ്യകക്ഷികളും മദീനയിലേക്ക് സൈന്യങ്ങളുമായി നീങ്ങുകയും മുസ്‌ലിംകളുമായി യുദ്ധത്തിന് ഒരുങ്ങുകയും ചെയ്തിരുന്നു. മുഹമ്മദ് നബി ﷺ യെയും അനുയായികളെയും ഇല്ലായ്മ ചെയ്യുക എന്നതായിരുന്നു അവരുടെ ലക്ഷ്യം. രണ്ടു കക്ഷികള്‍ക്കും ഇടയില്‍ പലപ്പോഴും യുദ്ധങ്ങള്‍ ഉണ്ടായിട്ടുണ്ട്. അതില്‍ വലിയ യുദ്ധങ്ങളും ചെറിയ യുദ്ധങ്ങളും ഉണ്ടായിരുന്നു. ബദ്ര്‍, ഉഹ്ദ്, അഹ്‌സാബ് തുടങ്ങിയവയായിരുന്നു പ്രധാനപ്പെട്ട യുദ്ധങ്ങള്‍.

(2) സന്ധിയുടെയും പരസ്പര ധാരണയുടെയും ഘട്ടം: മുസ്‌ലിംകള്‍ ആറു വര്‍ഷമാണ് മസ്ജിദുല്‍ ഹറാമിലേക്ക് പോകാതെ മദീനയില്‍ കഴിഞ്ഞുകൂടിയത്. ഹിജ്‌റ ആറാം വര്‍ഷത്തിലാണ് നബിയും അനുയായികളും ഉംറ ഉദ്ദേശിച്ചുകൊണ്ട് മക്കയിലേക്ക് നീങ്ങുന്നത്. പക്ഷേ, വഴിയില്‍ വെച്ച് ക്വുറൈശികള്‍ അവരെ തടഞ്ഞു. അങ്ങനെയാണ് മുസ്‌ലിംകള്‍ക്കും അമുസ്‌ലിംകള്‍ക്കും ഇടയില്‍ ഒരു സന്ധി ഉണ്ടാകുന്നത്. പരസ്പരം യുദ്ധം ചെയ്യാതിരിക്കുവാനായിരുന്നു ആ സന്ധിയില്‍ പ്രധാനമായും തീരുമാനമായി എടുത്തത്. അതിന്റെ കാലയളവ് പത്ത് വര്‍ഷമായിരുന്നു. ഇതാണ് ഹുദൈബിയ സന്ധി എന്ന പേരില്‍ ചരിത്രത്തില്‍ അറിയപ്പെടുന്നത്.

(3) മുസ്‌ലിംകള്‍ മുശ്‌രിക്കുകളോട് യുദ്ധം ചെയ്ത ഘട്ടം: ഹുദൈബിയ സന്ധിയില്‍ ഉണ്ടാക്കിയ കരാര്‍ ക്വുറൈശികള്‍ ലംഘിച്ചതാണ് ഇതിനു കാരണം. ക്വുറൈശികളോടൊപ്പം അവരുടെ സഖ്യകക്ഷികളായ ബനൂബകറും ഉണ്ടായിരുന്നു. ഹുദൈബിയ സന്ധി ഉണ്ടായതിന്റെ 22 മാസങ്ങള്‍ക്കു ശേഷമായിരുന്നു ഇത്.

ഹിജ്‌റ രണ്ടാം വര്‍ഷം റമദാന്‍ മാസം 17 വെള്ളിയാഴ്ചയാണ് ബദ്ര്‍ യുദ്ധം ഉണ്ടായത്. ക്വുറൈശികളുടെ വലിയ ഒരു കച്ചവട സംഘവുമായി അബൂസുഫ്‌യാന്‍ മക്കയില്‍ നിന്നും ശാമിലേക്ക് പോയിരുന്നു. ഒരുപാട് സമ്പത്തും കച്ചവട ചരക്കുകളും അതിലുണ്ടായിരുന്നു. അശീറയില്‍ വെച്ച് നബി ﷺ ക്ക് പിടികൊടുക്കാതെ രക്ഷപ്പെട്ടു പോയ അതേ സംഘമായിരുന്നു ഇത്. മക്കയില്‍ നിന്നും ശാമിലേക്ക് അവര്‍ പോകുന്ന സന്ദര്‍ഭത്തിലാണ് അവരെ പിടി കൂടാന്‍ വേണ്ടി നബി ﷺ  പുറപ്പെട്ടത്. എന്നാല്‍ നബി ﷺ  എത്തിച്ചേരുന്നതിന് മുമ്പ് അവര്‍ രക്ഷപ്പെട്ടു. ആയിരം ഒട്ടകവും 50000 ദിനാറോളം വരുന്ന സമ്പത്തും മുപ്പതോ നാല്‍പതോ ആളുകളും അവരില്‍ ഉണ്ടായിരുന്നു. മഖ്‌റമതുബ്‌നു നൗഫല്‍, അംറുബ്‌നുല്‍ ആസ്വ് തുടങ്ങിയ പ്രധാനികള്‍ അക്കൂട്ടത്തിലുണ്ടായിരുന്നു. ക്വുറൈശികളുടെ കച്ചവട ചരക്കുമായി ശാമില്‍ നിന്നും അബൂസുഫ്‌യാന്‍ വരുന്നുണ്ട് എന്ന വിവരം ലഭിച്ചപ്പോള്‍ അവരെ ലക്ഷ്യം വെച്ചുകൊണ്ട് നീങ്ങാന്‍ ഉദ്ദേശിച്ചു. നബി ﷺ  തന്റെ അനുചരന്മാരോട് ഇപ്രകാരം പറഞ്ഞു: ''ക്വുറൈശികളുടെ കച്ചവട സംഘം വരുന്നുണ്ട്. അതില്‍ അവരുടെ സമ്പത്തുണ്ട്. അത്‌കൊണ്ട് അവരിലേക്ക് പുറപ്പെടുക. അല്ലാഹു നിങ്ങള്‍ക്ക് അത് ഉടമപ്പെടുത്തി തന്നേക്കാം.''

യാത്രചെയ്യാന്‍ സ്വന്തമായി വാഹനമുള്ള ആളുകളോട് മാത്രമാണ് അന്ന് പുറപ്പെടാന്‍ നബി ﷺ ആവശ്യപ്പെട്ടത് (മുസ്‌ലിം: 1901). ചില സ്വഹാബിമാര്‍ക്ക് ഇത് ലഘുവായി തോന്നുകയും മറ്റു ചിലര്‍ക്ക് ഭാരമായി തോന്നുകയും ചെയ്തു. നബി ﷺ  ഒരു യുദ്ധത്തിനു വേണ്ടി അല്ല പോകുന്നത് എന്നും മറിച്ച് കച്ചവട സംഘത്തെ പിടികൂടാന്‍ വേണ്ടി മാത്രമാണ് എന്നും അവര്‍ കരുതി. അതുകൊണ്ടായിരിക്കാം ബദ്ര്‍ യുദ്ധത്തില്‍ നിന്ന് പിന്മാറി നിന്നവരെ നബി ﷺ  ആക്ഷേപിക്കാതിരുന്നതും. തബൂക്ക് യുദ്ധത്തില്‍ പങ്കെടുക്കാതെ മാറിനിന്ന സംഭവം വിശദീകരിച്ചു കൊണ്ട് കഅ്ബ്ബ്‌നു മാലിക്(റ) പറയുന്നു: 'തബൂക്ക് യുദ്ധത്തില്‍ അല്ലാതെ പ്രവാചകരുടെ കൂടെ മറ്റൊരു യുദ്ധത്തിലും ഞാന്‍ പിന്മാറിയിട്ടില്ല. എന്നാല്‍ ബദ്ര്‍ യുദ്ധത്തില്‍ ഞാന്‍ പങ്കെടുത്തിട്ടില്ല. അതില്‍ പങ്കെടുക്കാത്ത ഒരാളെയും നബി ﷺ  ആക്ഷേപിച്ചിട്ടില്ല. കാരണം ക്വുറൈശികളുടെ കച്ചവടസംഘത്തെ ഉദ്ദേശിച്ചുകൊണ്ടായിരുന്നു അന്ന് നബി ﷺ  പുറപ്പെട്ടത്'' (ബുഖാരി: 4418, മുസ്‌ലിം: 2769).

റമദാന്‍ മാസത്തിലെ രണ്ടാമത്തെ ശനിയാഴ്ച മദീനയില്‍ നിന്നും നബി ﷺ  പുറപ്പെട്ടു. മദീനയില്‍ നമസ്‌കാരത്തിന് നേതൃത്വം കൊടുക്കാന്‍ ഇബ്‌നു ഉമ്മി മഖ്തൂമിനെയും ഏല്‍പിച്ചു. റൗഹാഅ് പ്രദേശത്തു നിന്നും അബൂലുബാബയെ തിരിച്ചു കൊണ്ടുവന്ന് മദീനയുടെ ഉത്തരവാദിത്തം ഏല്‍പിച്ചു. 310ല്‍ അല്‍പം കൂടുതല്‍ ആളുകളാണ് നബിയുടെ കൂടെ മുഹാജിറുകളും അന്‍സ്വാറുകളുമായി പുറപ്പെട്ടത്. 86 പേര്‍ മുഹാജിറുകളും ബാക്കി അന്‍സ്വാറുകളുമായിരുന്നു. 61 പേര്‍ ഔസ് ഗോത്രത്തില്‍ നിന്നും 170 പേര്‍ ഖസ്‌റജ് ഗോത്രത്തില്‍ നിന്നുമായിരുന്നു. ബദ്‌റില്‍ പങ്കെടുത്ത സ്വഹാബികളുടെ എണ്ണം മുകളില്‍ സൂചിപ്പിച്ചതാണ് എന്ന് അറിയിക്കുന്ന ബുഖാരിയുടെ ഹദീസ് കാണുവാന്‍ സാധിക്കും. ത്വാലൂത്ത് എന്ന രാജാവിന്റെ കൂടെ പുഴ കടന്നുപോയ അനുയായികളുടെ എണ്ണവും ഇതു തന്നെയായിരുന്നു. (ബുഖാരി: 3959).

ഉമര്‍(റ) പറയുന്നു: ''ബദ്‌റിന്റെ ദിവസം നബി ﷺ  മുശ്‌രിക്കുകളിലേക്ക് നോക്കിയപ്പോള്‍ അവര്‍ 1000 പേരുണ്ടായിരുന്നു. നബിയുടെ അനുയായികള്‍ 319 പേരായിരുന്നു'' (മുസ്‌ലിം: 1763).

ഔസ് ഗോത്രക്കാരെക്കാള്‍ കൂടുതലായിരുന്നു ഖസ്‌റജ് ഗോത്രക്കാരുടെ എണ്ണം. കാരണം മദീനയില്‍ നിന്നും വളരെ അകലത്തിലായിരുന്നു ഔസ് ഗോത്രക്കാരുടെ വീടുകള്‍ ഉണ്ടായിരുന്നത്. കൃത്യമായ കാരണങ്ങളുടെ പേരില്‍ ബദ്‌റില്‍ പങ്കെടുക്കാതെ പല സ്വഹാബിമാരും മാറിനിന്നിട്ടുണ്ട്. എന്നാല്‍ ബദ്‌റില്‍ നിന്നും ലഭിച്ച സ്വത്തില്‍ നിന്നും അവര്‍ക്ക് നബി ﷺ  വിഹിതം നല്‍കിയിട്ടുണ്ട്. അവരില്‍ പ്രധാനികളെ നമുക്കൊന്ന് പരിചയപ്പെടാം:

(1) ഉസ്മാനുബ്‌നു അഫ്ഫാന്‍(റ): നബി ﷺ യുടെ മകള്‍ റുക്വിയ്യ(റ)യുടെ ഭര്‍ത്താവായിരുന്നു അദ്ദേഹം. ബദ്‌റിലേക്ക് പോകുന്ന സന്ദര്‍ഭത്തില്‍ റുക്വിയ്യ(റ) രോഗിയായിരുന്നു. അക്കാരണത്താലാണ് ഉസ്മാന്‍(റ)വിനോട് ബദ്‌റിലേക്ക് പോകേണ്ടതില്ല എന്ന് നബി ﷺ  പറഞ്ഞത്. ആളുകള്‍ ബദ്‌റില്‍ ആയിരിക്കെയാണ് റുക്വിയ്യ(റ) മരണപ്പെടുന്നത്. ബദ്‌റില്‍ പങ്കെടുത്ത ആളുകളുടെ പ്രതിഫലവും അവര്‍ക്കുള്ള ഓഹരിയും നിങ്ങള്‍ക്കുണ്ട് എന്ന് നബി ﷺ  ഉസ്മാന്‍(റ)വിനോട് പറഞ്ഞിട്ടുണ്ട് (ബുഖാരി: 3130).

(2) ത്വല്‍ഹ ഇബ്‌നു ഉബൈദില്ല(റ):

(3) സഈദ് ഇബ്‌നു സൈദ്(റ): ശാമില്‍ നിന്നും വരുന്ന അബൂസുഫ്‌യാന്റെ കച്ചവട സംഘത്തെ കുറിച്ച് അന്വേഷിച്ച് അറിയുവാന്‍ വേണ്ടി ഇവരെ രണ്ടു പേരെയും നബി ﷺ  പറഞ്ഞയച്ചതായിരുന്നു. എന്നാല്‍ ഇവര്‍ വിവരം അന്വേഷിച്ച് വരുന്നതിനു മുമ്പു തന്നെ നബിക്ക് അബൂസുഫ്‌യാനെ കുറിച്ചുള്ള വിവരം ലഭിച്ചിരുന്നു. പിന്നീട് നബിയെ അന്വേഷിച്ചു കൊണ്ട് ഇവര്‍ ഇറങ്ങി പുറപ്പെട്ടപ്പോള്‍ ബദ്ര്‍ കഴിഞ്ഞ് തിരിച്ചുവരുന്ന നബിയെയാണ് കാണാന്‍ കഴിഞ്ഞത്. തുര്‍ബാന്‍ എന്ന സ്ഥലത്ത് വെച്ച് കൊണ്ടാണ് അവര്‍ നബിയെ കണ്ടുമുട്ടിയത്.

(4) അബൂ ലുബാബതുല്‍ അന്‍സ്വാരി: മദീനയുടെ ഉത്തരവാദിത്തം ഇദ്ദേഹത്തെ ഏല്‍പിച്ചു കൊണ്ടാണ് നബി(റ) ബദ്‌റിലേക്ക് പുറപ്പെട്ടത്.

(5) ആസിം ഇബ്‌നു അദിയ്യില്‍അജലാനീ(റ): ക്വുബാഅ് പ്രദേശത്തുകാരുടെ കാര്യങ്ങള്‍ നോക്കുന്നതിനു വേണ്ടി നബി ﷺ  ഇദ്ദേഹത്തെ അവിടേക്ക് പറഞ്ഞയച്ചതായിരുന്നു.

(6) അബൂ ഉമാമ ഇബ്‌നു സഅ്‌ലബതുല്‍ അന്‍സ്വാരി(റ): ഇദ്ദേഹത്തിന്റെ ഉമ്മ രോഗിയായ കാരണത്താല്‍ ഉമ്മയുടെ കൂടെ നില്‍ക്കാന്‍ നബി ﷺ  ആവശ്യപ്പെടുകയായിരുന്നു. ഇദ്ദേഹത്തിന്റെ ഉമ്മ മരണപ്പെടുകയും ബദ്‌റില്‍ നിന്ന് തിരിച്ചുവന്ന ശേഷം നബി ﷺ  അവര്‍ക്ക് വേണ്ടി നമസ്‌കരിക്കുകയും ചെയ്തു.

(7) ഖവാതുബ്‌നു ജുബൈര്‍(റ): നബി ﷺ യുടെ കൂടെ ബദ്‌റിലേക്ക് പോകുന്ന സന്ദര്‍ഭത്തില്‍ സ്വഫ്‌റാഅ് എന്ന സ്ഥലത്തെത്തിയപ്പോള്‍ ഇദ്ദേഹത്തിന്റെ കാലില്‍ ഒരു കല്ല് തട്ടുകയും വലിയ മുറിവേല്‍ക്കുകയും ചെയ്തു. അതിനാല്‍ അദ്ദേഹം തിരിച്ചുപോകുകയാണുണ്ടായത്. ബദ്‌റില്‍ നിന്ന് കിട്ടിയതില്‍ നിന്നും നബി ﷺ  അദ്ദേഹത്തിനും ഒരു വിഹിതം നല്‍കുകയുണ്ടായി.

(8) ഹുദൈഫതുബ്‌നുല്‍ യമാന്‍(റ): ഇദ്ദേഹവും ഇദ്ദേഹത്തിന്റെ പിതാവും നബിയോടൊപ്പം യുദ്ധം ചെയ്യുകയില്ല എന്ന ഒരു കരാര്‍ ക്വുറൈശികള്‍ പണ്ട് വാങ്ങിയിരുന്നു. അത്‌കൊണ്ടു തന്നെ നബി ﷺ  അവരോട് പറഞ്ഞു: 'നിങ്ങള്‍ പിരിഞ്ഞുപോയിക്കൊള്ളുക. അവരോടുള്ള കരാര്‍ നമുക്ക് പാലിക്കാം. അല്ലാഹുവിനോട് നമുക്ക് അവര്‍ക്കെതിരെ സഹായം തേടുകയും ചെയ്യാം' (മുസ്‌ലിം: 1787).

(9) ഹാരിസതുബ്‌നു സ്വമ്മ(റ): ബദ്‌റിലേക്കുള്ള യാത്രാ മധെ്യ അദ്ദേഹം വീണു കാല് പൊട്ടുകയും നബി ﷺ  മദീനയിലേക്ക് തിരിച്ചയക്കുകയും ചെയ്തതായിരുന്നു.

(10) ജാബിര്‍ ഇബ്‌നു അബ്ദില്ല(റ): ജാബിര്‍(റ) പറയുന്നു: 'നബിയോടൊപ്പം 19 യുദ്ധങ്ങളില്‍ ഞാന്‍ പങ്കെടുത്തിട്ടുണ്ട്. ബദ്‌റിലും ഉഹ്ദിലും ഞാന്‍ പങ്കെടുത്തിട്ടില്ല. എന്റെ പിതാവ് എന്നെ തടഞ്ഞതായിരുന്നു. എന്നാല്‍ ഉഹ്ദ് യുദ്ധത്തില്‍ പിതാവ് അബ്ദുല്ല കൊല്ലപ്പെട്ടതോടു കൂടി മറ്റൊരു യുദ്ധത്തില്‍ നിന്നും ഞാന്‍ നബിയോടൊപ്പം പങ്കെടുക്കാതെ പിന്തിരിഞ്ഞിട്ടില്ല' (മുസ്‌ലിം: 1813).

ബദ്‌റില്‍ സന്നിഹിതരാകുകയും എന്നാല്‍ ചെറുപ്രായം കാരണത്താല്‍ യുദ്ധത്തില്‍ നേരിട്ട് പങ്കെടുക്കാതിരിക്കുകയും ചെയ്ത സ്വഹാബികളും ഉണ്ടായിരുന്നു. അനസ് ഇബ്‌നു മാലിക്(റ) അതില്‍ പെട്ട വ്യക്തിയായിരുന്നു. നബി ﷺ ക്ക് സേവനം ചെയ്ത് ജീവിച്ചിരുന്ന വളരെ പ്രായം കുറഞ്ഞ സ്വഹാബി ആയിരുന്നു അദ്ദേഹം. എങ്ങനെയാണ് യുദ്ധം നടക്കുന്നത് എന്ന് കാണാന്‍ വേണ്ടി വന്ന ചെറിയ കുട്ടിയായിരുന്നു ഹാരിസ്ബ്‌നു സുറാക്വ. എന്നാല്‍ ഒരു അമ്പ് വന്നുതറച്ച് ആ സ്വഹാബി മരണപ്പെടുകയുണ്ടായി. ബദ്‌റിലേക്ക് ഇറങ്ങിപ്പുറപ്പെട്ടവരെല്ലാം യുദ്ധത്തില്‍ നേരിട്ട് പങ്കെടുത്തിട്ടില്ല എന്ന് ഇതില്‍നിന്നെല്ലാം നമുക്ക് മനസ്സിലാക്കുവാന്‍ സാധിക്കും. 306 പേരാണ് ആണ് യുദ്ധത്തില്‍ നേരിട്ട് പങ്കെടുത്തത് എന്നാണ് ചരിത്രങ്ങളില്‍ നിന്നും മനസ്സിലാക്കുവാന്‍ സാധിക്കുന്നത്.

മുസ്‌ലിംകള്‍ ബദ്‌റിലേക്ക് പുറപ്പെട്ടു. അവരില്‍ അധിക പേരും കാല്‍നടക്കാരായിരുന്നു. രണ്ടു കുതിരകള്‍ മാത്രമാണ് അവരുടെ കൂടെ ഉണ്ടായിരുന്നത്; എഴുപത് ഒട്ടകങ്ങളും. ഓരോരുത്തരും മാറി മാറി കയറിയായിരുന്നു യാത്ര. മൂന്ന് ആളുകള്‍ വീതമാണ് ഒരു ഒട്ടകത്തെ ഉപയോഗിച്ചത്. നബിയും അലിയ്യുബ്‌നു അബീത്വാലിബും അബൂലുബാബയും ഒന്നിച്ച് ഒരു ഒട്ടകത്തെ ആയിരുന്നു ഉപയോഗിച്ചിരുന്നത്. അബൂബക്ര്‍(റ), ഉമര്‍(റ), അബ്ദുറഹ്മാന്‍ ഇബ്‌നു ഔഫ്(റ) തുടങ്ങിയവര്‍ ചേര്‍ന്ന് ഒരു ഒട്ടകത്തെയും ഉപയോഗിച്ചിരുന്നു. ഇപ്രകാരമാണ് മറ്റുള്ള സ്വഹാബിമാരും യാത്ര ചെയ്തത്. ഒട്ടകങ്ങളുടെ കഴുത്തില്‍ കെട്ടിത്തൂക്കപ്പെട്ടിരുന്ന (ശബ്ദമുള്ള) മണികള്‍ മുറിച്ചുമാറ്റാന്‍ കല്‍പിക്കുകയുണ്ടായി. എണ്ണത്തിലും ഒരുക്കത്തിലുമെല്ലാം വളരെ പിറകിലായിരുന്ന മുസ്‌ലിം സൈന്യത്തെ അല്ലാഹു ശക്തമായ നിലക്ക് സഹായിക്കുക തന്നെ ചെയ്തു. അവരുടെ വിശ്വാസത്തെയും ദാരിദ്ര്യാവസ്ഥയെയും അല്ലാഹു പരിഗണിക്കുകയായിരുന്നു.

''നിങ്ങള്‍ ദുര്‍ബലരായിരിക്കെ ബദ്‌റില്‍ വെച്ച് അല്ലാഹു നിങ്ങളെ സഹായിച്ചിട്ടുണ്ട്. അതിനാല്‍ നിങ്ങള്‍ അല്ലാഹുവെ സൂക്ഷിക്കുക. നിങ്ങള്‍ നന്ദിയുള്ളവരായേക്കാം'' (ക്വുര്‍ആന്‍ 3:123).

മദീനയിലെ അബൂ ഉത്ബയുടെ കിണറ്റിനു സമീപം തന്റെ സൈന്യത്തെയും കൊണ്ട് നബി ﷺ  തമ്പടിച്ചു. എന്നിട്ട് തന്റെ അനുചരന്മാരെ ഒന്ന് പരിശോധിച്ചു. അതില്‍ പ്രായം കുറവുള്ളതായി തോന്നിയവരെ തിരിച്ചയച്ചു. ഉസാമതുബ്‌നു സൈദ്(റ), ബര്‍റാഅ്ബ്‌നു ആസിബ്(റ), അബ്ദുല്ലാഹിബ്‌നു ഉമര്‍(റ), സൈദു ബ്‌നു അര്‍ക്വം(റ), റാഫിഅ്ബ്‌നു ഖുദൈജ്(റ), ഉസൈദ് ഇബ്‌നു ദ്വഹീര്‍(റ), സൈദുബ്‌നു സാബിത്(റ) തുടങ്ങിയവരായിരുന്നു അവര്‍.

(തുടരും)